നൊസ്റ്റുകളേ... ഇതിലേ ഇതിലേ....





ഐസറിലെ അവസാന നാളുകളിൽ രാത്രി ഒരു പന്ത്രണ്ടു മണിക്ക് ശേഷം അത്‌ലറ്റിക്സ് ഗ്രൗണ്ടിലുള്ള സ്റ്റാൻഡിൻ്റെ മുകളിൽ ഒന്ന് മലർന്നു കിടന്നു ആകാശത്തേക്ക് നോക്കാറുണ്ടായിരുന്നു. കൺമുന്നിൽ തെളിയാറുള്ളത് ആകാശമോ അതിലെ നക്ഷത്രങ്ങളോ അല്ല, മറിച്ചു അഞ്ചു കൊല്ലത്തെ IISER ഭോപ്പാൽ ജീവിതമായിരുന്നു. ആ ഇന്നലെകളെ മറയ്ക്കാൻ പോന്ന പ്രഭയുള്ള ഒരു നക്ഷത്രവും ആകാശത്തു ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം!

ഭോപ്പാൽ എന്നു കേൾക്കുമ്പോൾ എല്ലാവരെയും പോലെ എൻ്റെ  മനസ്സിലേക്കും ആദ്യം ഓടി വന്നത്  ആ വാതക ദുരന്തമായിരുന്നു. ഒരു ദുരന്ത പശ്ചാത്തലമുള്ള ഭൂമിയിലേക്ക് ഭാവിയുടെ ചുവടുറപ്പിക്കാനുള്ള യാത്രയായിരുന്നു പടച്ചോൻ്റെ വിധി. ആദ്യമൊന്നു ശങ്കിച്ചെങ്കിലും നിലമില്ല കയത്തിൽ മുങ്ങി നില്കായിരുന്നത് കൊണ്ട് രണ്ടും കല്പിച്ചങ്ങു വണ്ടി കയറി. അന്ന് ആദ്യമായും അവസാനമായും കൊങ്കൺ പാതയുടെ മനോഹാരിത ഞാൻ ശരിക്കും ആസ്വദിച്ചു. പിന്നീടങ്ങോട്ട് ഒരു യാത്രയിലും ബോറടി മാറ്റാൻ ട്രെയിനിന് പുറത്തേക്കു നോക്കേണ്ടിവന്നിട്ടില്ല, കാരണം അജ്ജാതി  ടീംസായിരുന്നു കൂട്ടിന്...

ITIയിൽ admission procedures എല്ലാം പൂർത്തിയാക്കിയ ശേഷം പുതിയ ക്യാമ്പ്സിലേക്ക് പോകാൻ ബസിൽ കയറി. ആ ഒരു മണിക്കൂർ യാത്രയിൽ മനസ്സിൽ ക്യാമ്പസിൻ്റെ ഒരായിരം മനോഹര രൂപങ്ങൾ കിനാവ് കണ്ടു. വഴിയിൽ എയർപോർട്ട് കണ്ടപ്പോൾ അതുപോലെയാകുമോ അതോ അതിനേക്കാൾ മികച്ചതായിരിക്കിമോ എന്നായിരുന്നു സംശയം. ആകാംഷകൾക് വിരാമമിട്ടുകൊണ്ട് ഞങ്ങൾ ഞങ്ങൾ ഗേറ്റ് കടന്നു - അടിപൊളി ഗേറ്റ് തന്നെ. പിന്നെയും ഒന്നുരണ്ടു കിലോമീറ്റർ പോയിട്ടും ഞങ്ങൾക്ക് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ - Where is the campus?!!

അന്ന് ആ ഭൗരി ക്യാമ്പസ്സിൽ ആകെയുണ്ടായിരുന്നത്‌ ഒരു ഹോസ്റ്റലും പിന്നെ പണിപകുതി തീർന്ന LHCയും, അതിനോട് കൂടെ പണി നടന്നുകൊണ്ടിരിക്കുന്ന ഒരുപാട് കെട്ടിടങ്ങളും. ഈ പറഞ്ഞവ ഒഴിച്ചു നിർത്തിയാൽ ഒരു 'മൊട്ടക്കുന്ന്' എന്ന് നടൻ ഭാഷയിൽ പറയാം. അവിടെയുമിവിടെയുമായി പശുക്കളും പട്ടികളുമെല്ലാം മേഞ്ഞുനടക്കുന്നതും കാണാം. മഴക്കാലമായതുകൊണ്ട് ശരിക്കുള്ള വഴി കണ്ടെത്താനും ബുദ്ധിമുട്ട്. ആദ്യ ദിവസം introductory ക്ലാസ് എവിടെയാണെന്നറിയാതെ അലഞ്ഞു നടന്ന് അവസാനം വൈകിയതിന് ചീത്ത കേൾക്കേണ്ടിവന്ന അനുഭവം ബാച്ചിലെ പെൺകുട്ടികൾ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ഇന്നതല്ല സ്ഥിതി, ആര് ചോദിച്ചാലും അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാൻ പാകത്തിന് ഒരു തലയെടുപ്പ് ആ ക്യാമ്പസ് കൈവരിച്ചിരിക്കുന്നു. ഒരു പെട്ടിക്കടയുടെ അത്രയുമുണ്ടായിരുന്ന library  ഇന്നെവിടെ എത്തിനിൽക്കുന്നു എന്നത് തന്നെ അതിനുദാഹരണം. പക്ഷെ,
ക്യാമ്പസ് വലുതാകുംതോറും ഫ്രീഡം കുറഞ്ഞതുപോലെ തോന്നിയിട്ടുണ്ട്. കൂടുതൽ വിശാലമാകും തോറും ബന്ധങ്ങളിലും ആ അകൽച്ച ഫീൽ ചെയ്ത പോലെ. എന്തൊക്കെയായാലും, ഈ IISER ചിലപ്പോൾ ഭോപാലിൻ്റെ ചരിത്രം മാറ്റിയെഴുതിയേക്കാം... അതിനു സാധിക്കട്ടെ!!

