Rock Paper Scissors - Part 1








1

നികിത അവിടെ ഇന്റർനാഷണൽ ടെർമിനലിൽ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചായി. 'എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങി ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും താൻ മുന്നിൽ കാണും' എന്ന് ഡയലോഗടിച്ച കസിൻ സിസ്റ്ററിനെ ഇപ്പോൾ കാണുന്നുമില്ല. ചോദിച്ചപ്പോൾ 'വന്നുകൊണ്ടിരിക്കാണ്... ഒരു പത്തു മിനിറ്റ്...' എന്ന് വാട്സാപ്പിൽ മറുപടി തന്നിട്ടുണ്ട്. വേറെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാലാവാം തൻ്റെ കൂളിംഗ് ഗ്ലാസ് തലയിലേക്ക് നീക്കി വെച്ചു ചുറ്റിലും ഒന്നും കണ്ണോടിച്ചുകൊണ്ടിരിക്കയാണ് നികിത.

അവസാനമായി ഈ എയർപോർട്ടിൽ വന്നത് വർഷങ്ങൾക്ക് മുമ്പാണ്. അവൾക്ക് ഏകദേശം ഒരു പതിമൂന്ന് വയസ്സായിക്കാണും. അപ്പോഴാണ് നാട്ടിലെ പഠിപ്പു മതിയെന്ന് പറഞ്ഞു പപ്പയുടെ ഓർഡർ വന്നത്. അന്ന് പെട്ടിയും കിടക്കയും എടുത്തു അമേരിക്കയിലോട്ട് ചേക്കേറിയത് തൊട്ടുള്ള ആഗ്രഹമാണ് വീണ്ടും ഈ മണ്ണിൽ കാലുകുത്തണമെന്നുള്ളത്. അന്നത്തെ ഈ എയർപോർട്ടിൻ്റെ ചിത്രം ഇപ്പോഴും മനസ്സിലുണ്ടെങ്കിലും അതെല്ലാം മാറിയിരിക്കുന്നു. മാറാതെയിരിക്കില്ലല്ലോ, വർഷം പത്തുപതിനഞ്ചായില്ലേ...

"മിസ്റ്റർ മോളുസ്...", പെട്ടന്നാണ് പിറകിൽ നിന്ന് ആ വിളി കേട്ടത്. മറ്റാരുമല്ല, ഇതുവരെ കാത്തിരുന്ന മൊതല് തന്നെയാ, ശരണ്യ. ആളെ കണ്ടതും പോയി കെട്ടിപ്പിടിച്ചു. 

ഒരുപാട് നാളത്തേക്ക് ശേഷം ഈ അടുത്താണ് സ്വന്തം കസിനായ ശരണ്യയുമായുള്ള പരിചയം പുതുക്കിയത്. അപ്പോൾ മുതൽ തുടങ്ങിയതാണ് ഈ 'മോളുസ്' വിളി.  അമേരിക്കയിൽ എത്തിയ ശേഷം നാടുമായിട്ടുള്ള കോൺടാക്ട് വളരെ കുറവായിരുന്നു. അടുത്ത ബന്ധുക്കൾ എല്ലാം അവിടെ തന്നെ ആയിരുന്നതിനാൽ നാട്ടിലേക്ക് വരേണ്ട ആവശ്യമില്ലായിരുന്നു. പപ്പ ഇടയ്ക്കിടക്ക് ബിസിനസ് ആവശ്യങ്ങൾക്ക് വരാറുണ്ടായിരുന്നു, ചിലപ്പോൾ മമ്മയെയും കൂടെ കൂട്ടും. 

"ഈ മുഖം പണ്ട് എവിടേലും വെച്ച് കണ്ടതായിട്ട് ഓർമ്മയുണ്ടോ?" - ചോദ്യം ചോദിച്ചത് ശരണ്യ ആയിരുന്നു.

"Nope... പണ്ടത്തെ ഈ മുഖം ഓർമ്മയില്ല. പക്ഷെ ഫേസ്ബുക് വഴി ഇപ്പോഴത്തെ ഈ മുഖം നോക്കി വെച്ചിരുന്നു. എയർപോർട്ടിൽ വന്നിട്ട് വിയർക്കാതിരിക്കാനാ..."

"അപ്പോൾ മലയാളത്തിനും വലിയ പ്രശ്നം വന്നിട്ടില്ല. മാത്രമല്ല, ഇതെന്താ നാടൻ ചുരിദാറൊക്കെ ഇട്ട്... ഒരു അമേരിക്കൻ മലയാളി ഇങ്ങനെയാണോ നാട്ടിലേക്ക് വന്നു കയറേണ്ടത്......" 

"മലയാളമൊക്കെ ഇവിടുന്നു പഠിച്ചിട്ടല്ലേ പോയത്. So no worries. ഡ്രസ്സ് പിന്നെ ഇങ്ങോട്ടായതുകൊണ്ട് സ്പെഷ്യൽ ഇറക്കിയതാ... മമ്മയുടെ വർക്ക് ആണ്"

"നിനക്ക് ഒരു കമ്പനി ആയിക്കോട്ടെയെന്നു വെച്ചിട്ടാണ് ഞാൻ മോഡേൺ ആയി വന്നത്. വേണ്ടിയില്ലായിരുന്നു, അല്ലേ?"

"ഹേയ്... ജീൻസും ടി-ഷർട്ടുമെല്ലാം പൊളിച്ചിട്ടുണ്ട്... അല്ലെങ്കിലും അതൊക്കെ ഇവിടെ ആരാ നോക്കുന്നെ... നമുക്ക് പോകാം... എനിക്ക് വിശപ്പുണ്ട്..."

"ശെരിയാ... സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. വാ... കാർ അവിടെയാണ്...."

കാറിൻ്റെ അടുത്തേക്ക് നടക്കുമ്പോൾ ലഗേജ് എടുക്കാൻ ശരണ്യ ശ്രമിച്ചെങ്കിലും നികിത വേണ്ടെന്നു പറഞ്ഞു. ശരണ്യയോട് സംസാരിക്കുന്നുണ്ടെങ്കിലും ചുറ്റിലും കണ്ണോടിക്കുന്നതിലായിരുന്നു നികിതയുടെ ശ്രദ്ധ. മനസ്സിലുള്ള അന്നത്തെ എയർപോർട്ടിൻ്റെ രൂപം ഏകദേശം ഏതു ഭാഗത്തായിട്ടു വരുമെന്നു കണ്ടുപിടിക്കാനുള്ള ഒരു ശ്രമവുമായിരുന്നു അത്.

പണ്ട് മമ്മ കാണിച്ചുതന്ന ഒരു സിഗ്നൽ ലൈറ്റ് ഓർമ്മയുണ്ട്, ഉയർന്ന ഒരു കെട്ടിടത്തിൻ്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഒരു ഗ്രീൻ ലൈറ്റ്. വിമാനങ്ങൾക്ക് എയർപോർട്ടിൻ്റെ പൊസിഷൻ അറിയാനാണെന്നാ മമ്മ പറഞ്ഞത്. വിമാനം എത്താറാകുമ്പോൾ അത് കറങ്ങാൻ തുടങ്ങും. അതുവഴി ഏതെങ്കിലും വിമാനം വരുന്നുണ്ടോ എന്ന് നമുക്കും മനസ്സിലാക്കാം. ആ ലൈറ്റ് എവിടെയാണെന്ന് എത്ര ശ്രമിച്ചിട്ടും മനസ്സിലാകുന്നില്ല.

ആ പഴയ ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം തന്നെയാണ് ഈ യാത്ര കൊണ്ട് അവൾ ഉദ്ദേശിക്കുന്നതും. കാറിനടുത്തെത്തിയപ്പോൾ ഡ്രൈവർ ബാഗ് എടുത്തു ഡിക്കിയിൽ വെക്കാൻ നികിതയെ സഹായിക്കുന്നുണ്ടായിരുന്നു. ഇതിനിടക്കാണ് ആ രണ്ടു മുഖങ്ങൾ എയർപോർട്ടിലെ ആൾക്കൂട്ടത്തിനിടയിൽ ശരണ്യയുടെ കണ്ണിൽ പെട്ടത്.

"ഹലോ മച്ചാൻസ്‌...", ശരണ്യ അവരെ കൈകാട്ടി വിളിച്ചു.

'ഇതാരാണപ്പാ' എന്ന മട്ടിൽ അവർ തിരിഞ്ഞുനോക്കി. ഡ്രസിങ് സ്റ്റൈൽ നോക്കിയാൽ നികിതയെയും ശരണ്യയെയും പോലെ തികച്ചും വ്യത്യസ്തരായ രണ്ടുപേർ. ഒരാൾ നല്ല അടിപൊളി ടി-ഷർട്ടും കടുംകളറുള്ള ജീൻസും ഒക്കെ ധരിച്ച ഒരു ക്ലീൻ ഷേവ് മുഖം. മറ്റെയാൾ അല്പം നാടനാണ്, ഷർട്ടിൻ്റെ കൂടെ മുണ്ടാണ് വേഷം. ഇതാരാണെന്ന ചിന്തയിൽ താടി തടവുന്നുമുണ്ട്. രണ്ടുപേരും പരസ്പരം ഒന്നും നോക്കി, പതിയെ അവളുടെ അടുത്തേക്ക് നടന്നു.

"മനസ്സിലായോ??", ശരണ്യ അവരോട് ചോദിച്ചു. ഓർത്തെടുക്കാൻ പാടുപെടുന്നത് രണ്ടുപേരുടെയും മുഖത്ത് കാണാം.

"കിട്ടി... ഇത് നമ്മുടെ 'സോഡാകുപ്പി'... അല്ല ശരണ്യ...", ആ താടിക്കാരനാണ് ആദ്യം മനസ്സിലായത്. 

"ആഹാ... അപ്പോൾ നീ മറന്നിട്ടില്ല. പക്ഷെ കിരണിന് എന്നെ ഓർമ്മയില്ല, അല്ലേ? ഒന്നുമില്ലെങ്കിലും സ്കൂളിലെ നിൻ്റെ ഫസ്റ്റ് ഫ്രണ്ട് ഞാനല്ലായിരുന്നോ...", ശരണ്യ ആ മോഡേൺ വേഷധാരിയിലോട്ട് തിരിഞ്ഞു.

"അതുപിന്നെ... കുറെ നാളായില്ലേ... മാത്രമല്ല നീ ആളാകെ മാറി... നിൻ്റെ ആ സോഡാകുപ്പി കണ്ണട ഒക്കെ എവിടെ?", കിരൺ ആളെ മനസ്സിലാക്കാൻ കഴിയാതിരുന്നതിനു ന്യായങ്ങൾ നിരത്താൻ തുടങ്ങി.

"അതൊക്കെ ഒഴിവാക്കി ഇപ്പോൾ ലെൻസ് വെച്ചാണ് നടപ്പ്. പക്ഷെ അതൊന്നും ഒരു റീസൺ അല്ലാട്ടോ... ഗോപിക്ക് എന്നെ മനസ്സിലായല്ലോ...", താടിക്കാരനെ ചൂണ്ടി ശരണ്യയുടെ മറുപടി.

"അവനു അല്ലെങ്കിലേ ഇവിടവുമായിട്ട് വലിയ ടച്ച് ഒന്നും ഇല്ല. ഇപ്പോൾ അമേരിക്കയിലല്ലേ... എത്രയോ വർഷങ്ങൾക്ക് ശേഷം രണ്ടു ദിവസം മുമ്പാണ് ഞാൻ തന്നെ ഇവനെ കാണുന്നത്", മറുപടി പറഞ്ഞത് ഗോപിയാണ്.

"നീ അമേരിക്കയിലോട്ട് വിട്ട കാര്യം ഞാൻ അറിഞ്ഞിരുന്നു. ആരോടും ഒന്നും പറയാതെ ഒരു പോക്കല്ലായിരുന്നോ... അവിടെ എത്തിയിട്ടെങ്കിലും വല്ലപ്പോഴും വിളിക്കുമെന്ന് വിചാരിച്ചു. അതും ഉണ്ടായില്ല", ശരണ്യയുടെ പരാതികൾ തീരുന്നില്ല. 

"അതൊക്കെ ഒരു അവസ്ഥയായിരുന്നു. ചില സാഹചര്യങ്ങളിൽ അങ്ങനെ ഒക്കെ ചെയ്യേണ്ടിവന്നു. പഠനമൊക്കെ കഴിഞ്ഞോ? ഇപ്പോൾ എന്താ ചെയ്യുന്നത്?", കിരൺ എല്ലാം വിശദീകരിക്കാനൊന്നും മുതിർന്നില്ല. ആ വിഷയം മാറ്റാനാണ് അവനു ഉത്സാഹം.

"പഠനമൊക്കെ കഴിഞ്ഞിട്ട് കുറച്ചായി, ഇപ്പോൾ ടെക്കിയാ... ഇവിടെ സൈബർ പാർക്കിൽ തന്നെ. നിങ്ങളോ?"

"വെറുതെയല്ല ആ സോഡാകുപ്പി മാറ്റിയത്, ടെക്കിക്കു ചേരില്ലാ... (അതുകേട്ടപ്പോൾ ശരണ്യ ചിരിക്കുന്നുണ്ടായിരുന്നു)... ഇവൻ അമേരിക്കയിൽ ഡോക്ടർ ആണ്... ഞാൻ പിന്നെ ഒരു പലചരക്കു കടയുമായി കഴിഞ്ഞുപോവുന്നു... നമ്മൾ പിന്നെ പണ്ടേ ലോക്കൽ ആണല്ലോ...", അല്ലങ്കിലും സ്വയം താഴ്ത്തിക്കെട്ടി സംസാരിക്കുന്നത് പണ്ടേ ഗോപിയുടെ ഒരു ശീലമാണ്. 

"ടെക്കീ എന്ന പേരിൽ കുറച്ചു ഗെറ്റപ്പ് ഉണ്ടെന്നേയുള്ളൂ. ശമ്പളം മിക്കവാറും നിങ്ങൾ 'ലോക്കൽ' ഷോപ് ഓണർക്കു കിട്ടുന്ന വരുമാനത്തേക്കാൾ കുറവായിരിക്കും. അതൊക്കെ പോട്ടെ, ഇവിടെ എന്താ? തിരിച്ചു പോവാണോ?" - ശരണ്യ.

"അല്ല... ഞാൻ നാട്ടിൽ വന്നത് തന്നെ എൻ്റെ ഒരു മുത്തശ്ശി മരിച്ചതുകൊണ്ടാണ്. എൻ്റെ പേരെന്റ്സും വന്നിരുന്നു. അതുകൊണ്ട് അവരെ യാത്രയാക്കാൻ വന്നതാ...", കിരണിൻ്റെ മറുപടി.

"അപ്പോൾ നീ ഇവിടെ കുറച്ചു ദിവസം കാണുമോ? ഫ്രീയാവുമ്പോൾ വീട്ടിലോട്ട് വാ..."

"അയ്യോ അങ്ങനെ പറയുന്നത്... നമ്മൾ തിരക്കുള്ള ഡോക്ടർ അല്ലേ.. നമുക്ക് നാളെത്തന്നെ പോകണം", ഗോപിയാണ് കിരൺ വല്ലതും പറയും മുമ്പ് എടുത്തുചാടി പറഞ്ഞത്. 

