"ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘത്തിൽ..."
കുറച്ചു നാളത്തെ ഇടവേളക്കുശേഷം തൻ്റെ സുഹൃത്ത് അഭിയെ വിശേഷങ്ങൾ അറിയാനായി ഫോൺ ചെയ്തപ്പോൾ മറുതലക്കലിൽ നിന്ന് വന്ന ഡയലോഗ് ആണിത്.
"താനിത് എന്തൊക്കെയാടേയ് ഈ പറയുന്നത്? കിളി വല്ലോം പോയോ?"
ജാൻവി ഇങ്ങനെയൊക്കെ ചോദിച്ചെങ്കിലും കാര്യം ചെറുതായിട്ട് ഊഹിക്കാവുന്നതേയുള്ളൂ. അവൻ മിക്കവാറും വേറെന്തെങ്കിലും ആലോചിച്ചിരിക്കുകയായിരിക്കും, മറ്റൊരു ലോകത്ത്... വല്ലാത്തൊരു ഫീലിൽ... ആ സമയത്തു സംസാരിക്കാൻ ഒരാളെക്കിട്ടിയാൽ ഇങ്ങനെ പിച്ചും പേയും പറഞ്ഞിരിക്കും. ബാക്കിയുള്ളവർക്കൊക്കെ ഇങ്ങനെ പറയണമെങ്കിൽ രണ്ടണ്ണം അടിക്കണം. പക്ഷെ ഇവൻ്റെ ലഹരി ഇവൻ്റെ തന്നെ ചിന്തകളാണ്.
"നീ വൈക്കം മുഹമ്മദ് ബഷീറിൻ്റെ 'പ്രേമലേഖനം' വായിച്ചിട്ടുണ്ടോ?"
അഭിയുടെ ചോദ്യമാണ്, അതും ജാൻവിയോട്.
"'പ്രേമലേഖനം' വായിച്ചിട്ടുണ്ട്, പക്ഷെ അത് വൈക്കം മുഹമ്മദ് ബഷീറിന്റേത് അല്ല", ഒരു ചെറുചിരിയോടെ ജാൻവിയുടെ മറുപടി.
അവൾക്കങ്ങനെ അധികം വായിക്കുന്ന ശീലം ഒന്നുമില്ലെന്ന് അവനറിയാം. എന്നാലും ജാൻവിയെ അവൻ്റെ ചിന്തകളിലേക്ക് കൊണ്ടുപോകാനുള്ള ഒരു പാലമിട്ടതാണ്.
"അത് വായിച്ചവരാരും ഞാൻ ആദ്യം പറഞ്ഞ വാക്കുകൾ മറക്കില്ല. ചുമ്മാ ഒന്ന് വായിച്ചു നോക്ക്. ഇഷ്ടപ്പെടാതിരിക്കില്ല."
"നീ ഇപ്പൊ എന്നെ വായിപ്പിക്കാൻ ഇറങ്ങിയതാണോ?"
"ഹേയ്... എനിക്കാ പ്രതീക്ഷയൊന്നുമില്ല... ഞാനത് ചുമ്മാ പറഞ്ഞെന്നേയുള്ളൂ... കുറച്ചു ദിവസമായിട്ട് എഴുതാൻ ഇരിക്കുമെങ്കിലും മനസ്സിൽ ഒന്നും വരുന്നില്ല... ഞാൻ അപ്പൊൾ പഴയ ബുക്ക്സ് ഒക്കെ എടുത്തു ഒന്ന് വായിച്ചു, കൂടുതലും ഇദ്ദേഹത്തിൻ്റെ ബുക്ക്സ്. ഈ 'പ്രേമലേഖനം' വായിച്ചുകഴിഞ്ഞതു തൊട്ട് വല്ലാത്തൊരു മൂഡിലാ... ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘത്തിൽ..."
ജാൻവി പ്രതീക്ഷിച്ച പോലെ അവൻ വേറൊരു ലോകത്താ... ഇപ്പോൾ അവനു ചെറുതായിട്ട് വല്ലതും ഇട്ടു കൊടുത്താൽ മതി, അവനതിൽ പുതിയൊരു ലോകം തന്നെ സൃഷ്ടിച്ചു കയ്യിൽ തരും എന്ന് ജാൻവിക്കറിയാം. കുറെ നാളായി മനസ്സിൽ കൊണ്ടുനടക്കുന്ന ആ കാര്യം പറയാൻ ഇതിലും നല്ലൊരു സമയം വേറെ കിട്ടില്ല.
"നീ വല്ലാതെ പ്രേമപരവേശനായി നിൽക്കാണെന്നു തോന്നുന്നല്ലോ..."
"അങ്ങനെയൊക്കെ തന്നെയാ... എഴുത്തിനോടാണെന്നു മാത്രം..."
ഇതിൽ കൂടുതൽ ഇനി എന്ത് വേണം ഹേ... ജാൻവിക്ക് സന്തോഷമായി.
"ഞാനൊരു ത്രെഡ് തന്നാൽ നീ ഒരു സ്റ്റോറി എഴുതിത്തരുമോ?"
"ആഹാ... അതെന്തിനാ? വീണ്ടും പഴയ ആ ഷോർട്ട് ഫിലിം ഭ്രാന്ത് കൂടിയോ...??"
"അതൊന്നും ഞാൻ ഇപ്പോൾ പറയില്ല. നിനക്ക് എഴുതിത്തരാൻ പറ്റുമോ ഇല്ലയോ?"
അവൻ എഴുതിത്തരുമെന്നു ഉറപ്പാണ്.
"നോക്കാം... എന്തിനെക്കുറിച്ചാണ്?"
