Rock Paper Scissors - Part 3







7



'Sardar colony' - ഗേറ്റിനു മുകളിലെ ആ ബോർഡിന് വളരെ പഴക്കം തോന്നുമെങ്കിലും ആ പേരിൻ്റെ ഗാംഭീരൃത്തിനു യാതൊരു കുറവുമില്ലായിരുന്നു. കിരണും ഗോപിയും അതിനു മുമ്പിൽ സ്വൽപ്പനേരം അന്ധാളിച്ചു നിന്നു.

"ഇത് വേണോ?" - ഗോപിക്ക് ഇക്കാര്യത്തിൽ ഇനിയും ഒരു ധൈര്യം വന്നിട്ടില്ല.

"വേണം... നീയിത് കുറേ നേരായല്ലോ ചോദിക്കുന്നു.. ?" - കിരണിന് സഹികെട്ടു.

"എടാ ഓട്ടോഗ്രാഫിൽ എഴുതിയത് ഞാനാണെന്ന് പറഞ്ഞത് സത്യമാണ്, ദയവുചെയ്ത് നീ വിശ്വസിക്ക്... അതും ചോദിച്ചു നീ അങ്ങോട്ട് പോകേണ്ട കാര്യമില്ല"

"ഓട്ടോഗ്രാഫിൻ്റെ കാര്യം വിട്‌... അതൊരു വിഷയമേ അല്ല... ഇപ്പൊൾ നമ്മൾ നമ്മുടെ പഴയ ഒരു സുഹൃത്തിനെ കാണാൻ പോകുന്നു... അത്രയേ ഒള്ളൂ..." കിരൺ രണ്ടും കൽപിച്ചായിരുന്നു.

"പണ്ട് നമ്മുടെ കൂടെ പഠിച്ച ഗിരീഷ് അല്ല ഇപ്പോൾ... അവൻ ആളാകെ മാറി..."

"അതിനു പണ്ടത്തെ ഗിരീഷ് എങ്ങനെയായിരുന്നു എന്ന് നിനക്കറിയോ??"

ആ ചോദ്യത്തിന് അവന് ഉത്തരം ഇല്ലായിരുന്നു. കിരണിൻ്റെ ഉദ്ദേശം എന്താണെന്ന് അവന് മനസ്സിലാവുന്നില്ല. ഓട്ടോഗ്രാഫിൽ എഴുതിയത് താനാണെന്ന് പറഞ്ഞതോടെ തന്നെ തീരെ വിശ്വാസമില്ലാത്ത മട്ടിലാ അവൻ്റെ പെരുമാറ്റം. ഗോപി വല്ലതും പറയുന്നതിന് മുമ്പേ കിരൺ സർദാർ കോളനിയുടെ കവാടവും കടന്നു നടക്കാൻ തുടങ്ങിയിരിക്കുന്നു. അവനെ പിന്തുടരുകയല്ലാതെ ഗോപിയുടെ മുന്നിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.

'ആരോടാ ഒന്ന് ചോദിക്കാ?' എന്ന മട്ടിൽ അവർ അല്പം നടന്നു. എതിരേ വന്ന ഒരു ചെക്കനോട് ഗിരീഷിൻ്റെ പേര് പറഞ്ഞപ്പോൾ, 'ആ കാണുന്ന വളവിൽ ഇടത്തോട്ട് തിരിഞ്ഞു ആരോടും ചോദിച്ചാൽ മതി, പറഞ്ഞുതരും...', ദൂരേക്ക് കൈ ചൂണ്ടി അവൻ പറഞ്ഞു. 'നിങ്ങൾ ആരാ?' എന്ന അവൻ്റെ ചോദ്യം അവർ കേട്ടില്ലെന്നു നടിച്ചു നടന്നു. നടക്കുന്നതിനിടയിൽ ഒരുപാട് കണ്ണുകൾ അവരെ സംശയദൃഷ്ടിയോടെ നോക്കുന്നുണ്ടായിരുന്നു. അവരതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല.

വളവു തിരിഞ്ഞു നടന്നപ്പോൾ അവിടെ ഒരു കൂട്ടം ചെറുപ്പക്കാർ carroms കളിക്കുന്നുണ്ടായിരുന്നു. അതിൽ ചിലരെ കണ്ടാൽ ഗുണ്ടകളെപ്പോലുണ്ട്. അല്ല, ഗുണ്ടകൾ തന്നെ. ഗിരീഷിൻ്റെ പേര് പറഞ്ഞതോട് കൂടി എല്ലാവരുടെയും നോട്ടം അവരിലേക്കായി. കൂട്ടുകാരനാണ് എന്ന് പറഞ്ഞപ്പോൾ ആക്കിയ ഒരു നോട്ടം. 'എന്തിനാ?' എന്ന ചോദ്യത്തിന് 'ഒന്ന് കാണാനാ' എന്ന് മാത്രമേ മറുപടി പറഞ്ഞുളളു. രണ്ടു മിനിറ്റ് ആലോചിച്ച ശേഷം കൂട്ടത്തിലുണ്ടായിരുന്ന ഒരുത്തനെ വിളിച്ചു 'നീ പോയി ഇവർക്ക് ഗിരീഷിനെ കാണിച്ചുകൊടുക്ക്'. ആഹാ, ഇത്ര എളുപ്പത്തിൽ സംഗതി നടപടിയാവുമെന്നു കിരണും ഗോപിയും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവൻ്റെ പിറകേ നടന്നു ഒരു വീടിനു മുന്നിലെത്തി. അകത്തേക്ക് കയറാൻ പറഞ്ഞു.

ഗിരീഷിനെ കാണാനുള്ള ആകാംഷയോടെ അവർ അകത്തേക്ക് കയറിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. പെട്ടന്നാണ് അവരുടെ പിറകിൽ ആരോ ശക്തിയായി ചവിട്ടിയത്, രണ്ടുപേരും തറയിൽ വീണു, തിരിഞ്ഞുനോക്കിയപ്പോൾ ഒരു പടയ്ക്കുള്ള ആൾക്കാരുണ്ട്, കയ്യിൽ ഒരുപാട് ആയുധങ്ങളും!

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുമ്പേ അതിലൊരുത്തൻ അലറി - "തടി കേടാക്കേണ്ടെങ്കിൽ സാറുമാർ വേഗം സ്ഥലം വിട്ടോ... ഈ കോളനിയുടെ ചരിത്രം അറിയാലോ... ഞങ്ങൾക്ക് അകത്തു മാത്രമല്ല, പുറത്തും ആൾക്കരുണ്ട്... ഈ അടവോന്നും ഇവിടെ നടക്കില്ല സാറേ... അണ്ണനെ കിട്ടാനും പോകുന്നില്ല"

"നിങ്ങൾ ഞങ്ങളെ..." കിരൺ വല്ലതും പറയാൻ ഒരുങ്ങും മുമ്പേ അതിലൊരുത്തൻ വടിവാൾ കിരണിൻ്റെ കഴുത്തിൽ വെച്ചു, "ഇനിയോരക്ഷരം മിണ്ടിയാൽ..." അവൻ ബാക്കി പറഞ്ഞില്ല. ഗോപി കിരണിനെ പിടിച്ചു എഴുന്നേൽപ്പിച്ചു. വീടിനു വെളിയിലേക്ക് ഇറങ്ങി നോക്കുമ്പോൾ മൊത്തം ആൾക്കാർ ഉണ്ട്. കോളനിയുടെ കവാടം വരെ അവർ പിറകെ ഉണ്ടായിരുന്നു. ഇതിനിടയിൽ അവർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.

കവാടം കടന്ന് അല്പം നടന്ന ശേഷമാണ് ഗോപിക്കും കിരണിനും ശ്വാസം നേരെ വീണത്. വല്ലതും പറയാൻ തുടങ്ങും മുമ്പേ ഒരു പോലീസ് ജീപ്പ് അവരുടെ മുമ്പിൽ നിർത്തി.

"ജീപിൽ കയറ്", അതിൽ മുമ്പിലിരുന്ന പോലീസുകാരൻ പറഞ്ഞു. വല്ലതും പറയുന്നതിന് മുമ്പേ പിറകിലുള്ളവർ അവരെ പിടിച്ചു ജീപ്പിൽ കയറ്റി വണ്ടിയെടുത്തു...

____________________                ____________________


"സാർ, ഞങ്ങൾ അവിടെ പോയത് ഞങ്ങളുടെ പഴയ ഒരു കൂട്ടുകാരനെ കാണാൻ വേണ്ടിയാ... ഒരു GET TOGETHER പ്ലാൻ ചെയ്യുന്നുണ്ട്... അതിനു ക്ഷണിക്കാൻ വേണ്ടി... പക്ഷെ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല... അവര് പറയുന്നു ഞങ്ങൾ നിങ്ങളുടെ കൂടെയുള്ളതാണെന്നു... നിങ്ങൾ നേരെ തിരിച്ചും പറയുന്നു... ഇതിൽ കൂടുതൽ എന്താണ് പറയേണ്ടതെന്ന് ഞങ്ങൾക്കറിയില്ല..." - കിരൺ ഒറ്റശ്വാസത്തിൽ എല്ലാം പറഞ്ഞൊപ്പിച്ചു.

ആ പോലീസുകാരൻ എല്ലാം കേട്ട് കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല, എന്തോ ആലോചിച്ചിരിക്കാണ്. ശേഷം മൊബൈൽ എടുത്തു ആരെയോ വിളിച്ചു കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. ഫോൺ കട്ട് ചെയ്ത ശേഷം വീണ്ടും അവരിലേക്ക്‌ തിരിഞ്ഞു -

"അപ്പോൾ നിങ്ങൾ പറഞ്ഞുവരുന്നത് ഗിരീഷ് നിങ്ങളുടെ പഴയ ഒരു ഫ്രണ്ട് ആണ്... അല്ലേ?"

"അതെ സാർ"

"വളരെ നല്ല അടുപ്പമായിരുന്നോ?"

"അത്രക്കൊന്നും ഇല്ല സാർ, അവൻ അങ്ങനെ അടുക്കുന്ന ടൈപ്പ് അല്ലായിരുന്നു"

"ഹും, ആ പഴയ ഫ്രണ്ടിൻ്റെ പുതിയ വിനോദങ്ങൾ എന്തൊക്കെയാണെന്ന് അറിയോ?"

കിരണും ഗോപിയും പരസ്പരം നോക്കി, എന്നിട്ട് ഇല്ലെന്നു തലയാട്ടി.

"തത്കാലം ഇത്രേം മനസ്സിലാക്കിക്കോ... അവനൊരു പക്കാ ക്രിമിനൽ ആണ്... അതുകൊണ്ടു തന്നെ അവനെക്കുറിച്ചു എന്ത് ഇൻഫർമേഷൻ കിട്ടിയാലും അത് ഞങ്ങളെ അറിയിക്കൽ നിങ്ങളുടെ ബാധ്യത ആണ്.. മനസ്സിലായോ?"

"ആയി സാർ..."

"എന്നാൽ നിങ്ങൾക്ക് കൊള്ളാം... ഇല്ലേൽ നിങ്ങളും അവൻ്റെ ഗ്യാങ്ങിൽ പെട്ടതാണെന്ന് ഞങ്ങൾക്ക് അനുമാനിക്കേണ്ടി വരും... പിന്നെ നിങ്ങളും കുടുങ്ങും"

"അങ്ങനൊന്നും ഉണ്ടാവില്ല സാർ, ഞങ്ങൾ അറിയിച്ചോളാം... " ഗോപിയാണ് അത് പറഞ്ഞത്...

"എന്നാ വിട്ടോ..."



____________________                ____________________



അജ്മലിൻ്റെ കടയിലാണ് ഇപ്പോൾ കിരണും ഗോപിയും. മൂവരും ഒരു മേശക്കു ചുറ്റുമിരുന്നു താടിക്ക് കൈയും വെച്ച് ഇരിപ്പുണ്ട്.

ഇതിനിടയിലാണ് കടയിലെ ഒരു ജീവനക്കാരൻ അജ്മലിൻ്റെ അടുത്തോട്ടു വരുന്നത് - "ഇക്ക, സെർവ് ചെയ്ത ചിക്കൻ കറിയിൽ തീരെ ഉപ്പില്ലെന്നു പറഞ്ഞു ഒരു കസ്റ്റമർ അവിടെ പ്രശ്നമുണ്ടാക്കുന്നുണ്ട്. ഒന്ന് ഇടപെടണം"

"എന്നാ പോയി അതിൽ കുറച്ചു ഉപ്പിട്ടുകൊട്... കുറച്ചു അവൻ്റെ അണ്ണാക്കിലേക്കും തള്ളിക്കോ....", അജു നല്ല ചൂടിലാണെന്നു തോന്നുന്നു.

"ഇക്കാ...", ആ ജീവനക്കാരൻ വീണ്ടും വിളിച്ചു. കാര്യം അല്പം സീരിയസ് ആയി എടുക്കണമെന്ന അഭ്യർത്ഥന ആ നോട്ടത്തിലുണ്ട്.

"എടോ, അയാൾക്ക് ഫുഡ് ഇഷ്ടപ്പെട്ടില്ലെങ്കിൽ അയാളോട് പോകാൻ പറ, ബില്ല് ഒന്നും pay ചെയ്യേണ്ട. ഇനി കഴിച്ചേ പോകൂ എന്നാണെങ്കിൽ വേറെ ഉപ്പിട്ട് ഒന്ന് ഉണ്ടാക്കിക്കൊട്"

അത് അല്പം convincing മറുപടി ആയതുകൊണ്ട് ആ ജീവനക്കാരൻ പോയി.