"അവൻ പറയുന്നത് നോക്കേണ്ട... എനിക്ക് ഉടനെ പോയേ പറ്റൂ... നാളെ വൈകീട്ടാണ് ഫ്ലൈറ്റ്... നീ ഇപ്പോൾ ഫ്രീ ആണെങ്കിൽ നമുക്ക് ഒരു കൂൾബാറിൽ കയറാം...", കിരൺ കാര്യങ്ങൾ വിശദീകരിച്ചു.

"അയ്യോ... ഞാനത് മറന്നു" ഇപ്പോഴാണ് ശരണ്യ അക്കാര്യം ഓർത്തത്. "എൻ്റെ കസിൻ കാറിനകത്തുണ്ട്. അവളെ പിക്ക് ചെയ്യാൻ വന്നതാ. വിശക്കുന്നുണ്ടെന്നു പറഞ്ഞിരുന്നു. നിങ്ങളെ കണ്ട സന്തോഷത്തിൽ ഞാൻ അക്കാര്യം മറന്നു. ഇന്ന് എന്തായാലും നടക്കില്ല. അടുത്ത വരവിൽ വിളിക്ക്, നമുക്ക് കൂടാം...", ശരണ്യ അത് പറഞ്ഞപ്പോൾ ഗോപി കിരണിൻ്റെ മുഖത്തൊന്നു നോക്കി. അവൻ പെട്ടന്ന് പോകുന്നതിൽ ഗോപിക്ക് നല്ല എതിർപ്പുണ്ടെന്നു തോന്നുന്നു. കിരൺ പക്ഷെ ഒന്നും മിണ്ടിയില്ല. 

"എന്നാൽ ശെരി... നീ പൊയ്‌ക്കോ... ഞാൻ വിളിക്കാം... നമ്പർ താ..."

ശരണ്യ നമ്പർ കൊടുക്കുമ്പോൾ പോകാൻ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. കിരണിനോടും ഗോപിയോടും യാത്ര പറഞ്ഞു അവൾ കാറിലേക്ക് കയറി. നികിത അവിടെയിരിപ്പുണ്ട്, ഇപ്പോഴും പുറമെയുള്ള കാഴ്ചകളിൽ മുഴുകിയിരിക്കുക തന്നെയാണ് ആൾ.    

"സോറി മോളൂസ്... പഴയ ക്ലാസ്സ്‌മേറ്റ്സ് നെ കണ്ടപ്പോൾ അറിയാതെ സംസാരിച്ചിരുന്നു പോയി...", അവളെ വീണ്ടും വെയിറ്റ് ചെയ്യിപ്പിച്ചതിൽ ശരണ്യക്ക് സങ്കടമുണ്ട്.

"അത് സാരമില്ല ചേച്ചി... എനിക്ക് പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലല്ലോ..". നികിതക്ക് അതൊരു പ്രശ്നമേ അല്ല. ഡ്രൈവർ അപ്പോഴേക്കും കാർ എടുത്തിരുന്നു.

"ഇപ്പോഴും നാടിൻ്റെ കാഴ്ചകൾ ആസ്വദിച്ചു തീർന്നിട്ടില്ലെന്നു തോന്നുന്നു?", ഒരു ചെറുചിരിയോടെ ശരണ്യ ചോദിച്ചു.

"അതങ്ങനെയൊന്നും തീരില്ല ചേച്ചി... കുറെ നാളായി മനസ്സിൽ കൊണ്ടുനടക്കുന്നതാ..."

"പോയിട്ട് എത്ര നാളായി... ഇപ്പോഴാണോ ഒന്ന് വരാൻ തോന്നിയത്?"      

"അമേരിക്കയിലോട്ട് വന്ന ആദ്യ രണ്ടുവർഷം നാട്ടിലേക്ക് വരാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അവിടെ സ്കൂളിൽ ചേർന്ന ശേഷം പിന്നെ വൊക്കേഷനിൽ മാത്രമേ നാട്ടിലേക്ക് വരാൻ പറ്റൂ എന്ന അവസ്ഥയിൽ ആയി. ഓരോ വൊക്കേഷനും ഓരോ കാരണം കൊണ്ട് പോയി. പിന്നെ ആ ടച്ച് അങ്ങ് വിട്ടു"

"പിന്നെ എവിടുന്നാ വീണ്ടും ആ ടച്ച് കിട്ടിയത്?"

"അതും ഒരു അപ്രതീക്ഷിത സംഭവമാണ്. ഈ അടുത്ത് എൻ്റെ ഒരു പഴയ കൂട്ടുകാരിയെ ഞാൻ ഫേസ്ബുക്കിൽ കണ്ടു. അവളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ പഴയ ഒരു സ്കൂൾ ഫോട്ടോ എനിക്ക് കിട്ടിയത്. അതിൽ എനിക്ക് ആകെ തിരിച്ചറിയാവുന്ന മുഖം ഒരാളുടേതു മാത്രമായിരുന്നു... ആ ആളെ ഒരു നോക്ക് കാണാൻ വേണ്ടിയാ പ്രധാനമായും ഈ യാത്ര..."

"അതാരാ... അത്രയ്ക്ക് സ്പെഷ്യൽ ആയ ആൾ...?"

"കെവിൻ", ആ പേര് പറയുമ്പോൾ തന്നെ അവളിൽ വല്ലാത്ത ഒരു സന്തോഷം പ്രകടമായിരുന്നു.      

"കെവിനോടെന്താ ഇത്രക്ക് ഒരിത്... ഇനി വല്ല പ്രണയവും മറ്റും?", സാധാരണ പലർക്കും തോന്നാവുന്ന ഒരു സംശയം തന്നെയാണ് ശരണ്യയും പങ്കുവെച്ചത്.

"ഹേയ്... ആ പ്രായത്തിൽ പ്രണയമെന്താണെന്നു പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു...."

"ആള് ഫുൾ നൊസ്റ്റുവിൽ ആണല്ലോ..." ഓർമ്മകൾ അയവിറക്കുന്നത് ആ മുഖത്തു വ്യക്തമായി കാണാം. ഈ ഒരു കാഴ്ച തന്നെയാണ് എയർപോർട്ട് തൊട്ടു ശരണ്യ കണ്ടുകൊണ്ടിരിക്കുന്നത്.

"അതൊന്നും ചേച്ചിക്ക് പറഞ്ഞാൽ മനസ്സിലാവില്ല...."

"നീ പറഞ്ഞുനോക്ക്. മനസ്സിലാക്കാൻ പറ്റുമോ എന്ന് ഈ ചേച്ചിയൊന്ന് നോക്കട്ടെ... നമ്മൾ വീട്ടിലെത്താൻ ഇനിയും ഒരുപാട് സമയം പിടിക്കും..."

നികിത വീണ്ടും പഴയ ആ ഓർമ്മകളുടെ താഴ്‌വരയിലേക്ക് പറന്നിറങ്ങി. ഇത്തവണ ശരണ്യയെയും കൂടെ കൂട്ടി...

നികിത ജനിച്ചതും വളർന്നതും എല്ലാം അമേരിക്കയിലാണ്. അവിടെ ബിസിനസ് ആണ് അവളുടെ പപ്പയ്ക്ക്. ഇതിനിടയിലാണ് ഏതോ മാഫിയ ടീമുമായി അവളുടെ പപ്പയ്ക്ക് ഒരു പ്രശ്നം ഉണ്ടാകുന്നത്. തൻ്റെ കുടുംബത്തെ അവരെന്തെങ്കിലും ചെയ്യുമോ എന്ന ഭീതിയിൽ നികിതയുടെ പപ്പ അവളെയും അവളുടെ മമ്മയേയും നാട്ടിലുള്ള മുത്തശൻ്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് അയച്ചു. നികിതക്ക് അപ്പോൾ ഏകദേശം പത്തുവയസ്സ്‌. പഴയ സ്വാതന്ത്ര സമരസേനാനിയായ അപ്പൂപ്പന് അവളെ സർകാർ സ്കൂളിൽ തന്നെ ചേർക്കണമെന്ന് വാശിയായിരുന്നു. മലയാളം പറയുമെങ്കിലും എഴുതാനും വായിക്കാനും ബുദ്ധിമുട്ടിയിരുന്ന ആ കുട്ടി സർകാർ സ്കൂളിലെ ഇംഗ്ലീഷ് മീഡിയത്തിൽ ചേരുന്നത് അങ്ങനെയാണ്.

പുതുവർഷം സ്കൂൾ തുറന്നിട്ട് അന്നേക്ക് കുറച്ചു ദിവസം ആയിരുന്നു. ക്ലാസ്സ് ടീച്ചർ ആയിരുന്ന ദീപിക ടീച്ചർ അവളെ അഞ്ചാം ക്ലാസ്സിലേക്ക് ആനയിച്ചുകൊണ്ട് പോയപ്പോൾ അവളുടെ മനസ്സിൽ താൻ അതുവരെ കണ്ട് ശീലിച്ച കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു ചുറ്റുപാട് ആണ് കാണേണ്ടി വന്നത്. പുത്തൻ യൂണിഫോമിൽ മാത്രം ക്ലാസ്സിൽ പോയിരുന്ന അവൾക്ക് ഇവിടെ അങ്ങയൊരു കാര്യം കാണാനേ സാധിക്കുന്നില്ല. ക്ലാസ്സിലെ എല്ലാ കണ്ണുകളും നികിതയിലേക്ക്‌ മാത്രം നോട്ടമെറിഞ ആ നേരത്ത് ദീപിക ടീച്ചറാണ് അവൾക്ക് അല്പമെങ്കിലും ധൈര്യം പകർന്നത്. 

"ഇത് നമ്മുടെ ക്ലാസ്സിലേക്ക് വന്ന പുതിയ കുട്ടിയാണ്. പേര് നികിത. എല്ലാവരും ഒന്ന് കയ്യടിച്ചു സ്വാഗതം ചെയ്യൂ...", ക്ലാസ്സിന് നടുവിൽ നികിതയെ നിർത്തിയ ശേഷം ടീച്ചർ എല്ലാവരോടുമായി പറഞ്ഞു. 

"ഇനി നികിത നമുക്ക് വേണ്ടി ഒരു പാട്ടു പാടുന്നതായിരിക്കും...", അതും പറഞ്ഞു ടീച്ചർ നികിതയെ ഇടംകണ്ണിട്ടു ഒന്ന് നോക്കി. ടീച്ചർ ഒന്ന് എറിഞ്ഞുനോക്കിയതാണ്. നികിതക്ക് പക്ഷെ പാടുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ... അവൾക്ക് അത് വളരെ ഇഷ്ടമാണ് താനും. അവൾക്ക് ഇഷ്ടപ്പെട്ട ഒരു ഇംഗ്ലീഷ് സോങ് അവൾ അതിമനോഹരമായി തന്നെ പാടി. 

Every Night in My Dreams
I see you, I feel you
That is how I know you go on

Far across the distance 
And spaces between us
You have come to show you go on

Near, far, wherever you are
I believe that the heart does go on
Once more you open the door
And you're here in my heart
And my heart will go on and on

ആ പാട്ടു ക്ലാസ്സിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്ന് വേണം പറയാൻ. ഇംഗ്ലീഷിൽ പല തരം റൈം സോങ്‌സ് കുറച്ചൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു എക്സ്പീരിയൻസ് അവർക്ക് ആദ്യമാണ്. പാട്ടു അവസാനിച്ചത് മനസ്സിലാക്കാൻ ടീച്ചറും ഒന്ന് ബുദ്ധിമുട്ടിയെങ്കിലും ടീച്ചർ അഭിനന്ദിച്ചു കയ്യടിക്കാൻ തുടങ്ങിയപ്പോൾ ബാക്കിയുള്ളവരും കൂടെക്കൂടി. 

"ഇനി ഒരു മലയാളം പാട്ട്...", ക്ലാസ്സിലെ ഏതോ ഒരുത്തനാണ് അതെടുത്തിട്ടത്. ബാക്കിയുള്ളവരും അവളെ പ്രോത്സാഹിപ്പിച്ചു. പക്ഷെ അവളുടെ മറുപടി ഇതായിരുന്നു - "എനിക്ക് മലയാളം അധികം അറിയില്ല...". അത് പറഞ്ഞതോടു കൂടി അതുവരെ പ്രോത്സാഹിപ്പിച്ചിരുന്ന എല്ലാവരും കളിയാക്കാൻ തുടങ്ങി. ഒടുവിൽ ടീച്ചർ തന്നെ രംഗത്തിറങ്ങി. 

"നിങ്ങൾക്ക് ആർക്കെങ്കിലും അവളെപ്പോലെ ഇംഗ്ലീഷ് പറയാനോ പാടാനോ കഴിയോ?"

ആർക്കും ഉത്തരം ഉണ്ടായിരുന്നില്ല.

"അവൾക്ക് നിങ്ങളെ പ്പോലെ മലയാളവും അറിയില്ല. വലിയ വ്യത്യാസമില്ല, അതുകൊണ്ട് കളിയാക്കേണ്ട ആവശ്യവും ഇല്ല. നിങ്ങൾ ചെയ്യേണ്ടത് എന്താണെന്നു വെച്ചാൽ അവളിൽ നിന്ന് ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കണം. അവൾ നിങ്ങളിൽ നിന്ന് മലയാളവും പഠിക്കട്ടെ... അല്ലെ?"

"അതെ..", എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.

"എന്നാൽ നിങ്ങളിൽ ആരെങ്കിലും അവൾക്ക് വേണ്ടി ഒരു മലയാളം പാട്ട് പാടിക്കൊടുക്കൂ..."

"ഞാൻ പാടാം ടീച്ചർ..." പിറകിലെ ബെഞ്ചിൽ നിന്ന് വട്ടമുഖവുമായി അല്പം തടിയൊക്കെയുള്ള ഒരുത്തൻ എഴുന്നേറ്റു.

ടീച്ചർ അവനെ മുമ്പിലോട്ട് വിളിച്ചു. അവൻ വന്നു നികിതയുടെ അടുത്ത് നിന്ന്. "എൻ്റെ പേര് കെവിൻ..", നികിതയോടായി അവൻ പറഞ്ഞു. ഒരു ചിരിയായിരുന്നു നികിതയുടെ മറുപടി. അവൾക്കു വേണ്ടി അവൻ മനോഹരമായി തന്നെ പാടി, അവളത് ആസ്വദിക്കുകയും ചെയ്തു.

"മഞ്ഞുപോലെ മാന്കുഞ്ഞുപോലെ... 
മുല്ലപോലെ നിലാച്ചില്ലപോലെ..."

രണ്ടുപേരെയും അഭിനന്ദിച്ചുകൊണ്ട് ടീച്ചർ പോയി ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു. ഇതിനിടയിൽ നികിതയോട് ഇരിക്കാൻ പറഞ്ഞ ബെഞ്ചിലെ ഒരു കുട്ടി എതിർപ്പ് പ്രകടിപ്പിച്ചു: "ടീച്ചർ, ഇവിടെ അല്ലെങ്കിലേ തിരക്കാണ്... വേറെ എവിടെങ്കിലും പോയി ഇരിക്കാൻ പറയൂ...". ടീച്ചർ വല്ലതും പറയും മുമ്പേ കെവിൻ ഇടപെട്ടു: "ബാക്കി എല്ലാ ബെഞ്ചിലും ആറുപേരുണ്ട്. നിൻ്റെ ബെഞ്ചിൽ മാത്രമേ അഞ്ചു ഒള്ളു... വെറുതെ അടവ് എടുക്കല്ലേ...". 