"ഒരു ചെറുപ്രണയം... റിയയുടെയും ജോസൂട്ടിയുടെയും!"
------------------------------
"റിയാ... ദേ നോക്ക്..."
ഏതോ വിരുതൻ ഡെസ്കിൽ ഹൃദയത്തിൻ്റെ സിംബൽ വരച്ചിട്ട് അതിൽ 'Riya' എന്ന് കൊത്തിവെച്ചിരിക്കുന്നത് ജോസൂട്ടി അവളെ വിളിച്ചു കാണിച്ചുകൊടുത്തു. അതായിരുന്നു എല്ലാത്തിൻ്റെയും തുടക്കം.
വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണിത്, റിയയും ജോസൂട്ടിയും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്. ക്ലാസ്സിൽ അധികം ആക്റ്റീവ് അല്ലാത്ത ആരോടും അധികം മിണ്ടാത്ത പഠനത്തിൽ ഒരു ശരാശരി നിലവാരം മാത്രം കാത്തുസൂക്ഷിച്ചു പോന്ന ഒരു പെൺകുട്ടിയാണ് റിയ. അതുകൊണ്ടു തന്നെ മറ്റൊരാളുടെ കണ്ണിലോ മനസ്സിലോ അവളുടെ മുഖം പതിയാൻ സാധ്യത വളരെ വിദൂരമായിരുന്നു. അങ്ങനെയുള്ള തൻ്റെ പേര് ഒരാൾ ഡെസ്കിൽ കൊത്തിവെച്ചതു അവളെ വളരെയധികം അത്ഭുതപ്പെടുത്തി. അത് കാണിച്ചു കൊടുത്ത ശേഷം ജോസൂട്ടി അവൻ്റെ പാട് നോക്കി പോയിരുന്നു. അതാരാണ് ചെയ്തതെന്ന് അവൻ പറഞ്ഞില്ല, ഒരുപക്ഷെ അവനു അറിയണമെന്നില്ല. റിയ അത് അവനോട് ചോദിച്ചതുമില്ല. പക്ഷെ അതവനാണെന്നു അവൾക്കു തോന്നി, അല്ലെങ്കിൽ അവളങ്ങനെ വിശ്വസിച്ചു.
അതിനു ശേഷം അവൾ അവനെ ശ്രദ്ധിക്കാൻ തുടങ്ങി. ജോസൂട്ടിയുടെ ക്യാരക്റ്റർ അവളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ആണെന്നോ പെണ്ണന്നോ വ്യത്യാസമില്ലാതെ എല്ലാവരുമായിട്ടും കൂട്ടുകൂടി, കളിച്ചും ചിരിച്ചും തമാശ പറഞ്ഞുമൊക്കെ നടക്കും. ആരോടും പതിവിൽ കവിഞ്ഞ അടുപ്പമോ യാതൊരു ദേഷ്യമോ ഇല്ലാത്ത ഒരു വിദ്യാർത്ഥി. പഠിക്കാൻ അവളെക്കാളും മിടുക്കുണ്ട്. ആള് എപ്പോഴും സന്തോഷവാനായിരിക്കും. എന്നാൽ റിയയുടെ ആ സ്കൂൾ ജീവിതം അത്രക്ക് സുഖകരമായിരുന്നില്ല. പലപ്പോഴും അവൾ ക്ലാസ്സിൽ ഒരു പരിഹാസപാത്രമാവാറുണ്ട്. കണക്കാണ് അവളുടെ പ്രധാന വില്ലൻ. ഒന്നും മനസ്സിലാവില്ല. ഓരോ ദിവസവും എന്തെങ്കിലും കാരണത്താൽ ചമ്മിയിരിക്കേണ്ട ഗതികേടാണ്. ഒരിക്കൽ മാഷ് അവളോട് ഒരു ചോദ്യം ചോദിച്ചു,
"ഒരു ത്രികോണത്തിൻ്റെ പരപ്പളവ് എങ്ങനെ കാണും? റിയ പറയൂ..."
തൻ്റെ പേര് കേട്ടപ്പോഴേ അവളൊന്നു ഞെട്ടി. മടിച്ചു മടിച്ചു അവളെഴുന്നേറ്റു.
"പറയൂ... ആദ്യം പരപ്പളവ് എന്താണെന്നു പറയൂ..."
മറുപടി വൈകിയപ്പോൾ ഇടയിൽ ഏതോ വിരുതൻ കയറി പറഞ്ഞു - "അവള് ചിലപ്പോൾ പരിപ്പ് കറി ഉണ്ടാക്കുന്നത് പറയുമായിരിക്കും..."
ബാക്കിയുള്ളവർ അപ്പോഴേ ചിരി തുടങ്ങിയിരുന്നു. മാഷും വിട്ടില്ല - "എന്നാൽ അടിച്ചവളുടെ പരിപ്പ് ഞാനെടുക്കും..."
ഇതിലൊന്നും അവൾക്ക് വിഷമമൊന്നുമില്ല. അതൊക്കെ ശീലമായിക്കഴിഞ്ഞു. ആ സമയങ്ങളിൽ അവൾ ജോസൂട്ടിയെ നോക്കും. അവനും കളിയാക്കുന്നുണ്ടോ എന്ന്. ഒരു സമ്മിശ്രപ്രതികരണമാണ് അവനിൽ നിന്ന് ഉണ്ടാകാറ്. അവൻ ചിരിക്കുന്നില്ലെന്നു കണ്ടാൽ അവൾക്കെന്തോ വല്ലാത്ത ഒരു സന്തോഷമാണ്. ചില സമയങ്ങളിൽ ജോസൂട്ടി അവളെ പഠിക്കാൻ സഹായിക്കാറുണ്ട്. അവളെ മാത്രമല്ല, എല്ലാവരെയും. അവൾ അവനോട് അധികം സംസാരിക്കില്ലെങ്കിലും അവൻ പറയുന്നത് എല്ലാം ശ്രദ്ധയോടെ കേട്ടിരിക്കും. പതിയെ പതിയെ അവൾ ക്ലാസ്സിൽ സംസാരിക്കുന്നത് തന്നെ അവനോട് മാത്രമായി.
