റൂം നമ്പർ 210 - Final Day








അഞ്ചാം ദിവസം 


ഇന്ന് ഡോക്ടർ വരാൻ അല്പം താമസിച്ചു. അശ്വത്  എന്തോ കാര്യമായ ചിന്തയിലാണ്. അവനെന്തൊക്കെയോ സംശയങ്ങളുണ്ട്. ഡോക്ടറാണെങ്കിൽ വരുന്നുമില്ല. നേഴ്സ് വിളിച്ചപ്പോൾ വന്നുകൊണ്ടിരിക്കുകയാണെന്നാ പറഞ്ഞത്. അവനാണെങ്കിൽ അതുവരെ കാത്തിരിക്കാനും വയ്യ. ഒടുക്കം അവൻ നഴ്സിനോട് തന്നെ ചോദിയ്ക്കാൻ തീരുമാനിച്ചു -

          "സിസ്റ്റർ, നമ്മുടെ ഡോക്ടറുടെ പേരെന്താ?", അശ്വതിന് അതറിയണം.

"അതൊക്കെ നീ തന്നെ നേരിട്ട് ഡോക്ടറോട് ചോദിച്ചോ...", ആദ്യമൊന്നു പകച്ചുവെങ്കിലും സിസ്റ്റർ വെളിപ്പെടുത്താൻ തയ്യാറായില്ല.

          "എന്നാ ലേഡി ഡോക്ടറുടെ പേര് പറ..."

"ഞാൻ പറഞ്ഞില്ലേ.... നീയതൊക്കെ ഡോക്ടറോട് തന്നെ ചോദിക്ക്", നേഴ്സ് വീഴുന്ന ഭാവമില്ല.

          "ഇതെന്തു കൂത്ത്? ഒരു പേഷ്യന്റിനു സ്വന്തം ഡോക്ടറുടെ പേരറിയാൻ പോലും അവകാശമില്ലേ...?"

"ആ... എനിക്കറിയില്ല. ഇവിടുത്തെ ഒരു ഡീറ്റെയ്ൽസും പുറത്തുവിടാൻ എനിക്കധികാരമില്ല. ഡോക്ടറോട് നേരിട്ട് ചോദിച്ചാൽ പോരേ?... പ്രശ്നം തീരില്ലേ??"

അപ്പോഴാണ് ഡോക്ടർ അങ്ങോട്ട് വന്നത്, ഒപ്പം ലേഡി ഡോക്ടറുമുണ്ട്. നേഴ്സ് തൻ്റെ സീറ്റിൽ നിന്ന് ഒന്നെഴുന്നേറ്റ് വീണ്ടും അവിടെ ഇരുന്നു. ഉടനെത്തന്നെ അശ്വത് തൻ്റെ ചോദ്യമെടുത്തു വീശി -

          "ഡോക്ടർ, ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?"

"നീയെന്തിനാ ഈ 'സത്യം പറയുമോ' എന്ന് ചോദിക്കുന്നത്. നിനക്കെന്നെ വിശ്വാസമില്ലേ?", ഡോക്ടറുടെ ചോദ്യം.

          "ഒന്നും തോന്നരുത്... എനിക്കത്ര വിശ്വാസം പോരാ", അശ്വത് തുറന്നടിച്ചു.

"അപ്പോൾ പിന്നെ എന്ത് ധൈര്യത്തിലാ ഈ കഥ മുഴുവൻ കേട്ടത്?"

          "കേട്ടിരിക്കാൻ രസമുണ്ട്, അത്ര തന്നെ"

"ഹമ്... ശരി, നീ ചോദിക്ക്"

          "സത്യം പറയുമല്ലോ, അല്ലേ ?"

"നീ ചോദിക്കെടാ കുട്ടാ..."

          "ഡോക്ടറല്ലേ ഈ 'സഞ്ജു'?"

അശ്വതിൻ്റെ ചോദ്യം കേട്ടിട്ട് ഡോക്ടർ ആദ്യമൊന്നു അമ്പരന്നു. പിന്നെ ലേഡി ഡോക്ടറുടെ മുഖത്തേക്ക് നോക്കി. രണ്ടുപേരും ചിരിക്കാൻ തുടങ്ങി. അശ്വതിന് ഇത് കണ്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല.

          "ഡോക്ടർ, ആൻസർ മി..."

"ഓക്കേ, യു ആർ മിസ്റ്റേകൻ മൈ ബോയ്... ഞാൻ ഫർഹാൻ, ഡോ. ഫർഹാൻ DNB, MNAMS. (ലേഡി ഡോക്ടറെ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഇത് നസ്‌ല നല്ലേടത്ത്, ഇപ്പോൾ ഡോ. നസ്‌ല ഫർഹാൻ...  

ഡോക്ടറുടെ മറുപടി കേട്ട് അശ്വത് കുറച്ചൊന്നു ഞെട്ടി. ഡോക്ടർക്ക് ഈ കഥയുമായി ഏതോ വിധത്തിൽ ബന്ധമുണ്ടെന്ന് തോന്നിയിരുന്നെങ്കിലും ഇത്രത്തോളം ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. അവനൊടുക്കം ചിരിയാണ് വന്നത്, ഒരു ചമ്മിയ ചിരി.

"അന്ന് ഇവളെനിക്ക് സാരി ചുറ്റിത്തന്നു, ഇന്ന് ഞാനവൾക്ക് സാരി ചുറ്റിക്കൊടുക്കേണ്ട ഗതികേടിലാ...", നസ്‌ലയെ ചൂണ്ടിക്കാണിച്ചു ഡോക്ടർ കളിയാക്കി.

"ദേ ... വേണ്ടാട്ടോ...", നസ്‌ല ക്കു അതത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. അവരുടെ ചിരിയിലേക്ക് അശ്വതും കൂടി.

"ഡോക്ടർ ഇപ്പോഴും ബാസ്കറ്റ്ബാൾ കളിക്കുമോ?", അടുത്ത ചോദ്യം.

"അതിനെക്കുറിച്ചു ഒരക്ഷരം മിണ്ടരുത്. അത് ഡോക്ടർക്ക് ഇഷ്ടമല്ല, അല്ലെ ഡോക്ടർ...", കളിയാക്കാൻ കിട്ടിയ ഒരവസരം നസ്‌ലയും വിട്ടില്ല, ഡോക്ടർ അക്കാര്യത്തെക്കുറിച്ചു ഒന്നും മിണ്ടാൻ നിന്നില്ല.

"അപ്പൊ... 'പച്ചമാങ്ങ' വല്ലതും...", ഇത്തവണ അശ്വത് നസ്‌ല കിട്ടാണ് ഊതിയത് .

"എന്ത്... എന്ത്...", അത്രയ്ക്ക് വേണ്ടാട്ടോ എന്ന മട്ടിൽ നസ്‌ല.

"അല്ല, അറിയാൻ വേണ്ടി ചോദിച്ചു എന്നേയുള്ളൂ...", അശ്വത് കൈ കഴുകാൻ നോക്കി.

"ഓൺ ദി വേയിലാ...", ഇത്തവണ മറുപടി പറഞ്ഞത് ഫർഹാൻ. "വെറുതെ ഓരോന്ന്..." എന്ന് പറഞ്ഞു നസ്‌ല ഫർഹാൻ്റെ തലയ്‌ക്കൊരടി കൊടുത്തു.

