Rock Paper Scissors - Part 2









4


"നീ കരുതുംപോലെ ഈ ഗിരീഷിനെ കണ്ടുപിടിക്കൽ അത്ര എളുപ്പമാവില്ല", കാർ ഓടിക്കുന്നതിനിടയിൽ ഗോപി വിഷയം എടുത്തിട്ടു.

"അതെന്താ?" - കിരൺ

"ഒന്നാമത്തെ കാര്യം അവനെ സ്കൂളിൽ നിന്ന് പുറത്താക്കിയത് തന്നെ. അതും ചില്ലറ കുറ്റമൊന്നുമല്ല, SSLC മോഡൽ ചോദ്യപേപ്പർ മോഷ്ടിക്കാൻ ശ്രമിച്ചു. മിക്കവാറും അവൻ്റെ ഡീറ്റെയിൽസ് സ്കൂൾ റെക്കോർഡ്സിൽ കാണാൻ സാധ്യതയില്ല. ഇനി ഉണ്ടെങ്കിൽ തന്നെ ഇപ്പോഴും ആ അഡ്രസ്സിൽ ഉണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല. മാത്രമല്ല, അവന് ഒരുത്തനോടും വലിയ ബന്ധമുണ്ടായിരുന്നില്ല. ആരോടും മിണ്ടില്ല. എന്തിന്, അവനൊന്ന് ചിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല"

"എന്നാലും നമുക്കൊന്ന് അന്വേഷിക്കാമെടോ... വല്ല കച്ചിത്തുരുമ്പും കിട്ടിയാലോ?"

"എന്തിന്? അവനെന്തോ ഭ്രാന്ത് നിൻ്റെ ഓട്ടോഗ്രാഫിൽ എഴുതിവെച്ചെന്ന് കരുതി..? എന്തായാലും ടിക്കറ്റ് എല്ലാം ക്യാൻസൽ ആക്കിയ സ്ഥിതിക്ക് നാട്ടിലെ ഉത്സവം കൂടിയിട്ട് പോകാം. കുറേ നാളായില്ലെടാ..."

"ഉത്സവത്തിന് നീ തന്നെ അങ്ങ് ഉണ്ടാക്കിയാൽ മതി, എന്നെ കിട്ടില്ല... പണ്ടൊരു ഉത്സവത്തിൻ്റെ അന്നാണ് നാട്ടുകാരെല്ലാം കൂടി എൻ്റെ അച്ഛനെ അപമാനിച്ചത്. നിൻ്റെ അച്ഛനും ഉണ്ടായിരുന്നല്ലോ അക്കൂട്ടത്തില്. ഒന്നും ഞാൻ മറന്നിട്ടില്ല"

"ഓ... അതൊക്കെ ഇനിയും ഓർത്തിട്ടെന്തിനാ... അന്ന് അപമാനിച്ചവരുടെ മുന്നിലൊക്കെ ഒന്ന് നെഞ്ചു നിവർത്തി നിൽക്കെടോ... അതല്ലേ വേണ്ടത്?!"

"ഡോ... റൂട്ട് മാറി"

"റൂട്ട് ഞാൻ മാറ്റിയതാ... ഇതൊക്കെ പറയുമ്പോൾ നിനക്കെന്താ ഇത്രയ്ക്ക് പ്രയാസം. എടാ തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ജയിച്ചു കാണിക്കുന്നതാ ഹീറോയിസം..."

"അതല്ല... സ്കൂളിലോട്ടുള്ള റൂട്ട് മാറിയെന്ന്"

"ഓ സോറി... ആദ്യമായിട്ടാ കാറും കൊണ്ടൊക്കെ ഈ സ്കൂളിലോട്ട് പോകുന്നത്. അതുകൊണ്ടായിരിക്കും... നമുക്ക് സൈക്കിളിലല്ലേ ശീലമുള്ളൂ..."

ഗേറ്റിനു മുന്നിലെത്തിയപ്പോൾ സെക്യൂരിറ്റി വണ്ടി തടഞ്ഞു - "സർ, ക്ലാസ് സമയത്തു ഒരു വാഹനവും കയറ്റരുതെന്നാ ഓർഡർ".

ഗോപി ഉടനെ കിരണിനെ ചൂണ്ടി - "അപ്പോൾ ഇദ്ദേഹത്തെക്കുറിച്ചു മാനേജർ ഒന്നും പറഞ്ഞില്ലേ?", ഗോപി ചുമ്മാ ഒരു നമ്പറിട്ടുനോക്കി. ചോദ്യം കേട്ടയുടനെ സെക്യൂരിറ്റി ഒന്ന് അന്തംവിട്ടു - "ഇല്ല, സർ...".

"എന്നാ ഓക്കേ, ഞങ്ങൾ വണ്ടി ഇവിടെ സൈഡാക്കാം... എന്നാലും മാനേജർ എന്താ പറയാതിരുന്നത്??!", ഗോപി വണ്ടി റിവേഴ്‌സ് ഗിയറിലിട്ടു.

"വേണ്ട സർ, അത്യാവശ്യമാണെങ്കിൽ നിങ്ങൾ പൊയ്ക്കോളൂ..." - സെക്യൂരിറ്റി ഗേറ്റ് തുറന്നതും ഒരു ചെറു ചിരിയോടെ ഗോപി വണ്ടി അകത്തേക്ക് കയറ്റി.

"പണ്ട് ഗേറ്റ്മാൻ പോയിട്ട് ഒരു ഗേറ്റ് പോലും ഇല്ലാത്ത സ്കൂളായിരുന്നു. നമ്മുടെയൊക്കെ ഫീസ് കൊണ്ടാ ഈ നിലയിലെത്തിയത്. എന്നിട്ടാ അവരുടെയൊക്കെ അഹങ്കാരം", ഗോപിക്ക് ചെറിയൊരു ദേഷ്യം ഇല്ലാതില്ല.

സ്കൂൾ സത്യം പറഞ്ഞാൽ ശെരിക്കും മാറിയിരിക്കുന്നു. മുറ്റം ഇന്റർലോക്ക് ഒക്കെ ചെയ്തിട്ടുണ്ട്. വരാന്തയോട് ചാരി ഒരുപാട് പൂക്കളുമുണ്ട്. പുതിയ ഒരുപാട് ബസുകൾ വരിവരിയായി നിർത്തിയിട്ടിരിക്കുന്നു. എന്നാലും അതിൽ പഴയ ഒരെണ്ണവും കാണാം, സൈഡിൽ ഗ്ലാസ്സിനു പകരം ഷട്ടർ മാത്രമുള്ള ഒരെണ്ണം. ടീച്ചർമാർക്കൊക്കെ കോട്ടുണ്ട് - MBBSനു പഠിക്കുന്ന പിള്ളേരെപ്പോലെ. പരിചയമുള്ള മുഖങ്ങൾ തപ്പുന്നതിനിടയിൽ ആകെ കണ്ടത് ഒരാളെ മാത്രം - തോമസേട്ടൻ! അന്നും ഇന്നും പ്യൂൺ അങ്ങേരു തന്നെ. അന്ന് ഇംഗ്ലീഷ് പഠിക്കാൻ കുറച്ചു കഷ്ടപ്പെട്ടിരുന്നു. ഇന്ന് അതൊക്കെ പഠിച്ചോ ആവോ?!

"നിങ്ങളുടെ കൂടെ പഠിച്ച ഒട്ടുമിക്ക ആളുകളുടെ അഡ്രസ്സും ഈ റെജിസ്റ്ററിലുണ്ട്. പക്ഷെ ഗിരീഷിൻ്റെ മാത്രം കാണുന്നില്ല." - കംപ്ലീറ്റ് പൊടിയിൽ കുളിച്ചു കിടക്കുന്ന ഒരു രജിസ്റ്റർ ഞങ്ങൾക്ക് മുന്നിൽ എറിഞ്ഞു തന്നിട്ട് തോമസേട്ടൻ പറഞ്ഞു. കിരൺ ഗോപിയോട് അഡ്രസ്സുകളെല്ലാം നോട്ട് ചെയ്യാൻ പറഞ്ഞു. ഗോപി ഒരു പേപ്പറും പേനയും തപ്പുന്നതിനിടയിൽ കിരൺ തൻ്റെ ഫോണിൽ അതിൻ്റെയെല്ലാം ഫോട്ടോയെടുത്തു, എന്നിട്ടൊരു ഡയലോഗും - "ഇതാണ് മലയാളികളുടെ കുഴപ്പം, ടെക്നോളജി എല്ലാം വാങ്ങിവെക്കും, പക്ഷെ ആവശ്യത്തിന് ഉപയോഗിക്കാൻ അറിയില്ല". ഗോപിയും വിട്ടില്ല - "ഞങ്ങൾ ആവശ്യത്തിനേ ഉപയോഗിക്കാതിരിക്കൂ... അനാവശ്യമായ എന്ത് വൃത്തികേടിനും അതുപയോഗിക്കാൻ ഞങ്ങൾക്കൊരു മടിയുമില്ല"

"തോമസേട്ടാ... ഈ ടീച്ചർമാരൊക്കെ?"

"നിങ്ങളെ പഠിപ്പിച്ച ടീച്ചർമാരൊന്നും ഉണ്ടാകാൻ സാധ്യതയില്ല. സ്കൂളിന് മാറ്റമില്ലാത്തതായി ഈ ഞാനും ഹെഡ്മാസ്റ്ററും പിന്നെ മാനേജരും മാത്രമേ ഉണ്ടാകൂ... അതിൽ ഹെഡ്മാസ്റ്റർ റിട്ടയർ ആവാറായി... അൺ എയ്‌ഡഡ്‌ ആയതുകൊണ്ട് ഇവിടെ ടീച്ചേഴ്സിന് ഒന്നും സ്ഥിരതയില്ലല്ലോ... പിന്നെ ശമ്പളവും കുറവായിരുന്നു. നല്ല അവസരം കിട്ടിയപ്പോൾ അവർ പോയിക്കാണും..."

"ഈ ഏയ്ഞ്ചൽ മാഡം എവിടെയുണ്ടെന്നറിയാമോ?"

"എൻ്റെ ഊഹം ശെരിയാണെങ്കിൽ ഇപ്പോൾ സെന്റ്. ഫ്രാൻസിസ് ഹൈസ്കൂളിലാണ്. അവിടുന്ന് മാറിയിട്ടുണ്ടോ ആവോ"

തോമസേട്ടനോട് നന്ദി പറഞ്ഞു ഞങ്ങളിറങ്ങി, കയ്യിൽ കുറച്ചു പണവും വെച്ചുകൊടുത്തു. ആ മനുഷ്യൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു - "നിങ്ങളെയൊക്കെ സ്വന്തം മക്കളെപ്പോലെയാണ് ഞാൻ കണ്ടിട്ടുള്ളത്. ഇനിയും ഇടയ്ക്കിടക്ക് ഇങ്ങോട്ടൊക്കെ ഇറങ്ങണം. എൻ്റെ മകളുടെ കല്യാണം ഏകദേശം ശെരിയായിട്ടുണ്ട്. ഈ അടുത്ത് തന്നെ ഉണ്ടാകും. നാട്ടിലുണ്ടെങ്കിൽ എന്തായാലും വരണം"

കാറെടുത്തു പോകുന്നതിനിടയിൽ ഒരിക്കൽ കൂടി ഗോപി ആ സെക്യൂരിറ്റിയുടെ മുന്നിൽ ബ്രേക്കിട്ടു - "ഇതാരാണെന്ന് മനസ്സിലായോ?", കിരണിനെ ചൂണ്ടി ഗോപി ഒരിക്കൽ കൂടി ചോദിച്ചു. സെക്യൂരിറ്റി 'ഇല്ലെന്ന്' തലയാട്ടിയ ഉടനെ - "ഇതാണ് പണ്ട് ഇവിടുന്നു SSLC ചോദ്യപേപ്പർ മോഷ്ടിക്കാൻ ശ്രമിച്ച ഗിരീഷ്...", അതും പറഞ്ഞു ഗോപി ആക്സിലേറ്ററിൽ കാലമർത്തി. സെക്യൂരിറ്റി അപ്പോഴും അന്തംവിട്ടു നിൽക്കുന്നുണ്ടായിരുന്നു.

"ഹും, ഗേറ്റും സെക്യൂരിറ്റിയുമൊക്കെയായി അസ്സല് ജയിൽ പോലെയായി. നമ്മുടെ കാലത്തൊക്കെ ഇത് ഉണ്ടായിരുന്നെങ്കിൽ ഇന്റെർവെല്ലിനു കണാരേട്ടൻ്റെ കടയിൽ പോയി അവിൽ മിൽക്ക് കുടിക്കാനും അപ്പുറത്തു പോയി ഐസ് വാങ്ങാനും കുറച്ചു കഷ്ടപ്പെട്ടേനെ... ഇന്നത്തെ പിള്ളേർക്ക് അതൊന്നും വേണ്ടെന്നാ തോന്നുന്നത്", പഴയ ആ സ്കൂൾ ജീവിതത്തിൻ്റെ സുഖമൊന്നും ഗോപിക്ക് അതുകണ്ടിട്ട് തോന്നിയില്ല.

"അതിനല്ലേ സ്കൂളിന് ഉള്ളിൽ തന്നെ കാന്റീനും സ്റ്റോറുമൊക്കെ. അതാവുമ്പോൾ സ്കൂൾകാർക്ക് വാടകയും കമ്മീഷനുമൊക്കെ വാങ്ങിക്കാലോ..."

"ശെരിയാ... അതുപോട്ടെ, എന്താ അടുത്ത പ്ലാൻ?"

"സെന്റ്. ഫ്രാൻസിസ്... അതിനുമുമ്പ് വണ്ടി തിരിച്ചു കണാരേട്ടൻ്റെ കടയിലേക്ക് വിട്... ഇപ്പോഴും ഉണ്ടെങ്കിൽ നമുക്കൊരു അവിൽ മിൽക്ക് കുടിക്കാം... നീ പറഞ്ഞപ്പോൾ വല്ലാത്ത ഒരു കൊതി..."

____________________                ____________________


ഏയ്ഞ്ചൽ മാഡത്തിന് അധികം മാറ്റമൊന്നുമില്ല, അല്പം തടി കൂടിയിട്ടുണ്ടെന്ന് മാത്രം. മാറ്റം വന്നത് ഞങ്ങൾക്കാണല്ലോ... താടിയും മീശയുമൊക്കെ വെച്ച്. എന്നാലും ഞങ്ങളെ തിരിച്ചറിയാൻ ടീച്ചർക്ക് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. ഞങ്ങളെ കണ്ടയുടനെ ക്ലാസ് നിർത്തി അടുത്തേക്ക്  വന്നു. ഞങ്ങളെക്കുറിച്ചു പറയാൻ നൂറു നാവായിരുന്നു. ഞങ്ങളെപ്പോലൊരു ബാച്ചിനെ അതിനു ശേഷം ടീച്ചർ കണ്ടിട്ടില്ലെന്നു പറഞ്ഞു. അതുപോലൊരു ടീച്ചറെ ഞങ്ങൾക്കും പിന്നീട് കിട്ടിയിട്ടില്ലല്ലോ...

