റൂം നമ്പർ 210








ഒന്നാം ദിവസം


"ഡോക്ടർ, കാഷ്വാലിറ്റിയിൽ ഒരു പേഷ്യന്റിനെ കൊണ്ടുവന്നിട്ടുണ്ട്. ഒരു  സൂയിസൈഡ് അറ്റംപ്റ്. ഡോക്ടർ ഒന്നു വേഗം വരണം"

നേഴ്സ് ഡോക്ടറുടെ മുറിയിലേക്ക് ഓടിവന്നു കാര്യം പറഞ്ഞു. ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഡോക്ടർ ഫോൺ ചെവിയിൽ നിന്ന് അല്പം മാറ്റിവെച്ചു ചോദിച്ചു- "മാഡം ഇല്ലേ അവിടെ?"

          "ഉണ്ട്, പക്ഷെ കാര്യം അല്പം സീരിയസ് ആണ്, വിഷം കഴിച്ചതാ"

നഴ്‌സിൻ്റെ മറുപടി കേട്ടയുടനെ ഡോക്ടർ ഫോൺ കട്ട് ചെയ്‌ത് കസേരയിൽ നിന്നെഴുന്നേറ്റു. മേശയുടെ മുകളിലുണ്ടായിരുന്ന സ്റ്റതെസ്‌കോപ് കയ്യിലെടുത്തു നഴ്‌സിൻ്റെ പിറകെ ഓടി....

------------------------------


പ്രിയപ്പെട്ട പാപ്പയ്ക്കും മമ്മക്കും,
      ഇത്രയും കാലം നിങ്ങൾ പറഞ്ഞതനുസരിച്ചാണ് ഞാൻ ജീവിച്ചത്. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ ഞാനെ
ൻ്റെ സന്തോഷത്തെ മാറ്റിവെച്ചു. എല്ലാം എൻ്റെ നല്ലതിനാണെന്നു നിങ്ങൾ പറഞ്ഞു, ഞാനത് വിശ്വസിക്കുകയും ചെയ്തു. പക്ഷെ ജീവിതത്തിൽ ഞാനിതുവരെ മനസ്സറിഞ്ഞു ചിരിച്ചിട്ടില്ല. മകൻ ഡോക്ടറാവാൻ ഠിക്കുകയാണെന്നു നിങ്ങൾ മറ്റുള്ളവരോട് അഭിമാനത്തോടെ പറയുമ്പോഴും അതെനിക്ക് സാധിക്കില്ലെന്ന യാഥാർഥ്യബോധം എൻ്റെ മനസ്സിൽ പ്പോഴും നീറ്റലുണ്ടാക്കുമായിരുന്നു. ഇനിയും എനിക്കിങ്ങനെ നീറിപ്പുകയുന്ന മനസ്സുമായി ജീവിക്കാൻ വയ്യ. അതുകൊണ്ട് ആദ്യമായിട്ട് ഞാൻ സ്വന്തമായൊരു തീരുമാനമെടുക്കാൻ പോകുകയാണ്. അതിനെങ്കിലും എന്നെ അനുവദിക്കണം.
                                                                                                  ക്ഷമ ചോദിച്ചുകൊണ്ട്,
                                                                                                                 അശ്വത്,
                                                                                                                      ഒപ്പ്

കത്തുവായിച്ച ശേഷം ഡോക്ടർ തൻ്റെ മുന്നിലിരിക്കുന്ന രണ്ടുപേരുടെയും മുഖത്തേക്കു നോക്കി - അശ്വതിൻ്റെ പപ്പയും മമ്മയും, അവർ പൊട്ടിക്കരയുകയായിരുന്നു.

"എന്താണ് കാര്യമെന്ന് ഒന്നു വിശദീകരിക്കാമോ?" - ഡോക്ടർ അവരോട് ചോദിച്ചു. പക്ഷെ അതിനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവർ.

"നിങ്ങളത് പറഞ്ഞാൽ മാത്രമേ ഞങ്ങൾക്ക് വല്ലതും ചെയ്യാൻ പറ്റൂ... അവൻ്റെ  ജീവൻ രക്ഷിക്കണമെങ്കിൽ പോലും....", തൊട്ടടുത്തിരുന്ന ലേഡി ഡോക്ടർ അവരുടെ നിസ്സഹായാവസ്ഥ വിശദീകരിച്ചു. പപ്പയും മമ്മയും മുഖത്തോടു മുഖം നോക്കി, മമ്മ വീണ്ടും മുഖം പൊത്തി കരയാൻ തുടങ്ങി. അവസാനം കാര്യം വിശദീകരിക്കാനുള്ള ഉത്തരവാദിത്വം പപ്പ തന്നെ ഏറ്റെടുത്തു-

          "ഞങ്ങളുടെ വാശി....അവനെയൊരു ഡോക്ടറായി കാണണം എന്നത് ഞങ്ങളുടെ വാശി ആയിരുന്നു. അതിനിടയിൽ അവൻ്റെ മനസ്സ് ഞങ്ങൾ കാണാതെ പോയി (മുഖത്ത് നിന്നും കണ്ണടയെടുത്തു കണ്ണീർ തുടച്ചു). പ്ലസ് ടുവിന് ശേഷം അവനെ എൻട്രൻസ് കോച്ചിങ്ങിന് വിട്ടു. ആദ്യ വർഷം കിട്ടാത്തപ്പോൾ വീണ്ടും പറഞ്ഞയച്ചു. വേറെ വഴിയില്ലെന്നു കണ്ടപ്പോൾ അവൻ കഷ്ടപ്പെട്ട് പഠിച്ചു സെന്റ്.ജോസഫ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിയെടുത്തു..."

"ഏതു കോളേജിലാണെന്നാ പറഞ്ഞത്?" - ഡോക്ടർക്ക് ഇടയ്ക്കു കയറി ചോദിക്കേണ്ടിവന്നു.

          "സെന്റ്. ജോസഫ് മെഡിക്കൽ കോളേജ്, നെന്മാറ...പഠിക്കാൻ കഴിയുന്നില്ലെന്ന് അവൻ ഒരുപാടു തവണ പറഞ്ഞതാ. പക്ഷെ ഞങ്ങളത് കാര്യമാക്കിയില്ല. ഫസ്റ്റ് ഇയർ അവനെങ്ങനെയോ പാസ്സായി. പക്ഷെ പിന്നെയവന് ഒന്നോ രണ്ടോ പേപ്പർ ബാക്ക് വരാൻ തുടങ്ങി. ആ പേരും പറഞ്ഞു വീട്ടിലെന്നും വഴക്കായിരുന്നു.... പക്ഷെ അവനിങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.... എൻ്റെ മോനെ എങ്ങനെയെങ്കിലും രക്ഷിക്കണം ഡോക്ടർ... ആണായിട്ടും പെണ്ണായിട്ടും ഞങ്ങൾക്ക് അവൻ മാത്രമേ ഒള്ളൂ..."

ഡോക്ടർക്ക് മുന്നിൽ ആ അച്ഛൻ പൊട്ടിക്കരഞ്ഞു. ആ മുറിയിൽ നിശബ്ദത പടർന്നു. തുടർന്ന് ഡോക്ടർ തന്നെയാണ് ആദ്യം മൗനം വെടിഞ്ഞത് -

"ഞങ്ങളിതു ചോദിക്കാൻ കാര്യമുണ്ട്. നിങ്ങളുടെ മകൻ ഇങ്ങനെ ഒരു വിവരക്കേട് കാണിച്ചെങ്കിലും ആള് അല്പം ബുദ്ധിയുള്ള കൂട്ടത്തിലാണ്..."
അശ്വതിൻ്റെ പപ്പയ്ക്കും മമ്മയ്ക്കും ഒന്നും മനസ്സിലായില്ല. അവർ ഡോക്ടറെ തന്നെ നോക്കിയിരുന്നു. ഡോക്ടർ തുടർന്നു...

"സാധാരണ ഒരാൾ മരിക്കാൻ തീരുമാനിച്ചാൽ എങ്ങനെയെങ്കിലും മരിച്ചു കിട്ടിയാൽ മതിയെന്ന ചിന്ത മാത്രമേ ഉണ്ടാകൂ...പക്ഷെ ഇവിടെ ഒരു പടി കൂടി കടന്ന് ഇനി അഥവാ ആത്മഹത്യാശ്രമം പരാജയപ്പെട്ടാലും രക്ഷപ്പെടാതിരിക്കാനുള്ള വഴി പോലും അവൻ ചിന്തിച്ചിട്ടുണ്ട്"

കയ്യിലുണ്ടായിരുന്ന ചെറിയ മരുന്നുകുപ്പി ഉയർത്തിയിട്ടു ലേഡി ഡോക്ടറും സംസാരിക്കാൻ തുടങ്ങി...

"അവൻ ആത്മഹത്യക്കു ഉപയോഗിച്ച വിഷവസ്തുവാണിത് - 'ഫിനോക്സിനോൻ', അവൻ്റെ കൂട്ടുകാർക്ക് മുറിയിൽ നിന്ന് കിട്ടിയത്. വളരെ അപൂർവ്വമായിട്ടേ ഇത് ഉപയോഗിക്കാറുള്ളൂ... നേരിട്ട് ശ്വാസകോശത്തിൻ്റെ   പ്രവർത്തനത്തെ ബാധിക്കും"

"ഇതിനു ചികിത്സ ഒന്നുമില്ലേ ഡോക്ടർ?", അശ്വതിൻ്റെ പപ്പയുടെ വാക്കുകളിൽ പ്രതീക്ഷയുടെ നീരൊഴുക്ക് പ്രകടമാണ്. തൻ്റെ കസേരയിൽ ഒന്നുകൂടെ അമർന്നിരുന്നു ഡോക്ടർ ബാക്കി പറയാൻ ഒരുങ്ങി...