ഒരു കഥ ഓർമ്മയുണ്ട്, വഴിയിൽ മരം നടുന്ന ജോലിയിൽ ഏർപ്പെട്ട മൂന്നുപേർ - ഒരാൾ കുഴി കുഴിക്കും, അടുത്തയാൾ മരം നാടും, മൂന്നാമത്തെവൻ അത് മൂടും. ഒരു ദിവസം നോക്കുമ്പോൾ ഒരാൾ കുഴികുഴിക്കുന്നു, മറ്റേയാൾ ഉടനെ മൂടുന്നു. ചോദിച്ചപ്പോൾ പറയുകയാ രണ്ടാമത്തെയാൾ ലീവാണെന്ന്. എന്ന് കരുതി അവർ ജോലി മുടക്കിയില്ല - 'ആത്മാർത്ഥത' at its peak! ഇതും ഐസർ ഭോപ്പാലിലെ കൺസ്ട്രക്ഷൻ വർക്കും തമ്മിൽ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ തികച്ചും യാദൃശ്ചികം മാത്രമാവില്ല - കാരണം അഞ്ചു കൊല്ലത്തോളം ഇത് കണ്ടു നടന്നതാണ്. എപ്പോൾ എവിടെ കുഴിക്കുമെന്നു പറയാൻ പറ്റില്ല. ഓരോ സ്വതന്ത്രാദിന പ്രസംഗത്തിലും 'ഒരു വർഷത്തിനുള്ളിൽ ക്യാമ്പസ്സിൻ്റെ പണി പൂർത്തിയാകുമെന്ന്' ഡയറക്ടർ തള്ളുന്ന സ്ഥിതിക്ക് എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ. എന്തായാലും ഒരു വർഷത്തിലല്ലെങ്കിലും അഞ്ചു വർഷത്തിൽ കുറച്ചൊക്കെ നടന്നു, we got a beautiful campus!!

പത്താം ക്ലാസ്സിലും പ്ലസ് ടുവിലും ഫുൾ A+, പക്ഷെ ഇവിടെ കഥകൾ വ്യത്യസ്തമായിരുന്നു. പടച്ചോൻ എന്നെ പലതും അനുഭവിപ്പിക്കുകയായിരുന്നു... ഞാൻ ചിലത് അറിഞ്ഞിരിക്കണമെന്ന് പടച്ചോന് തോന്നിക്കാണും... പാസ്സാകാനുള്ള cut offനെക്കാളും കുറവ് മാർക്ക് ഉള്ള സ്വന്തം പേപ്പർ നിസ്സഹായനായി നോക്കി നിൽക്കേണ്ട അവസ്ഥ... Question paper answer sheetൽ എഴുതിവെക്കേണ്ടി വരുന്നത്... ജയിക്കാനുള്ള മാർക്ക് എങ്ങനെയെങ്കിലും ഒപ്പിക്കുന്നതിനിടയിൽ പഠിപ്പി അടുത്ത സെമിലേക്കുള്ള ബുക്ക്സ് ഫാക്കൽറ്റിയോട് ചോദിക്കുന്നത്... എന്തോ ഭാഗ്യത്തിന് F-grade കിട്ടുന്നതിൻ്റെ experience തന്നില്ല... അതെന്നോട് ഊഹിക്കാൻ പറഞ്ഞതാകും

'ഹിന്ദിയൊക്കെ പച്ചവെള്ളം പോലെ ആയിക്കാണുമല്ലോ' - നാട്ടുകാരുടെ പറച്ചിലാണ്. എന്തോന്ന് ഹിന്ദി ഭായ്??... ഇതൊരു കൊച്ചു കേരളം തന്നെ. അല്ലെങ്കിൽ ചങ്ക്‌സും എല്ലാരും ചേർത്ത് കേരളമാക്കി... പോയ സീനിയർസ് ആയാലും വന്ന ജൂനിയർസ് ആയാലും കാണുന്നവരൊക്കെ മലയാളീസ് തന്നെ. എന്നാലും ഹിന്ദിക്കാരുണ്ട് കേട്ടോ... കേരളത്തെ ഓർക്കും... മെസ്സിലെ ഫുഡും ഇവിടുത്തെ കാലാവസ്ഥയുമൊക്കെ കാണുമ്പോൾ...

Food - ഫസ്റ്റ് സെമിൽ ഒന്നോ രണ്ടോ തവണ KFCയിൽ പോയിരുന്നു, അതെന്താണെന്ന് മനസ്സിലായ സമയം. വിലക്കയറ്റത്തിന് അനുസരിച്ചു സ്റ്റൈപ്പന്റ് കൂടുന്നില്ലെന്നു കണ്ടപ്പോൾ പതിയെ വിട്ടു, അപ്പോഴേക്കും കേരളം മഹാത്മ്യം മനസ്സിലാക്കിയിരുന്നു, പിന്നെ അതിനായി അന്വേഷണങ്ങൾ.  ഇന്ദ്രപുരിയിലെ Sashas ആയിരുന്നു ആദ്യകാല weakness, അവിടുത്തെ പൊറോട്ട കിടുവായിരുന്നു. ആ സമയത്തു പലരുടെയും birthday പാർട്ടികൾക്ക് അത് വേദിയായിട്ടുണ്ട്. ഇടയ്‌ക്കൊന്നു വില കൂട്ടിയപ്പോൾ ഞങ്ങളൊന്നു മാറിചിന്തിച്ചിരുന്നു, തൊട്ടടുത്തുള്ളതും ഗോവിന്ദപുരയിലുമൊക്കെയുള്ള ICHകളായി പ്രധാനസ്ഥലം. ഇതിനിടയിൽ പതിയെപ്പതിയെ sashas പൂട്ടിത്തുടങ്ങിയിരുന്നു. പിന്നീട് ബീഫിലേക്കും ചിന്ത വന്നു - കേരളം കഫെ, ബാലാജി തുടങ്ങിയവ...ഒടുവിൽ അവ ധാഭാകളിൽ വരെ എത്തി. എന്തൊക്കെയായാലും എന്തും തിന്നാൻ ശീലിപ്പിച്ച ഭോപ്പാലിലെ സ്മരിക്കാതിരിക്കാൻ പറ്റില്ല.