ആ ഡയലോഗിൽ ആ കുട്ടിയും അടങ്ങി. കുറച്ചു നീങ്ങിക്കൊടുത്തു നികിതക്ക് ഇരിക്കാൻ സ്ഥലം ഉണ്ടാക്കി. അമേരിക്കയിൽ സ്വന്തമായി ഒരു ബെഞ്ചിൽ ഇരുന്ന നികിതക്ക് ഇത് അല്പം ബുദ്ധിമുട്ടുണ്ടായെങ്കിലും അവളത് കാര്യമാക്കിയില്ല. അവളുടെ ചിന്ത പോയത് കെവിനിലേക്കാണ്. ആ ചെറിയ ടൈം സ്പാൻ മതിയായിരുന്നു കെവിന് അവളുടെ മനസ്സിൽ കയറിപ്പറ്റാൻ. പിന്നീടവൻ ഒരിക്കലും ആ മനസ്സുവിട്ട് പോയതുമില്ല.

____________________                    ____________________


"മാഡം, വീടെത്തി...", ആ ടാക്സി ഡ്രൈവർ ആണ് അവരെ വിളിച്ചുണർത്തിയത്. രണ്ടുപേരും ആ പഴയ ഓർമ്മകളിൽ മുഴുകിയിരിക്കായിരുന്നു. 

"ഓ.. താങ്ക്സ്...", രണ്ടുപേരും കാറിൽ നിന്നു ഇറങ്ങി. ലഗ്ഗേജ് ഒക്കെ എടുത്തു വീട്ടിലേക്ക് കടന്നു. ശരണ്യയുടെ ഏതോ അകന്ന ഒരു ബന്ധുവിൻ്റെ വീടാണത്. ജോലി കിട്ടിയ ശേഷം അവൾ ഈ കൊച്ചു വീട്ടിലാണ് താമസം.

"So... Hearty welcome to my paradise.. ബാക്കി കഥകളൊക്കെ നമുക്ക് നാളെ പറയാം. ഇന്നിനി മോള് സ്വല്പം വിശ്രമിക്ക്... ഒന്ന് ഫ്രഷ് ആയിട്ട് വാ... ഞാൻ അപ്പോഴേക്കും ഫുഡ് എടുത്തുവെക്കാം..."       

________________________________________



2


"നീ എന്താ ഈ പറഞ്ഞു വരുന്നത്? ഇനി ഒരിക്കലും ഇങ്ങോട്ടില്ലെന്നാണോ?"

ഗോപിയുടെ ആ ചോദ്യത്തിന് ഒരു നെടുവീർപ്പോടെ അവൻ ഉത്തരം കൊടുത്തു - "അതുതന്നെ. ഇതെൻ്റെ ഈ മണ്ണിലെ അവസാന രാത്രിയാണ്. അതാകട്ടെ, അതാണ് ഞാൻ പ്രാർത്ഥിക്കുന്നതും", എന്നിട്ടു വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിക്കാൻ തുടങ്ങി. അച്ഛനെയും അമ്മയെയും യാത്രയാക്കി എയർപോർട്ടിൽ നിന്ന് കാറിൽ കയറിയത് മുതൽ ആരംഭിച്ചതാണ് ഇത്. ഇതേ ഒരു മൂകമായ അവസ്ഥ മുമ്പ് ഉണ്ടായത് ഗോപിക്ക് ഓർമ്മയുണ്ട്. അന്ന് കിരണിൻ്റെ യാത്ര അമേരിക്കയിലോട്ടായിരുന്നു.

"എങ്ങനെ തോന്നുന്നെടാ നിനക്കിതു പറയാൻ? നീ പോയ ശേഷം എൻ്റെ ജീവിതം എന്ത് ബോറായിരുന്നെന്ന് അറിയോ... വർഷങ്ങൾക്ക് ശേഷം നിന്നെ ഒന്ന് കണ്ടപ്പോൾ ഞാനെന്തെല്ലാം സ്വപ്നം കണ്ടു... വീണ്ടും ആ പഴയ ദിവസങ്ങൾ വരുന്ന പോലെ തോന്നി... എന്നിട്ട് നിനക്ക് ഇപ്പോൾ ഒന്നിനും സമയമില്ല... അല്ലങ്കിലും എങ്ങനെ കഴിയുന്നു ഈ നാട് വിട്ടുപോകാൻ... ഈ സ്വർഗത്തിൽ എന്ത് രസമായിരുന്നു നമ്മുടെ കുട്ടിക്കാലം... എന്നിട്ടും....", ഗോപിക്ക് വാക്കുകൾ മുഴുപ്പിക്കാനാവുന്നില്ല.

"നീ പറഞ്ഞതൊക്കെ ശെരിയാ... എൻ്റെ കുട്ടികാലം, സ്കൂൾ ജീവിതം, എല്ലാം മധുരമാക്കിത്തീർത്തത്  ഈ നാടാണ്. പക്ഷെ, അത് മാത്രമല്ല ജീവിതമെന്നു പിന്നീടാണ് എനിക്ക് മനസ്സിലായത്... പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെ പാസ്സായ വിവരം വീട്ടിലറിയിക്കാൻ ഓടി വന്നപ്പോഴാണ് ഞാനാ രംഗം ആദ്യമായി കാണുന്നത്, കടക്കാരുടെ മുന്നിൽ എല്ലാം കേട്ടും കൊണ്ടും നിസ്സഹായനായി നിൽക്കുന്ന അച്ഛൻ. അതിനു മുമ്പ് അമ്മ കരയുന്നത് മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ... മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു കപ്പലാണ് എൻ്റെ കുടുമ്പമെന്ന് അന്നാണെനിക്ക് മനസ്സിലായത്... ഒരാളും സഹായിക്കാനില്ലാതെ..."

"മതി, നിർത്ത്... ഇതൊക്കെ പഴങ്കഥകളല്ലേ... എന്തിനാ പിന്നേം...", ഗോപി ഇടയ്ക്ക് കയറി പറഞ്ഞു - "ഇപ്പോൾ അതെല്ലാം മാറിയില്ലേ? നിനക്കും ചേട്ടനും നല്ല ജോലിയുമുണ്ട്. പിന്നെന്താ?"

"അതല്ലെടാ... ഈ നാട് മനസ്സിലുണ്ടാക്കിയ മുറിവ് ഇപ്പോഴും മാറിയിട്ടില്ല. പുറമേ കാണുന്ന സൗന്ദര്യം അകത്തെ ഹൃദയങ്ങൾക്കില്ലെന്ന് മനസ്സിലായി. ഒരാളെങ്കിലും ഞങ്ങളെ സഹായിക്കാൻ വന്നോ?"

"എന്നാലും..."

"ഹും, ഏട്ടൻ കഷ്ടപ്പെട്ട് പഠിച്ചു അമേരിക്കയിലൊരു ജോലി സമ്പാദിച്ചതിനു ശേഷമാണ് എല്ലാം പതുക്കെ ശെരിയായത്. അതോടെ ആ നാടിനോട് വല്ലാത്ത ഒരു ആത്മബന്ധം തോന്നി. കുടുംബം അങ്ങോട്ട് ചേക്കേറി. പിന്നെ ഈ നാടിനോട് ബന്ധിപ്പിച്ച ഏക കണ്ണി ആ മുത്തശ്ശിയാ... ഇപ്പോൾ മുത്തശ്ശിയും പോയി, തറവാടും വിറ്റു. ഇനി ഞാനെന്തിനാ ഈ നാട്ടിലോട്ട് വരുന്നത്?"

"രണ്ടാഴ്ച കഴിഞ്ഞാൽ അമ്പലത്തിൽ ഉത്സവം തുടങ്ങും, അതിനെങ്കിലും നിന്നൂടെ... തിരക്ക് പിടിച്ചു നിനക്ക് അമേരിക്കയിലോട്ട് പോകേണ്ട യാതൊരു ആവശ്യവുമില്ലെന്ന് എനിക്കറിയാം..."

"വയ്യെടാ... ഉത്സവത്തിൻ്റെ അലയൊലികൾക്കൊക്കെ എന്നോ എൻ്റെ മനസ്സിൽ ഇടം നഷ്ടപ്പെട്ടതാ... അതിലൊന്നും ഇപ്പോൾ വലിയ താല്പര്യമില്ല"

"ശെരി... നിന്നോട് തർക്കിച്ചിട്ട് കാര്യമില്ല... നാളെ എപ്പോഴാ വണ്ടി കയറുന്നത്?"

"വൈകീട്ട് ആറു മണിക്കാണ് ഫ്ലൈറ്റ്... ഉച്ചക്ക് ചോറ് കഴിച്ച ശേഷം വീട്ടിൽ നിന്ന് ഇറങ്ങണം... ഈ നാടുമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച്... യാതൊരു കടവും ബാക്കിയില്ലാതെ..."

ഗോപി പിന്നെ ഒന്നും പറയാൻ നിന്നില്ല. അല്ലെങ്കിലും എന്തു പറയാൻ? എന്ത് മിണ്ടിയാലും ഒടുക്കം പ്രശ്നങ്ങളിലേക്കും പ്രാരാബ്ധങ്ങളിലേക്കും എത്തും. അത് രണ്ടുപേർക്കും താല്പര്യമില്ല താനും. ഈ രാത്രി ഗോപിയുടെ നിർബന്ധം ഒന്നുകൊണ്ട് മാത്രമാണ് ഹോട്ടൽ മുറി വേണ്ടെന്ന് വെച്ച് അവൻ്റെ വീട്ടിൽ തങ്ങുന്നത്. ഗോപിയുടെ അച്ഛന് അത് അത്ര ഇഷ്ടമുണ്ടായിട്ടല്ല, പിന്നെ ഒരു രാത്രിയുടെ കാര്യമായത് കൊണ്ട് എതിർത്തില്ല എന്നു മാത്രം.

ഭക്ഷണം കഴിച്ചു കിടക്കാനൊരുങ്ങിയ നേരത്താണ് ഗോപി അക്കാര്യം വന്നു പറഞ്ഞത് - "ഡാ, ഞാൻ നേരത്തെ പറയാൻ വിട്ടു. നിൻ്റെ വീട് ഒഴിപ്പിച്ചതിൽ ഒരു കെട്ടു പഴയ ബുക്ക്സ് കൂടി ബാക്കിയുണ്ട്"

"ഇനി എന്തിനാടാ അതൊക്കെ? എനിക്ക് വയ്യ അതൊക്കെ ചുമടേറ്റി പോകാൻ. എല്ലാം കത്തിച്ചു കളഞ്ഞേക്ക്"

"എന്നാലും നീയൊന്ന് വന്ന് നോക്കിക്കോ, ആവശ്യമുള്ള വല്ലതും ഉണ്ടെങ്കിലോ?"

മനസില്ലാമനസോടെ അവനാ പെട്ടി തുറന്നു. എല്ലാം പഴയ പാഠപുസ്തകങ്ങളാണ്. 'അമ്മയുടെ ഭ്രാന്ത്, അല്ലാതെന്തു പറയാൻ?... ഭാവിയിൽ ആവശ്യം വരും എന്നൊക്കെയായിരുന്നു ഡയലോഗ്'... എല്ലാം അങ്ങോട്ടുമിങ്ങോട്ടും മറിച്ചു നോക്കി. ഒന്നും വേണ്ടെന്ന് ഉറപ്പുവരുത്തുന്നതിനിടയിലാണ് ഒരു ഓട്ടോഗ്രാഫ് കണ്ണിൽ പെട്ടത്, പത്താം ക്ലാസ്സിൽ എഴുതിയതാണ്. 'എന്തായാലും ഉറക്കം വരുന്നില്ല, ഇതൊന്നു ചുമ്മാ മറിച്ചു നോക്കിക്കളയാം. ഓർമ്മകൾ അയവിറക്കാമല്ലോ...', മറ്റു പുസ്തകങ്ങൾ അവിടെത്തന്നെ വെച്ചിട്ട് ഓട്ടോഗ്രാഫ് എടുത്തു അവൻ മുറിയിലേക്കു നടന്നു...

____________________                ____________________


ഞാൻ കിരൺ കെ മാധവൻ!

ഇത് വെറും ഓട്ടോഗ്രാഫല്ല. എൻ്റെ ജീവിതത്തിലെ അമൂല്യമായ 6 വർഷങ്ങളുടെ കയ്യൊപ്പ്. ആ ആറു വർഷങ്ങളിലെ എൻ്റെ സമ്പാദ്യമാണ് ഈ താളുകളിൽ പ്രതിപാദിക്കുന്നത്. ഇതിലെ ഓരോ വരികളും ചിത്രീകരിക്കുന്നത് എൻ്റെ രൂപത്തെയാണ്... എൻ്റെ ജീവിതത്തെയാണ്...

അന്ന് വേറാരുടെയോ കയ്യിൽ നിന്ന് ഈ വരികൾ കടമെടുക്കുമ്പോൾ അവനതിൻ്റെ അർത്ഥം ശെരിക്കും മനസ്സിലായിരുന്നില്ല. ഇന്ന് പക്ഷെ അത് വായിക്കുമ്പോൾ മനസ്സിൽ എന്തോ വല്ലാത്ത ഒരു മ്ലാനത, ശെരിക്കും ഇതായിരുന്നില്ല തൻ്റെ യഥാർത്ഥ ജീവിതമെന്ന ബോധ്യമായിരിക്കാം. എന്നാലും മനസ്സിൽ അല്പം നല്ല ഓർമ്മകൾ തന്നത് ആ ആറു വർഷങ്ങൾ തന്നെയാണ്. പ്രതീക്ഷാഭാരവും ചുമലിലേറ്റി അവൻ ഓരോ പേജുകൾ മറിക്കാൻ തുടങ്ങി...

Hai KK,

"I not English... Malayalam medium"
Don't you remember those words? may not. But I can't forget.

Sorry... ഇംഗ്ലീഷ് പറഞ്ഞു വീണ്ടും ചടപ്പിക്കുന്നില്ല. നിൻ്റെ ഓട്ടോഗ്രാഫിലെ ആദ്യ പേജിൽ തന്നെ എഴുതണമെന്നത് എൻ്റെ വാശിയായിരുന്നു. കാരണം എനിക്കതിനു അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒന്നുമില്ലെങ്കിലും ഈ സ്കൂളിലേക്ക് നിന്നെ ആദ്യമായി കൈപിടിച്ച് കയറ്റിയത് ഞാനല്ലേ...

പക്ഷെ ഇനി മുന്നോട്ടുള്ള പടവുകൾ എത്തിപ്പിടിക്കാൻ മറ്റൊരാളുടെ സഹായം നീ തേടരുത്. നീ തേടില്ലെന്നുറപ്പാണ്...

എന്ന്, 
Ur first friend @ MES

ശരണ്യ മോഹൻ.



ശരണ്യ മോഹൻ... അവളെ ഞാനാദ്യമായി കണ്ടത് ഒരു ജൂൺ മാസപ്പുലരിയിൽ ആയിരിക്കാനാണ് സാധ്യത. വർഷം ഏതായിരിക്കും? അല്പം കണക്കുകൂട്ടാനുണ്ട്, ഇപ്പോൾ വയ്യ. എന്തായാലും ആ വർഷമാണ് എൻ്റെ 'നല്ല' ഭാവിക്കുവേണ്ടി മലയാളം മീഡിയത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് പറിച്ചുനട്ടത് - അഞ്ചാം ക്ലാസ്സിലേക്ക്. Medona English School അഥവാ MES എന്ന കൂറ്റൻ ഗേറ്റിനു മുന്നിൽ ഞാനല്പം പകച്ചുനിന്നു. പോകുന്നത് ഇംഗ്ലീഷ് മീഡിയത്തിലേക്കയതുകൊണ്ട് ചില പൊടിക്കൈകളൊക്കെ വീട്ടിൽ നിന്ന് പഠിപ്പിച്ചാണ് വിട്ടത്. 'What is your name?' എന്ന് ചോദിച്ചാൽ പേരു പറയണം, 'How are you' എന്ന് ചോദിച്ചാൽ 'I am fine' എന്ന് പറയണം, അങ്ങനെയൊക്കെ. ഇതിനിടയിൽ അങ്കിൾ പറഞ്ഞുതന്ന വേറൊരു സാധനമുണ്ട്, 'How do you do?' എന്ന് ചോദിച്ചാൽ 'അയാം ഗുഡുഗുഡു' എന്ന് പറയണമെന്നത്. അത് കാര്യമായിട്ട് പറഞ്ഞതാണെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്.

