റൂം നമ്പർ 210 - Day 3








മൂന്നാം ദിവസം


          ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് എത്രയൊക്കെ പറഞ്ഞിട്ടും അശ്വത് വഴങ്ങിയില്ല. ഒരു കൊച്ചുകുട്ടിയെപോലെ അവൻ വാശിപിടിച്ചു. “ആദ്യം ഡോക്ടർ വരട്ടെ, കഥ പറയട്ടെ, എന്നിട്ട് ഇഞ്ചക്ഷൻ  എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാം..."

അപ്പോഴാണ് ലേഡി ഡോക്ടർ റൂമിലോട്ട് വന്നത്. പക്ഷെ അശ്വതിൻ്റെ  നിലപാടിൽ യാതൊരു മാറ്റവുമില്ലായിരുന്നു.

“എനിക്ക് ഡോക്ടറെയാണ് കാണേണ്ടത്. അദ്ദേഹമെവിടെ ?” അശ്വത് ചോദിച്ചു.

          “ഡോക്ടർ ഇന്ന് ലീവാണ്. എന്നാലും നിൻ്റെ അടുത്തേക്ക് വരാതിരിക്കില്ല. പക്ഷേ അല്പം താമസിക്കുമെന്ന്മാത്രം. ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല. എത്ര വൈകിയാലും നിൻ്റെ കാര്യം തീർത്തിട്ടേ അദ്ദേഹം പോകൂ. അതോർത്തു നീ പേടിക്കണ്ട…”, ലേഡി ഡോക്ടർ അശ്വതിനെ മയപ്പെടുത്താൻ ശ്രമിച്ചു.

“എനിക്കത്ര വിശ്വാസം പോര, രണ്ടു ദിവസമായി നിങ്ങൾ എന്നെ ഓരോന്നു പറഞ്ഞു പറ്റിക്കുന്നുണ്ട്. ”

          “ആ മനുഷ്യൻ കഴിഞ്ഞ രണ്ടുദിവസമായി ഒരു നിധി കാക്കുന്ന ഭൂതത്തെപോലെയാണ് നിൻ്റെയടുത്ത് വന്നിരിക്കുന്നത്. മനപ്പൂർവ്വം ഡോക്ടർ വൈകിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഇന്നിനി ഈ സമയത്തുവന്നാൽ രാത്രിയേ തിരിച്ചു പോകാൻ പറ്റൂ എന്നുറപ്പാണ്. എന്നാലും അദ്ദേഹം വരും, അതാണ് അദ്ദേഹത്തിൻ്റെ പ്രകൃതം”, ലേഡി ഡോക്ടർ അൽപ്പം വികാരാധീനയായോ എന്ന സംശയമില്ലാതില്ല.

അശ്വതിന് അതിന് മറുപടിയായൊന്നുമില്ലായിരുന്നു. അവൻ മിണ്ടാതിരുന്നു. പക്ഷെ ഇഞ്ചക്ഷൻ്റെ കാര്യത്തിൽ ശുഭസൂചനയൊന്നും അവൻ തന്നില്ല. പെട്ടന്നാണ് ആ ലേഡി ഡോക്ടറുടെ മൊബൈൽ ബെല്ലടിച്ചത്. അതുകണ്ടയുടനെ ഒരാശ്വാസത്തിൻ്റെ പ്രതീകം അവരുടെ മുഖത്തുണ്ടായി.

          “ആ… അവനിവിടെയുണ്ട്… ഇഞ്ചക്ഷൻ എടുക്കാൻ സമ്മതിക്കുന്നില്ല. നിങ്ങൾ വന്നാലേ സമ്മതിക്കൂന്ന്… ശരി, അവനു കൊടുക്കാം…"
ലേഡി ഡോക്ടർ അശ്വതിന് നേരെ ഫോൺ നീട്ടി –“ഡോക്ടറാണ്”. മുഖത്തൊരു പ്രസന്നത പോലും കാണിക്കാതെ അവൻ ഫോൺ വാങ്ങി.

          “സോറി ടാ കുട്ടാ… അറിഞ്ഞുകൊണ്ടല്ല, ഒരു പണിയിൽ പെട്ടുപോയതാ. നീയൊന്നു ക്ഷമി... ഞാൻ അരമണിക്കൂറിനകം എത്തും. നീയാ ഇഞ്ചക്ഷൻ്റെ കാര്യത്തിലൊന്ന് സഹകരിക്ക്, ഇത് ഇനിയും വൈകിയാൽ അപകടമാണ്…”, ഡോക്ടർ അഭ്യർത്ഥിച്ചു.

“അപ്പോൾ കഥ ?” അതിൻ്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കിയിട്ട് മതി ബാക്കി എന്തും എന്ന മട്ടിൽ അശ്വത് ചോദിച്ചു.

          “എല്ലാം പറയാം… പറഞ്ഞിട്ടേ ഞാൻ പോവൂ... സത്യം”, ഡോക്റുടെ വാക്ക്.
  അതോടെ അശ്വതൊന്ന്‌ അയഞ്ഞു. തൻ്റെ മൂന്നാമത്തെ ഇൻജക്ഷനെടുക്കാൻ അവൻ സമ്മതം മൂളി.


------------------------------



ഡോക്ടർ പറഞ്ഞ അര മണിക്കൂർ കഴിഞ്ഞിട്ടിപ്പോൾ ഒരു മണിക്കൂറായി. അശ്വതിനു ഇരിപ്പുറക്കുന്നില്ല. ലേഡി ഡോക്ടർ ഓരോന്ന് പറഞ്ഞു തലങ്ങും വിലങ്ങും ആക്രമിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ഡോക്ടർ ഓടികിതച്ച് റൂമിലേക്ക്‌ വന്നത്.

“ഹാവൂ നിങ്ങൾ കുറച്ചുകൂടി വൈകിയിരുന്നേൽ ഇവനെന്നെ കൊന്നേനെ.” ലേഡി ഡോക്ടർ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.

          “ഡോക്ടർ ലേറ്റ് ആയതിൻ്റെ റീസണൊന്നും എനിക്ക് കേൾക്കേണ്ട… 'സഞ്ജു താൻ പ്രണയത്തിലാണെന്ന് മനസ്സിലാക്കി’- ബാക്കി എന്തുണ്ടായി?"

“ശരി… പക്ഷെ കുറച്ചു വെള്ളം കുടിക്കാനുള്ള സാവകാശം നീ എനിക്ക് തരണം", ഡോക്ടർ ആവശ്യപ്പെട്ടു.

അശ്വത് തലയാട്ടി. തൊട്ടടുത്ത മേശയിലിരുന്ന വെള്ളമെടുത്തു കുടിച്ചു. ലേഡി ഡോക്ടർ ചിരിച്ചുകൊണ്ട് പുറത്തേക്കു പോയി. വെള്ളം കുടിച്ച ശേഷം ഡോക്ടർ തൻ്റെ പതിവ് സീറ്റിലേക്ക് വന്നിരുന്നു.

കഥ തുടർന്നു...


------------------------------


          സഞ്ജു പലപ്രാവശ്യം പറഞ്ഞതാ അവനിപ്പോൾ കളിക്കാൻ താല്പര്യമില്ലെന്ന്. പക്ഷെ അവന്മാർ വിടണ്ടേ... അവന്മാർ എന്ന് പറഞ്ഞാൽ 'ദി സീനിയേഴ്സ്'. ഫുട്ബോൾ ലീഗിൽ അവരുടെ ടീമിലാണ് സഞ്ജു. ഇന്നിപ്പോൾ അവനു കളിക്കാൻ തീരെ മൂഡില്ല. പക്ഷെ വേറെ ആരെങ്കിലും വേണ്ടേ? ഇന്നലെവരെ അവൻ ഈ കളിയുടെ ത്രില്ലിലായിരുന്നു. അതുകൊണ്ടാണ് പ്രവിയെ വരെ വിളിച്ചു വരുത്തിയത്. എന്തായാലും സഞ്ജുവിന് കളിക്കാതെ പറ്റില്ല.

