റൂം നമ്പർ 210 - Day 2








രണ്ടാം ദിവസം


ഡോക്ടർ ഇന്നല്പം വൈകിയാണ് അശ്വതിൻ്റെ അടുത്തേക്ക് പുറപ്പെട്ടത്. 210 നമ്പർ റൂമിൻ്റെ അടുത്തെത്തിയപ്പോൾ തന്നെ എന്തൊക്കെയോ ബഹളം കേൾക്കുന്നുണ്ടായിരുന്നു. ഡോക്ടർ ധൃതി പിടിച്ചു അങ്ങോട്ടോടി. അത് അശ്വതിൻ്റെ പപ്പയും മമ്മയും ആയിരുന്നു. ഡോക്ടർക്ക് ആദ്യമറിയേണ്ടത് അശ്വത് വല്ല കടുംകൈയും ചെയ്തോ എന്നായിരുന്നു. ഇല്ല, ഭാഗ്യം!! ഡോക്ടർ അവരെയും കൊണ്ട് മുറിയുടെ പുറത്തു കടന്നു.

"അവനെന്താ ഡോക്ടർ ഇങ്ങനെ? അവൻ്റെ കാലുപിടിച്ചു മാപ്പ് പറഞ്ഞിട്ടും...", അശ്വതിൻ്റെ മമ്മയ്ക്കു കരച്ചിൽ അടക്കാനാവുന്നില്ല.

          "നിങ്ങൾക്ക് നിങ്ങളുടെ മകനെ ജീവനോടെ വേണമെന്നുണ്ടോ?", ഡോക്ടർക്ക് അത്ര മാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ...

"എന്താ ഡോക്ടർ ഇങ്ങനെ ചോദിക്കുന്നത്? അവനല്ലാതെ ഞങ്ങൾക്ക് വേറെ ആരെങ്കിലുമുണ്ടോ? അവനു വേണ്ടിയല്ലേ ഞങ്ങൾ ജീവിക്കുന്നത് തന്നെ..."

          "എന്നാൽ ദയവുചെയ്ത് എന്നെ നിങ്ങൾ അനുസരിക്കണം. ഞാൻ പറയാതെ ഇനി അവനെ കാണാൻ വരരുത്"

"അവനെ ഞങ്ങൾക്ക് തിരിച്ചുകിട്ടുമോ ഡോക്ടർ?"

          "എന്താ സംശയം... തീർച്ചയായും കിട്ടും, എന്നെ വിശ്വസിക്കാം"

രണ്ടുപേരും പോയ ഉടനെ ഡോക്ടർ റൂമിൻ്റെ അകത്തേക്ക് കയറി. അവരെ കടത്തിവിട്ടതിനു നഴ്‌സിനെ ശകാരിക്കുന്നുണ്ടായിരുന്നു. ശേഷം ഡോക്ടർ അശ്വതിനെ നോക്കി, അവൻ്റെ മുഖം ചുവന്നിരുന്നു. അത്ര നല്ല മട്ടിലല്ലെന്നർത്ഥം!!

"എന്താ മാഷേ... അല്പം ദേഷ്യമുള്ളതുപോലെ", ഡോക്ടർ പുഞ്ചിരി തൂക്കിക്കൊണ്ടു സംസാരമാരംഭിച്ചു.

          "സ്വന്തം ജീവിതം താറുമാറാക്കിയവർ മുതലക്കണ്ണീർ ഒഴുക്കി വരുമ്പോൾ പിന്നെ സന്തോഷിക്കണോ...? ഡോക്ടർ എന്തിനാ എന്നെ രക്ഷിക്കാൻ നോക്കുന്നത്? ഞാനിനി തിരിച്ചുപോയാലും അവരുടെ മടയിലേക്കല്ലേ... അവർക്ക് വേണ്ടത് ഒരു മകനെയല്ല, ഒരു വളർത്തുനായയെയാണ്", അശ്വതിൻ്റെ അരിശം കേട്ടടങ്ങിയിട്ടില്ല

"നമുക്കാ വിഷയം വിടാം... അതല്ലേ നല്ലത്?"

          "ഹമ്... ഡോക്ടറെന്താ വൈകിയത്? സമയം ഒരുപാടായിക്കാണുമല്ലോ...?"
"ഹേയ്... അധികമൊന്നും ആയിട്ടില്ല... (വാച്ചിൽ നോക്കിക്കൊണ്ട്) വെറും മൂന്നര... ഒരു സർജറിയുണ്ടായിരുന്നു"

          "ആ പേരും പറഞ്ഞു കഥ പകുതിക്കു വെച്ചിട്ട് മുങ്ങാനല്ലേ...?"
"അക്കാര്യമോർത്തു നീ പേടിക്കേണ്ട... ഇന്നത്തേക്ക് പറഞ്ഞിട്ടേ ഞാൻ പോകൂ... പോരേ?"

          "അപ്പൊ കഥ ഇന്നും തീരില്ലെന്നു സാരം. എന്തായാലും അധികം നീട്ടാമെന്നു വിചാരിക്കേണ്ട"
അതിനു മറുപടി ഡോക്ടർ ഒരു ചിരിയിൽ ഒതുക്കി, പതിയെ കഥ തുടരാൻ തുടങ്ങി...


------------------------------


സെന്റ്. ജോസഫ് മെഡിക്കൽ കോളേജിന് മുന്നിൽ ഇന്നു നിറയെ ആൾക്കാരുണ്ട്. കാരണം ഇന്നാണ് പുതുതായി അഡ്മിഷൻ നേടിയ കുട്ടികൾക്ക് ജോയിൻ ചെയ്യാനുള്ള ദിവസം - ചുരുക്കിപ്പറഞ്ഞാൽ ഫ്രഷേഴ്സ് വരുന്ന ദിനം. കുട്ടികളും രക്ഷിതാക്കളുമൊക്കെയായി കോളേജിൻ്റെ മുറ്റം നിറഞ്ഞു കവിഞ്ഞിരുന്നു. അപ്പോഴാണ് ഗേറ്റിനു മുന്നിൽ ഒരു ബൈക്ക് വന്നു നിന്നത്. പിന്നിൽ നിന്ന് മുഖത്തു കൂളിംഗ് ഗ്ലാസ് വെച്ച് സഞ്ചിപോലെയുള്ള ബാഗും ധരിച്ചു ഒരുത്തൻ ഇറങ്ങി. അത് സഞ്ജുവായിരുന്നു. ആള് നല്ല ഗെറ്റപ്പിലാണ് - ഗ്ലാസ്സിനു പുറമെ പ്യൂമയുടെ വാച്ച്, അഡിഡാസിൻ്റെ ഷൂ അങ്ങനെ എല്ലാത്തിലും ഒരു ബ്രാൻഡ് മയം. മുമ്പിലിരുന്ന പ്രവി തൻ്റെ  ഹെൽമെറ്റ് എടുത്തുമാറ്റി. സഞ്ജു കണ്ണാടിയിൽ നോക്കി മുടിയൊക്കെ ശരിയാക്കി.

പ്രവി - എൻ്റെ വീടും നിൻ്റെ ഈ പുതിയ കൊട്ടാരവും തമ്മിലുള്ള അന്തരം കണ്ടല്ലോ... എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കണ്ട.

സഞ്ജു - അതു പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ... നീ കുടുങ്ങി, അത്ര തന്നെ. രണ്ടു വർഷം പിരിഞ്ഞു ജീവിച്ചെങ്കിലും ഇനി മുതൽ എന്നും കാണാലോ... ആ ശരതുംകൂടി വേണമായിരുന്നു.

പ്രവി - അവൻ ബാംഗ്ലൂരിൽ വിലസട്ടെ. ഒഴിവുണ്ടാകുമ്പോൾ നമുക്കങ്ങോട്ട് ഒരു ട്രിപ്പോക്കെയുണ്ടാക്കാം...

സഞ്ജു - അല്ല... നിനക്കിന്ന് ക്ലാസ്സോന്നുമില്ലേ?

പ്രവി - ഓ... നമ്മൾക്ക് നിങ്ങളത്ര പത്രാസൊന്നുമില്ലല്ലോ, സാധാ ഗവണ്മെന്റ് കോളേജ്. തോന്നുമ്പോൾ പോകും, തോന്നുമ്പോൾ വരും... പിന്നെ ഹോസ്റ്റലിൻ്റെ കാര്യമെന്തായി?

സഞ്ജു - രണ്ടു ദിവസത്തിനുള്ളിൽ ശരിയാകുമായിരിക്കും... ഇല്ലെങ്കിൽ ശരിയാക്കണം!

പ്രവി - ലിനെൻ്റെ ഷർട്ട് കിട്ടിയില്ലേ? ഇത്രയൊക്കെ ഉള്ള സ്ഥിതിക്ക് അതും ആവാമായിരുന്നു...

സഞ്ജു - (ഷർട്ടിൻ്റെ കോളർ പൊക്കിയിട്ട്) ഇതിനെന്താ ഒരു കുറവ്? 'Wrangler' - ടോപ്പ് കമ്പനിയാ...