ടീച്ചറായതുകൊണ്ട് ഞങ്ങൾ ഉള്ള സത്യമങ്ങു പറഞ്ഞു, വന്നതിൻ്റെ ഉദ്ദേശവും മറ്റുമൊക്കെ. ടീച്ചർ കുറച്ചുനേരം ആലോചിച്ചു - "നമ്മുടെ ക്ലാസ്സിൽ എനിക്ക് പിടി തരാത്ത ആൾ ഗിരീഷ് മാത്രമായിരുന്നു. അന്ന് ആ ചോദ്യപേപ്പർ സംഭവത്തിലും ഞാൻ അവനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ ആ മാനേജർ സമ്മതിച്ചില്ല. അങ്ങേരാണല്ലോ അവനെ കയ്യോടെ പിടികൂടിയത്. അതിനു ശേഷം അവനെന്തു പറ്റിയെന്ന് എനിക്കറിയില്ല. നാടുവിട്ടു പോയെന്നു വരെ കേട്ടിരുന്നു". ടീച്ചറും കൈമലർത്തി, "എന്തായാലും നമ്മുടെ ക്ലാസ്സിലെ ആർക്കെങ്കിലും ഒരാൾക്കു അറിയാതിരിക്കില്ല, അന്വേഷിച്ചു നോക്ക്. പക്ഷെ ആ സംഭവത്തിൽ നിന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ല".

"അതുതന്നെയാണ് ഞങ്ങൾക്കും മനസ്സിലാകാത്തത്. എന്തായാലും ഞങ്ങളൊന്ന് അന്വേഷിക്കട്ടെ. ടീച്ചറുടെ ഒരു ഹെല്പ് വേണം. എല്ലാവരോടും കാര്യം പറയാൻ പറ്റാത്തതുകൊണ്ട് ഒരു 'GET TOGETHER' പ്ലാനുമായിട്ടാണ് ഞങ്ങൾ പോകുന്നത്. അതിനു പിന്നിൽ ടീച്ചറുമുണ്ടെന്ന് പറയും. കുഴപ്പമില്ലല്ലോ അല്ലേ?", കിരണിൻ്റെ ആ ആവശ്യം ടീച്ചർ സന്തോഷപൂർവ്വം സമ്മതിച്ചു - "നിങ്ങൾക്ക് ആ അഖിലിനെ ഓർമ്മയില്ലേ?"

"ഞങ്ങളുടെ കൂടെ പഠിച്ച...", കിരണിനു സംശയം.

"അതെ, അവനിപ്പോൾ വലിയ രാഷ്ട്രീയക്കാരനാ... അവനോട് ചോദിച്ചാൽ ചിലപ്പോൾ അറിയാൻ സാധിക്കും... ഒരുപാട് പിടിപാടുള്ളതല്ലേ, അന്വേഷിക്കാൻ വലിയ ബുദ്ധിമുട്ടുകാണില്ല... രണ്ടുവർഷം മുമ്പായിരുന്നു അവൻ്റെ കല്യാണം. ഗോപിയുണ്ടായിരുന്നല്ലോ... നിന്നെ കണ്ടില്ല", ടീച്ചർ പറഞ്ഞു.

"ഞാൻ വിദേശത്തായിരുന്നല്ലോ... അറിഞ്ഞില്ല"

"ഹും... അതിൽ സർപ്രൈസ് ഉണ്ടായിരുന്നു. ഗോപി പറഞ്ഞില്ലേ?"

"ഇല്ല" - ഗോപി.

"എന്തായാലും നേരിട്ടു കാണാൻ പോകുകയല്ലേ... അവനു മനസ്സിലായിക്കോളും"

"എന്നാൽ ഞങ്ങൾ പൊയ്‌ക്കോട്ടെ, ടീച്ചർ. പിന്നെ കാണാം..."

"ശെരി, കാണാം!"

പടിയിറങ്ങി പോകുമ്പോൾ കിരൺ ഗോപിയെ ഒന്ന് നോക്കി. ഗോപി അത് കാണാത്ത പോലെ നടന്നു - സർപ്രൈസ് പൊളിക്കാൻ താല്പര്യമില്ലെന്നർത്ഥം!!

____________________                ____________________


"അല്ല... ആരിത്... കിരൺ... ഗോപി... കണ്ടിട്ട് എത്ര നാളായെടോ?", വീട്ടിലേക്ക് കയറിച്ചെന്ന  ഉടനെ ആലിംഗനത്തോടെയാണ് അഖിൽ സ്വീകരിച്ചത്. സത്യത്തിൽ ആ ഒരു രംഗം കിരൺ പ്രതീക്ഷിച്ചിരുന്നില്ല. അവനായിട്ട് ആക്കിയതല്ലെങ്കിലും അഖിലിന് കിരൺ ഒരു ശത്രുവായിരുന്നല്ലോ... ഒരുപക്ഷേ കാലം ആ ശത്രുതയൊക്കെ മായ്ച്ചു കളഞ്ഞിട്ടുണ്ടാകാം... നല്ലതു തന്നെ.

"എടാ കിരൺ, എൻ്റെ കല്യാണത്തിന് നിന്നെ മിസ് ചെയ്തു. ഗോപിയുണ്ടായിരുന്നു", അഖിൽ അവരെ അകത്തേക്ക് ആനയിക്കുന്നതിനിടയിൽ പറഞ്ഞു.

"ഞാൻ അറിഞ്ഞിരുന്നില്ല. മാത്രമല്ല ഇവിടെയില്ലായിരുന്നല്ലോ...", കിരണിൻ്റെ മറുപടി.

"നിമിഷാ... ഇവിടെ ആരാ വന്നതെന്നു നോക്കൂ...", അഖിൽ വിളിച്ചുപറഞ്ഞു. ആ പേര് കേട്ടതും കിരണിൻ്റെ നെഞ്ചിലെന്തോ..., അവൾ വന്നപ്പോൾ ശെരിക്കും ഞെട്ടി, അത് ആ നിമിഷ തന്നെ! കുറച്ചു നേരത്തേക്ക് കിരൺ വല്ലാത്തൊരു അവസ്ഥയിലായിരുന്നു, സങ്കടവും ദേഷ്യവുമൊക്കെ മനസ്സിൽ കിടന്നു തിളയ്ക്കുന്ന പോലെ. വഞ്ചകി - ആ പേര് പലപ്രാവശ്യം അവൻ്റെ കാതുകളിൽ അലയടിച്ചു. 'അതിനുള്ള പ്രായമത'ല്ലെന്ന് അവൾ അന്ന് പറഞ്ഞപ്പോൾ... പോട്ടെ, ഇനി പറഞ്ഞിട്ട് എന്ത് കാര്യം. അവൻ ഗോപിയെ നോക്കി, അവനു യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു. അവൻ ഒരു തവണ ഞെട്ടിയതാകുമല്ലോ... എന്തുകൊണ്ടാണ് തന്നോട് അഖിലിൻ്റെ കല്യാണക്കാര്യം മറച്ചുവെച്ചതെന്നും കിരണിനു മനസ്സിലായി.

"കിരൺ എന്നെത്തി? കല്യാണത്തിന് വിളിക്കാൻ ശ്രമിച്ചിരുന്നു. പിന്നീടാണ് ഗോപി ആളിവിടെ ഇല്ലെന്നു പറഞ്ഞത്", ഒരു ചെറുപുഞ്ചിരിയോടെ നിമിഷ സംസാരിച്ചു തുടങ്ങി.

'എന്നിട്ട് വേണം എൻ്റെ ചങ്ക് എരിഞ്ഞമരുന്നത് നിനക്ക് കാണാൻ...', കിരൺ മനസ്സിലെന്തൊക്കെയോ പറയുന്നുണ്ട്, പക്ഷെ പുറത്തു അതൊന്നും കാട്ടിയില്ല - "വന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ... സുഖം തന്നെയല്ലേ?", ആ ചോദ്യം അവളെ ഒന്ന് ആക്കുന്ന രീതിയിലാണോ എന്നൊരു സംശയം.

"ഹോ... പരമസുഖം", നിമിഷയുടെ മറുപടി പെട്ടന്നായിരുന്നു. അതും ആക്കിയതാണോ?!

"എടാ... എനിക്കൊന്ന് തിരുവനന്തപുരം വരെ പോകണം. ട്രെയിൻ സമയം ആയിത്തുടങ്ങി. ഒരു അർജെന്റ് മാറ്ററുണ്ട്. നിങ്ങളിരിക്ക്, ചായ കുടിച്ചിട്ട് പോയാൽ മതി", അഖിൽ കാര്യം പറഞ്ഞു. അതുകേട്ടപ്പോൾ കിരണിൻ്റെയും ഗോപിയുടെയും മുഖമൊന്ന് വാടി. വന്നതിൻ്റെ ഉദ്ദേശം പറയാൻ പിന്നെ താമസിച്ചില്ല.

"നമുക്ക് ആളെയൊക്കെ കണ്ടുപിടിക്കാം... പക്ഷെ ഈ ആഴ്ച എനിക്ക് പറ്റില്ല, അല്പം തിരക്കിലാ...", രാഷ്ടീയക്കാരുടെ സ്ഥിരം പല്ലവി തന്നെയാണ് അഖിലിൻ്റെ വായിൽ നിന്നും വീണത്. എന്നാലും GET TOGETHER ഉടനെ നടത്തണമെന്ന ആവശ്യവും പറഞ്ഞു.

അഖിൽ പുറപ്പെടുന്നതിൻ്റെ മുമ്പ് തന്നെ ഗോപിയും കിരണും ആ വീട്ടിൽ നിന്നിറങ്ങി. പോകുന്നതിനിടയിൽ കിരൺ ഒന്നുകൂടി ആ വീട്ടിലേക്കൊന്ന് തിരിഞ്ഞു നോക്കി. ഒരു ചെറിയ മുറിവ് അത് മനസ്സിൽ ഉണ്ടാക്കിയിട്ടുണ്ട്. താൻ സ്നേഹിച്ച ആൾക്ക് തൻ്റെ ശത്രു ജീവിതം കൊടുക്കുമ്പോൾ... ഈ ഫസ്റ്റ് ലവ് എന്ന് പറയുന്ന സാധനം വല്ലാത്തൊരു കുരിശ് തന്നെയാണല്ലേ...!!

____________________                ____________________


"എസ്ക്യൂസ്‌ മീ, ഈ അജ്മലിനെ ഒന്ന് കാണാൻ പറ്റുമോ?"

"സാർ ഡ്യൂട്ടിയിലാ... അപ്പുറത്തു ഗാർഡനിൽ കാണാം...", ഇത് പറയുമ്പോൾ റെസ്റ്റോറന്റിലെ ജീവനക്കാരൻ്റെ  മുഖത്തൊരു ചിരിയുണ്ടായിരുന്നു. അയാൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെ ഞങ്ങൾ നടന്നു - 'അജൂസ്‌ റെസ്റ്റോറന്റ്', നാട്ടിലെ പേരുകേട്ട റെസ്റ്റോറന്റാണിത്. നമ്മുടെ അജ്മലിൻ്റെ സ്വന്തം. പക്ഷെ മുതലാളിയെ കാണുന്നില്ലല്ലോ...

ഗാർഡനിൽ ഞങ്ങൾ ചുറ്റുപാടും നോക്കി - ആളെ കാണുന്നില്ല. ഇതിനിടയിൽ ഒരാൾ അവിടെയുള്ള 'USE ME'യിൽ എന്തോ തപ്പുന്നത് കണ്ടു - വൃത്തികേട്! അടുത്തുതന്നെ ഒരു പെൺകുട്ടി മൂക്കുപൊത്തി അയാൾക്ക്‌ മാർഗ്ഗനിർദ്ദേശം നിൽക്കുന്നുമുണ്ട്. കണ്ടാൽ നല്ല അടിപൊളി ജീൻസും ഷർട്ടുമൊക്കെ ധരിച്ച മാന്യൻ. പിന്നെ എന്താണ് ഈ കാണിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇതിനിടക്ക് ആ തല അതിനുള്ളിൽ നിന്നൊന്നു വലിച്ചൂരി ശ്വാസം വിട്ടു - അതവൻ തന്നെ, പഹയൻ അജ്മൽ! കിരണും ഗോപിയും അവൻ്റെ അടുത്തേക്കോടി - "ഡാ..."!

ഞങ്ങളെ കണ്ടതും അവനൊന്ന് ഞെട്ടി, പിന്നെയൊരു ഇളിയും. "അല്ലാ നിങ്ങളെന്താ ഇവിടെ?", മുഖം കൈകൊണ്ട് തുടച്ചു ചോദിച്ചു.

"അതൊക്കെ പറയാം... നീയെന്താ ഈ കാണിക്കുന്നത്? അതും ഈ വേസ്റ്റിനകത്ത്?"

"അതേയ്... ഇവളുടെ ഫോൺ അതിൽ വീണു. അതൊന്ന് എടുക്കാൻ..."

"ഇതാരാ...?", കിരൺ പെൺകുട്ടിയെ ചൂണ്ടി ചോദിച്ചു.

"ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ... ലൈല", ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു - "ലൈലാ... ഇതെൻ്റെ കൂടെ പഠിച്ചവരാ... കിരൺ, ഗോപി.. നീ തൽക്കാലം അപ്പുറത്തു പോയി ഇരിക്ക്..."

"ഇക്കാ ഫോൺ...", ലൈലയുടെ ആധി അതായിരുന്നു.

"ബേജാറാകണ്ട... ഞാൻ ആരെയെങ്കിലും വിളിച്ചു എടുത്തു തരാം...", ദേഷ്യം അടക്കിപ്പിടിച്ചു അജ്മൽ പറഞ്ഞു. അവനെ അങ്ങനെ ദേഷ്യം പിടിച്ചു നിർത്തിയ രൂപത്തിൽ ആദ്യമായി കാണുകയാണ്. ചുരുക്കത്തിൽ അവൻ ആളാകെ മാറിയിരിക്കുന്നു. ആൾക്കാരോട് ചിരിക്കാൻ പഠിച്ചിരിക്കുന്നു. ഒരു പെണ്ണ് ജീവിതത്തിലേക്ക് വന്നതിൻ്റെയാണോ ഈ മാറ്റം?

ഇതിനിടയിൽ അജ്മൽ തൻ്റെ ഒരു ജോലിക്കാരനെ വിളിച്ചു ഒരു അൻപത് രൂപ പോക്കെറ്റിൽ നിന്നെടുത്തുകൊടുത്തു പറഞ്ഞു - "ചക്കരേ... ആ ഫോണൊന്ന് എടുത്തുകൊടുക്ക്... പ്ലീസ്"

"എടുത്തുകൊടുക്കാം... പക്ഷെ ഇത് മതിയാവില്ല. ചുരുങ്ങിയത് ഒരു അഞ്ഞൂറ് എങ്കിലും കിട്ടണം...", ആ അൻപതു രൂപ മുതലാളിയുടെ കീശയിൽ തന്നെ വെച്ചുകൊടുത്തു.

"അഞ്ഞൂറോ... അതെന്തു ചോദ്യമാടാ...?"

"പണി അത്രയ്ക്ക് വെടിപ്പുള്ളതൊന്നുമല്ലല്ലോ..."