കളി തുടങ്ങി, സഞ്ജുവിൻ്റെ പ്രകടനം കണ്ടാലറിയാം അവനു താല്പര്യം വളരെ കുറവാണെന്ന്. ഒരുപാട് അവസരങ്ങൾ അവൻ പാഴാക്കി. പെട്ടന്നാണ് വേറൊരു കാര്യം അവൻ്റെ കണ്ണിൽ പെട്ടത് - ഗ്രൗണ്ടിൻ്റെ പുറത്തു മധ്യഭാഗത്തായി ഫർഹാൻ നിൽക്കുന്നു. അതും വെറുതെ നിൽക്കുകയല്ല, എതിർ ടീമിന് ഭയങ്കര സപ്പോർട്ട്! ഇതിനിടയിൽ എതിർ ടീം ഗോളടിക്കുകയും ചെയ്തു. അവൻ്റെയൊരു സന്തോഷം കാണണമായിരുന്നു. സഞ്ജുവിന് ഇതങ്ങ് അത്ര പിടിച്ചില്ല - അവനുണർന്നു, അതിൻ്റെ ഫലം കാണുകയും ചെയ്തു - എതിർ ടീമിൽ രണ്ടു ഗോളുകൾ വീണു. എന്നാലും ഫർഹാൻ്റെ സപ്പോർട്ടിങ്ങിനു യാതൊരു മാറ്റവുമില്ല.

ഫർഹാൻ്റെ വായ അടപ്പിക്കാതെ സഞ്ജുവിന് സ്വസ്ഥത കിട്ടില്ല എന്നായി. പക്ഷെ എന്തു ചെയ്യും? ഇതിനിടയിലാണ് ഒരു ചേട്ടൻ സഞ്ജുവിനോട് പാസ്സ് ചോദിക്കുന്നത്. അയാളാണെങ്കിൽ ഫർഹാനിൽ നിന്ന് കഷ്ടിച്ച് രണ്ടുമീറ്റർ അപ്പുറത്താണ്. കിട്ടിയ അവസരം സഞ്ജു മുതലാക്കി. അവനൊരുഗ്രന് ഷോട്ട് വെച്ചു കൊടുത്തു - പ്ഡേ... പന്തു നേരെ ചെന്നിടിച്ചത് ഫർഹാൻ്റെ  മുഖത്ത്. പാസ്സ് ചോദിച്ച ചേട്ടനിങ്ങനെ നോക്കി നിൽക്കുന്നുണ്ട്. "എന്തോന്ന് പാസ്സാടേ?" എന്ന് ചേട്ടൻ ചോദിക്കുന്നുണ്ടായിരുന്നു. സഞ്ജു ഒരു സോറി പറഞ്ഞു ഒതുക്കി. അവൻ്റെ ഉള്ളു മുഴുവൻ ചിരിയായിരുന്നു - ആഗ്രഹിച്ചത് കൊടുക്കാൻ പറ്റിയ സന്തോഷം. തൊട്ടപ്പുറത്ത് ആൾക്കാർ ഒരുമിച്ചുകൂടി. 'ഇനി അവനെങ്ങാനും തട്ടിപ്പോയിക്കാണുമോ?' - അവനൊന്ന് പോയിനോക്കി. 'ഇല്ല, ജീവനുണ്ട്. അതുമതി!' - അവൻ തിരിച്ചു നടന്നു. ഇതിനിടയിൽ സലീനയും ഫിദയും ഓടി വരുന്നത് കണ്ടു - 'ശവങ്ങള്'!

"എങ്ങനെയുണ്ടായിരുന്നു എൻ്റെ പെർഫോമൻസ്?", കളി കഴിഞ്ഞ ശേഷം സഞ്ജു പ്രവിയോട്.

          "കളത്തിനു അകത്തെ കളിയോ അതോ പുറത്തെ കളിയോ?"

"മനസ്സിലായില്ല..."

          "എന്തിനാടാ ആ പാവത്തിനിട്ടു പണി കൊടുത്തത്?"

"ഓ അതോ... നമ്മൾ മനസ്സറിഞ്ഞു ഒരു കാര്യം ചെയ്യാൻ വിചാരിച്ചാൽ അതു നടക്കുമെന്ന് ഇന്നാണ് മനസ്സിലായത്. അവൻ ഇന്ന് രാവിലെ തൊട്ട് എനിക്കു പണി തരാൻ തുടങ്ങിയതാ..."

          "എന്തു പണി?"

"ഇന്ന് ഓരോ ടേബിളിലേക്കുമായിട്ട് ഞങ്ങളെ ഡിസ്‌ട്രിബ്യുട്ട് ചെയ്തു. അതിൽ അവനും അവളും ഒരുമിച്ച് - ഞാൻ വേറെ ടേബിളിലും"

          "അതെന്തിനാ ഈ ടേബിളിലേക്ക് ഡിസ്‌ട്രിബ്യുട്ട് ചെയ്യുന്നേ...?"

"ഡിസ്സെക്‌ഷനു വേണ്ടി... എന്നു വെച്ചാൽ ബോഡി അനലൈസ് ചെയ്യാൻ..."

          "ബോഡി അനലൈസ് ചെയ്യാനോ... അതിനിപ്പൊ ടേബിളോക്കെ വേണോ? ഞാനൊക്കെ എവിടെയിരുന്നും ഏതു ബോഡിയും അനലൈസ് ചെയ്യുമല്ലോ..."

"ഇത് ആ ബോഡിയല്ലേ... ഡെഡ്ബോഡി, കടാവർ  എന്ന് പറയും"

          "ഓ അങ്ങനെ... കടാവർ... നല്ല പേര്. അല്ല, ഡെഡ്ബോഡി ആണോ പെണ്ണോ?"

അവന്റെയൊരു തമാശ. 'ഇവനിതെന്തു വെറുപ്പിക്കലാണ്?' - സഞ്ജു മുഖം തിരിച്ചു.

          "അതുപോട്ടെ... അവരെങ്ങനെയാ ഒരുമിച്ചായത്? ഐ മീൻ എങ്ങനെയായിരുന്നു സെലെക്ഷൻ?"

"ആൽഫബെറ്റിക് ഓർഡർ"

          "ഫർഹാൻ - ഫിദ... ശരിയാ, രണ്ടും എഫിലാ... അപ്പൊ നിൻ്റെ കൂടെ... സഞ്ജു... ആ സലീനയുണ്ടാവില്ലേ?"

"അതിന്?"

          "അല്ലാ... ഇനി അവളെ കിട്ടിയില്ലെങ്കിൽ അവളുടെ ഫ്രണ്ട്, സിമ്പിൾ!"

"ടാ, ഒരുത്തനിട്ടു കൊടുത്തു വന്നിട്ടേയുള്ളു... നീ കൂടി വാങ്ങിക്കല്ലേ..."

          "വേണ്ടെങ്കിൽ വേണ്ട, എനിക്കെന്താ?", പ്രവി ബൈക്കെടുത്തു.

രണ്ടുപേരും പോകാനൊരുങ്ങി. അപ്പോഴാണ് പ്രവി ഒരു കാര്യം സഞ്ജുവിന് കാണിച്ചു കൊടുത്തത് - ഫിദ അവരെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.

          "എടാ, ഇനി അവൾക്കെങ്ങാനും മനസ്സിലായിക്കാണുമോ നീ മനപ്പൂർവ്വം അടിച്ചതാണെന്ന്?", പ്രവിക്കൊരു സംശയം.

"മനസ്സിലായെങ്കിൽ നമുക്കെന്താ... മൈൻഡ് ചെയ്യണ്ട, നീ വണ്ടി വിട്ടേ", സഞ്ജു അതത്ര കാര്യമാക്കിയില്ല.

