Rock Paper Scissors - Part 4







10


ശരണ്യ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

"ഓ... അങ്ങനെയാണോ... അത് നല്ലതല്ലേ... അങ്ങനെ തന്നെയാ വേണ്ടത്... എന്നാലും പ്ലാൻ എന്താണെന്നു ഇപ്പോൾ പറഞ്ഞൂടെ?... ആ ഓക്കേ... എന്തായാലും എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ... പിന്നില്ലാതെ, ഞാൻ ഉറപ്പായും കാണും, ചിലപ്പോൾ നികിതയുമുണ്ടാകും... ഞാൻ ചോദിച്ചു നോക്കട്ടെ... എന്നാ ശെരി... അന്ന് കാണാം... വേറെ വല്ല സഹായവും വേണെങ്കിൽ വിളിച്ചോ... ഓക്കേ... ബൈ..."

ഫോൺ കട്ടുചെയ്ത ശേഷം അവൾ നികിതയുടെ അടുത്തേക്ക് പോയി. അവൾ ഇപ്പോഴും ലാപ്ടോപ്പിൽ എന്തോ നോക്കിയിരിക്കാണ്.

"അടുത്ത ശനിയാഴ്ച നീ ഫ്രീ ആണോ?", ശരണ്യയാണ് ചോദിച്ചത്.

"ഫ്രീ ആണോ എന്ന് ചോദിച്ചാൽ... ഇപ്പോൾ പറയാൻ പറ്റില്ല... it depends..", നികിതയുടെ മറുപടി.

"Depends on what?", ശരണ്യക്ക് വിശദീകരണം വേണമെന്ന് തോന്നുന്നു.

"അമ്മ വിളിച്ചിട്ട് ഓരോരോ കാര്യങ്ങൾ പറയുന്നുണ്ട്... ഇനി എന്തെങ്കിലും ചെയ്യാൻ പറഞ്ഞാലോ... അത്രയേ ഒള്ളൂ..."

"അന്ന് ചെയ്യാൻ പറഞ്ഞാൽ പിറ്റേന്ന് ചെയ്തോളാം എന്ന് പറഞ്ഞാൽ പോരെ... അല്ലാതെ മലമറിക്കുന്ന കാര്യമൊന്നും അല്ലല്ലോ... ഇനി ഇതിനിടയിൽ വേറെ വല്ല കാര്യവും ഉണ്ടോ..."

"ഒന്നുമില്ല... ചേച്ചി ആദ്യം എന്താണ് കാര്യമെന്ന് പറ..."

"എൻ്റെ പഴയ സ്കൂൾ ഹെഡ്മാസ്റ്റർ റിട്ടയർ ആവുന്ന ഫങ്ക്ഷൻ ആണ്. പക്ഷെ അതിനേക്കാളുപരി ഞങ്ങളുടെ GET TOGETHER കൂടി ആണ്..."

"ചേച്ചിയുടെ GET TOGETHERന് ഞാൻ വന്നിട്ടെന്തിനാ... വെറുതെ ചേച്ചിയുടെ രസം കളയാൻ..."

"ഒരു രസം കളയലും ഇല്ല... അന്ന് ഇവിടെ രണ്ടുപേർ വന്നത് ഓർമ്മയുണ്ടോ? ഞങ്ങളുടെ പഴയ ഒരു ക്ലാസ്മേയ്റ്റിനെക്കുറിച്ചു ചോദിച്ചു?"

"yeah..."

"അവനെ പണ്ട് പുറത്താക്കിയതിൽ സ്കൂൾ മാനേജർക്ക് എന്തോ പങ്കുണ്ടെന്നാണ് അവർ പറയുന്നത്. അക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ കൂടിയാണ് ആ ദിവസം ഞങ്ങൾ ഒത്തുകൂടുന്നത്..."

"അപ്പോൾ പരിപാടി കുറച്ചു കളറാകുമല്ലേ...?"

"definitely... കാര്യം എന്താണെന്നു എന്നോട് അവർ പറഞ്ഞില്ല... എന്തായാലും എല്ലാം നല്ല രീതിയിൽ നടന്നാൽ മതിയായിരുന്നു..."

"നടക്കട്ടെ... ഞാനും പ്രാർത്ഥിക്കാം..."

"ഞാൻ പോയി ഡിന്നറിനു വല്ലതും ഉണ്ടാക്കട്ടെ", എന്ന് പറഞ്ഞു എണീറ്റപ്പോഴാണ് ശരണ്യ വേറെന്തോ ഓർത്തത്. "നിനക്ക് നാളെ എന്താ പരിപാടി?"

"ഒരു സ്കൂളിൽ പോകണം", ലാപ്ടോപ്പിൽ നിന്നു കണ്ണെടുക്കാതെ പെട്ടന്നായിരുന്നു ആ മറുപടി.

"ഏതു സ്കൂളിൽ...?", ശരണ്യ വിട്ടില്ല.

"അത്... അമ്മയുടെ പഴയ സ്കൂളിൽ...", ആ പറച്ചിലിൽ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടായിരുന്നു.

"നിനക്കറിയുമോ എന്നറിയില്ല... നിൻ്റെ അമ്മയും എൻ്റെ അമ്മയും ഒരേ സ്കൂളിലാ പഠിച്ചത്. ആ സ്കൂളിൻ്റെ പേരൊന്നു പറ..."

"അത് ചേച്ചി... സത്യത്തിൽ ഞാൻ കെവിൻ പഠിച്ച സ്കൂളിലേക്കാണ് പോകുന്നത്. അത് പറഞ്ഞാൽ ചേച്ചിക്ക് ഇഷ്ടമാവില്ലെങ്കിലോ എന്ന് വിചാരിച്ചിട്ടാ..."

"ഇഷ്ടമാവില്ലല്ലോ... നീ ഇങ്ങനെ അപകടം തേടിപ്പിടിച്ചു പോകുന്നത് ഈ ചേച്ചിക്ക് ഒരിക്കലും ഇഷ്ടപ്പെടാൻ ചാൻസ് ഇല്ല..."

"എന്നാലും എൻ്റെയൊരു സമാധാനത്തിന്...?"

"എന്ത് സമാധാനത്തിന്?"

"ഞാൻ ഇത്രയൊക്കെ എങ്കിലും ചെയ്യേണ്ടേ... ഉദാഹരണത്തിന് ചേച്ചിയുടെ ആ ഫ്രണ്ടിനെ തന്നെ നോക്കിയേ... പണ്ട് നിങ്ങളുടെ ആ ക്ലാസ്സ്‌മെറ്റിനു വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്തതിൻ്റെ പ്രായശ്ചിത്തം ആയിട്ടല്ലേ ഇപ്പോൾ ഇതൊക്കെ ചെയ്യുന്നത്... അതെന്തിനാണെന്നു വെച്ചാൽ എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാത്തതിൻ്റെ ദുഃഖം ഭാവിയിൽ ഉണ്ടാകാതിരിക്കാനാ... അതുപോലെ തന്നെയാണ് എൻ്റെ കാര്യവും... അവനെ ഇങ്ങനെ അന്വേഷിച്ചു പോകാൻ വേറെ ആരും ഇല്ല... ഞാൻ ഇത്രയെങ്കിലും ചെയ്യേണ്ടേ... എന്നെക്കൊണ്ട് അവനെ തിരിച്ചുകൊണ്ടുവരാൻ പറ്റില്ലെന്ന് എനിക്കറിയാം... പക്ഷെ അവൻ്റെ  ഭാഗത്തു എന്തെങ്കിലും ന്യായമുണ്ടെങ്കിൽ അത് കണ്ടെത്താനുള്ള ഒരു ശ്രമം എങ്കിലും ഞാൻ ചെയ്യേണ്ടേ...", അത്രയും പറഞ്ഞുകൊണ്ട് നികിത പൊട്ടിക്കരയാൻ തുടങ്ങി. ശരണ്യ അവളെ കെട്ടിപ്പിടിച്ചുകൊണ്ടു ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

____________________                ____________________


ഇനിയെന്തു ചെയ്യുമെന്ന ആലോചനയുമായിട്ട് നിൽക്കുകയാണ് നികിത. കെവിനെക്കുറിച്ചു അന്വേഷിക്കാനാണ് സ്കൂളിൽ വന്നത്. ഒരു പ്രൊജക്റ്റ് ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് എന്ന് പറഞ്ഞാണ് സ്കൂളിലെ ഹെഡ്മാസ്റ്ററോട് സംസാരിച്ചത്. പക്ഷെ അയാൾ പുതിയ ആളാണ്. അതുകൊണ്ട് കെവിനെക്കുറിച്ചൊന്നും അറിയില്ല. ഒഫീഷ്യൽ ഡീറ്റെയിൽസ് വേണമെങ്കിൽ പ്രൊജക്റ്റ് ചെയ്യുകയാണെന്നുള്ളതിൻ്റെ സെർട്ടിഫിക്കറ്റും മറ്റു പേപ്പേഴ്സും കൊണ്ടുവരാൻ പറഞ്ഞു. പക്ഷെ ഒഫീഷ്യൽ ഡീറ്റെയിൽസ് അല്ലല്ലോ നികിതക്ക് വേണ്ടത്. എന്നാലും പേപ്പേഴ്സ് എല്ലാം ആയിട്ട് പിന്നൊരു ദിവസം വരാം എന്ന് പറഞ്ഞാണ് ആ ഓഫീസിൽ നിന്നിറങ്ങിയത്. അതിനു ശേഷമുള്ള ഈ നിൽപ്പ് തുടങ്ങിയിട്ട് കുറച്ചായി.

ആ നിൽപ്പ് കണ്ടിട്ടായിരിക്കണം ആ ചേട്ടനു വന്നു കാര്യം അന്വേഷിക്കാൻ തോന്നിയത്.

"എന്താ മോളെ ഇവിടെ നിൽക്കുന്നത്?"

"എൻ്റെ പേര് നികിത. ഞാൻ ഇവിടുത്തെ ഒരു പഴയ സ്റ്റുഡന്റിനെക്കുറിച്ചു അന്വേഷിക്കാൻ വന്നതാ. നിങ്ങൾ ഇവിടെ വർക്ക് ചെയ്യുന്നതാണോ?"

"ഞാൻ ഇവിടുത്തെ പ്യൂൺ ആണ്"

അതറിഞ്ഞപ്പോൾ നികിതക്കു ഒരു പ്രതീക്ഷയൊക്കെ വന്നു. അവൾ കെവിൻ്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ അയാൾക്ക് കാണിച്ചുകൊടുത്തു. പക്ഷെ ആ മുഖഭാവം അത്രയ്ക്ക് പ്രതീക്ഷ നല്കുന്നതല്ലായിരുന്നു.

"എനിക്കറിയില്ല മോളെ... എനിക്കങ്ങനെ കണ്ടു പരിചയം വരുന്നില്ല. പ്രായം ഒരുപാടായില്ലേ... പിന്നെ ഇവിടുത്തെ പല അധ്യാപകരും പുതിയതാണ്... ചിലപ്പോൾ മോൾക്ക് വേറൊരു മാർഗ്ഗം നോക്കാം... ഇവിടെ മുമ്പ് പഠിച്ച ഒരു അധ്യാപകനുണ്ട്. പേര് പ്രസാദ്. അവർക്കു ചിലപ്പോൾ അറിയാൻ സാധിക്കും. ആ കാണുന്ന സ്റ്റാഫ്‌റൂമിൽ പോയി ചോദിച്ചാൽ മതി"

അതറിഞ്ഞപ്പോൾ നികിതക്കു സന്തോഷമായി. ആ പ്യൂണിന് നന്ദി പറഞ്ഞു അവൾ പ്രസാദിനെ അന്വേഷിച്ചു പോയി. ആ സമയത്തു ക്ലാസ്സിലായിരുന്ന പ്രസാദ് വരുന്നത് വരെ അവിടെ കാത്തിരുന്നു. കെവിനെക്കുറിച്ചു സംസാരിച്ചപ്പോൾ പ്രസാദിന് അറിയാമെന്നു പറഞ്ഞു. പ്രസാദ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ സംഭവം അരങ്ങേറുന്നത്.

"എന്തിനോ വേണ്ടി ഹെഡ്മാസ്റ്ററുടെ മുറിയിൽ പോയ ഞാൻ കേൾക്കുന്നത് ആരുടെയൊക്കെയോ തെറിവിളിയും മറ്റുമാണ്. ആ മുറിയിൽ സ്കൂളിൻ്റെ മാനേജ്‌മന്റ് അംഗങ്ങൾ എല്ലാം ഉണ്ടായിരുന്നു. അന്ന് കെവിൻ്റെ കൂടെ പുറത്തായവരിൽ ഒരാളും കൂടി ഉണ്ട്, ഫിറോസ്. അവൻ എൻ്റെ ക്ലാസ്സിലാണ് പഠിച്ചത്. ഫിറോസ് മുമ്പും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളതിനാൽ അവനെ പുറത്താക്കാൻ മാനേജ്‌മന്റ് ആദ്യം തന്നെ തീരുമാനിച്ചിരുന്നു. എന്തോ ഒരു മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ കെവിൻ്റെ കാര്യത്തിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഫിറോസ് അതിനു സമ്മതിച്ചില്ല. പകരം ആ തെറിവിളി രണ്ടുപേരെയും പുറത്താക്കുന്നതിലാണ് അവസാനിച്ചത്. ഒരേ ക്ലാസ്സിലായിട്ടും ഫിറോസിനോട് വലിയ കമ്പനി ഇല്ലാത്തതുകൊണ്ട് കൂടുതലൊന്നും അറിയില്ല".