"ഈ 'ഫിദ' കാണാനെങ്ങനെയാ...?", അശ്വതി നസ്‌ലയോടാണ് ചോദിച്ചത്.

"പിന്നെ സുന്ദരിയല്ലേ... എന്നെപ്പോലെ...", മറുപടി പറയുന്നതിനിടയിൽ 'എനിക്കെന്താ ഒരു കുറവ് 'എന്ന മട്ടിൽ നസ്‌ല നിന്നു .

"തരക്കേടില്ല എന്നർത്ഥം", നസ്‌ല ക്കിട്ടു പണിയാൻ കിട്ടിയ അവസരം ഫർഹാനും പാഴാക്കിയില്ല, നസ്‌ല മുഖം കൂർപ്പിച്ചു ഒരു നോട്ടം നോക്കുന്നുണ്ടായിരുന്നു.

അന്നത്തെ  ആത്മഹത്യ ശ്രമത്തിനു ശേഷം അശ്വത് മനസ്സറിഞ്ഞു ഇന്നാണ് ചിരിച്ചത്. അവൻ്റെ മനസ്സിലിപ്പോൾ നസ്‌ലയും ഫർഹാനും സഞ്ജുവും ഫിദയുമൊക്കെയുള്ള ലോകം മാത്രം.

"അപ്പോൾ നമുക്കു കഥയിലേക്ക് വരാം... അതാണ് എനിക്ക് സേഫ്", നസ്‌ലയെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് ഫർഹാൻ പറഞ്ഞു.

"ശരി, ഞാനും അതിനാ  കാത്തിരിക്കുന്നത്", അശ്വത് ഉത്സാഹത്തിലായി.

"ഞാനിന്ന് വൈകി വരാൻ ഒരു കാരണമുണ്ട്, എനിക്കിന്ന് അധികമൊന്നും പറയാനില്ല"

"എന്നു വെച്ചാൽ...", അശ്വതിനു കാര്യം മനസ്സിലായില്ല.

"അത് വഴിയേ മനസ്സിലായിക്കോളും...", അത്രയും പറഞ്ഞു ഡോക്ടർ  കഥയിലേക്ക് തിരിഞ്ഞു.


------------------------------


"അന്നത്തെ  ആ ദിവസത്തിന് ശേഷം ക്യാമ്പസ് അതുവരെ കണ്ടതിൽ വെച്ചേറ്റവും മനോഹരമായ പ്രണയജോഡികളെയാണ് ഞങ്ങളെല്ലാവരും കണ്ടത്. MBBS കോഴ്സ് തീരുന്നതുവരെ അവർ ശരിക്കും തകർത്തു പ്രണയിച്ചു. സത്യം പറഞ്ഞാൽ ഞങ്ങൾക്ക് പോലും ചിലപ്പോൾ അവരോട് അസൂയ തോന്നിയിട്ടുണ്ട്. അത്രയ്ക്ക് സുന്ദമായിരുന്നു അവരുടെ ആ പ്രണയജീവിതം.

പക്ഷെ ആ സന്തോഷത്തിന് കോഴ്സ് തീരുന്നതു വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. രണ്ടുപേരുടെയും വീട്ടുകാർ കാര്യമറിഞ്ഞതോടെ എല്ലാം തകിടം മറഞ്ഞു. രണ്ടുപേരും ഡോക്ടർസ് ആയെങ്കിലും സാമ്പത്തികമായി രണ്ടുകുടുംബങ്ങളും തമ്മിലുള്ള അന്തരം ഒരു പ്രശ്നമായി.

സഞ്ജുവിൻ്റെ ബാപ്പയായിരുന്നു പ്രധാന തടസ്സം - സുലൈമാൻ ഹാജി. നാട്ടിലെ പ്രമാണിയും വലിയ സമ്പന്നനുമായിരുന്നു അദ്ദേഹം. കുടുംബ മഹിമയിലും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഫിദയുടെ വീട്ടുകാരെ ഹാജ്യാര്ക്കു അത്ര പിടിച്ചില്ല. ഫിദയുടെ ബാപ്പാക്കും സഞ്ജുവിനെ അത്ര അഭിപ്രായമില്ല. ഫലമോ... രണ്ടുപേരുടെയും ഭാവി ജീവിതം തുലാസിലായി!

PGക്കു രണ്ടുപേർക്കും വെവ്വേറെ കോളേജിലാണ് അഡ്മിഷൻ കിട്ടിയത്. സഞ്ജുവിന് അഹമ്മദാബാദും ഫിദക്ക് പാലക്കാടും. ഇതിനിടെ ഫിദയുടെ കല്യാണം ഏകദേശം ഉറപ്പിച്ചു. എന്നാലും കോഴ്സ് തീരുന്നതുവരെ അവൾക്കു സാവകാശം ലഭിച്ചു. മറുഭാഗത്തു സഞ്ജുവിന് വേണ്ടി നല്ലൊരു മരുമോളെ തപ്പുന്ന തിരക്കിലായിരുന്നു ഹാജ്യാർ.

കുടുംബക്കാരുടെ സമ്മതത്തോടെ കാര്യം സാധിക്കില്ലെന്ന് മനസ്സിലാക്കിയ അവർ ഒടുക്കം പതിനെട്ടാമത്തെ അടവ് പ്രയോഗിച്ചു - PG കോഴ്സ് കഴിഞ്ഞയുടനെ അവർ ഒളിച്ചോടി, നോർത്തിലേക്ക്. നോർത്തിൽ സഞ്ജുവിന് ഒരുപാടു സുഹൃത്തുക്കളും പരിചയക്കാരും ഉണ്ടായിരുന്നു. അവരുടെ സഹായത്തോടെ ഫിദയെ രജിസ്റ്റർ മാര്യേജ് ചെയ്ത് ഒരു ചെറിയ വീട്ടിൽ താമസമാക്കി, അവിടെ ഒരു ക്ലിനിക്കിൽ രണ്ടുപേർക്കും ജോലിയും ലഭിച്ചു.

അവൻ്റെ കൂട്ടുകാരുടെ സഹായം കൊണ്ടായിരിക്കാം ഇവിടുന്ന് അവരുടെ രക്ഷിതാക്കൾ പലപ്രാവശ്യം അന്വേഷിച്ചു പോയിട്ടും കണ്ടെത്താൻ കഴിയാതിരുന്നത്. ഇടയ്ക്ക് അവർ ഞങ്ങളെ  വിളിക്കാറുണ്ട്. പക്ഷെ വീട്ടുകാരുമായി യാതൊരു കോൺടാക്റ്റുമില്ല, വീട്ടുകാർ പിന്തുടരുമോ എന്ന് പേടിച്ചു ഞങ്ങൾക്ക് പോലും അവരുടെ അഡ്രസ് പറഞ്ഞുതന്നിട്ടില്ല. അവരെയൊന്ന് കാണാൻ ഞങ്ങൾക്കും അതിയായ ആഗ്രഹമുണ്ട്. പക്ഷെ..."


