റെക്കോർഡുകൾക്ക് ചിറകുമുളച്ചകാലം


പ്ലസ് റ്റു പഠനകാലം. മൊറയൂർ സ്കൂളിൻ്റെ ഗ്രൗണ്ടിനോട് ചേർന്നുള്ള കെട്ടിടത്തിൻ്റെ ഏറ്റവും മുകളിലെ നിലയിലായിരുന്നു ഹയർ സെക്കണ്ടറി ബ്ലോക്ക് (ഇന്നവിടെ പുതിയൊരു കെട്ടിടം വന്നിട്ടുണ്ട്). അതുകൊണ്ടു തന്നെ സദാസമയവും നല്ല കാറ്റായിരിക്കും. താഴെയുള്ള സ്കൂൾ കുട്ടികൾ ചില സമയങ്ങളിൽ ഒരു വിചിത്രമായ കാഴ്ച കാണും - മുകളിലെ സ്റ്റാഫ് റൂമിൽ നിന്ന് ലാബ് റെക്കോർഡുകൾ താഴേക്ക് പറന്നു വരുന്നത്. ആദ്യമൊക്കെ അത്ഭുതപ്പെടുത്തിയതും പിന്നീട് സ്ഥിരമായതുമായ ഒരു കാഴ്ച. ഇതുപോലെ വ്യത്യസ്തമായ പലതരം കാര്യങ്ങൾ ആ ബ്ലോക്കിൽ നടക്കാറുണ്ട്. ഒരിക്കൽ തൊട്ടടുത്ത കോമേഴ്‌സിലെ ഫ്രണ്ട്‌സ് ചോദിക്കുന്നുണ്ടായിരുന്നു - "നിങ്ങളുടെ ക്ലാസ്സിൽ നിന്ന് സൂരജ് സർ എപ്പോൾ ഇറങ്ങിയാലും കുറേയെണ്ണം വാലുപോലെ ബുക്കും പിടിച്ചു പിറകേ ഓടുന്നത് കാണാലോ... എന്താ സംഭവം?"

ഇതൊക്കെ എന്താണെന്നറിയണമെങ്കിൽ S2 എന്താണെന്നറിയണം, സൂരജ് സർ ആരാണെന്നറിയണം, ഫിസിക്സ് ലാബ് എങ്ങനെയായിരുന്നെന്നറിയണം, റെക്കോർഡ് ബുക്കിൻ്റെ മഹത്വമറിയണം, എല്ലാറ്റിനുമുപരി അതിൽ സൈൻ മേടിക്കുന്നതിൻ്റെ കഷ്ടപ്പാടുകളെക്കുറിച്ചറിയണം. അധികം കാടു കയറുന്നില്ല, പറഞ്ഞുവരുന്നത് ഫിസിക്സ് ലാബിൻ്റെ കാര്യമാണ്. ലാബ് ചെയ്യുന്നതല്ല പ്രശ്നം, മറിച്ചു അതിനു ശേഷം ഒബ്സെർവഷൻ ബുക്കിലും റെക്കോർഡ് ബുക്കിലുമൊക്കെയായി ഏകദേശം നാല്പതിനടുത്തു സൂരജ് സാറിൻ്റെ സൈൻ വാങ്ങിക്കുക എന്ന വലിയ കടമ്പയാണ്. ഇന്നും പ്ലസ് റ്റു ലൈഫിനെക്കുറിച്ചു ഓർക്കുമ്പോൾ ചിരിക്കാൻ ഒരുപാട് വക തരുന്ന ഒന്ന്. വിചാരിക്കുന്ന അത്ര സിമ്പിൾ ആയിരുന്നില്ല കാര്യങ്ങൾ. മര്യാദക്ക് തെറ്റുകൂടാതെ experiment ചെയ്തു, വൃത്തിയായി എഴുതി, തെറ്റില്ലെന്ന് ഉറപ്പുവരുത്തി പോയാൽ മാത്രം പോര, അവിടുത്തെ മൂഡും ശെരിയാകണം - ഭാഗ്യവും വേണമെന്നർത്ഥം!