പ്രവി - ഓ... ആയിക്കോട്ടെ... പിന്നെ, ടാ ആ കൂളിംഗ് ഗ്ലാസ് ഇങ്ങു തന്നേര്... നീ അതും കൊണ്ട് ഈ കോളേജിൽ കയറിയാൽ പിന്നെ തിരിച്ചുകിട്ടിയെന്നു വരില്ല. നല്ല ഉഗ്ഗ്രൻ സീനിയേഴ്‌സ് ആണിവിടെ. റാഗിങ് ഓവർ ആയാൽ എന്നെ വിളിച്ചാൽ മതി, എൻ്റെ ഒരുപാട് കമ്പനിക്കാരുണ്ട്

സഞ്ജു - (ഗ്ലാസ് തിരികെ കൊടുത്തിട്ട്) റാഗിങ് പേടിയുണ്ടായിട്ടല്ല, അതൊക്കെ ഒരു സ്പിരിറ്റിലെടുക്കണം... പിന്നെ ആദ്യ ദിവസം തന്നെ സീനിയേഴ്‌സുമായിട്ടു ഒരു ടൈ-അപ്പ്‌ ഉണ്ടാക്കിയാൽ കാര്യങ്ങളെല്ലാം ഓക്കേ...

പ്രവി - ഹും... കാണാം...

സഞ്ജു - വലതുകാൽ വെച്ചു കയറണോ അതോ...?

പ്രവി - ഏതു കാൽ വെച്ചാലും നിൻ്റെ കാര്യം പോക്കാ... അപ്പൊ അളിയാ... ഞാൻ പോകുന്നു... ക്ലാസ് കഴിയുമ്പോൾ നീ വിളി, ഞാൻ വരാം... ആൾ ദി ബെസ്റ്!

സഞ്ജു - ഓക്കേ ടാ...

സഞ്ജു വലതുകാൽ വെച്ച് തന്നെ അകത്തേക്ക് കയറി, ഇനി അതിൻ്റെ  പേരിൽ ഐശ്വര്യത്തിനു കുറവ് വേണ്ട. ആദ്യം കോളേജ് പരിസരമൊക്കെ ഒന്ന് ചുറ്റിക്കണ്ടു. റോഡിൽ ഇരുവശങ്ങളിലും മരങ്ങളൊക്കെ നട്ടുപിടിപ്പിച്ചിട്ടുണ്ട്, ഒരു മരംചുറ്റി പ്രണയത്തിനൊക്കെ സ്കോപ്പുണ്ടെന്നർത്ഥം! ശേഷം റെജിസ്ട്രേഷൻ നടക്കുന്ന ഭാഗത്തേക്ക് പോയി. പരിചയമുള്ള ഒറ്റ മുഖത്തെപ്പോലും ആ ആൾക്കൂട്ടത്തിൽ കണ്ടില്ല. പെട്ടന്നാണ് പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടത് -

"മോനേ... ഈ പ്രിൻസിപ്പലിൻ്റെ മുറിയേതാ...?"

ആ ചോദ്യം കുറച്ചു പ്രായമായ ഒരാളിൽ നിന്നാണ്. ഏതോ കുട്ടിയുടെ രക്ഷിതാവാണെന്നു തോന്നുന്നു. എന്നാലും ആ ചോദ്യം കേട്ടപ്പോൾ അവനു എന്തൊക്കെയോ ആയിപ്പോയി. തന്നെ കണ്ടിട്ട് ഒരു സീനിയർ ആണെന്ന് തോന്നിക്കാണും. എന്നാലിനി അത് തെറ്റിക്കേണ്ട. പക്ഷെ പ്രിൻസിപ്പലിൻ്റെ  മുറി ഏതായിരിക്കും? ഇയാളോട് എന്ത് മറുപടി പറയും? അപ്പോഴാണ് അവൻ നിൽക്കുന്ന ബിൽഡിങ്ങിൻ്റെ അങ്ങേയറ്റം കുറച്ചു ആൾക്കൂട്ടം കൂടുതൽ കണ്ടത്, "ദാ... അവിടെയാണ്"- അവിടേക്ക് വിരൽ ചൂണ്ടിക്കൊണ്ടു അവൻ പറഞ്ഞു.

അയാൾ "വാ മോളേ..." എന്ന് പറഞ്ഞു അങ്ങോട്ട് ധൃതിയിൽ നടക്കുമ്പോഴാണ് അയാളുടെ പിറകിൽ മറഞ്ഞിരുന്ന തട്ടമിട്ട കുട്ടിയെ സഞ്ജു ശ്രദ്ധിച്ചത്. ആ മുഖം കണ്ടപ്പോൾ അവനൊന്നു ഞെട്ടി - "അത്... അത് ഫിദയല്ലേ..." അവൻ്റെ  മനസ്സിൽ ഒരായിരം തവണ ആ മുഖം മിന്നിമറഞ്ഞു...

കഴിഞ്ഞ രണ്ടുവർഷം കൊണ്ട് അവൻ മറന്നതെല്ലാം പെട്ടന്ന് അവൻ്റെ  മനസ്സിലേക്ക് ഓടിവന്നു. "അവളെങ്ങനെ ഇവിടെ...? ആയിക്കൂടായ്കയില്ല... ന്നാലും..." സഞ്ജുവിനൊരു എത്തും പിടിയും കിട്ടുന്നില്ല. അത് അവൾ തന്നെയാണോ എന്ന് എങ്ങനെ ഉറപ്പിക്കും? അവൻ അവരെത്തന്നെ നോക്കിയിരിക്കുകയാണ്. കൂടെയുള്ളത് അവളുടെ ബാപ്പയാണെന്നു തോന്നുന്നു. ബാപ്പയിപ്പോൾ അവിടെ ആരോടോ എന്തോ ചോദിക്കുന്നുണ്ട്. പ്രിൻസിപ്പലിൻ്റെ മുറി തന്നെയായിരിക്കും. അവസാനം ഒരാൾ വിരൽ ചൂണ്ടുന്നത് സഞ്ജുവിൻ്റെ തൊട്ടുമുന്നിലുള്ള മുറിയിലേക്ക് - "പടച്ചോനേ... പ്രിൻസിപ്പലിൻ്റെ റൂം ഇവിടെത്തന്നെയായിരുന്നോ?", സഞ്ജു ഞെട്ടി. റൂം കണ്ടയുടനെ ആ പെൺകുട്ടിയും രക്ഷിതാവും ആദ്യം നോക്കിയത് സഞ്ജു നിന്ന സ്ഥലത്തേക്കായിരുന്നു. പക്ഷെ അവിടെ അവനെ കണ്ടില്ല. അവനെവിടെപ്പോയി?


------------------------------


സഞ്ജു അവിടുന്ന് മുങ്ങിയ ശേഷം പൊങ്ങിയ സ്ഥലം അവനു തന്നെ പിടികിട്ടുന്നില്ല. ഏതോ കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ്. 'അത് ഫിദ തന്നെയാണോ?', അവനിപ്പോഴും സംശയം വിട്ടുമാറിയിട്ടില്ല. 'എന്തായാലും ആ പ്രായമായ അങ്ങേരു സ്ഥലം വിട്ട ശേഷം തിരിച്ചുപോയാൽ മതി', അവൻ ആ വരാന്തയിലൂടെ നടന്നു. ലാബും മറ്റുമൊക്കെ കാണുന്നുണ്ട്. കുറച്ചുകൂടി മുമ്പോട്ട് നടന്നപ്പോൾ എന്തൊക്കെയോ ഒച്ചയും ബഹളവുമൊക്കെ കേട്ടു - 'അത് ക്ലാസ്സാണെന്നു തോന്നുന്നു, സീനിയേഴ്സിൻ്റെ കയ്യിൽ പെട്ടാൽ പണിയാകും'. അവനൊന്നു തിരിഞ്ഞു - ഞെട്ടിപ്പോയി, ബാക്കിൽ നാലഞ്ചു പേരുണ്ട്. ഓരോന്നിൻ്റെയും സൈസ് കണ്ടാലറിയാം, സീനിയേഴ്സ് തന്നെ...

"നീയേതാ?"

          "ഞാൻ... ഞാൻ..."
"പുതിയ അഡ്മിഷനാണോ?"

          "അ... അതെ..."
അവർ പരസ്പരം നോക്കി, എല്ലാവരുടെയും മുഖത്ത് ഒരു ഇരയെ കിട്ടിയതിലുള്ള സന്തോഷം. അവരവനെ ലാബിനകത്തെക്കു കൊണ്ടുപോയി. സഞ്ജുവിനെ നടുവിൽ നിർത്തിയിട്ട് അതിലൊരുത്തൻ പ്രസംഗിക്കാൻ തുടങ്ങി -

          "സുഹൃത്തുക്കളേ... ഈ വർഷത്തെ നമ്മുടെ റാഗിങ്ങിൻ്റെ ഉത്ഘാടനം ഈ സഞ്ജുവിലൂടെ നിർവ്വഹിക്കപ്പെടുകയാണ്... ഉത്ഘാടനമായതുകൊണ്ട് അല്പം ഡീസന്റ് ആയിക്കോട്ടെ, മോനൊരു പാട്ടുപാടി തുടങ്ങിക്കോ..."
അതുകേട്ടപ്പോൾ സഞ്ജുവിന് അല്പം ആശ്വാസം തോന്നി. അല്ലെങ്കിലും പാട്ടു അവനു ഇഷ്ടമുള്ള കാര്യമാണ്. പരിപാടി കുറച്ചായപ്പോഴേക്കും അതിലൊരുത്തൻ നിർത്താൻ പറഞ്ഞു - "സംഗതി പോരല്ലോ മോനേ..."

