റൂം നമ്പർ 210 - Day 4








നാലാം ദിവസം 


രാവിലെ അശ്വത് കണ്ണുതുറന്നപ്പോൾ മുമ്പിൽ ഡോക്ടറുണ്ടായിരുന്നു.

"എങ്ങനെയുണ്ട്?", തലോടിക്കൊണ്ട് ഡോക്ടർ ചോദിച്ചു.

          "ഇപ്പോൾ കുഴപ്പമൊന്നുമില്ല... അതുകൊണ്ടെങ്കിലും ഡോക്ടർ ഇന്ന് നേരത്തെ എത്തിയല്ലോ... സാധാരണ ഉച്ച കഴിഞ്ഞാലും ഓരോരോ കാര്യം പറഞ്ഞു വൈകുന്ന ആളാ...", അശ്വതിനു സന്തോഷം.

"നീയെൻ്റെ ചക്കരയല്ലേ... നിനക്ക് വല്ലതും പറ്റിയാൽ എനിക്ക് സഹിക്കാനാകുമോ?"

          "ഹേയ്... അത്രയ്ക്കൊന്നും വേണ്ട, കുറച്ചു ഓവറായിപ്പോയി... പിന്നെ, ഞാനിന്നലെ ഒരു സ്വപ്നം കണ്ടു..."

"എന്തു സ്വപ്നം?"

          "ഫിദയുടെയും സഞ്ജുവിന്റേയും കല്യാണം"

അശ്വതിൻ്റെ മറുപടി കേട്ട് ഡോക്ടർ അന്തംവിട്ടു. ലേഡി ഡോക്ടറെ നോക്കി ഒരു ചിരി പാസ്സാക്കി, അവർ തിരിച്ചും.

          "അത് നടക്കുമോ ഡോക്ടർ?"

"നമുക്ക് നോക്കാം... നീയാദ്യം ഒന്ന് ഫ്രഷായിട്ട് ചായയൊക്കെ കുടിക്ക്, ഞാനപ്പോഴേക്കും വരാം..."

          "പെട്ടന്ന് വരണേ .... ശരത് എന്ത് പ്ലാനിനെക്കുറിച്ചാ ചോദിച്ചതെന്നു എനിക്ക് മനസ്സിലായില്ല...", ഡോക്ടറും ലേഡി ഡോക്ടറും പോകുന്നതിനിടയിൽ അശ്വത് വിളിച്ചു പറയുന്നുണ്ടായിരുന്നു...


------------------------------


ബാംഗ്ലൂർ - കോഴിക്കോട് സൂപ്പര്ഫാസ്റ് ബസ്. ക്രിസ്മസ് വൊക്കേഷൻ ആയതിനാൽ ബസ് നിറഞ്ഞിട്ടുണ്ട്. പതിവുപോലെ ശാന്തമാണ് ബസിൻ്റെ  അകത്തളം. തിരക്ക് പിടിച്ച ബാംഗ്ലൂർ ജീവിതത്തിനിടയിൽ അല്പം ആശ്വാസം കണ്ടെത്താൻ നാട്ടിലേക്കോടുന്ന ആളുകളാണ് പലരും. എന്നാലും ആളനക്കം കാണിക്കാൻ പോന്ന മൂന്നു കഥാപാത്രങ്ങൾ അന്ന് ബസിലുണ്ടായിരുന്നു, കുറച്ചു പിൻ സീറ്റിലാണ് - ശരത്, പ്രവി, സഞ്ജു. ശരത്തിൻ്റെ ബാംഗ്ലൂർ ഡേയ്സ് കാണാനിറങ്ങിയതാണ് മറ്റു രണ്ടുപേർ. അതിൻ്റെ ആവേശം കുറച്ചു മുമ്പ് വരെ അവരിലുണ്ടായിരുന്നു. ഇപ്പോൾ അവരെന്തോ കാര്യമായ ചർച്ചയിലാണ് - കണ്ടിട്ട് അല്പം സീരിയസ് ആണെന്ന് തോന്നുന്നു.

"ട്ടേ..." - പെട്ടന്ന് ബസിൻ്റെ വലതുഭാഗത്തു നിന്ന് ഒരു ശബ്ദം കേട്ടു. ആ ശബ്ദം ഇപ്പോൾ മലയാളികൾക്ക് സുപരിചിതമാണ് - ഒരു വാഹനാപകടം! ബൈക്കാണ് ഇടിച്ചത്. അതിലെ യാത്രക്കാരൻ ബസിൻ്റെ സൈഡിലേക്ക് തെറിച്ചു വീണു. എതിർവശത്തു നിന്നും വരുന്ന ലോറി വളരെ പാടുപെട്ടാണ് ബ്രേക്കിട്ടത്.

"ഭാഗ്യം! ആ ലോറി ബ്രേക്കിട്ടില്ലായിരുന്നെങ്കിൽ...", സഞ്ജുവിന് ആശ്വാസമായി.

"കൈ ചെറുതായിട്ട് ഉരസിയെന്നു തോന്നുന്നു" - ശരത് അക്കാര്യം ശ്രദ്ധിക്കാതിരുന്നില്ല.

"അതല്ലേ പറ്റിയുള്ളൂ... അമ്മാതിരി സ്പീഡിൽ വന്ന അവനു അതെങ്കിലും കിട്ടണം"

"ശെരിയാ... ജീവൻ തിരിച്ചുകിട്ടിയല്ലോ...."

സഞ്ജുവും ശരത്തും ഇതൊക്കെ പറയുമ്പോഴും പ്രവി ഒരക്ഷരം മിണ്ടുന്നില്ല. ഇത് ശ്രദ്ധിച്ച ബാക്കി രണ്ടുപേർ അവൻ്റെ നേരെ തിരിഞ്ഞു. അവൻ്റെ ശ്രദ്ധ ഇവിടെയൊന്നുമല്ല, മുൻഭാഗത്തു നോക്കിക്കൊണ്ട് ഇരിക്കുന്നു - അവിടെയൊരു 'കിളി ' യുണ്ടായിരുന്നു (ആദ്യമേ തോന്നി!). അവൾ പിന്നിലേക്ക് തിരിഞ്ഞു അപകടം നടന്നത് വീക്ഷിക്കുകയാണ്.

"ടാ ..." - ശരത് അവൻ്റെ തലക്കൊന്നു കൊടുത്തു.

"അവിടെയൊരുത്തൻ ചാകാൻ കിടക്കുമ്പോഴാണോടാ നിൻ്റെയൊക്കെ ഒടുക്കത്തെ വായ്നോട്ടം?"

പ്രവി പക്ഷെ ശാന്തനായിരുന്നു. ആ പെൺകുട്ടിയിൽ നിന്ന് കണ്ണെടുക്കാതെ അവൻ മറുപടി കൊടുത്തു - "എടാ... ദൈവം ഒരു ചാൻസ് എപ്പോഴും തരണമെന്നില്ല, തരുമ്പോൾ നമ്മളത് മാക്സിമം യൂട്ടിലൈസ് ചെയ്യണം. മനസ്സിലായോ?"

"മനസ്സിലായില്ല"

പ്രവി തുടർന്നു - "ഞാനീ ബസിൽ കയറിയത് മുതൽ അവളുടെ തലയും മുടിയുമൊക്കെ കാണാൻ തുടങ്ങിയതാ... പക്ഷെ മുഖം മാത്രം കണ്ടില്ല. അതിനൊരവസരം തരാൻ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാ ഇങ്ങനെയൊന്ന് ...!"

"ഈ പ്രാർത്ഥിച്ചു ആളെക്കൊല്ലുന്ന സ്വഭാവം നീയിതുവരെ വിട്ടിട്ടില്ലല്ലേ..." - സഞ്ജു

ഇതിനിടയിൽ ശരത് ഒരു ഡയലോഗ് ഇറക്കി -

നിങ്ങളീ കേരളം ടീമ്സ് എപ്പോഴും ഇങ്ങനെയാ... നോക്കിക്കൊണ്ടിരിക്കും. ഞങ്ങളീ ബാംഗ്ലൂർ ഗയ്‌സ്  വളരെ സ്ട്രൈറ് ഫോർവേഡ് ആണ് ..." അവിടെയെത്തിയത് മുതൽ കേൾക്കാൻ തുടങ്ങിയതാ അവന്റെ ഈ ബാംഗ്ലൂർ മാഹാത്മ്യം!