ഇന്നത്തെ പിള്ളേർക്ക് ഉള്ള വലിയ നഷ്ടം ITI ആയിരിക്കും, that was really awesome!! ഉച്ചക്ക് ഒരുമാണിക്ക് ക്ലാസ് കഴിഞ്ഞാൽ ഓട്ടം തുടങ്ങും, ബസിൽ സീറ്റ് പിടിക്കാൻ... ഇതിനിടയിൽ food കഴിച്ചാലായി... ചിലപ്പോൾ ബസുകാരോട് തർക്കം... ഇനി ബസിൽ കയറിക്കൂടിയാൽ പിന്നെ ലാബ് ആണ് ടെൻഷൻ, അതും physics ആണെങ്കിൽ മാത്രം. Biology ആണെങ്കിൽ ജോളി ആയി, തോന്നുമ്പോൾ കയറാം തോന്നുമ്പോൾ ഇറങ്ങാം, ഇടയ്ക്കു പോയി ചായ കുടിക്കാം.... അല്ലെങ്കിലും ITI ചായ പൊളിയായിരുന്നു. ഇനി ലാബ് ഇല്ലെങ്കിലും ചുമ്മാ ഉച്ചക്ക് ബസിൽ കയറി വൈകുന്നേരം തിരിച്ചുവന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. അതിനു 40 രൂപയുടെ ചിലവൊന്നും ഇല്ലായിരുന്നു... വെറും ചുമ്മാ

സത്യം പറഞ്ഞാൽ ബസ് സർവീസ് ആയിരുന്നു അവസാന കാലങ്ങളിൽ കൂടുതൽ പണി തന്നത്. നാലു കൊല്ലം ഫ്രീ ആയി ബസിൽ യാത്രചെയ്തിരുന്നതിൻ്റെ ഒരു ഹാങ്ങോവർ ആയിരിക്കാം അത്. Annu bus service ബാച്ചിലെ ആരും മറക്കാൻ സാധ്യതയില്ല. മിക്കവാറും ഓർക്കാനുണ്ടാകുക അവരോട് അടികൂടുന്നതാണ്. അതിലൊരു വയസ്സായ ഒരു ഡ്രൈവറുടെ മുഖം മാത്രമേ ഇപ്പോൾ ഓർമ്മയുള്ളു - മൂപ്പരൊന്ന് ചിരിച്ചു ഇതുവരെ കണ്ടിട്ടില്ല, എന്നും ഓരോരോ കാരണം പറഞ്ഞു അടിയായിരിക്കും. പക്ഷെ ഒരു തവണ ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഗ്ലാസ്സ് പൊട്ടി, അന്ന് മനസ്സാന്നിധ്യം കൈവിടാതെ ബസ് സുരക്ഷിതമായി സൈഡിൽ സ്ലോ ചെയ്തു നിർത്തിയതും മൂപ്പരായിരുന്നു (നല്ലതും പറയണമല്ലോ...). പിന്നീട് വന്ന Rishabh Travelsനോട് പ്രശ്നങ്ങൾ കുറവായിരുന്നു. കാരണം ആദ്യം തന്നെ നിയമങ്ങളെല്ലാം അവർക്കനുകൂലമായി എഴുതിയിട്ടാണ് അവരെ ഇങ്ങോട്ട് കെട്ടിയെടുത്തത് തന്നെ.
അല്ലെങ്കിലും ഭൗരി എന്ന സ്ഥലത്തേക്ക് ഒരു ട്രാൻസ്‌പോർട് ഫെസിലിറ്റി ആവശ്യമായിരുന്നു. ചിലപ്പോൾ എന്തെങ്കിലും കാര്യങ്ങൾ കാരണം ബസ് സർവീസ് സ്റ്റോപ്പ് ചെയ്താൽ ആദ്യം നല്ല പണിയായിരുന്നു. ഒരിക്കൽ ഗാന്ധിനഗറിൽ ഇങ്ങനെ പെട്ടപ്പോൾ അവസാനം ലോറിയിൽ കയറിയാണ് കോളേജിൽ എത്തിയത്.