"തൽക്കാലം നീ ഇത് പിടി... ഒന്ന് സഹായിക്കെടാ...", ഒരു നൂറും കൂടി കൊടുത്തിട്ട് അവനെ തള്ളിവിട്ടു. മനസ്സില്ലാമനസ്സോടെയാണെങ്കിലും അവൻ കാര്യം ഏറ്റെടുത്തു. "എടാ... മൂന്നു ചായ കൂടി... അപ്പുറത്തെ ടേബിളിലോട്ട്...", ആ ഓർഡർ കൂടി കൊടുത്തു, ഒപ്പം ഒരു ഡയലോഗ് - "നീ ഓർഡർ കൊടുത്താൽ മാത്രം മതി, നിൻ്റെ കൈ കൊണ്ട് സാധനം കൊണ്ടുവരേണ്ട!" ആ പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലാക്കിയിട്ടാവണം ജീവനക്കാരനാണെങ്കിലും മുതലാളിയെ കടുപ്പിച്ചൊരു നോട്ടം നോക്കി.

"ഹും... ഇവനെയൊക്കെ മേയ്ച്ചു നടക്കുന്നതിൻ്റെ കഷ്ടപ്പാട് എനിക്കേ അറിയൂ...", കിരണിനേയും ഗോപിയേയും തൊട്ടപ്പുറത്തുള്ള ടേബിളിലോട്ട് കൂട്ടിക്കൊണ്ടു പോകുന്നതിനിടയിൽ അജ്മൽ പിറുപിറുത്തു.

"ഒരു പെണ്ണിൻ്റെ മുഖത്ത് നോക്കാൻ പോലും അറത്തുനിന്ന നീ ഇപ്പോൾ ഒരുവൾക്ക് വേണ്ടി ചവറു വരെ തപ്പുന്നു... ക്രെഡിറ്റ് കൊടുക്കേണ്ടത് ലൈലക്കാണോ?", ചോദ്യം ഗോപിയുടെ വക.

"ക്രെഡിറ്റ് പടച്ചോനാ... ഉപ്പ മരിച്ചതിൽ പിന്നെ എല്ലാം മാറി. പഴയ ആ അഹങ്കാരവും തന്റേടവുമൊക്കെ മാറ്റേണ്ടി വന്നു... ഉമ്മാനേയും പെങ്ങന്മാരേയും നോക്കാൻ വേണ്ടി മാറി... അൽഹംദുലില്ലാഹ്... ഇപ്പോൾ എല്ലാം റാഹത്താ... പഴയ അജ്മലാണെങ്കിൽ ഇവന്മാരൊക്കെ നേരെ നോക്കാൻ പോലും പേടിച്ചിരുന്നേനേ...", അവസാനം പറഞ്ഞത് ജോലിക്കാരെ കുറിച്ചാണ്.

"എന്നിട്ട് കല്യാണം കഴിഞ്ഞോ?"

"ഇല്ല, നിക്കാഹ് മാത്രമാണ് കഴിഞ്ഞത്... ലൈല പഠിച്ചോണ്ടിരിക്കാ... അത് കഴിഞ്ഞോട്ടെയെന്ന് വെച്ചു... ഭാവിയിൽ കുട്ടികൾക്കു നാലക്ഷരം പറഞ്ഞു കൊടുക്കണമെങ്കില് അവളെങ്കിലും പഠിക്കണല്ലോ... അതൊക്കെ പോട്ടെ, നിങ്ങളിപ്പോ എങ്ങനെ ഇവിടെ?"

"നിന്നെ അന്വേഷിച്ചു തന്നെ വന്നതാ..."

അജ്മലിനോട് വരവിൻ്റെ ഉദ്ദേശം പറഞ്ഞു. പക്ഷെ ഗിരീഷിനെക്കുറിച്ചുള്ള വിവരങ്ങൾ അവൻ്റെ കയ്യിലുമുണ്ടായിരുന്നില്ല. പക്ഷെ വേറൊരു സൂചന തന്നു - "ഡെസ്‌നയ്ക്ക് അറിയാൻ ചാൻസുണ്ട്, അവർ തമ്മിൽ എന്തോ ചുറ്റിക്കളിയുണ്ട്". അത്ഭുതത്തോടെയാണ് ഞങ്ങളത് കേട്ടത്. കാരണം ഇങ്ങനെയൊരു കാര്യം ഇതിനു മുമ്പ് കേട്ടിട്ടുപോലുമില്ല.

"ഡേയ്... സത്യമാണോ ഇത്?"

"ഉറപ്പില്ല... പക്ഷെ എനിക്ക് സംശയം തോന്നിയിട്ടുണ്ട്. ഗിരീഷ് സ്കൂളിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചും അവൾക്കറിയാൻ ചാൻസുണ്ട്..."

"അവളുടെ അഡ്രസ്സ് കയ്യിലുണ്ട്. ഒന്ന് പോയി നോക്കണം"

"എൻ്റെ നാട്ടുകാരിയാ. പക്ഷെ ഇന്ന് പോയിട്ട് കാര്യമില്ല. അടുത്ത ഞായറാഴ്ചയേ  കോളേജിൽ നിന്നും വരികയുള്ളൂ... നേഴ്സിങ്ങിന് പഠിക്കാണ്"

"ഹ്മ്... അതുപോട്ടെ... ഫാത്തിമ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയോ?", പഴയ അഡ്രെസ്സിലൊന്നും  അവളെ കാണാനില്ല"

"അവളെ കാണണമെങ്കിൽ ടീവി തുറന്നാൽ പോരേ... മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിലെ താരമാണ്... അഡ്രെസ്സ് കിട്ടാൻ മെനക്കെടേണ്ടിവരില്ല"

ഒരു പഴയ സുഹൃത്തിനെ കണ്ട ആത്മസംതൃപ്തിക്കപ്പുറം പുതിയ ഒരുപാട് വിവരങ്ങൾ നേടിയ ആവേശത്തിലാണ് കിരണും ഗോപിയും ആ റെസ്റ്റോറെന്റിൻ്റെ പടിയിറങ്ങിയത്. ഡെസ്‌നയും ഗിരീഷും തമ്മിലുള്ള ബന്ധം അവർക്കത്ര വിശ്വാസയോഗ്യമല്ല. ഫാത്തിമ വലിയ പാട്ടുകാരിയായിത്തീർന്നതിൽ കിരണിനു വല്ലാത്ത സന്തോഷം തോന്നി, ഒപ്പം അതുവരെ അറിയാതിരുന്നതിലുള്ള സങ്കടവും. പോകാൻ നേരത്തു അജ്മലിൻ്റെ വക ഒരു ഓർമ്മപ്പെടുത്തൽ ഉണ്ടായിരുന്നു -

"എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കേണ്ട... അജ്മലിൻ്റെ ധൈര്യവും തന്റേടവും ഇപ്പോഴും കാത്തുസൂക്ഷിച്ചിട്ടുണ്ട്... അതെൻ്റെ കൂട്ടുകാർക്കുള്ളതാ..."

____________________                ____________________


"ഡാ... ഇതുവേണോ? ഇവൾക്കൊന്നും യാതൊന്നും അറിയാൻ സാധ്യതയില്ല... എന്തിനാ വെറുതെ സമയം കളയുന്നത്?", ഫാത്തിമയുടെ വീടിൻ്റെ ഗേറ്റിനു മുന്നിലെത്തിയപ്പോൾ ഗോപി വീണ്ടും എതിർത്തു. പണ്ടൊരു പെരുന്നാൾ ദിവസം ഇവളുടെ വീട്ടിലേക്കു പോകാൻ അവനായിരുന്നു ഒടുക്കത്തെ താല്പര്യം. അവളുടെ ബാപ്പാനെ ഓർത്തിട്ടായിരിക്കും ഇപ്പോഴത്തെ മറുചിന്ത.

"എടാ കുന്തം പോയാൽ കുടത്തിലും തപ്പണമെന്നല്ലേ... വല്ല കച്ചിത്തുരുമ്പും കിട്ടിയാലോ...", കിരൺ ഫാത്തിമയെ കണ്ടേ അടങ്ങു എന്ന നിലപാടിലാണ്.

"പക്ഷെ ഈ കുടത്തിൽ ഒരു ഭൂതവും കൂടിയുണ്ട്... ഓളെ ബാപ്പ... അതാ എൻ്റെ  പേടി", ഗോപി കാര്യം മറച്ചുവെച്ചില്ല.

"നമ്മളിപ്പോൾ കുട്ടികളല്ല... അതാദ്യം നീ മനസ്സിലാക്ക്...", കിരൺ ധൈര്യം പകർന്നു.

"അത് അങ്ങേരു മനസ്സിലാക്കിയാൽ മതിയായിരുന്നു...", ഗോപിക്ക് സമാധാനം കൈവന്നിട്ടില്ല.

രണ്ടുപേരും ഗേറ്റ് തുറന്നു അകത്തേക്ക് നടന്നു. പ്രതീക്ഷിച്ചതുപോലെ അവളുടെ ബാപ്പ പൂമുഖത്തു തന്നെയുണ്ട്. അതുകണ്ടതും ഗോപിയൊന്ന് കിരണിൻ്റെ പിറകിലോട്ട് വലിഞ്ഞു. 'ഇതാരാണപ്പാ' എന്ന മട്ടിൽ ബാപ്പ രണ്ടുപേരെയും സൂക്ഷിച്ചു നോക്കുന്നുണ്ട്.

"ഫാത്തിമയില്ലേ ഇവിടെ?", രണ്ടും കല്പിച്ചു കിരൺ ചോദിച്ചു.

"ആരാ...? ഗാനമേളക്കാരാണോ? ആണെങ്കിൽ ഒരു കാര്യം ആദ്യം തന്നെ പറഞ്ഞേക്കാം... അവളെ അതിനൊന്നും വിടാൻ താല്പര്യമില്ല", ബാപ്പ ഉള്ള കാര്യമങ്ങു പറഞ്ഞു. വെറുതെ സമയവും വീട്ടിലെ പലഹാരവും വേസ്റ്റ് ആക്കേണ്ടെന്നു കരുതിയാകും ആദ്യം തന്നെ അത് എടുത്തിട്ടത്.

"അയ്യോ അല്ല... ഞങ്ങള് അവളുടെ കൂടെ പഠിച്ചതാ...", കിരൺ കാര്യം പറഞ്ഞു.

"ഓ... എന്നാ വന്നോളീ... കുത്തർക്കീ... (ഉറക്കെ) ഫാത്തിമാ... അൻ്റെ രണ്ടു ചങ്ങായിമാര് ഇതാ വന്നിട്ട്ണ്ട്... എന്താ ഇങ്ങളൊക്കെ പേര്?"

കിരണും ഗോപിയും അവരെ സ്വയം പരിചയപ്പെടുത്തി.

"ഹമ്... ടീവീല് പാടാൻ പോയതിൽ പിന്നെ ഗാനമേളക്കാരെക്കൊണ്ട് ഒരു സ്വൈര്യല്ല... അതാ ആദ്യം തന്നെ അങ്ങനെ പറഞ്ഞത്..."

"പാടാൻ വിട്ടൂടെ... ഇന്നത്തെ കാലത്തു ഗാനമേളക്കൊക്കെ പോയാൽ നല്ല ക്യാഷ് കിട്ടില്ലേ...", ഗോപിയാണ് വാ തുറന്നത്. അങ്ങേര് നല്ല മൂഡിലാണെന്ന് കരുതി പറഞ്ഞതാണ്. പക്ഷെ മൂപ്പരുടെ മുഖം പെട്ടന്ന് മാറി.

"അങ്ങനെ ഓളെ പാടാൻ വിട്ട് കുടുംബം പോറ്റേണ്ട ഗതികേട് നമ്മക്കില്ല". ഗോപി പിന്നെ ഒന്നും പറഞ്ഞില്ല, പറയാതിരിക്കുന്നതാണ് നല്ലതെന്ന് അവന് മനസ്സിലായി.

"ഇങ്ങളെന്തിനാ വന്നത്?"

"ഞങ്ങളുടെ പത്താം ക്ലാസ് ബാച്ചിൻ്റെ ഒരു GET TOGETHER പ്ലാൻ ചെയ്യുന്നുണ്ട്. ഫാത്തിമ എന്നാണ് ഫ്രീയാവുക എന്നറിഞ്ഞാൽ അതിനനുസരിച്ചു തീയതി വെക്കാമായിരുന്നു"

"ഓ... നല്ല കാര്യം... പഴയ ചങ്ങായിമാരെയൊക്കെ കാണാലോ ലേ... എന്നാലേ... ഞാനൊന്ന് പള്ളിയിൽ പോയി വരാം... അസർ ബാങ്ക് കൊടുത്തിക്കണ്... ഓള് ഇപ്പൊ വരും..."

ഫാത്തിമയുടെ ബാപ്പ പോയതിനു ശേഷമാണ് ഗോപി ശെരിക്കൊന്നു ശ്വാസം വിട്ടത്. അപ്പോൾ തന്നെ ഫാത്തിമ വരികയും ചെയ്തു. പഴയ കൂട്ടുകാരെ അപ്രതീക്ഷിതമായി കണ്ടതിലുള്ള അത്ഭുതവും സന്തോഷവും അവളുടെ മുഖത്തുണ്ട്. പഴയ ഓർമ്മകൾ പൊടിതട്ടിയെടുക്കുന്നതിനിടയിൽ പുതിയ വിശേഷങ്ങൾ പങ്കുവെയ്ക്കാനും മറന്നില്ല. നിമിഷയുടെ കല്യാണക്കാര്യവും ഇതിനിടക്ക് വന്നു. കിരണിൻ്റെ ഭാവം മാറുന്നത് കണ്ടു ഫാത്തിമ തന്നെ വിഷയം മാറ്റുകയും ചെയ്തു. ഏറ്റവും ഒടുവിലാണ് ഗിരീഷിൻ്റെ കാര്യത്തിലേക്ക് വന്നത്. പ്രതീക്ഷിച്ച പോലെ അവളും കൈമലർത്തി. പിന്നെ അധികമൊന്നും സംസാരിക്കാൻ നിന്നില്ല. അവളുടെ ബാപ്പ വരുന്നതിനു മുമ്പ് സ്ഥലം വിടുന്നതാണ് നല്ലതെന്ന് തോന്നിയതുകൊണ്ട് അവരവിടെ നിന്നിറങ്ങി.

"ഇനിയെങ്ങോട്ട്?" -  ഗോപിയാണ് ചോദിച്ചത്.

"ഞാൻ ആദ്യമേ പോയിരിക്കേണ്ട ഒരാളുണ്ടായിരുന്നു"

"അതാര്?"

"മിസ് ശരണ്യ മോഹൻ" 

 ________________________________________



5


"മോളൂസ്... റെഡി ആയോ? എൻ്റെ ഒരുക്കം കഴിഞ്ഞു ട്ടോ..."

"ഒരു പത്ത് മിനിറ്റ് ചേച്ചി...."

നികിതയും ശരണ്യയും കൂടി എങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിലാണ്. ശരണ്യ ഡ്രസ്സ് ഒക്കെ മാറ്റി വീടിൻ്റെ പിറകുവശവും മറ്റുമൊക്കെ ലോക്ക് ചെയ്തോ എന്ന് നോക്കുന്ന തിരക്കിലാണ്. ഈ സമയത്താണ് കാളിങ് ബെൽ കേൾക്കുന്നത്.