എന്തായാലും ഇപ്പോൾ പറഞ്ഞത് പ്രവിക്കത്ര പിടിച്ചില്ല - അവൻ തിരിച്ചടിച്ചു:

"അത് ഞാൻ കണ്ടു... അതുകൊണ്ടാണല്ലോ നീ കാണിച്ച പണിക്ക് ആ ബാംഗ്ലൂർകാരി  അച്ഛനെയും ആങ്ങളമാരേയും വിളിക്കാതെ സ്ട്രൈറ് ഫോർവേഡായി കരണത്തടിച്ചത്... "

"അതെപ്പോ?" - സഞ്ജു

"അതൊക്കെ നടന്നു" - പ്രവി

ശരത് കുറച്ചു ചമ്മിയെന്നു തോന്നുന്നു. അവരുടെ വിഷയം മാറിപ്പോകുകയാണെന്നു മനസ്സിലാക്കിയ സഞ്ജു വീണ്ടും അതെടുത്തിട്ടു -

          "അത് പോട്ടെ, കാര്യത്തിലേക്കു വരാം... 'ഫർഹാൻ'... ഫിദയിൽ നിന്ന് അവനെ എങ്ങനെ ഒഴിവാക്കും?"
പ്രവി - അവനെ ഒഴിവാക്കാൻ രണ്ടു മാർഗ്ഗങ്ങളാണ് ഉള്ളത്. ഒന്ന് - ഫിദ അവനെ വെറുക്കണം. രണ്ട് - ഫർഹാനെ വേറൊരു കുരുക്കിലിടണം

ശരത് - ഫിദ അവനെ വെറുക്കണമെങ്കിൽ... അവൾക്കിഷ്ടമില്ലാത്ത വല്ലതും അവൻ ചെയ്യണം, നമ്മൾ ചെയ്യിപ്പിക്കണം.

സഞ്ജു - എടാ.... എനിക്കൊരു ഐഡിയ. സാധാരണ ഒരു നോർമൽ ആൺ-പെൺ  സൗഹൃദം എപ്പോഴാ ബ്രേക്ക് ആവുക?

പ്രവി - എപ്പോഴാ?

സഞ്ജു- ആ ആൺകുട്ടി പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്താൽ. കാരണം പെൺകുട്ടികൾ ചിലപ്പോൾ അത്തരത്തിലൊരു റിലേഷൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല - സിമ്പിൾ!

ശരത് - അത്രയ്ക്ക് സിമ്പിൾ അല്ല മോനെ... അവൾക്കവനെ ഇഷ്ടമായാലോ? സ്വന്തം കുഴി നീ തന്നെ തോണ്ടണോ?

സഞ്ജു - ഹേയ്... ഫർഹാനെയോ?.. നെവർ!

പ്രവി - ഫർഹാനെന്താ ഒരു കുഴപ്പം? കാണാൻ അത്ര മോശമൊന്നുമല്ല. കോമ്മൺസെൻസ് അല്പം കുറവാണെങ്കിലും ബാക്കി കാര്യങ്ങളിൽ ബുദ്ധി കുറച്ചു കൂടുതലാ... പിന്നെ ഇന്നത്തെക്കാലത്തു പെൺകുട്ടികൾക്ക് എങ്ങനത്തെ ആണുങ്ങളെയാ ഇഷ്ടമാവുക എന്ന് പറയാൻ പറ്റില്ല. എത്ര കൂതറയാണെങ്കിൽ അവനും കാണും ഒരു ഗേൾ ഫ്രണ്ട്.

ശരത് - സമയമുണ്ടേൽ ബാംഗ്ലൂരിലേക്ക് വാ... ഇമ്മാതിരി ചെക്കന്മാരെയും നല്ല മണിമുത്തു പോലോത്ത പെൺകുട്ടികളെയും ഞാൻ കാണിച്ചു തരാം... പക്ഷെ അവന്മാരുടെ കയ്യിൽ പൂത്ത ക്യാഷ് കാണും...!

പ്രവി - ഓ... തുടങ്ങി... നീ എന്നുമുതലാടാ ബാംഗ്ലൂർ കാണാൻ തുടങ്ങിയത്?... ദയവു ചെയ്ത് നിൻ്റെ ബാംഗ്ലൂർ ഖിസ്സ ഒന്ന് നിർത്ത്...!

(ശരത് 'വേണ്ടെങ്കിൽ വേണ്ട' എന്ന മട്ടിൽ മുഖം തിരിച്ചു. പക്ഷെ സഞ്ജു...)

സഞ്ജു - എടാ ഫിദ അങ്ങനെയൊന്നും ആവില്ലെടാ... ഫർഹാനെക്കാളും അവൾക്കിഷ്ടമാവുക എന്നെയായിരിക്കും... എനിക്കുറപ്പാ...

പ്രവി - നിനക്കവളെ ഇഷ്ടമാണെന്ന് നീ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ ?

(ആ ചോദ്യത്തിനു മുന്നിൽ സഞ്ജുവിന് ഉത്തരം മുട്ടി. അവൻ 'ഇല്ലെന്ന് 'തലയാട്ടി)

പ്രവി - നീ അത് പറയാത്തിടത്തോളം കാലം അവളുടെ ലിസ്റ്റിലേ ഉണ്ടാകില്ലല്ലോ...

(സഞ്ജു കുറച്ചു നേരം ഒന്നും മിണ്ടിയില്ല)

ശരത് - ഓക്കേ, അപ്പൊ നമ്മുടെ ആദ്യത്തെ വഴി ഒഴിവാക്കാം... ഇനി രണ്ടാമത്തെ വഴി - ഫർഹാൻ സ്വയം അവളിൽ നിന്ന് അകലണം

സഞ്ജു - അത് ഒരിക്കലും നടക്കില്ല

ശരത് - നടക്കും... ഗേൾസ് എന്നല്ല, ബോയ്സിനെ വരെ മറക്കും... നല്ല ഒരു കാമുകിയെ  കിട്ടിയാൽ...

സഞ്ജു - കാമുകിയോ?... ഏതു കാമുകി?

പ്രവി - അത് ഞങ്ങളോടാണോ ചോദിക്കുന്നത്? നിൻ്റെ കോളേജ്, നിൻ്റെ  ക്ലാസ്സ്‌മേറ്റ്സ്. അതുകൊണ്ട് കാമുകിയെയും നീ തന്നെ കണ്ടെത്തണം...

സഞ്ജു - അവൻ വീഴുമോ?

പ്രവി - അവൻ്റെ ബാപ്പ വരെ വീഴും, പറ്റിയ ആളാണെങ്കിൽ...!

സഞ്ജു - അതിനിപ്പോ ആരെ കണ്ടെത്തും??

സഞ്ജു ആലോചിച്ചിരിക്കുമ്പോഴാണ് ഫോണിൽ മെസ്സേജ് വന്നത്. അവനത് തുറന്നു നോക്കി - FB നോട്ടിഫിക്കേഷൻ ആണ്.

"ഫർഹാൻ ദി കിംഗ് ആൻഡ് നസ്‌ല നല്ലേടത്ത് ആർ ഫ്രണ്ട്‌സ് നൗ..."


------------------------------


പതിവുപോലെ ഒരുഴപ്പൻ മട്ടിലല്ല സഞ്ജു ഇന്ന് കോളേജിൻ്റെ ഗേറ്റ് കടന്നത്. എന്തൊക്കെയോ ചെയ്തുകൂട്ടാനുള്ളപോലെ...

