ഗണപതിയിൽ തൊട്ട്...


ഞങ്ങൾ സെക്കൻഡ് ഇയറിൽ പഠിക്കുമ്പോഴാണത്. വൈശാഖ് ആയിരുന്നു അന്നത്തെ FALC (Fine Arts & Literary Council) സെക്രട്ടറി. ദിവാലി പ്രമാണിച്ചു അവനൊരു രംഗോലി കോംപെറ്റീഷൻ അനൗൺസ് ചെയ്തിരുന്നു. പക്ഷെ ആകെ രണ്ടു ടീമ്സ് മാത്രമേ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. മിനിമം മൂന്നുപേരെങ്കിലും ഇല്ലെങ്കിൽ പരിപാടി നടക്കില്ല. അവൻ ആ ടെൻഷനിൽ നിൽക്കുമ്പോഴാണ് നമുക്കൊരു ടീം ഉണ്ടാക്കിയാലോ എന്ന ഒരു ഐഡിയ ഞങ്ങളിൽ ആരുടെയോ തലയിൽ തെളിയുന്നത്. ഇവിടെ ഞങ്ങൾ എന്ന് പറഞ്ഞാൽ - ഞാൻ, മിഥുൻ, പിന്നെ അശ്വിൻ. ഇതു കേട്ടപ്പോൾ പിന്നെ വൈശാഖും വിട്ടില്ല, ഞങ്ങളെ പരിപാടിയിൽ പങ്കെടുപ്പിച്ചിട്ടേ അവൻ അടങ്ങിയുള്ളൂ. ഞങ്ങൾക്കും താല്പര്യമായി, ആകെ മൂന്ന് ടീമ്സ് മാത്രം ഉള്ളതുകൊണ്ട് എന്തായാലും മൂന്നാം സ്ഥാനമെങ്കിലും കിട്ടുമല്ലോ!

സംഗതിയിൽ പങ്കെടുക്കാനൊക്കെ തീരുമാനിച്ചെങ്കിലും ഇക്കാര്യത്തിൽ മുൻപരിചയം ഒന്നുമില്ലായിരുന്നു. കഴിഞ്ഞ കൊല്ലം ഇതേ പരിപാടിക്ക് രംഗോലി ഇട്ടുവെച്ചതു കണ്ടിട്ടുണ്ട്. ഒറ്റനോട്ടത്തിൽ നമ്മുടെ പൂക്കളത്തിൻ്റെ മറ്റൊരു പതിപ്പ്, പൂവിനു പകരം വിവിധ നിറത്തിലുള്ള പൊടിയെന്നു മാത്രം. മിഥുനാണെങ്കിൽ പൂക്കളത്തിനു കളം വരച്ചും മറ്റുമൊക്കെ പരിചയമുണ്ട്, അവൻ നന്നായി വരക്കുകയും ചെയ്യും. ഞാനും അശ്വിനുമൊക്കെ പൂക്കളത്തിനു ചുമ്മാ പൂ പൊറുക്കിയിട്ട അനുഭവം മാത്രമേ ഒള്ളൂ. എന്നാലും ഒരു കൈ നോക്കാമെന്നു വെച്ചു. ഈ പൂക്കളം എക്സ്പീരിയൻസ് ഒരു മുതൽ കൂട്ടാവുമെന്ന് കരുതി (അതുപക്ഷെ സൈക്കിൾ ബാലൻസ് ഉണ്ടെങ്കില് ഡ്രൈവിംഗ് ഈസിയാണെന്നു പറഞ്ഞ പോലെയായി എന്നതാണ് സത്യം).

അങ്ങനെ പ്രൈസ് പ്രതീക്ഷിച്ചു പോയ ഞങ്ങൾ ശെരിക്കും ഞെട്ടി. മൂന്നു ടീമൊന്നുമല്ല, ആകെ മൊത്തം എട്ടു ടീമുകൾ ഉണ്ടായിരുന്നു. ഞങ്ങൾ വൈശാഖിനെ നോക്കി, അവനാണെങ്കിൽ പങ്കാളിത്തം കണ്ടു ത്രില്ലടിച്ചിരിക്കായിരുന്നു. മറ്റൊരു പ്രത്യേകത ആ ടീമുകളിൽ ഏക ബോയ്സ് ഒൺലി ടീം ഞങ്ങളായിരുന്നു. എന്തായാലും കളർ പൊടികൾ നേരത്തെ തന്നെ വാങ്ങിവെച്ചിരുന്നു. വരക്കാനായി നല്ലൊരു ഡിസൈനും തിരഞ്ഞെടുത്തിരുന്നു - 'പ്രാർത്ഥനയോടെ' ഗണപതിയിൽ നിന്ന് തന്നെ തുടങ്ങി...!