"ഞാൻ നോക്കാം... നീ റെഡി ആയിക്കോ...", ഒരുങ്ങുന്നതിനിടയിൽ ആരാണെന്നു നോക്കാൻ വന്ന നികിതയോട് ശരണ്യ പറഞ്ഞു. അവൾ വാതിൽ തുറന്നപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രണ്ടുപേരെയാണ് കണ്ടത് - കിരണും ഗോപിയും!

"Oh my god... ഞാനിത് എന്താ ഈ കാണുന്നത്? ഇയാളല്ലേ ഇന്നലെ ഫ്ലൈറ്റിൽ അമേരിക്കയിലോട്ട് പോവാണെന്നും തിരക്കാണെന്നുമൊക്കെ പറഞ്ഞു പോയത്...", ശരണ്യക്ക് തീരെ വിശ്വസിക്കാനാവുന്നില്ല.

"അതുപിന്നെ കുറെ നാളത്തേക്ക് ശേഷം നാട്ടിൽ വന്നിട്ട് ശരണ്യയുടെ കൂടെ ഒരു ചായ പോലും കുടിക്കാതെ  എങ്ങനെ പോവുക എന്നാലോചിച്ചു അവനു തീരെ ഉറക്കം വന്നില്ല. അപ്പോൾ പിന്നെ ഞാനും പറഞ്ഞു ആ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ...", ഗോപിയാണ് അത്രയും പൊലിപ്പിച്ചത്.

"അയ്യോടാ... വല്ലാതങ്ങു ഓവർ ആക്കല്ലേ... നിന്നെയൊക്കെ എനിക്കറിഞ്ഞൂടെ... എന്തെങ്കിലും ആവശ്യം കാണും... അല്ലാതെ നിനക്കെന്തിനാ നമ്മളെയൊക്കെ..."

"അറ്റ്ലീസ്റ്റ് ഞങ്ങളൊന്നു അകത്തേക്കെങ്കിലും വന്നോട്ടെ?", കിരണാണ് അത് ചോദിച്ചത്.

"ഞാനതു മറന്നു... കേറി വാ...", ശരണ്യ അവരെ അകത്തേക്ക് ക്ഷണിച്ചു, ഇരിക്കാൻ പറഞ്ഞു. ഫ്രിഡ്ജിൽ നേരത്തെ ഉണ്ടാക്കിയ ജ്യൂസ് കുറച്ചു ബാക്കിയിരിപ്പുണ്ടായിരുന്നു. അതെടുത്തു അവർക്ക് കൊടുത്തു. വേറെ ഒന്നും ഉണ്ടാക്കാൻ നേരമില്ല, ഒരു വഴിക്ക് പോകാൻ ഇറങ്ങിയതല്ലേ...

"അപ്പോൾ പറ... എന്താണ് നിങ്ങളുടെ വരവിൻ്റെ യഥാർത്ഥ ഉദ്ദേശം?", എന്തോ കാര്യമുണ്ടെന്നു ശരണ്യക്ക് അറിയാം.

"നിൻ്റെ  ഓട്ടോഗ്രാഫിലെ ആദ്യ പേജിൽ തന്നെ എഴുതണമെന്നത് എൻ്റെ വാശിയായിരുന്നു. കാരണം എനിക്കതിനു അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒന്നുമില്ലെങ്കിലും ഈ സ്കൂളിലേക്ക് നിന്നെ ആദ്യമായി കൈപിടിച്ചു കയറ്റിയത് ഞാനല്ലേ... പക്ഷെ ഇനി മുന്നോട്ടുള്ള പടവുകൾ എത്തിപ്പിടിക്കാൻ മറ്റൊരാളുടെ സഹായം നീ തേടരുത്. നീ തേടില്ലെന്നുറപ്പാണ്...", കെവിൻ ഓട്ടോഗ്രാഫിലെ വരികൾ അവളെ ഓർമ്മിപ്പിച്ചു. "ഇത് വായിച്ച ശേഷം പിന്നെ കാണാതെ പോകുന്നത് എന്തോ മനസ്സിന് അങ്ങോട്ട് ദഹിച്ചില്ല..."

"seriously?? നിൻ്റെ ഈ തിരക്കുപിടിച്ച യാത്രകൾക്കിടയിൽ പഴയ ഓട്ടോഗ്രാഫ് വായിക്കാനൊക്കെ സമയം കിട്ടിയോ?", ശരണ്യക്ക് അത്ഭുതം.

"അതുകൊണ്ടല്ലേ ഇങ്ങോട്ട് വന്നത്... പക്ഷെ ഓട്ടോഗ്രാഫിലെ ഡയലോഗ് ഒന്നും അത്ര പോരാ കേട്ടോ... ഇപ്പോൾ വായിക്കുമ്പോൾ ആണ് അതൊക്കെ മനസ്സിലാവുന്നത്", കിരൺ ഒന്ന് ഊതിയതാണ്.

"അത് നീ എൻ്റെ ഓട്ടോഗ്രാഫിൽ എഴുതിയത് വായിച്ചാലും അങ്ങനെതന്നെ... വലിയ മെച്ചമൊന്നുമില്ല... നീയെന്നല്ല, ആരെഴുതിയത് വായിച്ചാലും ചളിയായിട്ട് തോന്നും", അവളും വിട്ടില്ല.

"ഇപ്പോഴാ ഓർത്തത്, നിൻ്റെ ഓട്ടോഗ്രാഫിൽ ഗിരീഷ് എന്തേലും എഴുതിയിട്ടുണ്ടോ?", കിരണിൻ്റെ മനസ്സിൽ പെട്ടെന്ന് എന്തോ കത്തി.

"അതെന്തിനാ അവളുടെ ഓട്ടോഗ്രാഫിൽ എഴുതിയത് നോക്കുന്നത്?", ശരണ്യ വല്ലതും പറയും മുമ്പേ ഗോപിയാണ് ഇടയ്ക്കുകയറി ചോദിച്ചത്.

"എടാ... എൻ്റെ ഓട്ടോഗ്രാഫിൽ അവൻ തന്നെയാണോ എഴുതിയത് എന്നുറപ്പിക്കാമല്ലോ... കയ്യക്ഷരവും ഒപ്പുമെല്ലാം നോക്കി... ചിലപ്പോൾ എന്നെ പറ്റിക്കാൻ വേറെ ആരെങ്കിലും എഴുതിയതാണെങ്കിലോ..." - കിരൺ 

"നിന്നെ പറ്റിക്കാൻ വേറെ ആര് എഴുതാനാണ്? അവന് വേറെ ആരുടെയെങ്കിലും ഓട്ടോഗ്രാഫിൽ എഴുതിയതായിട്ട് എനിക്കറിയില്ല..." - ഗോപി.

"അല്ലെങ്കിലും അവന് വേറെ ആരുടേതിലെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് നിനക്കെങ്ങനെ അറിയാൻ കഴിയും?", കിരണും വിട്ടില്ല.

ഗോപി വല്ലതും പറയും മുമ്പേ ശരണ്യ ഇടപെട്ടു - 

"Hello guyz... ഇവിടെ ഞാനൊരാൾ ഇരിപ്പുണ്ടെന്നു വല്ല വിചാരവും ഉണ്ടോ? എന്താണിപ്പോൾ പ്രശ്നം? ആരാണീ ഗിരീഷ്?"

"നമ്മുടെ ക്ലാസ്സിൽ ഒരു ഗിരീഷ് ഇല്ലായിരുന്നോ... ഒരു സൈലന്റ് സാധനം... പിന്നീട് സ്കൂളിൽ നിന്ന് പുറത്താക്കി... ആളെ മനസ്സിലായില്ലേ?", കിരൺ ഓർമ്മിപ്പിക്കാൻ നോക്കി.

"ആ മനസ്സിലായി... കലമുടച്ച മിണ്ടാപ്പൂച്ച... അവനെന്താ പ്രശ്നം?", ശരണ്യക്ക് ഇപ്പോഴാണ് ആളെ കത്തിയത്.

"അവന് നിൻ്റെ ഓട്ടോഗ്രാഫിൽ എന്തെങ്കിലും എഴുതിയിട്ടുണ്ടോ?", കിരണിനു ആ സംശയം ആദ്യം തീർക്കണമായിരുന്നു. 

"അവനോ? No way... എഴുതാൻ ഒരു ചാൻസുമില്ല..."

"ചിലപ്പോൾ ഉണ്ടാകും... നീ അതൊന്നു എടുത്തു നോക്ക്... ഞങ്ങൾ വെയിറ്റ് ചെയ്യാം..."

"അതിന് എൻ്റെ ഓട്ടോഗ്രാഫ് ഒക്കെ അങ്ങ് വീട്ടിലാ..."

"അല്ലാ... നമുക്ക് നിൻ്റെ ഓട്ടോഗ്രാഫ് നോക്കാമായിരുന്നല്ലോ... ആ നേരത്തു ഓടിയതുമില്ല...", കിരൺ ഗോപിയോടാണ് ഇക്കാര്യം പറഞ്ഞത്.

"എൻ്റെ ഓട്ടോഗ്രാഫോ... അതൊക്കെ എവിടെയാണാവോ? ചിലപ്പോൾ അമ്മ എല്ലാം എടുത്തിട്ട് കത്തിച്ചുകാണും...", ഇതായിരുന്നു ഗോപിയുടെ മറുപടി.

"എന്ത് മനുഷ്യനാടാ... നമ്മൾ ഇതുവരെ പോയവരോടൊക്കെ ഇക്കാര്യം ചോദിക്കേണ്ടതായിരുന്നു? അവരുടെ ഓട്ടോഗ്രാഫിൽ വല്ലതും എഴുതീട്ടുണ്ടെങ്കിലോ?" - കിരൺ 

"ആഹാ... അപ്പോൾ നിങ്ങൾ മറ്റു പലരുടെയും വീട്ടിൽ പോയല്ലേ... എന്നിട്ട് ഇന്നാണ് എൻ്റെ വീട്ടിൽ വരാൻ തോന്നിയത്...", ശരണ്യയുടെ മുഖഭാവം ചെറുതായിട്ടൊന്നു മാറിയിട്ടുണ്ട്.

"ഞാനീ ഗോപിയോട് അപ്പോഴേ പറഞ്ഞതാ നിൻ്റെ അടുത്ത് ആദ്യം പോകാമെന്നു... അപ്പോൾ അവനാണെങ്കിൽ ഫാത്തിമയുടെ വീട്ടിൽ തന്നെ പോകണം...", കിരൺ ചുമ്മാ ഇരുന്ന ഗോപിയെ കുറ്റക്കാരനാക്കി. ഗോപി അവനെ ഒരു നോട്ടം നോക്കിയെന്നല്ലാതെ ഒന്നും പറഞ്ഞില്ല.

"അവളുടെ വീട്ടിൽ വരെ പോയോ?... അതൊക്കെ പോട്ടെ, ഇപ്പോഴും എന്താണ് പ്രശ്നമെന്ന് ഇതുവരെ പറഞ്ഞില്ല...", ശരണ്യ കുറേ നേരമായിട്ട് ഈ ചോദ്യം ചോദിച്ചുകൊണ്ടിരിക്കാണ്.

ഗോപിയും കിരണും പരസ്പരം നോക്കി. അവളോട് ഇനി GET TOGETHER എന്നും മറ്റും ഒക്കെ പറഞ്ഞിട്ട് കാര്യമല്ല. ഉള്ള സത്യാവസ്ഥ അങ്ങ് പറഞ്ഞു. പക്ഷെ പ്രതീക്ഷിച്ച പോലെ അവൾക്കും ഒന്നും അറിയില്ലായിരുന്നു. 'ഗിരീഷ്' എന്നത് എല്ലാവർക്കും ഒരു ക്ലാസ്സ്‌മേറ്റ് മാത്രമാണ്, അതും ഒരു മോശമായ ട്രാക്ക് റെക്കോർഡ് ഉള്ള ക്ലാസ്സ്‌മേറ്റ്. അവനെ ഫ്രണ്ട് ആയി കാണുന്ന ഒരാളെയും അവർക്ക് ഇതുവരെ കിട്ടിയിട്ടില്ല.

ഇതിനിടക്കാണ് ഒരുക്കമെല്ലാം കഴിഞ്ഞു നികിത അങ്ങോട്ട് വന്നത്.

"വാ... അന്ന് എയർപോർട്ടിൽ വെച്ച് തന്നെ പരിചയപ്പെടുത്താൻ കഴിഞ്ഞില്ല... ഇതെൻ്റെ കസിൻ ആണ്... പേര് നികിത, അമേരിക്കയിലാണ്... ഇപ്പോൾ ചുമ്മാ ഒന്ന് കറങ്ങാൻ നാട്ടിൽ വന്നതാ... (ശേഷം അവരെ ചൂണ്ടി) ഇതെൻ്റെ സ്കൂൾടൈം ബഡ്ഡീസ് ആണ്, കിരൺ ആൻഡ് ഗോപി... കിരണും അമേരിക്കയിലാണ് ട്ടോ...", ശരണ്യ പരിചയപ്പെടുത്തിക്കൊടുത്തു.

"അമേരിക്കയിൽ എവിടെയാ?" കിരണാണ് ചോദിച്ചത്.

"ഞാൻ ടെക്സാസ്... നിങ്ങളോ?"

"ചിക്കാഗോ... എന്ത് ചെയ്യുന്നു?"

"ഞാൻ ഒരു സൈക്കിയാട്രിസ്റ് ആണ്...", നികിതയുടെ ഈ മറുപടി കേട്ട് ശരണ്യ ഇടപ്പെട്ടു, "ഞാൻ അക്കാര്യം ഇതുവരെ നിന്നോട് ചോദിച്ചില്ലല്ലോ... ശെരിക്കും മറന്നുപോയി..."

"നല്ല ബെസ്റ് കസിൻ", ഗോപിയാണ് ആ ഡയലോഗ് അടിച്ചത്.

"അപ്പോൾ ഞങ്ങൾ ഇറങ്ങാണ്, ഇനിയും വേറെ ആൾക്കാരെ കാണാനുണ്ട്...", കിരണാണ് പറഞ്ഞത്.

"ഞങ്ങളും ഒരു വഴിക്ക് ഇറങ്ങാൻ നിൽക്കായിരുന്നു... പിന്നെ GET TOGETHER ഒക്കെ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ധൈര്യമായിട്ട് മുമ്പോട്ട് പൊയ്‌ക്കോ... ഞാൻ ഉണ്ടാകും കൂടെ..." - ശരണ്യ.

രണ്ടുപേരോടും യാത്ര പറഞ്ഞു കിരണും ഗോപിയും കാറെടുത്തു പോയി. അവർ പോയ ശേഷം വീടുപൂട്ടി ശരണ്യയും നികിതയും ഇറങ്ങി.

"അവരെന്തിനാ വന്നത്? ചുമ്മാ കാണാനാണോ?", നികിതയാണ് ചോദിച്ചത്. 

"ഒരു ഫ്രണ്ടിനെ അന്വേഷിച്ചു വന്നതാ... നിന്നെപ്പോലെ തന്നെ...", ഒരു ചെറു ചിരിയോടെ ശരണ്യ പറഞ്ഞു. "എന്നാൽ നമുക്ക് അസ്തി-തറ കാണാൻ പോകാം...", അതുകൂടി അവൾ കൂട്ടിച്ചേർത്തു. അതുകേട്ടു നികിത ചിരിക്കുന്നുണ്ടായിരുന്നു. 