പ്രണയസല്ലാപങ്ങൾക്കു തണലേകാനും കുളിരേകാനുമെന്ന പോലെ വരിവരിയായി നട്ടുവളർത്തിയിരിക്കുന്ന വൃക്ഷങ്ങൾക്കിടയിലൂടെ തൻ്റെ  പ്രണയിനിയേയും സ്വപ്നം കണ്ടു നടക്കുകയാണ് നമ്മുടെ കഥാനായകൻ. ഒരു മരംചുറ്റി പ്രണയം അവൻ വല്ലാതെ കൊതിക്കുന്നുണ്ട്. പെട്ടന്നാണ് മരത്തിനു ചുറ്റുമുള്ള തറയിൽ നിന്ന് ഒരു നോട്ടുബുക്ക് അനാഥമായി കിടക്കുന്നത് കണ്ടത് - സാധാരണ ഇങ്ങനെയൊരു സാധനം അവൻ കൈ കൊണ്ട് തൊടാത്തതാണ്. പക്ഷെ, ഇന്നവന് അത് ആരുടേതാണെന്നറിയാതെ സമാധാനം കിട്ടുന്നില്ല. ഇനി അവളുടേതാണെങ്കിലോ? ആ പേരും പറഞ്ഞു അവളോട് സംസാരിക്കാമല്ലോ... (ഓരോരുത്തരുടെ അവസ്ഥകളേ...!)

അവനത് എടുത്തു നോക്കി - നല്ല വൃത്തിയായി പൊതിഞ്ഞു നെയിംസ്ലിപ് ഒക്കെ ഒട്ടിച്ചുവെച്ചിട്ടുണ്ട്. സഞ്ജുവിന് ആദ്യം ചിരിയാണ് വന്നത് - 'ഈ പൊതിയും നെയിംസ്ലിപ്പുമൊക്കെ നമ്മള് UP  ക്ലാസ്സിന്നേ വിട്ടതാണ്. കോളേജ് പിള്ളേരെ പറയിപ്പിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും!'

നെയിംസ്ലിപ്പിലെ പേര് നോക്കിയപ്പോൾ സഞ്ജുവിൻ്റെ മുഖഭാവം അല്പം ഒന്ന് മാറിയപോലെ - നസ്‌ല, അവൻ പ്രതീക്ഷിച്ച ആളുടേതല്ല. പക്ഷെ അവൻ്റെ ചിന്ത വേറെ വഴിക്കാണ് നീങ്ങിയത്. മുമ്പ് ശരത്തിൻ്റെയും പ്രവിയുടേയും കൂടെ ചർച്ച ചെയ്ത കാര്യങ്ങൾ അവൻ ഓർത്തെടുത്തു. അതെ, ഈ ബുക്ക് വെച്ച് ഒരു ഗോളടിപ്പിക്കണം, അതും ഫർഹാനെക്കൊണ്ട്. സഞ്ജു ആ ബുക്കും കൈയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങി.

തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുംപോലെയായിരുന്നു ഫർഹാൻ്റെ  വരവ്. ആ നേരത്തെ സഞ്ജുവിൻ്റെ ചിരിയൊന്ന് കാണേണ്ടതായിരുന്നു. സഞ്ജുവിനെ കണ്ടതും ഫർഹാൻ അവൻ്റെയടുത്തേക്ക് ഓടി വന്നു.

"എടാ... നിനക്കിവിടുന്നെവിടുന്നെങ്കിലും ഒരു നോട്ടുബുക്ക് കിട്ടിയിരുന്നോ? നസ്‌ലയുടെ? ഞങ്ങൾ ഇന്നലെ ഒരു മരചുവട്ടിലിരുന്നു പഠിച്ചതായിരുന്നു. അതിനു ശേഷം ആ ബുക്ക് കാണാനില്ലത്രേ..."

സഞ്ജു ചോദ്യത്തിന് ആദ്യം മറുപടിയൊന്നും പറഞ്ഞില്ല. അവന് ഒരേ സമയം ആശ്ചര്യവും ആഹ്‌ളാദവും തോണി. ദൈവം തനിക്കുവേണ്ടി എല്ലാം ചെയ്തുവെക്കുന്ന പോലെ...

"ടാ ... വല്ലതും പറ" - ഫർഹാൻ അവനെ പിടിച്ചൊന്നു കുലുക്കി. സഞ്ജു അപ്പോഴാണ് ഉണർന്നത്.

"ഇതല്ലേ...?" - ആ നോട്ടുബുക്ക് അവനു നേരെ നീട്ടി സഞ്ജു ചോദിച്ചു.

"അതെ... താങ്ക്സ് ടാ ", ഫർഹാൻ സന്തോഷം കൊണ്ട് സഞ്ജുവിനെ കെട്ടിപ്പിടിച്ചു. അവൻ്റെ കണ്ണുകളിൽ എന്തൊക്കെയോ മാറ്റം സഞ്ജു നിരീക്ഷിക്കുന്നുണ്ടായിരുന്നു. തൻ്റെ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായ പോലെ അവനു തോന്നി.

"ഒരു ബുക്ക് കിട്ടിയതിന് എന്തിനാ ഇത്രേം സന്തോഷം?" - സഞ്ജു കാര്യങ്ങളൊന്നു പുകയ്‌ക്കാൻ തന്നെ തീരുമാനിച്ചു. ആ ചോദ്യം കുറിക്കുകൊള്ളുന്നതു തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ് മറുപടി പറയാൻ ഫർഹാൻ അല്പം താമസിച്ചതും!

"അത്... ഒന്നുമില്ലെടാ... ഞാൻ കാരണം ബുക്ക് പോയില്ലല്ലോ എന്നതിൻ്റെ...", ഫർഹാൻ ഒരുവിധം മറുപടി കണ്ടെത്തി. സഞ്ജു അപ്പോഴേക്കും അടുത്ത വെടിയുതിർത്തു -

ഞാനൊരു കാര്യം പറയട്ടെ, നിങ്ങൾ രണ്ടുപേരും നല്ല മേച്ചാ... എന്താ പറയുക? ഈ മെയ്ഡ്  ഫോർ ഈച് അദർ എന്നൊക്കെ പറയുംപോലെ..." - ഇത് കേട്ടപ്പോൾ ഫർഹാൻ്റെ ഭാവമാറ്റം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. യാതൊരു സംശയവും വേണ്ട, ആ പറഞ്ഞത് അവൻ്റെ മനസ്സിനെ ശരിക്കും പിടിച്ചുലച്ചിട്ടുണ്ട്. കാരണം, അവൻ പ്രണയത്തിലാണ്... പക്ഷെ, അത് അത്ര പെട്ടന്നു സമ്മതിച്ചു തരാൻ മനസ്സില്ലായിരുന്നു.

"ഹേയ്... അങ്ങനെയൊന്നുമില്ലെടാ... ഞങ്ങൾ വെറും ഫ്രണ്ട്‌സ് മാത്രമാണ്" - ഫർഹാൻ്റെ മറുപടി ഇത്രയേ ഉണ്ടായിരുന്നുള്ളു. പക്ഷെ സഞ്ജു വിട്ടില്ല, അവൻ്റെ ഇരുതോളുകളിലും പിടിച്ചിട്ട് അവൻ പറഞ്ഞു - "നോക്ക്... വെറുതെ അതുമിതൊക്കെ പറഞ്ഞു സമയവും ജീവിതവും കളയാൻ നിൽക്കണ്ട, ഭാവിയിൽ ദുഖിക്കേണ്ടി വരും! ഇഷ്ടമാണെങ്കിൽ നീ ധൈര്യമായിട്ട് പറഞ്ഞോ... കാര്യം ശരിയാക്കാൻ ഞാനും നിന്നെ സഹായിക്കാം..."

സഞ്ജു ഇങ്ങനൊക്കെ പറഞ്ഞിട്ടും ഉള്ള സത്യം വാ തുറന്നു പറയാൻ ഫർഹാനെന്തോ മടിയുള്ള പോലെ. എന്നാലും അവനൊരു മൂളൽ മൂളി - തന്നെ പെണ്ണുകാണാൻ വന്ന ചെക്കനെ ഇഷ്ടമാണെന്നു പറയുന്നത് പോലെ. താഴ്ത്തി വെച്ചിരുന്ന തല മെല്ലെയൊന്ന് പൊക്കി ഒരു ചോദ്യവും - "നടക്കുമോ?"