അവൻ്റെ പാട്ടിൻ്റെ മെച്ചം കൊണ്ടാണോ എന്നറിയില്ല, പിന്നീടങ്ങോട്ട് അവനു വിശ്രമിക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല അവൻ്റെ 'ബ്രാൻഡ് മയ'വും അവർക്കു തീരെ പിടിച്ചില്ല. എല്ലാംകൂടി ഒരുവിധമായപ്പോൾ അവസാനശ്രമമെന്ന നിലക്ക് അവനൊരു ചൂണ്ടയിട്ടു നോക്കി -

"ചേട്ടന്മാരെ... ഞാനിതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. ഇനിയും വൈകിയാൽ..."

          "നീ ഡൊനേഷൻ കൊടുത്തതാണോ?"
"അതെ..."

          "എന്നാ പേടിക്കണ്ട, എത്ര വൈകിയാലും നിൻ്റെ റെജിസ്ട്രേഷൻ നടത്തിയിട്ടേ അവര് പോകൂ..."
സംഗതി ഏറ്റില്ല. എന്തൊക്കെയായാലും ആദ്യ ദിവസം തന്നെ അവരുടെ മടയിൽ കയറാൻ ധൈര്യം കാണിച്ചവനല്ലേ... അത്ര പെട്ടെന്നൊന്നും വിടില്ല. പക്ഷെ അതിലൊരു ഏട്ടന് പാവം തോന്നി വിട്ടയക്കാൻ പറഞ്ഞു. എല്ലാവരും അതിന് തയ്യാറായി. പക്ഷെ ഒരു കാര്യം കൂടി ചെയ്യണം. അവരവനെ വരാന്തയിലേക്ക് കൊണ്ടുപോയി, ചുറ്റുമൊക്കെ ഒന്ന് കണ്ണോടിച്ചു. അപ്പോഴാണ് ഒരു പർദ്ദയിട്ട പെൺകുട്ടി അവരുടെ കണ്ണിൽ പെട്ടത്, കൂടെ അവളുടെ ഉമ്മയുമുണ്ട്. അവരെ ചൂണ്ടി ഒരു ഏട്ടൻ ആജ്ഞയിട്ടു -

"നീ അവളോട് 'ഐ ലവ് യൂ' എന്ന് പറയണം, അതും ആ ഉമ്മ കേൾക്കെ പറയണം..."

സഞ്ജു ഞെട്ടിപ്പോയി. "ചേട്ടാ... പ്ലീസ്... എൻ്റെ ഫസ്റ്റ് ഡേയാ..."

"അത് പറയാൻ നീ ധൈര്യം കാണിച്ചാൽ പിന്നെ ആരും നിന്നെ ഒന്നും ചെയ്യില്ല, നമ്മൾ നല്ല ഫ്രണ്ട്സ് ആയിരിക്കും. അല്ലെങ്കിൽ മോൻ ഇനിയും വിയർക്കേണ്ടിവരും..."

"ഇപ്പോൾ നീ കണ്ടതൊന്നും ഒന്നുമല്ല മോനെ... ഒറിജിനൽ വരാനിരിക്കുന്നേയുള്ളൂ..."

സഞ്ജു ആകെ വിയർത്തിട്ടുണ്ട് - "എന്നാലും..."

"നിൻ്റെ ഇഷ്ടം",- ചേട്ടന്മാർ പിന്നെ ഒന്നും പറഞ്ഞില്ല

മനസ്സില്ലാമനസ്സോടെ സഞ്ജു കോണിപ്പടിയിറങ്ങി. 'ഒരു പാർദ്ദയിട്ട പെൺകുട്ടിയുടെ മുഖത്തു നോക്കി എങ്ങനെ ഇതൊക്കെ പറയും? ഏതു നേരത്താണാവോ എനിക്കവിടെ കയറാൻ തോന്നിയത്... ഇനിയത് പറഞ്ഞിട്ട് കാര്യമില്ലല്ലോ...' അവൻ പതിയെ അവളുടെ അടുത്തെത്തി. അവൾ ഫോം പൂരിപ്പിക്കുന്ന തിരക്കിലാണ്. അവൻ മുകളിലോട്ട് നോക്കി - എട്ടന്മാർ നോക്കുന്നുണ്ട്, വേറൊരു വഴിയുമില്ല. എന്തായാലും ഉമ്മയല്ലേ കൂടെയുള്ളൂ... ഉപ്പയാണേൽ തല്ലു വരെ കിട്ടിയേനേ...

"എക്സ്ക്യൂസ് മീ..."

അവൾ തിരിഞ്ഞുനോക്കി, അവളുടെ ഉമ്മയും.

"ഐ ലവ് യൂ" - അവൻ ഒരുവിധം പറഞ്ഞൊപ്പിച്ചു.

കുറച്ചു നേരത്തേക്കു മൂകതയായിരുന്നു. പിന്നീട് അവളുടെ ഉമ്മ പറയാൻ തുടങ്ങി, പൊരിഞ്ഞ ചീത്ത. അവനൊരു കുലുക്കവുമുണ്ടായിരുന്നില്ല. കാരണം അവനെല്ലാം കേൾക്കാൻ റെഡിയായി നിൽക്കുകയായിരുന്നു. ആൾക്കാർ ചുറ്റിലും കൂടി. പലരും ഇടയ്ക്കു കയറി ഓരോന്ന് പറയാൻ തുടങ്ങി. പ്രശ്നം കൂടുതൽ വഷളായത് ഒരാൾ 'എന്താ കാര്യം?' എന്ന് ചോദിച്ചു വന്നപ്പോഴാണ്. അത് മറ്റാരുമായിരുന്നില്ല, നേരത്തെ പ്രിൻസിപ്പലിൻ്റെ മുറി ചോദിച്ചിരുന്ന ആൾ തന്നെ. ഒപ്പം അവളും വന്നു - കൂടെയുണ്ടായിരുന്ന പെൺകുട്ടി. അവൾ ആ പർദ്ദയിട്ട പെൺകുട്ടിയുടെ തോളിൽ പിടിച്ചു ആശ്വസിപ്പിക്കുണ്ടായിരുന്നു. ഇയാളെ കണ്ടതും ആ ഉമ്മ ഡയലോഗിൻ്റെ  ടോൺ മാറ്റി -

"നോക്ക് ജലാലിക്ക, ഇങ്ങനെ ഓരോരുത്തർ ഈ കോളേജിലുണ്ടായാൽ എങ്ങനെ നമ്മുടെ മക്കളെ മനസ്സമാധാനത്തോടെ പറഞ്ഞയക്കും?"

ഇവനെക്കണ്ടതും അയാളുടെ മുഖഭാവം മാറി -

"ഇവനെ ഞാൻ നേരത്തെ നോക്കി വെച്ചതാ... തൊട്ടുമുന്നിലുണ്ടായിരുന്ന പ്രിൻസിപ്പലിൻ്റെ റൂം കാണിക്കാൻ ഇവൻ ഞങ്ങളെ ആ കെട്ടിടത്തിൻ്റെ  അങ്ങേയറ്റം വരെ നടത്തിച്ചു. ഇവനെയൊക്കെ രണ്ടെണ്ണം പൊട്ടിക്കുകയാ വേണ്ടത്..."

സത്യത്തിൽ ഇങ്ങനെയൊരടികൂടി അവൻ പ്രതീക്ഷിച്ചിരുന്നില്ല. 'എവിടെയെങ്കിലും പോയി ആത്മഹത്യ ചെയ്താലോ' എന്ന് വരെ തോന്നിപ്പോയി. വലതുകാൽ വെച്ച് കയറിയതിൻ്റെ ഐശ്വര്യം! ഇതെല്ലം കണ്ട് മുകളിൽ കുറച്ചുപേർ ചിരിക്കുന്നുണ്ടായിരുന്നു - 'ദ സീനിയേഴ്സ്...'


------------------------------


റെജിസ്ട്രേഷൻ കഴിഞ്ഞ ശേഷം ക്ലാസ്സിലെത്തിയപ്പോഴേക്കും ക്ലാസ് നിറഞ്ഞിരുന്നു. സഞ്ജു ക്ലാസ്സിലേക്ക് കാലെടുത്തു വെച്ച ഉടനെ എല്ലാവരുടെയും നോട്ടം അവനിലേക്കായി. അവൻ അതൊന്നും ശ്രദ്ധിക്കാൻ നിൽക്കാതെ ഏറ്റവും പിറകിലുള്ള ബെഞ്ചിൽ തലതാഴ്ത്തിയിരുന്നു. "മറ്റേ പെർഫോമൻസ് കലക്കീട്ടോ...", തൊട്ടടുത്ത ഒരുത്തൻ പറഞ്ഞു. അവൻ്റെ  മനസ്സ് മുഴുവൻ ആ തട്ടമിട്ട പെൺകുട്ടിയായിരുന്നു. 'അത് ഫിദയാണോ?', അവൻ ഇടംകണ്ണിട്ട് അവളെ നോക്കി. ഒന്നാം ബെഞ്ചിൽ തന്നെയുണ്ട്, ഒപ്പം മറ്റവളും - താനിന്ന് 'ഹൃദയം' കൈമാറിയവൾ!