____________________                ____________________


നികിതയുടെ പഴയ തറവാട് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ലാതെ അവിടെ കിടപ്പുണ്ട്, പക്ഷെ അതിൻ്റെ ഉടമസ്ഥർ വേറെ ആൾക്കാരാണെന്നു മാത്രം. അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ മരിച്ചതോടെ നോക്കാൻ ആളില്ലാതായപ്പോൾ അതൊക്കെ വിറ്റു. വീടിൻ്റെ കുറച്ചു വലത്തോട്ട് മാറി ഒരു ചെറിയ കെട്ടിടവും കുറച്ചു സ്ഥലവും ഉണ്ട്. അസ്ഥിത്തറയും മറ്റുമൊക്കെ അവിടെയാണ്. ആ ഭാഗം മാത്രം ഇപ്പോഴും അവരുടെ കയ്യിലാണ്. 

നികിത ആദ്യം പോയത് ആ ചെറിയ കെട്ടിടത്തിനുള്ളിലേക്കാണ്. അതിനുള്ളിൽ ചെറിയ പെട്ടികളിലാക്കി ഒരുപാട് പഴയ സാധനങ്ങൾ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇതിനിടക്ക് ഏഴാം ക്ലാസ്സിലെ അവരുടെ ഗ്രൂപ്പ് ഫോട്ടോ കിട്ടി. അത് ശരണ്യക്ക് കാണിച്ചു കൊടുത്തു. ഇതുവരെ കേൾക്കുക മാത്രം ആയിരുന്ന കെവിൻ എന്ന പ്രതിഭാസത്തെ ആദ്യമായിട്ട് ഫോട്ടോയിലെങ്കിലും ശരണ്യ കണ്ടു. പക്ഷെ അതിലും പ്രധാനപ്പെട്ട എന്തോ ഒന്ന് തപ്പിക്കൊണ്ടിരിക്കുകയാണ് നികിത. ഒടുവിൽ കണ്ടെത്തുന്നതിൽ വിജയിച്ചെന്നു തോന്നുന്നു. പഴയ ബുക്കുകൾക്കിടയിൽ നിന്ന് അവളൊരു പേപ്പർ വലിച്ചെടുത്തു, അല്ലാ, അതൊരു കാർഡ് ആണ്, സ്കെച്ച് പേനകൊണ്ട് എന്തൊക്കെയോ വരച്ചിട്ടുണ്ട്, എഴുതിയിട്ടുമുണ്ട്... അതൊരു ഗ്രീറ്റിംഗ് കാർഡ് ആണെന്ന് തോന്നുന്നു... പക്ഷെ ഹോം മെയ്ഡ് ആണ്... അതിൽ എഴുതിയത് ഇതായിരുന്നു - Happy Birthday Dear!

ശരണ്യ ഇവളുടെ ഈ കളികളെല്ലാം നോക്കിനിൽക്കുകയായിരുന്നു. അവൾ വല്ലതും ചോദിക്കും മുമ്പേ നികിത തന്നെ പറഞ്ഞു തുടങ്ങി...

"അവന് ഇവിടെ തറവാട്ടിൽ ആദ്യമായിട്ട് വന്നത് തന്നെ എൻ്റെ birthday ആഘോഷത്തിലേക്കായിരുന്നു. എൻ്റെ ബർത്ഡേക്ക് ഞാൻ ക്ഷണിച്ച ഒരേ ഒരാളും അവനായിരുന്നു. അവനു മുമ്പ് ഇതുപോലെ ഒരാഘോഷത്തിൽ പങ്കെടുത്ത പരിചയവുമില്ല. എല്ലാവരും എനിക്ക് ഗിഫ്റ് തരുന്നത് കണ്ടപ്പോൾ അവനു സങ്കടമായി. നീ വന്നത് തന്നെ എനിക്ക് ഗിഫ്റ് പോലെയാണെന്നും വേറൊന്നും എനിക്ക് വേണ്ടെന്നും ഞാൻ പറഞ്ഞു നോക്കി. പക്ഷെ അവനു തൃപ്തിയായില്ല. പിറ്റേ ദിവസം എനിക്ക് സ്കൂളിൽ വെച്ച് കൊണ്ടുതന്നതാണ് ഈ കാർഡ്"

"ആഹാ... ഇത്രയും പ്രിയപ്പെട്ട ഒന്ന് നീ പിന്നെന്തിനാ ഇവിടെ ഇട്ടിട്ടു പോയത്?", ശരണ്യക്കായിരുന്നു സംശയം.

"ഈ കാര്യം പറഞ്ഞു ഞാനും മമ്മയും എത്ര വഴക്കു കൂടിയിട്ടുണ്ടെന്നറിയോ... അന്ന് അമേരിക്കയിലോട്ട് തിരിച്ചു പോവുമ്പോൾ ഇതും കൂടി പാക്ക് ചെയ്യാൻ ഞാൻ മമ്മയോട് പറഞ്ഞിരുന്നു. മമ്മ എടുത്തുവെക്കുകയും ചെയ്തു. പക്ഷെ എയർപോർട്ടിൽ വെച്ച് ലഗ്ഗേജ് കൂടിപ്പോയെന്നു പറഞ്ഞപ്പോൾ മമ്മ ഒരു പെട്ടി ഇവിടെ വെച്ചു, അത് അപ്പൂപ്പൻ അയക്കുമെന്ന് പറഞ്ഞു. പക്ഷെ അതിൽ അവർക്ക് കാര്യമായിട്ട് ഒന്നും ഉള്ളതായി തോന്നാത്തതുകൊണ്ട് അയച്ചില്ല. ഈ കാർഡും അതിലായിരുന്നു. പപ്പ നാട്ടിലേക്ക് വരുമ്പോഴൊക്കെ ഞാൻ ഇക്കാര്യം പറയും. പക്ഷെ പപ്പാ എപ്പോഴും മറക്കും..."

"അപ്പോൾ ഇതുംകൂടി നിൻ്റെ മിഷനിൽ പെട്ടതായിരുന്നല്ലേ... എന്തായാലും വാ... പഴയ തറവാട് ഒക്കെ ഒന്നും ചുറ്റിക്കാണാം... അവിടുത്തെ താമസക്കാരോട് പെർമിഷൻ ചോദിച്ചിരുന്നു... അവർക്ക് പ്രശ്നമില്ല..."

രണ്ടുപേരും പഴയ തറവാട്ടിലോട്ട് നടന്നു. മുറ്റത്തെ മാവിൻ്റെ അടുത്തെത്തിയപ്പോൾ നികിത ഒന്ന് നിന്ന്... 'ഇനി ഇവിടെയും ഓർമ്മകൾ പൂവിടാനുണ്ടല്ലോ...' എന്ന മട്ടിൽ ശരണ്യയും ഒന്ന് നിന്നു. ശരണ്യ തന്നെ നോക്കി നിൽക്കുന്നത് കണ്ടു നികിതക്ക് ചിരി വരുന്നുണ്ടായിരുന്നു.

"ഇവിടെ അങ്ങനെ വലിയ കഥയൊന്നും ഇല്ല... ഞങ്ങൾ കളിക്കുന്ന സ്ഥലമാണ്. ബർത്ഡേ പാർട്ടിക്ക് ശേഷം അവന് ഇടയ്ക്കിടക്ക് ഇങ്ങോട്ട് വരുമായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ കഥകൾ പറഞ്ഞു തരും. അപ്പൂപ്പൻ ചില സമയങ്ങളിൽ നല്ല കമ്പനി ആയിരിക്കും, ചിലപ്പോൾ ഒടുക്കത്തെ ദേഷ്യവും. ഒരിക്കൽ കെവിൻ എന്നോടൊരു ബെറ്റ് വെച്ചു, ഒറ്റ ഏറിന് ഈ മാവിലെ രണ്ടു മാങ്ങകൾ ഒരുമിച്ചു വീഴ്ത്തിത്തരാമെന്നു... ഞാനും അവനെ പറഞ്ഞു മൂപ്പിച്ചു... അവൻ എറിഞ്ഞു, രണ്ടു മാങ്ങയും വീണു... പക്ഷെ കല്ല് പിന്നെ പോയത് വീടിൻ്റെ ആ ഭാഗത്തുണ്ടായിരുന്ന ബൾബിലേക്കാണ്. അതുപൊട്ടി. ശബ്ദം കേട്ടതും അപ്പൂപ്പൻ "ആരെടാ?" എന്ന ഒറ്റചോദ്യം. അപ്പോൾ ഓടിയ അവൻ പിന്നെ ഈ മുറ്റത്തു വന്നിട്ടില്ല. അപ്പൂപ്പൻ അതൊക്കെ മറന്നുവെന്നു ഞാൻ എത്ര പറഞ്ഞിട്ടും അവൻ്റെ പേടി മാറിയിരുന്നില്ല" 

അവർ ആ വീടും ചുറ്റുവട്ടവുമൊക്കെ ഒന്ന് ചുറ്റിയടിച്ചിട്ടു വീണ്ടും അവരുടെ ആ പഴയ കെട്ടിടത്തിലോട്ട് പോയി.

"കുറച്ചു ദിവസം മാത്രം ഒരുമിച്ചുണ്ടായിരുന്ന ഇവിടെ ഇത്രക്ക് നൊസ്റ്റു അടിക്കുന്നുണ്ടെങ്കിൽ ആ സ്കൂളിൽ പോയാൽ എത്രത്തോളം ഉണ്ടാകും?!" - ശരണ്യ 

"ഞാൻ അത് പറയാനിരിക്കായിരുന്നു. നമുക്ക് ഇപ്പോൾ തന്നെ പോയാലോ??", നികിതക്കും ഉത്സാഹമായി.

"നമ്മളിവിടെ വന്നത് അസ്ഥിത്തറക്ക് വിളക്കു വെക്കാനാ... അത് മറന്നോ??"

____________________                ____________________


ഒരിക്കൽ രാജുവും രാധയും കാട്ടിലൂടെ നടക്കുകയായിരുന്നു. പെട്ടന്നാണ് ഒരു മരത്തിനു ചുവട്ടിൽ ഒരാൾ തളർന്നു ഇരിക്കുന്നത് കണ്ടത്. അവർ അയാളുടെ അടുത്തുപോയി കാര്യങ്ങൾ ചോദിച്ചു. തൻ്റെ പേര് 'പോപായ്' ആണെന്നും താനൊരു നാവികനാണെന്നും കടലിൽ വെച്ചു തൻ്റെ കപ്പൽ മുങ്ങിയപ്പോൾ നീന്തി കരയിലെത്തിയതാണെന്നും പറഞ്ഞു. പോപായ് ആകെ ക്ഷീണിച്ചിരുന്നു. ഞങ്ങളുടെ വീട്ടിൽ വന്നാൽ ഭക്ഷണം തരാമെന്നും ഞങ്ങളുടെ കൂട്ടുകാരൻ മായാവിയെ വിളിച്ചാൽ നിങ്ങളെ നാട്ടിൽ എത്തിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. അവർ മായാവിയെ വിളിച്ചു: "ഓം ഹ്രീം കുട്ടിച്ചാത്താ...ഓം ഹ്രീം കുട്ടിച്ചാത്താ...". പക്ഷെ സമയം കുറെ ആയിട്ട് മായാവി വന്നില്ല. "മായാവി കുട്ടൂസൻ്റെയും ഡാകിനിയുടെയും പിടിയിൽ ആയെന്നു തോന്നുന്നു. നമുക്ക് രക്ഷിക്കണം", രാജു പറഞ്ഞു. "എനിക്ക് കുറച്ചു ചീര തരുകയാണെങ്കിൽ ഞാൻ നിങ്ങളുടെ കൂട്ടുകാരനെ രക്ഷിക്കാം..." പോപായ് പറഞ്ഞു. "ചീരയോ? അതെന്തിനാ?", രാധക്ക് സംശയം.

പെട്ടന്നാണ് കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയുമെല്ലാം അവരുടെ മുന്നിൽ ചാടിവീണത്. അവർ മൂവരെയും കൈകൾ കെട്ടി അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. "ഇന്നൊരു നല്ല ദിവസമാ... എല്ലാത്തിനെയും കിട്ടി... ഇതിൽ ഏതാ ഈ വെള്ളക്കാരൻ?!", കുട്ടൂസൻ പറയുന്നുണ്ടായിരുന്നു. കുട്ടൂസൻ്റെ വീട്ടിലെത്തിയപ്പോൾ അവിടെ ഒരു കുപ്പിക്കകത്തു മായാവി ഉണ്ടായിരുന്നു. "ഇവരെ നമ്മൾ എന്ത് ചെയ്യുമെടാ...?", ഡാകിനിയാണ് ചോദിച്ചത്. "ഇവരെ കൊന്നു എൻ്റെ പുതിയ പച്ചക്കറി തോട്ടത്തിൽ കുഴിച്ചിടാം. അവക്ക് ഒരു വളമായിക്കോളും...", ലുട്ടാപ്പിയാണ് ആ ഐഡിയ പറഞ്ഞത്. അത് മൂവർക്കും ഇഷ്ടമായി. "ആദ്യം ഈ വെള്ളക്കാരൻ കൊണ്ടുപോയ്ക്കോ?", കുട്ടൂസൻ ലുട്ടാപ്പിയോട് പറഞ്ഞു. അതുകേൾക്കേണ്ട താമസം ലുട്ടാപ്പി പോപായിയെ കുന്തം കൊണ്ട് കുത്തി സ്വന്തം തോട്ടത്തിലേക്ക് നടത്തിച്ചു. അവിടെ ഒരു മൂലയിൽ ഇരുത്തി ഒരു കുഴി കുഴിക്കാൻ ആരംഭിച്ചു. അപ്പോഴാണ് പോപായ് തോട്ടത്തിൽ ചീര കണ്ടത്. ലുട്ടാപ്പിയെ കാണാതെ ചീരയുടെ അടുത്ത് പോയി അത് തിന്നാൻ തുടങ്ങി. ചീര തിന്നതോടെ പോപായ്ക്കു ശക്തി കിട്ടി. ഒറ്റയടിക്ക് ലുട്ടാപ്പിയെ പറപ്പിച്ചു. ലുട്ടാപ്പി എങ്ങനെയൊക്കെയോ കുന്തം ഒപ്പിച്ചു എങ്ങോട്ടോ രക്ഷപ്പെട്ടു. ശേഷം വീട്ടിൽ വന്നു കുട്ടൂസനെയും ഡാകിനിയെയും ഇടിച്ചു പരത്തി. ഈ തക്കത്തിൽ രാജുവും രാധയും കുപ്പി പൊട്ടിച്ചു മായാവിയെ രക്ഷിച്ചു. തന്നെ രക്ഷിച്ചതിനു മായാവി പോപായ്ക്ക് നന്ദി പറഞ്ഞു. പകരം പോപായിയെ തൻ്റെ തോളിലേറ്റി കടൽ കടന്നു വീട്ടിലെത്തിച്ചു.

"എൻ്റെ പൊന്നേ... നിങ്ങളെ നമിച്ചിരിക്കുന്നു... എങ്ങനെ ഉണ്ടാക്കുന്നു ഇതൊക്കെ?", ശരണ്യക്ക് ചിരിയടക്കാനാവുന്നില്ല. 