"പിന്നല്ലാതെ... ഞങ്ങളൊക്കെയില്ലേ ഇവിടെ. നീ ഒന്നുകൊണ്ടും പേടിക്കേണ്ട, കാര്യങ്ങൾ ഞാൻ റെഡിയാക്കിത്തരാം...", സഞ്ജു അവനു ധൈര്യം കൊടുത്തുകൊണ്ടേയിരുന്നു. സ്വന്തം കാര്യം ശരിയാക്കാൻ കഴിവില്ലാത്തവനാണ് ഈ പറയുന്നതെന്ന സത്യം ഫർഹാനറിയില്ലല്ലോ... എന്നിട്ടും അവൻ്റെ സംശയം മാറിയില്ല - "ഉറപ്പല്ലേ?"

"നൂറുശതമാനം ഉറപ്പ്... നീ ആദ്യം ഈ ബുക്ക് കൊടുത്തു ഒരു പ്ലസ് പോയിന്റ് സമ്പാദിക്ക്...", സഞ്ജു ബുക്ക് നീട്ടി. അതും വാങ്ങിച്ചു ഫർഹാൻ നടക്കാൻ തുടങ്ങി. കുറച്ചു നടന്നശേഷം അവനൊന്നു നിന്ന്, തിരികെ ഓടിവന്ന് സഞ്ജുവിനെ കെട്ടിപ്പിടിച്ചു ഒരുമ്മയും വെച്ച് കൊടുത്തു. എന്നിട്ട് വീണ്ടും തിരിച്ചു നടന്നു.

"അയ്യേ..." - സഞ്ജു ചുറ്റിലും നോക്കി - ഭാഗ്യം, ആരും കണ്ടില്ല!


------------------------------


ഗ്രൗണ്ടിൽ ആരൊക്കെയോ ഫുട്ബാൾ കളിക്കുന്നത് നോക്കിനിൽക്കുകയായിരുന്നു സഞ്ജു. കൂട്ടിനു സുഗേഷുമുണ്ട്. പെട്ടന്നാണ് ഫർഹാൻ അവൻ്റെ അടുത്തേക്ക് ഓടി വന്നത്.

"എടാ, ഒരു ഹെല്പ് വേണം"

"എന്ത്?"

"8129499191 - ഈ നമ്പർ കുറേ ദിവസമായിട്ട് നസ്‌ലയെ വിളിച്ചു ശല്യപ്പെടുത്തുന്നു . അവനെയൊന്ന് ഒതുക്കണം. എൻ്റെ ഇമേജിൻ്റെ പ്രശ്നമാ ..."

"അത്രയേ ഒള്ളൂ? നമ്പർ താ..."

സഞ്ജു ആ ഫോൺ വാങ്ങി. ഈ സമയത്താണ് അശ്വതി അവിടേക്കു വന്നത്. ആ നമ്പർ അവളെ കാണിച്ചിട്ട് ഒരു ഓർഡർ കൊടുത്തു - "ഈ ആളെ ഒന്ന് കണ്ടുപിടിച്ചു തരണം..."

അശ്വതിക്ക് കാര്യം എളുപ്പമാണെന്ന് തോന്നുന്നു, യാതൊരു കൂസലുമില്ലാതെ അവൾ തൻ്റെ ഫോണെടുത്തു നമ്പർ ഡയൽ ചെയ്തു. അവിടെ ഫോണെടുത്ത ഉടനെ,

"ഹലോ... ഇത് സൂര്യ ടീവിയിലെ പുതിയ പ്രോഗ്രാമായ 'ലക്കി നമ്പറിൽ' നിന്ന് ശരണ്യയാണ് വിളിക്കുന്നത്. ആരാണ് സംസാരിക്കുന്നത്?"

"ഞാൻ... ഞാൻ... അരുൺ"

"ഓ അരുൺ... സ്വീറ്റ് നെയിം... പുതിയ പ്രോഗ്രാം ആയതുകൊണ്ട് കാര്യങ്ങളൊന്നും മനസ്സിലായിക്കാണില്ല. ഞങ്ങളുടെ എപ്പിസോഡിൻ്റെ  അവസാനം ഞങ്ങളൊരു ലക്കി ഫോൺ നമ്പർ തിരഞ്ഞെടുക്കും... അതിലെ ആൾക്ക് ഗിഫ്റ് അയച്ചുകൊടുക്കും... സോ ... ഇന്നത്തെ വിന്നർ താങ്കളാണ്, കൺഗ്രാറ്സ് അരുൺ!

'ശരണ്യ' യുടെ വാചാലതയിൽ വീണുപോയ അരുണിനൊക്കൊണ്ട് അവൾ പാട്ടുവരെ പാടിപ്പിച്ചു. ചുറ്റുള്ളവർ വളരെ പാടുപെട്ടാണ് അവരുടെ ചിരി നിയന്ത്രിച്ചത്. കൂടുതൽ നീണ്ടുപോയാൽ പരിപാടി കുളമാകുമോ എന്ന് പേടിച്ചിട്ടായിരിക്കും അശ്വതി, സോറി 'ശാരണ്യ' നാടകം നിർത്താൻ തീരുമാനിച്ചത് -

"ഓക്കേ അരുൺ, താങ്ക്സ് എ ലോട്ട്... പരിപാടിയുടെ സമയം ഏതാണ്ട് തീരാറായി. അപ്പോൾ അരുൺ ഇനി ചെയ്യേണ്ടത് ഇത്രമാത്രം - താങ്കളുടെ അഡ്രസ്സ് ഞങ്ങൾക്ക് മെസ്സേജ് അയക്കുക, ഗിഫ്റ് എത്തിക്കണ്ടേ..."

"ശരി അയക്കാം... ഈ പ്രോഗ്രാമിൻ്റെ സമയം ഒന്ന് പറഞ്ഞു തരുമോ?"

"തിങ്കൾ മുതൽ വെള്ളിവരെ രാത്രി പത്തു മണിക്ക്. എന്നാൽ ബൈ അരുൺ..."

"ഓക്കേ, ബൈ"

ഫോൺ വെച്ചതും എല്ലാവരും കൂടി കഷ്ടപ്പെട്ട് പിടിച്ചുവെച്ചിരുന്ന ചിരി പുറത്തുവന്നു - അതൊരു കൂട്ടച്ചിരിയായി...

നസ്‌ല  അപ്പോഴാണ് സദസ്സിലേക്ക് വന്നത്. അപ്പോൾ തന്നെയാണ് അരുണിൻ്റെ മെസ്സേജ് വന്നതും. അതെടുത്തു നസ്‌ലയെ കാണിച്ചു, മൂപ്പരുടെ മുഴുവൻ അഡ്രെസ്സുമുണ്ട് . എന്തായാലും ഇവിടെ അടുത്തൊന്നുമുള്ള ആളല്ല.

"ഇത്ര വേഗം ആളെ കിട്ടിയോ?" - നസ്‌ലക്കു അത്ഭുതം.

"ഞങ്ങള് വിചാരിച്ചാൽ നടക്കാതിരിക്കുമോ...", ഫർഹാൻ ഗോളടിച്ചു!

അശ്വതി കാര്യങ്ങളൊക്കെ നസ്‌ല ക്കു വിശദീകരിച്ചു. അവൾക്കും ചിരിയടിക്കാൻ കഴിഞ്ഞില്ല.

"അപ്പോൾ ഞാൻ ചെയ്യേണ്ടത് ചെയ്തു. ഇനി നോക്കേണ്ടത് നിങ്ങൾ ആണുങ്ങളാണ്" - അശ്വതി സഞ്ജുവിനേയും മറ്റുമൊക്കെ നോക്കിയിട്ട് പറഞ്ഞു.

"സഞ്ജു... തുടങ്ങിക്കോ... ഒന്നും നോക്കണ്ട, തീരത്തേക്ക്...", സുഗേഷ്  അവനു ആവേശം നൽകി.