എന്നാൽ ഞാനാദ്യമായി കേൾക്കേണ്ടി വന്നത് ഇതൊന്നുമായിരുന്നില്ല - 'You are in which standard?", അതൊരു പെൺകുട്ടിയുടെ വകയായിരുന്നു, സോഡാകുപ്പി കണ്ണട വെച്ച, കറുത്തപൊട്ടിട്ട ഒരു കുട്ടി. യാതൊരു സംശയവും വേണ്ട, ആ ചോദ്യത്തിന് മുമ്പിൽ ആദ്യം പകച്ചുനിന്നുപോയി. വീണ്ടും അതാവർത്തിച്ചപ്പോൾ അറിയാതെ വായിൽ നിന്നും വീണുപോയി - "കിരൺ... കിരൺ കെ മാധവ്...". "what?" - ആ കുരിശു വിട്ടുപോകുന്ന ലക്ഷണമില്ലെന്ന് മനസ്സിലാക്കിയപ്പോൾ അവസാനത്തെ അടവെടുത്തു - "I no English... Malayalam medium". അതിലവൾ വീണു. അവൾക്ക് കാര്യം മനസ്സിലായി, കൂടാതെ ഭയങ്കര സന്തോഷവും ആ മുഖത്ത് കണ്ടു. അല്ലെങ്കിലും തന്നേക്കാൾ  low standard ഉള്ളൊരാൾ തൻ്റെ കൂടെ പഠിക്കാനുണ്ടെന്നറിയുമ്പോൾ എല്ലാവരുടെയും മുഖത്ത് കാണും ആ പുഞ്ചിരി. എന്തായാലും അവളെന്നെ ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവളുടെ MESലെ ആദ്യ ഫ്രണ്ട് ഞാനല്ലെങ്കിലും എൻ്റെ ഫ്രണ്ട് അവളായി. എന്തുകാര്യത്തിനും ഞാൻ ആദ്യം ഓടിച്ചെല്ലുക അവളുടെ അടുത്തേക്കാകും. ആ സൗഹൃദം ആ ഓട്ടോഗ്രാഫ് വരികളോടെ അന്ത്യമായെന്നു തോന്നിയതാണ്. പക്ഷെ അവളെ ഇന്ന് കണ്ടപ്പോഴും പഴയ പോലെ തന്നെ. ഞാൻ മാത്രമാണ് മാറിയത്.

Hi Kiran,

The past is an experience and the present is an experiment.
So there lies the frontier.

And wishing you all the best for a bright future.

lovely,
Akhil P


ചിലർ ഇങ്ങനെയാണ്, പേരിനു വല്ലതും എഴുതിവെച്ചിട്ടു പോകും, അതും വല്ലയിടത്തു നിന്നും കടമെടുത്തത്. അതിനു കാരണം ഒന്നെങ്കിൽ മനസ്സുതൊട്ടു പറയാൻ മാത്രം വലുതായൊന്നും കാണില്ല. ഇനി വല്ലതും ഉണ്ടെങ്കിൽ തന്നെ അവനത് ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്തതായിരിക്കും. കാരണം ഞങ്ങൾ തമ്മിൽ അത്ര പൊരുത്തത്തിലായിരുന്നില്ല. ഞാൻ സ്കൂളിൽ ചേരുന്നതിനു മുമ്പ് അവനായിരുന്നു ക്ലാസ്സിലെ ഹീറോ. പക്ഷെ എൻ്റെ ആഗമനം അതെല്ലാം മാറ്റിയെടുത്തു. അവൻ്റെ കുത്തകയായിരുന്ന ലീഡർ സ്ഥാനം ശരണ്യയുടെ സഹായത്തോടെ ഞാൻ തട്ടിയെടുത്തത് മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഓർക്കാൻ ഒരുപാടുണ്ട്. പക്ഷെ എല്ലാം ഇട്ടേച്ചു പോകുമ്പോൾ എന്തിനാ കൂടെ കടുപ്പമുള്ള ഓർമ്മകൾ കൊണ്ടുപോകുന്നത്?!

Hi

Friendship consists of a listening ear, a caring heart and a helping hand.
You have all this.

Don't Forget me.

Dusna


ഇവൾ ഇത്രയെങ്കിലും എഴുതിയത് തന്നെ ഒരു വലിയ കാര്യമായിട്ടാണ് ഞാൻ കാണുന്നത്. ക്ലാസ്സിലെ അസ്സലൊരു മിണ്ടാപ്പൂച്ചയാണിത്. ഇതുവരെ കലമുടച്ചിട്ടില്ലെന്നു മാത്രം. ഇവളെ ഞാൻ മറന്നാലും ഇവളുടെ അച്ഛനെ എനിക്ക് മറക്കാൻ പറ്റില്ല. അവിടെയൊരു കണക്ക് ബാക്കിയുണ്ട്...

എട്ടാം ക്ലാസ്സിൽ ആണെന്ന് തോന്നുന്നു, ഒരു പേരെന്റ്സ് മീറ്റിംഗിൻ്റെ ദിവസം. ഞാൻ ഫിസിക്സ് ടീച്ചറുടെ വായിൽ നിന്ന് കേട്ടുകൊണ്ടിരിക്കുകയാണ്. കൂട്ടിനു അമ്മയുമുണ്ട്. അല്ലെങ്കിലും പേരെന്റ്സിനെ കണ്ടാൽ ചില ടീച്ചേഴ്സിന് ഇതുവരെയില്ലാത്ത പല കുറ്റങ്ങളും പറയാൻ തോന്നും. ഇതിനിടക്ക് പിറകിൽ ഇവളും ഇവളുടെ അച്ഛനും നിൽക്കുന്നത് എല്ലാം കഴിഞ്ഞ ശേഷമാണ് കണ്ടത്. അപ്പോൾ അങ്ങേരുടെ വക ഒരു ഡയലോഗ്: "അപ്പുറത്തു മാത്‍സ് ടീച്ചറുണ്ട്, ഇനി കുറച്ചു നേരം അവിടെ പോയി കേൾക്ക്!!". അങ്ങേരുടെ മകൾക്ക് എന്നെക്കാളും പത്തു മാർക്ക് കുറവാ... എന്നിട്ടാ അയാളുടെ അഹങ്കാരം. എന്നെങ്കിലും എൻ്റെ കയ്യിൽ കിട്ടുമെന്ന് കരുതി ഞാനങ്ങ് വെറുതെ വിട്ടു.

പ്രിയ കിരൺ,

നീയാരാണ്?

ആദ്യമായി നിൻ മുഖം എൻ കണ്ണുകളെ 
പ്രകാശിപ്പിച്ചപ്പോൾ അവരെന്നോട് ചോദിച്ചു 
നീയാരാണെന്ന്...

പിന്നീട് നിൻ ചുണ്ടുകൾ എൻ കാതുകളിൽ 
അലയൊലികൾ തീർത്തപ്പോൾ അവയെന്നോട് ചോദിച്ചു
നീയാരാണെന്ന്...

നിൻ കരങ്ങൾ എൻ ഹൃദയ തന്ദ്രികൾ
മീട്ടിയപ്പോൾ ഞാനെന്നോട് ചോദിച്ചു
നീയാരാണെന്ന്...

ഒടുവിൽ എൻ മനം നിൻ ഹൃദയത്തോട് അലിഞ്ഞു 
ചേർന്നപ്പോൾ ഞാൻ മനസ്സിലാക്കി
നീയാരാണെന്ന്...

എൻ്റെ ഹൃദയത്തിൽ കൂടു കൂട്ടിയോൻ

എനിക്ക് ചുറ്റും സൗഹൃദ വലയം 
കാത്തുസൂക്ഷിക്കുന്ന 
പ്രിയ കൂട്ടുകാരൻ...

പുക


ഈ 'പുക' എന്നു കണ്ടിട്ട് ഞെട്ടേണ്ട, അതൊരു തൂലികാനാമമാണ്. ഇതാണ് ഞങ്ങളുടെ ക്ലാസ്സിലെ കവി പ്രകാശ്. അവനെങ്ങനെ ആ പേര് കിട്ടിയെന്നത് താഴെയുള്ള 'അതിഗംഭീര' കവിത വായിച്ചാൽ മനസിലാകും.

പുക...
ഇതെന്തു സാധനം?
ഞാനൊന്ന് മണത്തുനോക്കി,
ഒന്നും തോന്നിയില്ല,
ഞാനൊന്ന് പിടിച്ചുനോക്കി,
പിടി തന്നില്ല.
ഞാനെന്റെ ചെവികളെ കൂർപ്പിച്ചു,
ഇല്ല, ഇതിനു ശബ്ദവുമില്ല.
പിന്നെ ഇതെന്താണ്?
ഒടുക്കം രണ്ടും കല്പിച്ച് ഞാനൊന്ന് പൊരുതി,
അവനെന്റെ കണ്ണുകളെ മൂടി, എന്നെ അവൻ വിഴുങ്ങി,
അവസാനം ഞാൻ കീഴടങ്ങി.
എന്നിട്ടും എനിക്ക് മനസ്സിലായില്ല.
പുക... ഇതെന്തു സാധനം?

ഇവൻ്റെ കൂടെ പഠിച്ച ഒരാൾക്കും ഈ കവിത മറക്കാൻ പറ്റില്ല. ക്ലാസ്സിലൊരു തരംഗമായിരുന്നു. അത് അവന് 'പുക' എന്ന പേര് ചാർത്തിക്കൊടുത്തു. തൻ്റെ ഭാവനയുടെ സൃഷ്ടിയായതിനാൽ അവനതു സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. അവനൊരു നല്ല സുഹൃത്തുമായിരുന്നു. സാധാരണ കവിതയൊക്കെ മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടു തോന്നാറുണ്ടെങ്കിൽ അവൻ എഴുതുന്നവ ഞങ്ങൾ ശെരിക്കും ഇഷ്ടപ്പെട്ടിരുന്നു.

അധികം സാഹിത്യമൊന്നും വശമില്ലാത്തതുകൊണ്ട് ഉള്ളകാര്യം നേരെ ചൊവ്വേ അങ്ങ് പറയാം - 
എനിക്കിതിലെഴുതാൻ സൗകര്യമില്ല,
നീയെന്തു ചെയ്യുമെടാ #$@#&


ഇതാരാണ് എഴുതിയതെന്നറിയാൻ എനിക്ക് പേര് നോക്കേണ്ട ആവശ്യമില്ല, അത് ഗോപിയാണ്. എൻ്റെ എക്കാലത്തെയും ബെസ്റ് ഫ്രണ്ട്. ഈ ഓട്ടോഗ്രാഫ് വായിക്കുന്ന സമയത്തും അവനെൻ്റെ അരികിൽ കിടന്നുറങ്ങുന്നുണ്ട് - പക്ഷെ അവൻ വെറുതെ കണ്ണടച്ച് കിടക്കുകയാണെന്ന് എനിക്കറിയാം. കാരണം അവനു ഇന്ന് ഉറങ്ങാൻ പറ്റില്ല. സ്കൂളിൽ ഒരുമിച്ചു പോകാൻ തുടങ്ങിയ കാലം മുതലുണ്ട് ഈ ബന്ധം. വീട്ടുകാർ തമ്മിൽ അത്ര രമ്യതയിലല്ലെങ്കിലും ഞങ്ങളുടെ അടുപ്പത്തെ അത് ബാധിച്ചിരുന്നില്ല. എനിക്കീ നാട്ടിൽ വല്ല കടവും ബാക്കിയുണ്ടെങ്കിൽ അതവൻ്റെ സ്നേഹം മാത്രമാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അതൊരിക്കലും വീട്ടിയാൽ തീരില്ല.

Your smile will give you a positive countenance that will make people feel confortable around you
- Les Brown

എന്ന മറകരത്...

Vikram


ആദ്യത്തെ ഇംഗ്ലീഷ് അവനെവിടുന്നോ കോപ്പിയടിച്ചതാണ്. അതുകൊണ്ട് ഒരു തെറ്റുമില്ല. രണ്ടാമത്തെ മലയാളം അവൻ സ്വന്തമായി എഴുതിയതാണ് - ഉദ്ദേശിച്ചത് "എന്നെ മറക്കരുത്". ഇവൻ പത്താം ക്ലാസ് എങ്ങനെ പാസ്സായെന്ന് ആർക്കും മനസ്സിലായിട്ടില്ല. പേരിൽ അടിപൊളി ഗെറ്റപ്പ് ഉണ്ടെങ്കിലും ആളൊരു മന്ദപ്പാണ്. സ്കൂളിനടുത്താണ് വീട്, എന്നാലും എന്നും വൈകി വരും. അടിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ ടീച്ചർ അത് നിർത്തി. ആളെക്കുറിച്ചു ഉള്ളതും ഇല്ലാത്തതുമായ കഥകൾ അനവധിയാണ്.

പത്താം ക്ലാസ്സിൽ ട്യൂഷന് പോകുന്ന സമയം. വീട്ടിലെ നിർബന്ധപ്രകാരം ഇവനും ചേർന്നു.  അന്ന് ട്യൂഷൻ പിള്ളേർക്ക് ബസിൽ കൺസെഷൻ കിട്ടില്ല. എന്നാലും ഇവർ എല്ലാവരും കൂടി ഏതെങ്കിലും സ്കൂളിൻ്റെയോ കോളേജിൻ്റെയോ പേര് പറഞ്ഞു കൺസെഷൻ മേടിക്കാൻ തീരുമാനിച്ചു. ബാക്കിയുള്ളവർ ഒരു സ്കൂളിൻ്റെ പേര് പറഞ്ഞു കാര്യം സാധിച്ചു. ഇവൻ്റെ അടുത്തേക്ക് കണ്ടക്ടർ വന്നപ്പോൾ ഇവൻ മറ്റുള്ളവരോട് ഒരു ചോദ്യം, അതും കണ്ടക്ടർ കേൾക്കെ - "നമ്മള് ഏതു സ്കൂളിൻ്റെ പേരാണ് പറയാന്ന് പറഞ്ഞെ?"!!

അങ്ങനെ രസകരമായ ഒരുപാട് കഥകളുണ്ട്. പക്ഷെ ഒന്നും ഓർമ്മ കിട്ടുന്നില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ആൾക്ക് ഭയങ്കര സ്നേഹമാണ്. ഇപ്പോൾ എന്ത് ചെയ്യുന്നു ആവോ?!