"ഇല്ലെന്നല്ല, ഉണ്ട് - അഞ്ചു ദിവസത്തെ ഇഞ്ചക്ഷൻ കോഴ്സ്. അതോടെ ആ വിഷത്തിൻ്റെ എഫക്ട് പൂർണ്ണമായും ഒഴിവാകും. പക്ഷെ ഇതിലെ ചലഞ്ചിങ് പോയിന്റ് എന്താണെന്ന് വെച്ചാൽ ഇഞ്ചക്ഷൻ എടുക്കുമ്പോൾ രോഗി പൂർണ്ണമായും നോർമൽ കണ്ടീഷനിൽ ആയിരിക്കണം, ബോത്ത് മെന്റലി ആൻഡ് ഫിസിക്കലി....ഐ മീൻ ബിപി, പൾസ് തുടങ്ങിയവ...മനസ്സ് ശാന്തമായിരിക്കണം. ബലം പ്രയോഗിച്ചു ഒരിക്കലും പോസിറ്റീവ് റിസൾട്ട് നേടിയെടുക്കാൻ പറ്റില്ല...രോഗിയുടെ സഹകരണം വളരെ അത്യാവശ്യമാണ്... ചുരുക്കിപ്പറഞ്ഞാൽ കാര്യം നടക്കണമെങ്കിൽ അവനും കൂടി വിചാരിക്കണം....ഈയൊരാവസ്ഥയിൽ അത് സാധ്യമാകുമോ എന്നത്.....?!"

"ഡോക്ടർ, ഞങ്ങൾ വേണമെങ്കിൽ അവൻ്റെ കാലുപിടിക്കാം, ഞങ്ങൾക്ക് അവനെ വേണം...", അശ്വതിൻ്റെ മമ്മ പൊട്ടിക്കരഞ്ഞു.

"അതുകൊണ്ടൊന്നും കാര്യമുണ്ടാകുമെന്നു തോന്നുന്നില്ല. ഒരു മെഡിക്കൽ സ്റ്റുഡന്റ് ആയതുകൊണ്ട് ഈ ട്രീറ്റ്മെന്റ് രീതികളൊക്കെ അവൻ നേരത്തെ തന്നെ മനസ്സിലാക്കിയെടുത്തിട്ടുണ്ടാകും. നിങ്ങളെന്തായാലും ഇപ്പോൾ അവൻ്റെയടുത്തേക്ക് പോകേണ്ട, പോയി റെസ്റ്റെടുത്തോളൂ... ഞാനവനോടൊന്നു സംസാരിക്കട്ടെ...ഓക്കേ??"

ഡോക്ടർ പറഞ്ഞതുകേട്ടു അശ്വതിൻ്റെ പപ്പയും മമ്മയും തലയാട്ടി. ഡോക്ടർ തൻ്റെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു പുറത്തേക്കു പോകാനൊരുങ്ങി. ഇതിനിടയിൽ ലേഡി ഡോക്ടറോട് ചെവിയിൽ എന്തോ കാര്യമായി മന്ത്രിക്കുന്നുണ്ടായിരുന്നു...

------------------------------



          റൂം നമ്പർ ഇരുന്നൂറ്റിപ്പത്തിലേക്ക് ഡോക്ടർ കയറിച്ചെന്നു. അവിടെ കട്ടിലിൽ ഒരു ഇരുപതിനുമേലെ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. ജനാലയിലൂടെ മുറിയുടെ അകത്തളത്തിലേക്ക് തുളച്ചു കയറിയ ഉച്ചവെയിലിൽ പാറിക്കളിക്കുന്ന പൊടിപടങ്ങളെ നോക്കിയിരിക്കുന്ന നിർവികാരമായ ഒരു മുഖം. ഐ സി യുവിൽ നിന്ന് റൂമിലേക്ക് മാറ്റിയിട്ട് ഒരു പത്തു മിനുട്ട് മാത്രമേ ആയിട്ടുള്ളൂ...അവൻ്റെ കട്ടിലിൻ്റെ തൊട്ടടുത്ത ക്യാബിനിൽ നഴ്സുണ്ട്, 'അവൻ്റെ മേലെ ഒരു കണ്ണുവേണം' എന്ന നിർദ്ദേശത്തോടെ ഡോക്ടർ ഡ്യൂട്ടിക്ക് ഇരുത്തിയ നേഴ്സ്. ഡോക്ടറെ കണ്ടതും നേഴ്സ് എഴുന്നേറ്റു. നഴ്സിനോട് എന്തൊക്കെയോ ചോദിച്ചറിഞ്ഞ ശേഷം ഡോക്ടർ ഒരു കസേരയെടുത്തു അവൻ്റെ അരികിലിരുന്നു...

"അശ്വത്....അല്ലേ?" - ഒരു ചെറുപുഞ്ചിരിയോടെ ഡോക്ടർ ചോദിച്ചു. പക്ഷെ ആദ്യം അതിനു മറുപടിയൊന്നും ലഭിച്ചില്ല, മുഖം തിരിച്ചു കിടന്നു. പക്ഷെ ഡോക്ടർ വിട്ടില്ല, അവൻ്റെ തലയിൽ തലോടിക്കൊണ്ട് വീണ്ടും ആ പേര് വിളിച്ചു.

          "ആ പേര് ഇനി കേൾക്കാതിരിക്കാനാ ഞാൻ ശ്രമിച്ചത്... അത് കഴിഞ്ഞാൽ പിന്നെയും കാണും ഒരുപാട് ചോദ്യങ്ങൾ - എവിടെ പഠിക്കുന്നു, എന്തിനു പഠിക്കുന്നു, ഏതു ഇയർ ആണ് അങ്ങനെ അങ്ങനെ....ഞങ്ങളുടെ പ്രായത്തിലുള്ളവരുടെ ജീവിതം പഠനം മാത്രമാണെന്നാ എല്ലാവരുടെയും വിചാരം...എല്ലാറ്റിൽ നിന്നും രക്ഷപ്പെടാനാ ശ്രമിച്ചത്...പക്ഷെ സമ്മതിച്ചില്ല" - അശ്വതിൻ്റെ വാക്കുകളിൽ നിരാശയും സങ്കടവും നിഴലിച്ചിരുന്നു.

"ഇതിനു 'രക്ഷപ്പെടൽ' എന്നല്ല പറയുക, 'ഒളിച്ചോട്ടം' എന്നാ...അതിനുള്ള ഭാഗ്യം ദൈവം എല്ലാവർക്കും കൊടുക്കണമെന്നില്ല. 'ഇവൻ ജീവിച്ചത് മതി' എന്ന് ദൈവത്തിനു തോന്നണം. 'ഇവന് ഇനിയും ഒരുപാട് ചെയ്യാനുണ്ട്' എന്ന് ദൈവം വിചാരിച്ചാൽ നടക്കില്ല"

          "എന്നെ പറഞ്ഞു മയക്കാൻ നിന്നിട്ട് കാര്യമില്ല. ഞാൻ വിചാരിച്ചാലേ എനിക്ക് രക്ഷപെടാൻ പറ്റൂ എന്ന് നന്നായറിയാം. നിങ്ങളൊരു ഡോക്ടറല്ലേ... ഒരു രോഗിയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുന്നത് നിങ്ങളുടെ ഡ്യൂട്ടിയല്ലേ...?"

"എൻ്റെ ഡ്യൂട്ടി ജീവൻ രക്ഷിക്കലാണ്‌, മനസ്സിലായോ? പിന്നെ നിൻ്റെ  കാര്യത്തിൽ എനിക്കല്പം പ്രതീക്ഷ കുറവാണ്. അതിനു അഞ്ചു ദിവസത്തെ ഇഞ്ചക്ഷൻ കോഴ്സ് ഉണ്ട്, അതും നിൻ്റെ പൂർണ്ണസമ്മതത്തോടെ വേണം. അത് സാധിക്കുമെന്ന് എനിക്കു വലിയ വിശ്വാസം പോരാ"

          "എന്നാ പിന്നെ എന്നെയങ് മരിക്കാൻ അനുവദിച്ചൂടെ?"

"അത് പറ്റില്ല, ഒരു ഡോക്ടർ ഒരിക്കലും അങ്ങനെ ചെയ്യില്ല, ചെയ്യാൻ പാടില്ല. അതൊക്കെ പോട്ടെ, നീ ഏതു കോളേജിലാ പഠിക്കുന്നത്? പേടിക്കേണ്ട, മാർക്കും മറ്റുകാര്യങ്ങളൊന്നും എനിക്കറിയേണ്ട..."

          "അത് ചോദിച്ചാലും പറയാൻ പോകുന്നില്ല...പിന്നെ കോളേജ്, അത് സെന്റ്. ജോസഫ് മെഡിക്കൽ കോളേജ്, നെന്മാറ. കുട്ടികൾ പഠിക്കാനുള്ള യന്ത്രങ്ങൾ മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മ"

"സെന്റ്. ജോസഫ് കോളേജിലോ? എന്നാൽ ഇപ്പോൾ നീ പറഞ്ഞത് ഞാൻ വിശ്വസിക്കില്ല. കാരണം ഞാനും അവിടെ പഠിച്ചതാ... ജീവിതത്തിൽ ആഘോഷിച്ച നിമിഷങ്ങളാണവ"

          "എനിക്ക് തോന്നുന്നില്ല... അവ എൻ്റെ ജീവിതത്തിലെ വെറുക്കപ്പെട്ട വർഷങ്ങളായിരുന്നു..."

"അതൊക്കെ അവരവരുടെ കോളേജ് ലൈഫിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ അനുസരിച്ചിരിക്കും. അതിൻ്റെ നെഗറ്റിവ് സൈഡ് മാത്രം നോക്കിയാൽ നമുക്ക് ദുഖിച്ചിരിക്കാനേ സമയം കാണു...."