------------------------------


ഫർഹാൻ കഥ പറഞ്ഞു തീർന്നപ്പോഴേക്കും ആ റൂം അല്പനേരത്തേക്കു വല്ലാത്തൊരു ശാന്തതയിലായിരുന്നു. ആ മൗനം ഭേദിച്ചത്‌ അശ്വതാണ് -

          "ഇപ്പോഴെങ്ങനെയുണ്ട് ഡോക്ടർ? ഞാൻ പറഞ്ഞത് നടന്നില്ലേ...? മനോഹരമായ ഒരു പ്രണയകഥക്കു പേരെന്റ്സ് ആന്റി - ക്ലൈമാക്സ് ഇട്ടില്ലേ...?", അശ്വത് അല്പം സീരിയസ് ആയിരുന്നു.

"അതിനു കഥ തീർന്നില്ലല്ലോ...", ഫർഹാന്‌ എല്ലാത്തിനും മറുപടിയുണ്ട്.

          "ഇനിയുമുണ്ടോ?", ഇനി ഇതിലെന്താണ് ബാക്കിയുള്ളതെന്ന് അശ്വതിന് ഒരു പിടിയും കിട്ടുന്നില്ല.
"അതെ, ഇനി ഞാൻ പറയുന്ന കാര്യങ്ങൾക്കു നീ കുറച്ചുകൂടി ശ്രദ്ധ കൊടുക്കണം. ഞാൻ ഈ കഥ നിന്നോട് പറഞ്ഞതിന് പിന്നിൽ ഒരു കാരണമുണ്ട്", ഡോക്ടർ ഇത്തവണ സീരിയസ് ആണ്, എന്തോ പ്രധാനപ്പെട്ട കാര്യം പറയുന്നത് പോലെ.

          "എന്ത്?", അശ്വതിന് ആകാംഷ അടക്കാനാവുന്നില്ല.
  അന്ന് നിന്നോട് സംസാരിക്കുന്നതിനിടയിൽ ഒരാൾ എന്നെ കാണണമെന്ന് പറഞ്ഞുവന്നത് ഓർമ്മയുണ്ടോ? എൻ്റെ മുന്നിൽ അയാൾ ഒരുപാട് കരയുകയും ചെയ്തു..."

          "ആ... ഡോക്ടറുടെ ഏതോ പേഷ്യന്റിൻ്റെ ഫാദർ ആണെന്ന് പറഞ്ഞു", അശ്വത് മറന്നിട്ടില്ല.

"യെസ്, പക്ഷെ അയാളുടെ മകൻ എൻ്റെ പേഷ്യന്റ് അല്ല"

          "പിന്നെ?"
"അയാളുടെ മകൻ എൻ്റെ ഏറ്റവുമടുത്ത ഫ്രണ്ടാണ് - സഞ്ജു"

          "അപ്പോൾ അത്...", ഞെട്ടലോടെയാണ് അശ്വത് അത് കേട്ടത്.
"അതാണ് സാക്ഷാൽ സുലൈമാൻ ഹാജി"

          "പക്ഷെ ഡോക്ടർ പറഞ്ഞതുവെച്ചു നോക്കുമ്പോൾ..."
"തോന്നുന്നില്ല, അല്ലേ ...? നിനക്കെന്നല്ല, പഴയ സുലൈമാൻ ഹാജിയെ അറിയാവുന്ന ഏതൊരാൾക്കും അത് വിശ്വസിക്കാൻ പ്രയാസമാണ്. ആ മുഖത്തെ പഴയ പ്രതാപവും ഐശ്വര്യവുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. തൻ്റെ  ഏറ്റവും വലിയ സമ്പത്തു  സ്വന്തം മകനായിരുന്നുവെന്നു ഇന്നയാൾക്കു മനസ്സിലായി. ആ മകനുവേണ്ടി യാചിക്കാനാണ് അയാൾ വന്നത്. പക്ഷെ ഞാൻ അയാൾക്ക്‌ മുന്നിൽ നിസ്സഹായനാണ്..."

ഡോക്ടർ കുറച്ചുനേരം സംസാരം നിർത്തി. അശ്വത് മൗനത്തിലാണ്. ആരും ഒന്നും മിണ്ടിയില്ല. ഡോക്ടർ തുടർന്നു...

"പേരെന്റ്സ് അങ്ങനെയാണ്. തൻ്റെ മക്കളുടെ നല്ല ഭാവിക്കു ഏറ്റവും യോജിക്കുന്നത് അവരുടെ തീരുമാനങ്ങളാണെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ അത് തെറ്റാണെന്നു ബോധ്യപ്പെട്ടാലോ, അത് തിരുത്താൻ ഏതറ്റം വരെയും പോകും. ഒരു നാടിനെ വരെ സ്വന്തം കാൽക്കീഴിൽ നിർത്തിയിരുന്ന സുലൈമാൻ ഹാജി ഇന്ന് എൻ്റെ കാൽ പിടിക്കുന്നത് തന്നെ അതിനുദാഹരണം. നിൻ്റെ പേരെന്റ്സും ഇതേ അവസ്ഥയിലാ. അവർ ചെയ്ത തെറ്റിനു സ്വന്തം മകൻ്റെ ജീവൻ തന്നെ ബലി കൊടുക്കേണ്ടിവരുമോ എന്ന ഭീതിയിലാണവർ. തെറ്റു തിരുത്താൻ നീയവർക്ക് അവസരം കൊടുക്കണം. കാരണം, അവർക്കു നീയല്ലാതെ വേറെ ആരുമില്ല"

ഡോക്ടർ ഒന്ന് നെടുവീർപ്പിട്ടു.

"എനിക്കിനി നിന്നോട് ഒരൊറ്റ കാര്യം മാത്രമേ പറയാനുള്ളൂ. ഇന്നലെ വരെ നീ കഥയ്ക്ക് വേണ്ടി, അല്ലെങ്കിൽ ഒരുപക്ഷേ എനിക്ക് വേണ്ടി ഇഞ്ചക്ഷനെടുക്കാൻ തയ്യാറായി. പക്ഷെ ഇന്ന് അത് വേണ്ട. ഞാൻ പറഞ്ഞതു ശരിയാണെന്നു തോന്നുന്നുവെങ്കിൽ നീ നിനക്ക് വേണ്ടി ഇഞ്ചക്ഷനെടുക്കണം, നിനക്ക് ജീവിക്കാൻ വേണ്ടി മാത്രം... അതിനു നീ തയ്യാറാണെങ്കിൽ..."

ഫർഹാൻ അശ്വതിനു നേരെ കൈ നീട്ടി, അശ്വത് കുറച്ചു നേരം ആലോചിച്ചിരുന്നു. അവസാനം ഒരു ചെറുചിരിയോടെ തൻ്റെ കൈ ഡോക്ടറുടെ കൈയ്യുടെ മുകളിൽ വെച്ചു . ഫർഹാൻ ആ കൈകളിൽ ഉമ്മ വെച്ചു, ആ കണ്ണുകൾ നിറഞ്ഞിരുന്നു.