മിഥുൻ കളം വരക്കാൻ തുടങ്ങി. ഞാനും അശ്വിനും രംഗോലി പൊടികൾ ഓരോന്നായി കെട്ടഴിക്കാൻ തുടങ്ങി. ബാക്കി ടീമുകളൊക്കെ കപ്പ് പോലുള്ള സാധനങ്ങൾ കൊണ്ടുവന്നിരുന്നു, പൊടികൾ ഇട്ടുവെക്കാൻ വേണ്ടി. ഞങ്ങളാണെങ്കിൽ അതൊന്നും ഓർത്തതുമില്ല. വൈശാഖിനോട് ചോദിച്ചപ്പോൾ അവൻ്റെ ഡയലോഗ് - അതൊക്കെ പാർട്ടിസിപ്പന്റ്സ് കൊണ്ടുവരണമത്രേ. ഹും! ഇതിൽ പങ്കെടുക്കാൻ വേണ്ടി ഇന്നലെ കാലു പിടിച്ചവനാ ഇന്ന് നൈസ് ആയിട്ട് കാലുമാറിയത്! ഇനി അവനെ ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല, പരിപാടി നടത്താൻ ആളായല്ലോ. അങ്ങനെയൊക്കെയാണെങ്കിലും തൽകാലം അവനൊരു ന്യൂസ്‌പേപ്പർ ഒപ്പിച്ചു തന്നു, ഞങ്ങൾ അത് ഉപയോഗിച്ച് ഓരോ നിറവും വേർതിരിക്കാൻ തുടങ്ങി.

കളം വരച്ചു കഴിഞ്ഞു രംഗോലി പൊടി കയ്യിലെടുത്തു ഇടാൻ നോക്കുമ്പോഴല്ലേ രസം. ആദ്യം കുറച്ചുപൊടി നുള്ളിയെടുത്തു ഇടാൻ നോക്കി. ഇങ്ങനെ തുടർന്നാൽ ഇത് ഇന്ന് തീരില്ലെന്ന് മനസ്സിലാക്കി. പിന്നെ ചുറ്റിലും നോക്കി, ബാക്കിയുള്ളവർ ചെയ്യുന്നത് കണ്ടു പഠിക്കാൻ. ആരോ കയ്യിൻ്റെ ഏതോ വിടവിലൂടെ ഇടുന്നത് കണ്ടിട്ട് ഞങ്ങളും അനുകരിച്ചു. ചെയ്തുനോക്കുമ്പോൾ കയ്യിൽ നിന്ന് ഏതൊക്കെ വിടവിലൂടെയാണ് പൊടി പുറത്തേക്കു പോകുന്നതെന്ന് മനസ്സിലാവുന്നില്ല. ഒരിടത്തു അടക്കുമ്പോൾ മറ്റൊരിടത്തു തുറക്കും. പേപ്പർ കോൺ പോലെയുള്ളവ ഉപയോഗിക്കാനും പാടില്ലെന്ന മത്സരനിയമവും ഉണ്ട്. ലെ അശ്വിൻ - "അപ്പോഴേ പറഞ്ഞതാ, വെറുതെ ഒന്ന് ഇട്ടു നോക്കുകയെങ്കിലും ചെയ്തിട്ട് വന്നാൽ മതി എന്ന്. അനുഭവിച്ചോ...!" എന്തായാലും സംഗതി ഇടുന്നതിൽ അല്പമെങ്കിലും വിജയിച്ചത് മിഥുൻ ആണ്. ഞാനും അശ്വിനും ടീമിൻ്റെ നന്മയെ മാനിച്ചു 'അപ്രസക്ത' ഭാഗങ്ങളിൽ മാത്രം സഹായിച്ചു.

ഞങ്ങളെ സഹായിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. പക്ഷെ രംഗോലി ഇടാനറിയാതെ അതുകൊണ്ടൊക്കെ എന്ത് കാര്യം. വൈശാഖിനു പുറമേ FALCൻ്റെ വൈസ് സെക്രെട്ടറി ടാനിയയും എന്തിനും റെഡിയായി നിന്നിരുന്നു. 'മൻചീരത്' (വിളക്ക്) വേണമെങ്കിൽ പറഞ്ഞാൽ മതി, ഒപ്പിച്ചു തരാം എന്നൊക്കെ അവൾ പറഞ്ഞു. അവസാനം ഇട്ടു കഴിഞ്ഞപ്പോൾ അതിൻ്റെ ആവശ്യമില്ലെന്നും അവൾ തന്നെയാണ് പറഞ്ഞത് ('എന്തിനാ വെറുതെ' എന്നവൾക്ക് തോന്നിക്കാണും). പൊടി ഞങ്ങളുടെ കയ്യിൽ ഒരുപാട് ബാക്കിയുള്ളതുകൊണ്ട് മറ്റു ടീമ്സിന് അതൊരു സഹായമായി. ഞങ്ങളുടെ പൊടി മേടിച്ചു പോയ ബണ്ടിയൊക്കെ അപ്പുറത്തു നല്ല സൂപ്പർ കളം ഇട്ടു.