സ്കൂളിൽ പലർക്കും ചിരിക്കാനുള്ള ഒരു വകയായി താൻ മാറുമെങ്കിലും വീടിനേക്കാൾ സ്കൂൾ തന്നെയാണ് അവൾക്കിഷ്ടം. അത് ജോസൂട്ടിയുമായുള്ള സൗഹൃദത്തിന് മുമ്പേ അങ്ങനെതന്നെ. ഇപ്പോൾ സ്കൂളിൽ വരാൻ മറ്റൊരു കാരണം കൂടി ആയെന്നു മാത്രം. ജോസൂട്ടിയുടെ ആ ചീകിയൊതുക്കാൻ പറ്റാത്ത ചുരുണ്ടമുടിയും ഇരുനിറത്തിലുള്ള വട്ടമുഖവും മുകളിലെ ബട്ടൺ അഴിച്ചിട്ടു വെച്ച ഷർട്ടും കണങ്കാല് വരെയുള്ള പാന്റും പിന്നെ ആ സ്ലിപ്പറും! എല്ലാം അവളുടെ മനസ്സിൽ എന്നേ പതിഞ്ഞു കഴിഞ്ഞു. സ്കൂളിൽ വെച്ച് അല്ലാതെ അവർ തമ്മിൽ കാണുന്ന ഒരൊറ്റ സമയമേ ഒള്ളു - വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന നാട്ടിലെ പള്ളിപ്പെരുന്നാൾ!
വളരെ ചെറിയ ഇടവകയാണെങ്കിലും പള്ളിപ്പെരുന്നാളിൻ്റെ കാര്യത്തിൽ അവരും ഒട്ടും പിറകിലല്ല. പ്രദക്ഷിണവും ഊട്ടുപുരയും പൊൻകുരിശും പുണ്യാളന്മാരുടെ രൂപക്കൂടും എല്ലാം ഉണ്ട്. പക്ഷെ റിയക്ക് ഇതിനെക്കാളും എല്ലാം പ്രധാനം ജോസൂട്ടിയെ ആ മുഷിഞ്ഞ സ്കൂൾ യൂണിഫോമിൽ അല്ലാതെ ഒന്ന് കാണാൻ പറ്റുമല്ലോ എന്നതാണ്. പ്രദക്ഷണത്തിനുള്ള കുട എടുക്കാൻ അവൾ നേരത്തെ തന്നെ പോകും, എന്നാലേ ചുവപ്പ് തന്നെ കിട്ടൂ. അതാണ് ജോസൂട്ടിയുടെയും ഫേവറൈറ്. ഇത്രയും നാളും അവനെ വിടാതെ ശ്രദ്ധിച്ചതുകൊണ്ടുള്ള ചില ഗുണങ്ങൾ! പ്രദക്ഷിണത്തിൽ ഒരു ഭാഗത്തു ആണുങ്ങളും മറുഭാഗത് പെണ്ണുങ്ങളുമായിരിക്കും. ചുവപ്പു കുടയുള്ളവരുടെ ഇടയിൽ ജോസൂട്ടിയുടെ സൈഡിൽ തന്നെ സ്ഥാനം ലഭിക്കാൻ അവൾ ആരുമറിയാതെ പരിശ്രമിച്ചുകൊണ്ടിരിക്കും, അതിൽ വിജയിക്കുകയും ചെയ്യും. പ്രദക്ഷിണത്തിനിടയിൽ ഇടയ്ക്കിടക്ക് ഇടം കണ്ണിട്ട് അവനെ നോക്കും, ജോസൂട്ടി അറിയാതെ. അവളെ കണ്ടാൽ ജോസൂട്ടി ഒരു സ്വാഭാവിക ചിരി ചിരിക്കും. എന്നിട്ട് വീണ്ടും കൂട്ടുകാരുടെ അടുത്തേക്ക് ശ്രദ്ധ പതിക്കും. ആ ചിരി തന്നെ റിയക്ക് സ്വർഗമാണ്. ആ ചിരി എന്നും തനിക്ക് കാണാനുള്ള വിധി നൽകണേയെന്നു പുണ്യാളനോട് മനസ്സുരുകി പ്രാർത്ഥിക്കും. ഇതേസമയം പിന്നണിയിൽ ഗാനങ്ങൾ കേൾക്കാം...
ബലഹീനരുടെ അപേക്ഷകളും അനുതാവികളുടെ കണ്ണീരും...
മുൻഭലമായ കാഴ്ചകൾ പോൽ കൈക്കൊൾവോനെ നിനക്ക് സ്തുതി...
ഏഴു കഴിഞ്ഞു എട്ടാം ക്ലാസ്സായി, ഒൻപതാം ക്ലാസ്സായി. അടുത്തത് SSLC ആണ്. ഇപ്പോഴും അവര് തമ്മിൽ ഇടയ്ക്കിടക്ക് പഠനകാര്യങ്ങൾ സംസാരിക്കും എന്നല്ലാതെ വേറൊരു പുരോഗതിയുമില്ല. പക്ഷെ റിയക്കു അതുതന്നെ ധാരാളമായിരുന്നു. ജോസൂട്ടിയുടെ മനസ്സിലെന്താണെന്നു അവൾക്കറിയില്ല, അവൾ അറിയാനും ശ്രമിച്ചിട്ടില്ല. സത്യത്തിൽ അവനു തന്നോട് വല്ലതും ഉണ്ടോ? ഉണ്ടെന്നു വിശ്വസിക്കാനാണ് അവൾക്കിഷ്ടം. കാരണം വേറാരുമായിട്ടും അവൾക്ക് ക്ലാസ്സിൽ യാതൊരു കൂട്ടുമില്ല. എന്തിനധികം പറയുന്നു, ഒരാൾ പോലും അവളോട് മര്യാദയ്ക്ക് ചിരിക്കുക പോലുമില്ല.