പ്രവി ബൈക്ക് സ്റ്റാർട്ടാക്കി. കുറച്ചു മുമ്പോട്ട് പോയപ്പോളാണ് ഫിദ അവരുടെ അടുത്തേക്ക് ഓടി വരുന്നത് കണ്ടത്. പ്രവി വണ്ടി നിർത്തി.

"എടാ പ്രവി... എത്ര നാളായെടാ കണ്ടിട്ട്, എന്തൊക്കെയുണ്ട് വിശേഷം?" - ആ ചോദ്യം കേട്ടപ്പോഴാണ് അവർക്ക് ആശ്വാസമായത്. അവൾ പഴയ സൗഹൃദം പുതുക്കാൻ വന്നതാണ്.

ഇതിനിടയിൽ പ്രവി ഫർഹാൻ്റെ കാര്യം ചോദിച്ചു. അതിനവൾ കൊടുത്ത മറുപതി ഇതായിരുന്നു - "അവൻ്റെ കാര്യമാ കഷ്ടം, ആ ടീമിൻ്റെ ജയത്തിനു വേണ്ടി അവൻ ആരോടൊക്കെയോ ബെറ്റ് വെച്ചിരുന്നു. ഇപ്പൊ കാശും പോയി, മൂക്കും പോയി - പാവം!". ആ മറുപടി എന്തായാലും സഞ്ജുവിന് ഇഷ്ടമായി.

പ്രവിയുടെയും ഫിദയുടെയും സൗഹൃദം പുതുക്കൽ ഇതുവരെ തീർന്നിട്ടില്ല. സഞ്ജു ഒരു കൈയ്യിൽ ബൂട്ടും മറ്റേ കൈയ്യിൽ ജേഴ്സിയുടെ കവറും പിടിച്ചു ബൈക്കിൻ്റെ പിന്നിലിരിപ്പാണ്. കോളേജിൽ വന്നിട്ട് ഒരുമാസമായി. ഇതുവരെ സഞ്ജുവിനോട് ഒരക്ഷരം മിണ്ടിയിട്ടില്ല, എന്നിട്ടാ അവനോട്. അവനു ദേഷ്യം വരുന്നുണ്ട് - "നീ ഇതുവരെ എവിടെയായിരുന്നു?" അവളുടെ ചോദ്യത്തിന് സഞ്ജുവാണ് മറുപടി കൊടുത്തത് - "അവനങ്ങു ദുഫായിയിൽ ആയിരുന്നു. ഇന്ന് രാവിലത്തെ ഫ്ലൈറ്റിനാ ലാൻഡ് ചെയ്തത്!" ഇതുകേട്ട് ഫിദ തരിച്ചുപോയി. കാര്യം പന്തിയല്ലെന്ന് കണ്ടപ്പോൾ പ്രവി അവളെ തന്ത്രപൂർവ്വം ഒഴിവാക്കി, പെട്ടന്ന് സ്ഥലം കാലിയാക്കുകയും ചെയ്തു!
   

------------------------------

          
          സമയം 2.15. സഞ്ജു ഓടിക്കിതച്ചു പോകുന്നുണ്ട്, രണ്ടാം നിലയിലേക്കാണ് ആ ഓട്ടം. മുമ്പ് ഫിദയുടെ ബാപ്പാൻ്റെ മുന്നിൽ നിന്ന് രക്ഷപെടാൻ ഇങ്ങനെയൊരോട്ടം  ഈ വഴിയിലൂടെ നടത്തിയിട്ടുണ്ട്. അന്ന് നല്ലൊരു പണി കിട്ടിയിട്ടുമുണ്ട്. ഇന്നും പണി പ്രതീക്ഷിച്ചാണ് ആ പോക്ക്. കാരണം രണ്ടു മണിക്ക് തുടങ്ങുന്ന അനാട്ടമി ലാബിലേക്കാണ് ആ എഴുന്നള്ളത്ത്. ആദ്യത്തെ ദിവസം തന്നെ ലേറ്റ് ആവുന്നത്... ഛെ!

കോണിപ്പടികൾ പത്തുമുപ്പതെണ്ണം കയറിയതിൻ്റെ ക്ഷീണം ആ മുഖത്തു കാണാനുണ്ട്. എന്നാലും അത് വകവെക്കാതെ ഓരോ വാതിലിലേയും പേരുകൾ അവൻ നോക്കി. അങ്ങേ അറ്റത്തു അവനാ പേര് കണ്ടു - ഡിസ്സക്ഷൻ ഹാൾ! പതിയെ അവനാ വാതിലു തുറന്നു. പത്തുമുന്നൂറ്‍ കണ്ണുകളും അതിനേക്കാൾ ഭീകരമായ വേറെ രണ്ടു കണ്ണുകളും അവനു നേരെ തിരിഞ്ഞു. ആ ഭീകര കണ്ണുകൾ അവനെ പിന്നെ മൈൻഡ് ചെയ്യാൻ നിന്നില്ല. കണ്ടാൽ ഒരു ഡോക്ടറാണെന്നു പറയില്ലെങ്കിലും ഒരു ലെക്ച്ചറുടെ ലുക്ക് ആവോളമുണ്ട്.

"സർ...", വേറൊരു വഴിയും കാണാത്തതിനാൽ സഞ്ജുവിന് വിളിക്കേണ്ടിവന്നു.

"യെസ് ...", ശബ്ദത്തിൽ അധികം മാധുര്യമില്ലെങ്കിലും അത്രയ്ക്ക് ഭീകരത ഇല്ലായിരുന്നു. ഇപ്പോഴും മുഖം സഞ്ജുവിന് നേരെ തിരിച്ചിട്ടില്ല.

സഞ്ജു ആകെയൊന്ന് പരുങ്ങിയ പോലെ. എന്തു പറയണമെന്നു പിടികിട്ടുന്നില്ല. കുറച്ചു കഴിഞ്ഞിട്ടു സാറവനെ നോക്കി - "വാട്ട് യു വാണ്ട്?"

രണ്ടാലൊന്നു ചെയ്തില്ലെങ്കിൽ കുഴപ്പമാകും. ഇപ്പോഴും സഞ്ജുവിന്  ഒന്നും പറയാൻ കിട്ടിയില്ല. എന്നാലും 'ലാബിനകത്തേക്കു കയറിക്കോട്ടെ?' എന്ന് ആംഗ്യത്തിലവൻ കാണിച്ചു, കൂട്ടിനൊരു ഇളിയും...

"സോറി... ടൈം ഈസ് അപ്പ്" - സാർ മറുപടി അതിലൊതുക്കി. എന്നിട്ട് തൻ്റെ ലക്ചർ തുടർന്നുകൊണ്ടിരുന്നു. 

പിന്നെ സഞ്ജു അവിടെ നിന്നില്ല - നിന്നിട്ടു കാര്യമില്ലെന്ന് മനസ്സിലായി. 'ഇനിയെന്ത് ചെയ്യും?' എന്നാലോചിച്ചു വരാന്തയിൽ നിൽക്കുമ്പോഴാണ് സഞ്ജു ആ കാഴ്ച കണ്ടത് - ഫിദ ഓടി വരുന്നു, അതെ, അവളും വൈകിയിരിക്കുന്നു. ഒറ്റയടിക്ക് സഞ്ജു ഉന്മേഷം വീണ്ടെടുത്തു. അവനെന്തോ നേടിയ പോലെ, 'ഇക്കാര്യത്തിലെങ്കിലും നമ്മളൊന്നിച്ചല്ലോ മുത്തേ' എന്നവൻ്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു - എന്തൊരു മനപ്പൊരുത്തം, അല്ലേ?!

അവളോട് സംസാരിക്കാൻ അവനു കൊതിയായിട്ടു വയ്യ. പക്ഷെ, ആ തെളിഞ്ഞ നീലാകാശത്തു കാർമേഘം ഇരുണ്ടുകൂടിയത് പെട്ടന്നായിരുന്നു. കാരണം അവൻ വേറൊരു കാഴ്ചയും കൂടി  കണ്ടു, അവളുടെ പിറകെ ഒരാളും കൂടിയുണ്ട് - ആ ##%%&* ഫർഹാൻ... ഇവർ രണ്ടുപേരും കൂടി ഇതെവിടെ പോയിരിക്കുകയായിരുന്നു? സഞ്ജുവിൻ്റെ അപ്പോഴത്തെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ...