തല്ലു കൊള്ളിക്കാനോ സൈൻ നിരസിക്കാനോ തക്കതായ കാരണം കിട്ടാൻ ഒരു പ്രയാസവുമില്ല, ഒരുപാടുണ്ട്. അതിൽ ആദ്യത്തേതും വളരെ പ്രധാനിയുമായ വില്ലനാണ് യൂണിറ്റുകൾ. നമ്മളറിയാതെ നമുക്കിട്ട് പണിയുന്നവർ. ആറ്റുനോറ്റു കാത്തിരുന്ന് ഒരവസരം കിട്ടീട്ട് ആ ഒരൊറ്റ അക്ഷരം കാരണം നീണ്ട ക്യൂവിൽ വീണ്ടും പിന്നിൽ നിൽക്കേണ്ട അവസ്ഥ. അവ മാറിപ്പോയാൽ കിട്ടുന്ന അടിയുടെ കണക്ക് വേറെ. ഒരിക്കൽ റെക്കോർഡിൽ P = 200 & Q = 150 എന്നു മാത്രം എഴുതിയപ്പോൾ സാറിൻ്റെ ചോദ്യം ഇതായിരുന്നു - "ഇതെന്താ P? പുളിങ്ങാങ്കുരോ??", വടി എടുക്കുന്നതിനു മുമ്പേ ഓടി രക്ഷപ്പെട്ടു. യൂണിറ്റ് ഇല്ലാതെ പോയാൽ കിട്ടുന്ന പുളിങ്കുരുവിൻ്റെയും അടക്കാപ്പഴത്തിൻ്റെയും ഒക്കെ എണ്ണമെടുത്തു ഓടേണ്ടിവരും, പറന്നകലുന്ന റെക്കോർഡുകൾക്ക് പിറകേ...

 ആദ്യത്തെ സൈനിങ്ങിനു വല്ലാത്തൊരു പ്രാധാന്യമുണ്ട്. കാരണം "എത്രയെണ്ണം കിട്ടി?" എന്ന സൂരജ് സാറിൻ്റെ ചോദ്യം അവിടെയാണ് പ്രസക്തമാവുക. ആ സമയത്ത് വിനയത്തിൻ്റെ മകുടോദാഹരണമാകണം, പ്രത്യേകിച്ച് നമ്മൾ അല്പം ലേറ്റ് ആയിട്ടാണ് കാണിക്കുന്നതെങ്കിൽ. ക്ലാസ്സിലെ നാലഞ്ചു പേർ ഒരിക്കൽ ആദ്യ സൈൻ മേടിക്കാൻ പോയി, ബാക്കിയുള്ളവർ എല്ലാം മിനിമം അഞ്ചെണ്ണമെങ്കിലും തീർന്ന നേരത്താണെന്നോർക്കാം. ഓരോരുത്തരുടെയും നേരെ എത്രയെണ്ണം കിട്ടിയെന്ന ചോദ്യം വന്നു. ആദ്യത്തെ നാല് പേർക്കും ഒരേ മറുപടി - "ഒറ്റൊന്നുമില്ല". സാറിൻ്റെ മുഖത്തു ഭാവമാറ്റമൊന്നും കാണാത്തതുകൊണ്ട് ലാസ്റ്റിലെ ആള് ഡയലോഗ് ഒന്നു മാറ്റിപ്പിടിച്ചു - "ഫസ്റ്ത്തതാണ്". സാറിനത്ര പിടിച്ചില്ലെന്ന്‌ തോന്നുന്നു. കൂട്ടത്തിൽ ഏറ്റവും കിട്ടിയത് അവനാണെന്നാ കേട്ടത്.