ആരോടും പറയാതെ ആരെയും അറിയിക്കാതെ തൻ്റെ കുഞ്ഞു ഇഷ്ടം തൻ്റെ മനസ്സിൽ തന്നെ ഇരിക്കട്ടെ എന്ന് അവൾ വിചാരിച്ചു. മാത്രമല്ല ഇതൊക്കെ ഒരാളോട് പറയാനുള്ള ധൈര്യം പണ്ടേ ഇല്ലല്ലോ. എന്നാൽ റിയയുടെ മട്ടും ഭാവവുമൊക്കെ ക്ലാസ്സിലെ മറ്റുകുട്ടികളും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അവർക്ക് ഇതിലെന്തോ പന്തികേട് തോന്നി. . അതുകൊണ്ടുതന്നെയായിരിക്കണം ഒരു ദിവസം അവരാ കുസൃതി, അല്ല വികൃതി ഒപ്പിച്ചത്.
സ്കൂളിലെ ഒരു വൈകുന്നേരം. ലാസ്‌റ് ബെൽ അടിച്ചുകഴിഞ്ഞാലും ക്ലാസ്സിലെ ചില കുട്ടികൾ പഠിക്കാനും മറ്റു ചില കാര്യങ്ങൾക്കും സ്കൂളിൽ തന്നെ ഇരിക്കാറുണ്ട്. മുതിർന്ന കുട്ടികൾ ആയതുകൊണ്ട് അവർക്ക് അതിനുള്ള അനുവാദവുമുണ്ട്. ഈ സമയം റിയ പരമാവധി പ്രയോജനപ്പെടുത്തും. എല്ലാവരും പഠിക്കുന്നതിനിടയിൽ റിയക്ക് ജോസൂട്ടിയോടുള്ള സംശയങ്ങൾ കൂടും. അത് ചിലപ്പോൾ അവസാനം അവർ മാത്രം ക്ലാസ്സിൽ ബാക്കിയാകുന്ന സന്ദർഭം വരെ ആകും. ആ ദിവസവും അതിൽ പെട്ടതായിരുന്നു. പക്ഷെ തങ്ങൾ വീട്ടിൽ പോകുകയാണെന്ന ഭാവത്തിൽ ക്ലാസ്സിൽ നിന്ന് ഇറങ്ങി അവിടെ കാത്തിരിക്കുന്ന കുറച്ചു വിരുതന്മാരുണ്ടായിരുന്നു. അവർ ഒരു ചെറിയ പണി ചെയ്തു. ക്ലാസ്സിൽ റിയയും ജോസൂട്ടിയും മാത്രമായ നേരത്തു അവർ ആ മുറിയുടെ വാതിലടച്ചു പൂട്ടിയിട്ടു...
ജോസൂട്ടി പക്ഷെ അത് അത്ര കാര്യമാക്കിയില്ല. "വേറെ പണിയൊന്നുമില്ലെഡേയ്... വന്നു തുറന്നു താ..." എന്നവൻ വിളിച്ചു പറഞ്ഞു, കാരണം അവർ അവിടെത്തന്നെയുണ്ടാകുമെന്നു അവനു ഉറപ്പായിരുന്നു. പക്ഷെ റിയക്ക് അതങ്ങനെ ആയിരുന്നില്ല. ഇനി അവർ വാതിൽ തുറന്നില്ലെങ്കിൽ?! അവൾക്ക് ഊഹിക്കാൻ പോലും പറ്റുന്നില്ല. വീട്ടിൽ എത്താൻ വൈകിയാൽ... ആരെങ്കിലും കണ്ടാൽ... അങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി... അവൾ ആകെ ഭയന്നുവിറച്ചു. അവളുടെ മുഖം ആകെ വിറളിയിരിക്കുന്നു. കണ്ണിൽ നിന്ന് കണ്ണുനീർ വരാൻ തുടങ്ങി. എന്തുചെയ്യണമെന്നറിയാതെ അവൾ കുഴങ്ങി. ജനവാതിലിലൂടെ നോക്കിയാൽ തന്നെ കാണാൻ കഴിയാത്ത ക്ലാസ്റൂമിൻ്റെ ഒരു മൂലയിൽ അവൾ പതുങ്ങിയിരുന്ന് കരയാൻ തുടങ്ങി.