"വല്ലാത്തൊരു പുകില്... നീ എന്തിനാ കൃത്യമായി ഇവൻ്റെ പേര് തന്നെ ഓട്ടോഗ്രാഫിൽ എഴുതിയെ...  നീ ഒറ്റയൊരുത്തനാ ഇതിനൊക്കെ കാരണം" - ഗോപിയെ ചൂണ്ടിയാണ് അജ്മൽ അത് പറഞ്ഞത്.

"അതിനു ഞാനറിഞ്ഞോ ഇത് ഇത്രയ്ക്ക് പുലിവാലാകുമെന്ന്. മാത്രമല്ല എല്ലാം ഞാൻ തുറന്നു പറഞ്ഞത് തന്നെ ഇതിൻ്റെ പിറകേ പോകുന്നത് നിർത്താൻ വേണ്ടിയാ. പക്ഷെ ഇവൻ വിടണ്ടേ..." - ഗോപി നേരെ കിരണിൻ്റെ മേലിലോട്ട് ഇട്ടു.

"ഇവൻ പറയുന്നതിലും കാര്യമുണ്ട്. നീ ഇതിനു പിറകെ പോയാൽ പിന്നെ നിനക്ക് അമേരിക്കയിലോട്ടുള്ള തിരിച്ചുപോക്ക് പോലും പ്രശ്നമാകും. ഇത് ഇവിടെവെച്ചു നിർത്തുന്നതാണ് ബുദ്ധി" - അജ്മലും ഗോപിയോട് യോജിച്ചു.

കിരൺ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

"എടാ നിങ്ങൾ പറയുന്നതിലും കാര്യമുണ്ടെന്നറിയാം...പക്ഷെ എനിക്കെന്തോ... അവനെ കാണാതെ പോകാൻ തോന്നുന്നില്ല...", കിരൺ കാര്യം തുറന്നു പറഞ്ഞു.

"ദേ പിന്നേം... എടാ നിന്നോട് മലയാളത്തിലല്ലേ ഇത്രേം നേരം പറഞ്ഞത്. അത് നമ്മുടെ പഴയ ഗിരീഷ് അല്ല...", ഗോപിക്ക് ദേഷ്യം വരുന്നുണ്ട്.

"ദാ.. ഈ ഒരു ഡയലോഗ് ആണ്‌ പ്രശ്നം. ഞാനിതു കുറേയായി കേൾക്കുന്നു. പഴയ ഗിരീഷിനെ കുറിച്ച് ഒന്നും അറിയാത്ത നമുക്കെങ്ങനെ ഇത് പറയാൻ സാധിക്കും?" - കിരൺ

"എന്നുവെച്ചു?? എന്നാ പഴയ ഗിരീഷിനെ വിട്ടേയ്ക്ക്... ഇപ്പൊ അവൻ ഒരു ക്രിമിനൽ അല്ലേ?... അതിൽ സംശയം ഉണ്ടോ?" - ഗോപി.

"മാത്രമല്ല, പഴയ ഗിരീഷിനെക്കുറിച്ചു അറിയാത്തത് നമ്മുടെ മാത്രം തെറ്റല്ല, അവനും അധികം അടുക്കാത്ത ടൈപ്പ് ആയിരുന്നില്ലേ?" - ഇത് ചോദിച്ചത് അജ്മലാണ്.

"എന്നിട്ട് ഡെസ്‌നക്ക് അവനെക്കുറിച്ചു അറിയാല്ലോ... മാത്രമല്ല, അവൻ നല്ലവനാണെന്നും നിരപരാധിയാണെന്നും അവൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്" - കിരൺ

"അത് നോക്കേണ്ട... അത് love case ആണ്... അവൾക്ക് അങ്ങനെയേ തോന്നൂ" - ഗോപി

"അവൾക്കേ അവനെ മനസ്സിലായിട്ടുള്ളൂ എന്ന് ഞാൻ പറഞ്ഞാൽ...?" - കിരൺ

"എന്നാ അതും പറഞ്ഞിവിടെ കുത്തിയിരുന്നോ... എനിക്കാകെ ചൊറിഞ്ഞു വരുന്നുണ്ട്..." - ഗോപി ദേഷ്യത്തോടെ എണീറ്റു. അജ്മൽ അവനെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. അജ്മൽ തന്നെ ഒടുക്കം കിരണിനോട് ചോദിച്ചു - "നീ പറയുന്നതൊക്കെ സത്യമാണെന്നു വിചാരിക്ക്... നമ്മൾ ഇപ്പോൾ എന്ത് ചെയ്യണമെന്നാ നീ പറയുന്നത്?"

"എടാ, അവൻ നമ്മുടെ കൂടെ ഒരുപാട് കാലം പഠിച്ചവനാണ്... നമുക്ക് അത് ഫീൽ ചെയ്തിട്ടില്ലെങ്കിലും ആ fact നമുക്ക് ഒഴിവാക്കാൻ പറ്റില്ല. എന്നിട്ട് ഒരു സുപ്രഭാതത്തിൽ അവനെ സ്കൂളിൽ നിന്നും പുറത്താക്കിയപ്പോൾ നമ്മൾ ആരെങ്കിലും അതിനെക്കുറിച്ചു ഒന്ന് അന്വേഷിച്ചോ? atleast അവനോടെങ്കിലും ഒന്ന് ചോദിച്ചോ... നമ്മുടെ ഒരു ക്ലാസ്സ്‌മേറ്റ് അല്ലേ അവൻ?... ഡെസ്‌ന പറഞ്ഞതുപോലെ അന്ന് അവൻ നിരപരാതിയായിരുന്നെങ്കിൽ നമ്മൾ ചെയ്തത് തെറ്റ് തന്നെയാ... ആ തെറ്റ് തിരുത്താൻ ഇന്നൊരു അവസരം കിട്ടുകയാണെങ്കിൽ അത് വെറുതെ കളയണോ?" - കിരൺ

കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.

"എടാ, നീ പറഞ്ഞത് ശെരിയായിരിക്കാം, പക്ഷെ ഇന്നത്തെ അവസ്ഥ അതിലും മോശമാണ്. അവൻ ഇപ്പോൾ പോലീസ് അന്വേഷിക്കുന്ന ഒരു ക്രിമിനൽ ആണ്. നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്നാ നീ പറയുന്നത്? നമ്മൾ ഇടപെട്ടാൽ ഉള്ള അവസ്ഥ ആ പോലീസ്‌കാരൻ പറഞ്ഞത് ഓർമ്മയില്ലേ... നമ്മളും അഴിയെണ്ണേണ്ടിവരും..." - ഗോപി

"നീ എന്ത് ചെയ്യാനാ ഉദ്ദേശിക്കുന്നത്?" - അജ്മൽ

"എനിക്ക് ഗിരീഷിനെ ഒന്ന് കാണണം, സംസാരിക്കണം... ഇത്രയേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ... ബാക്കി നിൽക്കണോ പോകണോ എന്ന് അതിനു ശേഷം നമുക്ക് തീരുമാനിക്കാം..." - കിരൺ

"അതിന് ഗിരീഷിനെ എങ്ങനെ കാണും? കോളനിയിൽ പോയാലുള്ള അവസ്ഥ നിനക്ക് അറിയില്ലേ?" - ഗോപി

"ഗിരീഷിനെ കാണണമെങ്കിൽ ഒരു വഴിയേ ഒള്ളൂ..." - അജ്മൽ

"ഏതു വഴി?" - കിരൺ

"ഡെസ്‌ന തന്നെ... നമ്മൾ വിളിച്ചാലൊന്നും ഗിരീഷിനെ കിട്ടാൻ പോകുന്നില്ല. അതിനു ഡെസ്‌ന തന്നെ വിചാരിക്കണം" - അജ്മൽ

"ഹാ ബെസ്റ്! അവളെ കിട്ടാൻ തന്നെ നമ്മൾ ഒരുപാട് കഷ്ടപെട്ടതാ... അതൊക്കെ മറന്നോ... എന്നിട്ട് ഇനി അവൾ വഴി..." - ഗോപി.

"അവളെ കിട്ടാൻ കഷ്ടപ്പാടാണ്, സമ്മതിച്ചു... എന്നാലും ഗിരീഷിൻ്റെ അത്ര ബുദ്ധിമുട്ടില്ലല്ലോ.... അതുകൊണ്ട് കഷ്ടപ്പെടണം... " - അജ്മൽ

"അവൻ പറഞ്ഞതിലും കാര്യമുണ്ട്... ഡെസ്‌ന തന്നെ ബെസ്റ് ചോയ്സ്..." - കിരൺ.

"അങ്ങനെയാണേൽ നമുക്ക് GET TOGETHER ഉടനെ ഉണ്ടാക്കാം... അതിനവൾ എന്തായാലും വന്നുകൊള്ളും..." - ഗോപി.

"ഹേയ്... അതിനായിട്ടില്ല... അത് നമുക്ക് ചിലപ്പോൾ വേറെ കളികൾക്ക് ആവശ്യം വരും... ഇപ്പൊ വേറെ എന്തെങ്കിലും ചെറിയ ഐഡിയ ആലോചിക്ക്..." - കിരൺ.

ഇതിനിടയിൽ അജ്മലിൻ്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയിട്ട് ഒരുപാടായി - അവൻ്റെ ബീവിയാണ്. 'ഫോണൊന്ന് എടുത്തോട്ടെ' എന്ന് ഗോപിയെ നോക്കി ആംഗ്യം കാണിച്ചു ചോദിക്കുന്നുണ്ട്. ഗോപി എടുത്തോളാൻ പറഞ്ഞ ഉടനെ അവൻ ഫോണും എടുത്തു അപ്പുറത്തേക്ക് ഓടി....


____________________                ____________________


"ഇതറിയാനാണോ ഇത്രേം ദൂരം വന്നത്?" - ഗിരീഷിൻ്റെ കാര്യം പറഞ്ഞു തൻ്റെ കോളേജ് വരെ വന്ന കിരണിനെയും ഗോപിയേയും കണ്ടു ഡെസ്‌ന ശെരിക്കും നീട്ടി.

"ഇതറിയാൻ നിൻ്റെ വീട്ടിലേക്ക് വരുന്ന കാര്യം ഓർത്തപ്പോൾ ഇതൊരു വലിയ ബുദ്ധിമുട്ടായി തോന്നിയില്ല... അല്ല, അച്ഛന് പണിയൊന്നുമില്ലേ..."

"അവൻ സർദാർ കോളനിയിൽ ഉണ്ടെന്നു ഞാൻ പറഞ്ഞില്ലേ?"

"അവിടെ പോകുന്നതിലും ഭേദം നിൻ്റെ വീടായിരിക്കും... ഓർമ്മിപ്പിക്കല്ലേ... ഞങ്ങൾക്ക് വേണ്ടത് അവനെയൊന്നു കാണുകയാണ്... അല്ലെങ്കിൽ ഒരു ഫോൺ നമ്പർ... നീയല്ലാതെ വേറൊരു പിടിവള്ളിയും ഞങ്ങളെ മനസ്സിൽ ഇല്ല..."

"ഞാൻ പറഞ്ഞില്ലേ, അവനെ ഞാൻ സ്ഥിരമായി ഒന്നും കാണാറില്ല... വല്ലപ്പോഴും വരാറുണ്ട്... അതും അവൻ്റെ ഫ്രണ്ട്‌സ് വഴി എന്നെ അറിയിക്കും... അല്ലെങ്കിൽ എന്തേലും ലെറ്റർ എൻ്റെ കയ്യിൽ എത്തിച്ചിട്ട് അതിൽ കാണേണ്ട സ്ഥലം ഒക്കെ പറയും... അതല്ലാതെ ഫോൺ ഒന്നും വിളിക്കാറില്ല... ഭയങ്കര cautious ആണ് ആള്..."

"അപ്പോൾ ഈ വഴിയും അടഞ്ഞെന്നു സാരം..." - ഗോപി

"അങ്ങനെ പൂർണ്ണമായും അടഞ്ഞെന്നു പറയണ്ട... ഇനി ഗിരീഷ് വരുമ്പോൾ ഞങ്ങളുടെ കാര്യം ഒന്ന് പറയണം... ചുമ്മാ പറഞ്ഞാൽ പോരാ... ഞങ്ങളെ കാണാൻ അവനെക്കൊണ്ട് സമ്മതിപ്പിക്കണം... പ്ളീസ്"

"രണ്ടു ദിവസം മുമ്പ് അവനെ കണ്ടിട്ടേയുള്ളൂ... അതുകൊണ്ട് ഇനി എന്നുകാണുമെന്നു യാതൊരു ഐഡിയയും ഇല്ല.."

"അന്നുകണ്ടപ്പോൾ ഞങ്ങൾ GET TOGETHERൻ്റെ കാര്യം വന്നു പറഞ്ഞത് എന്തെങ്കിലും പറഞ്ഞോ...?" - കിരൺ

"ഞാനത് സൂചിപ്പിച്ചു... പക്ഷെ വലിയ താല്പര്യം പ്രകടിപ്പിച്ചില്ല... അതൊക്കെ സ്കൂളിൽ 'മാന്യമായി' പഠിച്ചു ഇറങ്ങിയവർക്കല്ലേ എന്നൊരു ഡയലോഗ് മാത്രം പറഞ്ഞു..."