ഫർഹാൻ്റെ മുഖത്തു അന്ന് ഫുട്ബോൾ കൊണ്ടതിൻ്റെ പാട് ഇപ്പോഴുമുണ്ട്. ഇനിയും അടിക്കുന്നത് മോശമല്ലേ... അതും ആ പാവത്തിനെ. ഈ കുരിശിനെ ഇനി എന്ത് കാണിച്ചാ ഒഴിവാക്കുക?

"നീ എന്താ കയറാത്തത്?" - വന്നയുടനെ ഫർഹാൻ സഞ്ജുവിനോട്.

"ടൈം ഈസ് അപ്പ്" - സഞ്ജു അത്രയേ പറഞ്ഞുള്ളൂ.

പക്ഷെ ഫർഹാൻ വിട്ടില്ല, വാതിൽ തുറന്നു കുറേ 'സോറിയും' 'നോട്ട് റിപ്പീറ്റ്' എല്ലാം കൂട്ടിക്കലർത്തി കരച്ചിൽ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ കോളേജ് പയ്യൻസിൻ്റെ മാനം കളഞ്ഞു!

എന്നാലും സാറതിൽ വീണു, ലാബിൽ കയറാൻ പറഞ്ഞു. ഒപ്പം കുറേ നിർദ്ദേശങ്ങളും -

"ദിസ് ഈസ് ദി ഫസ്റ്റ് ആൻഡ് ലാസ്‌റ് വാണിംഗ് ഫോർ ആൾ ഓഫ് യൂ. ഇഫ് യൂ റിപീറ് ഇറ്റ് എഗൈൻ, ഐ വിൽ........................................................................................

ആ... എന്തൊക്കെയോ പറഞ്ഞു. ആരതൊക്കെ ശ്രദ്ധിക്കാൻ നിൽക്കുന്നു???

പക്ഷെ സഞ്ജു വേറൊരു കാര്യം ശ്രദ്ധിച്ചു - ഗ്രൂപ്പ് വൈസിലാണ് എല്ലാവരും ഇരിക്കുന്നത്. അതുകൊണ്ട് ഫിദയും ഫർഹാനും ഒരുമിച്ചുണ്ട്. തനിക്കിരിക്കേണ്ട സ്ഥലം സലീന കാണിച്ചുതന്നു. അതിനു മുമ്പ് തന്നെ അവളൊരു ചിരിയും കൈ കൊണ്ട്  'ഹായ്' യും പാസാക്കിയിരുന്നു.

സഞ്ജുവിന് അവിടെയിരുന്നിട്ട് വല്ലാതെ വീർപ്പുമുട്ടുന്ന പോലെ. അല്ലെങ്കിൽ തന്നെ ആകെ നാണം കെട്ടിട്ടാണ് അകത്തു കയറിയത്. ഈ സിറ്റിംഗ് പൊസിഷൻ തീരെ പിടിച്ചിട്ടില്ല. എല്ലാറ്റിനും ബാപ്പാനെ പറഞ്ഞാൽ മതി, ഈ 'എഫ്' കൊണ്ട് എന്തെല്ലാം നല്ല പേരുകളുണ്ട് - ഫഹദ്, ഫഷാൽ, ഫാസിൽ, ഫുഹാദ്... എന്നിട്ട് അതൊന്നും കാണാതെ ഒരു തണുപ്പൻ പേര് - സഞ്ജീദ് ...

ഇതെല്ലാം പോരാത്തതിന് സാറിൻ്റെ ഒരു തണുപ്പൻ ക്ലാസും. അഞ്ചുകൊല്ലം ഇതെങ്ങനെ സഹിക്കും? വേറൊന്നുകൂടിയുണ്ട് സഹിക്കാൻ, ഫോർമാലിൻ്റെ മണം . അതെ, ഡെഡ് ബോഡി കേടാകാതെ സൂക്ഷിക്കുന്ന കെമിക്കലിൻ്റെ 'സുഗന്ധം ' - അത് ഡിസക്ഷൻ ഹാളിൻ്റെ ഒരു പ്രതീകം തന്നെയാണ്.

ഇയാളുടെ പ്രസംഗം കൂടിപ്പോയാൽ ഒരു അരമണിക്കൂർ വരെ കേട്ടിരിക്കാം, അതിനപ്പുറത്തേക്ക് കഴിയില്ല. 'കുടുങ്ങിപ്പോയല്ലോ...' എന്ന മട്ടിലാണ് സഞ്ജുവിൻ്റെ ഇരിപ്പ്. അവൻ ലാബിൻ്റെ എല്ലാ വശങ്ങളിലേക്കും കണ്ണോടിച്ചു. ചുമരിലെല്ലാം ധാരാളം ലേബൽ ചെയ്ത ചിത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നു. പടച്ചോനെ... എന്തൊക്കെയാണിത്!

കുറച്ചപ്പുറത്തായി ഓരോ ടേബിൾസ് കാണുന്നുണ്ട്, അതിലൊക്കെ ഓരോ ഡെഡ് ബോഡീസിനെയും കാണാം... അഥവാ കടാവർ ...

"ഹോ! എത്ര ഓടിച്ചാടി നടന്നിരുന്ന ആളാ ...", കടാവറിലേക്കു നോക്കിക്കൊണ്ട് പറഞ്ഞതു മറ്റാരുമല്ല, നമ്മുടെ പഴയ തടിയൻ സുഗേഷ്.

"നിനക്കറിയോ ആളെ?", സഞ്ജുവിന് അത്ഭുതം.

"ഹേയ്... നെവർ... ഏതു മനുഷ്യരാടോ ഓടിച്ചാടി നടക്കാത്തെ ...", സുഗേഷിൻ്റെ ഉത്തരം വളരെ ലളിതമായിരുന്നു.

ചളമായെങ്കിലും സഞ്ജുവിന് കുറച്ചു ആശ്വാസം തോന്നി. അല്ലെങ്കിലേ ഈ മെഡിക്കൽ ഫീൽഡ് ഒരു ബോറിംഗ് ആണ്. ഇതുപോലെ ശ്വാസം വിടാൻ പറ്റാത്ത ലാബും പേടിപ്പിക്കുന്ന ഫാക്കൾട്ടീസും അതിനെല്ലാം പുറമെ ഒടുക്കത്തെ പഠനഭാരവും. ഇതിനിടയിൽ കുറച്ചൊക്കെ ആശ്വാസം പകരുന്നത് ഇങ്ങനെ കുറച്ചു ടീമ്സ് ആണ് - കീപ് ഇറ്റ് അപ്പ് ബഡ്ഡി, കീപ് ഇറ്റ് അപ്പ്!!

പറ്റിയ ഒരു കൂട്ടു കിട്ടിയതോടെ രണ്ടുപേർക്കും ആവേശമായി. അവർ ഓരോന്ന് കളിയ്ക്കാൻ തുടങ്ങി. അവരുടെ കളിക്കിടയിൽ തടസ്സമാകാതിരിക്കാൻ സലീന കുറച്ചപ്പുറത്തേക്കു മാറിക്കൊടുത്തു. സാറപ്പോൾ  പറഞ്ഞു റേഡിയോളജിയിൽ എത്തിയിട്ടുണ്ട്. എക്സറെയാണ് മെയിൻ വിഷയം. ഇതിനിടയിൽ സുഗേഷിൻ്റെ ആവേശം അല്പം കൂടിപ്പോയി, സാറവനെ പൊക്കി. ഒരുത്തനെ കിട്ടിയാൽ അവനെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് നാറ്റിക്കാൻ സാറുമാർക്കു പ്രത്യേക താല്പര്യം കാണും. ഇവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല - "നിൻ്റെ ഇത്രേം വലിയ ശരീരം എക്സ്-റേ മെഷീനിൽ അടങ്ങുമോ എന്നാ എനിക്കു സംശയം" - സാറ്‌ ആദ്യ വെടി പൊട്ടിച്ചു.