റിയയുടെ ഈ ഭാവമാറ്റം എല്ലാം കണ്ടു അതുവരെ കൂൾ ആയിരുന്ന ജോസൂട്ടിക്കും ആവലാതിയായി. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുന്നത്. അവനു ശെരിക്കും ആധിയായി. അവൾക്കു വല്ലതും സംഭവിക്കുമോ എന്ന പേടി വന്നു. അവൻ വാതിലിൽ ശക്തിയായി മുട്ടാൻ തുടങ്ങി... എന്നിട്ടൊരു അലർച്ചയും... 'തുറക്കെടാ പന്നികളെ...'. അവർ തുറക്കാതെ വന്നപ്പോൾ അവൻ വാതിൽ പൊളിക്കാൻ ശ്രമിച്ചു... ഇതിനിടയിൽ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. കാര്യം പന്തിയല്ലെന്ന് മനസ്സിലായപ്പോൾ കൂട്ടുകാർ തന്നെ വന്നു തുറന്നു. ഉടനെ അവരുടെ ഷർട്ടിൻ്റെ കോളറിൽ പിടിക്കാൻ പോയ ജോസൂട്ടി പെട്ടന്ന് എന്തോ ഓർത്തു തിരിച്ചു ക്ലാസ്സിൽ കയറി റിയയുടെ അടുത്തെത്തി. അവൾ നിലത്തിരുന്നു തലയും താഴ്ത്തി കരയുകയാണ്. "റിയ...", അവൻ അവളെ വിളിച്ചെങ്കിലും കരച്ചിലിനിടയിൽ അവൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവൻ പതിയെ അവളുടെ ചുമലിൽ തട്ടി വിളിക്കാൻ ശ്രമിച്ചു. ദേഹത്ത് തൊട്ടതും അവൾ ഒന്ന് ഞെട്ടിയെഴുന്നേറ്റു... ആ മുഖം ഭയം കൊണ്ട് വിറക്കുന്നുണ്ട്... ക്ലാസ്സിൻ്റെ വാതിൽ തുറന്നിട്ടുണ്ടെന്നു കണ്ടപ്പോൾ അവൾ ഒന്നും പറയാതെ പുറത്തേക്ക് ഓടി...
ഈ കഥ ക്ലാസ്സിൽ എല്ലാവരും അറിഞ്ഞു. പക്ഷെ റിയയെ അത് വലുതായി ബാധിച്ച മട്ടില്ല. തലേ ദിവസം ക്ലാസ്സിൽ നിന്ന് ഇറങ്ങിപ്പോയപോലെയല്ല അവൾ പിറ്റേ ദിവസം തിരിച്ചു വന്നത്. ആള് വളരെ നോർമൽ തന്നെയാണ്. ഇന്നലെ അപ്പോഴത്തെ വെപ്രാളത്തിൽ എന്തൊക്കെയോ കാണിച്ചുകൂട്ടിയെന്നു മാത്രം. അതവൾ വിട്ടു. വീട്ടിൽ അറിയരുത് എന്നേ അവൾക്കുണ്ടായിരുന്നുള്ളൂ. പിന്നെ ക്ലാസ്സിൽ സംഗതി പാട്ടായത്, അതവൾക്ക് ഒരു വിഷയമായി തോന്നിയില്ല. സാധാരണ കളിയാക്കുന്ന കാര്യങ്ങളിലേക്ക് ഇതും കൂടി എന്ന് മാത്രം.
സത്യത്തിൽ മാറിയത് ജോസൂട്ടിയാണ്. കുടുംബത്തിലെ ഏക ആൺതരിയായ അവൻ്റെ മനസ്സിൽ നിന്ന് പേടിച്ചവശയായ ആ റിയയുടെ മുഖം വിട്ടുപോയില്ല. അവനതു ശെരിക്കും ഒരു ഷോക്ക് തന്നെയായിരുന്നു. ആ സംഭവം ശെരിക്കും അവനെ മാറ്റിയെടുത്തു എന്ന് പറയാം. ആ പേടി മനസ്സിൽ നിന്നും മാറിയില്ല. അവനു ഒരു പെൺകുട്ടിയുടെയും മുഖത്തുപോലും നോക്കാൻ ധൈര്യമില്ലതായി. അവരിൽ നിന്ന് അകലം പാലിക്കാൻ പരമാവധി ശ്രമിച്ചു.
ജോസൂട്ടിയുടെ ഈ മാറ്റം ശെരിക്കും വേദനിപ്പിച്ചത് റിയയെ ആണ്. അവനിപ്പോൾ അവളുടെ മുമ്പിൽ നിൽക്കാനേ വരാറില്ല. പഴയ കുഞ്ഞു കുഞ്ഞു സംസാരങ്ങളൊക്കെ നിലച്ചു. റിയ എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞു. ഇല്ലാത്ത ധൈര്യം ഉണ്ടാക്കി ആ സംഭവം ഒക്കെ മറക്കണമെന്നു പറയാൻ അവൾ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല. എല്ലായ്‌പ്പോഴും അവൻ ഒഴിഞ്ഞു മാറി. അത് ആ സ്കൂൾ കാലം തീരുന്നതു വരെ അങ്ങനെതന്നെ തുടർന്ന് പോന്നു.
സ്കൂൾ കഴിഞ്ഞ ശേഷവും റിയ അവനെ കാണും, വർഷത്തിൽ ഒരിക്കൽ മാത്രം... പള്ളിപ്പെരുന്നാളിന്. ആദ്യ രണ്ടുവർഷവും അവനാ ചുവപ്പുകുടയെടുക്കാൻ വന്നു, മറുവശത്തു അവളും കാണും, അവനൊന്നും മിണ്ടിയില്ലെങ്കിൽ കൂടി. അടുത്ത വർഷം അവൻ ചുവപ്പു കുട എടുത്തില്ല. അവൻ എവിടെപ്പോയെന്നു റിയക്കു മനസ്സിലായില്ല. പക്ഷെ പിന്നെ അവൾ ആളെ കണ്ടുപിടിച്ചു. പ്രദക്ഷിണത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ രൂപം ചുമക്കുന്നതിൽ ഒരാൾ ജോസൂട്ടിയാണ്. അവരിപ്പോൾ ചെറിയ കുട്ടികളൊന്നുമല്ല, യുവതീയുവാക്കളായി മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ പലയിടങ്ങളിലും അവൾ അവനെ കണ്ടു. ഊട്ടുനേർച്ചക്ക് എല്ലാവർക്കും ഭക്ഷണം കൊടുക്കുന്നതിനിടയിൽ അവൾക്കും ഭക്ഷണം വിളമ്പാൻ ജോസൂട്ടിയുണ്ടായിരുന്നു. അപ്പോഴും ആരുടേയും മുഖത്തേക്ക് അവൻ നോക്കുന്നുണ്ടായിരുന്നില്ല. അവൾക്കതിൽ സങ്കടമൊന്നുമില്ല, അതൊക്കെ ശീലമായതാണല്ലോ...