ഹായ് കിരൺ,

ജീവിതത്തിലെ രസകരമായ ചില വർഷങ്ങൾ നമ്മോടു വിട പറയുന്നു. ഈ കുഞ്ഞു ജീവിതവേളയിൽ നമ്മൾ സീരിയസെന്നു വിചാരിക്കുന്ന പല കാര്യങ്ങളും നാളെ വലിയ വലിയ തമാശകളാകും. നാം ഇപ്പോഴും കുട്ടികൾ തന്നെയാണ്, ധാരാളം ജീവിതം ഇനിയും ജീവിച്ചുതീർക്കാനുള്ളവർ. ഒരു ജീവിതം തിരഞ്ഞെടുക്കാൻ ഇനിയും  നമുക്കൊരുപാട് സമയമുണ്ട്. ഞാനെന്നും നിനക്കൊരു നല്ല സുഹൃത്തായിരിക്കും.

സ്നേഹത്തോടെ,
നിമിഷ    


എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നില്ലേ?... തോന്നേണ്ടതാണ്. കാരണം അതിൽ ചില കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. നിമിഷ - എനിക്കാദ്യമായി പ്രണയം തോന്നിയ പെൺകുട്ടി. പക്ഷെ, ഇന്നതാലോചിക്കുമ്പോൾ അത് വെറും attraction മാത്രമായിരുന്നെന്ന് തോന്നിപ്പോകും. അവൾ ക്ലാസ്സിലെ ഒരു മീഡിയം ലെവലുള്ള കുട്ടിയായിരുന്നു. എന്നിട്ടും ഹീറോയായിരുന്ന എൻ്റെ പ്രണയാഭ്യർത്ഥന അവൾ നിരസിച്ചു. അന്നവൾ ഒരഹങ്കാരിയായി എനിക്ക് തോന്നി. പക്ഷെ, അതൊരു പക്വതയുള്ള തീരുമാനമായി പിന്നീട് മനസ്സിലായി. അവളെ എങ്ങനെ എവിടെവെച്ചു ആദ്യമായി കണ്ടു എന്നൊന്നും ഞാൻ ഓർക്കുന്നില്ല - അതാണ് നല്ലത്!

ഡേയ്,

നിനക്ക് ജീവിതത്തിൽ ദുഖിക്കേണ്ടി വരില്ല.
കാരണം, നീ അജ്മലിൻ്റെ ഫ്രണ്ടാണ്.

എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കണ്ട. തല്ലണോ, കൊല്ലണോ, ഇനി കയ്യുംകാലും ഒടിച്ചാൽ മതിയോ... എന്തു പറഞ്ഞാലും ഞാൻ ചെയ്യും. ഇനി ഏതെങ്കിലും പെണ്ണിനെ ചാടിക്കണോ? അതിനും തയ്യാർ.

പിന്നെ വേറൊരു കാര്യം, എന്നെ ഒഴിവാക്കിയിട്ട് ഏതെങ്കിലും ഏടാകൂടത്തിൽ ചെന്ന് ചാടിയാൽ... വെച്ചേക്കില്ല ഞാൻ!
ഓർത്തോ...

Aju, the DON


അവൻ്റെ സ്വഭാവം ആ എഴുത്തിൽ നിന്ന് തന്നെ മനസ്സിലായിക്കാണുമല്ലോ... ആള് അസ്സലൊരു റൗഡി തന്നെ. കൂട്ടുകാർക്ക് വേണ്ടി എന്തും ചെയ്യും. അതുകൊണ്ട് തന്നെ അവനെ വെറുക്കുന്നവരും ഇഷ്ടപ്പെടുന്നവരും ക്ലാസ്സിലുണ്ട്. ആൾക്ക് പെൺകുട്ടികളെ കണ്ണെടുത്താൽ കണ്ടുകൂടാ. വല്ല ആവശ്യവും വന്നാൽ പരുക്കാനായേ സംസാരിക്കൂ... അതുകൊണ്ട് അവർക്കും പേടിയായിരുന്നു.

പത്താം ക്ലാസ്സിൽ വെച്ച് പരീക്ഷക്ക് മുമ്പുള്ള ക്യാമ്പിൽ നടന്ന സംഭവങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്. ക്യാമ്പൊക്കെ ഉണ്ടാകുമ്പോഴാണല്ലോ നമ്മൾ പലരെയും അടുത്തറിയുക. രാത്രി പന്ത്രണ്ട് മണിക്കൊക്കെ കസ്റ്റമർ കെയറിൽ വിളിച്ചു അവൻ്റെ വക ചോദ്യമുണ്ടാകും - "നിങ്ങൾക്കൊന്നും ഉറക്കമില്ലേ?"

ഒരിക്കൽ ക്യാമ്പിൽ വെച്ച് പുക വലിച്ചതിനു അവൻ്റെ രക്ഷിതാക്കളെ വിളിപ്പിച്ചിട്ടുണ്ട്. അന്നവൻ ഒരൊറ്റ തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ - കൂടെ വിക്രമിനേയും കൂട്ടി  എന്നത്. അതും രസമായിരുന്നു. ബാത്റൂമിൻ്റെ പിറകുവശത്തേക്കാണ് രണ്ടുപേരും പുകവലിക്കാൻ പോയത്. വലിക്കിടയിൽ ആരോ വരുന്ന ശബ്ദം കേട്ട് ആരാണെന്നു നോക്കാൻ അജ്മൽ വിക്രമിനെ പറഞ്ഞയച്ചു. കുറച്ചു കഴിഞ്ഞ ശേഷമുണ്ട് വിക്രമിൻ്റെ ഒരലർച്ച കേൾക്കുന്നു - "അജ്മലേ... ഓടിക്കോ മാഷ് വരുന്നുണ്ട്...!"
അന്നവന് സസ്പെൻഷൻ കിട്ടേണ്ടതായിരുന്നു. പക്ഷെ രക്ഷപ്പെട്ടു. പിന്നീടൊരിക്കലും ഇതുപോലുള്ള ഉഡായിപ്പുകൾക്ക് അവൻ വിക്രമിനെ കൂടെ കൂട്ടിയിട്ടില്ല.

Hello Kiran,

സംഭവിച്ചതെല്ലാം നല്ലതിന്...
സംഭവിക്കുന്നതെല്ലാം നല്ലതിന്...
സംഭവിക്കാനിരിക്കുന്നതും നല്ലതിന്...

അതുകൊണ്ട് ഇനി പുതിയ വല്ലവരേയും കണ്ടുപിടിക്ക്.
എൻ്റെ ഹെല്പ് വേണമെങ്കിൽ ചോദിക്കാൻ മടിക്കരുത് ട്ടോ...

Fathima 


ഫാത്തിമ, ക്ലാസ്സിലെ വാനമ്പാടി. സ്കൂളിൽ എന്ത് പ്രോഗ്രാം ഉണ്ടായാലും അവളുടെ പാട്ടുണ്ടാകും. പക്ഷെ ഞാനവളോട് അടുക്കാൻ കാരണം അവളുടെ മാധുര്യമൂറും ശബ്ദമല്ല, മറിച്ച് 'നിമിഷ' എന്ന ഘടകമാണ്. ഫാത്തിമ നിമിഷയുടെ അടുത്ത കൂട്ടുകാരിയായിരുന്നു. അതുകൊണ്ട് തന്നെ പല ഘട്ടങ്ങളിലും അവളുടെ സഹായം ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ട്, അവൾ സഹായിച്ചിട്ടുമുണ്ട്. ഒടുവിലത്തെ പ്രൊപോസൽ വരെ അവൾ മുഖേനെയായിരുന്നു. എന്തായാലും അത് ചീറ്റിപ്പോയി. പക്ഷെ ഫാത്തിമയുമായുള്ള ബന്ധത്തിന് ഒരു കോട്ടവും വന്നിട്ടില്ല.

പക്ഷെ അവളുടെ ബാപ്പാനെ പേടിയാണ്. ആള് അസ്സലൊരു ചൂടനാണ്. ഒരിക്കൽ എന്തോ കാര്യത്തിന് ഞാനും ഗോപിയും അവളുടെ വീട്ടിൽ പോയത് ഓർമ്മയുണ്ട്. അയാളുടെ ആ നോട്ടവും ഭാവവും എല്ലാം കണ്ടാൽ തന്നെ പേടിയാകും. പിന്നീട് അങ്ങോട്ട് പോകാൻ ധൈര്യപ്പെട്ടിട്ടില്ല.


Dear Kiran,

ഒരു ടീച്ചറുടെ ഏറ്റവും വലിയ ഭാഗ്യമെന്ന് പറയുന്നത് നല്ല വിദ്യാർത്ഥികളാണ്. അത് നിങ്ങളാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലാ ടീച്ചർമാരും പറയുന്നതൊക്കെയേ എനിക്കും പറയാനുള്ളൂ. പഠിച്ചു വലിയ ആൾക്കാരാകണം. ഭാവിയിൽ എൻ്റെ ഭർത്താവിനോടും കുട്ടികളോടും അത് ഞാൻ പഠിപ്പിച്ച കുട്ടിയാണെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കണം.
Good Luck!

സ്നേഹപൂർവ്വം,

Angel 


ഏയ്ഞ്ചൽ മിസ്സ് - അവർ ശെരിക്കും ഞങ്ങൾക്കൊരു മാലാഖയായിരുന്നു, ഞങ്ങളുടെ പത്താം ക്ലാസ്സിലെ ക്ലാസ് ടീച്ചർ. എല്ലാ കാര്യത്തിലും ടീച്ചറുമായിട്ട് ഞങ്ങൾ വലിയൊരു ആത്മബന്ധം സ്ഥാപിച്ചിരുന്നു. ഉപദേശം കൊണ്ടോ ശിക്ഷ കൊണ്ടോ അല്ല ഞങ്ങളെ പഠിപ്പിച്ചത് - സ്നേഹം കൊണ്ടായിരുന്നു. ഞങ്ങൾ എത്രയൊക്കെ തിരിച്ചു നൽകാൻ ശ്രമിച്ചാലും അത്രത്തോളമെത്തില്ല.

ഒരു ദിവസം ഞങ്ങളെല്ലാരും ക്ലാസ്സിലെത്തിയ ശേഷമാണ് തലേ ദിവസം ടീച്ചറുടെ എൻഗേജ്മെന്റ് ആയിരുന്നെന്ന് അറിഞ്ഞത്. വെറും കയ്യോടെ ടീച്ചറെ ഫേസ് ചെയ്യാൻ എല്ലാവർക്കും മടി. ബെല്ലടിക്കാൻ പത്തു മിനിറ്റ് കൂടിയുണ്ട്. പെട്ടന്ന് പണം പിരിച്ചു. ഞങ്ങൾ ആൺകുട്ടികൾ എല്ലാവരും കൂടി സ്കൂളിനടുത്തുള്ള കടയിലേക്ക് പോയി. പക്ഷെ നല്ലതൊന്നും കിട്ടിയില്ല. ഇനി വേറെ കടയുള്ളത് ഒരു കിലോമീറ്റർ  അപ്പുറത്തു ടൗണിലാണ്. അവിടേക്ക് പോകാൻ നിന്നാൽ ബെല്ലടിക്കും. എന്തുചെയ്യും? പോകുകയാണെങ്കിൽ എല്ലാവരും ഒരുമിച്ചു പോകണം, ഇല്ലെങ്കിൽ വേണ്ട എന്ന നിലപാടിലായിരുന്നു ഞങ്ങൾ. അവസാനം രണ്ടും കല്പിച്ചു പോകാനൊരുങ്ങി. ക്ലാസ്സിലെ പതിനഞ്ചു ബോയ്സും ഒരു ജാഥ പോലെ നടന്നു നീങ്ങി.

ഗിഫ്റ്റൊക്കെ വാങ്ങി ഞങ്ങൾ തിരിച്ചുവരുമ്പോൾ ഞങ്ങളെ വരവേറ്റത് ടീച്ചറായിരുന്നില്ല, പകരം ഹെഡ്മാഷായിരുന്നു. ആനയിച്ചു കൊണ്ടുപോയത് നേരെ സ്റ്റാഫ് റൂമിലേക്ക്. എന്ത് ശിക്ഷ നൽകണമെന്നായിരുന്നു സംശയം. തൊട്ടപ്പുറത്ത് ഞങ്ങളുടെ ടീച്ചർ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നുണ്ട്. ചിരിക്കണോ കരയണോ? ആ മുഖത്തെ വിഷമവൃത്തം ആർക്കും എളുപ്പം മനസ്സിലാക്കാം. പേരെന്റ്സിനെ വിളിക്കാനാണ് ഹെഡ്മാസ്റ്റർ ആദ്യം ഓർഡറിട്ടത്. പിന്നെ ഒന്ന് മയപ്പെട്ടു. ഞങ്ങൾക്കൊരു അപൂർവ്വ ശിക്ഷ തന്നു - അന്ന് സംഭവിച്ച എല്ലാ കാര്യങ്ങളും അതിനു മാപ്പും ഇനി ആവർത്തിച്ചാൽ TC സ്വീകരിക്കാൻ തയ്യാറാണെന്നുമൊക്കെ ഒരു വെള്ളപ്പേപ്പറിൽ എഴുതി ഒപ്പിട്ടുകൊടുക്കാൻ. ഞങ്ങൾക്കും സ്വൽപം സമാധാനമായി, കോപ്പിയടിച്ചിട്ടാണെങ്കിലും എല്ലാവരും എഴുതിക്കൊടുത്തു.

ക്ലാസ്സിൽ കയറിയ ശേഷം ഗിഫ്റ് കൊടുക്കുമ്പോൾ ടീച്ചറുടെ കണ്ണുകൾ നിറയുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. പിന്നീട് ഞങ്ങളെഴുതിക്കൊടുത്ത പേപ്പറിലെ അക്ഷരതെറ്റുകൾ വരെ ക്ലാസ്സിലും സ്റ്റാഫ്‌റൂമിലും ചിരിക്കുള്ള വകയായി. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത സുന്ദരനിമിഷങ്ങൾ...

ഇവർ മാത്രമല്ല, ഇനിയും ഒരുപാട് പേർ ഓട്ടോഗ്രാഫിലുണ്ട് - സ്കൂൾ ജീവിതമെന്ന അനുഭവക്കലവറക്കുള്ളിലെ മുത്തുംപവിഴവുമായി ഒരുപാടുപേർ, അപരിചിതത്വത്തിൽ നിന്ന് സൗഹൃദത്തിൻ്റെ വേരുകൾ വളർത്തിയവർ, വരണ്ടുണങ്ങിയ മരുഭൂമിയിൽ മധുവൂറും പൂക്കൾ വിരിയിച്ചവർ... കൂട്ടുകാർ, അധ്യാപകർ എന്നിവരിൽ തുടങ്ങി സ്കൂളിലെ പ്യൂൺ മുതൽ ബസ് ഡ്രൈവർമാർ വരെ അതിൽപെടും. എല്ലാവരുടേയും കയ്യൊപ്പ് പതിഞ്ഞ ആ താളുകൾ വീണ്ടും മനസ്സിൽ ഒരു കുളിർക്കാറ്റായി വീശിയടിക്കുന്നു. ആ പരിമളം അവസാന പേജ് വരെ നീണ്ടു. പക്ഷെ ഏറ്റവും ഒടുവിലത്തെ പേജിൽ അവൻ കണ്ടത് വേറെ ചിലതാണ്...

എല്ലാവർക്കും പ്രിയങ്കരനായ കിരൺ...

എല്ലാം വായിച്ചു സന്തോഷത്തോടെ ഇരിക്കുകയായിരിക്കും... അല്ലേ?
പക്ഷെ, ഒന്നോർത്തോ... എൻ്റെ ശാപം എന്നും നിൻ്റെ കൂടെയുണ്ടാകും 
എൻ്റെ ജീവിതം കുളമാക്കിയത് നീയാണെങ്കിൽ, നിന്റെ ജീവിതവും ഞാൻ കുളംകോരിയിരിക്കും!