"സാർ, ഇവൻ്റെ ശരീരത്തിലൊക്കെ തുളച്ചുകയറാൻ  എക്സ്-റേക്ക് പറ്റുമോ?" - ഇതിനിടയിൽ വേറൊരുത്തൻ ഇടയിൽ കോലിട്ട് സാറിനു സപ്പോർട്ട് കൊടുത്തു, ആളൊരു എലുമ്പനാണ്.

ക്ലാസ് മൊത്തം ചിരിയിലാണ്. സുഗേഷിന് ഇതത്ര പിടിച്ചില്ല, പ്രത്യേകിച്ച് ആ എലുമ്പൻ്റെ ഡയലോഗ്സ്. അവനും തിരിച്ചുവെച്ചു -

"നിനക്ക് പിന്നെ എക്സ്-റേയുടെ ഒന്നും ആവശ്യമില്ലല്ലോ... ഒരു പെൻസിലും പേപ്പറുമെടുത്തു ഷെയ്ഡ് ചെയ്താൽ മതിയല്ലോ..."

ക്ലാസ് പൊട്ടിചിരിയിലാണ്... നല്ല പഞ്ച് ഡയലോഗ്. സാറിനു അതത്ര ഇഷ്ടപ്പെട്ടില്ല. ഫലമോ? സുഗേഷിന് പുറത്തു പോകേണ്ടിവന്നു - ഉത്തരം മുട്ടുമ്പോൾ അധ്യാപകർ സ്ഥിരമായി ചെയ്യുന്ന പണി.

സുഗേഷ് പോയതോടെ സഞ്ജു വീണ്ടും ഒറ്റക്കായി. അവൻ അപ്പുറവും ഇപ്പുറവുമൊക്കെ നോക്കി - അവരെല്ലാവരും അപാരമായ ശ്രദ്ധയിലാണ്. ഈ ഉച്ചനേരത്തു ഇവർക്കാർക്കും ഉറക്കവും ഇല്ലേ? അവസാനം അവൻ കയ്യിൽ ഉണ്ടായിരുന്ന ഒരു ബുക്കെടുത്തു കുത്തിക്കുറിക്കാൻ തുടങ്ങി.

"യൂ... സ്റ്റാൻഡ് അപ്പ്!" - അതൊരു അലർച്ചയായിരുന്നു, സാർ സഞ്ജുവിന് നേരെ കുറച്ചു ചാടി -

          "അയാം വാച്ചിങ് യു മെനി ടൈംസ്, യു ആർ നോട്ട് ലിസണിങ് ദ ക്ലാസ്. ഇഫ് യു ആർ നോട്ട് ഇൻ്റെരെസ്റെഡ്, വൈ യു ആർ സിറ്റിംഗ് ഇൻസൈഡ്? നൗ യു ഗെറ്റ് ഔട്ട്, ഐ സെഡ് ഗെറ്റ് ഔട്ട്!"

എ കെ 47 ആയതുകൊണ്ട് തിരിച്ചുവെക്കാൻ പോയിട്ട് തടുക്കാൻ പോലും കഴിഞ്ഞില്ല. "ഇതങ്ങ് നേരത്തേ ചെയ്തുടായിരുന്നോ...?"

പുറത്തേക്കിറങ്ങിയപ്പോഴാണ് സീനിയേഴ്സിനെ കണ്ടത്. അതിൽ നമ്മുടെ പഴയ ടീമ്സും ഉണ്ട്. ഏതായാലും റാഗിങ്ങിന് ശേഷം സഞ്ജു അവരുമായി നല്ല കൂട്ടിലാണ്. ഫസ്റ്റ് ഇയേഴ്‌സിൽ അവനു മാത്രമേ അവരോട് ഇത്ര ബന്ധമുള്ളൂ.

"ഞങ്ങൾ ക്ലാസ് തീരാൻ നിൽക്കാണ്, ഫ്രഷേഴ്‌സിന് ക്ഷണിക്കാൻ... പിന്നെ നീ എന്തായാലും ഒരു പാട്ടു പാടണം . അന്ന് ഞങ്ങൾ കളിയാക്കിയെങ്കിലും കുഴപ്പമില്ലാതെ പാടിയിരുന്നു. എന്നാലും ബാക്കി പണികളിൽ നിന്ന് രക്ഷപ്പെടാമെന്നു വിചാരിക്കേണ്ട... പാട്ട് എന്തായാലും നന്നായി പ്രാക്ടീസ് ചെയ്തോ..."

അവർ ആഗമനോദ്ദേശം വ്യക്തമാക്കി. സഞ്ജു ഒന്ന് ചിരിച്ചതേയുള്ളൂ , അവനതൊക്കെ തമാശയായിട്ടാ തോന്നിയത്. പെട്ടന്ന് അവൻ്റെ മനസ്സിൽ എന്തോ ബുദ്ധി ഉദിച്ചു. അവൻ അവരെ കുറച്ചു മാറ്റി നിർത്തി സംസാരിക്കാൻ തുടങ്ങി -

"എനിക്കൊരു ഉപകാരം ചെയ്യുമോ?" - സഞ്ജു ഒരു സോപ്പ് പതപ്പിക്കാൻ ഒരുങ്ങുകയാണ്.

"എന്ത് ഉപകാരം?", ചേട്ടന്മാർ ചോദിച്ചു.

സഞ്ജു  അവരുടെ അടുത്തേക്ക് നീങ്ങിയിട്ട് കാര്യം പറയാൻ തുടങ്ങി...


------------------------------  


ഫ്രഷേഴ്‌സ് പാർട്ടി - ഒന്നാം വർഷക്കാർ സന്തോഷിക്കണോ ടെൻഷനടിക്കണോ  എന്നറിയാത്ത ദിവസം. പുതിയ ഉടുപ്പൊക്കെയിട്ട് പുതുമോടിയിലായിരിക്കും അവർ. അടിപൊളി ഭക്ഷണവും കിട്ടുമെന്നറിയാം. പക്ഷെ എന്തായിരിക്കും അല്ലെങ്കിൽ എങ്ങനെയായിരിക്കും പണി കിട്ടാൻ പോകുന്നത് എന്ന ടെൻഷൻ എല്ലാവരുടെയും മുഖത്ത് കാണാം.

ഇനി സീനിയേഴ്സിൻ്റെ കാര്യമെടുത്താലോ... അവർക്ക് ഫസ്റ്റ് ഇയേഴ്‌സിനേക്കാൾ ഇത്രയധികം ആധിപത്യം  കിട്ടുന്ന വേറൊരു സമയമുണ്ടാവില്ല. സംഘാടനത്തിൻ്റെ സമ്മർദ്ദം കുറച്ചു ഉണ്ടാകുമെങ്കിലും പൂർണ്ണമായും ആസ്വദിക്കാനുള്ള മൂഡിലായിരിക്കും  അവർ. പിന്നെ വേറെ ചിലരുടെ നോട്ടം ഫ്രഷേഴ്‌സിൻ്റെ ഡ്രസ്സ് കോഡിലേക്കായിരിക്കും . കാരണം അവരുടെ ഷൂ, സ്കാർഫ്, മോതിരം, വാച്ച് എന്നിവ ഭാവിയിൽ നമുക്കും ഉപയോഗിക്കേണ്ടി വരുമല്ലോ...!