------------------------------
"കഥ ഇത്രമതിയോ?", അഭിയുടെതാണ് ചോദ്യം.
"തല്ക്കാലം ഇത്ര മതി. ക്ലൈമാക്സ് എനിക്ക് വിട്ടേയ്ക്ക്", ജാൻവി ഹാപ്പിയാണ്.
"ഇതെന്തിനാണെന്നു നീ ഇതുവരെ പറഞ്ഞില്ലല്ലോ...?"
"അതൊക്കെ പറയാം, പക്ഷെ ഇപ്പോഴല്ല. ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ, ഈ കഥയുടെ ക്ലൈമാക്സ് എങ്ങനെ ആകണമെന്ന ആഗ്രഹം? അവർ തമ്മിൽ ഒന്നിക്കണമെന്ന് തോന്നുന്നുണ്ടോ?"
"ഇല്ല"
അഭി ഒറ്റയടിക്ക് ഉത്തരം പറഞ്ഞപ്പോൾ ജാൻവി ഒന്ന് അത്ഭുതപ്പെട്ടു.
"എന്ത് ക്രൂരനാടോ താൻ... അതെന്താ അങ്ങനെ തോന്നാത്തെ?"
"അതിൻ്റെ ആവശ്യമില്ലാത്തതുകൊണ്ടു തന്നെ"
"കാരണം?"
"നീ എനിക്ക് പറഞ്ഞു തന്നത് റിയയുടെ ക്യാരക്റ്റർ മാത്രമാണ്, ബാക്ക്ഗ്രൗണ്ട് അല്ല. എനിക്ക് മനസ്സിലായത് അധികം സ്‌നേഹമൊന്നും കിട്ടിയല്ല റിയ വളർന്നത് എന്നാണ്. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ ഇടയിൽ ജോസൂട്ടി മാത്രം അല്പം സ്നേഹം കാണിച്ചപ്പോൾ അവൾക്ക് സ്വാഭാവികമായും അവനോട് ഇഷ്ടം തോന്നി. നമ്മൾ ജോസൂട്ടിയുടെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ അവനു റിയയോട് ഇഷ്ടം തോന്നേണ്ട എന്ത് കാര്യമാണുള്ളത്? ആകെ അവളെക്കുറിച്ചുള്ള ഓർമ്മ ഒരു മുറിവായി ഇപ്പോഴും അവനിൽ ഉണ്ട് താനും. അവനത് എങ്ങനെയെങ്കിലും മറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അവളെ സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരുമെന്നു തോന്നുന്നുണ്ടോ? മാത്രമല്ല അധികം സ്നേഹമൊന്നും കിട്ടി ശീലമില്ലാത്തതുകൊണ്ടാണ് റിയക്ക് അവൻ്റെ ഒരു പുഞ്ചിരി പോലും അത്രക്ക് വലുതായി തോന്നുന്നത്. അവളെ അതിലേറെ സ്നേഹിക്കാൻ പറ്റുന്ന ഒത്തിരി പേർ ഉണ്ടാകുമെന്നു എനിക്ക് ഉറപ്പാണ്".
അഭി അത്രയും പറഞ്ഞു നിർത്തിയതിനുള്ള മറുപടി ജാൻവി ഒരു മൂളലിൽ ഒതുക്കി. പക്ഷെ അഭിക്ക് അത് മതിയായിരുന്നില്ല.
"ഇനി എന്താ നിൻ്റെ അഭിപ്രായം?", അഭി ചോദിച്ചു.
"അതും ഞാൻ പിന്നെ പറയാം..."
"ഇതൊരുമാതിരി... ", അഭി എന്തൊക്കെയോ പിറുപിറുത്തു.
"ഒന്ന് ക്ഷമി മാഷെ..."
------------------------------
ജാൻവി അവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് അഞ്ചു മിനിറ്റ് ആയി. മാനേജർ എന്തോ ഫോണിലാണെന്നു തോന്നുന്നു. കുറച്ചു കഴിഞ്ഞു അവളുടെ ഫ്രണ്ട് വന്നിട്ട് പറഞ്ഞു -
"പുള്ളി ഇപ്പോൾ ഫ്രീ ആണ്. നീ പോയി കഥ പറ. ഓൾ ദി ബെസ്റ്"
ജാൻവി ഓഫീസിൻ്റെ അകത്തേക്ക് പ്രവേശിച്ചപ്പോൾ കണ്ടത് ചീകിയൊതുക്കിയ ചുരുണ്ടമുടിയുമായി, വട്ടമുഖമൊക്കെയുള്ള, മാന്യമായി ഡ്രസ്സ് ധരിച്ച ഒരു ചെറുപ്പക്കാരനെ. കഴുത്തിൽ കമ്പനിയുടെ ഐഡി ടാഗ് ഉണ്ട്. അകത്തേക്ക് വരുമ്പോൾ ആ ഓഫീസിൻ്റെ വാതിൽ തുറന്നുവെക്കാൻ പറഞ്ഞു. അത് കേട്ടപ്പോഴുള്ള ജാൻവിയുടെ മുഖത്തെ 'അതെന്തിനാ'ണെന്ന ഭാവം മനസ്സിലായതുകൊണ്ടാകും ഒരു ചിരിയോടെ അതിൻ്റെ കാരണം അപ്പോൾ തന്നെ പറഞ്ഞത്-
"മറ്റൊന്നും കൊണ്ടല്ല... എനിക്ക് ചെറിയ രീതിയിൽ ക്ലോസ്സ്‌ട്രോഫോബിയ ഉണ്ട്... അഥവാ ഈ കൺഫൈൻഡ് ആയ സ്ഥലങ്ങളിൽ ഞാൻ അത്ര കംഫോർട്ടബിൾ അല്ല... വേറൊന്നും തോന്നരുത്..."