കിരണും ഗോപിയും ഡെസ്‌നയോട് യാത്ര പറഞ്ഞു പോകാനൊരുങ്ങി... പെട്ടന്ന് കിരണിൻ്റെ മനസ്സിൽ എന്തോ.... അവൻ വീണ്ടും ഡെസ്‌നയുടെ മുമ്പിൽ പോയി ഇരുന്നു.

"ഡെസ്‌ന... ഒരു കാര്യം ചോദിച്ചോട്ടെ... വേറൊരു അർത്ഥത്തിൽ എടുക്കരുത്... എനിക്ക് അറിയാനുള്ള ഒരു ആകാംക്ഷയിൽ ചോദിക്കാണ്...."

വളച്ചുകെട്ടാതെ കാര്യം പറ എന്ന മട്ടിലാണ് ഡെസ്‌ന

"ഞങ്ങൾക്ക് അറിയുന്നതിനേക്കാളും എത്രയോ കൂടുതൽ നിനക്ക് അവനെ അറിയാം... അതുകൊണ്ടാണ് ചോദിക്കുന്നത്... അവനെ കാണാൻ പോയ ഞങ്ങൾ ഇനി ഇതിൽ കൂടുതൽ കുടുങ്ങാനില്ല... ആ കോളനി ഒരു ഗുണ്ടാ സെറ്റപ്പ് ആണ്... പിന്നെ അവൻ്റെ പിറകെ പോലീസും ഉണ്ട്... Is he into anything illegal? രണ്ടുദിവസം മുമ്പ് മാത്രം അവനെക്കുറിച്ചു അന്വേഷിക്കാൻ തുടങ്ങിയ ഒരാളുടെ തോന്നൽ മാത്രമാണ് ഇത്... അതുകൊണ്ട്, തെറ്റാണെങ്കിൽ ക്ഷമിക്കണം..."

"നിങ്ങൾ എൻ്റെ വീട്ടിൽ വന്നിട്ടില്ലേ... അതും കോളേജും തമ്മിലുള്ള അന്തരം ശ്രദ്ധിച്ചിരുന്നോ?? എന്നെപ്പോലെ ഒരു പെൺകുട്ടിക്ക് ഇതുപോലൊരു കോളേജ് സ്വപ്നം പോലും കാണാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ? അച്ഛൻ്റെ വിചാരം എനിക്കിവിടെ സ്കോളർഷിപ് ഉണ്ടെന്നാ... ഉണ്ട്, പക്ഷെ സ്കോളർഷിപ്പിൻ്റെ പേരാണ് ഗിരീഷ്... അച്ഛൻ സമ്മതിക്കില്ലെന്ന് തോന്നിയിട്ടാ പറയാതിരുന്നത്... ഞാൻ പഠിക്കണമെന്ന് ഗിരീഷിനാണ് നിർബന്ധം... പെട്ടന്ന് എന്നെ കെട്ടിക്കാൻ നോക്കിയിരുന്ന അച്ഛനെ മയക്കിയത് ഈ സ്കോളർഷിപ്പിൻ്റെ പേര് പറഞ്ഞാ... അന്നും ഞാനും ഇതേ ചോദ്യം ഗിരീഷിനോദ് ചോദിച്ചു... അവൻ്റെ മറുപടി ഇതായിരുന്നു - "ഞാൻ സത്യസന്ധമായി അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് തന്നെയാണ്... അതിലൊരു സംശയവും വേണ്ട... എൻ്റെ ചുറ്റുപാട് അത്രയ്ക്ക് നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ അതിൻ്റെ കറ നിൻ്റെ മേലിൽ പറ്റാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയുമില്ല..." - പിന്നെ ഞാൻ ചോദിച്ചിട്ടില്ല... കാരണം ഇത്രേം കാലത്തിനിടക്ക് അവൻ എന്നോട് യാതൊരു നുണയും പറഞ്ഞിട്ടില്ല... അതുകൊണ്ട് എനിക്കവനെ വിശ്വാസമാണ്..."

കിരണും ഗോപിയും പിന്നെ അവളോട് ഒന്നും ചോദിയ്ക്കാൻ നിന്നില്ല. അവർ യാത്രപറഞ്ഞിറങ്ങി. കാറിൽ വെച്ചും ചിന്ത ഗിരീഷിനെക്കുറിച്ചായിരുന്നു.

"അവൾക്ക് അവനെ പൂർണ്ണവിശ്വാസമാണ്... പക്ഷെ എന്നാലും എനിക്കങ്ങോട്ട്... നിനക്ക് എന്ത് തോന്നുന്നു?" - ഗോപി കിരണിനോട്.

"അവൾക്ക് അങ്ങനെ വിശ്വസിക്കാൻ കാരണം ഉണ്ട്... പക്ഷെ നമുക്ക് അത് ദഹിക്കാൻ പാടാണ്‌. കാരണം അവൻ്റെ negetive side മാത്രമേ നമ്മൾ നേരിട്ട് കണ്ടിട്ടുള്ളൂ... അവനെക്കുറിച്ചു കൂടുതൽ അറിഞ്ഞിട്ടു ഒരു തീരുമാനത്തിലെത്താം ..." - കിരൺ.

ഇതിനിടയിലാണ് അവർ രണ്ടുപേർക്ക് ഒരു മെസ്സേജ് വന്നത് - വാട്സാപ്പിൽ ആണ് - നിമിഷ പുതിയ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട് - പേര് "കിങ്ങിണിക്കൂട്ടം" - പത്താം ക്ലാസ്സിലെ കൂട്ടുകാർ എല്ലാരേയും അതിൽ ചേർത്തിട്ടുണ്ട്.

"ഇതിൻ്റെ ഒരു കുറവും കൂടായെ ഉണ്ടായിരുന്നുള്ളൂ.. മനുഷ്യൻ ഇവിടെ ആകെ ടെൻഷനടിച്ചിരിക്കാ... അപ്പോഴാ..."

"എടാ, ഇന്നത്തെ കാലത്തു ഒരു GET TOGETHERൻ്റെ ആദ്യ പടിയാണ് ഈ വാട്സാപ്പ് ഗ്രൂപ്പ്. നിനക്ക് മാത്രമല്ലെ ഇതൊരു വൻ പ്രശ്നമാണെന്ന് അറിയൂ... ബാക്കിയുള്ളവർക്ക് ഇതൊരു കൂടിച്ചേരലാണ്... അതുകൊണ്ട് അവർ ചെയ്തോട്ടെ... നല്ലതല്ലേ... എല്ലാവരും interest കാണിച്ചാലല്ലേ സംഗതി നടക്കൂ..."

"അതൊക്കെ സമ്മതിച്ചു. പക്ഷെ അതിനുമുമ്പ് ഈ ഗിരീഷിൻ്റെ കാര്യം തീരുമാനം ആക്കേണ്ടേ... atleast അവനെ കാണുകയെങ്കിലും വേണ്ടേ..."

"അതും ശെരിയാണ്... "

മൗനം...

ഗോപി - "എടാ ഒരു വഴി കൂടിയുണ്ട്, നിമിഷയുടെ husband, നമ്മുടെ അഖിൽ... ആള് രാഷ്ട്രീയക്കാരനല്ലേ... പുള്ളി വിചാരിച്ചാൽ ചിലപ്പോ അവനെ കിട്ടാൻ ചാൻസ് ഉണ്ട്... മാത്രമല്ല ഗിരീഷിൻ്റെ details കിട്ടാൻ ഇതിലും നല്ലൊരു വഴി വേറെ ഇല്ല..."

കിരൺ - "എനിക്കെന്തോ... അവൻ്റെ കാലു പിടിക്കാനൊന്നും വയ്യ... മാത്രമല്ല ആ വീട്ടിലേക്ക് കയറിച്ചെല്ലുന്നത് ഓർക്കുമ്പോഴേ... അവരെ ഒരുമിച്ചു കാണുമ്പോൾ എന്തോ...."

ഗോപി - "GET TOGETHERന് പിന്നെ അവർ ഒരുമിച്ചായിരിക്കില്ലേ വരുക? നിൻ്റെ പ്രശ്നം മനസ്സിലായി... പക്ഷെ അതൊരു പുതുമ അല്ലാതിരിക്കുമ്പോൾ സംഗതി മാറിക്കോളും... ഇപ്പൊ നമ്മുടെ പോംവഴി അഖിൽ തന്നെയാണ്..."

മനസ്സില്ലാമനസ്സോടെയാണെങ്കിലും കിരൺ അതിനു സമ്മതം മൂളി.


________________________________________



8


"ഓഫീസിൽ നിന്നു ഇപ്പോൾ ഇറങ്ങിയതേ ഒള്ളൂ... കുറച്ചു തിരക്കിലാ... പിന്നെ വിളിക്കാം..."

ശരണ്യക്ക് ഓഫീസിൽ ഇരിക്കപ്പൊറുതിയില്ലായിരുന്നു. നികിത വീട്ടിൽ ഒറ്റയ്ക്കാണ്. രണ്ടുമൂന്നു ദിവസമായിട്ട് അവൾ പുറത്തേക്കൊന്നും ഇറങ്ങിയിട്ടില്ല. ഈ ഒരു അവസ്ഥയിൽ അവളെ ഒറ്റയ്ക്ക് വിട്ടത് ശെരിയെല്ലെന്നറിയാം. പക്ഷെ ഇനിയും ലീവ് ചോദിച്ചാൽ ചിലപ്പോൾ ജോലി തന്നെ നിർത്തി പോകാൻ പറയും. ഓരോ മണിക്കൂർ ഇടവിട്ടു അവളെ വിളിച്ചു അന്വേഷിക്കുന്നുണ്ട്. അവസാനം പറഞ്ഞത് ഇവിടെ അടുത്തുള്ള ഒരു ബൊട്ടാണിക്കൽ ഗാർഡനിൽ പോവുകയാണെന്നാ. അവളെ എതിർക്കാൻ തോന്നിയില്ല. ആ വീട്ടിൽ അടച്ചുപൂട്ടി കഴിയുന്നതിനേക്കാൾ നല്ലത് അവിടെ പോയി കുറച്ചു കാറ്റ് കൊള്ളുന്നത് തന്നെയാണ്. 

ശരണ്യ അവിടെ മുമ്പും പോയിട്ടുണ്ട്. നികിത എവിടെയായിരിക്കുമെന്നു അവൾക്ക് ഊഹിക്കാവുന്നതേയുള്ളൂ - ബട്ടർഫ്‌ളൈ പാർക്ക്. വിവിധ വർണ്ണങ്ങളിലുള്ള ശലഭങ്ങൾ നമുക്ക് ചുറ്റും പാറി നടക്കുന്നത് കാണാം. അത് കണ്ടിരുന്നാൽ തന്നെ മറ്റെല്ലാം മറന്നു അതിൽ ലയിച്ചു പോകും. മനസ്സിന് നല്ല ആശ്വാസം കിട്ടുകയും ചെയ്യും.

ശരണ്യയുടെ ഊഹം തെറ്റിയില്ല. അവൾ അവിടെത്തന്നെയുണ്ട്. പക്ഷെ അവളുടെ മുഖം കണ്ടിട്ട് അത്രക്ക് ആശാവഹമല്ല. കണ്ണിനു ഇപ്പോഴും നനവുണ്ട്. നികിത ശരണ്യയെ കണ്ടെങ്കിലും ആ മുഖത്തെ ഭാവത്തിനു വലിയ മാറ്റമില്ലായിരുന്നു. 

"ഞാനിവിടെ മുമ്പ് രണ്ടു തവണ വന്നിട്ടുണ്ട്. പണ്ട് സ്കൂളിൽ നിന്നു ഇങ്ങോട്ടൊരു സ്റ്റഡി ട്രിപ്പ് ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ ഒരുപാട് നേരം ഇവിടെ കളിച്ചിരുന്നു. മറ്റുള്ളവരെല്ലാം പാർക്കിൻ്റെ മറ്റു ഭാഗങ്ങളെല്ലാം കാണാൻ പോയപ്പോൾ ഞങ്ങൾ മാത്രം ഇവിടെ അന്ന് മുഴുവൻ സമയവും ചിലവഴിച്ചു. അതിനു ശേഷം ഞാൻ എൻ്റെ അപ്പൂപ്പനെയും അമ്മൂമ്മയേയും കൂട്ടിയും അവൻ അവൻ്റെ അമ്മയോടൊപ്പവും ഇങ്ങോട്ട് വന്നു. ഞങ്ങൾ പ്ലാൻ ചെയ്തു വീട്ടുകാരെ നിർബന്ധിച്ചു ഉണ്ടാക്കിയ ഒരു വരവായിരുന്നു അത്. അതിനു ശേഷം ഭാവിയിൽ ഞങ്ങൾ രണ്ടുപേരും ഒറ്റയ്ക്ക് വരണമെന്ന് തീരുമാനമെടുത്തിരുന്നു. അന്ന് പക്ഷെ അതിനൊരു സാഹചര്യം ഉണ്ടായില്ല. പക്ഷെ ഈ വരവിൽ ഞാനതു ഒരുപാട് കൊതിച്ചിരുന്നു... ഇനിയത് നടക്കില്ലെന്നു ആലോചിക്കുമ്പോൾ...."

നികിത ശെരിക്കും പൊട്ടിക്കരയാൻ തുടങ്ങി. ശരണ്യ അവളെ പരമാവധി സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇവിടെയും ഇവൾക്ക് ഒരു ഫ്ലാഷ്ബാക്ക് ഉണ്ടെന്നു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങോട്ട് വരാൻ സമ്മതിക്കില്ലായിരുന്നു. പലതും പറഞ്ഞു ശരണ്യ അവളെ ഗാർഡൻ്റെ പുറത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. അവർ ഒരു കോഫി ഷോപ്പിൽ കയറി.