          "അതിനെയൊക്കെ ഒരു 'കോളേജ് ലൈഫ്' എന്ന് ഡോക്ടർക്ക് എങ്ങനെ വിളിക്കാൻ തോന്നുന്നു? എല്ലാ മെഡിക്കൽ സ്റ്റുഡന്റസ്ൻറെയും ഗതി ഇതുതന്നെ. യഥാർത്ഥ കോളജ് ജീവിതം അവർക്കു പറഞ്ഞതല്ല"

"ഓക്കെ ...ഓക്കെ ...കൂൾഡൗൺ... നീ പറഞ്ഞത് തെറ്റാണെന്നു ഞാൻ തെളിയിച്ചാൽ....??"

അശ്വത് അതിനൊന്നും മറുപടി പറഞ്ഞില്ല. ഒരു പുച്ഛഭാവത്തോടെ സാധിക്കില്ലെന്ന മട്ടിൽ അവൻ മുഖം തിരിച്ചു.

"ഞാൻ നിനക്കൊരു കഥ പറഞ്ഞുതരാം...സെന്റ്.ജോസഫ് മെഡിക്കൽ കോളേജിൽ പൂത്തുലഞ്ഞ മനോഹരമായ ഒരു പ്രണയകഥ!"

          "ലവ് സ്റ്റോറിയോ? അതും എന്നോടോ??...ഡോക്ടർ, ഞാനൊരു സൂയിസൈഡ് അറ്റംപ്റ് നടത്തിയ പേഷ്യന്റാ...വല്ല മോട്ടിവേഷൻസും മറ്റുമൊക്കെയുള്ള കഥകളല്ലേ പറയേണ്ടത്?"

"നിന്നോടത് പറഞ്ഞിട്ട് കാര്യമില്ലെന്നു എനിക്ക് നന്നായറിയാം. എന്തായാലും നീ മരിക്കാൻ പോവുകയല്ലേ... ഇതൊന്നു കേട്ടിട്ട് മരിച്ചൂടെ?... എനിക്കാണെങ്കിൽ ഈ കഥകൾ പറയുന്നത് ഭയങ്കര വീക്നെസ്സാ..."

          "ഡോക്ടർക്ക് വേറെ പണിയൊന്നുമില്ലേ ?... (അല്പം നിർത്തിയിട്ട് ) എന്തായാലും ഡോക്ടർ പറഞ്ഞോളൂ... ഞാൻ കേൾകാം. പക്ഷെ ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം - യു ആർ വൈസ്റ്റിംഗ് യുവർ ടൈം"

"അത് സാരമില്ല, എന്നാ ഞാൻ തുടങ്ങട്ടെ?"

          "ഹമ്...", അശ്വത് ഒരു അർധസമ്മതം മൂളി.

കയ്യിലുണ്ടായിരുന്ന സ്റ്റെതെസ്കോപ് അപ്പുറത്തേക്ക് മാറ്റിവെച്ചു ഡോക്ടർ കഥ പറയാനുള്ള മൂഡിലേക്കു വന്നു.  വലിയ താല്പര്യം ഒന്നുമില്ലെങ്കിലും അശ്വത് അത് കേൾക്കാൻ തയ്യാറായി...

------------------------------

                    Welcome to IV.B - ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ ആ വാതിലിനു മുകളിൽ ഏതോ വിരുതൻ്റെ വക മറ്റൊരു വാചകം കൂടി കാണാം - "കൊല്ലാം, പക്ഷെ പഠിപ്പിക്കാനാവില്ല"

ഇതൊക്കെ കണ്ടപ്പോൾ ശബ്ദകോലാഹളങ്ങൾ പ്രതീക്ഷിച്ചാണ് ക്ലാസ്സിലേക്ക് കടന്നത്. പക്ഷെ അന്തരീക്ഷം മൂകമാണ്. അപർണ്ണ ടീച്ചർ കണക്കു പഠിപ്പിക്കുന്നു. എല്ലാവരും നല്ല എഴുത്തിലാണ്. ക്ലാസ്സിലെ ചുമരുമൊത്തം കുട്ടികളുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ കരവിരുതുകളാൽ നിറഞ്ഞിരുന്നു. പക്ഷെ ആ ചങ്കൂറ്റമൊന്നും ഇപ്പോൾ ക്ലാസ്റൂമിൽ കാണുന്നില്ല.എന്തു പറ്റി? പഴയ പോലെയല്ല, ബാക് ബെഞ്ചിലെ പിള്ളേരൊക്കെ നന്നായെന്നു തോന്നുന്നു. പക്ഷെ മുൻസീറ്റിൽ 2-3 കുട്ടികളുടെ അഭാവമുണ്ടല്ലോ... അവരെവിടെപ്പോയി?

അവരെ കാണണമെങ്കിൽ ഒന്നു പിന്നിലേക്ക് പോകണം, വാതിലിനടുത്തേക്ക്. ക്ലാസിനു പുറത്തു വാതിലിൻ്റെ ഇടത്തുവശത്തു മൂന്നു കുരുന്നുകളെ കാണാം. അവരുടെ അഭാവമാണ് ആ ക്ലാസിനു മൂകാന്തരീക്ഷം നൽകുന്നത്. മുൻസീറ്റുകാർ ആണെങ്കിലും സകല 'പരിപാടികൾക്കും' മുൻപിലുണ്ടാകും, ഈ മൂവർസംഘം. അവരാണ് നമ്മുടെ നായകന്മാർ - പ്രവി, സഞ്ജു, ശരത്.

അവരവിടെ കാര്യമായിട്ട് എന്തോ ചർച്ച ചെയ്യുകയാണ്. അതിനിടെ സ്കൂൾ ലീഡർ ഇംഗ്ലീഷ് പത്രവും കൊണ്ടുവന്നു. മലയാളം പോലും ശരിക്കറിയാത്ത കുട്ടികൾ സ്കൂളിൽ ഒരുപാടുണ്ടെങ്കിലും ഇംഗ്ലീഷ് പത്രം വിതരണം ചെയ്യാൻ സ്കൂൾ മാനേജ്‌മന്റ് മടി കാണിക്കാറില്ല, പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരഭിമാനപ്രശ്നമായി ഉയർന്നു വരുന്ന ആ കാലഘട്ടത്തിൽ.

മൂവരുടെയും ശ്രദ്ധ ആ പത്രത്തിലേക്കു പതിഞ്ഞു (വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ...). ആദ്യം സ്പോർട്സ് പേജിനുള്ള അടിയായി, അത് പ്രവി കൈയ്യിലാക്കുകയും ചെയ്തു. മറ്റുള്ളവർ ബാക്കിയുള്ള പേജുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

അപ്പോഴാണ് ആദ്യപേജിൽ തന്നെ ഒരു പ്രത്യേക ചിത്രവും ചില വാക്യങ്ങളും സഞ്ജുവിൻ്റെ കണ്ണിൽപെട്ടത്. അതിലൊരു ചുവന്ന ഹൃദയത്തിൻ്റെ   ചിഹ്നമുണ്ടായിരുന്നു, കൂടെ ഒരു വരിയും - 'Happy Valentine's Day!'

സഞ്ജു - ടാ... എന്താ ഈ 'Valentine's Day'?

ശരത് - എവിടെ??...നോക്കട്ടെ...

പ്രവി - ഇന്ന് ഫെബ്രുവരി 14 ആണോ?

സഞ്ജു - അതെ

പ്രവി - ഹമ്...അത് ഇന്നത്തെ ദിവസത്തിൻ്റെ പ്രത്യേകതയാ...

ശരത് - ഓഹോ... എടാ ടീച്ചർ നമ്മളോട് ഓരോ ദിവസത്തിൻ്റെയും       
               പ്രത്യേകത നോക്കി വരാൻ പറഞ്ഞിട്ടില്ലേ... നമുക്കിത് ടീച്ചറെ
               കാണിക്കാം...ചിലപ്പോൾ ക്ലാസ്സിൽ കയറ്റിയാലോ?

പ്രവി - ഒന്നുപോടോ...അതിൻ്റെ അർത്ഥം 'പ്രണയദിനം'
               എന്നാ...കാമുകന്മാരുടെയും കാമുകിമാരുടെയും ദിനം...അതും
               കാണിച്ചു ടീച്ചറുടെ അടുത്ത് ചെന്നാൽ മതി, പിന്നെ ഈ ജന്മത്തിൽ
               ക്ലാസ്സിൽ കയറേണ്ടിവരില്ല.

സഞ്ജു - ഓഹോ...അങ്ങനെയൊരു ദിനമുണ്ടായിരുന്നോ...കൊള്ളാലോ...

ശരത് - അപ്പോൾ പ്രണയം...ഹമ്...എടാ ഈ പ്രണയത്തിനു പ്രായമുണ്ടോ?

പ്രവി - നീ ഈ സിനിമേലൊക്കെ കേട്ടിട്ടില്ലേ പ്രേമത്തിന് കണ്ണും
               മൂക്കുമൊന്നും ഇല്ലെന്ന്...അതുപോലെ പ്രായവുമില്ല. എന്നാലും
               നമ്മുടെ സൈസിന് അത്ര നല്ലതല്ല.

ശരത് - ഹേയ്...അതൊന്നും പ്രശ്നമല്ല...ഇവിടെ വന്നിട്ട് ആ ഒരു
               ഡിപ്പാർട്മെന്റിൽ മാത്രമേ നമ്മൾ കഴിവ് തെളിയിക്കാത്തതുള്ളൂ...
               നമുക്കൊരു കൈ നോക്കിയാലോ??

പ്രവി - എങ്കിൽ ഐശ്വര്യമായിട്ടു തുടങ്ങിക്കോ...ഒരുത്തി വരുന്നുണ്ട്...ഒരു
               തട്ടമിട്ട സുന്ദരി...

മൂവരും ഇമവെട്ടാതെ നോക്കിയിരിക്കുകയാണ്. വരുന്നത് മറ്റാരുമല്ല, ഫിദ - IV. B ക്ലാസ്സിൻ്റെ പ്രിയങ്കരിയായ ലീഡർ. സാധാരണ എന്നും നേരത്തെ എത്തി ക്ലാസ്റൂം ഒക്കെ വൃത്തിയാക്കാറള്ളതാണ്. ഇന്നെന്താ എന്നറിയില്ല, അല്പം താമസിച്ചുപോയി.