സൈൻ വാങ്ങിക്കുന്നത് ഒരു കോമ്പറ്റിഷൻ ഐറ്റമായും ചിലപ്പോൾ തോന്നാറുണ്ട്. മത്സരിച്ചേ പറ്റൂ, അതിനു ഒന്നും ഒരു excuse അല്ല. ചിലർ ഒന്നാമതെത്തും, മറ്റുചിലർ ഒരു മീഡിയം പേസിൽ പോകും, വേറെ ചിലർക്കാണെങ്കിൽ ഫിനിഷ് ചെയ്യാൻ പോലും സാധിക്കാറില്ല. ഒരിക്കൽ ഒരു PT പീരിയഡിൽ 'ഗ്രൗണ്ടിൽ പോകട്ടേ'യെന്നു ചോദിച്ചപ്പോൾ 'റെക്കോർഡിൽ പതിനഞ്ചു സൈൻ വാങ്ങിച്ചവർ മാത്രം പൊയ്‌ക്കോളൂ' എന്നായിരുന്നു മറുപടി. അന്ന് ഒരാൾ ഒറ്റയ്ക്ക് ഗ്രൗണ്ടിൽ പോയി!!

നേരത്തേ പറഞ്ഞില്ലേ, എല്ലാം ഒരു ഭാഗ്യം പോലെയാണ്. 'നമ്മുടെ ടൈം' അത് പ്രധാനപ്പെട്ട ഘടകമാണ്. അതുപോലെ തന്നെയാണ് സാർ സൈൻ ഇട്ടു കൊടുക്കുന്നുണ്ടെന്ന വിവരം അറിയലും. ന്യൂസ് പലവിധത്തിലാണ് ഫ്ലാഷ് ആവുക. കൂടുതൽ ആൾക്കാർ അറിയുന്നതിനുമുമ്പ് പോയി സൈൻ മേടിക്കണം. ആൾക്കാരുടെ എണ്ണം കൂടിയാൽ സാർ പെട്ടന്ന് നിർത്തിപ്പോകും. ഒരിക്കൽ ഒരുത്തൻ (എല്ലായിടത്തും ഈ 'ഒരുത്തനേ' കാണൂ... ആരുടേയും പേര് പറയാൻ ഉദ്ദേശിക്കുന്നില്ല, അതാ നല്ലത്!!) സൂരജ് സർ പ്രിൻസിപ്പലിൻ്റെ റൂമിലിരുന്ന് സൈൻ തരുന്നുണ്ടെന്ന് അറിഞ്ഞു. റെക്കോർഡ് എടുത്തു ഹയർ സെക്കൻഡറി ബ്ലോക്കിൽ നിന്ന് താഴേക്ക് ഓടി. അപ്പോഴേക്കും ഏകദേശം തീർന്നിരുന്നു. വാതിൽക്കൽ എത്തിയപ്പോൾ അവനെ കണ്ടു സൂരജ് സാർ പറഞ്ഞു, "ചെരുപ്പഴിക്കേണ്ട, ഞാനങ്ങോട്ട് വന്ന് ഇട്ടു തരാം". അവന് സമാധാനമായി, അവിടെത്തന്നെ നിന്നു. സാർ പുറത്തു വന്നു വാതിൽ പൂട്ടിയിട്ടു പറഞ്ഞു, "നാളെ വീട്ടിൽ വന്നു ഇട്ടു തരാം". (പാവം 😅)

ഭാഗ്യവും ക്ഷമയും മറ്റു ആവശ്യഘടകങ്ങളൊന്നും കൂട്ടിനില്ലാത്തവർ ചില വളഞ്ഞ വഴി പരീക്ഷിക്കാനും മടിച്ചില്ല. അഥവാ കള്ളൊപ്പ്  ഇടുന്ന കാര്യവും തകൃതി ആയിരുന്നു എന്നർത്ഥം. അതിൽ വിജയിച്ചവരും പരാജയപ്പെട്ടവരും ഉണ്ട്. ഒരിക്കൽ ഫിസിക്സ് ക്ലാസ് എടുക്കുന്നതിനിടയിൽ എൻ്റെ കൂട്ടുകാരൻ്റെ ഒരു ബുക്ക് എടുത്തു സാർ വെറുതെ മറിച്ചുനോക്കി. അതിൽ അവൻ ആരുടെയോ ഒപ്പിട്ടു പരിശീലിച്ചത് കാണാം. ഒപ്പ് ആരുടേതാണെന്ന ചോദ്യത്തിന് 'ഉപ്പയുടേത്' എന്നായിരുന്നു മറുപടി. ഒരു ചിരിയോടെ സാർ അടുത്ത പേജ് മറിച്ചു - അവിടെ കണ്ടത് സാറിൻ്റെ ഒപ്പിട്ടു പരിശീലിച്ചത്  ആയിരുന്നു - "ഇത് നിൻ്റെ ഉപ്പൂപ്പാൻ്റെ ഒപ്പായിരിക്കും, അല്ലേ?" അവനൊന്നും മിണ്ടിയില്ല. പണി കിട്ടുമെന്ന് ഉറപ്പായി. പക്ഷെ അവൻ പേടിച്ച പോലെ ഒന്നും നടന്നില്ല, ഒരൊറ്റ ഡയലോഗിൽ ഒതുക്കി - "പെറ്റമ്മയ്ക്കണോ സ്വന്തം മക്കളെ തിരിച്ചറിയാൻ ബുദ്ധിമുട്ട്?!"