ഇതെൻ്റെ വാക്കാണ്!

ഗിരി 

____________________                ____________________


"നിനക്ക് ഉറക്കമൊന്നുമില്ലേ?... നാളെ രാവിലെ പോകേണ്ടതാണെന്നോർത്തോ... എട്ടുപത്തു കൊല്ലം മുമ്പുള്ള ആ പുസ്തകത്തിൽ ആരോ എന്തോ എഴുതിവെച്ചെന്ന് കരുതി നീയെന്തിനാ വെറുതെ ടെൻഷനടിക്കുന്നത്? എനിക്കുറക്കം വരുന്നു..." - ഗോപിക്ക് അതിൽ വലിയ പ്രത്യേകതയൊന്നും തോന്നിയില്ല.

"മോനേ ഗോപി... നിൻ്റെ ഉറക്കിൻ്റെ കാര്യമൊക്കെ അവിടെ നിൽക്കട്ടെ. മര്യാദയ്ക്ക് ഇത് ആരാണെന്ന് കണ്ടുപിടിച്ചു താ...". മറുത്തൊന്നും പറയാതെ ഗോപി അത് നോക്കി.

"ഇതിലെഴുതിയത് 'ഗിരി' എന്നാ... അങ്ങനെയാണേൽ ഗിരീഷാകാനാണ് സാധ്യത"

"ഏതു ഗിരീഷ്?"

എടാ പത്താം ക്ലാസ്സിലെ ചോദ്യപ്പേപ്പർ മോഷ്ടിക്കാൻ ശ്രമിച്ചിട്ട് സ്കൂളിൽ നിന്ന് പുറത്താക്കിയില്ലേ?... നമ്മുടെ ക്ലാസ്സിലെ ആകെയൊരു നെഗെറ്റീവ് ആയിരുന്നു അവൻ"

"ആ... ഓർമ്മവന്നു... 'കലമുടച്ച മിണ്ടാപ്പൂച്ച'... പക്ഷെ അവനെന്തിനാ ഇതിൽ ഇങ്ങനെയെഴുതിയത്? ഞാനെന്തു പിഴച്ചു?"

"അത് നിനക്ക് അന്നേ ചോദിക്കാമായിരുന്നില്ലേ"

"അതിനു ഞാനാദ്യമായിട്ടാ ഈ ബുക്ക് മറിച്ചുനോക്കുന്നത്"

കിരൺ അൽപനേരം മിണ്ടാതിരുന്നു.

"നീയെന്താ ആലോചിക്കുന്നത്"

"നാളത്തെ ടിക്കറ്റിൻ്റെ കാര്യം..."


________________________________________


3


"ഉറക്കം എങ്ങനെയുണ്ടായിരുന്നു?", ശരണ്യയാണ് ചോദിക്കുന്നത്. ഉച്ച സമയം ഏകദേശം ഒരുമണി ആയിട്ടുണ്ട്. ഇന്നലെ രാത്രി കിടന്ന നികിത ഇപ്പോഴാണ് എഴുന്നേൽക്കുന്നത്. അവൾക്ക് വേണ്ട ഭക്ഷണം ചൂടാക്കുകയാണ് ശരണ്യ.

"അത്രയ്ക്ക് സുഖമൊന്നും ഇല്ലായിരുന്നു... രാത്രിൽ ഒരുപാട് തവണ എഴുന്നേറ്റു...ജെറ്റ് ലാഗായിരിക്കും..."

"മേശപ്പുറത്തു കാപ്പി ഇരിപ്പുണ്ട്... എടുത്ത് കുടിക്ക്..."

പക്ഷെ മേശപ്പുറത്തേക്കല്ല നികിതയുടെ നോട്ടം പോയത്. ജനാലയിലൂടെ പുറത്തുള്ള എന്തിലേക്കോ അവളുടെ കണ്ണുകൾ പതിഞ്ഞിരുന്നു.

"ഇത് പാഷൻ ഫ്രൂട്ട് അല്ലേ ചേച്ചി?", നികിതയുടെ ആ ചോദ്യത്തിന് അസ്വാഭാവികത ഒന്നും ശരണ്യക്ക് ആദ്യം തോന്നിയില്ല. പിന്നീട് അവളുടെ കണ്ണുകളിലേക്ക് ശ്രദ്ധിച്ചപ്പോൾ കാര്യം മനസ്സിലായി, അവൾ വീണ്ടും അവളുടെ പഴയ ആ ഓർമ്മകളിലാണ്....

"എൻ്റെ പൊന്നോ... ഈ നാട്ടിൽ കാലുകുത്തിയതുമുതൽ നീ വേറൊരു ലോകത്താണ് ട്ടോ... നമുക്ക് ആളെ പോയി കണ്ടുപിടിക്കേണ്ടെ?"

"വേണം... പക്ഷെ ആയിട്ടില്ല... ഇവിടെ വന്നിട്ട് ചെയ്യാൻ മമ്മ ഏൽപ്പിച്ച കുറച്ചു ജോലികളുണ്ട്... അതൊക്കെ കഴിഞ്ഞിട്ട്... അല്ലെങ്കിൽ പിന്നെ വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരിക്കും..."

"എന്നാ അങ്ങനെ ആവട്ടെ... ഞാനും വെയിറ്റ് ചെയ്യാം... എന്നുകരുതി കഥകൾക്ക് ബ്രേക്ക് ഇടേണ്ട... അത് പോന്നോട്ടെ..."


____________________                ____________________


പഠിക്കാൻ മിടുക്കിയായിരുന്നു നികിത. ഇംഗ്ലീഷ് മീഡിയം ആയതുകൊണ്ട് മലയാളവും ഹിന്ദിയും ഒഴിച്ച് ബാക്കി എല്ലാത്തിലും മികച്ചുനിന്നു. മലയാളത്തിന് സഹായത്തിനായി താൻ ഉണ്ടാകുമെന്നു കെവിൻ പറഞ്ഞിട്ടുണ്ട്. ഹിന്ദിയിൽ പിന്നെ അവനും ശിശുവാണ്‌. പകരം മറ്റുവിഷയങ്ങൾ കെവിന് പറഞ്ഞുകൊടുക്കണം. അക്കാര്യത്തിൽ നികിതക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. മലയാളം വായിക്കാൻ പഠിക്കാനായി ഒന്നാം ക്ലാസ്സിലെ പുസ്തകം ടീച്ചർ അവൾക്കു കൊടുത്തിരുന്നു. അതുകൊണ്ടു തന്നെ അതിലെ വാക്കുകൾ അനായാസം പറഞ്ഞുകൊടുത്തു കെവിൻ അവളുടെ മുന്നിൽ ഷൈൻ ചെയ്തു. അവൻ വിയർക്കുന്നത് പക്ഷെ അഞ്ചാം ക്ലാസ്സിലെ പാഠഭാഗകങ്ങൾ ചോദിക്കുമ്പോഴാണ്. 

"ഇതെന്താ വായിക്കാ... 'മനജി മകൾ' എന്നോ?", നികിതയുടെ സംശയം.

"മഞ്ജിമകൾ.... അല്ലാതെ മനജിയുടെ മകൾ എന്നൊന്നും അല്ല.." ഇതൊക്കെ സിമ്പിൾ അല്ലേ എന്ന മട്ടിലായിരുന്നു കെവിൻ.

"അതിൻ്റെ മീനിങ് എന്താ?", ചോദ്യം തീർന്നിരുന്നില്ല.

കെവിൻ ഒന്ന് മേല്പോട്ട് നോക്കി, ശേഷം ഇവളിത് എവിടുന്നാ തപ്പിപ്പിടിച്ചു വരുന്നതെന്ന് പിറുപിറുത്തുകൊണ്ട് പുസ്തകത്തിലേക്ക് നോക്കി.

"ഇത് കവിതയാണ്, 'poem'... അതിൻ്റെ അർത്ഥമൊന്നും എന്നോട് ചോദിച്ചിട്ട് കാര്യമില്ല. ടീച്ചർ പറഞ്ഞുതരുമ്പോൾ ശ്രദ്ധിക്കണം. വല്ല മാങ്ങയോ തേങ്ങയോ ഒക്കെ ആണെങ്കിൽ നോക്കാമായിരുന്നു. നിനക്ക് 'ങ്ങ' എന്ന് എഴുതാനറിയോ... ഭയങ്കര ബുദ്ധിമുട്ട് ആണ്... അതുവേണെൽ ഞാൻ പഠിപ്പിക്കാം...", ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞു രക്ഷപ്പെടാൻ നോക്കുകയാണ് കെവിൻ.

"I know that. എനിക്ക് ആവശ്യമുള്ളതല്ലേ പറഞ്ഞു തരേണ്ടത്. നീ ഇംഗ്ലീഷിൽ എന്ത് വേണമെങ്കിലും ചോദിച്ചോ... ഞാൻ പറഞ്ഞുതരാലോ...", നികിതയും വിട്ടില്ല. 

"നീ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, നീ ഒരു പഠിപ്പിസ്റ് ആണ്. You, a Padipist. പക്ഷെ ഞാൻ അങ്ങനെയല്ല..."

അതെന്താ? നികിത ഇതുവരെ ഇംഗ്ലീഷിൽ അങ്ങനെ ഒരു വാക്കു കേട്ടിട്ടില്ല. പക്ഷെ അത് വിവരിച്ചുകൊടുക്കാനുള്ള സമയം ഇപ്പോൾ കെവിനില്ല. കുറച്ചുമുമ്പാണ് അടുത്ത ഇംഗ്ലീഷ് പീരിയഡിൽ വെക്കാനുള്ള ഹോംവർക്കിനെക്കുറിച്ചു അവനറിയുന്നത്. ഒരു കഥ തന്നെ എഴുതാനുണ്ട്. മലയാളത്തിൽ പറഞ്ഞു കൊടുത്താൽ നികിത അത് ഇംഗ്ലീഷിൽ ആക്കിത്തരും. പക്ഷെ അതിനുള്ള സമയം ഇല്ല. അവൻ നികിതയുടെ സ്റ്റോറി അതേപടി സ്വന്തം നോട്ടിൽ പകർത്തി എഴുതി.  

അടുത്ത പീരീഡ് ടീച്ചർ ക്ലാസ്സിൽ വന്ന ശേഷം ആദ്യം ചോദിച്ചതും ഹോംവർക് തന്നെ. അത് ചെക്ക് ചെയ്യുന്നതിനിടയിൽ എന്തോ ഡൌട്ട് തോന്നിയിട്ടായിരിക്കണം കെവിനെ അടുത്തോട്ട് വിളിപ്പിച്ചത്. 

"ഈ സ്റ്റോറി നീ എഴുതിയതാണോ?", ടീച്ചറുടെ ചോദ്യം ചെയ്യൽ.

"അതേ...", യാതൊരു ഭാവവ്യത്യാസവുമില്ലാതെ കെവിൻ പറഞ്ഞു. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന നികിതയുടെ മുഖത്ത് ടെൻഷൻ ഉണ്ട്. 

"എന്നാൽ ഇവിടെ വന്നു സ്റ്റോറി ഒന്ന് മലയാളത്തിൽ പറഞ്ഞു താ...", ടീച്ചർ വിടാൻ ഭാവമില്ലായിരുന്നു. 

'ദൈവമേ... ഇവളിത് എന്തൊക്കെയാണാവോ എഴുതി വെച്ചിട്ടുള്ളത്' ആ സമയത്തു വിളിക്കേണ്ട ആളെ തന്നെയാ കെവിൻ മനസ്സിൽ വിളിച്ചത്. അവിടെ ചെന്നിട്ട് നോട്ടുബുക്ക് വാങ്ങി വായിക്കാൻ തുടങ്ങി.

"Once upon a time - ഒരിക്കൽ..." ആഹാ ഇത്രക്ക് ഈസി ആയിരുന്നോ. അത് പറഞ്ഞ ശേഷം ടീച്ചറെ ഒന്ന് നോക്കി. "ഹമ്.. ബാക്കി വായിക്ക്" എന്നായിരുന്നു ടീച്ചറുടെ കല്പന

"there lived a shepherd boy who was bored watching his flock of sheep on the hill..."ഈശ്വരാ...ഒരു സഹായത്തിനായി അവൻ നികിതയെ നോക്കുന്നുണ്ട്. അവളും എന്തൊക്കെയോ ആംഗ്യം കാണിച്ചു കഥ മനസ്സിലാക്കിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു രക്ഷയുമില്ല, അവനു ഒന്നും പിടികിട്ടുന്നില്ല."പെട്ടന്ന് വായിക്ക്..." ഇതിനിടയിൽ ടീച്ചർ തിടുക്കം കൂട്ടുന്നുണ്ട്.

"ഒരു ബോയ്... അവൻ്റെ പേര് ഷെപ്പേർഡ്... (ഇത്രയും പറഞ്ഞപ്പോൾ തന്നെ നികിത തലയിൽ കൈ വെച്ചു) അവൻ്റെ വാച്ചും ക്ലോക്കും... ആ വാച്ചും ക്ലോക്കും വിറ്റു ജീവിക്കുന്ന ഒരു ബോയ്... അതും മലയുടെ മുകളിൽ..."  

"ക്ലോക്കോ?? ഈ ക്ലോക്ക് ഇതെവിടുന്നു വന്നു...?", ടീച്ചർക്ക് സംശയം. അത് കേട്ടപ്പോൾ അവൻ ഒന്നുകൂടി നോട്ട്ബുക്കിലേക്ക് നോക്കി. അയ്യോ, അത് flock എന്നാണല്ലോ... പണിപാളി. (അവിടെ ക്ലോക്ക് ആയിരുന്നെങ്കിൽ എല്ലാം ശെരി ആയിരുന്നെന്നാ അവൻ്റെ വിചാരം)

"Sorry teacher, ക്ലോക്ക് അല്ല... ഫ്ലോക്‌ എന്നാ..."ഒരു ചമ്മലോട് കൂടി അവൻ പറഞ്ഞു. "എന്നാ അതിൻ്റെ അർഥം പറ", അടുത്ത ഓർഡർ.

ഞാൻ തോറ്റു ടീച്ചർ, തോൽവി സമ്മതിച്ചു എന്നവൻ മനസ്സിൽ പറയുന്നുണ്ട്. "എനിക്കറിയില്ല ടീച്ചർ"

"അപ്പോൾ നീ തന്നെ അല്ലേ എഴുതിയത്?"

"അല്ല... ഞാൻ കോപ്പി അടിച്ചതാണ്..."

ആരിൽ നിന്ന് എന്ന് ടീച്ചർ ചോദിക്കുന്നതിനു മുമ്പ് തന്നെ നികിത എഴുന്നേറ്റു. ഇതിനിടയിൽ ക്ലാസ് ലീഡറോട് ടീച്ചർ സ്റ്റാഫ് റൂമിൽ നിന്നും വടി കൊണ്ടുവരാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആദ്യമായതുകൊണ്ടാകാം നികിതക്കുള്ള ശിക്ഷ ടീച്ചർ ശാസനയിൽ ഒതുക്കി. പക്ഷെ കെവിനെ വെറുതെ വിടാൻ ഭാവമില്ലായിരുന്നു. അവൻ്റെ കയ്യിൽ രണ്ടെണ്ണം പൊട്ടിച്ചു.