Security @ IISER Bhopal - ചില നേരങ്ങളിൽ നമ്മെ ചിരിപ്പിക്കും, ചിലപ്പോൾ കരയിപ്പിക്കും, ചിലപ്പോൾ ഭ്രാന്തുപിടിപ്പിക്കും - ഇത്രയൊക്കെയേ പറയാൻ പറ്റൂ. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ ഒരുപാടു കല്പനകൾ, നിർദ്ദേശങ്ങൾ, പരിഷ്‌കാരങ്ങൾ... അവരോട് തട്ടിക്കയറാനെ നേരം കാണൂ... ചിലപ്പോൾ അവിടെ നിൽക്കുന്നവർ പാവങ്ങൾ ആണെന്ന് തോന്നിയിട്ടുണ്ട്... ഒരു പരിധി വരെ സത്യമാണ് താനും... ഹോസ്റ്റലിനു മുന്നിൽ സെക്യൂരിറ്റി ഹെഡിൻ്റെ വണ്ടി കിടപ്പുണ്ടെങ്കിൽ 'ID കാർഡ് കാണിക്കുന്നതുപോലെ അഭിനയിക്കുകയെങ്കിൽ ചെയ്യൂ' എന്ന് വരെ പറയുന്നവരുണ്ട്. മുകളിൽ നിന്നുള്ള നിർദ്ദേശം എന്താണോ അതെ അവർ നോക്കൂ. അവരുടെ കയ്യിലെ തോക്ക് കണ്ട് ഒരിക്കൽ അനൂപേട്ടൻ ചോദിച്ചിട്ടുണ്ട് - "ഇതെന്താ കൊക്കിനെ വെടിവെക്കാനാണോ?"
സെക്യൂരിറ്റി യൂണിഫോമിലുണ്ടായിരുന്ന ചില മുഖങ്ങളെ ഒരിക്കലും മറക്കാൻ പറ്റില്ല -  ഷോർട്ഫിലിമിൽ അഭിനയിച്ചു സഹായിച്ച ഒരു സെക്യൂരിറ്റി, ITI യിൽ സ്ഥിരമായി കാണാറുണ്ടായിരുന്ന ഒരു മുഖം (ക്യാംപസ് മാറ്റിയ ശേഷം പിന്നെ കണ്ടിട്ടില്ല - കൂടെ ഫാമിലി ഉള്ളതുകൊണ്ട് ഭൗരിയിലേക്ക് ഡ്യൂട്ടി മാറിയാൽ ചെലവിന് ശമ്പളം മതിയാവില്ലെന്ന് അയാൾ പറഞ്ഞത് ഞാൻ ഓർക്കുന്നു), FBയിൽ ഫ്രണ്ട് ആയ വേറെ ചിലർ (ചിലപ്പോൾ മെസ്സേജ് വരെ അയക്കാറുണ്ട്). കഴിഞ്ഞ ഏപ്രിൽ മാസം ചുറ്റും തീ പിടിച്ചപ്പോൾ അത് കഷ്ടപ്പെട്ട് അണക്കാൻ അവർ മാത്രമേ ഉണ്ടായിരുന്നുള്ളു... പരീക്ഷാച്ചൂടിലായിരുന്ന പിള്ളേർ പലരും അത് അറിഞ്ഞത് ഫേസ്ബുക്കിലൂടെയായിരുന്നു...




നാം കണ്ടുവളർന്ന ഒരു പഠന രീതിയേ അല്ല IISER. അത് വേറൊരു ലോകമാണെന്ന് പറയാൻ ഇതും ഒരു കാരണമാണ്. ഫ്രീഡം ഉണ്ടോയെന്ന് ചോദിച്ചാൽ വളരെയധികം ഉണ്ട്, എന്നാലും എവിടെയൊക്കെയോ നമ്മെ തളച്ചിടുന്ന പോലെ. നാം പഠിക്കണമെന്നും എന്നാൽ ചുമ്മാ പഠിച്ചാൽ പോരെന്നും നമ്മെ പഠിപ്പിച്ചു. ചെറുപ്പത്തിൽ പഠിച്ച പല കൺസെപ്റ്റുകളും മാറ്റാൻ പഠിപ്പിച്ചു.  ക്ലാസ്സിൽ കാലിന്മേൽ കാൽ കയറ്റിവെക്കുന്നത് disrespectൻ്റെ അല്ല മറിച്ച്  confidenceൻ്റെ അടയാളമാണെന്നു പഠിച്ചു. 
മറ്റൊരു പ്രധാനപ്പെട്ട കാര്യം അധ്യാപക - വിദ്യാർത്ഥി ബന്ധമാണ്. നമ്മൾ കണ്ടുവളർന്ന ഒരു മോഡലല്ല, ഒരുപാട് വെള്ളം ചേർക്കുന്ന പോലെ (ഒരുപക്ഷെ എനിക്ക് തോന്നുന്നതാകാം). ഒരു Faculty എങ്ങനെ ആകണം, എങ്ങനെ ആകരുത്, എല്ലാത്തിനും ഇവിടെ ഉത്തരമുണ്ട്. ഇഷ്ടമുള്ള ഫാക്കൽറ്റീസ് ഉണ്ട്, വെറുക്കുന്നവരും ഇല്ലാതില്ല.

അഞ്ചാം വർഷം ഏതു ലാബിൽ ജോയിൻ ചെയ്യണമെന്നത് ഒരു ചോദ്യചിന്ഹനമായിരുന്നു. Organic എന്ന ചോയ്‌സ് ആദ്യം തന്നെ വിട്ടു.
DC എന്ന ഓപ്ഷൻ എവിടുന്നു വന്നുവെന്ന് കൃത്യമായി ഓർമ്മയില്ല. ഒരുവിധം എല്ലാർക്കും ആ ലാബ് പേടിയായിരുന്നു (സാറിൻ്റെ സ്വഭാവം തന്നെ പ്രധാന കാരണം. അക്കാര്യത്തിൽ എനിക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു). അവിടെ പ്രൊജക്റ്റ് ചെയ്തിരുന്ന സീനിയർസിനെ കണ്ടിട്ടാണ് ഞാനവിടെ കയറിയത്. അതിൽ വൻ ടീമുകളൊന്നും ഇല്ലായിരുന്നു, പിന്നെ അവരാരും രാപ്പകൽ വിശ്രമമില്ലാതെ പണിയെടുക്കുന്നത് കണ്ടിട്ടുമില്ല. ആ ലാബ് ഉറപ്പിക്കാൻ ഇതിൽ കൂടുതലൊന്നും എനിക്ക് ആവശ്യമില്ലായിരുന്നു. Crystallography എന്താണെന്ന് ആദ്യ മീറ്റിംഗിൽ സാർ ചോദിച്ചപ്പോൾ അറിയില്ലെന്ന് സത്യസന്ധമായി തന്നെ പറഞ്ഞു. അത് നന്നായെന്ന് പിന്നെ തോന്നി, കാരണം എനിക്കതറിയില്ലെന്ന് മൂപ്പർക്ക് നന്നായറിയാം. പക്ഷെ പിന്നീട് ആ വിഷയത്തോട് എന്തോ വല്ലാത്ത ഇഷ്ടം തോന്നി. ഒരു പക്ഷെ ആ ലാബ് അറ്റ്മോസ്ഫിയർ, ലാബ് മേറ്റ്സ്, എൻ്റെ ഗൈഡ് Mr. Pradeep എന്നിവയുടെ സ്വാധീനം കൊണ്ടാകാം, ഇതിനിടയിൽ ഒരു പബ്ലിക്കേഷനും ഒത്തുവന്നു. (എങ്ങനെയെങ്കിലും ഫൈനൽ പ്രൊജക്റ്റ് കേടുപാടില്ലാതെ തീർക്കണമെന്ന ചിന്തയിലാ വന്നു കയറിയത്. അത് പബ്ലിക്കേഷനിൽ എത്തിയങ്കിൽ ഏറ്റവുമധികം നന്ദി പറയേണ്ടത് എൻ്റെ ഗൈഡിനാണ്)