കൂടുതലൊന്നും നികിതക്ക് വേണ്ടായിരുന്നു. ഒരു തുമ്പ് കിട്ടിയല്ലോ - ഫിറോസ്!

____________________                ____________________


അങ്കിളിൻ്റെ കാലു പിടിക്കേണ്ടി വന്നു ഫിറോസിനെ കുറിച്ചുള്ള ഡീറ്റെയിൽസ് കിട്ടാൻ. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഉടനെ അങ്കിളിനെ അറിയിക്കിണം എന്ന ഒരൊറ്റ ഉറപ്പിലാണ് അത് കിട്ടിയത്. ആ ഡീറ്റെയിൽസ് വെച്ചു ആളെ കണ്ടെത്തുകയും ചെയ്തു. പക്ഷെ അയാളോട് നേരിട്ട് സംസാരിക്കാൻ എന്തോ ധൈര്യം വന്നില്ല. അയാളെ കണ്ടാലേ അറിയാം പക്കാ ഗുണ്ടയാണെന്ന്. ഇനി വല്ല dirty ബിസിനസ്സും കൊണ്ടുനടക്കുകയാണെങ്കിൽ പിറകെ അന്വേഷിച്ചു ചെല്ലുന്ന അവളുടെ ജീവന് പോലും ആപത്തുണ്ടാകും. അതുകൊണ്ട് ഫിറോസ് അറിയാതെ ആളെ ഫോളോ ചെയ്യുക... അത് തന്നെയാണ് നല്ലത്.

ഇന്നലെയും പിന്തുടർന്ന് വന്നു ഷിപ്‌യാർഡിലാണ് എത്തിച്ചേർന്നത്. അവിടുന്നങ്ങോട്ട് പിറകെ പോകാൻ പേടിയായിരുന്നു. ഇന്ന് രണ്ടും കൽപ്പിച്ചാണ് നികിത ഇറങ്ങിയിട്ടുള്ളത്. ഷിപ്‌യാർഡിൽ എന്താണ് പരിപാടി എന്ന് അറിഞ്ഞിട്ടു തന്നെ കാര്യം.

ഷിപ്‌യാർഡിൽ നിരനിരയായി അടുക്കി വെച്ചിട്ടുള്ള കണ്ടെയ്നറുകൾക്കിടയിലൂടെ ഫിറോസ് നടന്നു നീങ്ങി, അവനെ പിന്തുടർന്ന് നികിതയും. കുറച്ചു പോയിക്കഴിഞ്ഞപ്പോൾ ഫിറോസ് എങ്ങോട്ടോ അപ്രത്യക്ഷനായ പോലെ. എങ്ങോട്ട് നോക്കിയിട്ടും അവനെ കാണുന്നില്ല. ഇതിനിടയിലാണ് ആരോ നികിതയുടെ കൈ പിടിച്ചു വലിച്ചു, വാ പൊത്തിപ്പിടിച്ചു, എന്നിട്ട് ഒരു കണ്ടൈനറുടെ പിറകിലേക്ക് പോയി. നികിത പൊരുതാൻ തുടങ്ങിയപ്പോൾ പിറകിൽ നിന്നു ആ ശബ്ദം കേട്ടു - "ഞാൻ ദീപയാണ്, ശബ്ദമുണ്ടാക്കല്ലേ... അവർ കേൾക്കും". അത് പറഞ്ഞപ്പോൾ നികിത ഒന്ന് അടങ്ങി, ദീപ അവളുടെ പിടി വിട്ടു. ദീപ അവിടെ ഒളിച്ചിരിക്കാൻ പറഞ്ഞു. അവിടെ ഇരിക്കുമ്പോഴാണ് നേരത്തെ കണ്ണുമുന്നിൽ വെച്ചു അപ്രത്യക്ഷനായ ഫിറോസ് അവിടെയൊക്കെ വന്നു തപ്പുന്നത് കണ്ടത്. സത്യത്തിൽ ആരോ തന്നെ ഫോളോ ചെയ്യുന്നത് അവൻ മനസ്സിലാക്കിയിരുന്നു. ആളെ പിടിക്കാൻ വേണ്ടിയാണ് അവൻ സൂത്രത്തിൽ പിറകിലൂടെ വന്നത്.

ഫിറോസ് പോയെന്നു ഉറപ്പായ ശേഷമാണ് ദീപ പിന്നെ വാ തുറന്നത്.

"നീ എന്ത് ഭ്രാന്തു ആണ് ഈ കാണിക്കുന്നത്? ഇതിൻ്റെ പിന്നിൽ പോകുന്നത് അപകടമാണെന്ന് ഞാൻ പറഞ്ഞതല്ലേ..."

കുറച്ചു നേരത്തേക്ക് നികിത ഒന്നും പറഞ്ഞില്ല. 

"ഇത് ചില്ലറ കളിയൊന്നുമല്ല നികിത... അവരൊക്കെ ശെരിക്കും ഭീകരർ ആണ്..."

"ഞാൻ... എനിക്ക് കെവിനെന്താ പറ്റിയത് അറിയാനുള്ള ഒരിത്...", നികിത പതിയെ വാ തുറന്നു.

"അതാണ് നിനക്ക് വേണ്ടതെങ്കിൽ ഞാൻ പറഞ്ഞുതരാം... പക്ഷെ ഇവിടെവെച്ചല്ല... കുറച്ചു സേഫ് ആയ ഒരു സ്ഥലത്തു വെച്ചു... നമുക്ക് എൻ്റെ വീട്ടിലേക്ക് പോകാം..."

അതുതന്നെയാണ് നല്ലതെന്നു നികിതക്കും തോന്നി. അവൾ ശെരിക്കും പേടിച്ചിരുന്നു. രണ്ടുപേരും ദീപയുടെ വീട്ടിൽ എത്തി. അവിടെവെച്ചാണ് ധാരാളം ഞെട്ടിക്കുന്ന സത്യങ്ങൾ നികിത കേട്ടത്.

"നീ Black Eagles എന്ന് കേട്ടിട്ടുണ്ടോ?"

"യെസ്"

"എവിടുന്നു?"

"എൻ്റെ അങ്കിൾ പറഞ്ഞിരുന്നു. ഇവിടുത്തെ പോലീസ് സൂപ്രണ്ട് ആണ്"

"ആഹാ... പുള്ളി നിൻ്റെ അങ്കിൾ ആയിരുന്നോ. ഈ കേസ് അന്വേഷിക്കുന്നത് പുള്ളിയാണ്. ആള് genuine ആണ്. പക്ഷെ ജേർണലിസ്റ്റുകളെ അടുപ്പിക്കില്ലെന്ന പ്രശ്നമേ ഒള്ളൂ... ഒന്ന് സംസാരിക്കാൻ പോലും സമയം തന്നില്ല... ആ.. അതൊക്കെ പോട്ടെ... ഇപ്പോൾ അതല്ലല്ലോ വിഷയം.... അപ്പോൾ Black Engles ഒക്കെ എന്താണെന്നു അറിഞ്ഞിട്ടാണോ ഇതിൻ്റെ പിറകെ നടന്നത്?"

"അങ്ങനെ കൂടുതൽ ഒന്നും അറിയില്ല. അവരുടെ സിംബലിനോട് സാമ്യമുള്ള ഒരു ടാറ്റൂ കെവിൻ്റെ ദേഹത്ത് ഉണ്ടായിരുന്നുവെന്ന് പറഞ്ഞു..."

"എന്നാൽ കേട്ടോ... Black Eagles ഇപ്പോഴത്തെ ഏറ്റവും അപകടകാരികളായ underground മാഫിയ  ആണ്. തീവ്രവാദം, ഡ്രഗ്സ്, മനുഷ്യക്കടത്തു തുടങ്ങി അവർ കൈവെക്കാതെ മേഖലകളില്ല. മെക്സിക്കോയും കൊളമ്പിയയുമൊക്കെയാണ് അവർക്കിപ്പോൾ വേരോട്ടമുള്ള രാജ്യങ്ങൾ. പക്ഷെ ഏഷ്യയിൽ ഒരു ഹോട്ട്സ്പോട്ട് ആണ് അവർ ഇപ്പോൾ സ്വപ്നം കാണുന്നത്. അതിനു തിരഞ്ഞെടുത്തത് ഇന്ത്യയും. ജനസംഖ്യയും ജനസാന്ദ്രതയും എല്ലാം കൂടിയ രാജ്യമായതുകൊണ്ട് ഇവിടെ മാർക്കറ്റ് ഇടാൻ പറ്റിയാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടിവരില്ലെന്നു അവർക്കറിയാം. അതിനവർ പോർട്ട് ഉള്ള ഒരു ഏരിയ ആണ് നോക്കിയത്. Illegal  ആയ സാധനങ്ങൾ എല്ലാം എത്തിക്കാൻ അതാണല്ലോ നല്ലത്. മുംബൈ ആണ് ബെസ്ററ് സ്പോട്ട് എന്നറിയാമെങ്കിലും അവിടെ ആദ്യം തന്നെ ഒരുപാട് മാഫിയ ടീംസ് ഉള്ളതുകൊണ്ട് തുടക്കമെന്ന നിലയിൽ അത്യാവശ്യം peace and calm ആയ കേരളം തിരഞ്ഞെടുത്തു. തുടക്കത്തിൽ ഇവിടെ ഒരു ബേസ് ഉണ്ടാക്കിയെടുക്കുകയാണ് കഴിഞ്ഞ ഒരുപാട് വർഷങ്ങളായി അവർ ചെയ്തുകൊണ്ടിരിക്കുന്നത്. അതിൽ ഏകദേശം അവർ വിജയത്തിൽ എത്തിക്കഴിഞ്ഞു. ആ മാഫിയ ടീമിലെ ആൾക്കാർക്ക് ആണ് അവർ ഈ ശെരിക്കുള്ള Black Eagles സിംബലിനോട് സാമ്യമുള്ള ടാറ്റൂ കൊടുക്കുന്നത്. ഒറ്റനോട്ടത്തിൽ അത് ഇവരോടുള്ള ആരാധന മൂത്തു ഓരോരുത്തർ വെറുതെ ടാറ്റൂ അടിക്കുന്നതാണെന്നു തെറ്റുധരിക്കുമെന്നു അവർക്കും അറിയാം. ഒരു സംശയവും വേണ്ട കെവിനും ഇതിൻ്റെ ഭാഗമായിരുന്നു. അവൻ എങ്ങനെ എത്തിപ്പെട്ടു എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഇവിടുത്തെ ഒരു ലോക്കൽ ഗുണ്ടാ സെറ്റപ്പുമായിട്ടുള്ള തർക്കമാണ് ആ കൊലയിൽ എത്തിയത്. പിന്നീട് ഒരു മാസത്തിനുള്ളിൽ ആ ലോക്കൽ ഗുണ്ടാ ടീമിലെ ഓരോരുത്തരായി പലയിടത്തും കൊലചെയ്യപ്പെട്ടു കിടക്കുന്ന വാർത്തയും കണ്ടു... ഇവരെക്കുറിച്ചു സ്റ്റോറി ചെയ്യാനാ മുംബൈ മിററിൽ വർക്ക് ചെയ്യുന്ന ഞാൻ കുറച്ചു നാളായി ഇവിടെ കറങ്ങിത്തിരിയുന്നത്. കെവിനെക്കുറിച്ചു നിനക്ക് വല്ലതും അറിയാൻ ചാൻസ് ഉണ്ടോ എന്ന് നോക്കാൻ വേണ്ടിയാ അമേരിക്കയിലുള്ള നിനക്ക് ആ ഫോട്ടോ അയച്ചു നൊസ്റ്റു അടിപ്പിച്ചത്. അതാണെങ്കിൽ വലിയ മണ്ടത്തരവുമായി. അതിൻ്റെ വാല് പിടിച്ചാണല്ലോ നീ ഇങ്ങോട്ട് കെട്ടിയെടുത്തത്"

നികിത ആകെ ഞെട്ടിത്തരിച്ചു ഇരിക്കുകയാണ്. അവൾക്കൊന്നും പറയാനോ ചോദിക്കാനോ ഇല്ലായിരുന്നു.

"നോക്ക്... സംഗതി വളരെ വളരെ dangerous ആണ്. അവരുടെ താവളത്തിലേക്കാ നീ ഇന്ന് ചെന്ന് കേറാൻ നോക്കിയത്. ഞാനും അത്രയ്ക്കൊന്നും പ്രതീക്ഷിച്ചല്ല ഇതിൻ്റെ പിറകെ കൂടിയത്. നിൻ്റെ ഒരു സഹായം കൂടി എനിക്ക് വേണം, നിൻ്റെ അങ്കിളിനെ ഒന്ന് കാണണം..."

________________________________________


11


ഇന്നാണ് ആ ദിവസം - MES സ്കൂളിൻ്റെ പ്രഥമ പ്രധാനാധ്യാപകൻ പടിയിറങ്ങുന്ന ദിനം.