ഇവർ ഫ്രണ്ട്‌സാണോ? ആണെന്ന് തോന്നുന്നു. പെട്ടന്നാണ് സാറ് വന്നത്. ഹാജറെടുക്കാനാണെന്നു തോന്നുന്നു. അവളാണോ എന്നറിയാൻ ഇത് തന്നെ അവസരം. സാർ തുടങ്ങി - 'ആബിദ, അഖില, ബാസിത്... എവ്ലിൻ, ഫർഹാൻ, ഫിദ...' ഇത് കേട്ടതും അവൾ കൈപൊക്കിയതും നെഞ്ചിടിപ്പ് കൂടിയതും ഒരുമിച്ചായിരുന്നു. അതെ, അതവൾ തന്നെ. അവനിനി എങ്ങനെ അവളുടെ മുഖത്തു നോക്കും? 'ഇന്ന് ക്ലാസ് എന്തായാലും ഇത്രവരെയെ ഉണ്ടാകൂ... പോകാൻ നേരത്തു അവരോട് ഉണ്ടായ സംഭവമൊക്കെ വിവരിച്ചു മാപ്പ് പറയണം. അല്ലെങ്കിൽ തനിക്കിനി ഉറങ്ങാൻ പറ്റിയെന്നു വരില്ല', സഞ്ജു തീരുമാനിച്ചു. 'സഞ്ജീദ്... സഞ്ജീദ്...' - മാഷ് കുറെ നേരമായി ആ പേര് വിളിക്കുന്നു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നുണ്ട്, അവൾ തന്നെയും നോക്കുന്നുണ്ട്. 'അയ്യോ, അത് ഞാനല്ലേ...?!' സഞ്ജുവിന് അപ്പോഴാണ് ബോധം വന്നത്. അവൻ പെട്ടന്ന് കൈ പൊക്കി. ഒരിക്കൽക്കൂടി ക്ലാസ്സിൻ്റെ ശ്രദ്ധാകേന്ദ്രം അവനായി. 'എവിടെയായിരുന്നു?!' എന്ന മട്ടിൽ സാറും ഒരു നോട്ടം നോക്കി. ഇതിനിടയിൽ അവൻ മറ്റൊരു കാര്യം ശ്രദ്ധിച്ചിരുന്നു, ആ പർദ്ദക്കാരിയുടെ പേര് - സലീന. തൻ്റെ തൊട്ടുമുന്നിൽ അവളെയായിരുന്നു വിളിച്ചത്. സഞ്ജുവിൻ്റെ ചിന്ത പിന്നെ ഫിദയിലായി. അവൾക്ക് ഒരുപാട് മാറ്റം വന്നിരിക്കുന്നു. അല്ലേലും ഈ പെൺകുട്ടികൾ ഇങ്ങനെയാ... എനിക്ക് കുറച്ചു താടിയും മീശയും വന്നിട്ടുണ്ടെന്നല്ലാതെ വേറൊരു മാറ്റവുമില്ല. പഴയ ആ അടക്കവും ഒതുക്കവുമൊക്കെ ഇപ്പോഴും അവൾക്കുണ്ടോ ആവോ? എൻ്റെ സ്വഭാവത്തിന് മാറ്റമില്ലെന്നു അവൾക്ക് മനസ്സിലായിക്കാണും.

ക്ലാസ് കഴിഞ്ഞെന്നു പറഞ്ഞ ഉടനെ അവൻ അവരെ കാണാൻ വേണ്ടി എണീറ്റതാണ്. പക്ഷെ അപ്പോഴേക്കും മറ്റുകുട്ടികൾ ചുറ്റുംകൂടി, അഭിനന്ദിക്കാൻ....

"താനെന്തായാലും വന്നപ്പോൾ തന്നെ നമ്മുടെ ബാച്ചിനൊരു പേരുണ്ടാക്കി..."

"നീയൊരു ആൺകുട്ടിയാണെന്നു തെളിയിച്ചു..."

"നിൻ്റെ ചങ്കൂറ്റം സമ്മതിക്കണം"

ചുരുക്കിപ്പറഞ്ഞാൽ സഞ്ജു ക്ലാസ്സിലെ ഹീറോ ആയി, ഒപ്പം ഫിദയുടെയും സലീനയുടെയും മനസ്സിൽ കളങ്കവും. എല്ലാം കഴിഞ്ഞ്‌ സഞ്ജു കോളേജിന് പുറത്തിറങ്ങി. 'അവളുമാർ പോയോ?' അവൻ ചുറ്റുപാടും പരതി. പെട്ടന്നാണ് ഒരു കൂള്ബാറിന് മുന്നിൽ അവർ നില്കുന്നത് കണ്ടത്. അവനു സമാധാനമായി. അവരുടെ അടുത്തേക്ക് പോകാൻ വേണ്ടി റോഡ് ക്രോസ് ചെയ്യാൻ നിൽക്കുമ്പോഴാണ് മറ്റൊരു കാഴ്ച കൂടി കണ്ടത് - 'ജലാലിക്കയും' മറ്റവളുടെ ഉമ്മയുമുണ്ട് തൊട്ടടുത്ത്. 'ഇവരിതുവരെ പോയില്ലേ?' സഞ്ജു പെട്ടന്ന് തിരിഞ്ഞു, ഇനിയും തന്നെ അവരുടെ പിറകെ കണ്ടാൽ തൻ്റെ ആപ്പീസ് പൂട്ടുമെന്ന് അവനുറപ്പാണ്. അവൻ തിരികെ കോളേജിലേക്ക് തന്നെ കയറി. തൊട്ടടുത്തുണ്ടായിരുന്ന മരച്ചുവട്ടിലിരുന്നു അവനൊന്നു നെടുവീർപ്പിട്ടു. ഇന്നു താൻ ആരെയാണാവോ കണി കണ്ടത് ?!!


------------------------------


"നിനക്കു നാണമില്ലേ ഇതും പറഞ്ഞു എന്നെ ഫോൺ വിളിക്കാൻ? ഇതുവരെ പറയാൻ പറ്റിയില്ല പോലും... 'ഐ ലവ് യു' എന്നുവരെ പേരെന്റ്സിൻ്റെ  മുന്നിൽ വെച്ചു കൂളായി പറഞ്ഞ ആളാ... എന്നിട്ടാ ഈയൊരു ചീള് കേസിനു... ", പ്രവിയുടെ സംസാരം കേട്ടാലറിയാം, അവനിത് മടുത്തു

          "എടാ നിനക്ക് എൻ്റെ അവസ്ഥ മനസ്സിലാകാനിട്ടാ... അന്നത്തെ സത്യാവസ്ഥ അവളുമാരെ ഒന്നറിയിക്കാൻ എത്ര ദിവസമായി ഞാൻ ശ്രമിക്കുന്നു... അവർ എപ്പോഴും ഒഴിഞ്ഞുമാറും, ഒപ്പം രൂക്ഷമായ ഒരു നോട്ടവും!", സഞ്ജു തൻ്റെ അവസ്ഥ അവനെ പറഞ്ഞു ബോധ്യപ്പെടുത്താൻ കിണഞ്ഞു ശ്രമിക്കുകയാണ്.
"അവര് നിന്ന് തരുന്നില്ലെങ്കിൽ അവരെ തടഞ്ഞു നിർത്തി സിനിമ സ്റ്റൈലിൽ ഉള്ള കാര്യമങ്ങു പറയണം... സിംപിൾ!"

          "നീ എന്ത് പൊട്ടത്തരമാ ഈ പറയുന്നേ? ഈ ഒരൊറ്റ കാര്യത്തിലാ ക്ലാസ്സിലെ എൻ്റെ ഇമേജ് മുഴുവൻ. അത് റാഗിങ് ആണെന്നറിഞ്ഞാൽ എൻ്റെ വില പോകും"
"ഓഹോ..." ഇപ്പോഴാണ് പ്രവിക്കു കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. "ഇതിപ്പോ ഉത്തരത്തിലുള്ളത് എടുക്കുകയും വേണം കക്ഷത്തിലുള്ളത്... അല്ലെങ്കിൽ വേണ്ട, ആനപ്പുറത്തു കയറുകയും വേണം, അങ്ങാടിയിലൂടെ നടക്കുകയും വേണം, ആരും കാണാനും പാടില്ല"

          "അത് അത്രയ്ക്ക് യോജിക്കില്ല"
"വേണ്ട, നീ ആദ്യത്തേത് വെച്ച് അഡ്ജസ്റ്റ് ചെയ്തോ... പണ്ട് മലയാളം സെക്കന്റ് പഠിച്ചതിൽ ഇതൊക്കെയേ ഓർമ്മയിലുള്ളൂ..."

          "നീ അത് വിട്, കാര്യത്തിലേക്ക് വാ..."
"ഓക്കേ, ക്ലാസ് എത്ര മണിക്ക് തുടങ്ങും?"

          "ഒരു പത്തുമണിക്ക്?"
"നീ എത്രമണിക്ക് എത്തും?"

          "ഒരു 9.45, 9.50, 9.55 ആ റേഞ്ചിൽ"
"ഓഹോ, ഇത്ര നേരത്തെയൊക്കെ പോകുമോ? കോളേജ് ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ... ശരിയായിക്കോളും. അവൾ എത്ര മണിക്കെത്തും?"

          "കറക്റ്റ് സമയമറിയില്ല. പക്ഷെ ക്ലാസ്സിൽ ആദ്യം എത്തുന്നത് അവളാ"
"അതെന്താ നിനക്കിത്ര ഉറപ്പ്?"

          "ഇന്ന് സാർ അക്കാര്യം ചോദിച്ചിരുന്നു, അവളും സലീനയുമാ കൈപൊക്കിയത്"
"എന്നാ നീയൊരു കാര്യം ചെയ്യ്, ഒന്ന് നേരത്തെ പോയി നോക്ക്. ഒരു 8.30 - 9.00 റേഞ്ചിൽ പിടിച്ചോ... അവരെ ഒറ്റയ്ക്ക് കിട്ടും"

          "അത് റിസ്ക് അല്ലേ?"
"ആർക്ക്?"