"എൻ്റെ മനസ്സിൽ ഒരു തോന്നൽ... ഞാൻ പറഞ്ഞില്ലേ, അവനോട് യാത്ര പറഞ്ഞപ്പോൾ അവൻ എന്നോട് പറഞ്ഞത്... ഞാൻ കാരണമാണോ ഇതൊക്കെ എന്നൊരു തോന്നൽ... വല്ലാത്തൊരു കുറ്റബോധം പോലെ..."

"എൻ്റെ മോളൂസ്... നീ എന്താ കൊച്ചുകുട്ടിയെപ്പോലെ?... നിനക്കു പത്തുപന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് ഇക്കാര്യം നടന്നതെന്ന് നീ ഓർക്കണം. അന്നത്തെ കാര്യമൊന്നും നിൻ്റെ കയ്യിലല്ല. അവൻ്റെ ലൈഫിൽ ഏറ്റവും ബ്യൂട്ടിഫുൾ ആയ മൂന്നുവർഷം കൊടുത്തത് നീയാണ്... അപ്പോൾ അവൻ നിനക്ക് നന്ദി പറയുകയാണ് വേണ്ടത്. എനിക്കുറപ്പാ, നിന്നോട് ഇപ്പോൾ സംസാരിക്കാൻ അവസരം കിട്ടിയാൽ അവൻ ആദ്യം ചെയ്യുന്നതും ഇതായിരിക്കും..."

ശരണ്യയുടെ ആ വാക്കുകൾ അവൾക്ക് കുറച്ചു ആശാസം നൽകിയെന്ന് തോന്നുന്നു. എന്നാലും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

"ഞാൻ ഒരു കാര്യം പറയട്ടെ... ഇനി ഇവിടെ അധികം നിൽക്കേണ്ട എന്നാണ് എൻ്റെ അഭിപ്രായം. വെറുതെ ചുമ്മാ സങ്കടം കൂടിവരുമെന്നല്ലാതെ യാതൊരു പ്രയോജനവും ഇല്ല. തിരിച്ചു അമേരിക്കയിലോട്ട് പോവുകയാണ് നല്ലത്", ശരണ്യ ഒന്ന് പറഞ്ഞു നോക്കിയതാണ്. അതാണവൾക്ക് ബെസ്ററ് എന്നറിയാം. പക്ഷെ അതവൾ എങ്ങനെ എടുക്കുമെന്ന് വലിയ ധാരണയില്ല.

"ഞാനും അത് ആലോചിച്ചതാ... അമ്മ ഏൽപ്പിച്ച കുറച്ചു ജോലികളുണ്ട്. അതൊക്കെ തീർത്തു പോകണം"

"Good for you. ഈ സമയത്തു അങ്ങനെ തന്നെയാ വേണ്ടത്. Engange in something else. It would help you a lot. അമ്മ പറഞ്ഞത് റിലേറ്റീവ്‌സിൻ്റെ വീട്ടിലേക്ക് പോകുന്ന കാര്യമാണോ?"

"അതെ... അമ്മയുടെ അനിയത്തിയുടെ ഒരു കുടുംബമുണ്ട്. അവിടെ ഒരു സാധനം ഏൽപ്പിക്കാനുണ്ട്. നാളെ അങ്ങോട്ട് പോകണം"

____________________                ____________________


"ഇയാൾ ഇത്ര പെട്ടന്ന് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ... ഇന്നലെ പറഞ്ഞ ആളുടെ അഡ്രസ്സും മറ്റു അടിസ്ഥാന വിവരങ്ങളും ഈ ഫയലിൽ ഉണ്ട്", ഫയൽ കൈമാറുന്നതിനിടയിൽ ജില്ലാ പോലീസ് സൂപ്രണ്ട് നികിതയോട് പറഞ്ഞു.

"അങ്കിൾ ഇക്കാര്യത്തിൽ ഇത്ര പെട്ടന്ന് സഹായിക്കുമെന്നും ഞാനും വിചാരിച്ചില്ല. ഇന്നലെ വീട്ടിൽ വന്നപ്പോൾ മാത്രമാണ് അങ്കിൾ ഇവിടെ പോലീസ് സൂപ്രണ്ട് ആണെന്ന് അറിഞ്ഞത്. അതിനു മുമ്പ് നമ്മൾ തമ്മിൽ കണ്ടിട്ടില്ലല്ലോ. അപ്പോൾ ചുമ്മാ ഒന്ന് ചോദിച്ചു നോക്കാം എന്ന് കരുതി ചോദിച്ചതാ... Anyway, Thanks a lot", കുറച്ചു നാളായി അന്വേഷിച്ചു നടക്കുന്നത് കയ്യിൽ കിട്ടിയ ആശ്വാസത്തിലാണ്‌ നികിത.

"You are welcome... And, I know its none of my business. എന്നാലും അറിയാനുള്ള ഒരു ആകാംഷകൊണ്ട് ചോദിച്ചു പോകുന്നതാണ്. എന്താണ് ഇയാളുമായിട്ടുള്ള മോളുടെ ബന്ധം?", ഒരു പോലീസുകാരൻ ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

"ഹേയ്... സാറിത് ചോദിക്കേണ്ട കാര്യം തന്നെയാണ്. പ്രത്യേകിച്ച് ക്രിമിനൽ എന്ന് വിളിക്കപ്പെടുന്ന ഒരാളെക്കുറിച്ചുള്ള ഡീറ്റെയിൽസ് ചോദിക്കുമ്പോൾ... It's part of your job"

"ക്രിമിനൽ എന്ന് വിളിക്കപ്പെടുന്ന ആൾ... ആ പറഞ്ഞതിൽ തന്നെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ..."

"അതവൻ ക്രിമിനൽ ആണെന്ന് അഡ്മിറ്റ് ചെയ്യാനുള്ള ഒരു മടി, അത്രയേ ഒള്ളൂ... കെവിൻ എൻ്റെ childhood friend ആയിരുന്നു. അഞ്ചാം ക്ലാസ് തൊട്ട് ഏഴാം ക്ലാസ് വരെ ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്. അവൻ്റെ അമ്മയെ ഒക്കെ എനിക്ക് നന്നായി അറിയാം. ഇപ്പോഴാണ് അവൻ മരിച്ച വിവരം അറിയുന്നത്. അറ്റ്ലീസ്റ്റ് ആ അമ്മയെ ഒന്ന് കാണുകയെങ്കിലും ചെയ്യാമല്ലോ എന്ന് കരുതിയിട്ടാണ് അഡ്രസ് ചോദിച്ചത്", നികിത വിശദീകരിച്ചു.

"Okey, got it. ഞാൻ ചോദിച്ചത് എന്തുകൊണ്ടാണെന്ന് വെച്ചാൽ ഇതൊരു ഗാങ് റിലേറ്റഡ് കേസ് ആണോ എന്ന് സംശയമുണ്ട്. മോൾ ഇതിൻ്റെ പിറകെ പോയി അപകടം ഒന്നും വരുത്തിവെക്കേണ്ടെന്നു പറയാനാ..."

"ഒരിക്കലും ഇല്ല അങ്കിൾ. കെവിൻ ഏതെങ്കിലും ഗാങിലെ മെമ്പർ ആയിരുന്നോ?"

"ഉറപ്പിച്ചു പറയാൻ പറ്റില്ല. മരിച്ചപ്പോൾ കെവിൻ്റെ കയ്യിൽ ഒരു പരുന്തിൻ്റെ ടാറ്റൂ പച്ചകുത്തിയിട്ടുണ്ടായിരുന്നു. അതെ സിംബൽ അല്ലെങ്കിലും അതിനോട് സാമ്യമുള്ള ഒരു സിംബൽ കൊളമ്പിയയിലും മെക്സിക്കോയിലും ഒക്കെ പ്രവർത്തിക്കുന്ന notorious ആയ ഒരു മാഫിയ ടീമിനുണ്ട് - Black Eagles. ചിലപ്പോൾ അവരോടുള്ള ആരാധന മൂത്തു ചെയ്തതായിരിക്കും എന്ന് ഞങ്ങൾ വിചാരിച്ചു. പക്ഷെ കഴിഞ്ഞ വർഷം വെട്ടേറ്റു മരിച്ച ഒരുത്തൻ്റെ കയ്യിലും ഇതേ ടാറ്റൂ കണ്ടു. ആ വലിയ മാഫിയ ഇവിടെ പ്രവർത്തനം തുടങ്ങാൻ ഒരു ചാൻസും കാണുന്നില്ല. ഇത് ഇവർ തന്നെ ഉണ്ടാക്കിയ പുതിയ വല്ല ഗ്രൂപ്പും ആയിരിക്കും. ഇതൊന്നും ഇതുവരെ പുറത്തു വിടാത്ത കാര്യങ്ങളാണ്. ഞാൻ നിന്നോട് പറഞ്ഞത് നിൻ്റെ സുരക്ഷക്ക് വേണ്ടിയാണ്. അമ്മയെ കാണുക, തിരിച്ചുപോരുക. Then stay out of it", സംഗതിയുടെ ഗൗരവം നികിതക്ക് മനസ്സിലാക്കിക്കൊടുത്തു.

"ഞാനും അത്രയേ ചെയ്യുന്നുള്ളൂ... കൂടുതൽ അന്വേഷിക്കാൻ എനിക്കും താല്പര്യമില്ല. അവൻ മരിച്ചെന്നു അറിഞ്ഞപ്പോഴേ ഞാൻ തിരിച്ചു പോകാൻ ഇരുന്നതാ. പിന്നെ ഇതും കൂടി ഒന്ന് തീർത്തിട്ട് പോകാമെന്നു കരുതി. ഇനി ഇങ്ങോട്ട് വരാൻ ചാൻസ് കുറവാണ്"

"അത് തന്നെയാണ് നല്ലത്"

"Anyway, I am leaving. Once again, thank you very much", അങ്കിളിനു കൈ കൊടുത്ത ശേഷം അവൾ അവിടുന്ന് ഇറങ്ങി.

____________________                ____________________


അങ്കിൾ നൽകിയ അഡ്രസ്സിൽ അന്വേഷിച്ചാണ് നികിത ആ വീട്ടിലെത്തിയത്. അവിടെ ആരും ഇല്ലായിരുന്നു. അയൽവീട്ടിൽ താമസിക്കുന്നവരാണ് ആള് ഒരു വീട്ടിൽ ജോലിക്കു പോയതാണെന്നും കുറച്ചു കഴിഞ്ഞാൽ വരുമെന്നും അറിയിച്ചത്. അവർ വരാൻ വേണ്ടി കാത്തിരിക്കുകയാണ് നികിത. 

പഴയ വീടിൽ നിന്നു വലിയ ഒരു മാറ്റം ഒന്നും ഇവിടെ കാണാനില്ല. അന്നും അവൻ്റെ അമ്മ ഓരോ വീട്ടിലും ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. ഇന്നും മാറ്റമില്ല. കെവിൻ്റെ അച്ഛൻ പണ്ടേ മരിച്ചിരുന്നു. മറ്റു സഹോദരങ്ങളും ഇല്ല. ആകെ പ്രതീക്ഷയായിരുന്ന മകനാണ് ഇങ്ങനെയൊരു വിധിയിൽ തീർന്നത്. അവരോട് എന്ത് പറയണമെന്ന് അറിയില്ല, ഒന്ന് കാണണമെന്ന് തോന്നി, വന്നു... അത്രതന്നെ.

കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം അവർ വന്നു. കാണാൻ ആരോ വന്നിട്ടുണ്ടെന്ന് അയൽക്കാർ സൂചന നല്കിയതുകൊണ്ടാകാം തിരക്കുപിടിച്ചായിരുന്നു ആ വരവ്.

"Hi Aunty, എന്നെ മനസ്സിലായോ?", നികിത ചോദിച്ചു.

കെവിൻ്റെ അമ്മക്ക് ആദ്യം ആളെ പിടികിട്ടിയില്ല. വളരെ ചെറുതായപ്പോൾ കണ്ടതല്ലേ. പിന്നെ ഇങ്ങനെയൊരു ആളെ ഒരിക്കലും പ്രതീക്ഷിച്ചിട്ടുമുണ്ടാവില്ല. പിന്നീട് നികിത പറഞ്ഞു മനസ്സിലാക്കിക്കൊടുത്തപ്പോൾ ആ മുഖം തെളിയുന്നത് കാണാമായിരുന്നു. അവർ ആ സന്തോഷത്തിൽ നികിതയെ കെട്ടിപ്പിടിച്ചു നെറ്റിയിലൊരു മുത്തം കൊടുത്തു. അവരെ അത്ര സന്തോഷത്തിൽ ഈ അടുത്തൊന്നും ആരും കണ്ടിട്ടില്ല. 

വീട് തുറന്നു നികിതയെ അകത്തേക്ക് ക്ഷണിച്ചു കസേരയിൽ ഇരുത്തി. അടുക്കളയിൽ പോയി അവൾക്ക് കുടിക്കാൻ വല്ലതും എടുത്തു.

"പാലില്ല... കട്ടൻ ചായയെ ഒള്ളൂ... മോള് കുടിക്കുമോ?", അല്പം മനഃപ്രയാസത്തോടെയാണ് ആ ചോദ്യം.