ജാൻവി ആ വാതിൽ തുറന്നു വെച്ച ശേഷം അവിടെയുള്ള കസേരയിൽ ഇരുന്നു. ആ കുഞ്ഞു പ്രൊഡക്ഷൻ കമ്പനിയിലെ മാനേജർക്ക് കഥ ഇഷ്ടമായാലേ ബാക്കി നടക്കൂ എന്ന തിരിച്ചറിവുള്ളതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയാണ് ജാൻവി അതവതരിപ്പിച്ചത്.
അവൾ പറഞ്ഞു തുടങ്ങി... "റിയയും ജോ... (ഒന്ന് നിർത്തിയ ശേഷം ജാൻവി തുടർന്നു)... ജോർജും!"
കഥയിലെ ഓരോ ഭാഗം പറയുമ്പോഴും ആ മാനേജരുടെ മുഖത്ത് വരുന്ന ഭാവമാറ്റങ്ങൾ ജാൻവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും ജോർജിനെക്കുറിച്ചു പറയുന്ന സ്ഥലങ്ങളിൽ. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവിടെ ചുറ്റും മൂകതയായിരുന്നു.
അല്പം കഴിഞ്ഞിട്ടാണെങ്കിലും അയാൾ തൻ്റെ മാനേജർ റോളിലേക്ക് തിരിച്ചു വന്നു - "വാട്ട് എബൌട്ട് ക്ലൈമാക്സ്?"
"ക്ലൈമാക്സിൽ ഇപ്പോഴും ഒരു കൺഫ്യൂഷൻ ഉണ്ട്. സാറിൻ്റെ കൂടി ഒപ്പീനിയൻ അറിഞ്ഞിട്ടു മതിയെന്ന് വിചാരിച്ചു. അതുപോലെതന്നെ ഈ ജോർജ് എന്നുള്ള പേരും മാറ്റണമെന്ന് തോന്നി. എന്തോ ഒരു സുഖക്കുറവ് ഫീൽ ചെയ്യുന്നു."
ജാൻവിയുടെ ആ മറുപടി അയാളെ വീണ്ടും വല്ലാതെ അലട്ടുന്നപോലെ. മാനേജർ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല. "ഞാൻ തീരുമാനം അറിയിക്കാം" എന്ന് മാത്രം പറഞ്ഞു. ആ ഓഫീസിൽ കയറുമ്പോൾ ജാൻവിയുടെ മുഖത്തുണ്ടായിരുന്ന ടെൻഷൻ ഇപ്പോൾ മാനേജരുടെ മുഖത്തായെന്നു തോന്നുന്നു.
പോകാൻ നേരത്തു ജാൻവിയോട് ആ മാനേജർ ഒരു ചോദ്യം കൂടി ചോദിച്ചു - "സത്യത്തിൽ അന്ന് ആ ഡെസ്കിൽ എഴുതിയത് ആരാണ്?"
അതിനു പക്ഷെ ജാൻവിക്ക് ഉത്തരമുണ്ടായിരുന്നില്ല. പുറത്തു കൂട്ടുകാരി അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു, വിവരങ്ങൾ അറിയാൻ.
"സാറ് അങ്ങനെ ചെയ്യാത്തതാണല്ലോ... പുള്ളിക്ക് ഒരു സ്റ്റോറി കേട്ടാൽ മതി കാര്യം വർക്ഔട്ട് ആകുമോ ഇല്ലയോ എന്ന് മനസ്സിലാകും... അതുകൊണ്ട് 'യെസ്' എന്നോ 'നോ' എന്നോ മറുപടി കൊടുത്തിട്ടേ ആളെ പറഞ്ഞുവിടൂ... പിന്നെ നിന്നോട് എന്തായിരിക്കും അങ്ങനെ പറഞ്ഞത്?", കൂട്ടുകാരിക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ളപോലെ തോന്നി.
പക്ഷെ ജാൻവിക്ക് അക്കാര്യമോർത്തു വലിയ ടെൻഷൻ ഒന്നും ഉള്ള പോലെ തോന്നുന്നില്ല. കൂട്ടുകാരി അല്പം കൂടി ശബ്ദം താഴ്ത്തിക്കൊണ്ടു തുടർന്നു -
"സാറ് നിന്നോട് ഓഫീസിൻ്റെ ഡോർ ഓപ്പൺ ചെയ്തു വെക്കാൻ പറഞ്ഞില്ലേ? സത്യത്തിൽ അത് ക്ലോസ്സ്‌ട്രോഫോബിയ ഒന്നുമല്ല... വേറെന്തോ ആണ്... സ്ത്രീകൾ ഓഫീസിലേക്ക് വന്നാൽ മാത്രമേ പുള്ളിക്ക് ആ പ്രോബ്ലം ഒള്ളു... സാറ് ഒരു സൈക്കിയാട്രിസ്റ്റിനെയൊക്കെ കണ്ടുനോക്കിയെന്നു കേൾക്കുന്നു... എന്നിട്ടും വലിയ മാറ്റമൊന്നുമില്ല... ഓരോരോ മനുഷ്യരുടെ അവസ്ഥേ...! ആ അതൊക്കെ വിട്... എന്തായാലും ഷോർട്ട് ഫിലിം നടന്നാൽ ചിലവുണ്ട് ട്ടോ... അത് മറക്കേണ്ട..."