തരികിടകൾ വേറെയുമുണ്ട്. CONCURRENT FORCES എന്ന എക്സ്പെരിമെന്റിനു വാല്യൂ എടുത്തത് അടയാളപ്പെടുത്തിയ പേപ്പർ കൂടി റെക്കോർഡിൽ പിൻ ചെയ്തു വെക്കണമായിരുന്നു. അതിൽ വെള്ളം ചേർത്തത് സാർ കണ്ടുപിടിച്ചപ്പോൾ രണ്ടെണ്ണം പൊട്ടിച്ചിട്ട് ഒരു ഡയലോഗായിരുന്നു - "വായുവിൽ നിന്ന് വാല്യൂ ഉണ്ടാക്കാൻ നീയാരാ ഗോപിനാഥ് മുതുകാടോ?". അതുപോലെ വേറൊരുത്തൻ ഒബ്സർവേഷനിൽ സൈൻ മേടിക്കാതെ ഡയറക്റ്റ് ആയിട്ട് റെക്കോർഡ് കാണിച്ചു. ആദ്യ രണ്ട് experiments സൈൻ ഇട്ടുപോയെങ്കിലും പിന്നെ സാറിനു സംശയമായി. ഒബ്സർവേഷൻ ചോദിച്ചു, പിടിച്ചു. ആ റെക്കോർഡ് ബുക്കിൻ്റെ ഇൻഡക്സ് മൊത്തം വെട്ടിയിട്ടു. വേറെ പുതിയതൊന്ന് വാങ്ങി എഴുതുകയല്ലാതെ നിവൃത്തിയില്ലായിരുന്നു.