സാർ പക്ഷെ പ്രതീക്ഷിച്ച പോലെ വലിയ പണിയൊന്നും തന്നില്ല, അതിനുള്ള അവസരങ്ങളും വളരെ കുറച്ചേ ഉണ്ടാക്കിയിട്ടുള്ളൂ. എന്നാലും ഒരു പ്രാവശ്യം "എന്നും ഇങ്ങനെ പത്തുമണിക്ക് വന്ന് അഞ്ചുമണിക്ക് പോയാൽ മതിയോ?" എന്ന് ചോദിപ്പിച്ചിട്ടുണ്ട്. അതിനുശേഷവും ഞാൻ നേരത്തേ തന്നെയാണ് ഇറങ്ങാറ്. അദ്ദേഹത്തിന് വർക്ക് നടന്നാൽ മതി, വേറൊന്നും മൈൻഡ് ചെയ്യില്ല (ലാബിലെ PhD ക്കാർക്ക് ഒരുപക്ഷെ എന്റെ അഭിപ്രായം ആയിക്കൊള്ളണമെന്നില്ല). എനിക്കഭിപ്രായമുള്ള മറ്റൊരു സവിശേഷത അദ്ദേഹത്തിനുണ്ട്, ഡിപ്പാർട്മെൻറ് ചെയ്യുന്ന പോലെ CPI അടിസ്ഥാനത്തിൽ ആളെ വേർതിരിക്കില്ല. ആദ്യം ആരു പറയുന്നോ അവർക്ക് അദ്ദേഹം അവസരം കൊടുക്കും.

അവിടെ ആഘോഷങ്ങളെ കുറിച്ച് പറയാൻ തുടങ്ങിയാൽ ആദ്യത്തേത് Matki Fod തന്നെ. അതിൻ്റെ ഒരു  ഓളം പിന്നെ വേറൊന്നും തന്നിട്ടില്ല. കോളേജ് അധികൃതർക്കും അതോടെ മതിയായി... അത് ഉണ്ടാക്കിയ മാസ്സ് ഒരു സൺബേണും ഉണ്ടാക്കിയിട്ടില്ല. ഭൗരി ക്യാമ്പസ്സിലെ എല്ലാ വിദ്യാർത്ഥികളും ഹോസ്റ്റലിനുള്ളിൽ ഒത്തുകൂടി നടത്തിയ ആദ്യത്തേതും അവസാനത്തേതുമായ ആഘോഷം.
ഹോളിയാണ് നമുക്ക് അവിടുന്ന് പോന്നാൽ ശരിക്കും മിസ്സ് ആവുക (ഇവിടെ കോളേജുകളിലൊക്കെ അത് ആഘോഷിക്കാൻ തന്നെ വിലക്കാണ്). ഒരു ഹോളി അവധിക്കു സിക്കിം പോയതൊഴിച്ചാൽ ബാക്കി എല്ലാവർഷവും കോളേജിലായിരുന്നു. 

ഓണത്തിനെക്കുറിച്ചു ചോദിച്ചാൽ "ഒന്നും പറയാനില്ല" എന്നെ വരൂ. ഇന്നീ കാണുന്ന രീതിയിലുള്ള വലിയ ആഘോഷം തുടങ്ങിയത് 2013ൽ ആണെന്നാണ് എൻ്റെ ഓർമ്മ, we were in 2nd year. ആ പരിപാടിക്കു ശേഷം "ഞങ്ങൾക്ക് ഇനി ലൈഫിൽ ഏറ്റവുമധികം മിസ്സ് ചെയ്യാൻ പോകുന്നത് ഈ ഓണമായിരിക്കും" എന്ന് അന്നത്തെ 5th years (entirely non-malayali batch) മെസ്സിൽ പോസ്റ്റർ ഒട്ടിച്ചത് അതിനു കിട്ടിയ ഏറ്റവും വലിയ കയ്യടിയായിരുന്നു. പിന്നെ അതുതുടർന്നു പൊന്നു. അതിനിടയിലെ തർക്കങ്ങളും മറ്റുമൊക്കെ പൊളിയായിരുന്നു, മലയാളിതനിമ എല്ലാത്തിലും വേണമല്ലോ... ഓർതോർത്തു ചിരിക്കാൻ ഓരോരോ കാര്യങ്ങളേ...!
ഓണത്തിന് ചിരിക്കാൻ വേറെയുമുണ്ട് - ഡാൻസ്!! രണ്ടുതവണയാണ് അതിനുള്ള ചങ്കൂറ്റം കാണിച്ചത്. Previous Experience എന്താണെന്നു ചോദിച്ചാൽ പലരും DJക്കു കളിച്ചിട്ടുണ്ട് എന്ന് മാത്രമേ ഒള്ളൂ... ബോറടിക്കുമ്പോൾ യൂട്യൂബിൽ കയറി ആ വീഡിയോസ് കാണും... 'ഞാനടക്ക'മുള്ളവരുടെ പെർഫോമൻസ് കിടിലനായിരുന്നു... പക്ഷെ ആ ചെയ്തതോർത്തു പിന്നീടൊരിക്കലും പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ല എന്നതാണ് പ്ലസ് പോയിന്റ്. സത്യം പറഞ്ഞാൽ ഓണാഘോഷത്തെക്കുറിച്ചു പറയാൻ ഈ പേജ് ഒന്നും മതിയാവില്ല.