"ഒന്ന് കോപ്പി അടിച്ചതിനും രണ്ടാമത്തേത് കളവ് പറഞ്ഞതിനും. നാളെ വരുമ്പോൾ ഈ കഥ മുഴുവൻ പഠിച്ചു എനിക്ക് പറഞ്ഞു തരണം... പോയി ഇരുന്നോ..."

കെവിൻ തല്ലുകൊള്ളുന്നത് കണ്ടപ്പോൾ നികിതയുടെ കണ്ണിൽ നിന്ന് ശെരിക്കും കണ്ണുനീർ വരുന്നുണ്ടായിരുന്നു. അവൾക്കിതൊന്നും അധികം കണ്ടുശീലമില്ലാത്തതാണ്. ടീച്ചർ പോയ ശേഷം നികിത കെവിൻ്റെ അടുക്കലേക്ക് സമാധാനിപ്പിക്കാൻ പോയി. അവൾ അവൻ്റെ കൈ തടവിക്കൊടുക്കാൻ മുതിർന്നു. പക്ഷെ കെവിന് 'വേദനയൊക്കെ എപ്പോഴോ പോയി'ന്ന ഭാവമായിരുന്നു. 

"കഥ എഴുതുമ്പോൾ ചെറിയ വല്ലതും എഴുതിയാൽ പോരായിരുന്നോ... ഈ രണ്ടു പേജ് മൊത്തം ഞാൻ എങ്ങനെ നാളെ പഠിച്ചു പറയും?", അവൻ്റെ സങ്കടം അതായിരുന്നു. അല്ലെങ്കിലും അവൻ്റെ ഭാഗത്തും തെറ്റുണ്ട്, ഹോംവർക്ക് ഒക്കെ കോപ്പി അടിക്കുമ്പോൾ ഒരിക്കലും പഠിപ്പിസ്റ്റുകളുടേത് തെരെഞ്ഞെടുക്കരുതായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ...


____________________                ____________________


പഠനത്തോട് അനുബന്ധിച്ചുള്ള കാര്യങ്ങളിൽ മാത്രമായിരുന്നില്ല അവർ തമ്മിലുള്ള സഹകരണം. എല്ലാ മേഖലയിലോട്ടും അത് വ്യാപിച്ചു. കേരളത്തിൽ പത്തുവയസ്സിനിടയിൽ ഒരു കുട്ടി അറിഞ്ഞിരിക്കേണ്ട എല്ലാ കൊച്ചു കാര്യങ്ങളും അവൻ സമയം കിട്ടുമ്പോഴെല്ലാം അവൾക്കു പകർന്നു കൊടുക്കും. കടലാസുകൊണ്ട് തോണി, തൊപ്പി, വിമാനം മുതലായവ ഉണ്ടാക്കുന്നത്... നാടൻ പാട്ടുകൾ... നാടൻ കളികൾ... അങ്ങനെ പലതും... ഇതുകൊണ്ട് കെവിന് ഉണ്ടായ ഉപകാരം അവൻ്റെ മുറി-ഇംഗ്ലീഷ് ആണ്. സ്ഥാനത്തും അസ്ഥാനത്തും അവനത് പ്രയോഗിക്കാനും തുടങ്ങി.

PT പീരീഡ് ആദ്യ ദിവസങ്ങളിൽ നികിതക്ക് ശെരിക്കും ബോറടിപ്പിക്കുന്നതായിരുന്നു. ബോയ്സ് മിക്കവാറും ഫുട്ബോൾ ആയിരിക്കും കളിക്കുന്നത്, കെവിൻ അവരുടെ കൂടെ കൂടും. പെൺകുട്ടികൾ മിക്കവാറും കക്കുകളി, കൊത്തങ്കല്ലു തുടങ്ങിയവ ആയിരിക്കും. അതൊന്നും അവൾക്കു കളിക്കാനറിയില്ല. ഇക്കാര്യം കെവിന് മനസ്സിലായപ്പോൾ അവൻ ഫുട്ബോൾ കളിയിൽ നിന്നു അവധിയെടുത്തു അവളെ ഇതൊക്കെ പഠിപ്പിക്കാൻ തുടങ്ങി.  അതിനു ശേഷമാണ് അവൾ മറ്റുള്ളവരുടെ കൂടെ കളിയ്ക്കാൻ തുടങ്ങിയത്. 

അങ്ങനെയൊരു PT പീരീഡ്... ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നികിത ഗ്രൗണ്ടിൻ്റെ ഒരു മൂലയിൽ ഒറ്റയ്ക്കിരിക്കുന്നത് കെവിൻ കണ്ടത്. അവൻ കൂട്ടുകാരോട് എന്തൊക്കെയോ ഒഴിവുകഴിവുകൾ പറഞ്ഞു അവളുടെ അടുത്തേക്കോടി. "അവനാ പെണ്ണിൻ്റെ പിറകെ പോയതാ..." - ഏതോ ഒരുത്തൻ്റെ കമന്റ് ആണ്. കുട്ടികളായാലും മുതിർന്നവരായാലും ഈ ഒരു കമെന്റിനു നമ്മുടെ നാട്ടിൽ യാതൊരു ക്ഷാമവും കാണില്ല. 

"What problem? എന്താ ഒറ്റയ്ക്കിരിക്കുന്നത്? അവർ കളിക്കാൻ കൂട്ടിയില്ലേ? ഞാൻ ഇടപെടണോ? Tell", അവൾക്കു വേണ്ടി എന്ത് സീൻ ഉണ്ടാക്കാനും അവനു യാതൊരു മടിയുമില്ല.

"Nothing... എനിക്ക് എന്തോ ആ കളിയിൽ അത്ര interest തോന്നുന്നില്ല..."

"എന്നാ ഞങ്ങളുടെ കൂടെ ഫുട്ബോൾ കളിയ്ക്കാൻ വന്നോ..."

"ഞാൻ എത്ര പ്രാവശ്യം പറഞ്ഞു അതിൻ്റെ പേര് ഫുട്ബോൾ അല്ലെന്നു, its soccer!"

"അത് നിങ്ങളെ നാട്ടിൽ... ഇവിടെ ഫുട്ബോൾ... അല്ലെങ്കിലും കൈ കൊണ്ട് കളിക്കുന്ന കളിക്ക് ആരാ ഫുട്ബോൾ എന്ന് പേര് ഇടുക?"

"അതിൽ കാലുകൊണ്ടും കളിക്കുന്നുണ്ട്..."

"എന്നാ ഫുട്-ഹാൻഡ് ബോൾ എന്ന് പേരിടണം..."

"നീ അതൊന്നു വിട്ടേ..."

"നിൻ്റെ പ്രശ്നം എന്താണെന്നു പറ..."

"ഞാൻ പഠിച്ച കുറച്ചു ഗെയിംസ് ഉണ്ട്... അത് കളിക്കാൻ ഇവരാരും തയ്യാറല്ല... നീ വരുമോ കളിയ്ക്കാൻ? Will you?"

"അത്രയേയുള്ളൂ കാര്യം? നീ പറഞ്ഞോ... ഞാൻ എപ്പോഴേ റെഡി..."

"എന്നാൽ നമുക്ക് Here comes an old soldier എന്നാ ഗെയിം കളിക്കാം..."

"ആ പേര് കേട്ടാലേ അറിയാം, കളി കൊള്ളില്ലെന്നു... വെറുതെയാണോ ആരും വരാത്തത്... എന്നാലും കളി എങ്ങനെയാണെന്ന് പറ..."

"ഇതൊരു നഴ്സറി റൈം ആണ്... ഒരാൾ caller ആയിട്ട് നിൽക്കും... അയാളാണ് പാട്ടു പാടേണ്ടത്..."

"ഏതു പാട്ടു?"

"Here comes an old soldier from Botany bay, have you got anything to give him to-day"

"എൻ്റെ കർത്താവേ... ഇത് മുഴുവൻ പഠിച്ചു തീരാൻ തന്നെ ഒരുപാട് സമയം എടുക്കുമല്ലോ... സിമ്പിൾ ഗെയിം ഒന്നുമില്ലേ?"

"Let me complete it. ഫുൾ പറയട്ടെ..."

"എന്നാ പറ... continue..."

"ഇത് ചോദിക്കുമ്പോൾ first person എന്തുകൊടുക്കുമെന്നു പറയണം... For example, ഒരു തൊപ്പിയാണെന്ന് വെക്ക്... അപ്പോൾ പറയണം I will give him a hat. ഇതേ question അടുത്ത ആളോട് ചോദിക്കണം... അയാൾ ഒരു പട്ടിയെ കൊടുക്കുമെന്ന് വിചാരിക്കാം... അപ്പോൾ പറയണം I will give him a hat and a dog. Next person വേറെ സാധനം പറയണം... അപ്പോൾ മൂന്നു സാധനങ്ങളും ഒരുമിച്ചു പറയണം... Means I will give him a hat, a dog and... അങ്ങനെ ലിസ്റ്റ് നീണ്ടു നീണ്ടു പോകും... Finally, ആർക്കാണോ എല്ലാ സാധനങ്ങളും പറയാൻ പറ്റാത്തത്, അയാൾ പുറത്താകും..."

"മൊത്തം എത്ര ആൾക്കാർ വേണം? നമ്മൾ രണ്ടുപേർ മാത്രമേ ഒള്ളു... We two only. അതോർമ്മവേണം... ഇമ്മാതിരി കളിക്ക് വേറെ ഒരുത്തനെയും കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട..."

നികിതയും ആ കാര്യം അപ്പോഴാണ് ഓർത്തത്. 

"എന്നാൽ നമുക്ക് rock-paper-scissors കളിക്കാം..."

"അത് എങ്ങനെയാണെന്ന് ആദ്യം പറ... എന്നിട്ട് തീരുമാനിക്കാം കളിക്കണോ വേണ്ടയോ എന്ന്... ഇതുപോലുള്ള ഡയലോഗ് ഒക്കെ ഉള്ളതാണെങ്കിൽ എനിക്ക് വയ്യ..."

ഈ കളി നികിത വിവരിച്ചു കൊടുത്തപ്പോൾ കെവിന് കുഴപ്പമില്ലെന്ന് തോന്നി. അവൻ ആ പീരീഡ് തീരുന്നതുവരെ അവളുടെ കൂടെ കളിച്ചു. സത്യത്തിൽ അവരുടെ കൂടെ ഫുട്ബോൾ കളിക്കുന്നതിൻ്റെ അടുത്തൊന്നും ഈ കളി വരില്ലെന്ന് അവനറിയാം. പക്ഷെ, എന്തോ നികിത സന്തോഷവതിയായിരിക്കണമെന്നു അവനു തോന്നി. അതിന് എന്ത് ത്യാഗത്തിനും അവൻ തയ്യാറാണ്. 
 

____________________                ____________________


AEO വരുന്ന ദിവസമായിരുന്നു അന്ന്. പലപ്പോഴും തലയെണ്ണുന്ന പരിപാടി മാത്രം നടത്തി അയാൾ പോകാറില്ല. ക്ലാസ്സിലൊക്കെ വന്നു, പഠിപ്പിക്കുന്നതൊക്കെ വിലയിരുത്തി, ചിലപ്പോൾ പിള്ളേരോട് രണ്ടുമൂന്നു ചോദ്യങ്ങളും ചോദിച്ചിട്ടേ പോകാറുള്ളൂ...

"...അപ്പോൾ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ... വന്നിട്ട് ചോദ്യങ്ങൾ ചോദിച്ചാൽ നല്ല രീതിയിൽ പെർഫോം ചെയ്യണം. ഹെഡ്മാസ്റ്റർ പറഞ്ഞത് കഴിഞ്ഞ തവണ വന്നപ്പോൾ നിങ്ങളുടെ ക്ലാസ് മാത്രമാണ് ഉഴപ്പിയതെന്നു. ഇത്തവണ അതുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം...", ടീച്ചർ ആദ്യം തന്നെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഹെഡ്മാസ്റ്റർ ചിലപ്പോൾ അതേ ഡയലോഗ് എല്ലാ ക്ലാസ്സിലും അടിക്കാൻ പറഞ്ഞിട്ടുണ്ടാകും. സ്വാഭാവികം!!

"Who is that? ആരാണ് ഈ AEO?" സംശയം നികിതക്കാണ്. അങ്ങനെ ഒരാളെക്കുറിച്ചു അവളിതിനു മുമ്പ് കേട്ടിട്ടില്ല.

"അതൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാ... സ്കൂളിൻ്റെ എല്ലാ കാര്യങ്ങളും ശെരിയാണോ എന്നൊക്കെ നോക്കാൻ വരുന്ന ആളാ...", അവളുടെ ഏതു സംശയത്തിനും ഉത്തരം തരാൻ കെവിൻ ബാധ്യസ്ഥനാണ്. 

"അപ്പോൾ ആ ടോയ്ലറ്റ് വൃത്തിയില്ലാത്തതൊക്കെ ശെരിയാക്കുമോ?"

"ആക്കുമായിരിക്കും... എനിക്കറിഞ്ഞൂടാ... ഒരു AEO പോയിവന്നെന്നു കരുതി മൂത്രപ്പുര തിളങ്ങുന്നതൊന്നും ഞാനിതുവരെ കണ്ടിട്ടില്ല..."

"അയാൾ question ചോദിച്ചാൽ answer പറയണോ?"

"അറിയുമെങ്കിൽ ഉത്തരം പറഞ്ഞോ... ഇനി പറഞ്ഞില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഇവിടുത്തെ മറ്റു ടീച്ചർമാരെപ്പോലെ അടിക്കുകയൊന്നും ഇല്ല. അയാൾ അങ്ങേരുടെ പാട്ടിനു പോകും...", എല്ലാത്തിനും അവൻ്റെ കയ്യിൽ മറുപടി ഉണ്ട്. അവൻ എന്ത് പറഞ്ഞാലും നികിത വിശ്വസിക്കുകയും ചെയ്യും. 

"What പാട്ടു? You mean song?"

"ഓഹ്... അതല്ല ഉദ്ദേശിച്ചത്. അവസാനം പറഞ്ഞത് മായ്ച്ചുകള... Erase, Erase..."

ഇതിനിടക്ക് കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് AEO വന്നു. ആ സമയത്തു ഇംഗ്ലീഷ് പീരീഡ് ആണെന്നറിഞ്ഞപ്പോൾ അതിനെക്കുറിച്ചു സംശയം ചോദിക്കാം എന്നായി.

"എല്ലാവർക്കും ഇംഗ്ലീഷ് ഇഷ്ടമാണോ?" - കുട്ടികളെ ഒന്ന് കയ്യിലെടുക്കാൻ തന്നെ പുള്ളി തീരുമാനിച്ചു. 

"ഇഷ്ടമാണ്..." എല്ലാവരും ഒരേ സ്വരത്തിൽ തന്നെ പറഞ്ഞു.

"എന്നാൽ ഞാൻ കുറച്ചു ചോദ്യങ്ങൾ ചോദിക്കട്ടെ?"

അതിൻ്റെ മറുപടി എല്ലാവരും ഒരു മൂളലിൽ ഒതുക്കി.

"ഞാൻ വേണമെങ്കിൽ ഇംഗ്ലീഷിൽ പാട്ടു തന്നെ പാടും...", ചോദ്യം ചോദിയ്ക്കാൻ മുതിർന്നപ്പോൾ പെട്ടന്നാണ് ആരോ അങ്ങനെ ഒരു ഡയലോഗ് അടിക്കുന്നത്. വേറാരുമല്ല, നമ്മുടെ കെവിൻ തന്നെ. 