ഇവിടെകൊണ്ടും തീരുന്നില്ല, ഇതിലും രസകരമായ ഒരു കഥ കൂടിയുണ്ട്. ആള് വളരെ കുറച്ചേ സ്കൂളിൽ മുഖം കാണിച്ചിരുന്നുള്ളൂ. ഫിസിക്സ് ലാബ് ഒന്നും കണ്ടിട്ടുപോലുമിണ്ടായിരുന്നില്ല. ഇതിനിടയിൽ ബാക്കിയുള്ളവർ സൈൻ വാങ്ങുന്നതിൽ അത്യാവശ്യം മുമ്പിലായിരുന്നു. ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി സ്കൂളിലെ അത്യാവശ്യം പഠിപ്പിയായിരുന്ന സ്വന്തം ഏട്ടൻ്റെ പഴയ റെക്കോർഡ് എടുത്തു അതിലുള്ളപോലെ ഒരഞ്ചു experiments പകർത്തിയെഴുതി, values പോലും മാറ്റിയില്ല. പിറ്റേന്ന് സ്കൂളിൽ കൊണ്ടുവെച്ചു. ഇവൻ ഇപ്പോഴെങ്കിലും ഇത് വെച്ചല്ലോ എന്നൊരു സന്തോഷം സാറിൻ്റെ മുഖത്തു ഉള്ളതുപോലെ തോന്നിയിരുന്നു. എല്ലാം നന്നായെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സ്റ്റാഫ് റൂമിൽ നിന്ന് സാറിൻ്റെ വിളിയെത്തിയത്. പോയി നോക്കുമ്പോൾ റെക്കോർഡ് ഉണ്ട് മേശപ്പുറത്ത്, ആദ്യ രണ്ടു experiments സൈൻ ഇട്ടിട്ടുണ്ട്, മൂന്നാമത്തേതിലാണ് നിന്നത് - COMMON BALANCE ആണെന്നാണ് ഓർമ്മ. അത് 'ഒറ്റയ്ക്ക് ചെയ്തതാണോ?' എന്ന ചോദ്യത്തിന് ആത്മവിശ്വാസത്തോടെ തന്നെ 'ആണെ'ന്ന മറുപടി കൊടുത്തു. values എല്ലാം ഒറ്റയ്ക്ക് എടുത്തതാണെന്ന് പറഞ്ഞു. അപ്പോഴാണ് സാർ പറയുന്നത് അങ്ങനെയൊരു experiment ഇല്ലെന്നും അതൊക്കെ എന്നോ എടുത്തു കളഞ്ഞെന്നും. അതെവിടുന്നു കിട്ടിയെന്ന ചോദ്യം ബാക്കിയായി. സത്യം പറയുകയല്ലാതെ നിവൃത്തിയില്ലായിരുന്നു - ബാക്കി പൂരം പറയേണ്ടല്ലോ, ആവശ്യത്തിനു കിട്ടി. റെക്കോർഡ് അവിടെയൊരു തൂണുള്ളതുകൊണ്ട് അതിൽ തട്ടി റിട്ടേൺ വന്നു, ഇല്ലെങ്കിൽ താഴെ എത്തിയേനേ... 
സത്യത്തിൽ ഇവയൊക്കെ പിടിക്കപ്പെട്ടത് കാരണം പുറത്തറിഞ്ഞു. വേറെ പലരും പയറ്റിയ തന്ത്രങ്ങൾ അന്നു വെളിച്ചം കാണാത്തത് ശെരിക്കും ഒരു നഷ്ടമായി തോന്നുന്നു. അല്ലെങ്കിൽ ഓർത്തു ചിരിക്കാൻ വേറെയും വക കിട്ടുമായിരുന്നു...


പ്ലസ് റ്റു ജീവിതം അന്തിമഘട്ടത്തിലേക്ക് എത്തിയപ്പോൾ സ്കൂളിൽ മഞ്ഞപ്പിത്തം പടർന്നുപിടിച്ചതു കാരണം കുറച്ചു ദിവസം ലീവ് ആയത് സത്യത്തിൽ പലർക്കും ഒരടിയായിരുന്നു, പ്രത്യേകിച്ചു റെക്കോർഡ് സൈനിങ്ങിൻ്റെ കാര്യത്തിൽ! അതുവരെ 'സൈൻ കിട്ടാൻ ഇനിയും ആവശ്യത്തിന് സമയമുണ്ടല്ലോ' എന്ന ആശ്വാസത്തിൽ നിന്നവർ വിയർക്കാൻ തുടങ്ങി. ഒടുക്കം അവധി ദിവസങ്ങളിലും വരേണ്ടിവന്നു, ഒപ്പിനു വേണ്ടി. സ്കൂൾ ലീവുള്ള ദിവസം കഷ്ടപ്പെട്ട് വന്നിട്ട് വാല്യൂ തെറ്റിച്ചാൽ പിന്നെ അതിൽ പരം നിരാശ വേറെയുണ്ടോ?? ചില ഹതഭാഗ്യർക്ക് അതും നടന്നു. ചിലർക്ക് നഷ്ടങ്ങൾ അന്നൊരു കൂടെപ്പിറപ്പായിരുന്നു.

ചിലരുടെ നിൽക്കാതെയുള്ള ആ ഓട്ടം ഒടുവിൽ ചെന്നെത്തുക പ്രാക്ടിക്കൽ എക്സാം ഹാളിലായിരിക്കും. അപ്പോഴും തീർന്നിട്ടുണ്ടാവില്ല. ഒരുക്കം എക്‌സാമിനറുടെ ഒരു ചോദ്യത്തിലായിരിക്കും അവസാനിക്കുന്നത് - "ഒപ്പ് കിട്ടാഞ്ഞത് നിനക്ക് നേരമില്ലാഞ്ഞിട്ടോ അതോ സാറിനു നേരമില്ലാഞ്ഞിട്ടോ??"