"പിന്നെ കുടിക്കാതെ... അത് മതി", നികിതയുടെ മറുപടി കേട്ട് അവർക്കും ആശ്വാസമായി, ചായ കൊണ്ടുകൊടുത്തു.

"മോൾ ഇപ്പോൾ എന്താ ചെയ്യുന്നത്? പഠിക്കുകയാണോ അതോ ജോലിയായോ?"

"പഠനം കഴിഞ്ഞു. ഞാൻ ഒരു സൈക്കിയാട്രിസ്റ് ആണ്?"

"എന്നുവെച്ചാൽ...??", അമ്മയ്ക്ക് മനസ്സിലായിട്ടില്ല.

"മനഃശാസ്ത്രജ്ഞ എന്നൊക്കെ പറയും..."

"ഓഹ്..."

"കെവിൻ്റെ കാര്യം എനിക്കറിയില്ലായിരുന്നു. അന്ന് പോയിട്ട് ഈ അടുത്താണ് ഞാൻ നാട്ടിൽ വന്നത്. ശെരിക്കും ഞെട്ടിച്ചു..."

"ചെറുപ്പത്തിൽ അവനെ അറിയാവുന്ന എല്ലാവർക്കും അത് വിശ്വസിക്കാൻ പാടായിരുന്നു. പക്ഷെ അവൻ കൈവിട്ടുപോയിരുന്നു. അവനെ നിയന്ത്രിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചതാ... എന്ത് കാര്യം?", കരയാതിരിക്കാൻ അവർ ശ്രമിക്കുന്ന പോലെ തോന്നുന്നുണ്ടായിരുന്നു.

"എനിക്ക് ആകെ വിഷമമായി. ഞാൻ കാരണമാണോ ഇതൊക്കെ എന്നൊരു തോന്നൽ... അവസാനം അവൻ പറഞ്ഞത് 'എന്നെ തനിച്ചാക്കരുത്...' എന്നായിരുന്നു... അതോർക്കുമ്പോൾ..."

"അയ്യേ... മോളെന്തിനാ അങ്ങനെയൊക്കെ ആലോചിക്കുന്നത്. നിങ്ങളൊക്കെ അന്ന് ചെറുപ്പമല്ലേ. അന്നത്തെ കാര്യങ്ങൾ ആരെങ്കിലും സീരിയസ് ആയി എടുക്കുമോ. മാത്രമല്ല മോള് അവനു നല്ലതു മാത്രമേ ചെയ്തിട്ടുള്ളൂ. മോള് കാരണം ആ മൂന്നു വർഷവും അവന് എല്ലാ വിഷയത്തിലും നല്ല മാർക്ക് ഉണ്ടായിരുന്നു. അതുകാരണം എട്ടാം ക്ലാസ്സിലേക്ക് അവിടെ അടുത്തുള്ള ഒരു പബ്ലിക് സ്കൂൾ അവനു സൗജന്യമായി പഠിപ്പു വരെ കൊടുത്തു. അവിടുത്തെ അധ്യാപകരെയൊക്കെ ഇംഗ്ലീഷ് പറഞ്ഞു ഞെട്ടിച്ചു. പക്ഷെ അവിടെ അവനെന്തോ ഒരു കുരുത്തക്കേട് കാണിച്ചപ്പോൾ അവർ അവനെ പുറത്താക്കി. മറ്റൊരു സർക്കാർ സ്കൂളിലേക്ക് മാറാൻ ഞാൻ നിർബന്ധിച്ചെങ്കിലും കേട്ടില്ല. അമ്മയെ സഹായിക്കണം, ജോലിക്ക് പോകണം എന്നൊക്കെയാണ് അവൻ പറഞ്ഞത്. അതിനിടെ കുറേ വേണ്ടാത്ത കൂട്ടുകെട്ടുകളും ഉണ്ടായി... എല്ലാം കൂടി ഒടുക്കം ഇവിടെയെത്തിച്ചു. ഇനി പറഞ്ഞിട്ടെന്താ... ഇതിൽ മോളെന്തു പിഴച്ചു. ഒന്നും ചെയ്തിട്ടില്ല. മോള് അങ്ങനെ ചിന്തിക്കുകയേ വേണ്ട"

അമ്മയുടെ ആ വാക്കുകൾ നികിതക്ക് കുറച്ചെങ്കിലും ആശ്വാസം പകരുന്നതായിരുന്നു. അധികനേരം അവിടെ ഇരിക്കാൻ തോന്നിയില്ല. യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി. പോകുന്നതിനു മുമ്പ് ബാഗിൽ നിന്നു കുറച്ചു ക്യാഷ് എടുത്തു അമ്മയ്ക്ക് കൊടുത്തു. ആദ്യം വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും നിർബന്ധിച്ചു വാങ്ങിച്ചു. ഇനിയും എന്ത് സഹായം വേണമെങ്കിലും വിളിക്കണമെന്ന് പറഞ്ഞപ്പോൾ മറുപടി ഇതായിരുന്നു: 

"ജീവിതത്തിൽ ഇപ്പോൾ എന്നെയൊക്കെ തേടി വരുന്നത് പോലീസും പത്രക്കാരും മാത്രമേയുള്ളൂ... മോൾക്ക് വരാൻ തോന്നിയല്ലോ. അതുതന്നെ ധാരാളം. ഞാൻ ഇങ്ങനെ തന്നെ ജീവിച്ചോളാം. എനിക്ക് ഒരു പരാതിയും ഇല്ല. ഇനിയും നാട്ടിൽ വരുമ്പോൾ പറ്റിയാൽ എന്നെ ഒന്ന് കാണാൻ വരണം. അത് മാത്രം മതി" 


____________________                ____________________


ജോലി കഴിഞ്ഞു വന്നതിൻ്റെ ക്ഷീണമകറ്റാൻ ഒരു കാപ്പിയുമായി ടീവിയുടെ മുന്നിലാണ് ശരണ്യ. നികിത അവിടെ ലാപ്ടോപ്പിൽ എന്തൊക്കെയോ തപ്പിക്കൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് കാളിങ് ബെൽ അടിക്കുന്നത് കേട്ടത്.
"ഞാൻ നോക്കാം" എന്ന് പറഞ്ഞു ശരണ്യ തന്നെ ഇറങ്ങി. വാതിൽ തുറന്നപ്പോൾ ഒരു പെൺകുട്ടിയെയാണ് കണ്ടത്.

"ആരാ?", ശരണ്യക്ക് ആളെ മനസ്സിലായില്ല.

"എൻ്റെ പേര് ദീപ. നികിത ഇല്ലേ ഇവിടെ? അവളുടെ ഒരു ഫ്രണ്ട് ആണ്...", ഇതായിരുന്നു മറുപടി.

ശരണ്യ നികിതയെ വിളിച്ചു. നികിതക്ക് ആളെ ആദ്യം മനസ്സിലായില്ല, പക്ഷെ ഉടനെ കണ്ടുപിടിച്ചു, "ഹായ്... ദീപ... എന്താ ഇവിടെ?", നികിതക്ക് അത്ഭുതം.

"ആദ്യം അവളോട് കയറി ഇരിക്കാൻ പറ... എന്നിട്ടല്ലേ കാര്യങ്ങൾ ചോദിക്കേണ്ടത്...", ശരണ്യ അവളെ അകത്തേക്ക് വിളിച്ചു.

"ചേച്ചി... ഞാൻ പറഞ്ഞില്ലായിരുന്നോ എൻ്റെ ഒരു ഫ്രണ്ട് പഴയ ഫോട്ടോ അയച്ചു തന്നതുകൊണ്ടാണ് ഈ സമയത്തു ഈ ട്രിപ്പ് തന്നെ ഉണ്ടാകാൻ കാരണം എന്ന്. ആ ഫ്രണ്ട് ആണിത്. പേര് ദീപ", നികിതക്ക് അവളെ കണ്ടതിൽ വളരെ സന്തോഷം തോന്നി. പിന്നീടങ്ങോട്ട് ചോദ്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ആയിരുന്നു. "അല്ലാ... നീ ഇപ്പോൾ എന്താ ചെയ്യുന്നത്? നീ എങ്ങനെ ഞാനിവിടെ ഉണ്ടെന്നു അറിഞ്ഞു? നിൻ്റെ വീട് അടുത്താണോ?"

"നീ എല്ലാം കൂടി ഒരുമിച്ചു ചോദിക്കല്ലേ... എനിക്കൊന്നു മറുപടി പറയാനുള്ള സമയം താ... ഞാൻ ഇപ്പോൾ ഒരു ജേർണലിസ്റ് ആണ്. മുംബൈ ബേസ്‌ഡ് ആയിട്ടുള്ള ഒരു പത്രത്തിലാണ്, 'മുംബൈ മിറർ'... ഇപ്പോൾ കുറച്ചു നാളായിട്ട് ഈ ടൗണിൽ ഉണ്ട്. ഒരു സ്റ്റോറി ചെയ്യുന്നതിൻ്റെ ഭാഗമായിട്ട് വന്നതാ... ഞാൻ ഇന്നലെ ടൗണിൽ വെച്ചു നിന്നെ കണ്ടിരുന്നു... ഞാൻ നിന്നെ വിളിച്ചെങ്കിലും നീ കേട്ടില്ല... അടുത്തോട്ടു വരാൻ നിന്നപ്പോഴേക്കും നീ കാറിൽ കയറി പോയി", നികിതയുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി ഒറ്റയടിക്ക് തന്നെ ദീപ കൊടുത്തു.

ഇതിനിടക്ക് ശരണ്യ ചായയുമായി വന്നു.

"നീ അന്ന് ഫോട്ടോ അയച്ചു തന്നതുകൊണ്ടാണ് എനിക്ക് ഇങ്ങോട്ട് ഒന്ന് വരാൻ തോന്നിയത്. നിനക്കെന്തേ അപ്പോൾ അങ്ങനെ തോന്നാൻ?", നികിതയുടെ ചോദ്യങ്ങൾ തീരുന്നില്ല.

"ഒന്നുമില്ലെടീ... പഴയ കുറച്ചു പേപ്പറുകൾ തപ്പുന്നതിനിടയിൽ ഈ ഫോട്ടോ കിട്ടി. പിന്നെ ഫുൾ നൊസ്റ്റു ഫീലിംഗ് ആയിരുന്നു. അതിലുള്ളവരെയൊക്കെ കോൺടാക്ട് ചെയ്യാൻ നോക്കി. അങ്ങനെയാ നിന്നിലേക്ക് എത്തിയത്. നിന്നെ കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടി..."

"നീ ആരെയൊക്കെ കോൺടാക്ട് ചെയ്തു?"

"ഹരിത, അശ്വതി, കൃപ, അഞ്ജന... അങ്ങനെ ലിസ്റ്റ് നീളും. പെൺകുട്ടികളെയാണ് ആദ്യം നോക്കിയത്. കാരണം ബോയ്സ് ആയിട്ട് എനിക്കധികം ബന്ധം ഇല്ലായിരുന്നല്ലോ. പിന്നെ... ഞാൻ കെവിനെക്കുറിച്ചു അറിഞ്ഞു. Really sorry about that..."

"It's ok... അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. നമുക്ക് എല്ലാവർക്കും ഒന്ന് കൂടാൻ പറ്റുമോ?"

"അതുവേണോ? ഞമ്മൾ കൂടിയാൽ നിനക്ക് കെവിനെ ശെരിക്കും മിസ്സ് ചെയ്യും. തത്കാലം അങ്ങനെയൊരു സിറ്റുവേഷൻ ഒഴിവാക്കുകയാണ് നല്ലത്"

"ദീപ പറഞ്ഞതിൽ കാര്യമുണ്ട്. അതൊന്നും വേണ്ട...", ശരണ്യ ഇടയ്ക്കുകയറി പറഞ്ഞു.

"നിനക്ക് ഇപ്പോൾ നല്ലത് തിരിച്ചു അമേരിക്കയിലോട്ട് പോകുന്നതാണ്. അവിടെ നിൻ്റെ ജോലിയിലോ മറ്റോ ഒക്കെ മുഴുകി ഇവിടുത്തെ കാര്യങ്ങൾ എല്ലാം മറന്നുകള. അതിലും ബെറ്റർ ആയിട്ടുള്ള ഒരു ഓപ്ഷൻ വേറെ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല", ദീപ നികിതയെ ഉപദേശിച്ചു.

വിശേഷങ്ങൾ പങ്കുവെക്കുന്നതിനു ഒരവസാനമുണ്ടായിരുന്നില്ല. ഒടുക്കം ദീപ അവിടെ നിന്നു ഡിന്നർ കഴിച്ചിട്ടാണ് പോയത്. "അടുത്ത വരവിനും വിളിക്കണം..." എന്ന് പറഞ്ഞത് ദീപ അവിടെനിന്നും ഇറങ്ങിയത്.

ദീപ പോയിക്കഴിഞ്ഞ ശേഷം നികിതയുടെ മനസ്സിൽ എന്തൊക്കെയോ കിടന്നു കളിക്കുന്ന പോലെ. അവൾ ആകെ കൺഫ്യൂസ് ആയിട്ടുണ്ടോ എന്നൊരു സംശയം ശരണ്യക്കും ഉണ്ടായി. "എന്ത് പറ്റി? അവൾ പോയത് മുതൽ നിനക്ക് എന്തോ വല്ലായ്മ ഉണ്ടല്ലോ. കെവിൻ്റെ കാര്യം ഓർത്തിട്ടാണോ?", ശരണ്യ ചോദിച്ചു.