അന്ന് ഒന്നാം സ്ഥാനം നേടിയ ചേതനച്ചേച്ചി വന്ന് പറഞ്ഞു ഞങ്ങളുടേത് ഇഷ്ടമായെന്ന്, പ്രത്യേകിച്ചു ആ കളർ ട്രാൻസിഷൻ. മര്യാദയ്ക്ക് വര വരക്കാൻ കഴിയാത്തതുകൊണ്ട് അത് ട്രാൻസിഷൻ ആക്കിയതാണെന്ന് ചേച്ചിക്കറിയില്ലല്ലോ. എന്തായാലും ആ പരീക്ഷണം കുറച്ചെങ്കിലും വിജയിച്ചു, നാറ്റിച്ചില്ല. ജഡ്ജസ് എത്ര മാർക്ക് തന്നെന്ന് വിദഗ്ദ്ധമായി കണ്ടുപിടിച്ചു തന്നതും ടാനിയ ആയിരുന്നു - പ്രത്യേകിച്ചു കാര്യമൊന്നും ഇല്ലെങ്കിലും! എന്തായാലും വൈശാഖ് നിരുത്സാഹപ്പെടുത്തിയില്ല - ഒരു ഡയറി മിൽക്ക് കിട്ടി എല്ലാവർക്കും, പ്രോത്സാഹന സമ്മാനമായിട്ട്. അവനതെങ്കിലും തരണം, ബോറായി നടന്നുകൊണ്ടിരുന്ന പരിപാടി കുറച്ചെങ്കിലും കോമഡി ആക്കാൻ സാധിച്ചത് ഞങ്ങളുടെ ഒറ്റ പരിശ്രമം കൊണ്ടാണ്.

എല്ലാം കഴിഞ്ഞ ശേഷം ഒരു ന്യൂ ഇയർ റെസൊല്യൂഷൻ പോലെ ഞങ്ങളൊരു തീരുമാനമെടുത്തിരുന്നു. അടുത്ത വർഷം നമ്മള് പൊളിക്കും, എല്ലാം ശെരിക്ക് പ്രാക്ടീസ് ചെയ്തു വരും. അതൊരു കലയാണെന്ന ബോധം അപ്പോഴും ഞങ്ങൾക്ക് വന്നിട്ടില്ലായിരുന്നു.

--------------------

തീർന്നില്ല! ഞങ്ങൾ അടുത്ത തവണയും ഇറങ്ങി. വൈശാഖ് രണ്ടാമതും സെക്രെട്ടറി ആയി, അപ്പോൾ അവനൊരു കൂട്ടിന് ഞങ്ങളും - പഴയപോലെയല്ല, വ്യക്തമായ പ്ലാനിങ്ങോടെ. ഇത്തവണയും ഗണപതിയെ വിട്ട് ഒരു കളിയില്ലായിരുന്നു.


ഇതായിരുന്നു മിഥുൻ തിരഞ്ഞെടുത്ത ഡിസൈൻ. കണ്ടയുടനെ ഞാനും അശ്വിനും മുഖത്തോടു മുഖം നോക്കി - 'ഇവൻ എന്തിനുള്ള പുറപ്പാടാ?!'. നമ്മൾ മൊത്തം ഇടുന്നില്ലെന്നും ഇതിലെ എളുപ്പം വരക്കാവുന്ന ചില ഭാഗങ്ങൾ മാത്രമേ ഇടുന്നുള്ളൂ എന്ന് പറഞ്ഞു മിഥുൻ തന്നെയാണ് സമാധാനിപ്പിച്ചത്.