"ഇപ്പോഴാണ് ഒരു ഡോക്ടറുടെ കടമ നിർവ്വഹിച്ചതായി എനിക്ക് തോന്നുന്നത്"
"
          ഒരു ഡോക്ടറുടെ കടമയെന്താണെന്ന് ഇപ്പോഴാണ് എനിക്കും മനസ്സിലായത്", അശ്വതിന് ആ ഡോക്ടറോട് വല്ലാത്ത ബഹുമാനം തോന്നി.
" ഇന്നൊരു ദിവസം കൂടി നീ റസ്റ്റ് എടുക്ക്, നാളെ രാവിലെ ഡിസ്ചാർജ് ചെയ്യാം...", ഫർഹാൻ പറഞ്ഞു.

          "എനിക്കിവിടുന്നു പോകാൻ തോന്നുന്നില്ല ഡോക്ടർ", അശ്വത് ഉള്ള സത്യം പറഞ്ഞു.
"ഇത് സുഖവാസകേന്ദ്രമല്ല, ആശുപത്രിയാ ...", നസ്‌ലയാണ് ആ മറുപടി കൊടുത്തത്. അതുകേട്ട് അശ്വത് ചിരിക്കുന്നുണ്ടായിരുന്നു.

"ഇന്നിനി നഴ്സിനെ ഡ്യൂട്ടിക്ക് വെക്കുന്നില്ല. നിൻ്റെ പേരെന്റ്സിനെ വിളിക്കാം... അതല്ലേ നല്ലത്?", ഡോക്ടർ ചോദിച്ചു.

അശ്വത് സമ്മതഭാവത്തിൽ തലയാട്ടി. 'എന്നാ ശരി' എന്ന് പറഞ്ഞു ഫർഹാനും നസ്‌ലയും പോകാനൊരുങ്ങുമ്പോഴാണ് അശ്വത് ആ ചോദ്യം ചോദിച്ചത് - "അപ്പോൾ ഇഞ്ചക്ഷൻ ?" അതുകേട്ട് ഫർഹാനും നസ്‌ല യും ഒന്നു  തിരിഞ്ഞു, പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി. അവർ അശ്വതിൻ്റെ അടുത്തേക്ക് ചെന്നു  -

"അതിനി ആവശ്യമില്ല. ആ ഇഞ്ചക്ഷൻ്റെ കോഴ്സ് വെറും നാല് ദിവസമായിരുന്നു. നിൻ്റെ മനസ്സിലെന്താണെന്നറിയാൻ വേണ്ടിയാ ഇങ്ങനെ ഒരു നാടകം കളിച്ചത് ", നസ്‌ലയാണ് ആ സത്യം പുറത്തുവിട്ടത്.

          "ഓഹോ... എന്നെ പറ്റിച്ചതാണല്ലേ... ഞാനും വിചാരിച്ചു. മുമ്പ് ഞാൻ നെറ്റിൽ സെർച്ച് ചെയ്തപ്പോഴും നാലു ദിവസം എന്നാണ് കണ്ടത്. ഡോക്ടർക്ക് അത് എങ്ങനെ അഞ്ചു ദിവസമായി എന്ന ചോദ്യത്തിന് ഇപ്പോഴാണ് ഉത്തരം കിട്ടിയത്", അശ്വതിന് തൻ്റെ സംശയം തീർന്നതിൻ്റെ ആശ്വാസം...

          "ആ കഥയിൽ ഫർഹാൻ വളരെ പാവമാണല്ലോ... ഇപ്പോഴെങ്ങനെ ഇങ്ങനെയായി?", ഒരു സംശയം കൂടി അവനു ബാക്കിയുണ്ടായിരുന്നു.
"എങ്ങനെ മാറാതിരിക്കും? ഇവളുടെ കൂടെയല്ലേ നടപ്പ്!", നസ്‌ലയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഫർഹാൻ പറഞ്ഞു. തന്നെ ആക്കിയതാണെങ്കിലും അവളും ആ ചിരിയിൽ പങ്കുചേർന്നു.

"അതുപോട്ടെ, അപ്പൊ കുട്ടാ... ഇപ്പോൾ പന്ത് നിൻ്റെ കോർട്ടിലാ. നീ ഇനി എന്ത് പറഞ്ഞാലും നിൻ്റെ പേരെന്റ്സ്  അനുസരിക്കും... ഇല്ലെങ്കിൽ നീ ചത്തു കളയുമെന്ന് പറ... കാര്യം സിമ്പിൾ!", ഉപദേശം ഡോക്ടറുടെ വക.

          "അതു പിന്നെ പ്രത്യേകം പറയണോ ഡോക്ടർ... അശ്വത് വിൽ റോക്ക്... അതിലൊരു സംശയവും വേണ്ട", അവനും വല്ലാത്ത ആവേശത്തിലാണ്.

"അപ്പോൾ നീ നാളെപ്പോയാൽ പിന്നെ കാണുമോ? ഇനിയും ഓരോ ഡോസൊക്കെ  കുടിച്ചു ഇടയ്ക്കിടക്ക് ഇവിടെ കയറിയിറങ്ങണേ...", നസ്‌ലയാണ് ഇത്തവണ ഉപദേശം കൊടുത്തത്.

          "ഇനിയെന്തായാലും ഇങ്ങോട്ടില്ല. ഈ ഡോക്ടർ ഓരോ കഥകൾ പറഞ്ഞു ചാകാനുള്ള മൂഡ് കളയും!!"

അശ്വതിൻ്റെ ആ മറുപടി ഒരു കൂട്ടചിരിയിലാണ് കലാശിച്ചത്.


------------------------------


ആറാം ദിവസം 


തീർത്തും ശൂന്യമായ മനസ്സോടെയായിരുന്നു ആദ്യമായി അശ്വത് ആ ആശുപത്രി മുറിയിൽ കയറിയത്. അവിടെ നിന്നാണ് ഡോക്ടർ അവനു വിശാലമായ മറ്റൊരു ലോകം കാണിച്ചു കൊടുത്തത്. മറക്കാൻ പാടുപെടുന്ന ഭൂതകാലത്തെയും പ്രതീക്ഷാ നിർഭരമായ ഭാവി ജീവിതതിനുമിടയിൽ ഒരു നൂൽപാലം പോലെ പ്രവർത്തിച്ച ആ നാല് ചുവരുകൾ... മരണമായിരുന്നു ആ പാലത്തിനു താഴെ അവനെ കാത്തിരുന്നത്.

എല്ലാം പാക്ക് ചെയ്ത എല്ലാവരോടും യാത്ര പറഞ്ഞു പോകാനൊരുങ്ങുമ്പോൾ അന്നാദ്യമായി അവൻ ആ മുറിയുടെ വാതിലിൽ ആ നമ്പർ കണ്ടു - റൂം നമ്പർ 210.  