സഞ്ജുവിൻ്റെ അവസ്ഥ നേരെ തിരിച്ചാണ്. വല്ലാത്ത ഒരു സന്തോഷത്തിലാണവൻ. ഇനി ഉൽഘാടന വേളയിൽ തന്നെ പാട്ടു പാടാൻ പോകുന്നതിൻ്റെ ത്രില്ലിലാണോ? ഹേയ്... അതാകാൻ വഴിയില്ല. അതിലൊക്കെ ഇപ്പോൾ എന്തിരിക്കുന്നു? എന്തോ ആലോചിച്ചുകൊണ്ടിരുന്ന അവൻ്റെയടുത്തു ഒരാൾ വന്നു - അശ്വതി, അവന്റെ ക്ലാസ്സ്‌മേറ്റ് തന്നെ. അവരൊന്നിച്ചാണ് പാട്ടു പാടുന്നത്. അശ്വതിയെ സീനിയർസ് തന്നെയാണ് നിർദ്ദേശിച്ചതും. അങ്ങനെയാണ് അവളെ പരിചയപ്പെടുന്നത്. വളരെ നല്ല കുട്ടിയാണ് അശ്വതി. ഇപ്പോൾ അവളുമായിട്ട് വല്ലാത്ത കമ്പനിയാണ്.

"നിനക്കു എങ്ങനെയാണ് ഇത്ര കൂളായിരിക്കാൻ പറ്റുന്നത്? ഞാനിപ്പോൾ ടെൻഷനടിച്ചു ചാവും!" - അശ്വതിക്ക് അത്ഭുതം.

"എന്തിനാ വെറുതെ ടെൻഷനടിക്കുന്നത്? നമ്മുടെ ബാച്ചിൻ്റെ മുന്നിലല്ലേ പ്രോഗ്രാം... ബോറായാലും കുഴപ്പമില്ല, എല്ലാരും ബോറന്മാരാ...", സഞ്ജുവിൻ്റെ മറുപടി.

"എല്ലാരും ബോറന്മാരാണോ? ഒരാളില്ലേ, ഒരു എക്സെപ്‌ഷൻ", അവളൊന്നു ആക്കിയ പോലെ.

"ആര്?" - അത്ഭുതം മുഖത്തു വിരിയിച്ചു സഞ്ജു ചോദിച്ചു. പക്ഷെ അതിനവൾ മറുപടി തന്നില്ല. 'എനിക്കെല്ലാം അറിയം' എന്ന മട്ടിൽ തലയാട്ടുക മാത്രം ചെയ്തു.

സ്റ്റേജ് എല്ലാം പൂക്കൾ വെച്ച് വൃത്തിയിലും ഭംഗിയിലും അലങ്കരിച്ചിട്ടുണ്ട്. പരിപാടി തുടങ്ങാനായി. സീനിയേഴ്സിലെ ഒരാൾ മൈക്ക് കയ്യിൽ എടുത്തു 'ഹലോ ഗയ്‌സ് ' എന്ന് വിളിച്ചതോടെ ഓഡിറ്റോറിയം പതിയെ ശാന്തതയിലേക്കു മടങ്ങാൻ തുടങ്ങി. പിൻഡ്രോപ് സൈലെൻസ് തന്നെ - ഫസ്റ്റ് ഇയേഴ്‌സിൻ്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വരുന്നുണ്ട്. അനൗൺസ്‌മെന്റ് തുടർന്നു -

"പരിപാടി തുടങ്ങുന്നതിനു മുമ്പ് ചില തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ഫസ്റ്റ് ഓഫ് ഓൾ, നിങ്ങളുടെ സിറ്റിംഗ് രീതി തന്നെ മാറ്റണം. നിങ്ങളീ പരിപാടിയിൽ പങ്കെടുക്കേണ്ടത് ഒറ്റയ്ക്കോ അല്ലെങ്കിൽ നിങ്ങളുടെ യൂഷൽ ഫ്രണ്ട്സിൻ്റെ കൂടെയോ അല്ല - നിങ്ങളുടെ പെയറിൻ്റെ കൂടെയാണ് (എല്ലാവരും മുഖത്തോടു മുഖം നോക്കുന്നു). യെസ്, യു ഹാവ് ടു സിറ്റ് ഹിയർ വിത്ത് യുവർ പാർട്ണർ, ആസ് എ കപി ൾ. മാത്രമല്ല, പാർട്ട്നറിനെ ഞങ്ങൾ നിശ്ചയിക്കും. ഡോണ്ട് വെറി, വി ആൾറെഡി ഡിസൈഡഡ് ഇറ്റ്"

സഞ്ജു സന്തോഷിച്ചത് വെറുതെയല്ല, അവനു പെയറായി കിട്ടിയത് ഫിദയെ - സീനിയേഴ്സിലുള്ള അവൻ്റെ സ്വാധീനത്തിൻ്റെ ഫലം. സഞ്ജു കുറച്ചു ദിവസങ്ങളായി കൊതിച്ച നിമിഷം. അവൾ വന്നു സഞ്ജുവിൻ്റെ  അടുത്തിരുന്നു. പക്ഷെ അവൻ്റെ മുഖത്തുള്ള തെളിച്ചമൊന്നും അവളുടെ മുഖത്ത് കണ്ടില്ല, കാണാനും സാധ്യതയില്ല. അവളിപ്പോഴും പഴയ ഗമയിൽ തന്നെ.

പരിപാടിയുടെ തുടക്കം സഞ്ജുവിന്റേയും അശ്വതിയുടെയും പാട്ടോടുകൂടിയായിരുന്നു. ഭംഗിയായിത്തന്നെയാണ് പാടിയത്. പാടിക്കഴിഞ്ഞു സീറ്റിൽ വന്നിരുന്നപ്പോൾ ചുറ്റിലും ഉണ്ടായിരുന്ന എല്ലാവരും അവനെ അഭിനന്ദിച്ചു, ഒരാളൊഴികെ - ഫിദ തന്നെ. എന്നാലും സഞ്ജു പ്രതീക്ഷിച്ചതായിരുന്നു. സാരമില്ല, പോട്ടെ. അടുത്ത തവണ നോക്കാം.

ഇനിയാണ് ശരിക്കുള്ള പരിപാടി തുടങ്ങുന്നത്. ഓരോരോ കപ്പിൾസിനും ഓരോരോ ടാസ്കുണ്ട്. ടാസ്ക് എന്ന് പറഞ്ഞാൽ വെറും പണിയല്ല, ഒടുക്കത്തെ പണി തന്നെ. തങ്ങളുടെ അവസരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

"പ്രിയ സുഹൃത്തുക്കളേ, ഇനിയുള്ള ഐറ്റം കാണിക്കാൻ ഒരു ചങ്കൂറ്റമുള്ള ആൺകുട്ടിയെ വേണം. നിങ്ങളിൽ അങ്ങനെയൊരാളെ എങ്ങനെ കണ്ടെത്തും എന്ന് തലപുകയ്ക്കുമ്പോഴാണ് ഒരു സംഭവം ഞങ്ങളുടെ മനസ്സിലേക്ക് വന്നത്. കോളേജിലെ ആദ്യ ദിവസം തന്നെ പേരെന്റ്സിന് മുന്നിൽ വെച്ചു പ്രൊപോസ് ചെയ്യാൻ ധൈര്യം കാണിക്കണമെങ്കിൽ...