കുപ്പായത്തിൻ്റെ കൈയ്യൊക്കെ മടക്കിവെച്ചു സഞ്ജു ഒരുങ്ങി, അവൻ ആ നമ്പർ ഡയൽ ചെയ്തു. ഫോണെടുത്ത ശേഷം - "ഹാലോ... ആ അരുണല്ലേ?". 'അതെ ' എന്ന് മറുപടി കിട്ടിയ ഉടനെ - "ടാ റാസ്കൽ... ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ മകളെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്താൻ ആരാടാ പട്ടീ നിനക്ക് ലൈസൻസ് തന്നത്?" - അതൊരു തുടക്കം മാത്രമായിരുന്നു.

ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ ഗെറ്റപ്പിൽ സഞ്ജു ശരിക്കും തകർത്തു. ആ അരുണിൻ്റെ ഒരവസ്ഥ! എല്ലാം കേട്ട് ആവിയായി പോയിട്ടുണ്ടാകും. എല്ലാം കഴിഞ്ഞു അരുണോന്നു വാ തുറന്നു - "സർ... സാറിൻ്റെ മകളുടെ പേരൊന്നു പറഞ്ഞിരുന്നെങ്കിൽ... അല്ല, ഒന്നും ഉണ്ടായിട്ടല്ല... ഞാൻ വിളിക്കുന്നതിൽ ഏതാണ് സാറിൻ്റെ മകളെന്നു മനസ്സിലാകാനിട്ടാ..."

'ഇവന് തീരെ വിവരമില്ലലോ...' - അരുണിൻ്റെ സംസാരം  കേട്ടിട്ട് സഞ്ജുവിന് അങ്ങനെയാണ് തോന്നിയത്. എന്നാലും അവൻ വിട്ടില്ല - "ഓഹോ... അപ്പോൾ ഇത് സ്ഥിരമാണല്ലേ... എന്നാ ഈ കേസ് ഇതിലൊന്നും ഒതുങ്ങില്ല... നിന്നെയൊക്കെ ലോക്കപ്പിൽ കയറ്റി രണ്ടെണ്ണം തരണം, എന്നാലേ നീയൊക്കെ പഠിക്കു ...". ഇതുകേട്ട് അരുൺ ശരിക്കും പേടിച്ചെന്നു തോന്നുന്നു - "അയ്യോ സർ... നിർത്തി... എല്ലാം നിർത്തി... ഞാനിനി ഈ ജന്മത്തിൽ പെണ്ണുങ്ങളെ വിളിക്കില്ല". സഞ്ജുവിന് മതിയായി - "ഇനി അങ്ങനെ വല്ലതും ഒപ്പിച്ചാൽ... നിൻ്റെ ചെവിക്കല്ല് ഞാൻ അടിച്ചു തെറിപ്പിക്കും... കേട്ടോടാ... എന്നാ വെച്ചിട്ടു പോ... " എല്ലാം കഴിഞ്ഞ ശേഷം അശ്വതിയിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചു - ഒരുത്തനിട്ടു പണി  കൊടുത്തപ്പോൾ എന്തൊരാശ്വാസം!!

അടുത്തത് സുഗേഷിൻ്റെ ഊഴമായിരുന്നു. അവൻ ഫോണെടുത്തു കുറച്ചപ്പുറത്തേക്കു മാറി നിൽക്കാൻ തുടങ്ങി.

"നീയെന്താ അങ്ങോട്ട് പോകുന്നത്? ഇവിടുന്ന് പറ...", അവനാകുമ്പോൾ കുറച്ചു കൂടി സ്റ്റാൻഡേർഡ് കൂടുമെന്നു സഞ്ജുവിനറിയാം. "അതുവേണ്ട... ഞാനൊരു ഗുണ്ടയായിട്ടാ വിളിക്കാൻ പോകുന്നത്, കുറച്ചു പച്ചമലയാളം ഉപയോഗിക്കേണ്ടിവരും!" - സഞ്ജുവിന് കാര്യം മനസ്സിലായി.

"ഗുണ്ടയുടെ പെങ്ങളോ?... ഇവളെ അത്രയ്ക്ക് ലോക്കലാക്കണോ ?" - നസ്‌ലയെ ചൂണ്ടി സഞ്ജുവൊന്നു ആക്കി.

"അത് ഞാനായിട്ട് ആക്കേണ്ട കാര്യമില്ലല്ലോ...", സുഗേഷിൻ്റെ മറുപടി കേട്ട് നസ്‌ല മുഖം കൂർപ്പിച്ചു, ബാക്കിയുള്ളവർ ചിരിക്കാനും തുടങ്ങി. എന്തായാലും സുഗേഷ് ഒരു പത്തിരുപത് മിനുട്ട് വെടിക്കെട്ട് നടത്തിയ ശേഷമാണ് ഫോൺ വെച്ചത്.

ഇവിടെയിനി ഒന്നും ചെയ്യാത്തത് ഫർഹാൻ മാത്രമേയുള്ളു. അവനത് കുറച്ചിലായി, നസ്‌ലയുടെ കാര്യമായതുകൊണ്ട് പ്രത്യേകിച്ചും!

"ഇനി ഞാനൊരു ഡോസ് കൂടി കൊടുക്കാം...", ഫർഹാൻ ഫോണെടുത്തു.

"നീ എന്താ പറയാൻ പോകുന്നത്?" - അവൻ ചളമാക്കുമോ എന്നൊരു പേടി സഞ്ജുവിന് ഇല്ലാതില്ല.

"അതൊക്ക കണ്ടോ..." - പൂരം കാണുക തന്നെ വേണമെന്ന രീതിയിൽ ഫർഹാൻ.

"ഞാൻ കെട്ടാൻ പോകുന്ന പെണ്ണിൻ്റെ ഫോണിലേക്ക് വിളിച്ചു ശല്യപ്പെടുത്താൻ ആരാടാ നിനക്ക് ധൈര്യം തന്നത്?" - അവൻ്റെ ആദ്യത്തെ ഡയലോഗ് തന്നെ ബാക്കിയുള്ളവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു. അവൻ ഗോളടിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സീസർ കട്ടിലൂടെ ആകുമെന്ന് വിചാരിച്ചില്ല. തുടക്കത്തിലെ ഡയലോഗ് പോലെത്തന്നെയായിരുന്നു ഫോൺ വിളിച്ചു തീരുന്നത് വരെയും - "ഇനി മേലാൽ എൻ്റെ പെണ്ണിനെ വിളിച്ചാൽ നിൻ്റെ കൈ ഞാൻ വെട്ടും... പറഞ്ഞേക്കാം..."

എല്ലാവരും തരിച്ചിങ്ങനെ നിൽക്കുകയാണ്. നസ്‌ലയുടെ മുഖത്തു ആദ്യം ഞെട്ടലിൻ്റെ ഭാവമായിരുന്നെങ്കിൽ പിന്നീടത് ചമ്മലിലേക്ക് മാറി. എന്താണ് ചെയ്യേണ്ടതെന്നു അവൾക്കറിയില്ലായിരുന്നു.

ഫോൺ വെച്ച ശേഷം ഫർഹാൻ അവൾക്കു നേരെ തിരിഞ്ഞു - "നിനക്ക് വല്ല പ്രശ്നവുമുണ്ടോ?" - ആ ചോദ്യത്തിന് മുന്നിലും അവളാദ്യം പകച്ചു. പിന്നീട് അതൊരു ചിരിയിലേക്ക് മാറി, 'ഇല്ല ' എന്ന് ആംഗ്യം കാണിച്ചു, ഒപ്പം അവനോടൊരു താങ്ക്സ് കൂടി പറഞ്ഞു തിരിച്ചു നടന്നു.

"ഓഹോ... അപ്പോൾ താങ്ക്സ് അവനു മാത്രമേ ഒള്ളൂ ലേ... നമ്മളെല്ലാം ശശി" - സുഗേഷ് അവൾ കേൾക്കെ ഒരു ഡയലോഗ് വീശി - അവൾ പുഞ്ചിരിയോടെ ഒന്ന് തിരിഞ്ഞു നോക്കി, എന്നിട്ട് വീണ്ടും തിരിഞ്ഞു നടന്നു - യാതൊരു സംശയവും വേണ്ട, അവരുടെ കാര്യം 'OK'.