"എൻ്റെ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു പോപായ്. ഞാനവന് പോപായ് കഥകൾ പറഞ്ഞുകൊടുക്കും. പകരം മായാവിയുടെയും ഡിങ്കൻ്റെയുമൊക്കെ കഥകൾ അവനും പറഞ്ഞു തരും. അങ്ങനെ ഒരിക്കൽ ഞങ്ങൾക്ക് തോന്നിയ ഐഡിയ ആണ് രണ്ടുംകൂടി ഒരുമിപ്പിക്കുക എന്നത്", നികിത പറഞ്ഞു.

രണ്ടുപേരും കൂടി നികിതയുടെ ആ പഴയ സ്കൂളുകളിലേക്ക് ഉള്ള യാത്രയിലായിരുന്നു. അവിടെയെത്തിയപ്പോൾ എല്ലാം മാറിയിരിക്കുന്നു. യുപി സ്കൂൾ ഇപ്പോൾ ഹൈസ്കൂൾ ആയി മാറി. പണ്ട് ഓടുമേഞ്ഞിരുന്ന കെട്ടിടങ്ങൾക്ക് ഇപ്പോൾ രണ്ടും മൂന്നും നിലയായി. ഗ്രൗണ്ടിലെ മരങ്ങളും പാറകളും എല്ലാം മാറി ഇപ്പോൾ നിരപ്പായ വിശാലമായ ഒരു പ്രദേശമാണ്. അയൽവക്കത്തെ വീടും പാഷൻ ഫ്രൂട്ടും ഒന്നും കാണുന്നില്ല. 

"കണ്ടിട്ട് എന്തോ ഒരു വല്ലായ്മ... എല്ലാം മാറിയിരിക്കുന്നു...", നികിതക്ക് അത്രയ്ക്ക് ദഹിക്കുന്നില്ല.

"അതെന്താടോ... ഞങ്ങൾ ഇന്ത്യക്കാർ അല്പം ഒന്ന് വികസിക്കുന്നത് നിനക്കൊന്നും ഇഷ്ടപ്പെടുന്നില്ലേ...", ശരണ്യയുടെ ആ ചോദ്യത്തിന് ഒരു ചിരിയായിരുന്നു നികിതയുടെ മറുപടി.

അന്നത്തെ അവരുടെ ക്ലാസ് ടീച്ചർ ആയിരുന്ന ദീപിക ടീച്ചർ ആണ് ഇന്നത്തെ അവിടുത്തെ ഹെഡ്മിസ്ട്രസ്.

"ഓർമ്മയുണ്ടോ എന്നോ... ഞങ്ങൾ ഇവരെ വിളിച്ചിരുന്നത് 'രാജുവും രാധയും' എന്നാ. അക്കാര്യം ഇവർക്ക് അറിയാൻ ചാൻസ് ഇല്ല... രാജുവും രാധയും ആരാണെന്നു അറിയാമായിരിക്കും അല്ലെ...?", ടീച്ചർക്ക് ഒരു സംശയം.

"അതൊക്കെ അറിയാം... ഒരു മലയാളി പഠിച്ചിരിക്കേണ്ട എല്ലാ കാര്യങ്ങളും ആ മൂന്നു വർഷങ്ങളിൽ ഇവൾ പഠിച്ചിട്ടുണ്ട്", ശരണ്യയാണ് മറുപടി പറഞ്ഞത്. 

"ഉറപ്പല്ലേ... അമ്മാതിരി ഐറ്റം അല്ലെ കൂടെയുണ്ടായിരുന്നത്. അവനെവിടെ? ഏഴാം ക്ലാസ് കഴിഞ്ഞു പോയതിൽ പിന്നെ ഞാൻ നിങ്ങളെ ആരെയും കണ്ടിട്ടില്ല" - ടീച്ചർ.

"അവനെ ഇതുവരെ contact ചെയ്തിട്ടില്ല. വന്നിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂ... ഒരു സർപ്രൈസ് ഒക്കെ ആക്കണം..." - നികിത.

"എന്തായാലും കൊള്ളാം. സത്യത്തിൽ നിങ്ങൾ രണ്ടുപേരും കിട്ടിയ ആ മൂന്നു വർഷം പരമാവധി ഉപയോഗപ്പെടുത്തി എന്ന് വേണം പറയാൻ. നീ ഒരു തനി മലയാളിപ്പെൺകുട്ടി ആയി എന്നതുപോലെ അവനും ഒരുപാട് മാറിയിരുന്നു. സത്യത്തിൽ അവനവിടെ വിലസുകയായിരുന്നു. ഇവർ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു ഒരു സ്പോർട്സ് ദിനത്തിൽ ഇവനോട് announcement ചെയ്യാൻ പറഞ്ഞു. സാധാരണ അവൻ ചെയ്യുന്ന കാര്യമാണത്. പക്ഷെ ആ തവണ അവനൊരു വെറൈറ്റി കൊണ്ടുവന്നു. മൈക്ക് കയ്യിൽ കിട്ടിയ ശേഷം അവൻ്റെ ഫസ്റ്റ് ഡയലോഗ് തന്നെ ഞങ്ങളെ ഞെട്ടിച്ചു. Welcome all to the annual sports meet of our school. We have four strong houses here competing each other... ഫുൾ ഇംഗ്ലീഷ്... ഒരു തരി മലയാളം പോലും ഇല്ലായിരുന്നു. എല്ലാം ഇവളുടെ സഹായത്തോടെ ഒപ്പിച്ച പണിയാ. എന്തായാലും അവൻ കേറി ഷൈൻ ചെയ്തു. വന്നു വന്നു പിന്നെ ടീച്ചേഴ്സിന് അവനോട് സംസാരിക്കാൻ പേടിയായി... ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഇംഗ്ലീഷ് കൊണ്ടിടും..." 

ഓർമ്മകളൊക്കെ പങ്കുവെക്കൽ കഴിഞ്ഞ ശേഷം അവർ ടീച്ചറോട് യാത്ര പറഞ്ഞു സ്കൂളിൽ നിന്നും ഇറങ്ങി.

"നമുക്ക് ഉടനെ അവനെ പോയി കാണാം. നീ പറഞ്ഞത് കേട്ട് കേട്ട് ഇപ്പോൾ എനിക്കും അവനെ കാണണം എന്നായി. നാളെയും കൂടി കഴിഞ്ഞാൽ പിന്നെ എനിക്ക് ലീവ് ഇല്ല", ഇപ്പോൾ ശരണ്യക്കാണ് തിടുക്കം.

"ശെരിയാ... അമ്മയുടെ കാര്യങ്ങളൊക്കെ ഇനി പിന്നെ..."

____________________                ____________________


നികിതയുടെ ഹൃദയമിടിപ്പ് കൂടിക്കൂടി വരികയാണ്. ഒരുപാട് നാളായി ആഗ്രഹിച്ച ഒരു കാര്യമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. അവനിപ്പോൾ കാണാൻ എങ്ങനെയിരിക്കുമെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും അറിയില്ല. ആകെ അറിയാവുന്നത് അവൻ്റെ ആ പഴയ വീടാണ്. മുമ്പ് ഒരുപാട് തവണ കയറിയിറങ്ങിയ സ്ഥലം. നികിതയുടെ തറവാടിൻ്റെ നാലിലൊന്നുപോലും വരില്ല ആ വീട്. എന്നാലും അവളവിടെ പോകുമ്പോഴെല്ലാം അവൾക്ക് സന്തോഷം മാത്രമേ നല്കീട്ടുള്ളൂ. അവൻ്റെ അമ്മ അവളെ വളരെ സ്നേഹത്തോടെയാണ് നോക്കിയിരുന്നത്.

വലിയൊരു ആൽമരത്തിൻ്റെ ചുവട്ടിൽ നികിത വണ്ടി നിർത്താൻ പറഞ്ഞു. പണ്ട് വണ്ടിയൊക്കെ അതുവരെ മാത്രമേ പോകാറുള്ളൂ. അവിടെ ഇറങ്ങി നടക്കണം. അപ്പൂപ്പൻ്റെ കൂടെ മുമ്പ് വന്നപ്പോഴൊക്കെ അതാണ് ചെയ്തിരുന്നത്. പക്ഷെ ഇപ്പോൾ അതിലൂടെ ഒരു റോഡ് കാണുന്നുണ്ട്.

"ചേട്ടാ... അതിലൂടെ കാർ പോകുമോ?", റോഡ്സൈഡിലൂടെ നടന്നുപോകുന്ന ഒരു ചേട്ടനോട് ചോദിച്ചു.

"നിങ്ങളുടെ അവിടെയൊക്കെ റോഡ് പിന്നെ തോണിക്ക് പോകാനാണോ?"

വേണ്ടായിരുന്നു... ശരണ്യ ചിരിക്കുന്നുണ്ട്.

അവർ ആ റോഡിലൂടെ യാത്ര തുടർന്നു. ഒടുവിൽ അവളാ വീട് കണ്ടെത്തി. പഴയ പോലെയല്ല, ഒരുപാട് മാറ്റമുണ്ട്. വീട് കുറച്ചുകൂടി വലുതായ പോലെ, പെയിന്റ് മാറ്റമുണ്ട് (അന്ന് പെയിന്റ് പോലും ഇല്ലായിരുന്നു). ഇപ്പോൾ അതിൻ്റെ മുറ്റത്തു വരെ വണ്ടി എത്തുന്ന രീതിയിലായി. കാണുന്ന എല്ലാത്തിലും മാറ്റമാണ്. അവൻ മാത്രം മാറാതിരുന്നാൽ മതിയായിരുന്നു.

വണ്ടിയിൽ നിന്നിറങ്ങി, മനസ്സുരുകി പ്രാർത്ഥിച്ച ശേഷം നികിത ആ വീടിൻ്റെ കാളിങ് ബെൽ അമർത്തി. കുറച്ചുനേരത്തിനു ശേഷം ഒരു നാൽപതു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വാതിൽ തുറന്നു.

"ആരാ?"

"കെവിൻ ഇല്ലേ?"

"ഏതു കെവിൻ? ഇവിടെ അങ്ങനെ ആരും ഇല്ലല്ലോ... ഞങ്ങൾ ആരും ക്രിസ്ത്യാനികൾ അല്ല"

"ഇവിടെ മുമ്പ് താമസിച്ചത് ഒരു കെവിൻ അല്ലായിരുന്നോ?"

"എനിക്കറിയില്ല കുട്ടീ... ഞങ്ങൾ ഇവിടെ വന്നിട്ട് ഏകദേശം അഞ്ചു വർഷം ആയി. നിങ്ങൾ നേരെ മുമ്പിൽ കാണുന്ന വീട്ടിൽ ചോദിച്ചു നോക്ക്, അവർക്ക് ചിലപ്പോൾ അറിയാമായിരിക്കും", അവർ കൈമലർത്തി. 

അവർ പറഞ്ഞ വീട് നികിതക്ക് അറിയാം. പണ്ട് കണ്ടിട്ടുണ്ട്. അവിടെയും പോയി ബെല്ലടിച്ചു. വാതിൽ തുറന്നതു ഒരു വയസ്സായ സ്ത്രീയാണ്.

"അപ്പുറത്തു പണ്ട് താമസിച്ചിരുന്ന കെവിൻ എന്നൊരുത്തനെ അറിയാമോ?", നികിത പ്രതീക്ഷയോടെ ചോദിച്ചു.

"ഏതു, ആ വെടക്ക് പയ്യനോ?"

"ആ, അതെ...", മറ്റുള്ളവർക്ക് അവനൊരു വെടക്കാണെന്ന് അവൾക്കറിയാം.

"അവരൊക്കെ അവിടുന്ന് പോയിട്ട് വർഷം ഒരുപാടായില്ലേ... ഇടയ്ക്ക് അവൻ്റെ അമ്മ ഞങ്ങളെയൊക്കെ കാണാൻ വരുമായിരുന്നു. ആ ചെക്കൻ ചത്തതിൽ പിന്നെ അവരെയും കണ്ടിട്ടില്ല..."

ശെരിക്കും ഞെട്ടലോടെയാണ് നികിത അത് കേട്ടത്. അവൾ മൊത്തത്തിൽ തളർന്നു. ശരണ്യ അവളെ താങ്ങിപ്പിടിച്ചു.

"കെവിൻ സത്യത്തിൽ മരിച്ചോ?", ശരണ്യയാണ് ഇത്തവണ ചോദിച്ചത്.

"അപ്പോൾ അതല്ലേ പറഞ്ഞത്. ആ ചെക്കൻ വെട്ടും കുത്തുമൊക്കെയായി നടക്കുകയായിരുന്നു. ഒടുവിൽ ഏതോ ഒരുത്തൻ്റെ വാളിന് തന്നെ അവൻ തീർന്നു", അതിൽ കൂടുതൽ വിവരണം അവർക്ക് ആവശ്യമില്ലായിരുന്നു.

അവരോട് യാത്ര പറഞ്ഞു ശരണ്യ ഇറങ്ങി, നികിതയെ താങ്ങി കാറിൻ്റെ അടുത്തേക്ക് നടന്നു.

"ആരാ ചേച്ചി?", അപ്പുറത്തെ വീട്ടുകാർ ആ വയസ്സായ സ്ത്രീയോട് ചോദിക്കുന്നത് കാറിൽ കയറുന്നതിനിടയിൽ ഇവർ രണ്ടുപേരും കേൾക്കുന്നുണ്ടായിരുന്നു. 

"അതാ ചത്തുപോയ ഗുണ്ടാ ചെക്കനെ അന്വേഷിച്ചു വന്നതാ..." 

______________________________________



6



ഇടയ്ക്കൊക്കെ അത് കാണുമ്പൊ
കത്തിച്ച് വെച്ച പൂക്കുറ്റി പോലെ തോന്നും.
വേറെ ചിലപ്പൊ അത് കുടത്തിൽ കല്ലിട്ട
കാക്കക്കഥ ഓർമിപ്പിക്കും
എന്നാലും എപ്പൊഴും ഓർക്കുന്നത്
കുഞ്ഞോൻ്റെ മൊട്ടത്തലയാണ്
ക്ലാസില് ടീച്ചറ് 
ആർക്ക്മിഡീസ് തത്വം പറഞ്ഞപ്പൊ
അവനൊറ്റ കൂവ്വലാര്ന്നല്ലോ
"അയ്യൊൻ്റെ ടീച്ചറേ..നമ്മടെ ഫുൾജാർ സോഡാ" !!


കവിതയെഴുത്തൊക്കെ നിർത്തിയെന്നാണ് പ്രകാശ് (പുക) ആദ്യം പറഞ്ഞത്. ഒരു ബാങ്ക് ജീവനക്കാരന് അതിൻ്റെ ടെൻഷൻ തന്നെ ഒരുപാടുണ്ടത്രെ. പക്ഷെ കവിത അവനു ഒഴിവാക്കാൻ പറ്റില്ലെന്ന് ഉറപ്പായിരുന്നു. നിർബന്ധിച്ചപ്പോൾ വായിച്ചു കേൾപ്പിച്ചതാണ് മുകളിലെ ഈ അടിപൊളി കവിത - ആ കവി ഹൃദയം ഇപ്പോഴും വാടാതിരിപ്പുണ്ട്.