          "എനിക്ക്. ഞാനപ്പോഴാ എണീക്കാറ്"
"എടാ, പണ്ട് നമ്മൾ നേരത്തെ സ്കൂളിലെത്തിയത് ഓർമ്മയുണ്ടോ? അന്നും വിഷയം ഏതാണ്ട് ഇതൊക്കെ തന്നെയായിരുന്നു"

          "അത് പിന്നെ വിവരം വെക്കാത്ത കാലമല്ലേ... അതൊക്കെയുണ്ടാകും"
"പിന്നേ... വിവരം വെച്ചതാണല്ലോ ഈ കാണുന്നത്"

          "എന്നാലും..."
"വേറെ വഴിയില്ല മോനേ... അല്ലെങ്കിലും ഇത് ശീലമാക്കുന്നതാ നല്ലത്. നീയൊരു മെഡിക്കൽ സ്റ്റുഡന്റ് അല്ലേ..."

          "മെഡിസിനിൽ തൊട്ട് കളിക്കണ്ടാ... അതനിക്കിഷ്ടമല്ലാ..."
"അതെനിക്കും തീരെ ഇഷ്ടമല്ല"

          "അല്ല, നേരത്തെ പോയാൽ അവളുമാരെ ഒറ്റയ്ക്ക് കിട്ടുമെന്നുറപ്പാണോ?"
"ഒരുറപ്പുമില്ല, എന്നാലും ഒന്ന് ശ്രമിച്ചു നോക്ക്. തൽക്കാലം വേറെ വഴിയില്ലല്ലോ..."

          "ഇനി ആ നേരത്തു വല്ല ബോയ്സും എത്തുമോ?"
"അക്കാര്യത്തിൽ മോൻ പേടിക്കേണ്ട, കുറച്ചൊക്കെ വിവരമുള്ളവർ ക്ലാസ് തുടങ്ങാനാവുമ്പോഴേ എത്തു... അറ്റ്ലീസ്റ്റ് റാഗിങ് പേടിച്ചിട്ടെങ്കിലും. ഇനി വിവരമില്ലാത്ത വല്ല ടീമും എത്തിയാൽ അവരെ നീ തന്ത്രപൂർവ്വം ഒഴിവാക്കണം. അതിനും ഞാൻ ടിപ്സ് പറഞ്ഞുതരണോ?"

         "വേണ്ട, ഞാൻ മാനേജ് ചെയ്തോളാം... അപ്പൊ ഒന്നു ട്രൈ ചെയ്യാം... ല്ലേ?"
"ഒഫ്‌കോസ് ബേബെ"

          "എന്നാ പോയി കിടക്കട്ടെ, നേരത്തെ എണീക്കണ്ടേ..."
"ആൾ ദി ബെസ്റ്"


------------------------------


'സമയം 8.45. കോളേജ് ഉണർന്നു തുടങ്ങുന്നേയുള്ളൂ... എന്നാലും അവിടെയിവിടെയുമായി ഒറ്റപ്പെട്ട പലപല മുഖങ്ങളുണ്ട്. കാമുകീ-കാമുകന്മാരാണ് കൂടുതൽ. ഫസ്റ്റ് ഇയറിലെ ആരെയും കാണുന്നില്ല. സീനിയേഴ്സിനെ പേടിച്ചിട്ടായിരിക്കും. തനിക്കിനി അക്കാര്യം പേടിക്കണ്ടാ... കിട്ടാനുള്ളതൊക്കെ ശരിക്കു കിട്ടിക്കഴിഞ്ഞു. ഗേറ്റ്മാൻ ഡ്രസ്സ് മാറ്റി പോകാൻ നിൽക്കുന്നുണ്ട്. അപ്പോൾ ഇയാളാണ് നൈറ്റ് വാച്ചർ. അറിഞ്ഞിരിക്കുന്നത് നല്ലതാ... ഇങ്ങനെ പോയാൽ മിക്കവാറും ഗേറ്റ് വരെ ചാടേണ്ട അവസ്ഥയിലെത്തും. രണ്ടാം നിലയിലാണ് ക്ലാസ് റൂം - അങ്ങോട്ടുള്ള സ്റ്റെയർകേസിന് എതിർവശത്തു ഒരു നോട്ടീസ് ബോർഡുണ്ട്. പണ്ട് അഡ്മിഷൻ്റെ ദിവസം വിവരങ്ങൾ അറിയാൻ നോക്കിയതാ, പിന്നെ ഇപ്പോഴാണ് കണ്ണില്പെടുന്നത്. കിട്ടിയ അവസരമല്ലേ, അതിലേക്കും ഒന്ന് കണ്ണോടിച്ചു. നമുക്ക് താല്പര്യമുള്ള ഒരു കാര്യവുമില്ല. കുറച്ചെങ്കിലും നമ്മുടെ സൈഡിൽ വരുന്നത് ബാസ്കറ്റ് ബോൾ സെലക്ഷൻ ആണ്. എൻ്റെ വീക്ക്നെസ്സ് ഫുട്ബാളല്ലേ... അതിലൊരു ലീഗ് വരുന്നുണ്ട്. പക്ഷെ അതിൻ്റെ ഡീറ്റൈൽസ് ഒന്നും കാണുന്നില്ല...

ഛെ! ഞാനിപ്പോൾ വന്നതിൻ്റെ ഉദ്ദേശം മറന്നുപോയി. അവൾ വന്നുകാണുമോ?'

സഞ്ജു ഇപ്പോഴാണ് ട്രാക്കിലെത്തിയത്. അവൻ ഗിയർ മാറ്റിപ്പിടിച്ചു. പടികൾ പെട്ടന്ന് കയറാൻ തുടങ്ങി. അത്യധികം ആവേശത്തോടെ അവൻ ക്ലാസ്റൂമിലേക്ക് - പ്രതീക്ഷാനിർഭരമായിരുന്ന അവൻ്റെ മുഖം വാടിയത് വെറും നിമിഷങ്ങൾ കൊണ്ടായിരുന്നു.

അതെ, ഇത്രേം നേരത്തെ എണീറ്റ് കഷ്ടപ്പെട്ടതെല്ലാം വെറുതെയായല്ലോ എന്ന വിഷമം. അവൻ പ്രതീക്ഷിച്ച പോലെ ഫിദയും സലീനയും ക്ലാസ്സിലുണ്ടായിരുന്നു. പക്ഷെ, കൂടെ ഒരു കുരിശുമുണ്ട് - ഫർഹാൻ! സീരിയസ് പഠനത്തിലാണ് മൂവരും.
'ഇത്രേം പഠിക്കാൻ മാത്രം ക്ലാസ്സിൽ വല്ലതും എടുത്തോ?'


------------------------------


"ആരാ ഈ ഫർഹാൻ?", അശ്വത് കഥയിൽ പൂർണ്ണമായും ലയിച്ചിരിക്കുകയാണ്.

          "അതൊക്കെ പറയാം... അതിനു മുമ്പ് വേറൊരു പ്രധാനപ്പെട്ട കാര്യമുണ്ട് - ഇഞ്ചക്ഷൻ... ടൈം ആയിട്ടുണ്ട്", ഡോക്ടർ ഓർമ്മിപ്പിച്ചു.
"ഓ നോ... ഇതുവല്ലാത്ത ചതിയാണ്... ഓക്കേ, പക്ഷെ കഥ ഇവിടെവെച്ചു നിർത്താനാണ് ഭാവമെങ്കിൽ ഞാൻ സമ്മതിക്കില്ല"

          "അക്കാര്യത്തിൽ ടെൻഷൻ വേണ്ട. ഞാനിന്ന് കഥ പറയാനുള്ള നല്ല ഒരു മൂഡിലാ... പറഞ്ഞിട്ടേ പോകൂ...", ഡോക്ടർ അവനു വാക്ക് കൊടുത്തു.

 


"ഡോക്ടർ, പുറത്തു ഒരാൾ കാണാൻ വന്നിട്ടുണ്ട്", ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് അപ്പോഴാണ് അക്കാര്യം വിളിച്ചു പറഞ്ഞത്.

അശ്വതും ഡോക്ടറും പുറത്തേയ്ക്കു നോക്കി - ഒരു അൻപതു വയസ്സ് പ്രായം തോന്നിക്കുന്ന താടിവെച്ച തലയിൽ തൊപ്പിയൊക്കെ ധരിച്ച ഒരാൾ കൈകൂപ്പി ഡോക്ടറേയും പ്രതീക്ഷിച്ചു നിൽക്കുന്നു.

"നീ ഇവന് ഇഞ്ചക്ഷൻ കൊടുക്ക്, അത് ഞാൻ മാനേജ് ചെയ്തോളാം...", എന്ന് നഴ്സിനോട് നിർദ്ദേശിച്ച ശേഷം ഡോക്ടർ പുറത്തേക്കിറങ്ങി. ഡോക്ടർ അടുത്തെത്തിയതും അയാൾ കരയാൻ തുടങ്ങി. ഡോക്ടർ അയാളെയും കൂട്ടി കുറച്ചപ്പുറത്തെക്കു പോയി, അശ്വതിൻ്റെ ദൃഷ്ടിയിൽ നിന്നും പൂർണ്ണമായും മറഞ്ഞു. നേഴ്സ് ഇതിനോടകം തന്നെ ഇഞ്ചക്ഷൻ എടുത്തുകഴിഞ്ഞിരുന്നു...