------------------------------


കാറിൻ്റെ പിൻസീറ്റിലിരുന്ന് പുറത്തെ കാഴ്ചകൾ ആസ്വദിക്കുകയാണ് അശ്വത്. പപ്പയും മമ്മയും മുൻസീറ്റിലുണ്ട്. ഇടയ്ക്കിടക്ക് അവർ ചോദിക്കുന്ന സ്നേഹം തുളുമ്പുന്ന ചോദ്യങ്ങൾക്ക് ഒരു മൂളൽ കൊണ്ടോ ചുരുങ്ങിയ വാക്കുകൾ കൊണ്ടോ ഉത്തരം നൽകാനേ അശ്വത് മെനക്കെട്ടുള്ളൂ, ഫലത്തിൽ അവനതിൽ വലിയ താല്പര്യം കാണിച്ചില്ല. അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇനി വീട്ടിലേക്കാണല്ലോ പോയിക്കൊണ്ടിരിക്കുന്നത്, ഉത്തരങ്ങൾ അവിടുന്നും ആവാലോ എന്ന മട്ടിലാണവൻ. പുറത്തുനിന്നുള്ള കാറ്റ് നന്നായി ആസ്വദിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ അടച്ചിട്ട മുറിയിൽ കിടന്നതല്ലേ, അതിൻ്റെ ക്ഷീണം കാണും. ഗ്ലാസ് പൊക്കിയാൽ AC ഓണാക്കിത്തരാമെന്ന് പപ്പ പറഞ്ഞെങ്കിലും അവനതു ഗൗനിച്ചില്ല. പുറത്തെ കാഴ്ചകൾ അവനെന്തോ ഊർജ്ജം പകരുന്ന പോലെ. ഇനി ലോകം കൺകുളിർക്കെ കാണുമെന്ന് വിചാരിച്ചതല്ല, കാണാൻ താല്പര്യവുമില്ലായിരുന്നു, എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചാണ് പോയത്. പക്ഷെ, വിധി വീണ്ടും ഇവിടെത്തിച്ചു...

"പപ്പാ, വണ്ടി നിർത്ത്", അതുവരെ ശാന്തനായിരുന്ന അശ്വത് പെട്ടന്നാണ് ഉണർന്നത്. "എന്ത് പറ്റി?" എന്നു ബ്രേക്കിൽ കാൽവെച്ചു പപ്പ ചോദിക്കുന്നതിനിടക്ക് അശ്വത് ഒരു പത്തു പ്രാവശ്യമെങ്കിലും 'നിർത്ത്' എന്ന് ആവർത്തിച്ചിരുന്നു.

"ദൂരെ ആ സഞ്ചിയുമായി വരുന്ന ആളില്ലേ... അയാളുടെ അടുത്തേക്ക് റിവേഴ്‌സ് എടുക്ക്", അശ്വതിൻ്റെ അടുത്ത ഓർഡർ. എന്താണ് കാര്യമെന്ന് പപ്പ ചോദിച്ചെങ്കിലും  അതിന് അശ്വത് വല്ലതും പറയും മുമ്പേ മമ്മ ഇടപെട്ടു - "അവൻ പറഞ്ഞതല്ലേ, നിങ്ങൾ റിവേഴ്‌സ് എടുത്തു കൊടുക്ക്", മോൻ ഇനിയും ആത്മഹത്യക്കു ശ്രമിച്ചാലോ എന്ന പേടി ചെറുതായിട്ട് മമ്മയ്ക്ക് ഇല്ലാതില്ല. വണ്ടി റിവേഴ്സിൽ അയാളുടെ അടുത്തെത്തി. താടിയൊക്കെ വെച്ച ഒരമ്പതുകാരൻ. ഷർട്ടും കള്ളിമുണ്ടുമാണ് വേഷം. തലയിൽ തൊപ്പിയുമുണ്ട്. അശ്വത് ഉടനെ ഡോർ തുറന്നു അയാളുടെ മുന്നിലേക്കിറങ്ങി. 'ഇതാരാണപ്പാ' എന്ന മട്ടിലൊരു നോട്ടം അയാൾ അശ്വതിനു നേരെയെറിഞ്ഞു.

          "നിങ്ങൾ... സുലൈമാൻ ഹാജി...", അശ്വതിന് ഒരെത്തും പിടിയും കിട്ടുന്നില്ല. അവനെന്തൊക്കെയോ അയാളെ ചൂണ്ടി പറഞ്ഞു.

"ഓ സുലൈമാൻ ഹാജ്യാരെ വീടാണോ? അത് ഇവിടെയല്ല, ജംഗ്ഷൻ കഴിഞ്ഞു നേരെ പോയാ മതി", അയാൾ മറുപടി കൊടുത്തു.

          "അതല്ല...", അശ്വത് വീണ്ടും തപ്പിത്തടഞ്ഞു.

"അതല്ലേ? പിന്നെ ഏതു സുലൈമാൻ ഹാജി?"

          "ഈ സഞ്ജുവിൻ്റെ ബാപ്പ..."

"സഞ്ജുവോ? ഏതു സഞ്ജു?"

          "ഈ സഞ്ജീദ്..."

"ഓ... സഞ്ജീദ് ഡോക്ടറെ ബാപ്പ, അങ്ങനെ പറീ... പണ്ട് ബാപ്പാനെ പറഞ്ഞാ മോനെ അറിഞ്ഞേ... ഇന്നിപ്പോ നേരെ തിരിച്ചായി. കാലം പോയ പോക്കേ... അതു തന്നെയാണ് കുട്ട്യേ നമ്മളീ പറഞ്ഞ ഹാജ്യാര്... ജംഗ്ഷൻ കഴിഞ്ഞു നേരെ പോയാൽ ബംഗ്ലാവ് പോലോത്ത ഒരു വീട് കാണാ... വേഗം വിട്ടോളീ..."

അശ്വതാകെ അന്തംവിട്ട് നിൽക്കുകയാണ്. 'ഇയാളിതെന്താ ഇങ്ങനെ?' എന്ന് പിറുപിറുത്തു ആ മനുഷ്യൻ പോകാനൊരുങ്ങി. അശ്വത് വിട്ടില്ല, അയാളുടെ പിറകേ കൂടി.

          "നിങ്ങളല്ലേ അന്ന് ഡോക്ടറെ കാണാൻ ആശുപത്രിയിൽ വന്നത്?"
"ആശുപത്രീല് പിന്നെ കാപ്പി കുടിക്കാൻ ആരെങ്കിലും പോവോ?... എന്താണ് ചെങ്ങായ്‌..."

          "അതല്ല, ഫർഹാൻ ഡോക്ടറെ കാണാൻ വന്നത്... നിങ്ങളാകെ കരഞ്ഞു... ആ റൂമിൽ ഞാനുണ്ടായിരുന്നു..."

"ഓ അത്... (ശബ്ദം അല്പം താഴ്ത്തിയിട്ട്) അത് മോൻ അത്രയ്ക്ക് പരസ്യമൊന്നും ആക്കാൻ നിക്കണ്ട. മൂപ്പരുടെ വീട്ടിലെ വേലക്കാരനാ ഞാൻ, പേര് ഖാദർ. എൻ്റെ കയ്യിന്ന് ചെറിയൊരു അബദ്ധം പറ്റിയപ്പോൾ മൂപ്പരെന്നെ പിരിച്ചുവിട്ടു. അതിൽ മാപ്പു പറഞ്ഞു ജോലി തിരികെ വാങ്ങാനാ അന്ന് ഞാനവിടെ വന്നത്..."

അയാളുടെ മറുപടി കേട്ട് അശ്വത് ഞെട്ടിപ്പോയി. ഇതിനിടയിൽ ഖാദറിന് പോകാൻ ധൃതിയായി.

"മോന് ഇനി വല്ലതും അറിയണോ?"

          "വേണ്ട..."

"എന്നാ നമ്മളങ്ങ് പൊയ്‌ക്കോട്ടെ...?"