ടീച്ചർ - എന്താ വൈകിയത്?

ഫിദ - വീട്ടിൽ ഉമ്മാക്ക് തീരെ സുഖമില്ല, ഞാനും ബാപ്പയും കൂടിയാ
             ഭക്ഷണമൊക്കെ ഉണ്ടാക്കിയത്. അതുകൊണ്ടാ....

ടീച്ചർ - ഹമ്...ശെരി...കയറിയിരിക്കു.

"കണ്ടോ...ഇതാണ് പ്രശ്നം. ഈ നീതിബോധം എന്ന് പറഞ്ഞത് ടീച്ചേർമാരുടെ അടുത്തൂടെ പോയിട്ടില്ല. ഞാനെൻ്റെ അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ടാ ഹോംവർക് ചെയ്യാത്തതെന്നു പറഞ്ഞപ്പോൾ ടീച്ചർ വിശ്വസിച്ചില്ല. എന്നിട്ടിപ്പൊ ആ പെണ്ണ് വന്നു ഒലിപ്പിച്ചപ്പോ...", പിറുപിറുക്കുന്നത് മറ്റാരുമല്ല, പ്രവി.

"ഹും, അമ്മയ്ക്ക് സുഖമില്ല പോലും, ഞാനിവിടെ അപ്പൂപ്പൻ മരിച്ചുവെന്നാ പറഞ്ഞത്. എന്നിട്ട് വല്ല ഉപകാരവും ഉണ്ടായോ?, പ്രവിയെ ശരത് അനുകൂലിച്ചു.

ഇത്രയുമായപ്പോൾ സഞ്ജുവും വെറുതെയിരുന്നില്ല,
"അതൊന്നുമല്ല  പ്രശ്നം, നമുക്കിവിടെ നല്ല ഒരു ഇമേജുള്ളത് ടീച്ചർക്ക് അധികം പിടിക്കുന്നില്ല. അത്രയേയുള്ളൂ..."

പ്രവിയും ശരത്തും സഞ്ജുവിനെ ഒരു നോട്ടം നോക്കി. അവർക്കും അത് സുഖിച്ചു. അപ്പോഴേക്കും ബെല്ലടിച്ചു. അപർണ ടീച്ചർ വന്നു അവരുടെ മുന്നിൽ നിന്നു. മൂന്നുപേരും അറ്റൻഷനായി നിൽക്കുകയാണ്.

ടീച്ചർ - നിങ്ങൾ ക്ലാസ്സിലില്ലാത്തതുകൊണ്ടു കുറച്ചു നാളുകൾക്കു ശേഷം
                മനസ്സമാധാനത്തോടെ ക്ലാസ്സെടുക്കാൻ പറ്റി.

പ്രവി - ടീച്ചർക്ക് മനസ്സമാധാനമാണ് വേണ്ടതെങ്കിൽ ആദ്യമേ പറയണ്ടേ...
              ഞങ്ങൾക്ക് ക്ലാസ്സിൽ ഇരിക്കണമെന്നൊന്നുമില്ല, ഞങ്ങൾ ഗ്രൗണ്ടിലോ                 മറ്റോ പോയിരുന്നോളാം...

ടീച്ചർ - അതിനേക്കാൾ നല്ലത് TC വാങ്ങിച്ചിട്ടു വീട്ടിൽ പോയി
               ഇരിക്കുന്നതല്ലേ...??

ശരത് - അത് ഞാനെൻ്റെ അച്ഛനോട് ഒരു നൂറു തവണ പറഞ്ഞതാ... കേട്ടില്ല!
               സാരമില്ല, അനുഭവിച്ചോളും!

ടീച്ചർ - നിർത്തെടാ... അധികപ്രസംഗികൾ! (ടീച്ചറുടെ മുഖം ചുവന്നത്
               പെട്ടന്നായിരുന്നു. അല്ലെങ്കിലും ഏതു ടീച്ചർക്കാ തൻ്റെ
               ഡയലോഗിനെക്കാളും നിലവാരമുള്ള കൗണ്ടർ സഹിക്കാൻ പറ്റുക?)   
               ഇന്നെന്തായാലും ക്ലാസ്സിൽ കയറിക്കോ...നാളെയും ഈ               
               കോലത്തിലാണ് വരവ് എങ്കിൽ പേരെന്റ്സിനെ
               കൊണ്ടുവരേണ്ടിവരും... പറഞ്ഞേക്കാം...

ഇത്രയും പറഞ്ഞു ടീച്ചർ തിരിഞ്ഞു നടന്നു. ശരത്തിൻ്റെ കവിളുകൾ ദേഷ്യം കൊണ്ട് തുടിക്കുന്നുണ്ടായിരുന്നു. "ഈ ടീച്ചറെ ഞാൻ..." എന്ന് പറഞ്ഞു അവൻ കുനിഞ്ഞു ചെരിപ്പെടുക്കാൻ നിന്നു. ഉടനെ പ്രവിയും സഞ്ജുവും അവൻ്റെ കൈക്ക് പിടിച്ചു - "ടാ.... വേണ്ടാത്ത പണിക്കു പോകല്ലേ..."

ശരത് അവരെ തട്ടിമാറ്റി ഒരു ഡയലോഗ് :
"ഞാനെൻ്റെ ചെരുപ്പിന്റെ വള്ളിയിടാൻ കുനിഞ്ഞതാടെയ്... അല്ലെങ്കിലും ഇമ്മാതിരി ചീള് കേസുകൾക് പിറകെ പോകാൻ എനിക്കെവിടെ നേരം...ഒന്ന് പോടാപ്പാ..."

ഇതും പറഞ്ഞു അവൻ ഷർട്ടിൻ്റെ കോളറൊക്കെ പൊക്കി ക്ലാസ്സിൻ്റെ  അകത്തേക്ക് കയറി. 'വല്ല കാര്യവുമുണ്ടായിരുന്നോ?' എന്ന മട്ടിൽ പ്രവിയും സഞ്ജുവും മുഖത്തോടു മുഖം നോക്കി...


------------------------------

                    ഒന്നാമത്തെ ബെഞ്ച് ഈ മൂന്നുപേരുടെയും കുടുംബസ്വത്തു പോലെയാണ്. പണ്ട് ബാക്കിലിരുന്നു  കളിച്ചു കളിച്ചു പിടിച്ചപ്പോഴാണ് അപർണ ടീച്ചർ അവരെ മുമ്പിലേക്കിരുത്തിയത്. അതുകൊണ്ടെന്തുണ്ടായി? ഇവരുടെ കളി കണ്ടു പിന്നിലുള്ളവരും കളിയ്ക്കാൻ തുടങ്ങി. ഇവരുടെ ബെഞ്ചിലേക്ക് മറ്റാരും അധികം അടുക്കാറില്ല. ഇവരവിടെ കിടക്കും, മറിയും, കളിക്കും വേണമെങ്കിൽ മുള്ളുക വരെ ചെയ്തെന്നു വരും. ആരും ചോദിക്കില്ല, ചോദിച്ചിട്ട് കാര്യവുമില്ല!

"ടാ...അടുത്ത പീരീഡ് സയൻസ്  ആണ്. നീ പഠിച്ചോ? ഇന്ന് തല്ലുകൊള്ളും, ഉറപ്പാ...", പുസ്തകങ്ങൾ തപ്പുന്നതിനിടയിൽ ശരത് പിറുപിറുത്തു.

"പഠിക്കാനോ ? ഇന്ത്യ-പാക് മാച്ച് കാണുന്നിതിനിടയിൽ ആർക്കാ പഠിക്കാൻ നേരം? എന്തായിരുന്നു കളി...പക്ഷെ ഓരോ ഓരോ ഓവർ ബ്രേകിലും ഒരു പത്തു തവണയെങ്കിലും 'ടീച്ചർ വരരുതേ...' എന്ന് പ്രാർത്ഥിച്ചിരുന്നു" - പ്രവിയുടെ മുഖത്തു വല്ലാത്തൊരു ആത്മവിശ്വാസം കാണുന്നുണ്ട്. വല്ലപ്പോഴുമല്ലേ ദൈവത്തോട് എന്തെങ്കിലുമൊക്കെ ചോദിക്കാറ്, അതിൻ്റെയാകാം... 

"അതുകൊണ്ടെന്തു കാര്യം? ഈ പ്രാർത്ഥന കൊണ്ടൊന്നും വലിയ പ്രയോജനമില്ലെടാ... അല്ലെങ്കിൽ എന്നേ ഞാൻ നൂറു മീറ്റർ ചാംപ്യനായേനെ..." സഞ്ജുവിൻ്റെ മുഖത്തു നിരാശ.

"പക്ഷെ എൻ്റെ പ്രാക്ക് ഏറ്റാൽ ഏറ്റതാ... നീ കണ്ടോ... പിന്നെ നൂറു മീറ്റർ ചാംപ്യനാകാത്തതിനു ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒന്നെങ്കിൽ കഴിവ് വേണം, അല്ലെങ്കിൽ നീ ഒറ്റയ്ക്ക് മത്സരിക്കണം. രണ്ടും നടക്കില്ലല്ലോ...", പ്രവി ശരിക്കുമൊന്നു ഊതി.

പക്ഷെ സഞ്ജുവിന് അതത്ര ഇഷ്ടപ്പെട്ടില്ല, "ടാ... കഴിവില്ലെന്നു മാത്രം പറയരുത്. കഴിഞ്ഞ സ്പോർട്സ് മീറ്റിൽ പരിക്കുകാരണം മാത്രമാണ് എനിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്.

പ്രവി വിട്ടില്ല : "മോനേ... ആ വിത്ത് ഇങ്ങോട്ടിറക്കല്ലേ...ഒന്നുമില്ലെങ്കിലും വർഷം കുറച്ചായില്ലേ നമ്മളൊന്നിച്ചു കഴിയുന്നു...അന്ന് പകുതിക്ക് വെച്ചു ഇനി ജയിക്കില്ലെന്നു കണ്ടപ്പോൾ പരിക്ക് അഭിനയിച്ചു നീ പിന്മാറിയതല്ലേ...?"