(ഇതു പറഞ്ഞതും എല്ലാവരും വിളിച്ചുകൂവാൻ തുടങ്ങി. എല്ലാവരുടേയും കണ്ണുകൾ സഞ്ജുവിന് നേരെ തിരിഞ്ഞു. കയ്യടിയുടെ അലകൾ നിലയ്ക്കുന്നില്ല)

... സോ, വെൽക്കം സഞ്ജു ആൻഡ് ഫിദ ടു ദി സ്റ്റേജ്"

സഞ്ജുവും ഫിദയും സ്റ്റേജിലേക്ക് കയറി. സഞ്ജു ആളാകെ കൂൾ ആണ്. പക്ഷെ ഫിദയുടെ മുഖത്തു ടെൻഷൻ ആവോളമുണ്ട്. അപ്പോഴേക്കും അനൗൺസ്‌മെന്റു വന്നു -

"സഞ്ജു അന്നവിടെ കാണിച്ചത് ലൈവ് ആയി കാണാൻ പറ്റാത്ത പലരുമുണ്ടാകും. സോ... അവർക്കുവേണ്ടി അതേ കാര്യം സഞ്ജു ഇന്നിവിടെ കാണിക്കുന്നു - ഒരു വ്യത്യാസമുള്ളത് മുന്നിൽ ഫിദയാണെന്നു മാത്രം... യെസ്, സഞ്ജു വിൽ ഷോ യു ഹൗ ടു പ്രൊപോസ് എ ഗേൾ"

"പടച്ചോനേ...", സഞ്ജു ശരിക്കും വിളിച്ചുപോയി. ഒരാവേശത്തിൽ കപിളാക്കാൻ പറഞ്ഞെങ്കിലും അതിൽ ഇങ്ങനെയൊരടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. "സഞ്ജു... വേഗം" - ഇതിനിടയിൽ ഏതോ ചേട്ടൻ തിരക്കുകൂട്ടി. പിന്നെ ഒന്നും ആലോചിച്ചില്ല, ഒരു സാധനമങ് ഇറക്കി -

"കുറച്ചു ദിവസമായിട്ട് എൻ്റെ മനസ്സ് വല്ലാത്ത ഒരു അവസ്ഥയിലാണ്... അതിനു കാരണം നീയാണെന്നു ഇപ്പോഴാണ് എനിക്ക് മനസ്സിലായത്... ക്ലാസ്സിൽ ഞാൻ ഉറങ്ങാതിരിക്കുന്നത് നീയുള്ളത്കൊണ്ട് മാത്രമാണ്... എനിക്ക്..."

ഇത്രയും പറഞ്ഞപ്പോൾ ഒരു സീനിയർ ചേട്ടൻ ഇടപെട്ടു "എന്താ സഞ്ജു ഇത്... പഴയ പൈങ്കിളി ലൗ ലെറ്റർ വായിക്കുന്നത് പോലുണ്ടല്ലോ... (അത് പറഞ്ഞതും ഫിദ അവൻ്റെ കണ്ണിലേക്കൊന്നു നോക്കി)... കുറച്ചൊക്കെ മോഡേൺ ആവ്..."

(ഹാളിൽ 'സഞ്ജു... സഞ്ജു...' എന്നല്ലാവരും വിളിച്ചുകൂവുന്നുണ്ടായിരുന്നു)

സഞ്ജു ഉടനെ സ്റ്റേജ് അലങ്കരിച്ചിരുന്ന പൂക്കളിൽ നിന്നും ഒരു ചുവന്ന റോസാപ്പൂവെടുത്തു നല്ല വെസ്റ്റേൺ സ്റ്റൈലിൽ മുട്ടുകാലിൽ ഇരുന്ന് അത് അവളുടെ നേരെ നീട്ടി - "ഐ ലവ് യൂ..."
(കൈയ്യടി കൂടി... ഫിദ നാണിച്ചു തലതാഴ്ത്തി നിൽക്കുകയാണ്)

"ഫിദ... നീ ഇതൊന്നും കാണുന്നില്ലേ... നോക്കി നിൽക്കാതെ അവനു മറുപടി കൊടുക്ക്" - ഒരു ചേച്ചി അവളെയും വിട്ടില്ല.

മനസ്സില്ലാമനസ്സോടെ അവളത് വാങ്ങി. അതോടെ സദസ്സ് ഇളകി മറിഞ്ഞു. അവരാണ് ക്ലാസ്സിലെ പുതിയ ഹീറോസ്...

പ്രൊപോസൽ നാടകം കഴിഞ്ഞു രണ്ടുപേരും അവരവരുടെ സീറ്റിൽ വന്നിരുന്നു. രണ്ടും തല താഴ്ത്തിയിരിപ്പാണ്. പരസ്പരം ഒന്നും മിണ്ടിയില്ല (അതല്ലെങ്കിലും അങ്ങനെ തന്നെയാണല്ലോ...). ഇതിനിടയിൽ വേറൊരു സംഭവം സഞ്ജുവിന് ഇഷ്ടപ്പെട്ടു - ഫര്ഹാന് കിട്ടിയ പണി തന്നെ. അവൻ്റെ  പാർട്ണർ നസ്‌ലയായിരുന്നു, മുമ്പ് പറഞ്ഞ ആ വായാടി... അവളിപ്പോൾ സ്റ്റേജിൽ വെച്ച് ഫർഹാനെ സാരി ചുറ്റിക്കുന്നുണ്ട്. ഓരോരോ പണികളെ... ആ രംഗം കണ്ടിട്ട് ഫിദ പോലും തൻ്റെ കാര്യങ്ങളൊക്കെ മറന്ന് ചിരിക്കുകയാണ്. സഞ്ജുവിന് അതൊന്ന് ഫോട്ടോ എടുക്കണമെന്നുണ്ട്. പക്ഷെ അവനവിടുന്ന് അനങ്ങിയില്ല, അതിനുള്ള ശക്തിയില്ലായിരുന്നു...

ഭക്ഷണവും DJയുമൊക്കെ കഴിഞ്ഞ ശേഷം എല്ലാവരും ഓഡിറ്റോറിയത്തിൽ നിന്നിറങ്ങി. അപ്പോഴാണ് അശ്വതി സഞ്ജുവിൻ്റെ അടുത്തേക്ക് വന്നത്.

"ടാ... സത്യം പറ, നീ പറഞ്ഞിട്ടല്ലേ സീനിയർസ് ഫിദയെ നിനക്ക് പാർട്ണർ ആക്കിത്തന്നത്?" - അവൾക്ക് അതായിരുന്നു ആദ്യമറിയേണ്ടത്.

സഞ്ജു ഒന്ന് ചിരിച്ചു, പിന്നെയൊരു ഡയലോഗും - "നമ്മളാരാ മോൻ...!" ഒരു ഷോയ്ക്കു വേണ്ടി കോളറും പൊക്കി.

ഇതും പറഞ്ഞു തിരിഞ്ഞപ്പോഴാണ് പിന്നിൽ ഫിദയെ കണ്ടത്. അവളതു കേട്ടിട്ടുണ്ടെന്ന കാര്യം നൂറുശതമാനം ഉറപ്പ്. ഇതിനിടക്ക് അശ്വതി മുങ്ങിയിരുന്നു (സുഹൃത്ത് ആയാൽ അങ്ങനെത്തന്നെ വേണം). സഞ്ജു ആകെ വിയർത്തു നിൽക്കുകയാണ്, എന്ത് ചെയ്യണമെന്നറിയാതെ. ഫിദ പതിവിനു വിപരീതമായി അവൻ്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നു. പെട്ടന്നാണ് സഞ്ജുവിൻ്റെ മൊബൈൽ ബെല്ലടിച്ചത് - ഭാഗ്യം, അവൻ ഫോണെടുത്തു എങ്ങോട്ടോ നടന്നു -

"ഹലോ... ശരതാ... അളിയാ, താങ്ക്സ് ടാ... കറക്റ്റ് സമയത്താ നീ വിളിച്ചത്..."

ഫോണിൽ സംസാരിക്കുന്നതിനിടയിൽ സഞ്ജു പതുക്കെ തിരിഞ്ഞു നോക്കി. ഫിദ അപ്പോഴും അവിടെത്തന്നെയുണ്ട്, അവനേയും നോക്കിക്കൊണ്ട്! സഞ്ജു പെട്ടന്ന് മുഖം തിരിച്ചു. പിന്നെ അവിടെ നിന്നില്ല, പെട്ടന്ന് സ്ഥലം കാലിയാക്കി!


------------------------------


പ്രവിയുടെ റൂം - അവനവിടെ മൊബൈലിൽ തിരക്കിട്ട് ഏതോ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നു. സഞ്ജുവാണെങ്കിൽ കംപ്യൂട്ടറിനു മുന്നിലാണ്, എന്തോ കാര്യമായി തപ്പുന്നു - ആള് ഫേസ്ബുക്കിലാണ്, അപ്പോൾ തപ്പുന്നതെന്താണെന്നു ഊഹിക്കാലോ...