പരിപാടികൾക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് എല്ലാവരും. സ്കൂളിലെ നിലവിലെ വിദ്യാർത്ഥികൾക്ക് പുറമെ പൂർവ്വ വിദ്യാർത്ഥികളും അതിൽ പങ്കുചേർന്നു. സ്റ്റേജും പ്രവേശന കവാടവും മറ്റു പ്രധാന സ്ഥലങ്ങളും മോഡി കൂട്ടുന്ന തിരക്കിലാണ് കുറച്ചു പേർ. സദ്യയൊരുക്കുന്നതിനും മറ്റുമായി വേറെ ചിലർ അടുക്കള ഭാഗത്തുണ്ട്. മറ്റുള്ളവർ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രാക്ടീസിൽ ആണ്.

ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കുന്ന കുറച്ചു പേരുണ്ട് - നമ്മുടെ ടീം തന്നെ. മനപ്പൂർവ്വം മാറിയതാണ്. കാരണം അണിയറയിൽ വേറെ ഒരുപാട് പ്ലാൻ ചെയ്യാനുണ്ട്. സ്റ്റേജിനടുത്തുള്ള ആൺകുട്ടികൾക്കുള്ള ഗ്രീൻ റൂമിലാണ് അവരിപ്പോൾ. കലാപരിപാടികൾ ഉച്ചക്ക് ശേഷമായതിനാൽ ഇപ്പോൾ അവിടെ മറ്റാരും ഇല്ല.

"ഇന്നത്തെ ദിവസം തന്നെ വേണമായിരുന്നോ എന്നൊരു ഡൌട്ട്. ഒന്നുമില്ലെങ്കിലും നമ്മുടെ ഹെഡ്മാസ്റ്റർ പടിയിറങ്ങുന്ന ദിവസമല്ലേ...", പ്രകാശാണ് ഈ അവസാന നിമിഷത്തിൽ ആ സംശയം പ്രകടിപ്പിച്ചത്.

"ഓരോന്നിനും അതിന്റേതായ ദിവസമുണ്ടെന്നു നീ കേട്ടിട്ടില്ലേ... സത്യത്തിൽ ഗിരീഷിൻ്റെ കറ ഇയാളുടെ മേലിലും ഉണ്ട്. മാനേജരുടെയും തോമസേട്ടൻ്റെയും മേലിൽ മാത്രമല്ല. എല്ലാത്തിനും മൂകസാക്ഷിയാണ് ഈ മഹാൻ. അപ്പോൾ നമ്മൾ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല... മാത്രമല്ല ഈ സമയത്തു ഇമ്മാതിരി ചോദ്യങ്ങളുമായി ഇനി വന്നേക്കരുത്...", കിരണിൻ്റെ വകയായിരുന്നു മറുപടി.

"പത്രക്കാരൊക്കെ എത്തുമോ?", പ്രകാശിൻ്റെ അടുത്ത സംശയം.

"എത്തിക്കാമെന്നാണ് അഖിൽ പറഞ്ഞത്... കണ്ടറിയാം..."

"ഈ തോമസേട്ടനെക്കൊണ്ട് നിങ്ങൾ എങ്ങനെയാ കുറ്റസമ്മതം നടത്താമെന്നു സമ്മതിപ്പിച്ചത്?", ഇത്തവണ സംശയം  അജ്മലിനായിരുന്നു.

"കിരണേ... ഞാൻ നേരത്തെ പറഞ്ഞു തന്ന ആ വാക്ക് അവനു പറഞ്ഞുകൊട്...", ഗോപിയാണത്.

"ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ്", ഒരു ചിരിയോടെ കിരൺ പറഞ്ഞു.

"അത് തന്നെ... എടാ... കഴിഞ്ഞയാഴ്ച തോമസേട്ടൻ്റെ മകളുടെ കല്യാണമായിരുന്നു. പുള്ളിക്ക് കാശിനു കുറച്ചു അത്യാവശ്യം ഉണ്ടായിരുന്നു. നമ്മുടെ മാനേജർ അയാളെ വേണ്ടരീതിയിൽ സഹായിച്ചില്ലെന്നു അന്ന് മാനേജരുടെ വീട്ടിൽ പോയപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. അതുകൊണ്ടു നമ്മുടെ ബാച്ചിൻ്റെ വകയാണെന്നു പറഞ്ഞു ഞാനും കിരണും കൂടി അത്യാവശ്യം നല്ല ഒരു സംഖ്യ തന്നെ കൊടുത്തു..."

"അതെന്തിനാ ക്യാഷ് നിങ്ങൾ ഒറ്റയ്ക്ക് കൊടുത്തത്. ഞങ്ങളോടും ചോദിക്കാമായിരുന്നില്ലേ... കുറച്ചു കൂടുതൽ amount കൊടുക്കാമായിരുന്നു...", അജ്മലാണ് ഇടയ്ക്കു കയറി സംസാരിച്ചത്.

"വിഷമിക്കേണ്ട... വലിയ amount തന്നെയാണ് കൊടുത്തത്. അപ്പോൾ സമയം ഇല്ലാത്തതുകൊണ്ടാണ് ഞങ്ങൾ തന്നെ അഡ്ജസ്റ്റ് ചെയ്തു കൊടുത്തത്. നിങ്ങളുടെ കയ്യിൽ നിന്ന് കിട്ടുമെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് വലിയ തുക തന്നെ കൊടുത്തത്. അതുകൊണ്ട് ക്യാഷ് തരേണ്ടിവരും...", ഗോപിയുടെ മറുപടി.

'ഛെ... ചോദിക്കേണ്ടിയിരുന്നില്ല....' എന്നൊരു ഡയലോഗ് അജ്മൽ തമാശരൂപേണ പറഞ്ഞു.

"അതൊക്കെ പോട്ടെ... ബാക്കി പറ...", പ്രകാശ് ആകാംഷയിലാണ്.

"ബാക്കി ഞാൻ പറയാം...", കിരണാണ് മുന്നോട്ടു വന്നത്. "പുള്ളി പണത്തിനു വേണ്ടി ഒരുപാട് പേരുടെ കാലിൽ വീണിരുന്നു. എന്നിട്ടും പ്രതീക്ഷിച്ച അത്ര കിട്ടാത്തതിൻ്റെ വിഷമത്തിലായിരുന്നു. ഈ സമയത്താണ് ഞങ്ങൾ പൈസയും കൊണ്ട് ചെല്ലുന്നത്. പണത്തിൽ വലിയൊരു തുകയും തന്നത് ഗിരീഷ് ആണെന്ന് ഞങ്ങൾ ചുമ്മാ കാച്ചി. അതുകേട്ടതോടു കൂടി പുള്ളിയുടെ മനസ്സലിഞ്ഞു. പുള്ളിക്ക് ആകെ സങ്കടമായി. അന്നവനെ പുള്ളിയും കൂടിയാണല്ലോ എടുത്തു വെളിയിലിട്ടത്. അക്കാര്യം ഞങ്ങളോട് പുള്ളി കരഞ്ഞുകൊണ്ട് പറഞ്ഞു. ഞങ്ങളത് മുമ്പ് അറിഞ്ഞിട്ടില്ലെന്ന മട്ടിൽ നിന്നുകൊടുത്തു. പക്ഷെ പുള്ളിയോട് ഇതുവരെ അവൻ പ്രതികാരരീതിയിൽ പെരുമാറിയിട്ടില്ല. മാനേജരെ തലങ്ങും വിലങ്ങും ആക്രമിച്ചിട്ടുണ്ടെങ്കിലും തോമസേട്ടനെ മാത്രം വെറുതെ വിട്ടു. അതെന്തു കൊണ്ടാണെന്നു ഞങ്ങൾക്കും മനസ്സിലായില്ല. എന്നാലും ഞങ്ങൾ അതിൽ കയറി പിടിച്ചു".

"പ്രായം ഇത്രയായില്ലേ... പണ്ട് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പ്രായശ്ചിത്തം ചെയ്തൂടെ എന്ന് ചോദിച്ചു. ആദ്യം പുള്ളി ഒന്നും സംസാരിച്ചില്ലെങ്കിലും പിന്നെ അതിനു താല്പര്യം പ്രകടിപ്പിച്ചു. മനസ്സമാധാനത്തോടെ മരിക്കാമല്ലോ എന്നായിരുന്നു പറഞ്ഞത്. പക്ഷെ പുള്ളിക്ക് പേടിയാണ് മാനേജറിനെ. തോമസേട്ടന് ഒന്നും വരാതെ ഞങ്ങൾ നോക്കാമെന്നു പറഞ്ഞു ധൈര്യം കൊടുത്തു. ഒരുവിധം പുള്ളി റെഡി ആയി. ഇന്നിവിടെ എല്ലാവരുടെയും മുമ്പിൽ വെച്ച് കാര്യം പറയാമെന്നും പറഞ്ഞു. പക്ഷെ സ്റ്റേജിൽ കയറുന്നത് വരെ മാനേജരുടെ മുന്നിൽ പെടാതെ സംരക്ഷിക്കണം എന്നും പറഞ്ഞു. മുമ്പിൽ പെട്ടാൽ പേടിച്ചു എല്ലാം കയ്യിൽ നിന്നും പോകുമത്രേ...", അത്രയും പറഞ്ഞുതീർത്തത് ഗോപിയാണ്.

"ഇതുവരെ എല്ലാം കൊണ്ടെത്തിച്ചിട്ട് ഇനി അവസാനം കാലമുടക്കുമോ?", പ്രകാശിൻ്റെ സംശയങ്ങൾക്ക് ഒരറുതിയില്ല.

ഈ സമയത്താണ് വിക്രം തോമസേട്ടനെയും കൊണ്ട് ആ മുറിയിലെത്തിയത്. തോമസേട്ടൻ അകത്തു കയറിയ ഉടനെ മുറിയുടെ വാതിലടച്ചു.

"എന്നെ ഏൽപ്പിച്ച പണി ഞാൻ വൃത്തിയായി ചെയ്തിട്ടുണ്ട്..." - വിക്രം അഭിമാനത്തോടെ പറയുന്നുണ്ടായിരുന്നു.

"ആരെങ്കിലും കണ്ടോ...", ഗോപിക്ക് സംശയം.

"ഒരു പൂച്ചക്കുഞ്ഞുപോലും കണ്ടിട്ടുണ്ടാകില്ല", വിക്രമിന് യാതൊരു സംശയവുമില്ല.

"ഇനി കണ്ടാലും വലിയ കുഴപ്പമില്ല. ഇവിടുത്തെ പ്യൂൺ അല്ലെ. പക്ഷെ മാനേജർ കാണാതിരുന്നാൽ മാത്രം മതി", കിരൺ പറഞ്ഞു.

"മക്കളെ... ഒരു കാരണവശാലും മാനേജർ എന്നെ കാണരുത്. കണ്ടാൽ ചിലപ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ പറ്റിയെന്നു വരില്ല...", തോമസേട്ടൻ ശെരിക്കും ടെൻഷനിലാണ്. 

"അതൊന്നും ഉണ്ടാവില്ല. മാനേജർ നിങ്ങളുടെ അടുത്തുപോലും വരാതെ ലോക്ക് ആക്കുന്ന കാര്യം ഞങ്ങളേറ്റു...", ഗോപി ചേട്ടന് ധൈര്യം പകർന്നു.

"മറ്റുള്ളവരുടെ മുന്നിൽ ചെറുതാവുക എന്നത് നമ്മുടെ മാനേജർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. ആ മനുഷ്യനെ ഞാൻ ഇന്ന് ഇത്രയും ആൾക്കാരുടെ ഇടയിൽ നാണം കെടുത്തിയാൽ... അങ്ങേരു എന്നെ കൊന്നുകളയും", തോമസേട്ടൻ പിന്നെയും ഓരോന്ന് പറയുന്നുണ്ട്. 

"മറ്റൊരാളുടെ മുന്നിൽ ചെറുതാവുന്നത് ആർക്കും ഇഷ്ടമുള്ള കാര്യമല്ല ചേട്ടാ... പിന്നെ ചിലർക്ക് അത് പറഞ്ഞിട്ടുള്ളതാണ്... അവർ അനുഭവിച്ചേ മതിയാകൂ... അങ്ങനെ വിചാരിച്ചാൽ മതി...", ഗോപിയാണ് പിന്നെയും ആശ്വസിപ്പിച്ചത്.

"ഗിരീഷ് എവിടെ?", അതായിരുന്നു തോമസേട്ടൻ്റെ അടുത്ത ചോദ്യം.

ആ ചോദ്യത്തിന് മുന്നിൽ ആദ്യം എല്ലാവരും ഒന്ന് പകച്ചു. 

"ഗിരീഷ് വരും... പരിപാടി തുടങ്ങുമ്പോഴേക്ക് എത്തും. എന്തോ അത്യാവശ്യത്തിനു പോയതാ...", അജ്മലാണ് അത് പറഞ്ഞത്. തത്കാലം എന്തെങ്കിലും പറഞ്ഞു തടി തപ്പുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ.

"അവനോട് എനിക്ക് ആദ്യം മാപ് പറയണം. വല്ലാത്തൊരു തെറ്റാണ് ഞാൻ ചെയ്തത്...", തോമസേട്ടൻ കരയുന്നുണ്ടായിരുന്നു.