അതുവരെ മിണ്ടാതിരുന്ന ശരത്തും ചർച്ചയിൽ സജീവമായി - "എന്തൊക്കെ പറഞ്ഞാലും അന്ന് നിൻ്റെ അഭിനയം കിടിലനായിരുന്നു. അതുകൊണ്ടാണല്ലോ  നമ്മുടെ ഈ പൊന്നോമന ലീഡർ പോലും വന്ന്'ഓട്ടം നന്നായിരുന്നു'വെന്നു കമന്റ് പാസ്സാക്കിയത്"

സഞ്ജു ഒന്നും മിണ്ടാൻ നിന്നില്ല. പക്ഷെ പ്രവി വിടാനൊരുക്കമല്ല, "അവൾ ആ ഓട്ടം കണ്ടിട്ടൊന്നുമല്ല പറഞ്ഞത്. തലേ ദിവസം പോക്കറ്റിൽ നിന്ന് പൈസ അടിച്ചുമാറ്റിയതിനു ഇവൻ്റെ ബാപ്പ വടിയെടുത്തു ഇവനെ ഓടിച്ചത് അവളുടെ മുന്നിലൂടെയായിരുന്നു"

"ഡേയ്.... മതി, കുറേ നേരായല്ലോ...ഇനിയെങ്കിലും ചളിയൊന്ന് നിർത്തിക്കൂടെ", സഞ്ജുവിന് വെറുത്തു.

"സൈലെൻസ് പ്ലീസ്", പറയുന്നത് മറ്റാരുമല്ല, നമ്മുടെ ലീഡർ ഫിദ. "സയൻസ് ടീച്ചർ ഇന്ന് ലീവാണ്. ടീച്ചറുടെ അച്ഛൻ മരിച്ചു. കുറച്ചു കഴിഞ്ഞാൽ അപർണ്ണ ടീച്ചർ വരും. അപ്പോൾ സംസാരിച്ചവരുടെ ലിസ്റ്റ് ഞാൻ കൊടുക്കും, പറഞ്ഞേക്കാം..."

സഞ്ജുവും ശരതും പ്രവിയെ ഒരു വല്ലാത്ത നോട്ടം നോക്കി - അവൻ്റെയൊരു പ്രാക്ക്!! കാര്യം മനസ്സിലായിട്ടും പ്രവി ഒന്നുമറിയാത്ത പോലെ പേനയും കടിച്ചിരുന്നു.

സഞ്ജു - നീ ഇതുപോലെ പ്രാകി പ്രാകി എത്ര പേരെ കൊന്നിട്ടുണ്ട്?

പ്രവി ഒന്നും മിണ്ടിയില്ല.

ശരത് - നീ എനിക്കൊരു ഉപകാരം ചെയ്യണം

പ്രവി - എന്ത്??

ശരത് - എൻ്റെ അമ്മാമ്മയെക്കൊണ്ടു ഭയങ്കര ശല്യമാ...  
              പുള്ളിക്കാരിക്കാണേൽ ഒടുക്കത്തെ ആയുസ്സും...! നീ ഒന്ന്
              പ്രാർത്ഥിച്ചാൽ...

പ്രവിക്കു ശരിക്കും ദേഷ്യം വന്നു, "അധികം ഊതാൻ നിൽക്കല്ലേ...", അവൻ്റെ ശബ്ദം കുറച്ചു കൂടിപ്പോയി.

"പ്രവി, മിണ്ടാതിരിക്ക്", ആജ്ഞ ഫിദയുടെ വക, അതിനോടൊപ്പം അവൻ്റെ  മുഖത്തേക്ക് കടുപ്പിച്ചൊരു നോട്ടവും!

പ്രവി - ഇവൾക്ക് കുറച്ചു അഹങ്കാരം കൂടുന്നുണ്ടോ എന്നൊരു സംശയം...

ശരത് - ശെരിയാ, ഒരു പണി കൊടുത്താലോ?

സഞ്ജു - എന്ത് പണി?

ശരത് - അതൊക്കെ കണ്ടോ...

അവനെന്തോ തീരുമാനിച്ചുറപ്പിച്ച പോലെ. അവൻ ആ ഇംഗ്ലീഷ് പത്രത്തിൻ്റെ ഒന്നാം പേജ് കയ്യിലെടുത്തു. എന്നിട്ട് ഫിദയെ വിളിച്ചു -
"ലീഡറേ...ടീച്ചർ പറഞ്ഞില്ലായിരുന്നോ ഇമ്പോര്ടന്റ്റ് ദിവസങ്ങൾ ഉണ്ടെങ്കിൽ ബോർഡിൽ എഴുതണമെന്ന്...ഇന്നൊരു പ്രത്യേകതയുണ്ട്"

ഇതും പറഞ്ഞു അവൻ ആ വാലൻന്റൈൻ ഡേ പോസ്റ്റർ കാണിച്ചുകൊടുത്തു. അവളാദ്യം നോക്കി, "ഇതെന്തു ദിവസമാ?", അവൾക്കൊന്നും പിടികിട്ടിയില്ല.

"കറക്റ്റ് ആയിട്ട് എനിക്കുമറിയില്ല... എന്തോ ഹൃദയവുമായി ബന്ധപ്പെട്ടതാണെന്നാ തോന്നുന്നത്", ശരത് ഇത് പറയുമ്പോൾ പ്രവിയും സഞ്ജുവും ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
എന്തായാലും ഫിദ 'ഓക്കേ' പറഞ്ഞു ബോർഡിൽ വൃത്തിയായി എഴുതി - 'Valentine's Day'. പ്രവിയും സഞ്ജുവും 'നിന്നെ സമ്മതിച്ചിരിക്കുന്നു' എന്ന മട്ടിൽ ശരത്തിനെ നോക്കി, അഭിനന്ദിക്കുകയും ചെയ്‌തു.

അതിനു ശേഷം മൂവരും വെവ്വേറെ ജോലികളിൽ മുഴുകി. സഞ്ജു നോട്ട്ബുക്കിൽ എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരുന്നു. ഇന്ന് PT പീരിയഡ് ഉണ്ട്. അതുകൊണ്ട് ഫുട്ബോൾ കളിയ്ക്കാൻ ടീമുണ്ടാക്കുന്ന തിരക്കിലാണ് ബാക്കിയുള്ളവർ. സഞ്ജു അതിനൊന്നും പോയില്ല, കാരണം താൻ ആരുടെ ടീമിലാണ് വരികയെന്നത് അവനു നന്നായറിയാം.

കുറച്ചു കഴിഞ്ഞ് പ്രവി സഞ്ജുവിന്റെ അടുത്തേക്ക് വന്നു, കയ്യിലൊരു കടലാസുമുണ്ട്. ആ പേപ്പർ പ്രവി സഞ്ജുവിന് നേരെ നീട്ടി, "ശരത്തിനൊരു പാരയാ...നീ ഇത് ഫിദക്ക് കൊടുക്ക്", പേപ്പറിന്റെ രണ്ടുഭാഗവും ഭംഗിയായി ഒട്ടിച്ചിരുന്നു.

സഞ്ജു - എന്താ ഇതിൽ?

പ്രവി - ഒരു ചിന്ന ലെറ്റർ...ശരത്തിൻ്റെ പേരിലാ...

സഞ്ജു - അവനിട്ടുള്ള പണിയല്ലേ... എന്റെ കൈകൊണ്ട് തന്നെയാവട്ടെ...

സഞ്ജു എഴുന്നേറ്റു ആ കടലാസ് ഫിദക്ക് നേരെ നീട്ടി. സഞ്ജുവിൻ്റെയും പ്രവിയുടെയും മുഖത്തു അടക്കിപ്പിടിച്ച ചിരിയുണ്ടായിരുന്നു.

ഫിദ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീടവൾ അത് വാങ്ങിച്ചു. ആകാംഷയോടെ പൊട്ടിച്ചു വായിച്ചു. അത് വായിച്ച ശേഷമുള്ള അവളുടെ മുഖഭാവം ഒന്ന് കാണേണ്ടതായിരുന്നു, യാതൊരു വികാരവുമില്ലാത്ത അവസ്ഥ. അവൾ സഞ്ജുവിനെ നോക്കി, "സഞ്ജു...എന്തായിത്?". സഞ്ജു പുഞ്ചിരി തൂകി, ശേഷം തന്നോടെന്തിനാ ചോദിക്കുന്നതെന്ന മട്ടിൽ തിരിഞ്ഞിരുന്നു, ഒരുത്തനിട്ടുപാര പണിതതിൻ്റെ സുഖം അനുഭവിച്ചു കൊണ്ടിരിക്കുകയാനാവാൻ.

അവൾ കുറേ നേരം അവനെ നോക്കിയിരുന്നു. അവളുടെ മുഖത്തു ഭാവമാറ്റം വന്നുതുടങ്ങി, ഒരു ചെറുചിരിയോടെ അവളത് തൻ്റെ ബുക്കിനുള്ളിലേക്കു വെച്ചു.

"കണ്ണും കണ്ണും...തമ്മിൽ തമ്മിൽ...", ശരത് ഉത്സാഹത്തിലായി.

"നീ അധികം കാട് കയറേണ്ട. അവളെന്തുദ്ദേശത്തിലാണ് അത് നോട്ട്ബുക്കിൽ വെച്ചതെന്ന് ആർക്കറിയാം" - പ്രവിക്കു സംശയം.

"എന്നാലും ആ ചിരി...അതൊരു മൊതല് തന്നെ. മോനേ ശരതേ... അവൾ വീണെടാ...", സഞ്ജുവും കൂടി.

"ആരു വീഴുമെന്നും ആര് ചിരിക്കുമെന്നൊക്കെ നമുക്ക് കാത്തിരുന്നു കാണാം...", ശരത് ആക്കിപ്പറഞ്ഞതാണോ എന്ന് സംശയമില്ലാതില്ല.