അക്കാര്യത്തിൽ സന്തോഷമുണ്ടെങ്കിലും സഞ്ജുവിന് ആകെ കൺഫ്യൂഷൻ - "ബാക്കി ഒരു കാര്യത്തിലും ധൈര്യമില്ലാത്തവന് വരെ ഇക്കാര്യത്തിൽ ഒടുക്കത്തെ തൊലിക്കട്ടി... വേറെ എന്തിനും മുന്നിൽ നിൽക്കുന്ന തനിക്ക് ഇക്കാര്യത്തിൽ ഒന്ന് വാ തുറക്കാൻ പോലും പറ്റുന്നില്ല.

"അതെന്താ പടച്ചോനേ അങ്ങനെ??!"


------------------------------


മെസ്സിൽ നിന്ന് വളരെ വൈകിയാണ് സഞ്ജു ഭക്ഷണം കഴിച്ചിറങ്ങിയത്. അവനിപ്പോൾ അത്ര ഉഷാറില്ല. ഇരുവശത്തും പച്ചപുതച്ച കോളേജ് റോഡിലൂടെ അവൻ ചുമ്മാ നടന്നു. അപ്പോഴാണ് എതിരേ ഫർഹാനും നസ്‌ലയും വരുന്നത് കണ്ടത്. അവരിപ്പോൾ എപ്പോഴും ഒരുമിച്ചാണ്. രണ്ടുപേരും സഞ്ജുവിനോട് ഒന്ന് ചിരിച്ചു, അവൻ തിരിച്ചും. പാവം സ്വന്തം ആളോടൊപ്പം  തനിച്ചു നടക്കാൻ വേണ്ടിയാ ഇവരെ ഒരുമിപ്പിച്ചത്. ഇപ്പോൾ ഇവർ രണ്ടുപേർ ഒരുമിച്ചു നടക്കും, ബാക്കി രണ്ടുപേർ രണ്ടു വഴിക്കും നടക്കും...

പറഞ്ഞു നാക്കെടുത്തില്ല, വരുന്നുണ്ട് രണ്ടുപേർ - സലീനയും ഫിദയും. സഞ്ജു ഒന്നിനും നില്കാതെ തലതാഴ്ത്തി നടന്നു. "എന്താ സഞ്ജു... ഒരു മൈൻഡും ഇല്ലല്ലോ... ഒന്നുമില്ലെങ്കിലും ഒരുമിച്ചു പഠിക്കുന്നവരല്ലേ നമ്മൾ?"
അപ്രതീക്ഷിതമായി കിട്ടിയ അവസരം സഞ്ജു മുതലാക്കി - "അതൊക്കെ ഇപ്പോൾ  ഒരു ഫാഷനല്ലേ... പത്തുകൊല്ലം ഒരുമിച്ച് പഠിച്ചവർ വരെ മിണ്ടാറില്ല, പിന്നെയാ ഒരുവർഷം പോലുമാകാത്ത നമ്മള്!" - സഞ്ജുവിൻ്റെ  ആ മറുപടി ഒരു പോയിന്റ് തന്നെയായിരുന്നു. അത് കുറിക്കുകൊള്ളുകയും ചെയ്തു. അതുകൊണ്ടാണ് തിരിച്ചു യാതൊരു മറുപടിയും ലഭിക്കാതിരുന്നത്.

കുറേ ദിവസമായിട്ട് പന്ത് ഗോൾപോസ്റ്റിനെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പോകുന്നു, ഇന്നാണ് ഒന്നെങ്കിലും വലയിലാക്കാൻ കഴിഞ്ഞത്. അതിൻ്റെ  സന്തോഷത്തിൽ (മുന്നിലുണ്ടായിരുന്ന കല്ലൊക്കെ നല്ല സ്റ്റൈലിൽ തട്ടിയകറ്റി) നടക്കുമ്പോഴാണ് എതിരേ സുഗേഷ് വന്നത് - "നീ എങ്ങോട്ടാ?", സഞ്ജുവിൻ്റെ ചോദ്യം. "ഫിസിയോളജി ലാബിലോട്ട്...", സുഗേഷിൻ്റെ മറുപടി കേട്ടപ്പോഴാണ് സഞ്ജു അക്കാര്യം ഓർത്തത് - "എന്റമ്മോ... ഇന്ന് ലാബുണ്ടായിരുന്നോ? വെറുതെയല്ല എല്ലാരും അങ്ങോട്ട് പോകുന്നത്", സഞ്ജു പെട്ടന്ന് ഹോസ്റ്റലിലോട്ട് ഓടി.


------------------------------


ഫിസിയോളജി ലാബ് - വൈകിയാണെങ്കിലും സാറിനെ കാണാതെ സഞ്ജു അകത്തു കയറിക്കൂടി. സലീനയുടെ തൊട്ടടുത്ത് സീറ്റ് ഒഴിഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അവിടെയിരിക്കാൻ മടിച്ചില്ല, കാരണം അവളുടെ അപ്പുറത്തു ഫിദയുണ്ട്. അവനിപ്പോൾ എവിടുന്നോ കുറച്ചു ധൈര്യം കിട്ടിയപോലെ. സലീനയാണെങ്കിൽ സഞ്ജുവിനോട് വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കും.

ഇന്ന് ഹീമറ്റോളജിയാണ് വിഷയം അഥവാ രക്തസാമ്പിളിലെ ഇൻഗ്രീഡിയന്റ്സിനെ കണ്ടെത്താനുള്ള ടെസ്റ്റും മറ്റുമൊക്കെ. അതിന് ആദ്യം സ്വന്തം ബ്ലഡ് എടുക്കാൻ പഠിക്കണം. ഇതുകേട്ടപ്പോൾ സലീനയുടെ മുഖം വാടി, പ്ലസ് ടുവിൽ ഇതേ കാര്യം ചെയ്തപ്പോൾ അവൾ ബോധം കേട്ടതാണത്രേ. ഇതുകേട്ടിട്ട്  സഞ്ജുവിന് ചിരിയടക്കാൻ കഴിഞ്ഞില്ല -

"ഇതാണ് ഈ പെൺകുട്ടികളുടെ കുഴപ്പം, ആത്മധൈര്യം വളരെ കുറവാ... ഞങ്ങൾ ആണുങ്ങളെ കണ്ടുപഠിക്കണം, എല്ലാം കൂൾ ആയിട്ട് നേരിടും", കളിയാക്കാൻ കിട്ടിയ അവസരം സഞ്ജു മുതലാക്കി.

"സ്വന്തം മനസ്സിലുള്ളത് മറ്റൊരാളോട് തുറന്നു പറയാനുള്ള ധൈര്യമില്ല, എന്നിട്ടാ  ആണത്തം വീമ്പ് പറഞ്ഞു നടക്കുന്നത്", ഇത് പറഞ്ഞത് സലീനയല്ല, സാക്ഷാൽ ഫിദ! സഞ്ജു ഞെട്ടലോടെയാണ് അത് കേട്ടത്. അവനൊരിക്കലും പ്രീതീക്ഷിക്കാത്ത കാര്യമായിരുന്നു അത്. ഞെട്ടൽ മാറും മുമ്പേ ആരോ മുന്നിൽ നിന്നും വിളിക്കുന്നത് കണ്ടു. മറ്റാരുമല്ല, ഫിസിയോളജി സാറാണ്. സാറിന് ഒറ്റക്കാര്യമേ പറയാനുണ്ടായിരുന്നുള്ളു -
"യൂ ത്രീ... ഗെറ്റ് ഔട്ട്!!"

ഇവിടുത്തെ സാറുമാരെല്ലാം ഇങ്ങനെയാണോ??