അശ്വത് തലയാട്ടി. 'മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന്...' എന്ന് പിറുപിറുത്തു അയാൾ പോയി. അശ്വതാകെ തരിച്ചു നിൽക്കുകയാണ്. കുറച്ചു കഴിഞ്ഞ് എന്തോ തീരുമാനിച്ചപോലെ അവൻ ഡോർ തുറന്ന് കാറിൽ കയറി. പപ്പയോട് വണ്ടി ആശുപത്രിയിലോട്ട് തിരിക്കാൻ പറഞ്ഞു. മറുത്തൊന്നും പറയാൻ നിൽക്കാതെ പപ്പ അനുസരിച്ചു. നിർവികാരമായിരുന്നു അവൻ്റെ മുഖം. കാർ ആശുപത്രിയുടെ മുന്നിലെത്തി - SHM HOSPITAL.  ഇത്രേം ദിവസം അവൻ ഇതിനുള്ളിൽ കിടന്നെങ്കിലും ഈ പേര് അവൻ ആദ്യമായിട്ടാണ് ശ്രദ്ധിക്കുന്നത്.

"പപ്പയ്ക്ക് ഈ ഹോസ്പിറ്റലിനെക്കുറിച്ചു വല്ലതും അറിയോ?" - അശ്വത് ചോദിച്ചു. അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ആദ്യം പപ്പയോന്നു ഞെട്ടിയെങ്കിലും മകൻ ആശുപത്രിയിൽ നിന്നു ഇറങ്ങിയ ശേഷം ആദ്യമായി തന്നോടൊരു കാര്യം ആവശ്യപ്പെട്ടതിൻ്റെ സന്തോഷം ആ മുഖത്തു വ്യക്തമായി കാണാനുണ്ട്. അയാൾ മകനെ നിരാശനാക്കിയില്ല. ആ നാട്ടുകാരനല്ലെങ്കിലും ഇത്രയും ദിവസം അവിടെ കഴിഞ്ഞതിനിടയിൽ കണ്ടതും കേട്ടതുമായി ലഭിച്ച വിവരങ്ങൾ അയാൾ മകന് പകർന്നു കൊടുത്തു -

"SHM ഹോസ്പിറ്റൽ അഥവാ സുലൈമാൻ ഹാജി മെമ്മോറിയൽ ഹോസ്പിറ്റൽ (ആ പേര് കേട്ടപ്പോൾ തന്നെ ആശ്ചര്യം കൊണ്ട് അശ്വതിൻ്റെ കണ്ണുകൾ വിടർന്നു. ബാക്കി കേൾക്കാനായി അവൻ ആകാംഷയോടെ കാതോർത്തു). ഈ സുലൈമാൻ ഹാജിയുടെ മകൻ സഞ്ജീദ് ഡോക്ടറും അവൻ്റെ  കൂട്ടുകാരും കൂടി ചേർന്നാണ് ഇത് സ്ഥാപിച്ചത്. മോൻ്റെ ഫർഹാൻ ഡോക്ടറും അതിൽ പെടും. ആദ്യം റഹ്‌മ ഹോസ്പിറ്റൽ എന്നായിരുന്നു പേര്. ഇതിനുവേണ്ടി സാമ്പത്തികമായി എല്ലാ സഹായവും ചെയ്തത് ഈ സുലൈമാൻ ഹാജിയായിരുന്നു. മൂന്നു വർഷം മുമ്പ് അയാളൊരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അതിനു ശേഷമാണ് ഹോസ്പിറ്റൽ അയാളുടെ പേരിലാക്കിയത്. ഇന്നാട്ടുകാരുടെ പ്രിയപ്പെട്ട ആശുപത്രിയാണിത്. മകൻ സഞ്ജീദ് ഡോക്ടറാണ് അതിൻ്റെ MD"

പപ്പ  പറഞ്ഞത് മുഴുവൻ വളരെ താല്പര്യത്തോടെയാണ് അശ്വത് കേട്ടത്. "ഞാനിപ്പോൾ വരാം" എന്ന് പറഞ്ഞു അശ്വത് കാറിൻ്റെ പുറത്തേക്കിറങ്ങി. മെല്ലെ ആശുപത്രിയുടെ പടികൾ ഓരോന്നായി കയറി, ചുറ്റുപാടും നല്ലതുപോലെ വീക്ഷിക്കുന്നുണ്ടായിരുന്നു. പ്രവേശന കവാടത്തിൻ്റെ  തൊട്ടുമുകളിലായി അവനൊരു വലിയ ഫോട്ടോ കണ്ടു - അതിലെ മുഖത്തിന് സൂര്യപ്രഭയേക്കാൾ പ്രകാശമുള്ളതായി അവനു തോന്നി. അതിൻ്റെ താഴെ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ടായിരുന്നു - സുലൈമാൻ ഹാജി (1953-2010). അവൻ കുറച്ചുനേരം കണ്ണെടുക്കാതെ അതിലേക്ക് തന്നെ നോക്കിനിന്നു.

ആ ഫോട്ടോയുടെ വലതു ഭാഗത്തായി ഒരു പത്രവാർത്ത വലുതാക്കി ഫ്രെയിം ചെയ്തു വെച്ചിരുന്നു - "ആദ്യമായി കേരളത്തിലെ ഒരു MBBS ബാച്ചിൻ്റെ കൂട്ടായ്മ ആശുപത്രിയിലേക്ക്", എന്നായിരുന്നു തലക്കെട്ട്. അതിൽ ഓരോരുത്തരുടെയും ഫോട്ടോ അവൻ കണ്ടു - സഞ്ജീദ്, ഫിദ, നസ്‌ല, സലീന, ഫർഹാൻ, സുഗേഷ്, അശ്വതി തുടങ്ങിയവർ. എല്ലാവരുടെയും മുഖം അവൻ മനസ്സിലുറപ്പിച്ചു വെച്ചു.

അകത്തേക്ക് കടന്നപ്പോൾ വലതുഭാഗത്തായി ഡോക്ടര്മാരുടെയെല്ലാം പേരും പദവിയും എഴുതിവെച്ച ബോർഡ് കണ്ടു -

          ഡോ. സഞ്ജീദ് MD, DM (ഹൃദ്രോഗ വിദഗ്ദ്ധൻ)
          ഡോ. സലീന വഹാബ് DGO, MD (സ്ത്രീരോഗ വിദഗ്ദ്ധ)
          ഡോ. ഫർഹാൻ DNB, MNAMS (അത്യാഹിത വിദഗ്ദ്ധൻ)
          ഡോ. അശ്വതി രാജീവ് MD, DCH (ശിശുരോഗ വിദഗ്ദ്ധ)
          ഡോ. ഫിദ സഞ്ജീദ് DO, DNB (നേത്രരോഗ വിദഗ്ദ്ധ)
          ഡോ. സുഗേഷ് സുകുമാരൻ DLO, MS(ENT) (E.N.T വിദഗ്ദ്ധൻ)
അങ്ങനെ ഒരുവിധം എല്ലാവരുമുണ്ട്. അവനതെല്ലാം ശ്രദ്ധാപൂർവ്വം വായിച്ചു മനസ്സിലാക്കി, ശേഷം അശ്വത് പോയത് 'എൻക്വയറി'യിലേക്കാണ്.