അപ്പോഴാണ് അപർണ്ണ ടീച്ചർ ക്ലാസ്സിലേക്ക് വന്നത്, കയ്യിൽ ചൂരലുമുണ്ട്
 ആദ്യം തന്നെ ടീച്ചറുടെ ശ്രദ്ധ പതിഞ്ഞത് ബോർഡിലേക്കാണ്. എങ്ങനെ പതിയാതിരിക്കും? അത്രയ്ക്ക് മനോഹരമായിട്ടാണ് ഫിദ ഇന്നത്തെ ദിവസത്തിൻ്റെ പ്രത്യേകത എഴുതിവെച്ചത്. ടീച്ചർ ആകെ അന്തംവിട്ടു.

"ആരാ ഇതെഴുതിയത്?", ക്ലാസ്സിൽ മൊത്തം കണ്ണോടിച്ചു ടീച്ചർ ചോദിച്ചു.

"ഞാനാണ് ടീച്ചർ", ഫിദ കൈ ഉയർത്തിക്കൊണ്ട് മറുപടി പറയുമ്പോൾ എന്തോ മഹത്തായ കാര്യം ചെയ്ത പോലെയായിരുന്നു അവളുടെ മുഖഭാവം. 

'ഇവളോ?', ടീച്ചർക്ക് വിശ്വസിക്കാനാവുന്നില്ല - "എന്തിനാ ഇതെഴുതിയത്?"

"ടീച്ചർ അല്ലെ പറഞ്ഞത് പ്രത്യേക ദിവസങ്ങൾ ഉണ്ടെങ്കിൽ ബോർഡിൽ എഴുതണമെന്ന്... ഞാനിത് ഇന്നത്തെ പത്രത്തിൽ കണ്ടതാ..."

ഇതിനെന്തു മറുപടി കൊടുക്കുമെന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു ടീച്ചർ. കുറച്ചു നേരത്തെ മൗനത്തിനു ശേഷം - 

"ശെരി... പക്ഷെ ഇതിനൊന്നും അത്ര വലിയ പ്രത്യേകതയില്ല. ഇനി വല്ലതും എഴുതുമ്പോൾ ആദ്യം എന്നോട് ചോദിക്കണം, കേട്ടോ?", അത് മായ്ക്കുന്നതിനിടയിൽ ടീച്ചർ പറഞ്ഞു.

ഫിദ തലയാട്ടിക്കൊണ്ട് സമ്മതിച്ചു. മൂവർസംഘം അപ്പോൾ ചിരിയടക്കാൻ പാടുപെടുന്നത് ടീച്ചർ കാണാത്തത് ഭാഗ്യം!

"ഫിദ, സംസാരിച്ചവരുടെ ലിസ്റ്റ് തരൂ...", ടീച്ചറുടെ അടുത്ത ഓർഡർ.

ഫിദ പെട്ടന്ന് തന്നെ തൻ്റെ ബുക്കിൽ നിന്ന് ഒരു പേപ്പർ എടുത്തുകൊടുത്തു. ടീച്ചർ അതെടുത്തു വായിച്ചു, മെല്ലെ ഭാവം മാറാൻ തുടങ്ങി, ഒന്ന് ഞെട്ടിയ പോലെ - "ഇതു തന്നെയാണോ ലിസ്റ്റ്?" അവൾ അന്തംവിട്ടു. തൻ്റെ ബുക്ക് തപ്പി, ഒറിജിനൽ ലിസ്റ്റ് അതിലുണ്ട്. അപ്പോൾ ടീച്ചർക്ക് കൊടുത്തത്... അവൾ വിയർക്കാൻ തുടങ്ങി.

"അത്...ടീച്ചർ...", കൂടുതൽ പറയാൻ നിന്നപ്പോഴേക്കും 'മനസ്സിലായി' എന്ന് ടീച്ചർ ആംഗ്യം കാണിച്ചു. ഒറിജിനൽ ലിസ്റ്റെടുത്തു ക്ലാസ്സിലൊരു പൂരവും നടത്തി. പോകാൻ നേരത്തു ഫിദയോട് സ്റ്റാഫ്‌ റൂമിലേക്ക് വരാൻ പറഞ്ഞു. ശേഷം സഞ്ജുവിൻ്റെ നേരെ ചൂണ്ടി - "സഞ്ജു...നീയും!"

തന്നെയെന്തിനാ വിളിക്കുന്നതെന്നു മനസ്സിലാകാതെ സഞ്ജു എണീറ്റു. അവൻ ശരത്തിൻ്റെയും പ്രവിയുടെയും നേരെ നോക്കി. ഒരു കള്ളച്ചിരി രണ്ടുപേരുടെയും മുഖത്തുണ്ട്. അവനു കാര്യങ്ങൾ ഏകദേശം ഓടിത്തുടങ്ങി - പണിപാളി...

വലതുകാൽ വെച്ച് തന്നെ സഞ്ജു സ്റ്റാഫ്‌റൂമിൽ കയറി. പലപല കാരണങ്ങളാൽ ഇവിടെ കയറിയിറങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്നു ആദ്യമായാണ്. ഭാഗ്യത്തിന് അവിടെ അപർണ്ണ ടീച്ചർ മാത്രമേ ഉണ്ടായിരുന്നുള്ളു. അല്ലെങ്കിൽ എല്ലാവരുടെയും മുന്നിൽ വെച്ച് നാണം കെട്ടേനേ...

സഞ്ജുവിനെ കണ്ടയുടനെ ടീച്ചർ വിളിച്ചു - "ഹീറോ ഇങ്ങടുത്തേക്കു വാ..." ഫിദയും തൊട്ടടുത്ത് നിൽപ്പുണ്ട്. ഫിദയുടെ മുഖത്തെ ടെന്ഷനൊക്കെ പോയെന്നു തിന്നുന്നു. അവളുടെ നിരപരാധിത്വം തെളിയിച്ചിട്ടുണ്ടാകും. പക്ഷെ താനൊരു തെറ്റും ചെയ്തില്ലെന്ന് സഞ്ജു എങ്ങനെ ടീച്ചറെ മനസ്സിലാക്കും? "നീ ഇതൊന്ന് വായിച്ചേ..." - ആ പേപ്പർ സഞ്ജുവിൻ്റെ കയ്യിൽ കൊടുത്ത്‌ ടീച്ചർ ആവശ്യപ്പെട്ടു.

പ്രിയപ്പെട്ട ഫിദ,

                    ഇക്കാര്യത്തിൽ എനിക്ക് വലിയ മുൻപരിചയം ഇല്ലാത്തതിനാൽ വല്ല തെറ്റും ഉണ്ടെങ്കിൽ ക്ഷമിക്കണം. കുറച്ചു ദിവസമായിട്ടു എൻ്റെ മനസ്സ് വല്ലാത്തൊരു അവസ്ഥയിലാണ്. അതിനു കാരണം നീയാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. ക്ലാസ്സിൽ ഞാൻ ഉറങ്ങാതിരിക്കുന്നത് നീയുള്ളതുകൊണ്ടു മാത്രമാണ്. എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ, എൻ്റെ ഉമ്മാക്ക് സുന്ദരിയായ മരുമോളെ വേണം. ആ റോൾ സ്വീകരിക്കാൻ.നീ തയ്യാറാണോ? ഇന്നലെ രാത്രി മുഴുവൻ ആലോചിച്ചു എഴുതിയതാണ് ഇത്‌. 'യെസ്' ആയാലും 'നോ' ആയാലും ഒരു മറുപടി പ്രതീക്ഷിക്കുന്നു.

                                                                                                              സ്നേഹത്തോടെ,
                                                                                                                      നി. സ്വ
                                                                                                                     സഞ്ജു
                                                                                                                        (ഒപ്പ്)

ഇത് വായിച്ചു തീർന്നപ്പോഴേക്കും സഞ്ജു ആകെ വിയർത്തൊലിച്ചു. അപർണ്ണ ടീച്ചറുടെ കാര്യം പോട്ടെയെന്നു വെക്കാം, പക്ഷെ ഫിദയുടെ മുഖത്തു ഇനി എങ്ങനെ നോക്കും? അവനാകെ തല താഴ്ത്തി നിൽക്കുകയാണ്.

"ഇന്നലെ ഇത് ആലോചിച്ചിരുന്ന നേരത്തു ഒരു പത്തു മിനിറ്റ് ഉപയോഗിച്ച് ആ ഹോംവർക് ചെയ്തിരുന്നെങ്കിൽ ഇന്ന് പുറത്തു നിൽക്കേണ്ടി വരില്ലായിരുന്നല്ലോ...", ടീച്ചർക്ക് വിടാൻ ഭാവമില്ല.

സഞ്ജു ഒന്നും മിണ്ടാൻ നിന്നില്ല. അല്ലെങ്കിലും എന്ത് പറയാൻ? ഏതു ശിക്ഷയും സ്വീകരിക്കാൻ അവൻ തയ്യാറായിക്കഴിഞ്ഞു. പക്ഷെ പണി കിട്ടിയത് ഫിദക്കായിരുന്നു.

"ഫിദ, നാളെ വരുമ്പോൾ ഇതിനൊരു മറുപടി എഴുതി വരണം". ഇതുകേട്ടയുടനെ ഫിദയുടെ മുഖത്തെ ചിരി മാറി, "അയ്യോ...അത് വേണോ ടീച്ചറേ?". പക്ഷെ ടീച്ചർക്ക് വിടാൻ ഭാവമില്ലായിരുന്നു.

"അവൻ കഷ്ടപ്പെട്ട് ഉറക്കമിളച്ചു എഴുതിയതല്ലേടീ...മറുപടി കിട്ടിയില്ലെങ്കിൽ അവനു വിഷമമാകും. മറുപടി രാവിലെ തന്നെ എന്നെ കാണിക്കണം, മനസ്സിലായോ?"