------------------------------


അലാറമൊന്നും വെച്ചില്ലെങ്കിലും ഇന്നവൻ നേരത്തേ തന്നെ എഴുന്നേറ്റു. കാരണം ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു - ഫെബ്രുവരി 14. പ്രണയദിനം എന്നതിലുപരി തൻ്റെ ഭാവി നിർണ്ണയിക്കാൻ സഞ്ജു തിരഞ്ഞെടുത്ത ദിവസം എന്ന പ്രത്യേകത. അത് എത്രത്തോളം ഫലവൃത്താകും എന്നവന് അറിയില്ല. എന്നാലും ഇതിനൊരു അന്ത്യം വേണം, അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും സഹിക്കാനുള്ള നെഞ്ചുറപ്പ് സഞ്ജു ഉണ്ടാക്കി വെച്ചിട്ടുണ്ട്. കാരണം ഇനി കാത്തിരിക്കാൻ അവനു പറ്റില്ല.

വാലെന്റൈൻസ് ഡേ - ഇക്കാലമത്രയും കുളിക്കാത്തവരൊക്കെ ഇന്നു കുളിച്ചെന്നു വരും. പൗഡർ, സ്പ്രേ... തുടങ്ങി അണിഞ്ഞൊരുങ്ങാൻ എന്തൊക്കെ വേണോ അതൊക്കെ ശരീരത്തിലുണ്ടാകും. കടം വാങ്ങിച്ചാണെങ്കിലും നല്ല ഷർട്ടും ഷൂവുമൊക്കെ ഒപ്പിക്കും. പക്ഷെ സഞ്ജു ഇതിനൊന്നും നിന്നില്ല. അവളവനെ കാണാൻ തുടങ്ങിയിട്ട് കൊല്ലങ്ങൾ കുറേയായി. അതുകൊണ്ട് തന്നെ ഈ ഒരൊറ്റ ദിവസത്തെ കാഴ്ചയിലൊന്നും അവളുടെ മനസ്സിനെ മാറ്റാൻ കഴിയില്ലെന്ന് അവനു നന്നായറിയാം. എന്നാലും അവൻ നല്ലൊരു ഗിഫ്റ് വാങ്ങിച്ചു - വെള്ളനിറത്തിൽ ഹൃദയത്തിൻ്റെ  ചിഹ്നത്തിലുള്ള ഒരു കീ ചെയിൻ. അതിൽ ഇങ്ങനെ എഴുതിയിരുന്നു - Heart to you...

സഞ്ജു നേരത്തേ തന്നെ കോളേജിലെത്തി. പ്രതീക്ഷിച്ച പോലെ സലീനയും ഫിദയും അവിടെയുണ്ടായിരുന്നു. സഞ്ജു നേരെ ഫിദ യ്ക്ക് മുന്നിൽ ചെന്നു, എന്നിട്ടൊരു ഡയലോഗ് - 'എനിക്ക് നിന്നോട് തനിച്ചു സംസാരിക്കണം '. അപ്രതീക്ഷിതമായ ആ വരവും സംസാരവും കണ്ണുകളിലെ ദൃഡതയും  എല്ലാം കണ്ടു അന്തംവിട്ടു നിൽക്കുകയാണ് ഫിദയപ്പോൾ. കാര്യം മനസ്സിലാക്കിയ സലീന ഉടനെത്തന്നെ മാറിക്കൊടുത്തു. സലീന പുറത്തേയ്ക്ക് പോയ ഉടനെ സഞ്ജു തൻ്റെ ഗിഫ്റ്റെടുത്തു അവൾക്കു നേരെ നീട്ടി  - "എനിക്കിന്ന് ഒരു മറുപടി വേണം". ആ ഗിഫ്റ് കണ്ടതും ഫിദ എന്തു ചെയ്യണമെന്നറിയാതെ പകച്ചു. രണ്ടുപേരും കുറച്ചു നേരം കണ്ണോടു കണ്ണ് നോക്കിയിരുന്നു. അവസാനം മെല്ലെ ഫിദ അവൻ്റെ കയ്യിലുണ്ടായിരുന്ന ഗിഫ്റ് വാങ്ങിച്ചു, അത് നെഞ്ചോട് ചേർത്തു. സഞ്ജുവിൻ്റെ കണ്ണുകൾ വിടർന്നു, സന്തോഷം കൊണ്ട് അവന് എന്തു ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ഒന്നുറക്കെ വിളിച്ചു കൂവാൻ അവനു തോന്നി.

പക്ഷെ എല്ലാം അവസാനിച്ചത് പെട്ടന്നായിരുന്നു. ഫിദ അവൻ്റെ കൈ പിടിച്ചു ഒരു കാര്യം പറഞ്ഞു - "പക്ഷെ... ഈ മാസം മുപ്പതിന് എൻ്റെ നിക്കാഹാണ്. ഞാനെന്തു ചെയ്യും?"

ഒരാൾക്ക് ഒരേ സമയം രണ്ടു ഹാർട്ട് അറ്റാക്ക് വന്നാൽ എന്തായിരിക്കും അവസ്ഥ?  സഞ്ജു പിന്നെ അവിടെ നിന്നില്ല. അവൻ ക്ലാസിനു പുറത്തേക്ക് ഇറങ്ങി. അവൻ്റെ കണ്ണുകൾ കലങ്ങിയിരുന്നു, കൈകൾ വിറക്കുന്നുണ്ടായിരുന്നു.

പടികൾ മെല്ലെ മെല്ലെ ഇറങ്ങുമ്പോഴാണ് മുന്നിൽ അശ്വതി നിൽക്കുന്നത് കണ്ടത്. പെട്ടന്ന് തന്നെ ഒരു നിരാശാ കാമുകൻ്റെ മുഖഭാവത്തിൽ നിന്ന് ഒരു സുഹൃത്തിൻ്റെ ചിരിയിലേക്ക് സഞ്ജു മാറി, മാറ്റിയെടുത്തു - ബോയ്സിൻ്റെ  ഏറ്റവും വലിയ പ്ലസ് പോയിന്റ് അതാണല്ലോ... വികാരങ്ങൾ അടക്കിപ്പിടിക്കാൻ അവർക്കു പ്രത്യേക കഴിവ് ദൈവം കൊടുത്തു. ഒരായിരം കണ്ണുനീർ തുള്ളികൾ പുറത്തുവരാനുള്ള ത്വരണ കാട്ടിയാലും അതിനെയെല്ലാം അണക്കെട്ട് ഉണ്ടാക്കി പിടിച്ചു നിർത്താനുള്ള കഴിവ്, അത് ചങ്കിനെ എത്ര അമർത്തി പിടിച്ചിട്ടാണെങ്കിലും ശരി.

"എടാ, ഈ മാസം ഇരുപത്തി ഒൻപതിന് എൻ്റെ ബർത്ഡേയാണ്. വീട്ടിൽ ചെറിയൊരു പാർട്ടിയുണ്ട്. നീ വരണം. ഓക്കേ?", അശ്വതിക്ക് പറയാനുള്ളത് അതായിരുന്നു. 'ഓക്കേ' എന്ന് മറുപടി കൊടുത്തു സഞ്ജു പോകാനൊരുങ്ങുമ്പോൾ അശ്വതി വിളിച്ചു - "ടാ ... നാലു വർഷത്തിലൊരിക്കൽ കിട്ടുന്ന സൗഭാഗ്യമാ... നീ മറക്കരുത്", സഞ്ജു അതിനും തലയാട്ടിയതേയുള്ളൂ. പെട്ടന്നാണ് സഞ്ജു അക്കാര്യമോർത്തത്. അവൻ തിരിഞ്ഞു അശ്വതിയെ വിളിച്ചു - "നീ എന്താ ഇപ്പൊ പറഞ്ഞത്?"

ആ ചോദ്യം കേട്ടിട്ട് അശ്വതിയും ഒന്ന് പകച്ചുപോയി - "നാലു വർഷത്തിലൊരിക്കൽ ഉള്ളതാണെന്ന്... ഇത് ഫെബ്രുവരിയല്ലേ മാസം..."