"ആ തെറ്റിനുള്ള പ്രായശ്ചിത്തം അല്ലെ ഇപ്പോൾ ചെയ്യാൻ പോകുന്നത്... തോമസേട്ടൻ ഇവിടെ ഇരിക്ക്... അതൊന്നും ആലോചിക്കേണ്ട... ഇപ്പോൾ സ്റ്റേജിൽ വെച്ച് പറയാനുള്ള കാര്യങ്ങൾ മാത്രം ഓർത്താൽ മതി..."

ആ മറുപടി തോമസേട്ടന് തൃപ്തികരമായി തോന്നിയോ എന്നറിയില്ല. എന്തായാലും പുള്ളി ഒന്നും മിണ്ടാതെ അവിടെ ബെഞ്ചിലിരുന്നു. ഇതിനിടയിൽ ആരോ പറയുന്നുണ്ടായിരുന്നു "മാനേജർ എത്തിട്ടോ..."


____________________                ____________________


വല്ലാത്ത ഒരു പ്രൗഢിയോടെയായിരുന്നു മാനേജർ വർഗ്ഗീസ് തെക്കോടൻ്റെ വരവ്. എല്ലാത്തിലും ഒരു ഗാംഭീര്യത. അകമ്പടി സേവിക്കാൻ കൂടെ കുറച്ചു പേരുമുണ്ട്. ഇന്ന് വിരമിക്കാൻ പോകുന്ന ഹെഡ്മാസ്റ്റർ അടക്കമുള്ള അധ്യാപകർ അതിലുണ്ട്.

പ്രവേശന കവാടം തൊട്ട് പരിപാടിനടക്കുന്ന സ്റ്റേജിൽ വരെയുള്ള ആ നടപ്പിൽ ഓരോ സജ്ജീകരണങ്ങളും വീക്ഷിക്കുകയും അതിൻ്റെ പോരായ്മകളും മറ്റും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ആ മുഖത്തു അഹങ്കാരമില്ലെന്നു കണ്ടാൽ ആരും പറയില്ല. 

"പരിപാടി പത്തുമണിക്കല്ലേ തുടങ്ങുമെന്ന് പറഞ്ഞത്? ഇപ്പോൾ സമയം ആയില്ലേ? എന്താ തുടങ്ങാത്തത്?", കൂടെ വന്ന ആരോടോ ചോദിച്ചു.

"കളക്ടർ ഇതുവരെ എത്തിയിട്ടില്ല. വന്നുകൊണ്ടിരിക്കാണ്... ഒരു പത്തുമിനിട്ടിനകം എത്തും", കൂടെയുള്ള ഒരു അധ്യാപകൻ മറുപടി കൊടുത്തു. 

"പത്തുമിനിട്ടല്ലേ... അതൊക്കെ ഉടനെ ആകും... ഇവിടെന്താടോ ഇത്രയധികം പത്രക്കാർ? നമ്മൾ വിളിച്ചതാണോ?" - മാനേജർക്ക് ഒരു സംശയം. 

"അറിയില്ല സാർ, ഇനി കളക്ടർ പങ്കെടുക്കുന്ന പരിപാടി ആയതുകൊണ്ട് വല്ലതും ആകുമോ..."

"അതിനെന്തിനാ ഇത്രയധികം... എന്തായാലും കിടക്കട്ടെ... സ്കൂളിനൊരു പബ്ലിസിറ്റി അല്ലേ... നമ്മൾ ക്യാഷ് മുടക്കുകയും വേണ്ട" - മാനേജർ അത് പോസിറ്റീവ് ആയിട്ടാണ് എടുത്തത്.

"നമ്മുടെ സ്കൂളുകൾക്ക് അല്ലെങ്കിലും പബ്ലിസിറ്റിക്കു കുറവൊന്നുമില്ലല്ലോ...", മാനേജരെ ഒന്ന് സുഖിപ്പിക്കാൻ ആരോ പറഞ്ഞു.

ഇതിനിടയിലാണ് മൈക്ക് സെറ്റിൻ്റെ ആള് വന്നു മാനേജരുടെ കൂടെയുള്ള ആളോട് ഒരു കസേര ചോദിച്ചത്. അതിനു പക്ഷെ മറുപടി പറഞ്ഞത് മാനേജർ ആണ്.

"അത് ആ തോമസിനോട് ചോദിച്ചാൽ പോരെ? അവൻ എടുത്തുതരും..."

"അതിനു തോമസേട്ടൻ വന്നിട്ടില്ലല്ലോ... ഫോണിൽ വിളിച്ചിട്ടും കിട്ടുന്നില്ല"

"അവൻ വന്നിട്ടില്ലേ... അതെന്താ വരാത്തത്... ഇവിടെ ഇങ്ങനെയൊരു വലിയ ഫങ്ക്ഷൻ നടക്കുമ്പോൾ അവൻ ഉണ്ടാവേണ്ടതല്ലേ?", മാനേജർ സ്വല്പം അരിശത്തിലാണോ എന്നൊരു സംശയം.

"മകളുടെ കല്യാണം ഒക്കെ അല്ലായിരുന്നോ... അതിൻ്റെ തിരക്കാവും...", പുള്ളിയെ മയപ്പെടുത്താൻ ആരോ പറഞ്ഞു.

"കല്യാണം കഴിഞ്ഞിട്ട് എത്ര ദിവസമായി... ഇനിയും എന്താ തിരക്ക്... ഇനി വരട്ടെ, ഞാൻ കാണിച്ചുകൊടുക്കുന്നുണ്ട്...", സംശയം വേണ്ട, അങ്ങേരു കലിപ്പിൽ തന്നെയാണ്.

ഇതിനിടയിലാണ് മാനേജരുടെ ഡ്രൈവർ അങ്ങോട്ട് വന്നത്. ഒരു സ്വകാര്യം പറയാനുണ്ടെന്ന് പറഞ്ഞു അദ്ദേഹത്തെ അടുത്തേക്ക് വിളിച്ചു.

"സർദാർ കോളനിയുടെ മുന്നിൽ നിന്ന് നമ്മുടെ പിള്ളേര് വിളിച്ചിരുന്നു. ഗിരീഷ് ഇപ്പോൾ പുറത്തേക്കു പോയിട്ടുണ്ട്. അവർ എന്തോ പ്ലാൻ ചെയ്യുന്നുണ്ട്. അവൻ്റെ പിള്ളേര് മുഴുവൻ ഇന്നലെ എന്തോ പണിയിലായിരുന്നു"

"അവര് പ്ലാൻ ചെയ്യട്ടെടോ... എത്ര നാളായി പ്ലാൻ ചെയ്യാൻ തുടങ്ങി. എന്നിട്ടും ഞാൻ ഇവിടെ ഇങ്ങനെത്തന്നെയില്ലേ. എന്തായാലും താൻ എസ്‌ഐയെ വിളിച്ചു കാര്യം അറിയിച്ചേക്ക്. പറ്റിയാൽ മറ്റേ കേസിൽ അവനെ പൂട്ടാൻ പറ"

കേട്ടയുടനെ ഡ്രൈവർ ഫോണെടുത്തു അപ്പുറത്തേക്ക് പോയി. 

"കളക്ടർ എത്തി..." ആരോ വിളിച്ചുപറഞ്ഞു. ഇനി വൈകിക്കേണ്ട എന്ന് കരുതി പരിപാടി തുടങ്ങാൻ ധാരണയായി. കളക്ടറും ഹെഡ്മാസ്റ്ററും മാനേജറുമെല്ലാം സ്റ്റേജിൽ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചു. പരിപാടി തുടങ്ങാൻ വേണ്ടി കുട്ടികൾ പ്രാർത്ഥന ചൊല്ലുമ്പോഴാണ് മാനേജർ ആ ഒരു കാഴ്ച കണ്ടത് - സ്റ്റേജിൻ്റെ ഇടതുവശത്തുള്ള ഗ്രീൻ റൂമിലെ കർട്ടണിൻ്റെ മറവിൽ ആരോ സ്റ്റേജിലേക്ക് എത്തിനോക്കുന്നു, നല്ല പരിചിതമായ മുഖം...!

പ്രാർത്ഥന കഴിഞ്ഞയുടെ മാനേജർ ഡ്രൈവറെ വീണ്ടും അടുത്തേക്ക് വിളിച്ചു. ചെവിയിൽ എന്തോ രഹസ്യമായി പറഞ്ഞു...


____________________                ____________________


സ്വാഗതപ്രസംഗം അഖിലിൻ്റെ വക ആയിരുന്നു. അത് ചോദിച്ചു മേടിച്ചതാണ്. എങ്കിലേ പദ്ധതി നടക്കൂ. ആളും ആരവവും ഒഴിഞ്ഞിട്ട് പൂരം നടത്തിയിട്ട് കാര്യമില്ലല്ലോ. സ്വാഗതപ്രസംഗം തീരാറായപ്പോൾ അഖിൽ കിരണിനെ ഒന്ന് നോക്കി. അവനിൽ നിന്ന് ഒരു 'thumbs up' കിട്ടിയ ഉടനെ അഖിൽ പ്രസംഗത്തിൻ്റെ ടോൺ മാറ്റി.

"ഇനി ഈ നോട്ടീസിൽ പേരില്ലാത്ത ഒരാളെക്കൂടി എനിക്ക് സ്വാഗതം ചെയ്യേണ്ടതായിട്ടുണ്ട്. ഈ സമയത്തു പരിപാടിയിൽ ചെറിയ മാറ്റം വരുത്തുന്നതിൽ എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്. പക്ഷെ ഇതും കൂടി ഉണ്ടായാലേ ഈ ചടങ്ങ് അതിൻ്റെ പൂർണ്ണതയിൽ എത്തൂ. നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഈ സ്കൂൾ തുടങ്ങിയത് മുതലേ ഇവിടെ പ്യൂൺ ആയിട്ട് ജോലി ചെയ്യുന്ന തോമസേട്ടനെ. അദ്ദേഹത്തിന് ഇവിടെ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. അതുകൊണ്ട് തോമസേട്ടനെ നമുക്ക് ഈ വേദിയിലേക്ക് സ്വാഗതം ചെയ്യാം"

കിരണും ഗോപിയുമെല്ലാം തോമസേട്ടനെ സ്റ്റേജിലേക്ക് വരാൻ സഹായിച്ചു. വിറച്ചുകൊണ്ടിരിക്കുന്ന തോമസേട്ടനോട് ഓരോന്ന് പറഞ്ഞു അവർ ധൈര്യം കൊടുക്കുന്നുണ്ടായിരുന്നു. തോമസേട്ടൻ പറഞ്ഞത് ശെരിയാ, മാനേജറെ കണ്ട ഉടനെ പുള്ളിയുടെ സകല കിളിയും പോയി. എങ്കിലും അഖിൽ മൈക്കിൻ്റെ അടുത്തെത്താൻ സഹായിച്ചു. മാനേജർ തോമസേട്ടൻ്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. ആ നോട്ടത്തിൻ്റെ അദൃശ്യ ശക്തികൊണ്ട് ആണോ എന്നറിയില്ല, ഒരു വാക്കു പോലും തോമസേട്ടന് ഉരിയാടാൻ കഴിഞ്ഞില്ല.

ഈ സമയത്തു മാനേജർ എഴുന്നേറ്റു മൈക്കിൻ്റെ അടുത്തേക്ക് വന്നു. "തോമസ്... അവിടെ പോയി വിശ്രമിക്ക്... നിനക്ക് പറയാനുള്ളത് ഞാൻ സംസാരിക്കാം..."

തോമസ് അത് അക്ഷരംപ്രതി അനുസരിച്ചു. 'നിങ്ങൾ ഇത് എന്ത് പണിയാ കാണിച്ചത്?' എന്ന മുഖഭാവത്തോടെ വന്ന കിരണിനോട് പതിഞ്ഞ സ്വരത്തിൽ തോമസേട്ടൻ പറഞ്ഞു: "ക്ഷമിക്കണം മക്കളെ... അയാളുടെ നിഴല് കണ്ടാൽ പോലും ഞാൻ പേടിക്കുമെന്നു പറഞ്ഞതല്ലേ... പുള്ളിയുടെ ഡ്രൈവർ കുറച്ചു മുമ്പ് അവിടെ റൂമിലേക്ക് വന്നിരുന്നു". 

മാനേജർ സദസ്സിനോട് സംസാരിക്കാൻ തുടങ്ങി.