'മനസ്സിലായി' എന്ന മട്ടിൽ ഫിദ തലയാട്ടി. അന്തിമ വിധി കേൾക്കാൻ നാളെ രാവിലെ വരെ കാത്തിരിക്കണമെന്നു സാരം.

------------------------------

ശരത് - എന്താടാ ഇത്? ഇന്ന് ആരും സ്കൂളിൽ വരുന്നില്ലേ? ഒരുത്തനേയും     
               കാണാനില്ല.

പ്രവി - പിന്നേ... ഒന്പതുമണിക്ക് ക്ലാസ്സുള്ളതിനു ഏഴുമണിക്കേ വരാൻ
               അവർക്കെന്താ വട്ടുണ്ടോ? ശ്ശൊ! ആദ്യമായിട്ടാ ഇത്ര നേരത്തെ...
               സ്പെഷ്യൽ ക്ലാസ്സുണ്ടെന്നു പറഞ്ഞാ വീട്ടിൽ നിന്നിറങ്ങിയാൽ. ഇന്ന്
               ക്ലാസ്സിൽ മൊത്തം ഉറങ്ങേണ്ടിവരും...

സഞ്ജു - ഹും... ഉറക്കാൻ വിടുമോ അതോ ഇറക്കി വിടുമോ എന്നൊക്കെ
                    കാത്തിരുന്നു കാണാം...

ശരത് - എടാ ഞാൻ നമ്മുടെ ഗേറ്റിനു മുൻപിൽ പരിചയമില്ലാത്ത ഒരാളെ
               കണ്ടു. ഇനി അവളുടെ ബാപ്പയോ മറ്റോ ആണോ?

പ്രവി - പോടാ...അത് നമ്മുടെ സ്കൂളിലെ നൈറ്റ് വാച്ച്മാനാ...കുറെ
               കൊല്ലമായില്ലേ ഇവിടെ പഠിക്കാൻ തുടങ്ങിയിട്ട്? എന്നിട്ട് ഇതൊന്നും
               അറിയില്ലേ...?

ശരത് - അതിനു ഞാനിവിടെ രാത്രി കക്കാനൊന്നും വരാറില്ലല്ലോ...

സഞ്ജു - ദേ... രണ്ടുപേരും കുറച്ചുനേരത്തേക്കൊന്നു മിണ്ടാതിരുന്നു  
                    തര്വോ?... മനുഷ്യനിവിടെ ആകെ ടെന്ഷനടിച്ചിട്ടു നിൽക്കാൻ
                    വയ്യ. അപ്പഴാ അവരുടെ കണകുണാ കണകുണാ... ഓരോന്ന്
                  ഒപ്പിച്ചിട്ട്...

പ്രവി - ഓഹോ...ഇനി ഞങ്ങളെ പറഞ്ഞോ...അവനിട്ടുള്ള പണിയാണെന്നു
             പറഞ്ഞപ്പോ നീ തന്നെയല്ലേ ചാടിക്കയറി കൊടുത്തത്... 
             അനുഭവിച്ചോ...

ശരത് - ഇതാണ് പറയുന്നത് 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്'... 
              അണ്ടർസ്റ്റാൻഡ്??!

മൂവരും കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂറോളമായി. പെട്ടന്നാണ് സ്കൂൾ ബസിൻ്റെ ഹോൺ മുഴങ്ങിയത്. അവർ ബസ് പോയിന്റിലേക്ക് ഓടി. അതിൽ നിന്ന് ഇറങ്ങുന്ന ഓരോ കുട്ടിയേയും സസൂക്ഷ്മം നിരീക്ഷിച്ചു. അവസാനം അവർ പ്രതീക്ഷിച്ച ആളെത്തി - കറുത്ത റീബോക്കിൻ്റെ ബാഗും കയ്യിലൊരു കിറ്റുമായി അവൾ ബസിൽ നിന്നിറങ്ങി.

"എടാ കയ്യിലൊന്നും കാണുന്നില്ലല്ലോ..."

"ഇതെന്താ നോട്ടീസ് ആണോ കയ്യിൽ പിടിച്ചു വരാൻ..."

തന്നെ നോക്കി നിൽക്കുന്ന മൂവർസംഘത്തെ അവൾ ആദ്യം തന്നെ കണ്ടു. പക്ഷെ അവളൊന്നും മിണ്ടാതെ അവർക്കു മുന്നിലൂടെ നടന്നു നീങ്ങി.

പ്രവി - ഹേയ്... അവളുടെ മട്ടും ഭാവവുമൊക്കെ കണ്ടിട്ട് നിനക്ക് പണി 
             തരുമെന്ന് തോന്നുന്നില്ല.

ശരത് - എങ്ങനെ തരാനാ?... അത്രയ്ക്ക് നല്ലൊരു ഗമണ്ടൻ ലെറ്ററല്ലേ 
              ഇവനവൾക്കു കൊടുത്തത്.

സഞ്ജു - ശരിയാ... ഞാനക്കാര്യം ചോദിക്കണമെന്നു വിചാരിച്ചതാ... നീ 
                  എവിടുന്നാ ഇത്രയ്ക്കു നല്ല ലെറ്ററെഴുതാൻ പഠിച്ചത്?

പ്രവി - അതോ... അത് ഞാൻ ഏട്ടൻ്റെ ലെറ്റർ കോപ്പിയടിച്ചതാ...

ശരത് - ഏട്ടൻ്റെയോ?? ഏട്ടനാരെയാ നോക്കുന്നത്??

പ്രവി - അതൊക്കെയെന്തിനാ നമ്മളറിയുന്നത്? സംഗതി ആരോടും 
             പറയാതിരിക്കാൻ ലീവിന് വരുമ്പോൾ ഏട്ടൻ എനിക്ക് ഓരോന്ന് 
             കൊണ്ടുതരും. നമുക്കത് കിട്ടിയാൽ പോരേ...

ശരത് - പഹയാ... കൊള്ളാലോ നീയ്... ഇന്നെന്നെ പോയി എനിക്ക് എൻ്റെ 
              ഏട്ടൻ്റെ മുറി ശരിക്കൊന്നു തപ്പണം...

സഞ്ജു - നോക്കേടാ, അടുത്ത കുരിശ്...

(അത് മറ്റാരുമായിരുന്നില്ല - നമ്മുടെ അപർണ്ണ ടീച്ചർ)

ശരത് - പ്രവി... ഇന്നലെ നിനക്കെന്തായിരുന്നു പണി? നിനക്കൊന്ന് നല്ലവണ്ണം 
              പ്രാർത്ഥിച്ചുകൂടായിരുന്നോ...

പ്രവി - ശ്ശെടാ... ഞാനത് ഇപ്പോഴാ ഓർത്തത്. ഇനി സമയമുണ്ടോ?

ശരത് - ഇനിയെന്ത് കാര്യം? ആള് ഇവിടെയെത്തിയില്ലേ...

പ്രവി - സ്റ്റാഫ് റൂമിലേക്ക് കയറാൻ കോണിയൊക്കെ ഉള്ളതല്ലേ... അവിടുന്ന് 
             വീണാലും മതിയല്ലോ

ശരത് പ്രവിയെ രൂക്ഷമായ ഒരു നോട്ടം നോക്കി. അവനത് മൈൻഡ് ചെയ്തില്ല.
സഞ്ജു ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അവനാകെ ടെൻഷനടിച്ചു നിൽക്കുകയാണ്.

"വേഗം വാ... അവൾ മറുപടി കൊടുക്കുന്നുണ്ടോയെന്നറിയേണ്ടേ..." 

അവർ ടീച്ചറുടെ പിന്നാലെ പോയി. സ്റ്റാഫ് റൂമിൽ നിന്നല്പം മാറി വരാന്തയിൽ കാത്തിരുന്നു. അവരുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് ഫിദ കയ്യിലൊരു എഴുത്തുമായി സ്റ്റാഫ് റൂമിലേക്ക് കയറി. ആ എഴുത്ത്‌ ടീച്ചർക്ക് കൊടുക്കുന്നത് അവർക്കു വ്യക്തമായി കാണാം. ടീച്ചർ ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. അവൾ സ്റ്റാഫ് റൂമിൽ നിന്നിറങ്ങി. പോകുന്നതിനിടയിൽ അവളൊന്നു തിരിഞ്ഞു നോക്കി - ആ മൂവർസംഘത്തെ. സഞ്ജുവിനോട് ഒരു ചിരി പാസ്സാക്കി അവൾ ആ വരാന്തയിലൂടെ ക്ലാസ്റൂമിലേക്ക് ഓടി...

------------------------------


          അവളുടെ ആ ചിരി വീണ്ടും അവൻ്റെ മനസ്സിൽ മാറിമറിഞ്ഞു, അവളിപ്പോൾ ഒരു പത്താം ക്ലാസ്സുകാരിയാണ്. അന്നത്തെ ആ സൗന്ദര്യം ഇപ്പോഴും അവളുടെ ചിരിക്കുണ്ട്. അവൾ കൂടുതൽ സുന്ദരിയായിരുന്നു - 'തട്ടമിട്ട മൊഞ്ചത്തിക്കുട്ടി'. അവൾ വരാന്തയിലൂടെ നടന്നകലുന്നത് അവൻ നോക്കി നോക്കി നിന്നു. പത്തുവർഷം ഒരുമിച്ചു പഠിച്ചിട്ടും ഇത്രയും നാൾ തോന്നാത്ത എന്തോ ഒന്ന് അവൻ്റെ മനസ്സിനെ വല്ലാതെ അലട്ടി.

"സഞ്ജു... പാടാൻ റെഡിയല്ലേ?", അവനൊന്നു ഞെട്ടി, ഏതോ സ്വപ്നത്തിൽ നിന്നുണർന്നപോലെ. അത് ശരതായിരുന്നു

"പാട്ടോ... ഞാനോ...??"

"സെന്റോഫിന്‌ പാടാമെന്നു നീ വാക്കു തന്നതാണ്. ഇനി മാറ്റാൻ പറ്റില്ല. രതേ വാടാ... നമുക്കിവൻ്റെ പേര് കൊടുക്കാം" - ഇതു മറ്റാരുമല്ല, പ്രവി.