"ആണോ?? എന്നാൽ കേൾക്കട്ടെ...", പുള്ളിക്കും താല്പര്യമായി.

കെവിൻ എഴുന്നേറ്റു അറ്റെൻഷനിൽ നിന്നു, എന്നിട്ട് പാടാൻ തുടങ്ങി...

Every Night in My Dreams
I see you, I feel you
That is how I know you go on...
...................................................

ഇത് പാഠഭാഗത്തിൽ തന്നെയുള്ള സോങ് ആണോ എന്നു ക്ലാസ്സിലുള്ള ടീച്ചറോട് ചോദിയ്ക്കാൻ മുതിർന്നതാണ്. പിന്നെ AEO യുടെ വില കളയേണ്ടെന്നു കരുതി എല്ലാം കയ്യടിച്ചു പാസ്സാക്കി. 

"നിങ്ങൾ ഇംഗ്ലീഷിൽ പുലിക്കുട്ടികളാണോ? എങ്കിൽ എനിക്കൊരു ഇംഗ്ലീഷ് സ്റ്റോറിയും കേൾക്കണം..."

നല്ല ചോദ്യം!! ഉടനെ നികിതയുടെ കൈ ഉയർന്നു. അനുവാദം കിട്ടിയ ഉടനെ അവൾ പറയാൻ തുടങ്ങി...

"Once upon a time, there lived a shepherd boy who was bored watching his flock of sheep on the hill..." 

"ഞാൻ വിചാരിച്ചതു പോലെ അല്ലാട്ടോ... നിങ്ങൾ പുലിക്കുട്ടികൾ തന്നെ..." പുള്ളി ഹാപ്പി. കുറച്ചു നല്ല ഉപദേശങ്ങൾ കൂടി കൊടുത്ത ശേഷം കുട്ടികളെയും ടീച്ചറെയും അഭിനന്ദിച്ചുകൊണ്ട് ആള് അടുത്ത ക്ലാസ്സിലേക്ക് പോയി.

സത്യത്തിൽ കുട്ടികളെ കയ്യിലെടുക്കാൻ വന്ന അയാളെ കെവിനും നികിതയും കൂടി കയ്യിലെടുത്തോ എന്നും സംശയമുണ്ട്. ടീച്ചർക്കും സന്തോഷമായി. ഇംഗ്ലീഷ് ടീച്ചർ അവർ രണ്ടുപേർക്കും ഗിഫ്റ്റും ഓഫർ ചെയ്തു. നികിതയിൽ നിന്ന് ടൈറ്റാനിക്കിലെ ആ പാട്ടു പഠിച്ചപ്പോൾ അതിനു ഇങ്ങനെയൊരു ഉപകാരം ഉണ്ടാകുമെന്നു കെവിൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്തായാലും എല്ലാവരും ഹാപ്പി.

____________________                ____________________


ഒരിക്കൽ ഒരു ഇന്റർവെൽ സമയത്തു വരാന്തയിലൂടെ നടക്കുകയായിരുന്നു രണ്ടുപേരും. അപ്പോഴാണ് നികിത സ്കൂളിന് തൊട്ടടുത്തുള്ള ആ വീടും പരിസരവും ശ്രദ്ധിക്കുന്നത്. അവിടെ മുറ്റത്തു ഒരു ചെറിയ മരമുണ്ട്. ആ മരത്തിൽ പടർന്നു പിടിച്ച വള്ളിയിൽ എന്തോ ഉണ്ട്.

"അതെന്താ?", അതിലേക്ക് ചൂണ്ടി കെവിനോട് ചോദിച്ചു.

"അതോ... പാഷൻ ഫ്രൂട്ട്... മുമ്പ് കഴിച്ചിട്ടുണ്ടോ...?"

നികിത ഇല്ലെന്നു തലയാട്ടി.

"അതിൽ പഞ്ചസാര ഇട്ടു കലക്കി തിന്നാൽ നല്ല മധുരമാ...", കെവിൻ അതിനെക്കുറിച്ചു കുറച്ചുകൂടി വിവരണം നല്കാൻ പറഞ്ഞതാണെങ്കിലും അത് എത്തിച്ചത് നികിതയുടെ വായിൽ വെള്ളമൂറുന്നതിലേക്കാണ്. അത് കെവിന് മനസ്സിലാവുകയും ചെയ്തു. "നീ ക്ലാസ്സിലേക്ക് നടന്നോ... ഞാൻ വരാം...", അതും പറഞ്ഞു കെവിൻ എങ്ങോട്ടോ പോയി, നികിത ക്ലാസ്സിലേക്കും.

ബെല്ലടിച്ചിട്ടു കുറച്ചു നേരമായി. കെവിൻ ഇതുവരെ എത്തിയിട്ടില്ല. ഇതിനിടക്ക് കെവിൻ എവിടെ നിന്നോ ക്ലാസ്സിലേക്ക് ഓടിവരുന്നത് അവൾ കണ്ടു. ക്ലാസ്സിലേക്ക് കയറും മുമ്പ് PT സർ അവനെ വിളിച്ചു. "നീ എന്തിനാടാ അപ്പുറത്തെ വീട്ടിൽ പോയത്..." എന്നും ചോദിച്ചു രണ്ടെണ്ണം പൊട്ടിക്കുന്നതിൻ്റെ ശബ്ദം ക്ലാസ്സിലേക്ക് കേൾക്കാമായിരുന്നു. കിട്ടിയതും വാങ്ങിച്ചു അവൻ ക്ലാസ്സിൻ്റെ അകത്തു വന്നിരുന്നു, ആരോടും ഒന്നും പറഞ്ഞില്ല. നികിതയും ഒന്നും പറഞ്ഞില്ല, അവൾക്കും കുറ്റബോധം ഉണ്ടായിരുന്നു.

അടുത്ത ഇന്റർവെൽ ആയപ്പോൾ കെവിൻ നികിതയെ വിളിച്ചു, "വാ... ഒരു സ്ഥലം വരെ പോകാം..."

"No, ഇനി അങ്ങോട്ട് പോകേണ്ട... എനിക്ക് വേണ്ട പാഷൻ ഫ്രൂട്ട്... Leave it"

"അങ്ങോട്ടല്ല...", അവൻ അവളുടെ കൈ പിടിച്ചു കൊണ്ടുപോയത് ഗ്രൗണ്ടിലെ ഒരു പാറയുടെ അടുത്തേക്കാണ്. ആ പാറക്കിടയിൽ ഒളുപ്പിച്ചു വെച്ച പാഷൻ ഫ്രൂട്ട് എടുത്തു അവൾക്ക് കൊടുത്തു. അത് കണ്ടതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു.

"നീ ഇവിടെ ഇരിക്ക്... ഞാൻ പോയി പഞ്ചസാരയും സ്പൂണും കത്തിയുമൊക്കെ ഒപ്പിച്ചു വരാം..."

അതും പറഞ്ഞു കെവിൻ സ്കൂളിൻ്റെ അടുക്കളഭാഗത്തേക്ക് പോയി. കഞ്ഞിവെക്കുന്ന ചേച്ചിയെ എങ്ങനെയെങ്കിലും സോപ്പിട്ട് സാധനങ്ങൾ ഒപ്പിക്കണം.

"ചേച്ചി... കുറച്ചു പഞ്ചസാര തരുമോ?", കെവിൻ്റെ ആ ചോദ്യം കേട്ടപ്പോൾ ചേച്ചിക്ക് എന്തോ ഒരു സംശയം ഉള്ളപോലെ.

"നിനക്ക് എന്തിനാ പഞ്ചസാര?"

"സയൻസ് ടീച്ചർ കൊണ്ടുവരാൻ പറഞ്ഞതാ... എന്തോ പരീക്ഷണം നടത്താനാ...", അവനൊന്നു എറിഞ്ഞു നോക്കിയതാ... മുഴുവനായിട്ട് വിശ്വസിച്ചില്ലെങ്കിലും ഒരു പേപ്പറിൽ കുറച്ചു പഞ്ചസാര പൊതിഞ്ഞു കൊടുത്തു. "ഒരു സ്പൂണും വേണം..." സാധാരണ അവൻ സ്പൂൺ ഒന്നും ഉപയോഗിക്കാറില്ല. ഇത് അവൾക്ക് ആയതുകൊണ്ട് മാത്രം ആണ്. അതും കിട്ടിക്കഴിഞ്ഞപ്പോൾ അടുത്ത ചോദ്യം, "ഒരു കത്തിയും കൂടി..."

"കത്തിയൊന്നും കുട്ടികളുടെ കയ്യിൽ കൊടുത്തു വിടില്ല... അതൊക്കെ വേണമെങ്കിൽ ടീച്ചറോട് തന്നെ വരാൻ പറ..."

ഇനി അവിടെ നിന്നാൽ ഉള്ളതുകൂടി പോകുമെന്ന് മനസ്സിലായപ്പോൾ അവൻ സ്ഥലം വിട്ടു. നികിതയുടെ അടുത്ത് പോയി സാധനങ്ങളൊക്കെ കൊടുത്തു. പക്ഷെ ഇതെങ്ങനെ മുറിക്കും?

"എൻ്റെ കയ്യിലെ സ്റ്റീലിൻ്റെ സ്കെയിൽ ഉപയോഗിച്ചാലോ...?", നികിതയാണ് പറഞ്ഞത്. അതൊരു നല്ല ഐഡിയ ആണെന്ന് കെവിനും തോന്നി. അതുകൊണ്ടു വന്നു അല്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും അത് മുറിച്ചു. അതിൽ പഞ്ചസാര ഇട്ട ശേഷം കെവിൻ സ്പൂൺ കൊണ്ട് ഇളക്കി. എന്നിട്ട് അത് നികിതയുടെ കയ്യിൽ വെച്ചു കൊടുത്തു.

നികിത കൊതിയോടെ നോക്കി നിൽക്കുകയായിരുന്നു അതുവരെ. അവൾ ആ സ്പൂണിൽ കുറച്ചെടുത്തു വായിൽ വെച്ചു. പഞ്ചസാര ഉണ്ടെങ്കിലും അതിലെ ആ മധുരമൂറും പുളിപ്പ് അവളുടെ മുഖത്തു ശെരിക്കും കാണാം... ആ ഒരു കാഴ്ചക്ക് വേണ്ടിയാണ് കെവിൻ ഇത്രയേറെ കഷ്ടപ്പെട്ടതും....

____________________                ____________________


നികിതയുടെ ഫോണിൽ വന്ന ഒരു കോൾ ആണ് അവരുടെ flow കളഞ്ഞത്. "മമ്മിയാണ്... വിശേഷങ്ങൾ അറിയാൻ ഉറങ്ങാതെ കാത്തിരുന്നു വിളിക്കായിരിക്കും. ഞാൻ സംസാരിച്ചിട്ടു വരാം...". അതും പറഞ്ഞു നികിത അപ്പുറത്തേക്ക് പോയി. ബ്രേക്ക്ഫാസ്റ്റ് കഴിച്ച പാത്രങ്ങൾ എടുത്തു ശരണ്യ കഴുകാൻ പോയി.

"ചേച്ചി... എവിടെയാണ് എൻ്റെ അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും അസ്തി-തറ?", നികിതക്കാണ് സംശയം.

"അസ്ഥിത്തറ ആയിരിക്കും അല്ലേ ഉദ്ദേശിച്ചത്... അത് ഞാൻ കാണിച്ചു തരാം... എന്തിനാ?"

"അവിടെ എന്തോ വിളക്ക് വെക്കണം എന്നോ മറ്റോ മമ്മി പറയുന്നു... അതെന്താ...?"

"അതൊക്കെ കാണിച്ചുതരാം... സമയം ഒരുപാടില്ലെ... എല്ലാം പഠിക്കാം... അതിനിടക്ക് നിൻ്റെ കഥയും കേൾക്കാം...", ശരണ്യയുടെ മറുപടി കേട്ട് നികിത ചിരിക്കുന്നുണ്ടായിരുന്നു." ഒന്നാലോചിക്കുമ്പോൾ അവനുമായിട്ട് ഇത്ര നല്ല ബന്ധം ഉണ്ടാകുന്നതിൽ പുതുമ ഒന്നുമില്ല. പുതിയസ്ഥലത്ത് നമ്മൾ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോൾ നമുക്ക് എന്ത് ചെറിയ സഹായം ചെയ്യുന്ന ആളുമായിട്ടും നമുക്ക് വല്ലാത്ത ഒരു ആത്മബന്ധം വരും. ഇന്നലെ എയർപോർട്ടിൽ വെച്ചു ഞാൻ സംസാരിച്ച രണ്ടുപേരെ കണ്ടില്ലായിരുന്നോ?"

"ഞാൻ ആദ്യം ഒരുനോക്ക്‌ കണ്ട്. പിന്നെ അങ്ങോട്ട് അധികം ശ്രദ്ധിച്ചില്ല..."

"അത് മനസ്സിലായി. ചിന്ത വേറെ പലതും ആയിരുന്നല്ലോ... ഞാൻ പറഞ്ഞുവന്നത് അതിൽ കിരണിനെ ഞങ്ങളെ സ്കൂളിലെ first day സഹായിച്ചത് ഞാനായിരുന്നു. അതുകൊണ്ട് അവന് എപ്പോഴും എന്നെ വലിയ കാര്യമായിരുന്നു. ഞങ്ങളും അത്രയ്ക്ക് നല്ല ഫ്രണ്ട്സ് ആയി. പക്ഷേ പത്താം ക്ലാസ്സ് കഴിഞ്ഞതോടെ എല്ലാം മാറിമറിഞ്ഞു. ഒരു സുപ്രഭാതത്തിൽ അവൻ കുടുംബത്തോടൊപ്പം അമേരിക്കയിലേക്കു പോയി. ആരോടും ഒന്നും പറഞ്ഞില്ല. പിന്നെ കാണുന്നത് ഇന്നലെയാണ്. അധികം സംസാരിക്കാനും കഴിഞ്ഞില്ല. ഇന്നവൻ വീണ്ടും തിരിച്ചുപോകും. ഇനി എന്ന് കാണുമെന്ന് ഒരു ഊഹവുമില്ല. ചിലപ്പോൾ അങ്ങനെയാ... ആ ബന്ധമങ്ങു അറ്റുപോകും. ഒരു നല്ല relationship ഉണ്ടാകാൻ വലിയ പാടില്ല. പക്ഷെ ഒരുപാട് നാളുകൾക്ക് ശേഷവും അത് നിലനിൽക്കുന്നുണ്ടെങ്കിൽ its really great"

"ആ മൂന്നു വർഷം കെവിൻ്റെ കൂടെ കഴിഞ്ഞതിൽ ഒരു പ്രാവശ്യം മാത്രമേ ഞാൻ കരഞ്ഞിട്ടുള്ളൂ... അത് അമേരിക്കയിലോട്ട് തിരിച്ചുപോകുന്ന ആ ദിവസമാണ്. ഞാൻ പോകുന്ന കാര്യം അവനോട് പറഞ്ഞപ്പോൾ പിന്നെ അവനും മിണ്ടാട്ടമില്ലായിരുന്നു. ആകെ ഒരു വാചകം മാത്രമാണ് അന്നവൻ പറഞ്ഞത്. അതിപ്പോഴും മനസ്സിൽ കിടന്നു കളിക്കുന്നുണ്ട്..."

"എന്ത്?"

"പോകരുത്... എന്നെ തനിച്ചാക്കരുത്..."

________________________________________



Comments