ഇത്തവണയും കാര്യങ്ങൾ അത്ര വ്യത്യസ്തമായിരുന്നില്ല. മിഥുൻ മുന്നോട്ടിറങ്ങി, ഞങ്ങൾ അനുഗമിച്ചു. ഇതിനിടയിലാണ് റോഷ്‌നി ചേച്ചി വരുന്നത്. "നിങ്ങൾ ഇതുവരെ ഇത് ഇടാൻ പഠിച്ചില്ലേ?" എന്നായിരുന്നു ആദ്യത്തെ ചോദ്യം. പിന്നെ ചേച്ചിയും കൂടി. ഇതിൻ്റെ ഫോട്ടോ തപ്പിയിട്ട് കാണുന്നില്ല. ഇനി 'കൂടുതൽ മനോഹര'മായതുകൊണ്ട് എടുക്കാതിരുന്നതാണോ എന്നുമറിയില്ല. ആളുകൾ വന്ന് ഞങ്ങളുടേത് പല പലസ്ഥലങ്ങളിൽ നിന്ന് വ്യത്യസ്ത ആംഗിളുകളിൽ നോക്കുന്നുണ്ടായിരുന്നു - ഇതൊന്നു മനസ്സിലായിക്കിട്ടാൻ വേണ്ടി. ഞങ്ങൾ ഇട്ട ഗണപതിയുടെ ആ കാലുകൾ ഇപ്പോഴും ഓർമ്മയുണ്ട് - EPIC ആയിരുന്നു!!

പരിപാടിക്ക് കൂടുതൽ മാറ്റുവന്നത് ശങ്കർ സർ (Shanker Jha) ജഡ്ജ് ആയി വന്നപ്പോഴാണ്. ആദ്യ തവണ വന്നപ്പോൾ ഞങ്ങളോട് സംഗതി വിവരിക്കാൻ പറഞ്ഞു. എല്ലാം കേട്ട് പോയി. കളം ഇട്ടു തീർന്ന ശേഷം രണ്ടാമത് വന്നു. പുള്ളിക്കൊരു ശൈലിയുണ്ട്, എല്ലാം മനസ്സിലായാലും ഒന്നും അറിയാത്ത മട്ടിൽ വളരെ നിഷ്കളങ്കമായി അദ്ദേഹം ചോദിക്കും. ഞങ്ങളുടേത് കുറച്ചു നേരം നോക്കിയ ശേഷം പുള്ളി ചോദിച്ചൊരു ചോദ്യമുണ്ട് - "ആ അരയിൽ കാണുന്ന കിളി ഗണപതിയുടെ ബെൽറ്റ് ആയിരുക്കുമല്ലേ??". ഞങ്ങളൊന്ന് നോക്കി, ശെരിയാണല്ലോ... ബെൽറ്റ് പോലെതന്നെയുണ്ട്. ഞങ്ങൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. പുള്ളി അപ്പോഴും ആ നിഷ്കളങ്ക മുഖഭാവമായിരുന്നു. അതിനു ശേഷം അങ്ങേരുടെ വക വേറെയും ഒരുപാട് ട്രോളുകൾ ഉണ്ടായിരുന്നു. പക്ഷെ സമ്മാന വിതരണ സമയത്തു ഞങ്ങളുടെ അറ്റെംപ്റ്റിനെ അദ്ദേഹം പ്രത്യേകം പുകഴ്ത്തുന്നുണ്ടായിരുന്നു. എന്തായാലും സമ്മാനം കിട്ടാത്തതിൻ്റെ വിഷമം ഞങ്ങൾ ഒന്നാം സ്ഥാനം മേടിച്ച കൃപ ആൻഡ് ടീമിൻ്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്തു തീർത്തു.



പുരോഗതി ഉണ്ടായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് പ്രത്യേക ജൂറി പരാമർശത്തിൽ വരെ എത്തിച്ചില്ലേ... അടുത്ത രണ്ടുകൊല്ലം കൂടി ട്രൈ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ എന്തായാലും ഫസ്റ്റ് അടിച്ചേനേ. എന്തോ വേണ്ടന്ന് തോന്നി... അതാ നല്ലത് 😜

പ്രൈസ് ഒന്നും കിട്ടിയില്ലെങ്കിലും ഓർത്തിരിക്കാൻ പറ്റിയ ഒരുപാട് മുഹൂർത്തങ്ങൾ ഇവ സമ്മാനിച്ചു. ഇന്നും പരസ്പരം ചാറ്റ് ചെയ്യുമ്പോൾ വിഷയം രംഗോലിയിലെത്തും, അതു ചിരിയിലേ അവസാനിക്കൂ. ഇതൊക്കെ ഓർക്കുമ്പോഴാണ് എന്തിനും മുന്നിട്ടിറങ്ങാൻ ധൈര്യം തോന്നിപ്പിച്ച ആ കോളേജ് കാലഘട്ടം നാം മുതലാക്കിയിട്ടുണ്ടെന്ന തോന്നൽ വരുന്നത്.


Comments