ഒരുവിധം എല്ലാ കളികളും അവിടുന്ന് കളിച്ചിട്ടുണ്ട് - Football, Cricket, Badminton, Table Tennis, Carroms, Volley Ball, Basketball, Tennis etc. ഹോസ്റ്റലിൽ ആദ്യമായി TT ടേബിൾ വന്നപ്പോൾ കൗതുകത്തോടെയായിരുന്നു നോക്കിയിരുന്നത്. പിന്നീടത് നമ്മുടെ സ്വന്തം പോലെയായി, കളിച്ചു പഠിച്ചു. IISM ഭോപ്പാലിൽ വന്നതുകൊണ്ടുണ്ടായ വലിയ നേട്ടങ്ങളിലൊന്നാണ് സ്പോർട്സ് വികസനം. അതുകൊണ്ട് മേല്പറഞ്ഞ എല്ലാം ട്രൈ ചെയ്യാൻ പറ്റി.
അഞ്ചകൊല്ലത്തിനിടയിൽ ഏറ്റവും കൂടുതൽ കളിച്ചത് അവസാന വർഷമായിരുന്നു, പ്രത്യേകിച്ചു ക്രിക്കറ്റ്. APL ഒക്കെ എങ്ങനെ മറക്കും... കളിയേക്കാളുപരി അന്നേരത്തെ തള്ളുകളാണ് ഏറ്റവും അടിപൊളി.

അന്നും ഇന്നും ഫുട്ബോൾ കളി മാറിയിട്ടില്ല. അല്ലെങ്കിലും ഒരു മലപ്പുറംകാരൻ അത് കൈവെടിയില്ലല്ലോ... ഫസ്റ്റ് ഇയറിൽ കളിച്ചു കാലൊടിഞ്ഞത് ഓർക്കുന്നു... അന്ന് റെയിൽവേ സ്റ്റേഷൻ വരെ എന്നെ IISERലെ ആംബുലൻസിൽ കൊണ്ടുവിട്ടിരുന്നു, അതിനു സഹായിച്ച ആ ഡോക്ടറെ ഞാൻ മറക്കില്ല. Plaster ഇട്ട കാലിൽ 'sorry' എന്നെഴുതി തുടക്കം കുറിച്ചത് കാൽ ഒടിയാൻ കാരണക്കാരനായ Malla (സീനിയർ) തന്നെയായിരുന്നു. പിന്നീട് ഒരുപാടുപേർ തങ്ങളുടെ കലാവാസന അതിൽ പരീക്ഷിച്ചു. ഒടുവിൽ നാട്ടിലെ ഹോസ്പിറ്റലിൽ വെച്ച് പ്ലാസ്റ്റർ അഴിക്കുമ്പോൾ സിസ്റ്റർ ശരിക്കും വായിച്ചു ചിരിക്കുന്നുണ്ടായിരുന്നു (വായിക്കാൻ പറ്റാവുന്നതും പറ്റാത്തതുമായ കാര്യങ്ങൾ അതിൽ എഴുതുകയും വരക്കുകയും ചെയ്തിരുന്നു)

ജീവിതത്തിലെ ആദ്യ birthday ആഘോഷം അവിടെവെച്ചുതന്നെ, അതും ഫ്രണ്ട്സ് ശരിക്കും അടിപൊളിയാക്കി. രാത്രി പതിനൊന്നരക്കു ശേഷം പുറത്തിറങ്ങുന്നതിൽ നിയന്ത്രണമുള്ള ആ ഘട്ടത്തിലാണ് എല്ലാവരും കൂടി എനിക്ക് സർപ്രൈസ് ഒരുക്കിയത്. പിറ്റേന്നു അന്നത്തെ ഹോസ്റ്റൽ വാർഡൻ അജയ് നേഗി സാർ (ഫിസിക്സ്ൽ എനിക്കിഷ്ടപ്പെട്ട ചുരുക്കം ചില ഫാകൾട്ടീസിൽ ഒരാൾ, ക്ലാസ്സിൽ താല്പര്യമുള്ളവർ വന്നാൽ മതി, അറിയാത്ത കാര്യങ്ങൾ മുഖത്ത് നോക്കി അറിയില്ലെന്ന് പറയും, മറ്റുചിലരെപ്പോലെ എന്തെങ്കിലുമൊക്കെ പറഞ്ഞു രക്ഷപെടാൻ നോക്കില്ല - ഈ ഒരു കാരണത്താൽ ഫസ്റ്റ് സെമിലെ Snigda Ma'am - Hare Krishna യുദ്ധം പോലെയൊന്നു സെക്കന്റ് സെമിൽ ഞങ്ങൾക്ക് മിസ്സായി, അവനെന്തെകിലും ചോദിച്ചാൽ അദ്ദേഹം ഉടനെ അറിയില്ലെന്ന് പറയും - problem solved)... അപ്പോൾ പറഞ്ഞുവന്നത് അദ്ദേഹം പിറ്റേന്നു ഞങ്ങളെ താക്കീത് ചെയ്തിരുന്നു. കാര്യം അറിഞ്ഞപ്പോൾ എന്നെ ബർത്ഡേ ആശംസ അറിയിക്കാനും അദ്ദേഹം മടികാണിച്ചില്ല. അതിനുശേഷവും ഒരുപാട് ജന്മദിനങ്ങൾ, പുറത്തുപറയാൻ പറ്റാവുന്നതും പറ്റാത്തതുമായ ഒരുപാടു പണികൾ, എൻ്റെ ബർത്ഡേ 'നല്ല' രീതിയിൽ ആഘോഷിച്ച പലർക്കും അതുപോലെ തിരിച്ചുകൊടുക്കാൻ കഴിയാത്തതിൻ്റെ വിഷമം ഇപ്പോഴുമുണ്ട്. എന്തൊക്കെയായാലും പലരുടെയും ബർത്ഡേ ആഘോഷങ്ങളിൽ പല വിധത്തിലുള്ള സമരമുറകൾ കണ്ടു, ഒടുക്കം ചിലരുടെ ഫോട്ടോക്ക് മാലയിട്ട് ചന്ദനത്തിരി വരെ കത്തിച്ചു. ഇനി അതൊന്നും ജീവിതത്തിൽ ഉണ്ടാകില്ലെന്ന് തോന്നുന്നു, 