"ഞാനൊന്നു ഇടയ്ക്കു കയറി സംസാരിക്കുന്നതിൽ ക്ഷമിക്കണം. തോമസ് പറയാൻ പോകുന്ന കാര്യം എന്നോട് നേരത്തെ സൂചിപ്പിച്ചിരുന്നു. തോമസിന് വേണ്ടി ഞാൻ പറയണം എന്ന് എന്നോട് പറഞ്ഞതാണ്. പക്ഷെ കാര്യം കേട്ടപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ എന്തൊക്കെയോ പറഞ്ഞു, അവനോട് തന്നെ ഇത് പൊതുവേദിയിൽ അവതരിപ്പിക്കാനും നിർബന്ധിച്ചു. പക്ഷെ ഇപ്പോൾ തോമസിനെ കണ്ടപ്പോൾ എനിക്കും ഒരു മനം മാറ്റം, മനുഷ്യരല്ലേ... തെറ്റുകൾ ആർക്കാണ് പറ്റാത്തത്. പക്ഷെ അതേറ്റു പറഞ്ഞു ക്ഷമാപണം നടത്താൻ മുന്നോട്ടു വന്ന ഒരാളെ നാം ഒരിക്കലും കൈവെടിയരുത്. ആ തെറ്റ് തിരുത്താനുള്ള അവസരം കൊടുക്കുക തന്നെ വേണം. ഇന്നിവിടെ നമ്മളോട് വിട പറയാൻ പോകുന്ന ആദരണീയനായ ഈ ഹെഡ്മാസ്റ്റർ ഇവിടെ സേവനമനുഷ്ഠിച്ച കാലത്തു തോമസ് ഒരു മഹാപരാധം ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിൻ്റെ മുമ്പിൽ വെച്ചു തന്നെ പറഞ്ഞു മാപ്പ് പറയണമെന്ന് തോമസിന് നിർബന്ധമുണ്ട്. ഏകദേശം പത്ത് വർഷം മുമ്പാണ്,  പരീക്ഷ ചോദ്യപേപ്പർ മോഷ്ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ഒരു വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും പുറത്താക്കുകയുണ്ടായി. അവൻ്റെ പേര് ഗിരീഷ്. ഒരുപക്ഷെ നിങ്ങളിൽ ചിലർക്കൊക്കെ അവനെ ഓർമ്മ കാണുമായിരിക്കും. പക്ഷെ അവനെ പെടുത്തിയതാണെന്നും യഥാർത്ഥത്തിൽ അത് ചെയ്തത് തോമസ് ആണെന്നുമുള്ള ഞെട്ടിക്കുന്ന വസ്തുത ഇന്നലെയാണ് ഞാനും അറിയുന്നത്. അതേ പ്രായത്തിലുള്ള തോമസിൻ്റെ മകൾക്ക് വേണ്ടിയാണ് അങ്ങനെയൊരു തെറ്റ് ചെയ്യാൻ അദ്ദേഹം മുതിർന്നത്. ആ തെറ്റിന് എന്ത് ശിക്ഷ അനുഭവിക്കാനും അദ്ദേഹം തയ്യാറാണ് (അത് പറയുമ്പോൾ മാനേജർ തോമസിൻ്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു). ഇതിൽ കൂടുതൽ ഒന്നും തോമസിന് പറയാൻ ഉണ്ടാവില്ല എന്നാണ് എൻ്റെ വിശ്വാസം. അല്ലേ തോമസ്?"

ആ ചോദ്യത്തിന് മുമ്പിൽ തലയാട്ടാനേ തോമസിന് പറ്റിയുള്ളൂ. 

"അപ്പോൾ അക്കാര്യത്തിൽ ഉചിതമായ ഒരു തീരുമാനം മാനേജിങ് കമ്മിറ്റി എടുക്കുന്നതാണ്. ഈ ഒരു വേദിയിൽ ആ വിഷയം ഉയർത്തിക്കൊണ്ടുവന്നതിനു തോമസിനെ ഞാൻ കുറ്റം പറയുന്നില്ല. അയാളുടെ ഉള്ളിലെ കുറ്റബോധം അത് അയാളെക്കൊണ്ട് ചെയ്യിച്ചതാണ്. നമുക്ക് ഇനി ബാക്കി പരിപാടികളിലേക്ക് പോകാം..."

മാനേജർ മൈക്കിൻ്റെ ഭാഗത്തേക്ക് അഖിലിനെ ക്ഷണിച്ചു. ഇതിനിടക്ക് അവൻ്റെ ചെവിയിൽ എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു: "എന്നോട് കളിക്കാൻ നീ തിന്ന ചോറൊന്നും മതിയാവില്ലെടാ...". അഖിലിന് എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവൻ മാത്രമല്ല, കിരൺ അടക്കം ഇതിൻ്റെ പിന്നിലുള്ള എല്ലാവരും ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു ക്ലൈമാക്സ് അല്ല അവർ സ്വപ്നം കണ്ടത്. ഒറ്റക്കാര്യത്തിൽ മാത്രം കിരണിനു ആശ്വസിക്കാം, ഗിരീഷിൻ്റെ നിരപരാധിത്വം തെളിയിക്കാൻ പറ്റിയല്ലോ. പക്ഷെ അതിനു കാരണക്കാരായവരെ ശിക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതിലൊരു സുഖമില്ലല്ലോ...

"കാര്യങ്ങൾ അവിടം കൊണ്ടൊന്നും തീരില്ലല്ലോ സാറേ..." 

ആ ശബ്ദം വന്നത് ഓഡിയന്സിൻ്റെ ഭാഗത്തുനിന്നാണ്. ഒന്നുകൂടി ശ്രദ്ധിച്ചാൽ മൈക്ക് സെറ്റ് ഇരിക്കുന്ന ഭാഗത്തുനിന്ന്. കയ്യിലൊരു വയർലെസ്സ് മൈക്ക് പിടിച്ചു, സ്റ്റൈലൻ തൊപ്പി ധരിച്ച, അടിപൊളി കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച ഒരാൾ. മറ്റെല്ലാവരും ആളെ മനസ്സിലാകാതെ നോക്കിയിരിക്കുമ്പോൾ മാനേജർക്ക് മാത്രം ആളെ വ്യക്തമായി പിടികിട്ടി - ഗിരീഷ്!

"ക്ഷമാപണം നടത്തുമ്പോൾ ആ തെറ്റിന് ഇരയാകേണ്ടി വന്നവനോടല്ലേ അത് വേണ്ടത്. ഞാനാണ് ഗിരീഷ്. എന്നെയാണ് പത്ത് വർഷം മുമ്പ് ഒരു ഇല്ലാക്കഥയുണ്ടാക്കി ഈ സ്കൂളിൽ നിന്ന് ആട്ടിപ്പുറത്താക്കിയത്. അങ്ങനെ നോക്കുമ്പോൾ നിങ്ങൾ ആദ്യം ക്ഷമ ചോദിക്കേണ്ടത് എന്നോടാണ്...", ഇത് പറഞ്ഞു ഗിരീഷ് സ്റ്റേജിലോട്ട് കയറിവന്നു.

എന്തോ പറയാൻ വേണ്ടി മാനേജർ കസേരയിൽ നിന്നും എഴുന്നേൽക്കാൻ നിന്നപ്പോൾ ഗിരീഷ് ഉടനെ കളക്ടറുടെ നേരെ തിരിഞ്ഞു സംസാരിക്കാൻ തുടങ്ങി: "സാർ, തൊട്ടു മുമ്പ് മാനേജർ പറഞ്ഞ കാര്യങ്ങളെല്ലാം താങ്കൾ കേട്ടല്ലോ. ഇവർ പറഞ്ഞ ഗിരീഷ് ആണ് ഞാൻ. അപ്പോൾ ഇങ്ങോട്ട് വരാനും ഇവിടെ നിൽക്കാനും എന്തുകൊണ്ടും എനിക്ക് യോഗ്യതയുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്കിപ്പോൾ വേണ്ടത് ഇവരുടെ ആരുടേയും ക്ഷമ പറച്ചിലല്ല, കുറച്ചു സമയമാണ്, ഞാൻ പറയുന്നത് കേൾക്കാനുള്ള ക്ഷമയും. അതുകൊണ്ട് കുറച്ചു കാര്യങ്ങൾ പറയാൻ എനിക്ക് അനുവാദം തരണം. കാരണം ഇത് എന്നെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ഈ സ്കൂൾ അടക്കം ഈ മാനേജരുടെ കീഴിലുള്ള എല്ലാ സ്കൂളിലെയും വിദ്യാർത്ഥികളുടെ ഭാവിയുടെ പ്രശ്നമാണ്".

ഗിരീഷിൻ്റെ ആ ചോദ്യത്തിന് മുന്നിൽ കളക്ടർക്ക് സമ്മതം അറിയിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു. അനുവാദം കിട്ടിയതോടെ ഗിരീഷ് സദസിനു മുഖാമുഖമായി വീണ്ടും സംസാരിക്കാൻ തുടങ്ങി:

"എല്ലാവരും കേട്ടുകാണും തോമസേട്ടൻ്റെ മകൾക്ക് വേണ്ടി അദ്ദേഹം ചെയ്ത തെറ്റ്. (മാനേജറെ നോക്കിക്കൊണ്ട്) എന്തിനാണ് മാഷെ ഒന്നുമറിയാത്ത ആ പാവം കൊച്ചിനെയൊക്കെ ഇതിൽ വലിച്ചിഴക്കുന്നത്? ആ പറഞ്ഞതൊന്നുമല്ല സത്യം. ഈ മാനേജരും കൂടി അറിഞ്ഞുകൊണ്ടാണ് ഒരു കാരണവുമില്ലാതെ എന്നെ സ്കൂളിൽ നിന്നും പുറത്താക്കിയത്. അങ്ങനെ ഈ സ്കൂളിൽ നിന്നും പുറത്താകുന്ന ആദ്യത്തെയോ അവസാനത്തെയോ വിദ്യാർത്ഥിയല്ല ഞാൻ... ആണെന്ന് തോമസേട്ടന് പറയാൻ പറ്റുമോ? (തോമസേട്ടൻ അതിനു ഇല്ലെന്നു തലയാട്ടി). ഇതുപോലെ പത്തോളം കുട്ടികളെ ഈ ഒരു സ്കൂളിൽ നിന്നു തന്നെ പുറത്താക്കിയിട്ടുണ്ട്. ഈ കുട്ടികൾക്കെല്ലാം ഒരു സവിശേഷതയുണ്ട്. എന്താണന്നല്ലേ... നിങ്ങൾക്കറിയാം ഈ മാനേജ്‌മന്റ് അവരുടെ സ്കൂളുകളുടെ പരസ്യങ്ങളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന ഒരു വാചകം - 'സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനം'... അങ്ങനെ അഡ്മിഷൻ കൊടുത്ത എത്ര പേര് ഇവിടെ പഠനം പൂർത്തിയാക്കി എന്ന് കളക്ടർ സാർ അന്വേഷിച്ചു നോക്കണം. ഞാൻ ഉറപ്പിച്ചു പറയാം അതിൽ എൺപതു ശതമാനം കുട്ടികളെയും ഇവർ ഇങ്ങനെ planned reasons ഉണ്ടാക്കി സ്കൂളിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. അക്കാര്യം പറയാൻ വേണ്ടിയാണ് ഇന്നിവിടെ തോമസേട്ടൻ വന്നതും. പക്ഷെ എല്ലാം മുൻകൂട്ടി കണ്ട മാനേജർ അതുകൊണ്ടുതന്നെയാണ് അതിൽ ഇടംകോലിട്ട് എല്ലാത്തിൻ്റെയും ഉത്തരവാദിത്തം പാവം തോമസേട്ടൻ്റെ തലയിൽ കെട്ടിവെച്ചതും..." 

"സാർ, ഇതൊന്നും വിശ്വസിക്കരുത്. എന്നെ കരിവാരിത്തേക്കാൻ ഇവർ പ്ലാൻ ചെയ്ത നാടകമാണ് ഇതൊക്കെ... ഇവൻ പക്കാ ക്രിമിനൽ ആണ്...", മാനേജർ പെട്ടന്ന് ക്ഷുഭിതനായി എഴുന്നേറ്റു നിന്നു പറഞ്ഞു.

പക്ഷെ ഗിരീഷ് പറഞ്ഞുതീർന്നിരുന്നില്ല: "ഞാൻ ക്രിമിനൽ ആണെന്ന് തോന്നുന്നുണ്ടെങ്കിൽ ക്രിമിനൽ അല്ലാത്ത കുറച്ചു പേരെ കൊണ്ടുവന്നു തരാം... നിങ്ങൾ പറഞ്ഞ ഈ നാടകത്തിലെ മറ്റു അഭിനേതാക്കളെ... എന്നിട്ട് വിശ്വസിച്ചാൽ മതി"

ഗിരീഷ് തൻ്റെ ഒരു സുഹൃത്തിന് എന്തോ ആംഗ്യം കാണിച്ചു. അവൻ വേദിയിലിരിക്കുന്ന കുറച്ചുപേരെ എഴുന്നേൽപ്പിച്ചു സ്റ്റേജിലേക്ക് കൊണ്ടുവന്നു. അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് മാനേജരോടായിട്ട് ഗിരീഷ് പറഞ്ഞു: "ഒരുപാട് കാലം നിങ്ങളുടെ ഈ ചെയ്തികൾക്ക് ഇഷ്ടമായിട്ടല്ലെങ്കിലും കൂട്ടുനിന്ന പാവങ്ങളാ...  ഈ പാപത്തിൻ്റെ കറയൊക്കെ കുറച്ചെങ്കിലും കളയണമെന്നു അവർക്കും ആഗ്രഹം കാണില്ലേ..."

ശേഷം കളക്ടറുടെ നേരെ തിരിഞ്ഞു ഗിരീഷ് തുടർന്നു...