"ഡോക്ടർ ഇനി വരില്ലേ?", അശ്വതിനു അതായിരുന്നു പേടി.

"നിന്നോട് വരുമെന്നല്ലേ പറഞ്ഞത്. ഡോക്ടർ വാക്ക് പറഞ്ഞാൽ വാക്കായിരിക്കും...", നഴ്‌സിൻ്റെ മറുപടി.

രണ്ടുമിനിറ്റിനു ശേഷം അശ്വതിന്റെ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ഡോക്ടർ തിരിച്ചെത്തി - തൊട്ടടുത്ത കസേരയിൽ വീണ്ടും ഇരിപ്പുറപ്പിച്ചു.

"ആരാണത് ഡോക്ടർ?", അതുംകൂടി അറിഞ്ഞാൽ കൊള്ളാം എന്ന നിലയിൽ അശ്വത് ചോദിച്ചു.

"എൻ്റെ ഒരു പേഷ്യന്റിൻ്റെ ഫാദറാ... അയാളുടെ മകൻ 'മരിച്ചു, മരിച്ചില്ല' എന്ന രീതിയിലാ കിടപ്പ്. എങ്ങനെയെങ്കിലും രക്ഷിക്കണമെന്നു പറയാനാ വന്നത്"

          "എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു?"
"എനിക്കു ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുമെന്ന് പറഞ്ഞു. ബാക്കിയെല്ലാം ദൈവത്തിൻ്റെ കയ്യിലാണല്ലോ..."

          "അയാളെ കണ്ടിട്ട് പാവം തോന്നുന്നു"
"മക്കൾ അങ്ങനെയൊരാവസ്ഥയിൽ കിടക്കുമ്പോൾ എല്ലാ രക്ഷിതാക്കളും ഇങ്ങനെയാ... നിൻ്റെ പേരെന്റ്സ് ഉൾപ്പെടെ"

          "എൻ്റെ പേരെന്റ്സിനെയും ഇവരേയും കമ്പയെർ ചെയ്യരുത് ഡോക്ടർ"
"അതെന്താ...? നിൻ്റെ പേരെന്റ്സ് നിനക്കുവേണ്ടി കരഞ്ഞതിൻ്റെ  പകുതിപോലും ഇയാൾ ചെയ്തിട്ടില്ല"

          "മുതലക്കണ്ണീർ ഒഴുക്കാൻ ആർക്കും പറ്റും... ഡോക്ടർ, നിങ്ങൾ പറഞ്ഞതുപോലെ നമുക്കാ വിഷയം വിടാം..."
"ശെരി, അപ്പോൾ കഥയിലേക്ക് വരാം... എവിടെയാ നമ്മൾ പറഞ്ഞു നിർത്തിയത്?"

          "ഫർഹാൻ..."
"യെസ്, ഫർഹാൻ..."


------------------------------


ഈ ഫർഹാൻ പുതിയ അവതാരമൊന്നുമല്ല. അന്ന് സലീനയോട് കാണിച്ച ഷോയ്ക്കു സഞ്ജുവിനെ അഭിനന്ദിക്കാത്ത ഏക ആൺകുട്ടി! വലിയ ബാസ്കറ്റ് ബോൾ കളിക്കാരനാണെന്നാ വിചാരം, എന്നാൽ ഒരു ചുക്കുമല്ല. നമ്മളെപ്പോലെയല്ല, അത്യാവശ്യം പഠിക്കും. സലീനയുടെ വളരെ അകന്ന വകയിലെ ഒരു ബന്ധുവാണെന്നാണ് പറഞ്ഞു നടപ്പ്. അതുകൊണ്ട് ഇരുപത്തിനാല് മണിക്കൂറും അവളുടെ കൂടെയുണ്ടാകും - ഫലത്തിൽ ഫിദയുടെ കൂടെ. തോന്നലാണോ എന്നറിയില്ല, അവന് അവളുടെ മേലിൽ കണ്ണുണ്ടോ എന്നൊരു സംശയം. 'പഠനം' വെച്ചാണവൻ ചൂണ്ടയിടുന്നത്. അത് ഇന്നത്തേക്കാലത്ത് ഒരു ഫാഷനാണല്ലോ... ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. അങ്ങനെയാണെങ്കിലും ആളൊരു പാവമാണ്. പക്ഷെ...

എന്തായാലും മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ. അവൻ രണ്ടും കല്പിച്ചു ക്ലാസ്സിൽ കയറി. പഴയപോലെ ഫിദയും സലീനയും ഒന്ന് മൈൻഡ് പോലും ചെയ്തില്ല. 'ആരാ വന്നത്?' എന്ന് നോക്കിയ ശേഷം അവർ അവരവരുടെ ജോലികളിൽ മുഴുകി. 'ഇവനെന്താ ഇത്ര നേരത്തേ?' എന്ന മട്ടിൽ ഫർഹാൻ നോക്കുന്നുണ്ടായിരുന്നു. ആദ്യം അവനെ ഒഴിവാക്കണം. എന്ത് ചെയ്യും? ഐഡിയ -

"ടാ നീ ബാസ്കറ്റ് ബോൾ ടീമിൽ സെലക്ട് ആയി, ല്ലേ?", സഞ്ജു ഒരു നമ്പറിറക്കി നോക്കി.

"ആണോ?", അവനു തന്നെ അത്ഭുതം.

"താഴെ ലിസ്റ്റ് ഇട്ടിട്ടുണ്ട്, നിൻ്റെ പേര് കണ്ടതായി തോന്നി"

ഇത് കേട്ടതും അവൻ ചാടിയെണീറ്റ് താഴേക്ക് ഓടി. ആ ശല്യം മടങ്ങി വരുന്നതിനു മുമ്പ് കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കണം. അവൻ യാതൊരു മുഖവുരയും കൂടാതെ ഉള്ള കാര്യം സലീനയോട് തുറന്നു പറഞ്ഞു. പക്ഷെ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവൻ ശശിയായി. കാരണം, സഞ്ജു നിരപരാധിയാണെന്ന് അവൾക്കു ആദ്യം തന്നെ അറിയാമായിരുന്നു. ആ സീനിയേഴ്സിൽ ഒരു ചേട്ടനെ അവൾക്കു മുമ്പേ പരിചയമുണ്ട്. അതിനർത്ഥം ഇത്രേം നാളും അവരവനെ കളിപ്പിക്കുകയായിരുന്നു. എന്നാലും സാരമില്ല, അവനു മനസ്സമാധാനമായി. സലീനയോട് അതോടെ അവന് വല്ലാത്ത ഒരു കമ്പനി തോന്നി. ഫിദയും അവനും ഒരുമിച്ച് പഠിച്ച കാര്യം പറഞ്ഞാലോ എന്ന് ആലോചിച്ചതാണ്. പിന്നെ വേണ്ടെന്നു വെച്ചു. പറയാൻ താത്പര്യമുണ്ടെകിൽ ഫിദ തന്നെ പറഞ്ഞോട്ടെ. പക്ഷെ അവനെ വിഷമിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു - സലീനയോട് ഇത്ര നേരം സംസാരിച്ചിട്ടും ഫിദ അവനെ ശ്രദ്ധിച്ചതുമില്ല, അവനോട് ഒരക്ഷരം പോലും മിണ്ടിയതുമില്ല! അവൾക്കു എന്താണ് പ്രശ്നം?

'എന്നാ ശരി' എന്ന് പറഞ്ഞു സഞ്ജു ക്ലാസ്സിൻ്റെ പുറത്തേയ്ക്ക് നടന്നു. ഫിദ സംസാരിക്കാത്തതിൻ്റെ ദുഃഖം അവൻ്റെ മുഖത്തു നിഴലിച്ചിരുന്നു.  "സഞ്ജു..." - പെട്ടന്നാണ് പിന്നിൽ നിന്ന് ഒരു വിളി വന്നത്. ഫിദയാണോ? അല്ലെങ്കിലും എനിക്കറിയാം അവൾക്കെന്നോട് സംസാരിക്കാതിരിക്കാൻ പറ്റില്ലെന്ന്. സഞ്ജു ആവേശപൂർവ്വം അവൾക്കു നേരെ തിരിഞ്ഞു. "ആ ഫർഹാനോട് ഒന്ന് വേഗം വരാൻ പറ" - സലീന ഇത്രയേ പറഞ്ഞുള്ളൂ. അപ്പോൾ സഞ്ജുവിൻ്റെ മുഖമൊന്ന് കാണേണ്ട കാഴ്ചയായിരുന്നു - യാതൊരു വികാരവും ഇല്ലാത്ത അവസ്ഥ!

'അത് നിൻ്റെ ......നോട് പോയി പറ' - എന്നവൻ പറയാൻ ഓങ്ങിയതാണ്. പക്ഷെ പറഞ്ഞില്ല. ഒരു പ്രശ്നം ഇപ്പോൾ തീർത്തിട്ടല്ലേയുള്ളൂ... 'പറയാം' - എന്ന് മാത്രം മറുപടി കൊടുത്ത്‌ അവൻ ക്ലാസിനു പുറത്തേക്കിറങ്ങി. 'പിന്നേ... എനിക്കതല്ലേ പണി!!'