'അപ്പോ ഈ മാസം മുപ്പതിന് എങ്ങനെ നികാഹ്... പച്ചക്കള്ളം... എടീ...', സഞ്ജുവിൻ്റെ മുഖം പതിയെ ചിരിയിലേക്കു വീണു, അവൻ്റെ ഹൃദയത്തിൽ ഇതളിട്ട സ്പന്ദനങ്ങൾ അതിൽ പ്രതിഫലിച്ചു. അശ്വതി ഒന്നും മനസ്സിലാകാതെ പകച്ചു നിൽകുമ്പോൾ അവൾക്കൊരു 'താക്സ് ' കൊടുത്തിട്ട് സഞ്ജു മുകളിലേക്ക് ഓടിക്കയറി. രണ്ടാം നിലയിൽ തന്നെ അവനവളെ കണ്ടു, ഫിദയെ. അവൻ സമ്മാനിച്ച ഗിഫ്റ്റും കയ്യിൽ പിടിച്ചുകൊണ്ട്, അവനെ പ്രതീക്ഷിച്ച പോലെ...

"അപ്പൊ എൻ്റെ നിക്കാഹിനു വരില്ലേ?", - ഒരു ചെറുചിരിയോടെ അവൾ ചോദിച്ചു.

"പിന്നല്ലാതെ... ചെക്കനില്ലാതെ എന്തു നിക്കാഹ്!"


------------------------------



ഏതോ ഒരു സ്വപ്നത്തിൽ നിന്ന് വിളിച്ചുണർത്തിയ  പോലെയായിരുന്നു അശ്വതിൻ്റെ മുഖമപ്പോൾ... അവൻ കുറേ നേരം അതിലങ്ങു ലയിച്ചുപോയി... 'തൻ്റെ ജീവിതത്തിൽ അങ്ങനെ വല്ല സീനിനും ചാൻസുണ്ടോ? എവിടുന്ന്...', ഒരു നിമിഷം അവനതും ആലോചിച്ചുപോയി. പിന്നെ അതങ്ങു വിട്ടു.

"അപ്പോൾ ഡോക്ടർ തോറ്റില്ലേ... കഥ തീർന്നല്ലോ... എനിക്കിനിയും ഒരു ദിവസം കൂടി ബാക്കിയുണ്ട്"

          "അതിനു കഥ തീർന്നെന്നു ആര് പറഞ്ഞു?", ഡോക്ടറും വിട്ടില്ല.
"പിന്നല്ലാതെ... അവർക്കു പരസ്പരം ഇഷ്ടമായില്ലേ... അവർ ഒന്നിച്ചില്ലേ... ഇനി ഡോക്ടറുടെ അടവ് ഞാൻ പറഞ്ഞു തരാം, കഥ ഇനിയും പറയാനുണ്ടെന്ന് പറഞ്ഞിട്ട് നാളെ വൈകി വരും, എന്നിട്ട് 'സോറി' എന്നൊക്കെ പറഞ്ഞു എന്നോട് ആദ്യം ഇഞ്ചക്ഷൻ എടുപ്പിക്കും..."

          "ഹും ... നിനക്ക് കുറച്ചെങ്കിലും ബുദ്ധിയുണ്ടെന്നാ ഞാൻ കരുതിയത്. എടാ നമ്മുടെ നാട്ടിൽ രണ്ടുപേർ പരസ്പരം ഇഷ്ടപ്പെട്ടാൽ മാത്രം എല്ലാം തികഞ്ഞോ?"
"പിന്നെ? അതല്ലേ പ്രധാനം?"

          "അത് പ്രധാനമൊക്കെ തന്നെ. പക്ഷെ, അത് കല്യാണം എന്ന മഹാപ്രതിഭാസത്തിലേക്ക് എത്തിച്ചേരണമെങ്കിൽ ഒട്ടേറെ കടമ്പകളുണ്ട്... എസ്പെഷ്യലി റിലേറ്റീവ്സ്..."
"ഓ... ഞാനതു മറന്നു. അവിടെയും 'പേരെന്റ്സ് എഫ്ഫക്റ്' ഉണ്ടല്ലോ... എല്ലാത്തിലും രസംകൊല്ലിയായി അവരുണ്ടാകും "

"നമുക്ക് നോക്കാം...", ഡോക്ടർ അത്രയേ മറുപടി കൊടുത്തുള്ളൂ. അപ്പോഴാണ് ലേഡി ഡോക്ടർ അകത്തേക്ക് വന്നത്. ഇത്തവണ കോട്ടും സ്റ്റെതെസ്കോപ്പും ഒന്നുമില്ല. പകരം നല്ല ഭംഗിയുള്ള സാരിയും മഫ്തയും ധരിച്ചിരുന്നു. കേറിയ ഉടനെ ഡോക്ടറോട് വാച്ചിലേക്ക് ചൂണ്ടിയിട്ട് 'ടൈം കഴിഞ്ഞെന്ന്' തിരിച്ചു കാണിച്ചു.

"പിന്നെ ടൈം ആകുമ്പോൾ സിസ്റ്റർ ഇഞ്ചക്ഷൻ തരും, അപ്പോൾ പണി തരരുത് ... പ്ളീസ്..."

അശ്വത് ചിരിച്ചുകൊണ്ട് 'ഓക്കേ' എന്ന് പറഞ്ഞു.

"അപ്പോൾ ബൈ അശ്വത് , എനിക്കിന്ന് നേരത്തേ ഇറങ്ങണം... നാളെ കാണാം...", ഡോക്ടർ അശ്വതിനോട് യാത്ര പറഞ്ഞു പുറത്തേയ്ക്ക് നടന്നു. ഇതിനിടയിൽ "ഞാൻ 244ലെ പേഷ്യന്റിനെ കൂടി കണ്ടിട്ടു വരാം" എന്നീ ലേഡി ഡോക്ടറോട് പറഞ്ഞു. "വേഗം വരണേ..." എന്ന് പറഞ്ഞപ്പോൾ വരാമെന്നു ഡോക്ടർ സമ്മതിച്ചു.

"മാഡം...", അശ്വതാണ് ലേഡി ഡോക്ടറെ വിളിക്കുന്നത്.

          "യെസ് ...", അവരവൻ്റെ അടുത്തേക്ക് ചെന്നു
"ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?"

          "നീ ചോദിക്ക്, എന്നിട്ടു നോക്കാം...", ഡോക്ടർക്ക് കൺഫ്യൂഷൻ.
"നിങ്ങൾ ഭാര്യാഭർത്താക്കന്മാരാണോ?"

ആ ചോദ്യം കേട്ടയുടനെ ഒരു ചിരിയാണ് മറുപടി കിട്ടിയത്.

          "അതെന്താ ഇപ്പോൾ അങ്ങനെ തോന്നാൻ...?"
"ഇപ്പോൾ തോന്നിയതൊന്നുമല്ല... നിങ്ങളിതുവരെ ഡോക്ടറെ 'സാറ് ' എന്ന് വിളിക്കുന്നത് കേട്ടിട്ടില്ല, അതുപോലെ തിരിച്ചും. പിന്നെ... ആദ്യം ഞാൻ പറഞ്ഞതു സത്യമാണോ എന്ന് പറ..."

          "നൂറു ശതമാനം സത്യമാണ്... എന്താ പോരേ ?", ലേഡി ഡോക്ടർ അവൻ്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.
"നിങ്ങൾ രണ്ടുപേർക്കുമിടയിൽ നല്ല ചേർച്ചയുണ്ട്"

          "ആണോ... ആക്കിയതാണെങ്കിലും അതെനിക്ക് ഇഷ്ടപ്പെട്ടു", അശ്വതിൻ്റെ ഡയലോഗ് കോപ്പിയടിച്ചു മറുപടി കൊടുത്തു.
"ഞാൻ സത്യമായിട്ട് പറഞ്ഞതാ..."

          "ഹമ്... ശരി, ഞങ്ങൾക്കിന്ന് ഒരു മാര്യേജ് ഫങ്ക്ഷനുണ്ട്. സൊ... നാളെക്കാണാം, ബൈ"
"ബൈ... "



to be continued...          


Comments