"ഡോ. സഞ്ജീദിനെ ഒന്ന് കാണണം", അശ്വത് പറഞ്ഞു

          "ഓപ്പിക്കാനോ?" - തിരിച്ചൊരു ചോദ്യം.

"അല്ല, പേർസണലാണ്. ഡോക്ടർ വരാൻ പറഞ്ഞിരുന്നു". കാര്യം സാധിക്കണമെങ്കിൽ കള്ളം പറയേണ്ടിവരുമെന്നു അവിടെയുള്ളവർ തന്നെയാണല്ലോ അവനെ പഠിപ്പിച്ചത്.

          "ഈ സ്റ്റെയർകേസ് കയറി ഫസ്റ്റ് ഫ്ലോറിൽ ലെഫ്റ്റിലോട്ട് പോയാൽ മതി, അവിടെ മീറ്റിങ് റൂമിൽ കാണും", മറുപടി പെട്ടന്നായിരുന്നു.

അശ്വത് അവർ പറഞ്ഞ വഴിയേ നടന്നു. മീറ്റിങ് റൂമിൻ്റെ മുമ്പിൽ 'അനുവാദമില്ലാതെ പ്രവേശിക്കരുത്' എന്നെഴുതിവെച്ചിരിക്കുന്നു. അവനത് ഗൗനിച്ചില്ല. വാതിൽ തുറന്ന് അകത്തേക്ക് കയറി. അതിൻ്റെ അകത്തു വേറെ മൂന്നു വാതിലുകൾ കൂടിയുണ്ടായിരുന്നു. അതിൽ നടുവിലുള്ള വാതിലിൽ നോക്കിയാൽ ഉള്ളിൽ ചിലരൂപങ്ങൾ എന്തൊക്കെയോ ചെയ്യുന്നത് നിഴൽ പോലെ കാണാം. അവനാ വാതിൽ പതുക്കെ തുറന്നു നോക്കി, അവൻ താഴെ ഫോട്ടോയിൽ കണ്ട എല്ലാ മുഖങ്ങളും അവിടെയുണ്ടായിരുന്നു, ഫർഹാൻ ഒഴികെ. അതൊരു ആശുപത്രി മുറിപോലെയല്ല തോന്നിച്ചത്, ഒരു കോളേജ് ക്ലാസ്സ്‌റൂം പോലെ. അവരെല്ലാവരും എന്തോ ആഘോഷത്തിലാണ്. ലഡു വിതരണവും കേക്ക് മുറിക്കലുമൊക്കെയുണ്ട്. അശ്വത് അവരുടെ സംസാരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി -

"സഞ്ജു... നിൻ്റെ പ്രണയകഥ ഇവിടെ പേഷ്യന്റ്‌സിന് ഊർജ്ജം പകരുന്നുണ്ടെന്നൊരു കിംവദന്തി കേട്ടു", സുഗേഷാണ് ആദ്യ വേടി പൊട്ടിച്ചത്.

"എന്തൊക്കെ കാണാനിരിക്കുന്നു... ഭാവിയിൽ എൻ്റെ ജീവിതകഥ പാഠപുസ്തകത്തിൽ വന്നാലും ആരും അത്ഭുതപ്പെടേണ്ട", 'ഇതൊക്കെയെന്ത്' എന്ന മട്ടിലാണ് സഞ്ജു.

"ഫർഹാൻ അവസാനം കുറച്ചു ഓവറാക്കിയെന്നാ കേട്ടത്", ഇത്തവണ സലീനയാണ് വാ തുറന്നത്.

"ശരിയാ... ഞങ്ങളെ ഭീരുക്കളെപ്പോലെ ഒളിച്ചോടിപ്പിച്ചു", ഫിദ സലീനയെ അനുകൂലിച്ചു.

"അത് പിന്നെയും പോട്ടെയെന്നു വെക്കാം... അവൻ്റെ വേലക്കാരനെ പിടിച്ചു എൻ്റെ ബാപ്പയാക്കിയത് എനിക്ക് തീരെ പിടിച്ചില്ല", സഞ്ജു കാര്യം പറഞ്ഞു, എല്ലാവരും ചിരിയിലേക്ക്.

"അല്ല... അപ്പോൾ ഇന്നത്തെ പാർട്ടി എങ്ങനെയാ സഞ്ജു?", നസ്‌ലയാണ് വിഷയം മാറ്റിയത്.

"ഓ നിൻ്റെ കെട്ട്യോനെ കുറ്റം പറഞ്ഞപ്പോൾ നീ വേഗം വിഷയം മാറ്റിയല്ലേ... എന്തായാലും ഓർമ്മിപ്പിച്ചത് നന്നായി... ഞാനതു മറന്നിരുന്നു... അശ്വതി... ഒരു പാട്ട്, മറക്കരുത്...", അശ്വതിയോട് അപേക്ഷിക്കുന്ന തരത്തിൽ സഞ്ജു പറഞ്ഞു.

"ഞാനൊറ്റയ്‌ക്കോ... നീയും വാ, നമുക്കൊരുമിച്ചു പാടാം...", അശ്വതിക്കൊരു മടി പോലെ.

"അവൻ്റെ വീട്ടിലെ പരിപാടിക്ക് അവൻ തന്നെ പാടി ബോറടിപ്പിക്കുന്നത് ശരിയല്ലല്ലോ... നീയാവുമ്പോൾ പിന്നെ കൂവൽ കേട്ട് നല്ല ശീലം കാണും", വീണ്ടും സുഗേഷ്.

"ഫർഹാനെവിടെ?", ഈ ചിരികൾക്കിടയിൽ ആരോ ചോദിച്ചു. പെട്ടന്നാണ് അശ്വതിൻ്റെ ചുമലിൽ ആരോ കൈ വെച്ചത്. അശ്വതി ഞെട്ടിത്തിരിഞ്ഞു നോക്കി - ഫർഹാൻ തന്നെ, ഒരു ചിരിയും ചിരിച്ചുകൊണ്ട്. താൻ പറഞ്ഞ കള്ളങ്ങൾ പൊളിഞ്ഞതിലുള്ള യാതൊരു വിധ നിരാശയും ആ മുഖത്ത് കണ്ടില്ല.