ഫർഹാൻ വരുന്നു - "എടാ അത് എൻ്റെ പേരല്ല, ഫാറൂഖ് എന്നുള്ളത് മാറി നീ എൻ്റെ പേര് വായിച്ചതാകും"

"ആണോ?...സന്തോഷം!" ഒരു മെക്കാനിക്കൽ ചിരിയും പാസ്സാക്കി സഞ്ജു നടന്നു. ഫർഹാൻ അന്തംവിട്ട് നോക്കി നിൽക്കുന്നുണ്ടായിരുന്നു.

'ഇന്നിപ്പോൾ ക്ലാസ്സിൽ കയറാനുള്ള സകല മൂഡും പോയി. വല്ല പടത്തിനും വിട്ടാലോ...?'


------------------------------


ക്ലാസ്സിലെ ഒരു ഒഴിവുസമയം. ഒരു മെഡിക്കൽ ക്ലാസ്റൂമിൽ ഒഴിവുസമയം കിട്ടുന്നത് വളരെ വിരളമാണ്. അതുകൊണ്ട് തന്നെ ആ സമയത്തു ഇതുവരെ പറയാൻ കാത്തുവെച്ചതൊക്കെ പറഞ്ഞുതീർക്കും. പക്ഷെ സഞ്ജുവിന് അതിലൊന്നും താല്പര്യമില്ല, അവൻ ക്ലാസിനു പുറത്തേക്കിറങ്ങി. അവനു 'വേണ്ടപ്പെട്ടവരൊന്നും' ക്ലാസ്സിലില്ലെന്നർത്ഥം. വരാന്തയിൽ ചാരി അവൻ ക്ലാസ്റൂമിൻ്റെ വാതിലിലേക്കൊന്നു നോക്കി. അതെല്ലാം നല്ല വൃത്തിയിലാണ്. ക്ലാസ്സിനെ പറയിപ്പിക്കുന്ന ഒന്നും അവനവിടെ കണ്ടില്ല. അതവനു തീരെ പിടിച്ചില്ല എന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ അകത്തുപോയി ഒരു കളർ ചോക്ക് എടുത്തുവന്നു എഴുതാൻ തുടങ്ങിയത് - 'കൊല്ലാം, പക്ഷെ പഠിപ്പിക്കാനാവില്ല'. എഴുതിത്തീർന്ന നേരത്താണ് ഫിദയും സലീനയും ആ വഴി വന്നത്. രണ്ടുപേരും അത് വായിച്ചു. ഫിദയുടെ മുഖത്തു ഒരു പുഞ്ചിരി വിടരാനിരുന്നതാണ്. പക്ഷെ അതിനു സമ്മതിക്കാതെ അവളകത്തേയ്ക്ക് പോയി. സലീന അവനോട് കുറച്ചൊക്കെ കുശലം പറഞ്ഞ ശേഷമാണ് അകത്തേക്ക് കയറിയത്. അവർക്കു പിന്നാലെ സഞ്ജുവും അകത്തെത്തി. ഇനി പുറത്തെന്തു കാര്യം?!

അകത്തു എല്ലാവരും വലിയ ചർച്ചയിലാണ്. വിഷയം 'കുടുംബാസൂത്രണം'. എല്ലാവർക്കും അതിനുള്ള പ്രായമായി വരികയാണല്ലോ... ഇങ്ങനെ പറയുമ്പോൾ ഒരു നിലവാരമുള്ള ചർച്ചയായി തോന്നുമെങ്കിലും സംഗതി ചർച്ചയൊന്നും അല്ല - രണ്ട്പേർ പരസ്പരം പോരടിക്കുന്നു, അതും ചൂടൻ ഡയലോഗുകൾ വെച്ച്. ബാക്കിയുള്ളവർ ഇതൊക്കെ പൊലിപ്പിക്കാൻ വേണ്ടി ഉപ്പും കുരുമുളകുമൊക്കെ ചേർക്കുന്നുവെന്നു മാത്രം.

"ടാ തടിയാ... അല്ലേലും എന്ത് കണ്ടിട്ടാ നീ ഇതൊക്കെ പറയുന്നേ? നീയും അവളും കൂടി നടന്നു പോകുന്നത് കണ്ടാൽ ആൾക്കാർ '10' എന്ന് വായിക്കും. അതിലേക്ക് രണ്ടു ഇരട്ടകുട്ടികൾ കൂടി വന്നാൽ പിന്നെ റേഷ്യോ എഴുതിയ പോലെയാകും - 1:0" - പറയുന്നത് ക്ലാസ്സിലെ ഒരു മുതിർന്ന വായാടിപൈങ്കിളി തന്നെ, പേര് നസ്‌ല. മറുപുറത്തു ഒരു തടിയനും, പേര് സുഗേഷ്. രണ്ടു പേരേയും സൗകര്യപൂർവ്വം നമുക്ക് പിന്നീട് പരിചയപ്പെടാം.

എന്നാൽ തടിയന് ഇതങ്ങനെ വെറുതെ വിടാൻ പറ്റുമോ? അവനും തിരിച്ചു വെച്ചു, ഒരുഗഗ്രന് വെടി -

          "ഹൊ... പറയുന്ന ആൾ പിന്നെ വലിയ പുള്ളിയല്ലേ... കല്യാണം കഴിയുന്നതിനു മുമ്പേ പച്ചമാങ്ങ തിന്നാൻ നിൽക്കുന്ന ഇനമാ..."
ക്ലാസ്സിൽ കുറച്ചു നിമിഷം നിശബ്ദത പരന്നു. ആർക്കും അത്ര പെട്ടെന്ന് സംഗതി പിടികിട്ടിയില്ലെന്നു തോന്നുന്നു. പിന്നെ ഒരുകൂട്ടച്ചിരിയായിരുന്നു. നസ്‌ലയുടെ മുഖത്തു ദേഷ്യം തെല്ലോളമുണ്ട്. പക്ഷെ എന്ത് ചെയ്യണമെന്ന ഒരു പിടിയുമില്ല. പിന്നെ എടുത്തോളാം എന്ന മട്ടിൽ അവൾ മാറി.

സഞ്ജു ഇതെല്ലാം കണ്ട് രസിച്ചിരിക്കുകയാണ്. പെട്ടന്ന് എന്തൊക്കെയോ അവൻ്റെ ഓർമ്മയിലേക്ക് ഓടിയെത്തി. അവൻ്റെ മനസ്സ് ഒരു ഫ്ലാഷ്ബാക്കിലൂടെ കടന്നു പോയി - ഒരിക്കലും തിരിച്ചുകിട്ടാത്ത സ്കൂൾ ജീവിതത്തിലെ സുന്ദരനിമിഷങ്ങളിലേക്ക്...

'അന്നും സകല പിരിയേഡുകളും ലീവായിരുന്നു. വളരെ അപൂർവ്വമായി കിട്ടുന്ന അവസരമാണിതൊക്കെ. ഒന്നെങ്കിൽ ടീച്ചർമാർ എല്ലാരും കൂടി എന്തെങ്കിലും പരിപാടിക്ക് പോകണം, അല്ലെങ്കിൽ ക്ലസ്റ്റർ മീറ്റിംഗിൻ്റെ അന്ന് സ്കൂൾ വേണം. രണ്ടാമത്തെ ഗണത്തിലാണ് അന്നത്തെ ദിവസം പെടുക. ലീഡർ പോലും പേരെഴുതി ചടപ്പിക്കാൻ മടിക്കുന്ന ദിവസം. അന്നും ക്ലാസ്സിൽ ചർച്ച കുടുംബാസൂത്രണം തന്നെ. ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും രണ്ടു ചേരിയിലായി നിന്ന് പോരാടുകയാണ്, കുടുംബത്തിലെ മുഖ്യൻ ആണോ പെണ്ണോ എന്നാണ് ചോദ്യം. ക്ലാസ്സിലെ സകലരും ആവേശപൂർവ്വം അതിൽ പങ്കെടുത്തു.

"ഞങ്ങൾ പെണ്ണുങ്ങളില്ലെങ്കിൽ ഒരു വീട് ഭംഗിയായി വൃത്തിയായി സൂക്ഷിക്കാൻ പറ്റുമോ?"

          "ആ വീട് വെക്കണേൽ ഞങ്ങൾ ആണുങ്ങൾ വേണ്ടേ?"
"അത് ഇങ്ങളെ മാത്രം പൈസയല്ല, ഞങ്ങൾ സ്ത്രീധനം തരുന്നതിൽ നിന്നും എടുത്തുണ്ടാക്കുന്നതല്ലേ..."

          "നിങ്ങളല്ല, നിങ്ങളുടെ അച്ഛന്മാർ എന്നു പറ!"
"എന്നാ ഇത് പറ, ഞങ്ങളില്ലേൽ ഒരു കുട്ടിയുണ്ടാകുമോ?"

          "കുട്ടിയുണ്ടാവാൻ നിങ്ങൾ മാത്രം പോരാ, ആണുങ്ങളും വേണം"
"അതെന്തിനാ? പ്രസവിക്കുന്നതും പാല് കൊടുക്കുന്നതും പെണ്ണുങ്ങളല്ലേ?"

          "എന്നാ നീ അച്ഛനില്ലാത്ത ഒരു കുട്ടിയെ പറ"
അതുശെരിയാണല്ലോ... അച്ഛനില്ലാത്ത കുട്ടിയുണ്ടോ? എന്നാലും അവൾ വിട്ടില്ല.

"നീ ഈ സീരിയലും സിനിമയുമൊക്കെ കണ്ടുനോക്ക്. അതിൽ കാണാലോ..."