ഭോപ്പാലിലെ ജീവിതം മനസ്സിലാക്കിത്തന്നത് മറ്റു ചിലരും കൂടിയാണ്. ആദ്യമായി സംസാരിച്ചു തുടങ്ങിയത് അവിടുത്തെ പ്ലംബർസ്‌ ആയിരുന്ന ഇമ്രാൻ ഭയ്യാ, ഷാഹിദ് ഭായ്, എന്നിവരോട് ആയിരുന്നു. അറിയാവുന്ന ഹിന്ദിയിൽ അങ്ങ് കമ്പനിയായി. ആദ്യത്തെ പെരുന്നാൾക്കു അവർ വീട്ടിലോട്ട് വിളിച്ചു. പിന്നെ ഷാഹിദ് ഭായിയുടെ കല്യാണം. ഓട്ടോ ഡ്രൈവർ റഈസ് ഭായിയുടെ വീട്ടിൽ പോയി തിന്നു മരിച്ചത്. പിന്നെ അനൂപേട്ടൻ, ഭോപ്പാലിലെ സൈനിക കേന്ദ്രത്തിൽ മൂപ്പരോടു കൂടെ വിലസിയ നാളുകൾ.  Health Centreലെ ലക്ഷ്മി ചേച്ചി, ജിൻറ്റുചേച്ചി... പിന്നെ ട്രെയിനിൽ പോയപ്പോൾ തള്ളി മറിക്കുന്നത് കേട്ട് കേട്ട് കമ്പനി ആവേണ്ടി വന്ന Amir Ali Khan... അങ്ങനെ ഒരുപാടുപേർ. ഇങ്ങനെ ഓരോരോ പേരുകൾ എഴുതുമ്പോൾ പേടിയാണ്, വല്ലവരെയും മിസ് ചെയ്യുമോ എന്നത്...

സയൻസ് പഠിക്കാനാണ് വന്നത്... എന്നിട്ടു പഠിച്ചോ?? എന്തൊക്കെയോ പഠിച്ചിട്ടുണ്ട്... പ്രൊജക്റ്റ് എങ്ങനെ ചെയ്യണമെന്ന് മനസ്സിലായിട്ടുണ്ട്... ഒരു റിസർച്ച് എന്താണെന്നു ഐഡിയ കിട്ടിയിട്ടുണ്ട്... സയൻസ് ഇതിലും കൂടുതൽ പഠിക്കണമെന്ന് ആരൊക്കെയോ പറയുന്നു... അല്ലെങ്കിൽ ഇവിടെ വന്നതിനു യാതൊരു അർത്ഥവുമുണ്ടാവില്ലത്രേ... I don't know

നാട്ടിലെ കൂട്ടുകാർ ടൂർ വന്നാൽ കറങ്ങാനൊരു ഇടമില്ല... ആകെ ആ പേരിലുള്ളത് ഒരു ദുരന്ത ചരിത്രം മാത്രം. എന്നാലും ഇപ്പോൾ എനിക്ക് നെഞ്ചിൽ കൈവെച്ചു പറയാൻ സാധിക്കും എൻ്റെ ജീവിതത്തിൽ ഭോപ്പാൽ ഒരു നാഴികക്കല്ല് തന്നെ ആണെന്ന്. പുറത്തു കാണിക്കാൻ എനിക്കൊന്നും ഇല്ലായിരിക്കാം, എന്നാൽ ഉള്ളിൽ ഒരുപാടു അനുഭവങ്ങളുടെ കലവറ തന്നെ ഇത് ഉണ്ടാക്കിയിട്ടുണ്ട്... ഒരുപാടു കഥകൾ ഇവിടുത്തെ കാറ്റ് എനിക്ക്  പറഞ്ഞുതന്നിട്ടുണ്ട്...

അഞ്ചുകൊല്ലത്തെ ലൈഫിൽ ഏറ്റവും ഇഷ്ടപ്പെട്ടത് പേരെന്റ്സ് ഭോപ്പാൽ വിസിറ്റ് ചെയ്തതാണ്. സ്ഥിരം കാണുന്ന മൈസൂരിൻ്റെയും ഊട്ടിയുടെയും അപ്പുറം ഉമ്മ കണ്ടിട്ടില്ലായിരുന്നു... മലപ്പുറത്തു ജനിക്കുന്ന ഏതൊരു മാപ്പിളയുടെയും സ്വപ്നമാണ് ഉമ്മയെയും ഉപ്പയേയും മക്കയും മദീനയുമൊക്കെ കാണിക്കുകയെന്നത്... പക്ഷെ എനിക്കതു പോരാ... താജ്മഹൽ ഒരു തുടക്കമാവട്ടെ...

പ്രണയം... സ്വന്തം ജീവിതമായാലും ഫ്രണ്ട്‌സിന്റേതാണെങ്കിലും it existed everywhere, ചിലപ്പോൾ അതിനു മധുരമാണെങ്കിൽ ചിലപ്പോൾ അത് മുറിവുണ്ടാകും, ഇവ രണ്ടും കണ്ടിട്ടുണ്ട്, പലയിടത്തും, പലവട്ടം... പ്രണയജോഡികൾ എന്ന് തോന്നിപ്പിക്കുന്ന വിധം ഒരുപാട് കാണാമെങ്കിലും ആത്മാർത്ഥ നിഴലിച്ചവ വളരെ കുറച്ചേ കണ്ടിട്ടുള്ളു... ( ഒരുപക്ഷേ എനിക്ക് തോന്നിയതാവാം). ആത്മാർത്ഥത കാണിച്ചവർ പലപ്പോഴും ചങ്കുപൊട്ടി കരയുന്നതേ കണ്ടിട്ടുള്ളൂ. അല്ലെങ്കിലും അതിൻ്റെ ഒരു ലൈൻ അതാണ്.