"ഛെ !" - ഗെയിം  ഓവറായപ്പോഴുള്ള പ്രവിയുടെ നിരാശ

"എന്തോ?" - സഞ്ജുവിന് കാര്യം ഓടിയില്ലെന്ന് തോന്നുന്നു.

"കുഴിയിൽ വീണു, അത്ര തന്നെ" - പ്രവി വിശദീകരിച്ചു.

"ഞാൻ കുഴിയിൽ വീണെന്നു ഇപ്പോഴാണോ മനസ്സിലാവുന്നത്? പക്ഷെ ഞാൻ കരകയറും, അവളെയും കൊണ്ട് കയറും, നോക്കിക്കോ...", സഞ്ജുവിൻ്റെ  വാക്കുകൾ കേട്ടിട്ട് പ്രവി മിഴിച്ചിരുന്നുപോയി.

"എടാ കോപ്പേ, ഞാനതല്ല പറഞ്ഞത്, അമ്പലപ്പാച്ചിലിൻ്റെ കാര്യമാ...", വീണ്ടും പ്രവിയുടെ വിശദീകരണം

"അമ്പലപ്പാച്ചിലോ? അതെന്താ?" - സഞ്ജു ആദ്യമായാണ് അങ്ങനെയൊന്ന് കേൾക്കുന്നത്.

"ഐ മീൻ 'ടെമ്പിൾ റൺ', ഗെയിം... മനസ്സിലായോ?" - ഇനി പ്രവിക്കു വിശദീകരിക്കാൻ വയ്യ. സഞ്ജുവിന് ദേഷ്യം വന്നതാണ്, പിന്നെയവൻ വേണ്ടെന്നു വെച്ചു. അതും പറഞ്ഞു നേരം കളയാൻ വയ്യ.

"എടാ അവൾക്കു FB അക്കൗണ്ട് ഇല്ലേ?" - ഇത്രേം നേരം തപ്പിയിട്ടും അവനു സംഗതി കിട്ടിയില്ല

"FB അക്കൗണ്ട് ഇല്ലാത്ത പെണ്ണോ? എന്നാ നീ അവളെത്തന്നെ കെട്ടിക്കോ... അപൂർവ്വ ഇനമാ..." - പ്രവിയുടെ ഡയലോഗ്, പക്ഷെ സഞ്ജു കേട്ടതായി ഭാവിച്ചില്ല.

"ടാ ... ഇങ്ങോട്ട് നോക്ക്" - കുറച്ചു കഴിഞ്ഞു സഞ്ജു പ്രവിയെ വിളിച്ചു. ഒരു ഫ്രണ്ട് റിക്വസ്റ്റ് - 'ഫർഹാൻ ദി കിംഗ്'. രണ്ടുപേർക്കും ചിരിയാണ് വന്നത്.
"കിംഗോ? ഇവനോ? ഈ യൂസർ നെയിം കൊടുക്കുന്നവർക്ക് എന്തുമാവാലോ... സഹിക്കേണ്ടത് ബാക്കിയുള്ളവരല്ലേ... എന്തായാലും ആസ്സപ്റ് ചെയ്തോ, വല്ല പണിയും കൊടുക്കാൻ ഉപകരിക്കും", പ്രവിയുടെ അഭിപ്രായം മുഖവിലക്കെടുത്തു സഞ്ജു ആസ്സപ്റ് ചെയ്തു.

കുറച്ചു കഴിഞ്ഞു വീണ്ടും സഞ്ജു പ്രവിയെ വിളിച്ചു - "അങ്ങോട്ട് കൊടുക്കും മുമ്പേ ഇങ്ങോട്ട് പണി തന്നു " - സഞ്ജു പ്രവിയെ ഫർഹാൻ അയച്ച ഒരു മെസ്സേജ് കാണിച്ചു - "മച്ചാ... പ്ളീസ് ലൈക് മൈ പ്രൊഫൈൽ പിക് "

അവൻ ആ പ്രൊഫൈൽ പിക് ഒന്നെടുത്തു നോക്കി - കോട്ടും ഷൂവും സ്കാർഫും കൂളിംഗ് ഗ്ലാസ്സുമൊക്കെ കാണുന്നുണ്ട്, മുഖം മാത്രം ശരിക്കു കാണുന്നില്ല. എന്തായാലും 'ലൈക്' അടിച്ചുവിട്ടു, അല്ലെങ്കിൽ പിന്നെയും ചൊറിഞ്ഞു കൊണ്ടിരിക്കും

"ഇവനെ പേടിച്ചിട്ടായിരിക്കും ഫിദ ചിലപ്പോൾ FBയിൽ കയാറാത്തത്... എന്തായാലും ആ അക്കൗണ്ടിലൊരു 'ഗെറ്റ് നോട്ടിഫിക്കേഷൻ' ടിക്ക് ചെയ്തേക്ക്", പ്രവി പറഞ്ഞു

"എന്തിന്? ഇമ്മാതിരി ചളീസ്‌ ഇനി നോട്ടിഫിക്കേഷനിലും കാണണോ?"

"നിനക്കു വേണ്ട ആളുടെ പ്രൊഫൈൽ കിട്ടാൻ അതാണ് ഏറ്റവും നല്ല മാർഗ്ഗം. ചുമ്മാ വെച്ചേക്ക് - ഭാവിയിൽ വല്ല ഉപകാരവുമുണ്ടായാലോ ?"

പ്രവി പറഞ്ഞത് ശേരിയാണെന്നു സഞ്ജുവിന് തോന്നി, പെട്ടന്ന് താഴെ ചാറ്റിലൊരു മെസ്സേജ് കണ്ടു - ഭാഗ്യം, ഫര്ഹാനല്ല, ശരതാണ്... ബാംഗ്ലൂരിൽ നിന്ന് - "അപ്പൊ എങ്ങനെയാ പ്ലാൻ?"


------------------------------


"ഡോക്ടർ, ഇന്നിത്രയും മതി. എനിക്കെന്തോ ഒരു വല്ലായ്മ പോലെ", അശ്വതിൻ്റെ മുഖം കണ്ടാലറിയാം, അവനു സുഖമില്ല.

          "എന്ത് പറ്റി?", ഡോക്ടർക്ക് അത്ഭുതം.

"എന്തോ ശരീരമാസകലം വേദനിക്കുന്ന പോലെ... ഭയങ്കര ക്ഷീണം", അശ്വത് പറഞ്ഞു.

         "ഓ... അതാണോ കാര്യം... അത് മരുന്നിൻ്റെ റിയാക്ഷൻ കാരണമാകും, മരുന്ന് എൽക്കുന്നുണ്ടെന്നര്ഥം... യു ആർ ഗോയിങ് ടു റികവർ", ഡോക്ടർ വ്യക്തമാക്കി.

ഡോക്ടർ അവൻ്റെ പൾസും BP യും പരിശോധിച്ചു. ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ വിളിച്ചു ഡ്രിപ് കൊടുക്കാൻ പറഞ്ഞു. നേഴ്സ് അതിനുള്ള ജോലികളിൽ മുഴുകി. അശ്വതിൻ്റെ തലയിൽ തലോടിക്കൊണ്ടു ഡോക്ടർ ആശ്വസിപ്പിച്ചു, "ഈ ഡ്രിപ് കയറ്റിത്തീർന്നാൽ എല്ലാം നേരയാകും... നീയൊന്ന് ഉറങ്ങിക്കോ... ഉണരുമ്പോഴേക്കും ഈ ക്ഷീണമൊക്കെ മാറി ആള് കുട്ടപ്പനാകും..."

ഡോക്ടർ പറഞ്ഞത് കേട്ട് അശ്വത് കണ്ണുകളടച്ചു...


to be continued...          



Comments