          "അതിപ്പോ സീരിയലും സിനിമയുമൊക്കെ എന്തും കാണിച്ചൂടെ... അതുപോലെയാണോ ജീവിതത്തില്..."
അവൾക്ക് വീണ്ടും സംശയം വന്നു. എന്നാലും അവളതില് കടിച്ചു തൂങ്ങിയില്ല. ഇതിനിടയിൽ വേറൊരുത്തി തുടങ്ങി.

"അതൊക്കെ പോട്ടെ, വീട്ടിൽ വെച്ചുണ്ടാക്കിത്തരാൻ പെണ്ണുങ്ങൾ തന്നെ വേണ്ടേ...?"

          "എന്തിന്? എൻ്റെ വീട്ടിൽ എൻ്റെ ബാപ്പയാ തിന്നാനൊക്കെ ഉണ്ടാക്കാറ്..."
"അതിനു നീയാദ്യം വീട്ടിൽ പോയി ആരാ 'ഉമ്മ', ആരാ 'ബാപ്പ' എന്നൊക്കെ ഉറപ്പിക്ക്... എന്നിട്ടു പറ"

ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി. ഒടുവിൽ സംഗതി ടീച്ചറുടെ അടുക്കൽ വരെയെത്തി. അന്ന് ടീച്ചർ പറഞ്ഞൊരു ഡയലോഗുണ്ട് -

          "നിങ്ങൾ ഈ പറഞ്ഞതിൻ്റെ അർത്ഥമൊന്നും ഇപ്പോൾ നിങ്ങൾക്കു മനസ്സിലാവില്ല, ഭാവിയിലേ മനസ്സിലാകൂ... അന്ന് നിങ്ങൾ ഇതൊക്കെ ഓർത്തു ചിരിക്കും..."
സഞ്ജു ഫ്ലാഷ്ബാക്കിൽ നിന്ന് തിരികെ ക്ലാസ്സിലെത്തി. അവൻ്റെ മുഖത്തു ഒരു പുഞ്ചിരിയുണ്ടായിരുന്നു. അവൻ ഫിദയെ നോക്കി, അവളും എന്തോ ആലോചിച്ചു ഇരിപ്പാണ്. കുറച്ചു സമയത്തിന് ശേഷം സഞ്ജുവിൻ്റെ മുഖത്തു വിടർന്ന അതേ ചിരി അവളുടെ മുഖത്തും കണ്ടു. അവൾ സഞ്ജുവിൻ്റെ  മുഖത്തു നോക്കി. അവൻ തന്നെ നോക്കുന്നുണ്ടെന്നു അറിഞ്ഞയുടനെ മുഖം തിരിച്ചു.

സഞ്ജു അവളെത്തന്നെ നോക്കിയിരിക്കുകയാണ്, അവനു അന്നത്തെ ദിവസത്തിന് അത് തന്നെ ധാരാളം. ഇതിനിടയിൽ തൻ്റെ മുന്നിൽ ആരോ രണ്ടുപ്രാവശ്യം വിരലുകൾ ഞൊടിച്ചത് അല്പം കഴിഞ്ഞതിനു ശേഷമാണ് അവനു മനസ്സിലായത്. അവൻ ഞെട്ടിത്തിരിഞ്ഞു നോക്കി - സലീന. 'എന്താ ഒരു ചുറ്റിക്കളി?' എന്ന ചോദ്യഭാവം അവളുടെ മുഖത്തു നിഴലിച്ചിരുന്നു. 'ഒന്നുമില്ലെന്ന്' തലയാട്ടി സഞ്ജു ബെഞ്ചിൽ നിന്ന് എണീറ്റു, വരാന്തയിലോട്ട് ഇറങ്ങി - ഇനി കുറച്ചു കാറ്റുകൊള്ളണം... നല്ല ഇളംകാറ്റ്... 'മന്തമാരുതൻ' എന്നു വേണേൽ പറയാം... ആ കാറ്റിനു അതുവരെ തോന്നാത്ത സുഖം അപ്പോൾ അവനു അനുഭവപ്പെട്ടു.

'സത്യത്തിൽ അന്നെനിക്ക് അവളെ ഇഷ്ടമായിരുന്നോ...? അറിയില്ല. പക്ഷെ ഒന്നറിയാം, ഇന്നെനിക്ക് അവളെ ഇഷ്ടമാണ്... ഒരുപാടൊരുപാട് ഇഷ്ടമാണ്... എത്ര കാതങ്ങൾ പിന്നിടേണ്ടി വന്നാലും അവളെ ഞാൻ സ്വന്തമാക്കും...', സഞ്ജുവിൻ്റെ മനസ്സ് ഇപ്പോൾ അഗാധമായ പ്രണയത്തിൻ്റെ  അലയൊലികളിൽ ആടിയുലയുകയാണ്...

അതെ, അവൻ പ്രണയത്തിലാണ്...


------------------------------


സഞ്ജുവിൻ്റെ ആദ്യാനുരാഗത്തിൻ്റെ പരിമളം ആ മുറിയിലാകെ വീശിയടിക്കുമ്പോഴാണ് ഡോക്ടറുടെ മൊബൈൽ ബെല്ലടിച്ചത്. ഇത് കേട്ട് അശ്വത് കാര്യം മനസ്സിലാക്കിയ പോലെ തലയാട്ടി, "സമയമായി... ല്ലേ?", എന്നൊരു ഡയലോഗും കാച്ചി. ഡോക്ടർ ഒരു ചിരി ചിരിച്ചുകൊണ്ട് ഫോണെടുത്തു.

"ഹലോ... ആ ഞാനിപ്പോൾ ഇറങ്ങും... ഇവിടെ കഴിഞ്ഞു..."

"വൈഫാണ്...", ഫോൺ കട്ട് ചെയ്തയുടനെ അശ്വതിനോട് പറഞ്ഞു.

          "ഹമ്... അല്ല ഡോക്ടർ, താൻ പ്രണയത്തിലാണെന്ന സത്യം തിരിച്ചറിയാൻ മാത്രം സഞ്ജു ഇത്ര സമായമെടുത്ത സ്ഥിതിക്ക്... കഥ അത്ര പെട്ടെന്നൊന്നും തീരുന്ന കോലമില്ലല്ലോ..."
"എടാ പ്രണയം അങ്ങനെയാ... അതൊരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചതല്ല. ഇറ്റ് ഈസ് എ ഗ്രാഡ്വൽ പ്രോസെസ് ആൻഡ് ഇറ്റ് ടെയ്ക്സ് ടൈം ടു റിയലൈസ്..."

          "എക്സ്പീരിയൻസ് ഉണ്ടെന്നു തോന്നുന്നു..."
"ഉണ്ടെന്നു കൂട്ടിക്കോ... ജീവിതത്തിൽ കുറച്ചൊക്കെ അതും വേണ്ടേ... അല്ലാതെ നിന്നെപ്പോലെ ആരെങ്കിലും ലൈഫ് തുടങ്ങുന്നതിനു മുമ്പ് ചാകാൻ നിൽക്കുമോ?"

          "എൻ്റെ വേദന ഡോക്ടർക്ക് പറഞ്ഞാൽ മനസ്സിലാവില്ല"
"വേദനയില്ലാത്തവരായി ഈ ലോകത്തു ആരുമില്ല. ഏകദേശം അൻപത് ശതമാനം MBBS സ്റ്റുഡന്റ്സും നിൻ്റെ അതേ പ്രശ്നത്തിലാ. പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല വേണ്ടത്, ധൈര്യസമേതം നേരിടാൻ പഠിക്കണം"

          "അറിയാം... പക്ഷെ നമ്മൾ സ്വന്തമെന്നു കരുതുന്ന പേരെന്റ്സ് കൂടി എതിരാവുമ്പോൾ..."
"ചില പേരെന്റ്സ് അങ്ങനെയാ... നമ്മെ വെറുപ്പിക്കുന്ന പോലെ തോന്നും, ബട്ട് ദേ വിൽ ഷോ ദെയർ ലൗ അറ്റ് റൈറ്റ് ടൈം"

          "നമുക്ക്..."
"..... 'ആ വിഷയം വിടാം' എന്നല്ലേ പറഞ്ഞു വരുന്നത്? എനിക്കറിയാം... ഓക്കേ, ബട്ട് റിമമ്പർ വൺ തിങ് - ഈ ഇരുപത് കൊല്ലം നീ ജീവിച്ചതിനു പിന്നിൽ അവരുടെ വിയർപ്പുണ്ടെങ്കിൽ ഈ ജീവിതം കളയാനും അവരുടെ സമ്മതം വേണം"

          "ഞാനതു വിശ്വസിക്കുന്നില്ല...", അശ്വതിൻ്റെ മറുപടി അത്രയേ ഉണ്ടായിരുന്നുള്ളൂ...
"ഹമ്...", 'ഇവനോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ' എന്ന സങ്കടത്തിൽ ഡോക്ടറൊന്നു നെടുവീർപ്പിട്ടു. "എന്നാ ശെരി, റസ്റ്റ് എടുക്ക്... നാളെ കാണാം... ഗുഡ് നൈറ്റ്...", ഡോക്ടർ പോകാനൊരുങ്ങി.

          "ഗുഡ് നൈറ്റ്", ഡോക്ടർ പോകുന്നതും നോക്കിക്കൊണ്ട് അശ്വത് പറഞ്ഞു.

to be continued...          

Comments