"സാർ, ഈ മാനേജരുടെ കീഴിലുള്ള ബാക്കി എല്ലാ സ്കൂളിലെയും അധ്യാപകരോ പ്യൂണുമാരോ ആണ് ഇവർ. ഇതുപോലെ എത്ര കുട്ടികളെ ഇവർ സ്കൂളിൽ നിന്നു പുറത്താക്കിയിട്ടുണ്ട് എന്നതിൻ്റെ വ്യക്തമായ കണക്ക് ഇവരുടെ കയ്യിലുണ്ട്. സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തവരിൽ വിരലിൽ എണ്ണാവുന്നവർ മാത്രമായിരിക്കും ഇവിടെയൊക്കെ അവശേഷിക്കുന്നുണ്ടാകുക. സ്കൂളിൽ നിന്നു പുറത്താക്കിയാൽ പിന്നീട് അവർക്ക് പഠനം സ്വപ്നം കാണാൻ പോലും പറ്റില്ല. ആ കുട്ടികളെ പറ്റിച്ചിട്ട് ഇവർ എന്ത് നേടി എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. ഇപ്പോഴും ഇവരുടെ വാക്കും വിശ്വസിച്ചു ഈ സ്കൂളുകളിൽ കുട്ടികളെ ചേർക്കുന്ന ഒരുപാട് രക്ഷിതാക്കളുണ്ട്. സ്വപ്നങ്ങൾ എത്തിപ്പിടിക്കാനാകാതെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ആ കുട്ടികൾക്ക് വേണ്ടിയെങ്കിലും ഇവനെപ്പോലുള്ളവർക്ക് എതിരെ അർഹമായ നടപടി എടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ് സാർ..."

ഗിരീഷ് പറയുന്നതൊന്നും വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് സദസ്സിലുള്ളവർ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്ന സൂചന ഉണ്ടായിരുന്ന കിരണിനും കൂട്ടർക്കും അതിൻ്റെ വ്യാപ്തി ഇത്രത്തോളം ആണെന്ന് അറിയില്ലായിരുന്നു. തങ്ങളുടെ പദ്ധതികൾ പൊളിഞ്ഞെങ്കിലും അതിനു മറുമരുന്നുമായി ഗിരീഷ് വന്നത് അവരെ ശെരിക്കും ത്രില്ലടിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ ശരണ്യയുടെ കൂടെ പരിപാടി കാണാൻ വന്ന നികിത മറ്റൊരു കാര്യമാണ് ശ്രദ്ധിച്ചത്. അന്ന് കെവിൻ്റെ സ്കൂളിൽ പോയപ്പോൾ കണ്ട പ്യൂൺ ഇന്ന് സ്റ്റേജിൽ വന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു!

എല്ലാം കേട്ടുനിന്ന ശേഷം കളക്ടർ ആരെയൊക്കെയോ ഫോൺ വിളിക്കുന്നുണ്ടായിരുന്നു. പല ഉദ്യോഗസ്ഥരെയും സ്കൂളിലേക്ക് വരുത്തിച്ചു. എല്ലാം വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം കിരണിനു ഉറപ്പു നൽകി. അവിടെ തടിച്ചുകൂടിയിരുന്നു മാധ്യമപ്രവർത്തകരും വിഷയം ഗൗരവമായി തന്നെ എടുത്തു. പലരുടെയും പ്രതികരണങ്ങളും തേടി. മാനേജരോട് വിഷയത്തെക്കുറിച്ചും ചോദിച്ചപ്പോൾ അവരോട് ഒന്നും പറയാതെ കാറിലേക്ക് കയറി. പോകാൻ നേരത്തു ഗിരീഷ് വന്നു ഒരു ഡയലോഗും അടിച്ചു -

"ഒരുപാട് കാലം താൻ കിടന്നു കളിച്ചില്ലേ... ഇനി ഞങ്ങൾ കളിപ്പിക്കാം... ഇവിടംകൊണ്ടു തീർന്നു എന്നൊന്നും വിചാരിക്കേണ്ട..."

____________________                ____________________


രാവിലത്തെ സംഭവത്തോടുകൂടി പരിപാടികൾ എല്ലാം അലങ്കോലമായി നിൽക്കുകയാണ്. പക്ഷെ മറുഭാഗത്തു കുറച്ചുപേർ ആഘോഷത്തിമിർപ്പിലാണ്. നമ്മുടെ ഗിരീഷിൻ്റെ ബാച്ച് തന്നെ. അപ്പുറത്തുള്ള കോലാഹലങ്ങളിലൊന്നും ശ്രദ്ധ പതിപ്പിക്കാതെ ജീവിതത്തിൽ അപൂർവ്വമായി കിട്ടുന്ന ഒരു ഒത്തുചേരൽ ആസ്വദിക്കുകയാണ് എല്ലാവരും. സ്കൂൾ ജീവിതം ഒരിക്കലും മടങ്ങിവരാൻ പോകുന്നില്ല. വരുന്നത് പക്ഷെ അതിൻ്റെ സുന്ദരമായ ഓർമ്മകൾ മാത്രമാണ്. പരസ്പരം പറയാനും പങ്കുവെക്കാനും വിശേഷങ്ങൾ ഒരുപാടുണ്ടെങ്കിലും തത്കാലം ആർക്കും അത്ര പരിചിതമല്ലാത്ത ഗിരീഷിൻ്റെ കഥ കേൾക്കുകയാണ് എല്ലാവരും...

എനിക്കറിയാം ഞാൻ നിങ്ങളോടൊന്നും അധികം അടുത്ത് ഇടപഴകിയിട്ടില്ലെന്നു. മറ്റൊന്നും കൊണ്ടല്ല, ആരോടെങ്കിലും കൂടുതൽ അടുത്തുപോകുമോ എന്നൊരു പേടി ആയിരുന്നു. എൻ്റെ കൂടെ അഞ്ചാം ക്ലാസ് മുതലുള്ള ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, പേര് കണ്ണൻ. ഞങ്ങൾ എല്ലാ കാര്യത്തിലും ഒരുമിച്ചായിരുന്നു. നമ്മൾ ഈ 'ഒരു പാത്രത്തിൽ ഉണ്ടു ഒരേ പായയിൽ കിടന്നു' എന്നൊക്കെ പറയില്ലേ... ഏതാണ്ട് അതുപോലെ തന്നെയായിരുന്നു ഞാനും അവനും. അങ്ങനെ ഒരിക്കൽ ഏഴാം ക്ലാസ്സിൽ ആയിരിക്കുമ്പോഴാണ് ആ സംഭവം. ഞങ്ങൾ ഗ്രൗണ്ടിലേക്ക് പോകും വഴി നിലത്തു ഒരു സിഗരറ്റ് ആരോ കത്തിച്ചു ഇട്ടിരിക്കുന്നത് കണ്ടു. അത് വലിച്ചു തുടങ്ങിയതുപോലും ഇല്ലെന്നാണ് എനിക്ക് തോന്നിയത്. കണ്ണൻ ഒരു കൗതുകത്തിനു അതെടുത്തു മൂത്രപ്പുരയുടെ അപ്പുറത്തു പോയി വലിച്ചു നോക്കി. കൂട്ടിനു ഞാനും ഉണ്ടായിരുന്നെങ്കിലും പേടി കാരണം ഞാൻ വലിച്ചില്ല. ഇത് കൃത്യമായി മാനേജർ കാണുകയും ചെയ്തു. ഒരുപക്ഷെ ഇത് അങ്ങേരു തന്നെ പ്ലാൻ ചെയ്തതാകും. പിന്നീടുള്ള കാര്യം പറയേണ്ടല്ലോ... അവനെ പുറത്താക്കി, എനിക്ക് ഒരു വാണിംഗ് തന്നു.

അവൻ പോയതോടെ ഞാൻ ആകെ തകർന്നു. പിന്നെ ഒന്നിനും ഒരു താല്പര്യം ഇല്ലാതായി. വീട്ടുകാരുടെ നിർബന്ധം കാരണം മാത്രം സ്കൂളിൽ വന്നു. അതുകൊണ്ടാണ് നിങ്ങളോടൊന്നും അധികം സംസാരിക്കാൻ ഞാൻ മുതിരാതിരുന്നത്. അവസാനം അത് ആ ചോദ്യപേപ്പർ വിവാദത്തിൽ കൊണ്ടെത്തിച്ചു. തോമസേട്ടൻ വിളിച്ചിട്ടാണ് ഞാൻ പോയത്. ബാക്കി കാര്യങ്ങൾ നിങ്ങൾക്ക് അറിയാമല്ലോ.

സ്കൂൾ പോക്ക് നിന്നതോടെ പിന്നെ പണത്തിനു വേണ്ടി കോളനിയിൽ അല്പസ്വല്പം ഗുണ്ടായിസവുമായിട്ടൊക്കെ നടന്നു. അവിടെ ഒരു ദാദയുണ്ടായിരുന്നു - വെട്ടുകാട് സെൽവം. പുള്ളിയുടെ കൂടെയായി എല്ലാം. പക്ഷെ പിന്നീടാണ് പുള്ളിയും മാനേജരും തമ്മിലുള്ള കള്ളക്കളികളും അതിനു കോളനിയിലെ പിള്ളേരെ കരുവാക്കുന്നതും മറ്റും ഞാൻ മനസ്സിലാക്കിയത്. അതോടെ ഞാൻ എതിർക്കാൻ തുടങ്ങി. എനിക്ക് കൂട്ടിനു കോളനിയിലെ കുറച്ചു പിള്ളേരെയും കിട്ടി. അവരുടെയൊക്കെ പ്രയത്നഫലമായി ഞങ്ങൾ സെൽവത്തെ അവിടുന്ന് ആട്ടിയോടിച്ചു. അന്ന് മുതൽ ഞാൻ അവരെല്ലാവരുടെയും കണ്ണിലെ കരടായി.

ഇന്നത്തെ ഒരു ദിവസം ഞാൻ പണ്ടുമുതലേ സ്വപ്നം കാണാൻ തുടങ്ങിയതാണ്. പക്ഷെ കോളനിക്കു പുറത്തു എനിക്ക് ഒന്നും ചെയ്യാൻ ധൈര്യം ഉണ്ടായിരുന്നില്ല. അവർ അത്രക്ക് സ്ട്രോങ്ങ് ആയിരുന്നു. നിങ്ങൾ ഞാനുമായിട്ട് ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ നിങ്ങളുടെ സുരക്ഷ ഓർത്തിട്ട് തന്നെയാണ് ഞാൻ നിങ്ങളുടെ മുമ്പിൽ വരാതിരുന്നത്. പക്ഷെ രഹസ്യമായി നിങ്ങളുടെ എല്ലാ നീക്കവും ഞാൻ അറിഞ്ഞിരുന്നു. ഒരു തോമസേട്ടൻ വിചാരിച്ചാൽ മാത്രം ഒന്നും നടക്കില്ല എന്നറിയാവുന്നതുകൊണ്ടാണ് മറ്റുള്ളവരെയും ഇവിടെയെത്തിച്ചത്. ചിലരുടെ അടുത്ത് നിങ്ങൾ ചെയ്ത പോലെ ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ്, അതുനടക്കാത്തിടത്തു ഭീക്ഷണിയും മറ്റു അടവുകളും എടുത്തു. എന്തായാലും സംഗതി നടന്നു. എല്ലാത്തിനും എനിക്ക് ആദ്യം നന്ദി പറയേണ്ടത് നിങ്ങളോടാണ്. നിങ്ങളെ ഞാൻ എൻ്റെ ക്ലാസ്സ്‌മേറ്റ്സ് ആയി അന്ന് കണ്ടില്ലെങ്കിലും നിങ്ങൾ എന്നെ മറന്നില്ല. അതിനു നന്ദിയുണ്ട്.


കിരണും ഗോപിയുമെല്ലാം ഒരുപാട് ദിവസങ്ങൾ പ്രയത്നിച്ചത് ഈ കഥകൾക്ക് വേണ്ടിയായിരുന്നു. അവസാനം അതിൽ എത്തിച്ചേർന്നതിൽ അവർക്ക് അഭിമാനിക്കാം. അവരുടെ ബാച്ചിന് പണ്ട് തോന്നാത്ത ഒരു പൂർണത ഇപ്പോൾ കൈവരിച്ച പോലെ അവർക്കു അനുഭവപ്പെട്ടു.

"അപ്പോൾ ആ കഥ കേട്ടു... പക്ഷെ ഇനി വേറൊരു കഥ ബാക്കിയുണ്ടല്ലോ..."

അജുവാണ് അക്കാര്യം പറഞ്ഞത്. 'ഇനിയെന്താണ്?' എന്ന മട്ടിൽ എല്ലാവരും അജുവിനെ നോക്കി. പക്ഷെ അവൻ്റെ നോട്ടം പോയത് വേറൊരു ആളിലേക്കാണ് - ഡെസ്‌നയിലേക്ക്!

"ആ കഥ പറയാറായിട്ടില്ല... ക്ലൈമാക്സ് ഇനിയും ബാക്കിയുണ്ട്... എന്നിട്ട് പറയാം...", ഒരു ചെറുചിരിയോടെ ഗിരീഷ് പറഞ്ഞു.

"ഞങ്ങൾ മുന്നിട്ടിറങ്ങണോ??" - ഗോപി

"ആവശ്യം വരുമ്പോൾ പറയാം..."