"ജീവിതം നമ്മെ വല്ലാതെ മാറ്റും. കുട്ടിക്കാലത്തു പലർക്കും പലവിധ സ്വപ്നങ്ങളുണ്ടാകും. പിന്നെ പതുക്കെ പതുക്കെ അവ നാം മറക്കും. ആഗ്രഹിച്ചതുപോലെ ജീവിക്കുന്നതിനു പകരം ആശങ്കകളില്ലാതെ ജീവിച്ചാൽ മാത്രം മതിയെന്ന അവസ്ഥയിലെത്തും. കുടുംബം, പ്രാരാബ്ധം, എല്ലാം നമ്മെ അവിടെക്കൊണ്ടെത്തിക്കും"

"ശെരിയാ... ഓരോരുത്തരെ കാണുമ്പോൾ അവർ പണ്ട് പറഞ്ഞിരുന്ന കാര്യങ്ങൾ ഓർക്കും, നമ്മൾ അവരോട് പറഞ്ഞവ ഓർമ്മിപ്പിക്കും... കേൾക്കാൻ നല്ല രസമുണ്ട്... അതൊക്കെ അത്രയേ ഒള്ളൂ..."

"അജൂ... ഇവിടെ ഫുൾജാർ സോഡാ കിട്ടുമോ?", ഗോപിക്കാണ് പെട്ടന്നൊരു ആഗ്രഹം.

"ഇവിടെ അതൊന്നുമില്ല", അജ്മലിന് ആ ചോദ്യവും അത്ര പിടിച്ചിട്ടില്ല.

"പിന്നെ എന്തിനാണ് ഇത്ര വലിയ കടയും തുറന്നിരിക്കുന്നത്. ആ റോഡ് സൈഡില് പെട്ടിക്കട നടത്തുന്ന നാരായണേട്ടൻ്റെ കടയിൽ പോലും കിട്ടും ഈ ഫുൾജാർ സോഡാ. നാണമില്ലല്ലോ...", ഗോപി അജ്മലിനെ ഒന്ന് ചൂടാക്കാൻ തന്നെയാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

"എന്നാ അവിടെപ്പോയി നണ്ണിക്കോ... എന്തിനാ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്? ഓരോരുത്തര് ആൾക്കാരെ പറ്റിക്കാൻ പുതിയ ഓരോ സാധനവുമായിട്ട് ഇറങ്ങും. എന്നിട്ട് പേരുദോഷം മൊത്തം നമ്മൾക്കാ. (പ്രകാശിനെ ചൂണ്ടിയിട്ട്) നിന്നോടാരാ പുല്ലേ ഇപ്പൊ ആ സാമാനത്തിൻ്റെ കവിതയുമായി ഇറങ്ങാൻ പറഞ്ഞത്. വേറെ എന്തൊക്കെയുണ്ട്? നെയ്‌ച്ചോർ, പൊറോട്ട, ബീഫ്... അതെങ്ങനെയാ... പണ്ടും നീ ആവശ്യമില്ലാത്തതിനെക്കുറിച്ചു മാത്രമേ കവിതയും കൊണ്ട് വരൂ"

പ്രകാശിനും കിരണിനും ചിരി വരുന്നുണ്ടായിരുന്നു. പ്രകാശ് മറുത്തൊന്നും പറഞ്ഞില്ല. ഗോപിയും പിന്നെ ഒന്നും മിണ്ടാൻ പോയില്ല. ഇനി വാ തുറന്നാൽ ഉറങ്ങിക്കിടക്കുന്ന ആ പഴയ അജ്മലിനെ ഉണർത്തുന്നതിനു തുല്യമാകുമെന്നു അവനറിയാം.

"നിങ്ങൾ ഏകദേശം എല്ലാവരേയും കണ്ടില്ലേ... വിക്രമിനേയോ?", പ്രകാശാണ് ചോദിച്ചത്. 

"അവനെ കിട്ടിയിട്ടില്ല, ആള് ദുബായ് ആണ്... വിളിച്ചുനോക്കണം... അവനും കൂടി ഉണ്ടായാലേ GET TOGETHER ഒക്കെ ഒന്ന് ഉഷാറാകൂ... തൽക്കാലം അത് വിട്... ഗിരീഷിൻ്റെ കാര്യത്തിലോട്ട് വാ...", കിരൺ വിഷയത്തിലേക്ക് കൊണ്ടുവന്നു.

"ഗിരീഷിനെ കുറിച്ച് സത്യം പറഞ്ഞാൽ എനിക്ക് യാതൊരു ഐഡിയയുമില്ല. പിന്നെ അജ്മൽ പറഞ്ഞ കാര്യം എനിക്കും തോന്നിയിട്ടുണ്ട്... അവർ തമ്മിൽ സംസാരിക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. സാധാരണ നമ്മളോട് പോലും അവൻ അധികം സംസാരിക്കാറില്ല. പിന്നെ നീ പറഞ്ഞപോലെ ഞങ്ങളുടെ ഓട്ടോഗ്രാഫ് എല്ലാം തപ്പിപിടിച്ചു നോക്കി. അതിലൊന്നും അവന് ഒരു കുന്തവും എഴുതീട്ടില്ല".

"ഹോ... അപ്പോൾ ഇനി ഡെസ്‌ന തന്നെ ശരണം... ല്ലേ?", ഗോപി കിരണിനെ ഒന്ന് നോക്കി.

____________________                ____________________


"GET TOGETHERൻ്റെ ഡേറ്റ് ഫിക്സ് ചെയ്തോ?" - കാലിന്മേൽ കാൽവെച്ചു ഡെസ്‌നയുടെ അച്ഛൻ ചോദിച്ചു. അങ്ങേരുടെ ആ പഴയ ജാഡ ഇപ്പോഴും മാറിയിട്ടില്ലെന്നാണ് തോന്നുന്നത്.

"ഫിക്സ് ചെയ്തിട്ടില്ല... എല്ലാവർക്കും എന്നാണ് ഒഴിവുണ്ടാവുക എന്നൊക്കെ അറിയണം... എന്നിട്ടേ തീരുമാനിക്കൂ...", കിരണിൻ്റെ മറുപടി.

"അതൊക്കെ ഒരു ഡേറ്റ് ഫിക്സ് ചെയ്യാറല്ലേ പതിവ്. വരുന്നവർ വരട്ടെ, അത്ര തന്നെ", വീട്ടിൽ വന്ന് ചോദിക്കേണ്ട ആവശ്യമുണ്ടോ എന്നായിരിക്കും ഉദ്ദേശിച്ചത്.

"അതല്ല അങ്കിൾ, ഞങ്ങളാകെ കുറച്ചുപേരല്ലേ ഒള്ളൂ... അതുകൊണ്ടാ..."

അപ്പോഴേക്കും ഡെസ്‌ന വന്നു. അച്ഛൻ്റെ മുന്നിൽ വെച്ചായതുകൊണ്ടാകണം പഴയ കാര്യങ്ങളൊന്നും ഓർമ്മിക്കാൻ നിന്നില്ല. അല്ലെങ്കിലും പണ്ടേ അവൾ അത്രയ്ക്കൊന്നും സംസാരിക്കാറില്ലല്ലോ... എന്നാലും അവൾ ചോദിച്ചു - "എല്ലാവരേയും കണ്ടോ?"

"ഏകദേശം എല്ലാവരേയും കണ്ടു... പക്ഷെ ഗിരീഷിൻ്റെ യാതൊരു അഡ്രസ്സുമില്ല... നിനക്ക് വല്ലതും അറിയോ?"

"ഓഹോ... ആ കുരുത്തംകെട്ടവനെക്കുറിച്ചു അറിയാനാണോ ഇങ്ങോട്ട് എഴുന്നള്ളിയത്? എണീക്കേടാ... വേഗം ഇറങ്ങിക്കോ... ഇല്ലെങ്കിൽ എൻ്റെ കയ്യീന്ന് മേടിക്കും...", ഡെസ്‌നയുടെ അച്ഛൻ വയലന്റായത് അപ്രതീക്ഷിതമായിട്ടാണ്. കിരണും ഗോപിയും ശെരിക്കും ഞെട്ടി. ഡെസ്‌നയും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. കിരൺ തിരിച്ചു വല്ലതും പറയാൻ ശ്രമിച്ചെങ്കിലും അയാൾ സമ്മതിച്ചില്ല. അവസാനം അവരവിടെനിന്ന് ഇറങ്ങി.

"അപ്പോൾ അജ്മലും പ്രകാശും സംശയിച്ചത് ശെരി തന്നെ, എന്തോ കളി അവിടെയുണ്ട്", കിരണിന് കാര്യങ്ങളിൽ എന്തോ പന്തികേട് തോന്നി.

"എന്തുണ്ടായിട്ടെന്താ... ആകെയുള്ള പിടിവള്ളിയാ പോയത്... ഇനി ഗിരീഷിനെ കുറിച്ച് വല്ലതും കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല... നമുക്കിത് നിർത്താം...", ഗോപിക്ക് മടുത്തു.

"ഇല്ലെടാ... അവളെയൊക്കെ നമുക്ക് ഈസി ആയി കാണാവുന്നതേയുള്ളൂ...", കിരണിൻ്റെ മുഖത്തു ചെറുതായിട്ടൊരു ചിരി വിടർന്നു.

"എങ്ങനെ?"

"നീ വാ... പറയാം..."

____________________                ____________________


അജൂസ്‌ റസ്റ്റോറന്റിൽ ഇന്ന് പതിവിലധികം തിരക്കുണ്ട്. എന്നാലും മുതലാളി ഒരു ടേബിൾ മാറ്റിവെച്ചിരുന്നു, കിരണിനും ഗോപിക്കും വേണ്ടി. മൂവരും കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനേരമായി. ഇത്രയൊക്കെ തിരക്കുണ്ടായിട്ടും അജു അവിടെ മൊബൈലിൽ ഗംഭീര ചാറ്റിങ്ങാണ്, ലൈലയുമായിട്ട്.

"ഡേയ്, ഈ ഇമോഷണൽ ബാറ്റെറീസ് എന്ന് പറഞ്ഞ എന്താ?", അജുവാണ് ഒരു സംശയവും കൊണ്ടിറങ്ങിയത്.

"എന്ത്?"

"ഇമോഷണൽ ബാറ്റെറീസ് റീചാർജ്ഡ് വിത്ത് ജോയ്... അവൾ അയച്ച മെസ്സേജ് ആണ്"

"ഒന്നു പോടേയ്... ഇവിടെ ആകെ ടെൻഷൻ അടിച്ചിരിക്കാ... അതിനിടെക്കാ അവൻ്റെയൊരു...", ഗോപി പിറുപിറുത്തു.

"ഇവളെ പഠിക്കാൻ വിട്ട് അവസാനം എനിക്ക് തന്നെ പാരയാവുമോ...??", അജ്മലിന് ഒരു പേടി ഇല്ലാതില്ല.

"നിൻ്റെ ഓൾക്കിന്ന് കോളേജ് ഒന്നുമില്ലേ?", ചോദ്യം ഗോപിയുടെ വക.

"ഉണ്ട്... പക്ഷെ അവിടെയും അവൾക്ക് ഇതൊക്കെ തന്നെയാ പണി..."

"ഡാ കിരൺ... സമയം ഒരുപാടായല്ലോ... ഇനി വരില്ലേ?"

"വരുമെന്നാണ് പ്രതീക്ഷ"

ഏറെ കാത്തിരിക്കേണ്ടി വന്നില്ല. അവർ പ്രതീക്ഷിച്ച ആ രണ്ടുപേർ എത്തി. ഡെസ്‌നയും ശരണ്യയും! ഡെസ്‌നയെ കിട്ടാൻ കിരൺ കണ്ടുപിടിച്ച വഴി. ഡെസ്‌നയുടെ അച്ഛനോട് എന്തൊക്കെയോ കള്ളം പറഞ്ഞു കൂട്ടിക്കൊണ്ടുവന്നു. ഡെസ്‌നയുടെ വായിൽ നിന്ന് ഗിരീഷിനെക്കുറിച്ചുള്ള വിവരങ്ങൾ കേൾക്കാൻ നിൽക്കുകയാണ് എല്ലാവരും -

"നിങ്ങളൊക്കെ കരുതുംപോലെ ഗിരീഷ് ഒരു പഞ്ചപാവമൊന്നും അല്ല. എന്തും ചെയ്യാനുള്ള ധൈര്യം ആ മനസ്സിനുണ്ടായിരുന്നു. അതെനിക്ക് മനസ്സിലായത് പത്താം ക്ലാസ്സിൽ കൊടൈക്കനാലിൽ ടൂർ പോയപ്പോളാണ്. അന്ന് ലേക്കിൽ വെച്ച് നിങ്ങളെല്ലാവരും ഒരുമിച്ചു ജോളിയായി നടന്നപ്പോൾ അവൻ ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി നടക്കുകയായിരുന്നു. ഒരു മിണ്ടാപൂച്ചയായതുകൊണ്ട് ഞാനും ഒറ്റയ്ക്കായി. സൈക്കിൾ ചവിട്ടാനറിയാത്തതുകൊണ്ട് നടന്നെന്നു മാത്രം... ഇതിനിടയിലാണ് ഒരാൾ സൈക്കിളിൽ വന്നു എൻ്റെ കഴുത്തിലെ മാല പൊട്ടിച്ചുപോയത്. ഞാൻ പിറകേ ഓടി, എത്തില്ലെന്ന് കണ്ടപ്പോൾ അവിടെ ഇരുന്ന് കരയാൻ തുടങ്ങി. അപ്പോഴാണ് പിറകേ ഗിരീഷും സൈക്കിൾ ചവിട്ടി പോകുന്നത് ഞാൻ കണ്ടത്. കുറച്ചുനേരത്തിനു ശേഷം അവനെനിക്ക് എൻ്റെ മാല കൊണ്ടുതന്നു, കൂടെയൊരു ഉപദേശവും - "മേലാൽ ഒറ്റയ്ക്ക് നടക്കരുത്, പരിചയമില്ലാത്ത സ്ഥലത്തു പ്രത്യേകിച്ചും... ഇത് ആരോടും പറയുകയും വേണ്ട..." - എന്നെ മറ്റുള്ളവരുടെ അടുത്തെത്തിച്ചതിനു ശേഷമാണ് അവൻ പോയത്".

"അന്നുമുതലാണ് ഞാനവനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അവനോട് സൗഹൃദം സ്ഥാപിക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു. ആദ്യമൊന്നും ചിരിക്കാൻ പോലും അവൻ തയ്യാറായിരുന്നില്ല. പതിയെ പതിയെ അവൻ എന്നോട് അടുത്തു. ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം വളർന്നു. പക്ഷെ മറ്റുള്ളവരിൽ നിന്ന് ആ സൗഹൃദബന്ധം ഞങ്ങൾ മറച്ചുവെച്ചു. അത് അവൻ്റെ നിർബന്ധപ്രകാരമായിരുന്നു. ഇതിനിടയിൽ അവൻ്റെ ബാക്ക്ഗ്രൗണ്ട് ഞാൻ മനസ്സിലാക്കി. ആകെ കൂട്ടിനുള്ളത് ഒരു മുത്തശ്ശിയും വല്ലപ്പോഴും മാത്രം വീട്ടിൽ വരുന്ന ഏട്ടനും. ഏട്ടൻ വരുമ്പോഴൊക്കെ കുടിച്ചിട്ടുണ്ടാകും, അല്ലറ ചില്ലറ അടിയൊക്കെയുണ്ടാക്കി പോകും. മുത്തശ്ശിയും അവനും കൂടി പല പല ജോലികൾ ചെയ്താണ് ജീവിച്ചത്. അന്ന് ആ ടൂറിനു എല്ലാവരും വരണമെന്ന് നിങ്ങൾ നിർബന്ധിച്ചപ്പോൾ അവൻ തലയാട്ടിയത് തൻ്റെ ഫാമിലി ഹിസ്റ്ററി ആരും അറിയരുതെന്ന് അവൻ നിർബന്ധമുള്ളതുകൊണ്ടായിരുന്നു. ജീവിതത്തിലൊരിക്കലും ചിരിക്കേണ്ടി വന്നിട്ടില്ല ആ പാവത്തിന്. പിന്നെങ്ങനെ അവനു ചിരിക്കാൻ കഴിയും?..."