CONVOCATION - അതൊരു സംഭവം തന്നെ!! സത്യം പറഞ്ഞാൽ ആദ്യമൊക്കെ ആ പേരിനോട് വെറുപ്പായിരുന്നു... ഞാനതിനെ കണ്ടത് ഞങ്ങളെ വേർപ്പിരിക്കാനുള്ള ഒരു മർഗമായിട്ടാണ്. June 3rd - ആ ദിനം അടുക്കുംതോറും മനസ്സിൽ നൊമ്പരം കൂടിക്കൂടി വന്നു. No dues കൊടുത്തു തുടങ്ങി, LDAP cut ചെയ്തു... ഞമ്മളെ പതുക്കെ അങ്ങ് ഒഴിവാക്കുന്ന പോലെ തോന്നി. Convocation റിഹേഴ്സൽ നടത്തിയപ്പോഴും തലേ ദിവസം graduatesനുള്ള പ്രത്യേക ഗൗൺ വാങ്ങുമ്പോഴും മനസ്സ് ഒരു മൂകതയിലായിരുന്നു. പക്ഷെ എല്ലാം മാറിമാറിഞ്ഞത് ആ ഒരൊറ്റ നിമിഷത്തിലായിരുന്നു... ബാൻഡ് തുടങ്ങി... L10ന്റെ മുൻപിൽ വരി നിന്നിരുന്ന ഞങ്ങളോട് സാർ പറഞ്ഞു- ready, 1...2...3...!! We started moving and at the same time a huge roar/haul appeared from somewhere, me too can't control... I joined them... something flashed in my mind... 'രോമാഞ്ചം'... for the first time I experienced the importance of that day... അതുവരെ മസിലു പിടിച്ചിരുന്ന അരുന്ധതി ഘട്ടക്ക് വരെ ആ രംഗം കണ്ടു പുഞ്ചിരി തൂകുന്നുണ്ടായിരുന്നു... നിശ്ചയിച്ച പാതയിലൂടെ ഞങ്ങൾ നീങ്ങുമ്പോൾ മന്ത്രിയും ഡിറക്ടറുമൊക്കെ അടങ്ങുന്ന VIPs കയ്യടിക്കുന്നുണ്ടായിരുന്നു.... അത് ഞങ്ങളുടെ ദിവസമാണെന്നതിനു ഇതിൽ കൂടുതൽ എന്ത് വേണം??!

Friends.... ആ വിടവ് എത്രത്തോളമാണെന്നു അവസാനമേ മനസ്സിലാകൂ... ചങ്ക് വെക്കേറ്റ് ചെയ്ത് പോയ റൂം കാണുമ്പോൾ പ്രത്യേകിച്ചും... ഒരുത്തൻ പോയാൽ മതി, പിന്നെ അങ്ങോട്ടുള്ള ദിവസങ്ങൾ ശരിക്കും വേദനാജനകമായിരിക്കും, എത്രയും പെട്ടന്ന് നാട്ടിൽ പോകാനേ തോന്നൂ... സത്യത്തിൽ വിടവാങ്ങുന്ന ദിനങ്ങളിലെ ഏറ്റവും വലിയ വേദന ആ ഒഴിഞ്ഞ ഹോസ്റ്റൽ മുറികളായിരുന്നു... അതിനെക്കുറിച്ചു കൂടുതൽ പറയേണ്ട, അതാ നല്ലത്...
അല്ലെങ്കിലും ഫ്രണ്ട്സിൻ്റെ കാര്യം ഇങ്ങനെ നാലു വരിയിൽ എഴുതിയിട്ട് എന്താകാനാ... കഥകൾ ഒരുപാടുണ്ട്... ഓരോ സമയങ്ങളിൽ, സന്ദർഭങ്ങളിൽ, ഓരോന്ന് ഓർമ്മവരും.

ജൂനിയർസ്, സീനിയർസ്... എല്ലാം പൊളിയായിരുന്നു.
ഇപ്പോൾ ജൂനിയർസിനോട് ശരിക്കും അസൂയ തോന്നാറുണ്ട്, പിന്നെ അവരുടെ അഞ്ചു കൊല്ലം കഴിഞ്ഞാലുള്ള അവസ്ഥ ആലോചിക്കും, അപ്പൊ സമാധാനാകും. അത് വേറൊരു ലോകമായിരുന്നെന്ന് അവിടുന്ന് മടങ്ങുമ്പോൾ മാത്രമേ മനസ്സിലാകൂ... എത്ര രൂപ ശമ്പളമുണ്ടെന്ന് പറഞ്ഞാലും ആ 2500 രൂപകൊണ്ട് അവിടെ ജീവിച്ച സുഖം  കിട്ടൂലാ...

ഈ പോസ്റ്റ് ഞാൻ എഴുതാൻ തുടങ്ങിയിട്ട് കുറച്ചായി. ഓരോ തവണ എഴുതിതീർന്നെന്നു തോന്നുമ്പോഴും വീണ്ടും ഓരോന്ന് മനസ്സിൽ ഓടിയെത്തും... ഇന്നിതാ ഞാൻ വീണ്ടും publish ബട്ടൺ അമർത്താൻ നിൽക്കുമ്പോൾ വീണ്ടും ചിലത് എൻ്റെ കണ്ണിൽ കാണുന്നു...

ഇല്ല, ആ ഓർമ്മകളുടെ പ്രവാഹത്തിനു ഒരന്ത്യമുണ്ടാകില്ല....


Comments