"ഒരു ചെറിയ കാര്യം കൂടി ചോദിക്കട്ടെ? അന്ന് ഹരിലാൽ സാറിൻ്റെ വടിയുടെ ചൂടിൽ നിന്ന് ഡെസ്‌നയെ എങ്ങനെയാ രക്ഷിച്ചത്?", ആ ഒരു സംശയം കൂടി ക്ലിയർ ചെയ്യാൻ കിരണിന് ബാക്കിയുണ്ടായിരുന്നു

"ഓഹ്... അക്കാര്യം അവൾ പറഞ്ഞിരുന്നല്ലേ... അത് സിമ്പിൾ ആയിരുന്നു. ആ ദിവസം വൈകുന്നേരം ഞാനും പോയി അടി കൊണ്ടതാണ്. ആ സമയത്തു ഉത്തരപേപ്പർ സാറിൻ്റെ മേശയുടെ ഏതു ഭാഗത്താണ് വെക്കുന്നതെന്നു നോക്കിവെച്ചു. പിന്നെ സാർ പോയ ശേഷം വന്നു അതിൻ്റെ മേലെ മഷിയൊഴിച്ചു... അത്രയേ ഒള്ളൂ..." .

"അപ്പോൾ എല്ലാവരുടെയും ശ്രദ്ധക്ക്, ഇന്ന് സ്റ്റേജിൽ വെച്ചു പ്രകാശിൻ്റെ ഒരു കവിത പരിപാടിയുടെ ലിസ്റ്റിൽ ഉണ്ടായിരുന്നു. അത് നമ്മൾ തന്നെ ചീറ്റിപ്പിച്ച സ്ഥിതിക്ക് അവനൊരു വേദി ഒരുക്കിക്കൊടുക്കൽ നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്. ആയതിനാൽ ആ കവിത അവൻ ഇവിടെ നമുക്ക് വേണ്ടി ചൊല്ലുന്നതാണ്...", ഗോപിയാണ് ആ അന്നൗൺസ്‌മെന്റ് നടത്തിയത്. കവിതക്ക് വേണ്ടി എല്ലാവരും കാതോർത്തു. 


കണക്കിലെല്ലാരും A+ വാങ്ങണം ന്ന് പറഞ്ഞ
കണാരൻ മാഷ്ടെ ക്ലാസിലിര്ന്ന്
കള്ളനും പോലീസും കളിച്ച
കുസൃതിക്കൂട്ടത്തെ ഓർമ്മയുണ്ടോ..?

പല്ലിയെപ്പേടിച്ച് പുരപ്പുറത്തൊളിച്ച
പത്ത് ബി യിലെ ആമിനയിപ്പോ
പല്ലു ഡോക്ടറായ കഥ
പാർവ്വതി ടീച്ചർടെ ചരിത്ര പുസ്തകത്തിലാരെങ്കിലും
എഴുതിച്ചേർത്തിട്ട്ണ്ടാവൊ..?

എട്ട്  എയിലെ പെൺകുട്ടികൾടെ സംഘഗാനത്തിന്
നിർത്താത കൂവിയ സുഹൈലും സുബൈറും
അന്ന് പാട്ട് മാഷ് പറഞ്ഞപോലെ
പൊന്നാനി കടപ്പൊറത്ത് 
രമണനും മൊതലാളീം ആയി വിലസുന്ന്ണ്ടാവൊ?

ഇൻ്റർവൽ സമയത്ത് ജനലരികത്തിര്ന്ന്
കണ്ണും കയ്യും കൊണ്ട് 
കഥ പറഞ്ഞവരാരൊക്കെയോ
വാട്ട്സാപ്പിലും  മെസ്സെഞ്ചറിലും 
സുഖമാണോ എന്നതിനപ്പുറം 
ചോദ്യോത്തരങ്ങളില്ലാതെ 
നെടുവീർപ്പിടുന്നുണ്ടാവില്ലെ..

എത്രയെത്ര 
അന്വേഷണങ്ങളാണല്ലെ
എല്ലാവരും സൗകര്യ പൂർവം 
മാറ്റിവെക്കുന്നത്.
ഒന്നോർത്താൽ
മുകളിലോട്ടങ്ങനെ 
പറന്ന് പൊങ്ങുമ്പോ
തിരിഞ്ഞു നോക്കാൻ 
സമയമില്ലെന്ന് നടിക്കുന്ന 
പുക തന്നെയാവുന്നുണ്ടല്ലെ  ഇപ്പൊ നമ്മളും!!..


എല്ലാം കഴിഞ്ഞപ്പോഴാണ് ശരണ്യ അക്കാര്യം ഓർത്തത്. നികിത എവിടെ?!

________________________________________


12


ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ ഓഫീസിൽ ആണ് നികിതയും ദീപയും.

"അപ്പോൾ നിങ്ങൾ പറഞ്ഞുവന്നത് മെഡോണ ഇംഗ്ലീഷ് സ്കൂൾ ടീമിൻ്റെ മാനേജർ, ഇന്നലെ ഉണ്ടായ എല്ലാ വിവാദങ്ങളുടെയും കേന്ദ്രബിന്ദു, വർഗ്ഗീസ് തെക്കോടന് Black Eagles മാഫിയയുമായി ബന്ധമുണ്ടെന്നാണോ?", നികിതയുടെ അങ്കിളാണ് ചോദിച്ചത്.

"ഡയറക്റ്റ് ഇൻവോൾവ്മെന്റ് ഉണ്ടോയെന്ന് അറിയില്ല... പക്ഷെ റിലേറ്റഡ് ആണ്. സാമ്പത്തിക ലാഭത്തിനു വേണ്ടിമാത്രമാണ് അവർ കുട്ടികളെ പുറത്താക്കുന്നതെന്നു കരുതാൻ പറ്റില്ല.  ഇന്നലെ അത് പുറത്തുകൊണ്ടുവന്ന ഗിരീഷിൻ്റെ കേസ് തന്നെ എടുത്താൽ അക്കാര്യം മനസ്സിലാകും. പബ്ലിക് എക്സാം അടുത്ത സമയത്താണ് അവനെ പുറത്താക്കിയത്. അതുകൊണ്ട് അധികം ലാഭമൊന്നും ഇല്ല. ഒരു എക്സാം ഫീ ലാഭിക്കാൻ വേണ്ടി മാത്രം അവരതു ചെയ്യില്ലല്ലോ. മാത്രമല്ല ഇതേ രീതിയിൽ തന്നെയാണ് അവർ കെവിനെയും പുറത്താക്കിയത്. കെവിൻ എത്തിപ്പെട്ടത് ഈ മാഫിയ സംഗത്തിലും. മാഫിയ ടീമിന് വേണ്ടത് ഇവിടെ ഒരു ബേസ് ഉണ്ടാക്കുക എന്നതല്ലേ. സത്യത്തിൽ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് വെച്ചാൽ സ്കൂളുകളിൽ നിന്ന് dropout ആകുന്നതുവഴി ഈ കുട്ടികൾ മാനസികമായി തളരും. Financial stability ഇല്ലാത്ത കുടുംബം ആയതിനാൽ ആര് അവർക്കു നല്ലൊരു ജീവിതം വെച്ച് നീട്ടുന്നുവോ അതിൽ പിടിച്ചങ്ങു കയറും. അതിലെ ശെരിയെയും തെറ്റിനെയും കുറിച്ചൊന്നും അവർ ആലോചിക്കില്ല. അത് തന്നെയാണ് മാഫിയ ടീമിന് വേണ്ടതും. അതുകൊണ്ട് ഇതെല്ലം റിലേറ്റഡ് ആണെന്നതിൽ സംശയം വേണ്ട... മാത്രമല്ല, ഇവർക്ക് വേണ്ടി എല്ലാ സഹായവും ചെയ്തിരുന്ന വെട്ടുകാട് സെൽവം മാനേജരുമായിട്ട് അടുത്ത് ബന്ധമുള്ള ആളാണ്. സെൽവത്തെ അറസ്റ്റ് ചെയ്ത സ്ഥിതിക്ക് നിങ്ങൾക്ക് മാനേജരെ ചോദ്യം ചെയ്യാവുന്നതാണ്.", ദീപയാണ് ഇത്രയും വിശദീകരിച്ചത്.

"പക്ഷെ മാനേജരെ ഇപ്പോൾ കസ്റ്റഡിയിൽ എടുക്കുന്നത് റിസ്ക് ആണ്. കാരണം സെൽവത്തെ അറസ്റ്റ് ചെയ്തത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഞാൻ നേരത്തെ പറഞ്ഞല്ലോ, ആയുധങ്ങളുമായി ഇന്ന് രാത്രി അവരുടെ ആദ്യ ഷിപ്മെന്റ് ഇന്നീ തുറമുഖത്തെത്തും എന്ന്. അത് എത്തുമ്പോൾ അറ്റാക്ക് ചെയ്യാനാണ് പ്ലാൻ. പൊലീസിലെ കമാൻഡോ വിഭാഗം നേരിട്ട് നടത്തുന്ന ഓപ്പറേഷൻ ആണ്. വളരെ കുറച്ചു പേർക്ക് മാത്രമേ ഇക്കാര്യം അറിയൂ. കാരണം അവർക്ക് എവിടെയൊക്കെ സ്വാധീനം ഉണ്ടെന്നു നമുക്കറിയില്ലല്ലോ. ഇന്നത്തെ അറ്റാക്കോടെ അവരുടെ അടിവേര് പിഴുതെറിയാണ് നമ്മെക്കൊണ്ട് സാധിക്കും...", സാർ വിശദീകരിച്ചു.

"പക്ഷെ മാനേജരെ വെറുതെ വിടുന്നത് അപകടമല്ലേ... അദ്ദേഹത്തിന് ഡയറക്റ്റ് ഇൻവോൾവ്മെന്റ് ഉണ്ടെങ്കിലോ?", നികിതക്കാണ് സംശയം.

"അതിനു വെറുതെ വിടുന്നില്ലല്ലോ... ഈ ആരോപണങ്ങൾ എല്ലാം ഉള്ള സ്ഥിതിക്ക് പുള്ളിയെ കസ്റ്റഡിയിൽ എടുത്താൽ അതൊരു വാർത്തയാകും. അത് ആ മാഫിയ ടീം അറിഞ്ഞു അവരുടെ ഷിപ്മെന്റ് ക്യാൻസൽ ചെയ്താലോ? അതുകൊണ്ട് ഞാൻ പ്ലാൻ ചെയ്യുന്നത് അദ്ദേഹത്തെ വീട്ടുതടങ്കലിൽ വെക്കാനാണ്. വീടിനുചുറ്റും മഫ്തിയിൽ പോലീസ് നിരീക്ഷിക്കുന്നുണ്ടാകും. വീട്ടിലെയും പരിസരത്തെയും നെറ്റ്‌വർക്ക് കോവേജ് എല്ലാം disconnect ചെയ്യും. ഇന്ന് രാത്രി ചുമ്മാ വീട്ടിലിരിക്കുക എന്നല്ലാതെ ഒന്നും ചെയ്യാൻ അയാൾക്ക് അവസരം ഉണ്ടാകില്ല. ഇത്രയും വലിയ ഓപ്പറേഷന് മുന്നിട്ടിറങ്ങുന്ന സ്ഥിതിക്ക് ഈ വീട്ടുതടങ്കലിനുള്ള ഓർഡർ കിട്ടാൻ വലിയ ബുദ്ധിമുട്ടുമില്ല. പിന്നെ ഇന്നത്തെ പ്ലാൻ success ആയാൽ പിന്നെ കേസ് NIA കൊണ്ടുപോകും. ബാക്കി അവർ നോക്കിക്കോളും", അങ്കിൾ കാര്യങ്ങൾ വിശദീകരിച്ചു.

"കേസ് NIA ഏറ്റെടുക്കുമോ?", നികിതക്ക് സംശയം.

"ഉറപ്പല്ലേ... This is actually terrorism. It's a big deal. They have to... മാത്രമല്ല മിസ് ദീപയോട് ഒന്നുകൂടി നന്ദി പറയുകയാണ്. നിങ്ങൾക്കും നിങ്ങളുടെ പത്രത്തിനും ഷൈൻ ചെയ്യാവുന്ന ഒരു ഇഷ്യൂ അതിന്റെ സെന്സിറ്റിവിറ്റി മനസ്സിലാക്കി ഞങ്ങളോട് സഹകരിച്ചതിന്"

"This is also part of my job. ഇന്നത്തെ ഓപ്പറേഷൻ കഴിഞ്ഞാൽ ഈ കേസിൻ്റെ എല്ലാ ഡീറ്റൈൽസും തരുമെന്ന് ഞങ്ങൾക്ക് വാക്കു തന്നിരുന്നു. അത് മറക്കാതിരുന്നാൽ മതി. ഈ സ്റ്റോറി ആണ് ഇപ്പോൾ എൻ്റെ ലൈഫ്", ദീപക്ക് അക്കാര്യം ഒന്നുകൂടി ഉറപ്പിക്കണമായിരുന്നു.

"Don't worry. You will get it definitely"

നികിത കുറച്ചു നേരമായിട്ട് എന്തോ ആലോചിക്കുന്നുണ്ടായിരുന്നു. ഒടുവിൽ അവൾ ആ ചോദ്യം ചോദിച്ചു:

"ഞാനൊരു കാര്യം ചോദിച്ചോട്ടെ. ദയവു ചെയ്തു 'നോ' എന്ന് പറയരുത്. എനിക്കിന്ന് മാനേജറിനെ ഒന്നു കാണാൻ അവസരം തരുമോ? കേസ് NIA ഒക്കെ കൊണ്ടുപോയാൽ പിന്നീട് എനിക്ക് ആ അവസരം കിട്ടിയെന്നു വരില്ല. Please?"