ഇത്രയും പറഞ്ഞപ്പോഴേക്കും ഡെസ്‌നയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരു തൂവാലയെടുത്ത് മുഖം തുടച്ചു. അറിയാനുള്ള ആകാംഷ കൊണ്ടായിരിക്കാം ഗോപി ആ ചോദ്യം ചോദിച്ചത് - "അപ്പോൾ അന്നത്തെ ചോദ്യപേപ്പർ സംഭവം?"

"സത്യം പറഞ്ഞാൽ എനിക്ക് കൃത്യമായി അറിയില്ല. പക്ഷെ... നിങ്ങൾക്ക് ഹരിലാൽ സാറിനെ ഓർമ്മയുണ്ടോ?", ഡെസ്‌ന മൂവരുടെയും മുഖത്തു നോക്കി. ആ പേര് കേട്ടതും അജ്മൽ അറിയാതെ തൻ്റെ പുറത്തു കൈ വെച്ചുപോയി. ആ പുറം ഒരുപാട് തവണ ചെണ്ടയാക്കിയ ക്രെഡിറ്റ് ഹരിലാൽ സാറിനാണ്. പഠിപ്പിച്ചേ അടങ്ങു എന്ന് വാശിയുള്ള ചുരുക്കം ചില അധ്യാപകരിലൊരാൾ. ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. സാറിനെ ഓർമ്മയുണ്ടെന്ന് മൂവരും തലയാട്ടി.

"ഞങ്ങളുടെ ദുഖങ്ങളും ആഗ്രഹങ്ങളും വേറാരൊടും പങ്കുവെക്കാനില്ലാത്തതിനാൽ ഞങ്ങൾ പരസ്പരം അവ കൈമാറി. എൻ്റെയും അവൻ്റെയും പ്രശ്നങ്ങൾ ഞങ്ങളുടെ പ്രശ്നമായി. ഇതിനിടക്കാണ് ഹരിലാൽ സാർ ഒരു ക്ലാസ് ടെസ്റ്റ് നടത്തിയത്. എനിക്കതിൽ മാർക്ക് കുറവായിരുന്നു. മാർക്ക് കുറഞ്ഞവരോട് സ്കൂൾ വിട്ട ശേഷം സ്റ്റാഫ്‌റൂമിൽ വന്നു പേപ്പർ മേടിക്കാൻ സാർ പറഞ്ഞു. പൂരവും അവിടെവെച്ചു നടത്താനായിരുന്നു പ്ലാൻ. പക്ഷെ പേടി കാരണം ഞാൻ പോയില്ല. ഇക്കാര്യം അവനോട് പറഞ്ഞപ്പോൾ ഞാൻ പോകേണ്ടെന്നും അടുത്ത ദിവസം സാർ നിനക്ക് പേപ്പർ തരില്ലെന്ന് അവൻ വാക്കു തന്നു. എന്തുദ്ദേശത്തിലാണ് അവൻ വാക്ക് തന്നതെന്ന് എനിക്കിപ്പോഴും അറിയില്ല..." (ഇതിനിടയിൽ അവർ ഓർഡർ ചെയ്ത ജ്യൂസ് ഐറ്റം വന്നു. പക്ഷെ അതിലായിരുന്നില്ല അവരുടെ ശ്രദ്ധ)

"അന്നൊരു ശനിയാഴ്ചയാണെന്നാണ് തോന്നുന്നത്... അതെ, ശനിയാഴ്ച തന്നെ. കാരണം പിറ്റേ ദിവസം പള്ളിയിൽ പോയി ഇതിനുവേണ്ടി പ്രാർത്ഥിച്ചതൊക്കെ ഇപ്പോഴും മനസ്സിലുണ്ട്. അന്ന് എൻ്റെ മുഖം കണ്ടിട്ട് പ്രശ്നമെന്താണെന്ന് അച്ഛൻ ചോദിക്കുകയും ചെയ്തു. തിങ്കളാഴ്ചയായിരുന്നു മോഡൽ എക്സാം തുടങ്ങുന്നത്. അന്നാണ് ആ ചോദ്യപേപ്പർ പ്രശ്നം നടക്കുന്നതും ഞാൻ വരുമ്പോൾ കേൾക്കുന്നത് മോഡലിൻ്റെ ചോദ്യപേപ്പർ മോഷ്ടിക്കാൻ ശ്രമിച്ചിട്ട് പിടിച്ചുവെന്നാണ്. പക്ഷെ അവനതിൻ്റെ ആവശ്യമില്ലെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാണ്. പക്ഷെ ഞാൻ ആരോട് പറയാൻ? പറഞ്ഞാൽ തന്നെ ആരു വിശ്വസിക്കാൻ? മിണ്ടാപ്പൂച്ച കലമുടച്ചെന്നു നിങ്ങൾ പറഞ്ഞു നടന്നു. ഇപ്പോൾ മോഡലിൻ്റെ ചോദ്യപേപ്പർ കക്കാൻ നോക്കിയവൻ നാളെ പൊതുപരീക്ഷക്കും ഇത് ചെയ്യില്ലെന്ന് യാതൊരു ഉറപ്പുമില്ലെന്നും സ്കൂളിന് നാണക്കേടുണ്ടാക്കുമെന്നും മാനേജർ പറഞ്ഞു. രക്ഷിതാവിനെ കൊണ്ടുവന്നു തക്കതായ വിശദീകരണം തന്നാൽ അവനെ തിരിച്ചെടുക്കുന്നത് ആലോചിക്കാമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞിരുന്നു. പക്ഷെ അവനതിനൊന്നും മുതിർന്നില്ല. ഞാൻ എത്രയൊക്കെ ചോദിച്ചിട്ടും അവൻ നടന്നതൊന്നും എന്നോടും പറഞ്ഞില്ല... പക്ഷെ അവൻ പറഞ്ഞ പോലെ ഹരിലാൽ സാർ എനിക്ക് പേപ്പർ തന്നില്ല. അതെന്തുകൊണ്ടാണെന്നു എനിക്ക് മനസ്സിലായില്ല. ഞാൻ ചോദിക്കാനും പോയില്ല. "

എല്ലാവരും മൗനത്തിലാണ്, അഞ്ചാറുകൊല്ലം കൂടെ പഠിച്ച ഒരുത്തനെക്കുറിച്ചു ഇങ്ങനെയൊക്കെ കഥയുള്ളത് അവരാദ്യമായിട്ട് കേൾക്കുകയായിരുന്നു.

"ഈ ബന്ധം അച്ഛനോട് പറഞ്ഞിരുന്നോ?.. അന്ന് ഞങ്ങളോട്...", കിരണാണ് ചോദിച്ചത്.

"അറിയാം... ഞങ്ങളുടെ സൗഹൃദം വളർന്നു വലുതായപ്പോൾ അത് പ്രണയത്തിലേക്ക് വഴുതി വീണു. സ്കൂളിൽ നിന്നും പുറത്താക്കിയ ശേഷവും അവനെന്നെ കാണുന്നത് അച്ഛനറിഞ്ഞിരുന്നു. എന്നെ പഠിപ്പിക്കണമെന്ന് അച്ഛന് നിർബന്ധമുള്ളതുകൊണ്ടു മാത്രം എൻ്റെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല..."

"അപ്പോൾ ഇനി ഇതിനെക്കുറിച്ചു വല്ലതും അറിയണമെങ്കിൽ കഥാനായകനെ നേരിട്ട് കാണുക തന്നെ വേണം..."

"അവനെവിടെയുണ്ടെന്ന് നിനക്കറിയുമോ?"

"ഹും... സർദാർ കോളനിയിൽ..."

ആ പേര് അവിടെ ചുറ്റിലുമുള്ള എല്ലാവരുടേയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അജ്മലും ഗോപിയും പരസ്പരം നോക്കുന്നുണ്ടായിരുന്നു. എന്തോ ഒരു ഭയപ്പാട് അവരിൽ ഉണ്ട്.

____________________                ____________________


"എടാ... ഗിരീഷ് എന്തായാലും ഡെസ്‌നയുടെ ഓട്ടോഗ്രാഫിൽ എന്തെങ്കിലും എഴുതീട്ടുണ്ടാവില്ലേ? നീ അക്കാര്യം അവളോട് ചോദിച്ചിരുന്നോ?", ഗോപിക്കാണ് സംശയം.

"ഞാൻ ചോദിച്ചിരുന്നു. അവനങ്ങനെ ഓട്ടോഗ്രാഗ്രാഫിൽ എഴുതുന്ന ടൈപ്പ് അല്ലെന്നാ അവൾ പറഞ്ഞത്", കിരണിൻ്റെ മറുപടി.

ഗോപി കുറച്ചു നേരം മറ്റൊന്നും പറഞ്ഞില്ല, വല്ലാത്തൊരു ചിന്തയിലാണ്. അവൻ്റെ മുഖത്തെ ചില ഭാവമാറ്റങ്ങൾ കിരൺ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"എന്താടാ പ്രശ്നം?" - ഒടുക്കം കിരൺ അത് ചോദിച്ചറിയാൻ തന്നെ തീരുമാനിച്ചു.

"എടാ... നമുക്ക് ഈ പരിപാടി നിർത്താം..."

"അതിന് ഇപ്പൊ ഇവിടെ എന്താ ഉണ്ടായത്?"

"നിൻ്റെ പ്ലാൻ എന്താ?"

"പ്ലാൻ സിമ്പിൾ അല്ലേ...  ഗിരീഷ് എവിടുണ്ടെന്നു മനസ്സിലായില്ലേ... ഇനി നേരിട്ട് പോയി അവനെ കാണണം.. കാര്യങ്ങൾ ചോദിക്കണം... "

"എങ്ങോട്ട്?? സർദാർ കോളനിയിലോട്ടോ?? അങ്ങോട്ട് കേറിക്കൊടുക്ക്..."

"എന്താ പ്രശ്നം?"

"എടാ... സർദാർ കോളനി അത്ര സുരക്ഷിത ഇടമൊന്നുമല്ല, ഈ നാട്ടിലെ സകല പ്രശ്‌നക്കാരും അവിടെയാ... സത്യത്തിൽ അതൊരുപാട് ഗുണ്ടകളുടെ താവളവുമാണ്..."

"അതിനിപ്പോൾ നമ്മൾ അവിടെ ഒരു പ്രശ്നവും ഉണ്ടാക്കാനല്ലല്ലോ പോകുന്നത്. ഗിരീഷിനെ കാണുന്നു, സംസാരിക്കുന്നു, അത്രയല്ലേയുള്ളൂ..."

ഇവനെ ഇനി എന്ത് പറഞ്ഞു മനസ്സിലാക്കും എന്ന മട്ടിൽ ഗോപി ചുറ്റിലും നോക്കുന്നുണ്ടായിരുന്നു.

"നോക്ക്... ഒരു കാര്യം പറയട്ടെ, സർദാർ കോളനി എന്ന് കേട്ടപ്പോൾ തന്നെ എനിക്ക് ഒരു അപകടം മണത്തിരുന്നു. അതുകൊണ്ട് ഞാൻ അന്വേഷിച്ചു, അവനിപ്പോൾ ഒരു പേര് കേട്ട ഗുണ്ടയാ... ഏതോ ഒരു കേസിൽ പോലീസ് അന്വേഷിക്കുന്നുമുണ്ട്. ഈ സമയത്തു അവൻ്റെ പേര് പറഞ്ഞു നമ്മൾ അവിടെ പോയാൽ ചിലപ്പോൾ പോലീസ് നമ്മളെയും സംശയിക്കും. നമ്മളുടെ കൂടെ നടന്ന ഗിരീഷ് അല്ല ഇപ്പോൾ, അക്കാര്യം മനസ്സിലാക്ക്."

"ഹും, നമ്മുടെ കൂടെ നടന്ന ഗിരീഷ് എങ്ങനെ ആയിരുന്നെന്ന് പോലും നമുക്ക് അറിയില്ലായിരുന്നു..."

ഗോപി അതിനു മറുപടി ഒന്നും പറഞ്ഞില്ല. പക്ഷെ കിരൺ തൻ്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

"തിരിച്ചുപോകേണ്ട ടിക്കറ്റും ക്യാൻസൽ ചെയ്ത് ഇറങ്ങിത്തിരിച്ചത് ആ ഓട്ടോഗ്രാഫിൽ എഴുതിയതിനു ഉത്തരം കിട്ടാൻ വേണ്ടിയാ... അതറിഞ്ഞേ ഞാൻ പോകൂ ..."

"അതാണ് നിനക്ക് അറിയേണ്ടതെങ്കിൽ ഉത്തരം ഞാൻ തരാം...", ഗോപിയാണ് പറഞ്ഞത്. കിരൺ അത്ഭുതത്തോടെ അവനെ നോക്കി... ഗോപി വീണ്ടും തുടർന്നു -

"അത് എഴുതിയത് ഞാനാണ്. നീ നാടുവിട്ടു പോയ ശേഷം നിന്നെ ഞാൻ എത്ര മിസ്സ് ചെയ്തു എന്നറിയോ. ഒരുപാട് നാളുകൾക്ക് ശേഷമാണ് നിന്നെ പിന്നെ കിട്ടിയത്. അപ്പോൾ നിനക്കാണെങ്കിൽ ഉടനെ പോകണം, ഇനി ഈ മണ്ണിൽ കാലുകുത്തുകയുമില്ലെന്ന വാശിയും. നിന്നെ അത്രപെട്ടെന്ന് വിടാൻ തോന്നിയില്ല, ഉത്സവം വരെയെങ്കിലും നീ കൂടെ ഉണ്ടാവണമെന്ന് തോന്നി. അതുകൊണ്ടാണ് ആ ഓട്ടോഗ്രാഫിൽ അങ്ങനെ എഴുതിവെച്ചു നിന്നെക്കൊണ്ട് വായിപ്പിച്ചത്. ഒരുപാട് നാളുകൾക്ക് ശേഷം പഴയ ഓട്ടോഗ്രാഫ് കാണുമ്പോൾ ആർക്കാടാ വായിക്കാൻ തോന്നാതിരിക്കുക? പക്ഷെ, അത് ഇത്ര പുലിവാല് ആകുമെന്ന് വിചാരിച്ചില്ലായിരുന്നു."

ഞെട്ടലോടെയാണ് കിരൺ അത്രയും കേട്ടിരുന്നത്.

________________________________________




Comments