"ഹേയ്... അതൊന്നുമല്ല. എനിക്കെന്തോ ഒരു വിശ്വാസക്കുറവ്. ചിലപ്പോൾ എൻ്റെ ഈ സൈക്കിയാട്രിക് മൈൻഡിൽ ആലോചിക്കുന്നതിൻ്റെ പ്രശ്നമാകും..."

"നീ കാര്യം പറ...", ശരണ്യക്ക് ഒന്നും മനസ്സിലായില്ല.

"ദീപ എന്തൊക്കെയോ ഹൈഡ് ചെയ്യുന്ന പോലെ. ഒരു കോയ്നസിഡൻസ് ആയിട്ടല്ല അവളുടെ വരവ് എന്ന ഫീലിംഗ്..."



________________________________________


9



അജ്മലിൻ്റെ restaurent തന്നെയാണ് പിന്നെയും വേദി. അല്ലെങ്കിലും സ്വസ്ഥമായിട്ടിരുന്നു അല്പം സംസാരിക്കാൻ ഇതിലും നല്ല സ്ഥലം വേറെ എവിടെകിട്ടും! പിന്നെ ഫ്രീ ഫുഡും. കിരണും ഗോപിക്കും പുറമേ ഇത്തവണ പ്രകാശും കൂടി ഉണ്ടായിരുന്നു.

കിരൺ - സമയം പത്തുമണി കഴിഞ്ഞിട്ട് ഒരുപാടായല്ലോ... ഇവനിതെവിടെ പോയി കിടക്കുകയാ?

പ്രകാശ് - ഒരു രാഷ്ട്രീയക്കാരനെ ഒരിക്കലും കൃത്യസമയത്തു പ്രതീക്ഷിക്കരുത് എന്നുള്ളത് ഒരു കോമ്മൺസെൻസ് ആണ്. നീ ഈ അമേരിക്കയിൽ പോയതുകൊണ്ടാ ഇങ്ങനെ ബേസിക് കാര്യങ്ങളൊക്കെ മറക്കുന്നത്.

കിരൺ - എന്നാലും ഒരു മര്യാദ വേണ്ടേ... നമ്മൾ ഇവിടെ കാത്തിരിക്കുമെന്നു പറഞ്ഞതല്ലേ... ഒന്ന് ഫോൺ വിളിച്ചു പറഞ്ഞൂടെ...

ഗോപി - പിന്നേ... ഇനി നീ അങ്ങോട്ട് വിളിച്ചാലും മറുപടി ഒന്നേ കിട്ടൂ... 'on the way ആണ്, ഒരു ഒഴിവാക്കാൻ പറ്റാത്ത പരിപാടി ഉണ്ടായിരുന്നു...' അങ്ങനെ ഓരോന്ന് പറഞ്ഞു തള്ളും.

പ്രകാശ് - അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെടാ... ആ ഫീൽഡിൽ പിടിച്ചുനിൽക്കണമെങ്കിൽ ഇതൊക്കെ വേണം... പിന്നെ, ലേറ്റ് ആവുന്ന കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്, വിക്രം വിളിച്ചിരുന്നു, അവൻ മിക്കവാറും അടുത്തു തന്നെ വരാൻ ചാൻസ് ഉണ്ട്.

കിരൺ - ആഹാ, അപ്പോൾ GET TOGETHERനു അവനെയും പ്രതീക്ഷിക്കാം അല്ലേ... എത്രനാളായെന്നറിയോ അവനെ കണ്ടിട്ട്...

ഗോപി - നിനക്ക് ഓർമ്മയുണ്ടോ പണ്ട് ഒരു ജൂനിയർ പെൺകുട്ടിയുടെ പേര് പറഞ്ഞു നമ്മൾ അവനെ പറ്റിച്ചത്?

പ്രകാശ് - നമ്മൾ എന്ന് പറയേണ്ട, നീയും ആ അജുവും ഒക്കെ ചേർന്നാണ് അത് ഒപ്പിച്ചത്.

(ഈ സമയത്തു അജു അങ്ങോട്ട് വരുന്നുണ്ടായിരുന്നു. തൻ്റെ പേര് പറയുന്നത് കേട്ട് 'എന്താണെ'ന്നു ചോദിച്ചു ഓടി വന്നു)

പ്രകാശ് - എടാ പണ്ട് വിക്രമിനെ ഒരു പെൺകുട്ടിയുടെ പേര് പറഞ്ഞു പറ്റിച്ചത് ഓർക്കുകയായിരുന്നു. എന്തൊക്കെയാ അവനോട് പറഞ്ഞത്... അവൾക്ക് നിൻ്റെ മേലേ ഒരു കണ്ണുണ്ട്, കുറേ ദിവസമായിട്ട് നിന്നെ തന്നെ നോക്കുന്നു... ലവ് ആണെന്നാ തോന്നുന്നേ...

അജു - ആ... മറക്കാൻ പറ്റോ... എന്നിട്ട് ആ പൊട്ടൻ എന്താ ചെയ്തത്... ഒരു PT പീരീഡ് ഗ്രൗണ്ടിൽ പുളിയച്ചാറും തിന്നു നിൽക്കുന്ന അവളെ കണ്ടപ്പോൾ അടുത്ത് പോയി പറയുകയാ 'മോളെ, ഇതൊന്നും ശരിയല്ലകെട്ടോ... നമ്മുടെ പേരെന്റ്സ് ഒരുപാട് കഷ്ടപ്പെട്ടാ നമ്മളെ പഠിക്കാൻ വിടുന്നത്... അവരെ കരയിപ്പിക്കരുത്' എന്നൊക്കെ... ഞാൻ ഇന്നേവരെ അങ്ങനെ ഒരുത്തനെ വേറെ കണ്ടിട്ടില്ല.

ഗോപി - അതിലെ best part അതൊന്നുമല്ല, ഇവൻ പോയി കഴിഞ്ഞ ശേഷം അവൾ ആ പുളിയച്ചാറിലേക്ക് നോക്കി നിൽക്കാ... 'ഇത് ഇത്രേം പ്രശ്നമാണോ?' എന്ന മട്ടിൽ...

അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി.

കിരൺ - അല്ലെങ്കിലും അവൻ്റെ കാര്യം അങ്ങനെയാ... ചില കാര്യങ്ങളിൽ ഭയങ്കര നല്ലവൻ ആകും... എന്നാല് ആവശ്യമുള്ള കാര്യങ്ങളിൽ നേരെ തിരിച്ചും... ഈ പ്രസംഗം നടത്തിയവനാ ഒരുദിവസവും മുടക്കമില്ലാതെ സ്കൂളിൽ വൈകിയെത്തി അടിമേടിച്ചു പോകുന്നത്.

അജു - പക്ഷെ പെണ്ണുങ്ങൾ അവനൊരു weakness ആയിരുന്നില്ല... അക്കാര്യത്തിൽ ഞാനും അവനുമൊക്കെ ഡീസെന്റ് ആയിരുന്നു.

ഗോപി -  ഹ്മ്, ഇവൻ്റെ ലൈല ഇന്ന് രാവിലെ പുട്ടാണ് കഴിച്ചതെന്ന് അറിഞ്ഞപ്പോൾ ഇവൻ പറയാ 'മോളെ പുട്ടിൽ വൈറ്റമിൻ കുറവാണ്... ഇവിടെ റെസ്റ്റാറ്റാന്റിൽ നല്ല പത്തിരി ഉണ്ടാക്കിയിട്ടുണ്ട്... അത് കൊടുത്തുവിടാമെന്ന്.... ഇതാണ് ഈ ഒലിപ്പിക്കാത്തവർ ഒലിപ്പിക്കാഞ്ഞിറങ്ങിയാൽ...

പ്രകാശ് - വെറുതെ ഇവിടുത്തെ ഫുഡ് ഒന്നും കൊടുത്തു ശീലിപ്പിക്കേണ്ട... അവസാനം പണി കിട്ടും...

ഗോപി - ഇനി വിക്രമിന് ഗിരീഷിനെപ്പറ്റി വല്ലതും അറിയാൻ ചാൻസ് ഉണ്ടോ?

പ്രകാശ് - ഹേയ്, ഇത്രേം പേർക്ക് അറിയാത്ത കാര്യം അവനറിയാൻ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. അവൻ അല്ലെങ്കിലേ ഒരു ട്യൂബ്‌ലൈറ്റ് ആണ്.

ഈ നേരത്താണ് അഖിലിൻ്റെ വരവ്. അജുവിനേയും പ്രകാശിനെയും അഖിലിൻ്റെയും നിമിഷയുടെയും കല്യാണത്തിന് കണ്ടതാണ്, അതിനു ശേഷം ഇന്നാണ് കാണുന്നത്. കുശലാന്വേഷണങ്ങൾക്കിടയിൽ വൈകിയതിൻ്റെ കാരണങ്ങളും സാഹചര്യങ്ങളുമൊക്കെ വിശദീകരിക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞു അവൻ പ്രധാന കാര്യത്തിലേക്കു വന്നു...

അഖിൽ - ഗിരീഷ്... എടാ അവൻ നമ്മുടെ കൂടെ പഠിച്ച ആളല്ല ഇപ്പോൾ (ഇത് പറഞ്ഞപ്പോൾ കിരണും ഗോപിയും പരസ്പരം നോക്കുന്നുണ്ടായിരുന്നു)... ആ സർദാർ കോളണിയിലെ ദാദയാ... പഠനം നിർത്തിയശേഷം ആ കോളനി ആയിരുന്നു അവൻ്റെ എല്ലാം. അന്ന് ആ കോളനി അടക്കിവാണിരുന്ന ഒരാളുണ്ടായിരുന്നു - വെട്ടുകാട് സെൽവം. പുള്ളിയുടെ കൂടെക്കൂടി അല്ലറചില്ലറ പണിയായിട്ടൊക്കെ നടന്നു. വർഷങ്ങൾക്കുശേഷമാണ് അയാളുമായിട്ട് അവനു എന്തോ പ്രശ്നം ഉണ്ടാകുന്നത്, അത് ഒരു യുദ്ധക്കളമായെന്നാണ് ഞാൻ കേട്ടത്. പക്ഷെ വിജയം നമ്മുടെ ഗിരീഷിൻ്റെ കൂടെയായിരുന്നു. കോളനിക്കാരും അവൻ്റെ കൂടെയായിരുന്നു. അങ്ങനെ വെട്ടുകാട് സെൽവം പുറത്തായി, കോളനി ഗിരീഷിൻ്റെ നിയന്ത്രണത്തിലുമായി. പക്ഷെ കോളനിക്ക് പുറത്തു ശത്രുക്കൾ കൂടി, സെൽവവുമായിട്ട് ബന്ധമുണ്ടായിരുന്ന സകല ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഗിരീഷിനെ പുകച്ചു പുറത്തുചാടിക്കാൻ നോക്കി. ഇതുവരെയും അവർക്ക് അതിനു സാധിച്ചിട്ടില്ല. ആ കളികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നാണ് കേട്ടത്. പക്ഷെ കോളനിക്കകത്തു ഗിരീഷറിയാതെ ഒന്നും നടക്കില്ല. ഗുണ്ടയായിട്ട് തോന്നുമെങ്കിലും അവനെതിരെ ഒരു കേസിലും തെളിവുകളുമില്ല, ജയിലിലും കഴിയേണ്ടിവന്നിട്ടില്ല.

ഗോപി - അപ്പോൾ പോലീസ് അവനെ തിരയുന്നത് എന്ത് കേസിനാണ്?

അഖിൽ - വധഭീക്ഷണി... അത് പക്കാ കെട്ടിച്ചമച്ച കേസ് ആണ്. ഗിരീഷിനെ എങ്ങനെയെങ്കിലും ഇവന്മാർക്ക് തീർക്കണം. അതിനുള്ള കളികളാ... നേരത്തെ പറഞ്ഞതുപോലെ ഇത് തുടങ്ങിയിട്ട് കുറേ നാളായി. പിന്നെ ഈ കേസ് ആര് കൊടുത്തു എന്നതാണ് വേറൊരു രസം...

അജു - ആരാ കൊടുത്തേ?

അഖിൽ - നമ്മുടെ സ്കൂൾ മാനേജർ വർഗ്ഗീസ് തെക്കോടൻ.

പ്രകാശ് - അപ്പോൾ ഇതൊക്കെ ആ പണ്ടത്തെ സംഭവങ്ങളുടെ ബാക്കിയാണോ?

അഖിൽ - ആയിരിക്കാം, അല്ലായിരിക്കാം. ആർക്കറിയാം... പക്ഷെ പണ്ടത്തെ ആ സംഭവത്തിൽ ഞാൻ മാനേജറെയോ സ്കൂൾ അധികൃതരെയോ കുറ്റം പറയില്ല. കാരണം ഗിരീഷിന് അവിടെ പഠനം ഫ്രീ ആയിരുന്നു. പാവപ്പെട്ട കുടുംബത്തിൽ നിന്നാണെന്ന പരിഗണന വെച്ചായിരുന്നു അത്. അപ്പോൾ പിന്നെ അങ്ങനെയൊരു പണി കാണിച്ചിട്ടുണ്ടെങ്കിൽ പറഞ്ഞു വിടുക തന്നെ വേണം...