____________________                ____________________


മാനേജർ വർഗ്ഗീസ് തെക്കോടൻ്റെ ബംഗ്ളാവ്. മാനേജരും ഭാര്യയും മക്കളും ഡ്രൈവറും മറ്റുവേലക്കാരുമെല്ലാം വീടിനകത്തെ തന്നെയാണ്. വീടിനു ചുറ്റും മഫ്തിയിൽ പോലീസും ഉണ്ട്. മാനേജരുടെ ജീവിതത്തിൽ ഇങ്ങനെ ഒരു സിറ്റുവേഷൻ ആദ്യമായിട്ടാണെന്നു തോന്നുന്നു. അതിൻ്റെയൊരു വിഷമം ആ മുഖത്ത് നിന്ന് എളുപ്പം വായിച്ചറിയാനാവും. ഈ സമയത്താണ് നികിതയുടെ കടന്നു വരവും കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്ന് പറയുന്നത്. അതിന് സമ്മതിക്കുകയല്ലാതെ മാനേജർക്ക് വേറെ വഴിയില്ലായിരുന്നു.

"നിങ്ങൾ ഈ 'rock-paper-scissor' എന്ന് പറഞ്ഞ ഗെയിമിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? ചെറുപ്പത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗെയിം ആയിരുന്നു. ഞാനും എൻ്റെ കെവിനും ഒരുപാട് സമയം അത് കളിച്ചിരുന്നിട്ടുണ്ട്. ചില സമയത്തു എനിക്ക് തോന്നാറുണ്ട് ജീവിതവും അങ്ങനെത്തന്നെയാണെന്നു. ആരും ഒന്നിനും മേലെയല്ലെന്നു അത് ഓർമ്മിപ്പിക്കും. Actually it is a cycle. അതുകൊണ്ടാണല്ലോ ഒരു കത്രിക വെച്ച് ഒരുപാട് പേരുടെ ജീവിതം വെട്ടിക്കളഞ്ഞ നിങ്ങളുടെ മുകളിൽ ഒരു റോക്ക് വന്നു എല്ലാം തകർത്തത്"

ഒരു തർക്കത്തിനോ വാദപ്രതിവാദത്തിനോ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല മാനേജർ.

"നിങ്ങൾ ആരാ? എനിക്ക് നിങ്ങളെയോ കെവിനെയോ ഒന്നും അറിയില്ല... എന്നെ എൻ്റെ വഴിക്ക് വിടൂ..."

"നിങ്ങളുടെ വഴിക്ക് വിടണം അല്ലെ... അതുതന്നെയാണ് പ്രശ്നം... മറ്റുള്ളവരെയും അവരുടെ വഴിക്ക് നിങ്ങൾക്ക് വിടാമായിരുന്നു... പക്ഷെ നിങ്ങൾക്ക് നിങ്ങളുടെ വഴിയായിരുന്നു പ്രധാനം... മറ്റുള്ളവരുടെ എച്ചില് കഴുകി സ്വന്തം മകനെ പോറ്റിയ ഒരമ്മയുണ്ടായിരുന്നു... കെവിൻ്റെ അമ്മ... മകൻ ഭാവിയിൽ തന്നെ പോറ്റുന്നതും സ്വപ്നം കണ്ടുറങ്ങിയിരുന്ന ഒരമ്മ... അവരെ നിങ്ങൾ ജീവിക്കാൻ വിട്ടില്ല... പകരം അവരോട് നിങ്ങൾ ചെയ്തതോ... നിങ്ങൾ അവരെ ഒരു ക്രിമിനലിൻ്റെ അമ്മയാക്കി... ഒരു ക്രിമിനൽ എൻ്റെ ഉറ്റകൂട്ടുകാരൻ ആകുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല... but thankz to you, I am friend of a criminal... oh sorry... തെറ്റുപറ്റി... ക്രിമിനൽ എന്നല്ല, ഒരു തീവ്രവാദി എന്നാണ് കറക്റ്റ് വാക്ക്".

"മോളെ ഞാൻ ചെയ്ത തെറ്റ് എനിക്ക് നല്ലവണ്ണം അറിയാം... പക്ഷെ ഈ തീവ്രവാദമായിട്ടൊന്നും എനിക്ക് ഒരു വിധത്തിലുള്ള ബന്ധവുമില്ല... എനിക്കെങ്ങനെ അതൊക്കെ ചെയ്യാൻ പറ്റുക..."

എന്നും പ്രൗഢിയോടെയും അഹങ്കാരത്തോടെയും മാത്രം നടന്നിരുന്ന, നിർദ്ദേശങ്ങൾ മാത്രം കൊടുത്തു ശീലിച്ചിരുന്ന, ആ മനുഷ്യൻ്റെ ഇപ്പോഴത്തെ വാക്കുകൾ കേട്ടാൽ തന്നെ അറിയാം ശാരീരികമായും മാനസികമായും തകർന്നിരിക്കാണെന്ന്. പക്ഷെ നികിത പറഞ്ഞു തീർന്നിട്ടില്ലായിരുന്നു.

"ആയിരിക്കാം പക്ഷെ പറഞ്ഞിട്ട് കാര്യമില്ല മിസ്റ്റർ... ഞാൻ പറഞ്ഞല്ലോ... it is a cycle... തീവ്രവാദിയുടെ അച്ഛൻ, തീവ്രവാദിയുടെ അമ്മ, തീവ്രവാദിയുടെ ഭാര്യ, തീവ്രവാദിയുടെ മക്കൾ എന്നൊക്കെ അറിയപ്പെടാനാ നിങ്ങളുടെ കുടുംബത്തിന് വിധി... ബാക്കി ബന്ധുക്കളെ നോക്കേണ്ട... അവരാരും ഇനി നിങ്ങളെ മൈൻഡ് ചെയ്യാൻ പോകുന്നില്ല"

നികിതയുടെ ഓരോ വാക്കുകളും മാനേജരുടെ ഞെഞ്ചിലേക്ക് ഒരു കത്തി കുത്തിയിറക്കുന്ന പോലെയായിരുന്നു. അത് തന്നെയാണ് അവൾ ഉദ്ദേശിച്ചതും. കെവിന് വേണ്ടി അത്രയെങ്കിലും താൻ ചെയ്യണമെന്ന് അവൾക്കു തോന്നിക്കാണും. പോകാൻ നേരത്തു അവൾ അവസാനമായി ഒരു കാര്യം കൂടി പറഞ്ഞു"

"വേണമെങ്കിൽ ഒരു സൈക്കോളജിസ്റ് എന്ന നിലക്ക് ഞാൻ നിങ്ങൾക്കൊരു free advice തരാം... (അതും പറഞ്ഞു അവൾ അയാളുടെ അടുത്തേക്ക് പോയി. ചെവിയിൽ സ്വകാര്യമായി പറഞ്ഞു) ഇങ്ങനെ ഒരു ശവമായി കഴിയുന്നതിലും നല്ലതു പോയി ചാകുന്നതാണ് മിസ്റ്റർ..."

____________________                ____________________


"ഇനി എന്നാ ഇങ്ങോട്ടൊക്കെ ഉണ്ടാവുക?"

കയ്പ്പേറിയ ഓർമ്മകൾ ഒത്തിരി നൽകിയ ഈ മണ്ണിൽ നികിത ഇനി കാലു കുത്തുമോ എന്നൊരു ശങ്കയാവാം ഇന്റർനാഷൻ departure കവാടത്തിനു മുന്നിൽ വെച്ച് ആ ഒരു ചോദ്യം ശരണ്യക്ക് ചോദിയ്ക്കാൻ തോന്നിയത്. ദീപയുടെ കൂടെ നികിതയെ യാത്രയാക്കാൻ വന്നതായിരുന്നു അവൾ.

"ഒന്നും പറയാൻ പറ്റില്ല. വരും, വരാതിരിക്കാൻ കഴിയില്ല"

നികിതയുടെ മറുപടി ഇതായിരുന്നു. അവളുടെ ജീവിതത്തിലെ ഏറ്റവും മധുരമൂറും ദിനങ്ങളും സമ്മാനിച്ചത് ഈ മണ്ണ് തന്നെയാണല്ലോ. അവരോട് യാത്രപറഞ്ഞു ടെർമിനലിൻ്റെ അകത്തേക്ക് പ്രവേശിച്ചു. ബോർഡിങ് പാസ്, എമിഗ്രേഷൻ, സെക്യൂരിറ്റി ചെക്ക് എല്ലാം കഴിഞ്ഞു ഗേറ്റിനു മുന്നിൽ വെയ്റ്റിംഗ് ലോഞ്ചിൽ എത്തി. അപ്പോഴാണ് അവിടെ ഇരിക്കുന്ന ഒരാളെ ശ്രദ്ധിച്ചത്. കണ്ടു നല്ല പരിചയമുള്ള മുഖം. അത് മറ്റാരുമല്ല, നമ്മുടെ കിരൺ. ആള് പത്രം വായനയിലാണ്. കയ്യിലിരിക്കുന്നത് മുംബൈ മിററിൻ്റെ സ്പെഷ്യൽ എഡിഷൻ ആണ്. Black Eagles ഇന്ത്യൻ വിങ്ങിൻ്റെ പതനത്തെക്കുറിച്ചും മെഡോണ ഇംഗ്ലീഷ് സ്കൂൾ മാനേജരുടെ ആത്മഹത്യയെക്കുറിച്ചെല്ലാം വ്യക്തമായി വിവരിക്കുന്ന ദീപയുടെ സ്റ്റോറി ആണ് വായിക്കുന്നത്.

"ഹലോ... മിസ്റ്റർ...", കിരണിൻ്റെ ചുമലിൽ തട്ടി അവൾ വിളിച്ചു.

"ഹായ്... നികിത... നീ ഇന്നാണോ പോകുന്നത്?", ആദ്യമൊന്നു ഞെട്ടിയെങ്കിലും കിരൺ പത്രമൊക്കെ മാറ്റിവെച്ചു അവളോട് തൊട്ടടുത്തു ഇരിക്കാൻ ആംഗ്യം കാണിച്ചു.

"ഞാൻ ഇന്നാണെന്നു ആദ്യമേ പറഞ്ഞിരുന്നല്ലോ... ഇയാൾ നെക്സ്റ്റ് വീക്ക് പോകും എന്നാണല്ലോ കേട്ടത്", ലഗ്ഗേജ് മാറ്റി നികിത തൊട്ടടുത്തിരുന്നുകൊണ്ടു പറഞ്ഞു.

"ഒരു എമർജൻസി ഉണ്ടായി... അപ്പോൾ ഹോസ്പിറ്റലിൽ നിന്ന് വേഗം ജോയിൻ ചെയ്യാൻ പറഞ്ഞു. അതുകൊണ്ട് യാത്ര prepone ചെയ്തു", കിരണിൻ്റെ മറുപടി.

"ഏതാ ഫ്ലൈറ്റ്? യുണൈറ്റഡ്‌ എയർലൈൻസ് തന്നെയാണോ?"

"അതെ... ഇയാളും അത് തന്നെയാണല്ലേ... നന്നായി, ഞാനും ബോറടിച്ചിരിക്കയിരുന്നു. മുംബൈ മിററിലെ ഈ സ്റ്റോറി ഇന്നലെ വായിച്ചതാ... എന്നാലും പിന്നെയും വായിക്കാൻ തോന്നുന്നു..."

"ഞാനും അത് മിനിമം അഞ്ചു തവണയെങ്കിലും വായിച്ചുകാണും... നമ്മുടെ ഫ്രണ്ട്സിനു വേണ്ടിയാണ് നാം ഇറങ്ങിത്തിരിച്ചത്. പക്ഷെ അത് ഒടുവിൽ ഇത്രയൊക്കെ ആകുമെന്ന് ആരാ വിചാരിച്ചത്. പിന്നെ, ഫാമിലി ഒക്കെ അവിടെ settled അല്ലേ... ഇനി ഇങ്ങോട്ട് വരവുണ്ടാകുമോ?", നികിതയുടെ ചോദ്യം.

"എന്തുചെയ്യാനാ... ഒരുവേള ഈ മണ്ണിൽ ഇനി കാലുകുത്തില്ലെന്നൊക്കെ ഉറപ്പിച്ചതായിരുന്ന. പക്ഷെ വിധി ഇപ്പോൾ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. വരണം, വരാതിരിക്കാൻ കഴിയില്ല. ഗിരീഷിൻ്റെയും ഡെസ്‌നയുടെയും കല്യാണത്തിന് വരുമെന്ന് സത്യം ചെയ്യിപ്പിച്ചാണ് എന്നെ വിട്ടത്", ഒരു ചിരിയോടെ കിരൺ മറുപടി നൽകി.

"എനിക്കും അങ്ങനെത്തന്നെയാ... അത് ഈ മണ്ണിൻ്റെ ഒരു പ്രത്യേകത ആണെന്ന് തോന്നുന്നു. ഒരു തവണ വന്നാൽ അതങ്ങ് നെഞ്ചോട് ചേർക്കും, പിന്നെ വീണ്ടും വീണ്ടും മാടിവിളിച്ചോണ്ടിരിക്കും..."

അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഫ്ലൈറ്റിൻ്റെ അന്നൗൺസ്‌മെന്റ് വന്നു. ലഗ്ഗേജ് എല്ലാം എടുത്തു അവർ ഗെയ്റ്റിലേക്ക് നടന്നു...


____________________END____________________


Comments