ഫർഹാൻ അവനെ അകത്തേക്ക് കൊണ്ടുപോയി, അവിടെ നിശബ്ദത പരന്നത് പെട്ടന്നായിരുന്നു. "ഇവരെ ഞാൻ പരിചയപ്പെടുത്തണോ?" എന്ന ചോദ്യത്തിന് 'വേണ്ട' എന്നായിരുന്നു അശ്വതിൻ്റെ മറുപടി. പകരം അവനെ അവർക്കു പരിചയപ്പെടുത്തിക്കൊടുത്തു. 'ഓഹോ... ഇവനാണോ ആള്' എന്നു പറഞ്ഞു സഞ്ജു മുമ്പോട്ട് വന്ന് ഒരു ഷേക്ക്ഹാൻഡ് കൊടുത്തു, ഒപ്പം ഒരു ലഡുവും - "ഇതു പിടിക്ക്, ഞങ്ങളിവിടെ ഒരു ചെറിയ ആഘോഷത്തിലാണ്... അല്പം കഴിഞ്ഞു കേക്ക് മുറിക്കും", സഞ്ജു വ്യക്തമാക്കി. അശ്വത് ഒന്നും മിണ്ടാതെ നിൽക്കുകയാണ്. ഫർഹാൻ അവനു നേരെ തിരിഞ്ഞു -

"ഞാൻ പറഞ്ഞ സംഭവികാസങ്ങളൊക്കെ ഒരുപക്ഷേ കളവായിരിക്കാം, പക്ഷെ അവയെല്ലാം വിരൽ ചൂണ്ടുന്നത് പച്ചയായ യാഥാർഥ്യങ്ങളിലേക്കാണ്... വലിയൊരു സത്യം മനസ്സിലാക്കിത്തരാൻ കുറച്ചു കള്ളങ്ങൾ പറയേണ്ടി വന്നു, അത്രയേ ഒള്ളൂ... ഒരിക്കൽ നീ ഈ സത്യമൊക്കെ മനസ്സിലാക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷെ ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല"

"ടാ... നീ ആ അവസാനം പറഞ്ഞത് വിശ്വസിക്കേണ്ട, ആളുടെ മുഖം കണ്ടാലറിയാം, തൻ്റെ പദ്ധതിയൊക്കെ പൊളിഞ്ഞതിൽ ആകെ മാനം കെട്ട് നിൽക്കുകയാണ്...", ഇത്തവണ സുഗേഷ് ഫർഹാനിട്ടാണ് പണി കൊടുത്തത്, അതുവഴി അശ്വതിനെ ചെറുതായൊന്ന് ചിരിപ്പിക്കാനും അവന് സാധിച്ചു. അതോടെ രംഗം കുറച്ചുകൂടി ഉഷാറായി.

"ഡോക്ടർ എന്നോട് കള്ളം പറഞ്ഞതിൽ എനിക്കൊരു പരാതിയുമില്ല. പക്ഷെ എനിക്ക് ആ കഥയിൽ എത്രത്തോളം സത്യമുണ്ടെന്നറിയണം. കാരണം ആ മനോഹരമായ കഥയ്ക്ക് അങ്ങനെയൊരു ആന്റിക്ലൈമാസ് വന്നതിൽ എൻ്റെ ഉള്ളിൻ്റെയുള്ളിൽ ഇപ്പോഴുമൊരു നീറ്റലുണ്ട്‌", അശ്വത് ആവശ്യപ്പെട്ടു.

"അത് ഞാൻ പറഞ്ഞുതരാം...", സഞ്ജുവാണ് മുന്നോട്ടു വന്നത്.

"ഡോക്ടർ പറഞ്ഞത് തൊണ്ണൂറു ശതമാനവും സത്യമാണ്, അതിൻ്റെ ക്ലൈമാക്സ് ഒഴിച്ച്. ക്ലൈമാക്സ് എന്താണെന്നറിയണമെങ്കിൽ ആ ഫോട്ടോ നോക്കിയാൽ മതി" - ചുമരിൽ ഫ്രെയിം ചെയ്തുവെച്ച ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി സഞ്ജു പറഞ്ഞു.

അശ്വത് ആ ഫോട്ടോയിലേക്കു നോക്കി - കല്യാണവസ്ത്രമണിഞ്ഞു ഫിദയും സഞ്ജുവും സുലൈമാൻ ഹാജിയുടെ കൂടെ നിൽക്കുന്ന ഫോട്ടോ... അശ്വതിൻ്റെ മുഖത്തു പ്രകാശം പരന്നത് പെട്ടന്നായിരുന്നു.

"ഇനിയും തെളിവ് വേണമെങ്കിൽ ഇങ്ങോട്ടു നോക്കിയാൽ മതി", അത് ഫിദയായിരുന്നു. തൻ്റെ കൈ അശ്വതിനു നേരെ നീട്ടി, അതിലൊരു വെള്ളി നിറത്തിലുള്ള കീ ചെയിൻ ഉണ്ടായിരുന്നു, അതും ഹൃദയത്തിൻ്റെ  ആകൃതിയിൽ. അതിൽ ഇങ്ങനെ എഴുതിയിരുന്നു - ഹാർട്ട് ടു യൂ...

അതുംകൂടി കണ്ടപ്പോൾ അശ്വതിൻ്റെ മുഖത്ത് ചിരി പടർന്നു. "ഈ ആഘോഷത്തിൻ്റെ കാര്യം മനസ്സിലായോ?" എന്ന് ഫർഹാൻ ചോദിച്ചപ്പോൾ അശ്വത് അന്തംവിട്ടു. അവൻ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലായിരുന്നു. അവനോട് ഇന്നത്തെ തിയ്യതി നോക്കാൻ ഫർഹാൻ ആവശ്യപ്പെട്ടു. അതിന് അവൻ്റെ കയ്യിൽ ഒന്നുമില്ലെന്ന് മനസ്സിലാക്കിയ ഫർഹാൻ ആ കേക്കിലേക്ക് നോക്കാൻ ആവശ്യപ്പെട്ടു. അതിൽ ഇങ്ങനെ എഴുതിയിരുന്നു - 'Happy Feb 14'.
അതുംകൂടി കണ്ടതോടെ അശ്വതിൻ്റെ കണ്ണുകൾ നിറഞ്ഞു.

അതോടെ എല്ലാവരും ആഘോഷത്തിലേക്ക് തിരിഞ്ഞു. കേക്ക് മുറിക്കാൻ അശ്വതും അവരോടൊപ്പം കൂടി. എല്ലാം കഴിഞ്ഞു അശ്വത് എല്ലാവരും കേൾക്കേ ഫർഹാനോടൊരു കാര്യം ചോദിച്ചു -

"ഞാൻ പഠിച്ചു ഒരു ഡോക്ടറായി വന്നാൽ എന്നെയും നിങ്ങളുടെ കൂടെ കൂട്ടുമോ?"


---------------THE END---------------


ഇതായിരുന്നു തുടക്കം...



















ഒരു പെരുന്നാൾ ദിവസം സഞ്ജുവിൻ്റെ വീട്ടിൽ പോയപ്പോൾ അപ്രതീക്ഷിതമായി ശരത് കാണാനിടയായതാണ് ഈ ഓട്ടോഗ്രാഫ് പേജ്. അവനോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയാവുന്ന ശരത് സഞ്ജീദിൻ്റെ  പഴയ ഫ്രണ്ട്‌സ് മുഖേന സത്യം മനസ്സിലാക്കി. അവർ പറഞ്ഞതും പറയാത്തതുമായ ഒരുപാട് കഥകളുടെ ഒരു കലവറ തന്നെ ശരത് പിന്നീട് ഉണ്ടാക്കിയെടുത്തു. ആ കഥകൾ ഒരു മാല പോലെ കോർത്തെടുക്കുന്ന ജോലി മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. സഹായിച്ച എല്ലാവർക്കും നന്ദി, പ്രത്യേകിച്ച് രേഷ്മ, ഷെഹ്‌നാസ്, ഉണ്ണിയേട്ടൻ... എല്ലാത്തിനുമുപരി സഞ്ജുവെന്ന സഞ്ജീദിനും...




Comments

Post a Comment