കിരൺ - ഇതിനിടയിൽ അങ്ങനെയൊന്നും കൂടി ഉണ്ടായിരുന്നോ 

അഖിൽ - അതെ, പക്ഷെ അക്കാര്യത്തിൽ പുതുമയില്ല. പല സ്കൂളുകളിലായി ഒരുപാട് പേരെ നമ്മുടെ മാനേജ്‌മന്റ് അങ്ങനെ പഠിപ്പിക്കുന്നുണ്ട്. ബാക്കി പറഞ്ഞതൊക്കെ എല്ലാവരും പറഞ്ഞുകേട്ട കാര്യങ്ങളാണ്. യഥാർത്ഥത്തിൽ എന്താണ് എങ്ങനെയാണ് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് വളരെ കുറച്ചു പേർക്കേ അറിയൂ... അവരതൊന്നും പുറത്തുപറയുകയുമില്ല.

ഗോപി - അപ്പോൾ ശെരിക്കും എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കിൽ ഗിരീഷ് തന്നെ പറയണം, അതും അവനെ തിരിഞ്ഞുനോക്കാത്ത ഈ പഴയ കൂട്ടുകാരോട് അവനു പറയാൻ തോന്നിയാൽ മാത്രം...

കിരൺ - അവനെ കാണാൻ വല്ല വഴിയും കിട്ടിയോ?

അഖിൽ - ആ കോളണിയിലെ ചില പാർട്ടിക്കാരോട് ഞാൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അവർ ഉറപ്പു പറഞ്ഞില്ല, നോക്കാമെന്നു മാത്രം പറഞ്ഞു. നമ്മളോട് സഹകരിച്ചാൽ ആ കേസിൻ്റെ കാര്യം തീർപ്പാക്കാമെന്നു ഞാൻ ചുമ്മാ കാച്ചിയിട്ടുണ്ട്. ചിലപ്പോൾ നടക്കും. അവർ വിളിക്കുമ്പോൾ ഞാൻ അറിയിക്കാം.

അഖിൽ പോയ ശേഷം കുറച്ചു നേരം എല്ലാവരും ചിന്തയിലായിരുന്നു. കൂടെ പഠിച്ച ഒരുത്തൻ്റെ ജീവിതത്തിൽ ഇത്രയൊക്കെ സംഭവിച്ചിട്ടും നമ്മൾ ഇപ്പോഴാണല്ലോ അറിയുന്നത് എന്നൊരു കുറ്റബോധം പലരുടെയും മനസ്സിലുണ്ട്. ഇനി ഗിരീഷിനെ കാണാൻ കഴിഞ്ഞാലും ഇതേ ചോദ്യം അവൻ ചോദിച്ചാൽ എന്ത് മറുപടി കൊടുക്കണമെന്ന് ആർക്കും അറിയില്ല.

ഗോപി - അഖിൽ അവസാനം പറഞ്ഞ കാര്യം നടക്കുമെന്ന് തോന്നുന്നുണ്ടോ?

കിരൺ - ഏതു കാര്യം?

ഗോപി - അവൻ്റെ കേസ് ഒത്തുതീർപ്പാക്കാൻ സഹായിക്കാം എന്ന് പറഞ്ഞു ഗിരീഷിനെ വരുത്തുന്നത്?

കിരൺ - നമ്മൾ ഇത്രയൊക്കെ കഥകൾ കേട്ടിട്ടും നിനക്ക് ഗിരീഷിനെ മനസ്സിലായില്ലേ? അവൻ ഒരാളുടെ മുന്നിലും താഴ്ന്നു കൊടുക്കില്ല, അതെന്തു വലിയ കാര്യത്തിനായാലും. പിന്നെയല്ലേ ഒരു പീക്കിരി കേസ്... ആ വഴിയൊന്നും നീ ഒന്നും പ്രതീക്ഷിക്കേണ്ട...

പ്രകാശ് - ഈ 'സർദാർ കോളനി' എന്ന് എന്തുകൊണ്ടായിരിക്കും അവര് പേരിട്ടത്.

ഗോപി - അതിനു വല്ല കാരണവും വേണമെന്നുണ്ടോ?

പ്രകാശ് - എന്തെങ്കിലും കാണില്ലേ? ചുമ്മാ അങ്ങനെ പേരിടുമോ?

ഗോപി - അതെന്താ? ക്യൂബ മുകുന്ദന് ഉള്ളതുകൊണ്ടാണോ വിയറ്റ്നാം കോളനി എന്ന് പേരിട്ടത്?

പ്രകാശ് - വിയറ്റ്‌നാമും ക്യൂബയും മുകുന്ദനും തമ്മിൽ എന്താ ബന്ധം?

ഗോപി - ഒന്നുമില്ല... ഒരു പഞ്ചിന് വെറുതെ... ബോറാണോ?

പ്രകാശ് - ഇത് പഞ്ചല്ല... പഞ്ചറായിട്ടുണ്ട്...

ഗോപി - ഹാ... ഇപ്പോൾ കറക്റ്റ് ആയി... ഇല്ലെങ്കിൽ ഈ ചളിക്കുഴിയിൽ ഞാൻ ഒറ്റപ്പെട്ടു പോയേനെ...

അജു - അല്ല, സംഗതി കഥ മൊത്തം ഒരു സിനിമാ സ്റ്റൈലിൽ പോകുന്നതാണോ അതോ നമ്മൾ എല്ലാരും കൂടി അങ്ങനെ ചിന്തിച്ചുകൂട്ടുന്നതാണോ?


____________________                ____________________


".....ഇതൊന്നും ഞാൻ നിങ്ങളോട് പറഞ്ഞുതരേണ്ട ആവശ്യമില്ലല്ലോ... നിങ്ങൾക്കറിയാലോ എല്ലാം... ആ സ്കൂൾ, അഥവാ നിങ്ങളുടെ സ്കൂൾ ആയിരുന്നു ഈ MEDONA ENGLISH SCHOOL ടീമിൻ്റെ ആദ്യ സംരംഭം. നാട്ടിൻപുറത്തെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഏക ഉദ്ദേശമായിരുന്നു ഇത് രൂപീകരിക്കാൻ കാരണം. ഒരു പരിധി വരെ, അല്ല, പരിപൂർണമായിത്തന്നെ അതിൽ വിജയിച്ചിട്ടുണ്ട്... സ്കൂളിൻ്റെ ഇപ്പോഴത്തെ നിലവാരം ഒക്കെ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും. ആ ഒരു പ്രവൃത്തിയുടെ ഗുണം ഒരു ഗ്രാമത്തിൽ മാത്രം ഒതുങ്ങരുത് എന്ന തീരുമാനത്തിൽ നിന്നാണ് പലഭാഗങ്ങളിലായി വിവിധ സ്കൂളുകൾ തുടങ്ങിയത്. ഇപ്പോൾ ആകെ ഒൻപത് സ്കൂളുകൾ നമുക്ക് കീഴിലുണ്ട്. പത്താമത്തേതു അടുത്ത വർഷം തുടങ്ങും. മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ നൂറോളം കുട്ടികൾക്ക് ഞങ്ങൾ സൗജന്യമായി വിദ്യാഭ്യാസം കൊടുക്കുന്നുണ്ട്. സത്യത്തിൽ..."

ഒരു തളർന്ന മുഖഭാവത്തോടെ ഗോപി കിരണിനെ നോക്കുന്നുണ്ടായിരുന്നു. 'ഇതിൻ്റെ വല്ല കാര്യവും ഉണ്ടായിരുന്നോ?' എന്നൊരു ചോദ്യം അവനെറിയുന്നുണ്ട്. സ്കൂളിൻ്റെ മാനേജറെ ഒന്ന് കണ്ടുകളയാം എന്ന ആശയം എടുത്തിട്ടത് കിരൺ തന്നെയാണ്. അതിന് അവൻ ചില വാദങ്ങളും നിരത്തിയിട്ടുണ്ട്, അവരുടെ പ്ലാനിംഗ് വല്ലതും നടക്കണമെങ്കിൽ മാനേജർ GET TOGETHERൽ ഉണ്ടാവണം. അതിൽ മാനേജർ പങ്കെടുക്കണമെങ്കിൽ വളരെ മുമ്പ് തന്നെ അദ്ദേഹത്തിന് അതിൻ്റെ ഒരു സൂചന എങ്കിലും കൊടുക്കണം. ആ ഒരു ഉദ്ദേശത്തോടെ ആണ് മാനേജരുടെ വീട്ടിലേക്കുള്ള ഈ വരവ്. അപ്പോൾ തൊട്ട് തുടങ്ങിയ പ്രസംഗമാണ്, ഇതുവരെ നിർത്തിയിട്ടില്ല.

"ഹാ... നിങ്ങള് വന്നത് ഇപ്പോൾ GET TOGETHERൻ്റെ കാര്യം പറയാനാണല്ലോ ലേ... ഞാനത് മറന്നു. ഞാനൊരു suggestion പറയട്ടെ, നിങ്ങളുടെ ബാച്ചിൻ്റെ മാത്രം ആവുമ്പോൾ അതിൽ ഞാൻ വരേണ്ട കാര്യമുണ്ടോ? തിരക്കുണ്ടെങ്കിലും വരുന്നത് വലിയ ബുദ്ധിമുട്ടാവില്ല. എന്നാലും... രണ്ടാഴ്ച കഴിഞ്ഞു നമ്മുടെ ഹെഡ്മാസ്റ്ററുടെ retirement ചടങ്ങ് ഉണ്ട്, നിങ്ങളുടേയും സർ ആണല്ലോ... അപ്പോൾ ഫങ്ക്ഷൻ ഒരുമിച്ചാക്കിയാൽ എല്ലാവർക്കും ഉപകാരമാകും. എന്ത് പറയുന്നു?"

വൈകിയാണെങ്കിലും വിഷയത്തിലേക്ക് വന്നതിൻ്റെ ഒരാശ്വാസത്തിലായിരുന്നു കിരണും ഗോപിയും. "അത് നന്നാവുമെന്ന് ഞങ്ങൾക്കും തോന്നുന്നുണ്ട്. ഞങ്ങൾ എല്ലാവരോടും ഒന്ന് ചോദിച്ചിട്ട് പറയാം" എന്നായിരുന്നു അവരുടെ മറുപടി.

ഇതിനിടയിൽ വീട്ടിലെ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു. വേലക്കാരൻ അതെടുത്തിട്ടു മാനേജറുടെ അടുത്ത് വന്നു പറഞ്ഞു: "സ്കൂളിലെ ആ പ്യൂൺ ആണ്".

"തോമസോ... കാശിനാകും. ഞാൻ ഒന്ന് പുറത്തുപോയെന്നു പറ. ഇനി ആ നമ്പറിൽ നിന്നു വിളിച്ചാൽ എടുക്കണ്ട...", അതും പറഞ്ഞു പുള്ളി കിരണിൻ്റെയും ഗോപിയുടെയും കാര്യത്തിലേക്ക് വന്നു.

എല്ലാം കഴിഞ്ഞു യാത്ര പറഞ്ഞു ഇറങ്ങാൻ നേരത്തു മാനേജർ ഒരു കാര്യം കൂടി പറഞ്ഞു - "കിരൺ ഇപ്പോൾ അമേരിക്കയിൽ ഒക്കെ അല്ലേ... ഞങ്ങളുടെ ട്രസ്റ്റിന് കാര്യമായിട്ട് തന്നെ സംഭാവന തരണം. നിന്നെപ്പോലെയുള്ളവരുടെ കയ്യിലാ ഞങ്ങളുടെ സ്കൂളിലെ കുട്ടികളുടെ ഭാവി". ആ മുഴുനീളപ്രസംഗം എന്തിനായിരുന്നെന്ന് ഇപ്പോഴാണ് കിരണിനു മനസ്സിലായത്. തൊട്ടുമുമ്പ് പുള്ളിയോട് സഹായം ചോദിച്ച ഒരാളെ നൈസ് ആയിട്ട് തേച്ച ശേഷമാണ് ഒരുളുപ്പുമില്ലാതെ കിരണിൻ്റെ മുന്നിൽ കൈ നീട്ടുന്നത്. എന്തായാലും അവൻ തലയാട്ടിക്കൊണ്ട് അവിടെ നിന്ന് ഇറങ്ങി, കാറിൽ കയറി യാത്ര തിരിച്ചു.

"വേറൊരു തരത്തിൽ ചിന്തിച്ചാൽ അയാൾ പറഞ്ഞതും കാര്യമല്ലേ... നമ്മൾ കുറച്ചുപേർ ഒരുമിച്ചുകൂടി ഗിരീഷിൻ്റെ നിരപരാധിത്യം തെളിയിച്ചിട്ട് എന്തുകാര്യം? നാലാള് കൂടിയാലല്ലേ കാര്യമുള്ളൂ...", ഗോപിയാണ് അത് പറഞ്ഞത്.

"ചുരുക്കിപ്പറഞ്ഞാൽ അയാളുടെ ശവക്കുഴി അങ്ങേരു തന്നെ തോണ്ടിയെന്നർത്ഥം" - കിരൺ.

"അതൊന്നും ഉറപ്പിക്കാൻ പറ്റില്ല, ആള് വല്ലാത്തൊരു കുറുക്കനാ..."

"നമുക്ക് നോക്കാം..."