സത്യം പറഞ്ഞാൽ ഇതൊരു കളിയാണ്. ജയിക്കണമെങ്കിൽ അല്പം പരിശ്രമിച്ചേ പറ്റൂ. സൂരജ് സാർ റെക്കോർഡുകളോട് കാണിക്കുന്ന ശ്രദ്ധയും ബഹുമാനവും നമുക്കും ഉണ്ടെന്ന് കാണിക്കണം, അവിടെയാണ് വിജയവും. എല്ലാ ഓട്ടവും ബഹളവും കഴിഞ്ഞു ഒടുക്കം നെഞ്ചിൽ ആണിയും തറച്ച നിലയിൽ റെക്കോർഡ് കയ്യിൽ കിട്ടുമ്പോൾ ഉണ്ടാകുന്ന ഫീൽ ഉണ്ടല്ലോ, എൻ്റെ സാറേ... അത് പറഞ്ഞറിയിക്കാൻ പറ്റൂലാ...!!

അക്കാദമിക് ലൈഫിൽ റെക്കോർഡുകളുടെ പ്രാധാന്യം വിസ്മരിച്ചല്ല ഞാനിത് എഴുതുന്നത്. മറിച്ചു അവ ഞങ്ങളുടെ 'പ്ലസ് റ്റു' മനസ്സിൽ കൊത്തിവെച്ച ഒരുപറ്റം ഓർമ്മകളെ ഒന്ന് പൊടിതട്ടിയെടുത്തന്നെയുള്ളൂ... ഇങ്ങനെയൊക്കെ പണി കിട്ടിയെങ്കിലും ഭാവിയിൽ അവ പലപ്പോഴും ഉപകാരപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ചു കോളേജ് ജീവിതത്തിൽ. 'തിളച്ചവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും' എന്ന് പറയുന്നപോലെ. അതിൻ്റെ ക്രെഡിറ്റ് സൂരജ് സാറിനു കൊടുക്കാതിരിക്കാൻ കഴിയില്ല.

രണ്ടുകൊല്ലത്തെ മൊറയൂർ സ്കൂൾ ജീവിതം കണ്ണിൽ നിന്ന് അത്ര പെട്ടന്നു മായുന്ന ഒന്നല്ല. അതിങ്ങനെ രണ്ടുമൂന്നു പാരഗ്രാഫിൽ എഴുതിയാൽ തീരുന്നതുമല്ല. സൂരജ് സർ മാത്രമല്ല, അസീമാ ടീച്ചർ, ശ്രീലേഷ് സർ, അഷ്‌റഫ് മാഷ്, സ്മിത മിസ്സ്, സീതാലക്ഷ്മി ടീച്ചർ, OK സാർ, CK സാർ, രാജീവ് മാഷ്, രാജേഷ് മാഷ് തുടങ്ങി അവിടെ സ്പോക്കൺ ഇംഗ്ലീഷ് എടുക്കാൻ വന്ന സാർ വരെ ഒരുപിടി നല്ല ഓർമ്മകൾ കാത്തുസൂക്ഷിക്കാൻ തന്നിട്ടുണ്ട്... എന്നിരുന്നാലും മൊറയൂരിൽ പുതുതായി ചേരാൻ പോകുന്ന ഒരു വിദ്യാർത്ഥിക്ക് ആദ്യം കൊടുക്കുന്ന ഉപദേശം മിക്കവാറും ഇതായിരിക്കും - റെക്കോർഡുകൾ സൂക്ഷിക്കുക, ഇല്ലെങ്കിൽ അവയ്ക്ക് ചിറക് മുളച്ചേക്കാം...

Comments

  1. I can experience vhmhss morayur life even though I never went their with your amazing story telling

    ReplyDelete

Post a Comment