പക്ഷെ സഞ്ജുവിൻ്റെ മനസ്സ് അതിലൊന്നുമായിരുന്നില്ല. ആ ഹൃദയത്തിൽ ഒരായിരം പാട്ടുകളുടെ അലയൊലികൾ ഉണ്ടായിരുന്നു. അവൻ തൻ്റെ  ഓട്ടോഗ്രാഫ് കയ്യിലെടുത്തു, അവളുടെ കൈയക്ഷരം പതിഞ്ഞ ആ പേജിലേക്ക് കണ്ണോടിച്ചു. അതിൽ സ്വർണ ലിപികളാൽ കൊത്തിവെച്ചപോലെ അവനു തോന്നി. അവനതു പതിയെ തലോടി, ഒരിക്കൽ കൂടി അവനതു വായിച്ചു -

സഞ്ജു,

നിനക്കോർമ്മയുണ്ടോ എന്ന് എനിക്ക് ഓർമ്മയില്ല... അന്ന് നാലാം ക്ലാസിൽ ഒപ്പം പഠിച്ചപ്പോൾ നീ എനിക്കൊരു رساله (കത്ത്) തന്നത് ഓർമ്മയുണ്ടോ...?

അത് ഇപ്പോഴും എൻ്റെ ബാഗിൽ നിൻ്റെ ഓർമ്മക്കായി ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എന്നോട് അത് തിരിച്ചു ചോദിക്കരുത്... പ്ലീസ്...


                                                                                                എന്ന് നിൻ്റെ
                                                                                                     സ്വ. ഫിദ
                                                                                                          (ഒപ്പ്)

Hobbie : നിന്നെ വീഴ്ത്തുക
Ambition : to be a good housewife
Colour : നിനക്ക് അറിയില്ലേ...
Dress : നിനെക്കെന്താണോ അത്
Place : നിൻ്റെ ഇഷ്ടം
Sports : നിൻ്റെ പൊട്ടിപ്പോയ race

ആ വാക്കുകളിൽ നിന്ന് ഊർജ്ജമുൾകൊണ്ടായിരിക്കണം അവൻ്റെ  ഹൃദയത്തിൽ നിന്ന് മനോഹരമായ ഒരു ഗാനം പെയ്തിറങ്ങി, വിരഹച്ചൂടിൽ വിതുമ്പി നിൽക്കുന്ന ആ ഇളം മനസ്സുകൾക്ക് ഒരു കുളിർകാറ്റായി...

------------------------------

അശ്വതും ഡോക്ടറും കഥയിൽ മുഴുകിയിരിക്കുമ്പോഴാണ് റൂമിലേക്ക് ലേഡി ഡോക്ടർ വന്നത്. രണ്ട് പേരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. അവർ വന്ന് ഡോക്ടറുടെ ചെവിയിൽ എന്തോ പറഞ്ഞു. ഡോക്ടർ തലയാട്ടിക്കൊണ്ട് "ഓക്കേ, ഐ വിൽ കം..." എന്ന് മറുപടിയും കൊടുത്തു. ഡോക്ടർ സ്റ്റത്തെസ്കോപ്പ് കൈയ്യിലെടുത്തുകൊണ്ടു അശ്വതിനോട്:

"ഐ ആം സോറി അശ്വത്, വേറൊരു എമെർജൻസി കേസുണ്ട്. എനിക്ക് പോയേ പറ്റൂ... കഥയുടെ ബാക്കി നമുക്ക് നാളെയാക്കാം..."

          "അതു ശരിയാണോ ഡോക്ടർ...?", അശ്വതിൻ്റെ മുഖത്ത് അതുവരെയുണ്ടായിരുന്ന പ്രസന്നത മാഞ്ഞുപോയപോലെ

"തത്കാലം എനിക്കതു ആലോചിച്ചിരിക്കാൻ സമയമില്ല. പിന്നെ ആ പേഷ്യന്റ് നിന്നെപ്പോലെയല്ല, ജീവിക്കണമെന്ന കൊതിയുണ്ട്"

          "ഹമ്... ശെരി", അശ്വത് മനസ്സില്ലാമനസ്സോടെ തലയാട്ടി.

"പിന്നെ... ടൈം ആയിട്ടുണ്ട്. ഇഞ്ചക്ഷൻ്റെ കാര്യത്തിൽ മോനൊന്നു സഹകരിക്കണം. മരിക്കണമെങ്കിൽ നമുക്ക് നാളെയും ആവാലോ...", പോകുന്നതിനിടക്കു ഡോക്ടർ ഓർമ്മിപ്പിക്കാൻ മറന്നില്ല.

          "ഡോക്ടർക്ക് ഇതൊരു ആയിരത്തൊന്നു രാവ് മോഡലാക്കാൻ വല്ല പ്ലാനുമുണ്ടോ?", അശ്വതിനു സംശയം.

"തത്കാലം എനിക്കൊരു പ്ലാനുമില്ല. നിൻ്റെയടുത്തൊക്കെ എൻ്റെ വല്ല പ്ലാനും നടക്കുവോ?"

          "ആക്കിയതാണെങ്കിലും അതെനിക്കിഷ്ടപ്പെട്ടു", മറുപടി പറയുമ്പോൾ അശ്വതിൻ്റെ മുഖത്തു അതുവരെയില്ലാത്ത ചെറിയൊരു ചിരി വിടർന്നു...

ഡോക്ടർ ചിരിച്ചുകൊണ്ട് റൂം വിട്ടു. ലേഡി ഡോക്ടറുടെ സാന്നിധ്യത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് ഇഞ്ചക്ഷനെടുത്തു. അശ്വത് ശാന്തനായി കിടന്നുകൊടുത്തു. ശേഷം കൈ തടവിക്കൊടുക്കുന്നതിനിടയിൽ ലേഡി ഡോക്ടറും അശ്വതിനോട് സംസാരിക്കാൻ മുതിർന്നു...

"കാര്യമായിട്ട് കേൾക്കുന്നത് കണ്ടല്ലോ... വല്ല കഥയോ മറ്റോ ആയിരുന്നോ?

          "കഥയൊക്കെ തന്നെയാ... ഒരു സഞ്ജുവും ഫിദയും ! മനോഹരമായ ഒരു പ്രണയകഥ എന്നൊക്കെ പറഞ്ഞാ തുടങ്ങിയത്

"ലൗ സ്റ്റോറി ആയതോണ്ടായിരിക്കും ഇത്ര ഇന്റെറസ്റ്റ്. പ്രായം അതാണല്ലോ..."

          "എൻ്റെ പൊന്നു ഡോക്ടറെ, മരിക്കാൻ തീരുമാനിച്ച ഒരാൾക്ക് എങ്ങെനെയെങ്കിലും ഈ ലോകം വിട്ടുപോകണമെന്ന താല്പര്യം മാത്രമേ ഉണ്ടാകൂ... അതിനി എത്ര സുന്ദരമായ കഥ പറഞ്ഞാലും മാറാൻ പോകുന്നില്ല... കഥ കേട്ടെന്നു കരുതി ഒരാളുടെ പ്രശ്നങ്ങൾക്ക് യാതൊരു മാറ്റവും സംഭവിക്കില്ല. അതുകൊണ്ട് മേഡത്തിനെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കിക്കൂടെ എൻ്റെ പിറകെ നടന്നു സമയം കളയരുതെന്ന്‌... ഞാൻ മരിച്ചാൽ നിങ്ങൾക്കൊരു നഷ്ടവുമില്ലല്ലോ..."

"ഇന്നലെ വരെ ഇല്ലായിരുന്നു. പക്ഷെ ഇന്നു നീയിപ്പോൾ ഞങ്ങളുടെ ആശുപത്രിയിലായിപ്പോയില്ലേ... ഈ സുന്ദരമായ മുഖം കണ്ടിട്ട് മരിക്കാൻ വിടാൻ തോന്നുന്നില്ല"

          "ഓഹോ... ഇവിടുത്തെ ഡോക്ടർമാർ എല്ലാവരും ഇങ്ങനെയാണോ?"

"എങ്ങനെ?"

          "അല്ല... ഈ സുഖിപ്പിക്കുന്ന കര്യത്തിലേ..."

"ഓ... ആ ഡോക്ടറുടെ കൂടെയല്ലേ ജോലി, അതൊക്കെയുണ്ടാകും"

          "എനിക്ക് ഈ ഡോക്ടർസിനെ അത്ര ഇഷ്ടമല്ലായിരുന്നു. നിങ്ങളൊക്കെ കുറെ പൈസയുണ്ടാക്കി നല്ല ഗെറ്റപ്പിൽ നടക്കും. അതൊക്കെ കണ്ടിട്ടാ എൻ്റെ പേരെന്റ്സിന് ഓരോരോ പൂതി... ഇപ്പൊ ആ ധാരണയൊക്കെ മാറി വരുന്നുണ്ട്"

"പണം കൊണ്ട് മാത്രം എല്ലാം ആവില്ലല്ലോ... പിന്നെ നിൻ്റെ ധാരണകൾ, ഒരുപാടു തെറ്റുധാരണകൾ ഇനിയും മാറാനുണ്ട്... എന്തായാലും നീ ഇനി റെസ്റ്റെടുത്തോ... പിന്നെ കാണാം... ബൈ"

ലേഡി ഡോക്ടർ സ്റ്റതെസ്കോപ്പും കഴുത്തിലണിഞ്ഞു സ്ഥലം വിടാനൊരുങ്ങി. പോകുന്നതിനു മുൻപ് അശ്വതിനു ചായ കൊടുക്കേണ്ട കാര്യം നഴ്‌സിനെ ഓർമ്മിപ്പിക്കാൻ മറന്നില്ല. അശ്വത് കൈവീശിക്കൊണ്ട് അവർ പോകുന്നതും നോക്കിയിരുന്നു...


to be continued...       

Comments