____________________                ____________________


'പാനൂരിൻ്റെ പൊന്നോമന പുത്രൻ മിസ്റ്റർ വിക്രമിന് സ്വാഗതം'

ഇങ്ങനെയൊരു ബോർഡും പിടിച്ചാണ് അവർ ഇന്റർനാഷൻ അറൈവൽ ടെർമിനലിൽ കാത്തുനിൽക്കുന്നത്. അവരെന്ന് വെച്ചാൽ കിരൺ, ഗോപി, പ്രകാശ് പിന്നെ അജ്മലും. വിക്രം ഇന്ന് നാട്ടിൽ വരുന്നുണ്ടെന്നു അറിഞ്ഞയുടൻ അവർ പ്ലാൻ ചെയ്തതാണ് ഇത്. 'അവനെ എയർപോർട്ടിൽ നിന്നും പിക്ക് ചെയ്യുന്ന ദൗത്യം ഞങ്ങൾ ഏറ്റെടുക്കുന്നു'വെന്നു അവർ തന്നെയാണ് വീട്ടുകാരെ അറിയിച്ചത്.

മറ്റു യാത്രക്കാരുടെ കൂടെ ടെർമിനലിൻ്റെ പുറത്തേക്കിറങ്ങിയ വിക്രം ഈ നാൽവർ സംഘത്തെ കണ്ടു അന്തംവിടുന്നുണ്ടായിരുന്നു. "എടാ ഗോപി... അജു... മിസ്റ്റർ പുക... പിന്നെ....", എല്ലാവരെയും പേരെടുത്തു വിളിച്ച അവനു കിരണിൻ്റെ പേര് മാത്രം ഓർമ്മ കിട്ടുന്നില്ല. "എടാ എൻ്റെ വായിൽ കിടന്നു കളിക്കുന്നുണ്ട്...", വിക്രം ഓർത്തെടുക്കാൻ പാട് പെടുന്നത് കാണാം...

"നീ ആ വായിലുള്ളത് അങ്ങ് വിഴുങ്ങിക്കോ... ഇനി പറയണ്ട... ഇതൊക്കെ പ്ലാൻ ചെയ്ത അവനോട് തന്നെ നീയിത് ചെയ്യണം", ഗോപി എരിതീയിൽ എണ്ണയൊഴിക്കുകയാണ്. 

"കിരൺ... കിട്ടി... കിരൺ... ഞാൻ മറന്നിട്ടൊന്നുമില്ല, മറക്കുകയുമില്ല... ഓർത്തെടുക്കാൻ കുറച്ചു പാട് പെട്ട്... അത്രയേ ഒള്ളൂ... അല്ലേലും വല്ലപ്പോഴുമൊക്കെ നാട്ടിൽ വരണേ... അല്ലെങ്കിൽ ഒന്ന് ഫോൺ വിളിക്കെങ്കിലും ചെയ്യണം... എന്നാലല്ലേ ഓർക്കാൻ പറ്റൂ..." വിക്രം നാട്ടിൽ കാലുകുത്തിയ ശേഷമുള്ള ആദ്യ താങ്ങ് തന്നെ കിരണിനിട്ടായിരുന്നു.

"നമുക്ക് ഇവനെ ഇവിടെ കളഞ്ഞിട്ട് പോയാലോ... വല്ല ടാക്സിയും പിടിച്ചു വീട്ടിൽ പൊയ്‌ക്കോട്ടെ...", കിരണിനു മടുത്തു.

"ഒരു തമാശ പറഞ്ഞതല്ലേ.... അതും മനസ്സിലാവില്ല... വാ... വണ്ടിയെവിടെയാ പാർക്ക് ചെയ്തത്?", വിക്രം നൈസ് ആയിട്ട് വിഷയം മാറ്റി.

"നീ ട്രോളി എടുക്കുന്നില്ലേ? സാധനം ഒന്നും വേണ്ടേ?", അജുവാണ് ചോദിച്ചത്.

"ഞാനാണ് ദുബായീന്ന് വന്നത്? നിങ്ങൾക്ക് എന്നെ ഒരു വിലയുമില്ലേ? ഇനി അതും ഞാൻ എടുക്കണോ?", വിക്രം ചോദിച്ചതിലും കാര്യമുണ്ട്.

"വേണെങ്കിൽ എടുക്കെടോ...", നേരത്തെ ഊതിയത് കിരൺ മറന്നിട്ടില്ലായിരുന്നു.

"ആ വീട്ടുകാർ വന്നാൽ മതിയായിരുന്നു. എങ്കിൽ എന്നെ തോളിലേറ്റി നടന്നേനെ...", വിക്രം പിറുപിറുക്കുന്നുണ്ട്.

"കിരൺ പറഞ്ഞത് ശെരിയാ... ഇവനെ ഇവിടെ കളയുന്നത് തന്നെയാ നല്ലത്...", അജുവും വിട്ടില്ല.

"നിങ്ങൾ മല്ലൂസ് എന്താടോ ഇങ്ങനെ? ഒരു ജോക്ക് ജോക്കായി കാണാനും പറ്റില്ല... ഷെയിം ഷെയിം...", വിക്രം വീണ്ടും സോപിങ് തന്നെ.

"ഞങ്ങൾ മല്ലൂസ്... അല്ലെ?... ജോക്കിൻ്റെ സ്പെല്ലിങ് ചോദിച്ചാൽ 'j o c k എന്ന് പറയുന്ന സായിപ്പാ...", ഗോപിയും ഊത്തുമഹോത്സവത്തിൽ പങ്കുചേർന്നു.

'ഇനി സ്പെല്ലിങ് അതല്ലേ?' എന്ന് വിക്രം സ്വയം മനസ്സിൽ ചോദിക്കുന്നുണ്ടായിരുന്നു. അങ്ങനെയൊക്കെ ഡയലോഗ് അടിച്ചെങ്കിലും ട്രോളി ഉരുട്ടുന്ന ഉത്തരാവാദിത്വം അജു തന്നെ ഏറ്റെടുത്തു. ലഗ്ഗേജ് വണ്ടിയിൽ എടുത്തുവെക്കാൻ എല്ലാവരും സഹായിക്കുന്നുണ്ടായിരുന്നു.

"നമുക്ക് എല്ലാവർക്കും കൂടി എങ്ങോട്ടെങ്കിലും കഴിക്കാൻ പോകാം. എന്നിട്ട് വീട്ടിൽ പോയാൽ പോരെ?", കിരണാണ് ചോദിച്ചത്.

"അതിലെന്താ സംശയം. ഞാൻ റെഡിയാ...", വിക്രമാണ് അനുകൂലിച്ചത്. അവനു ഓക്കേ ആണെങ്കിൽ പിന്നെ മറ്റാരോടും ചോദിക്കേണ്ടല്ലോ...

"അജ്മലിൻ്റെ റെസ്റ്റോറെന്റിലേക്കൊഴിച്ചു വേറെ എങ്ങോട്ടും വിട്ടോ... ഇപ്പ്രാവശ്യമെങ്കിലും കുറച്ചു ടേസ്റ്റുള്ള ഫുഡ് കഴിക്കണം", ആ ട്രോള് പ്രകാശിൻ്റെ വകയായിരുന്നു.

"നീയൊക്കെ ഇനിയും ഓരോ ഡിസ്കഷൻ എന്ന് പറഞ്ഞു അങ്ങോട്ട് തന്നെ വരുമല്ലോ... അപ്പോൾ ഞാൻ ഇതിനു മറുപടി പറയാം ട്ടോ...", അജ്മലിന് അത് അത്ര ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. 

തീരുമാനിച്ച പോലെ അവർ നല്ല ഒരു റെസ്റ്റോറന്റിൻ്റെ മുമ്പിൽ വണ്ടി നിർത്തി. സത്യത്തിൽ എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു, വിക്രമിന് പ്രത്യേകിച്ചും. ഫുഡ് ഓർഡർ ചെയ്തതൊക്കെ പെട്ടന്നായിരുന്നു. ഓർഡർ വരാൻ കാത്തിരിക്കുന്നതിനിടയിൽ സംസാരം ഗിരീഷിലേക്കും എത്തി. നാട്ടിൽ ഇത്രയൊക്കെ സംഭവിക്കുന്ന കാര്യം ഇപ്പോഴാണ് വിക്രം അറിയുന്നത്.

"ഇപ്പോഴത്തെ ഗിരീഷിനെക്കുറിച്ചു എല്ലാം അറിയാം. ഒരുപരിധി വരെ പഴയ ഗിരീഷിനെക്കുറിച്ചും. പക്ഷെ അന്നത്തെ ആ ചോദ്യപേപ്പർ മോഷണവും അതിനോടനുബന്ധിച്ചു നടന്ന കാര്യങ്ങളുമാണ് മനസ്സിലാകാത്തത്...", പ്രകാശാണ് ഇതുവരെയുള്ള വിവരങ്ങൾ ഒന്ന് സംഗ്രഹിച്ചത്.

"അതിനന്ന് ചോദ്യപേപ്പർ മോഷ്ടിച്ചത് ഗിരീഷ് ആണോ? അവിടെ മോഷണം നടന്നിട്ടുണ്ടോ? തോമസേട്ടൻ പറഞ്ഞിട്ടല്ലേ അവൻ രാത്രി സ്കൂളിൽ പോയത്?"

അജു ഗ്ലാസിലെ വെള്ളം അല്പം കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിക്രം ഈ ഡയലോഗ് പറയുന്നത്. എങ്ങനെയൊക്കെയോ ആണ് ആ വെള്ളം താഴെ വീഴാതെ ഇറക്കിയത്.

"നമ്മുടെ പ്യൂൺ തോമസേട്ടനോ?"

"അതെങ്ങനെ നിനക്കറിയാം?"

"ഗിരീഷ് നിന്നോട് പറഞ്ഞോ?"

ചോദ്യങ്ങൾ പല കോണിൽ നിന്നും ഉയർന്നു.

"നിങ്ങൾ എല്ലാവരും ചോദ്യം ചോദിച്ചു അവനെ കൺഫ്യൂഷൻ ആക്കാതെ. കുറച്ചു ടൈം കൊടുക്ക്... അവൻ എല്ലാം വിശദീകരിക്കും", കിരൺ ആണ് ഇടപെട്ടത്. ഇതിനിടയിൽ ഓർഡർ ചെയ്ത ഫുഡ് വന്നു. ഈ സമയത്തു വിക്രമിന് മാത്രമേ അതിൽ കണ്ണുണ്ടായിരുന്നുള്ളു... "ഫുഡ് പിന്നെ, ഇത് പറഞ്ഞിട്ട് മതി നണ്ണൽ", അജുവാണ് കല്പിച്ചത്. അതുകേട്ടതോടെ വിക്രം കാര്യം പറയാൻ തുടങ്ങി...

അന്നത്തെ ദിവസം ഞാൻ സ്കൂളിൽ വൈകിയാണ് വന്നത്. അതിനു ശിക്ഷയായി  ഹെഡ്മാസ്റ്ററുടെ റൂമിൻ്റെ മുന്നിൽ നിന്നുകൊണ്ട് പഠിക്കാൻ പറഞ്ഞു. ഉച്ചക്ക് ശേഷം പരീക്ഷയായിരുന്നു. ഈ സമയത്താണ് മാനേജരും ഗിരീഷും എല്ലാം ഓഫീസിലോട്ട് പോകുന്നത്. ചോദ്യപേപ്പർ മോഷണത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ 'ഞാൻ മോഷ്ടിച്ചിട്ടൊന്നുമില്ല, തോമസേട്ടൻ വിളിച്ചിട്ടാണ് ഞാൻ വന്നത്' എന്നാണ് ഗിരീഷ് പറഞ്ഞത്. പക്ഷെ മാനേജർ അത് വിശ്വസിച്ചില്ല. തോമസേട്ടനും അത് സമ്മതിച്ചില്ലെന്നു തോന്നുന്നു. "നിന്നെ എങ്ങനെ വിശ്വസിക്കും? നീ മുമ്പും ഇതുപോലെ എൻ്റെ മുമ്പിൽ വന്നു നിന്നത് ഓർമ്മയുണ്ടോ?" എന്ന് മാനേജർ ചോദിച്ചപ്പോൾ ഗിരീഷ് പറഞ്ഞത് "അന്ന് നിങ്ങളുടെ കാലിൽ വീണ പോലെ ഇന്ന് പ്രതീക്ഷിക്കേണ്ട... നിങ്ങളുടെ ഉദ്ദേശം എന്താണെന്നു എനിക്ക് നന്നായറിയാം..." എന്നാണ്.

"ഇങ്ങനെയൊരു സംഭവം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടോ?", ഗോപി മാത്രമാണ് വാ തുറന്നു ചോദിച്ചതെങ്കിലും ഇതേ സംശയം എല്ലാവർക്കും ഉണ്ടായിരുന്നു.
 
"ഇതിലപ്പോൾ തോമസേട്ടൻ്റെ റോൾ എന്താണ്?"

"പിന്നെ മാനേജരുടെ ഉദ്ദേശം? ഇത് ഫുൾ സസ്പെൻസ് ആണല്ലോ..."

മൊത്തം പുകമറ. ആർക്കും ഒരെത്തും പിടിയും കിട്ടുന്നില്ല. ചോദ്യങ്ങൾ പിന്നെയും ഒരുപാട് ഉടലെടുത്തു. 

"ഇതിൻ്റെ പിറകെ അന്വേഷിച്ചു നടന്നു നടന്നു മടുത്തു. നമ്മൾ ഇങ്ങനെ കുറെ അന്വേഷിച്ചു നടന്നിട്ടു കാര്യമില്ല. സത്യം അറിയണമെങ്കിൽ ഉടനെ ഇതിനൊരു ക്ലൈമാക്സ് ഉണ്ടാക്കണം"


________________________________________





Comments