------------------------------
"ഞാൻ ഇന്ന് കുറച്ചു ലേറ്റ് ആയേ വരൂ എന്ന് പറഞ്ഞിരുന്നതല്ലേ... എനിക്കിന്ന് വേറൊരു അപ്പോയ്ന്റ്മെന്റ് ഉണ്ട്... അതൊക്കെ നിങ്ങൾ തന്നെ ഡീൽ ചെയ്യ്... ഇനി എന്നെ ശല്യപ്പെടുത്തരുത്...", മാനേജർ സഹികെട്ടാണ് ഫോണെടുത്തു അത്രയും സംസാരിച്ചത്. അതിനുശേഷം മുമ്പിലിരിക്കുന്ന ആളിലേക്ക് തിരിഞ്ഞു-
"സോറി ഡോക്ടർ, വർക്കിലെ ഓരോ കാര്യങ്ങളാ..."
"എനിക്കതു മനസ്സിലാകും... അല്ലെങ്കിൽപിന്നെ ഞാനൊരു സൈക്കിയാട്രിസ്റ് ആണെന്ന് പറഞ്ഞു നടക്കുന്നതിൽ അർത്ഥമില്ലല്ലോ...", ഡോക്ടറുടെ ആ ഡയലോഗ് കേട്ടിട്ട് രണ്ടുപേരും ചിരിച്ചു. കണ്ണടയും ഫ്രഞ്ച് താടിയൊന്നുമില്ലാത്ത ചെറുപ്പക്കാരനായ ഒരു സൈക്കിയാട്രിസ്റ്.
"ഡോക്ടർ എന്തിനാ വരാൻ പറഞ്ഞത്?" ചിരിക്കിടയിൽ മാനേജർ ചോദിച്ചു.
"താങ്കളുടെ കണ്ടീഷനിൽ പുരോഗതി എന്തെങ്കിലും ഉണ്ടോ എന്നറിയാനാ... കുറച്ചായിട്ട് ഇപ്പോൾ ഇങ്ങോട്ടൊന്നും കാണുന്നില്ലല്ലോ..."
"ഞാൻ ശ്രമിക്കുന്നുണ്ട് ഡോക്ടർ... പക്ഷെ എന്നെക്കൊണ്ട് കഴിയുന്നില്ല... ആ മുഖം മനസ്സിൽ നിന്നും പോകേണ്ടേ... ഇതിനിടയിൽ എന്നോട് ചോദിക്കാതെ പേരെന്റ്സ് മാട്രിമോണിയൽ സൈറ്റിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കി. അറിഞ്ഞയുടൻ ഞാനത് ഡിലീറ്റ് ചെയ്തു. എനിക്ക് സത്യത്തിൽ പേടിയാ... ഒന്നും വേണ്ട, അറ്റ്ലീസ്റ്റ് എൻ്റെ ഫസ്റ്റ്നെറ്റിൻ്റെ കാര്യം തന്നെ ആലോചിച്ചാൽ മതി. ആ സമയത്തു വാതിൽ തുറന്നു വെക്കാൻ പറ്റില്ലല്ലോ... (ഒരു തമാശ രൂപേണ അക്കാര്യം പറഞ്ഞെങ്കിലും ആള് ശെരിക്കും നിരാശനായിരുന്നു) അല്ലെങ്കിൽ ഞാൻ ഒറ്റയ്ക്കൊരു വീട്ടിലേക്ക് താമസം മാറണം. പക്ഷെ പപ്പയെയും മമ്മയെയും ഒറ്റയ്ക്കാക്കാൻ വയ്യ... മാത്രമല്ല ആൾക്കാർ എന്ത് വിചാരിക്കും..."
"'ആൾക്കാർ എന്ത് വിചാരിക്കും'... (ഡോക്ടർ ചിരിച്ചുകൊണ്ട്) ഓ ഗോഡ്... ഇതിനിടയിൽ ആ നെഗറ്റിവിറ്റി കൂടി തലയിൽ എടുത്തുവെക്കണോ മിസ്റ്റർ??... അതൊക്കെ പോട്ടെ, അതിൻ്റെയൊന്നും ആവശ്യം വരില്ലെന്ന് പ്രതീക്ഷിക്കാം... ഞാൻ നേരത്ത പറഞ്ഞിരുന്നല്ലോ ഇതൊരു അസുഖമല്ല, മറിച്ചു ഒരു മെഡിക്കൽ കണ്ടിഷൻ മാത്രമാണെന്ന്... അതുകൊണ്ട് തന്നെ മരുന്നുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവാൻ സാധ്യതയില്ല... പ്രാക്ടിക്കൽ ആയി എന്തെങ്കിലും ട്രൈ ചെയ്താലേ നടക്കൂ... അതിനാണ് ഞാൻ ഇന്ന് വരാൻ പറഞ്ഞതും..."
"ഡോക്ടറുടെ മനസ്സിൽ എന്തെങ്കിലും ഐഡിയ ഉണ്ടോ?", ആകാംഷയോടെ ആ മാനേജർ ചോദിച്ചു.
"ഇതൊരു എക്സ്പെരിമെന്റ ആണ്... ചിലപ്പോ ശെരിയായേക്കാം... നിങ്ങൾ ഇവിടെത്തന്നെ ഇരിക്കൂ... ഞാൻ ഇപ്പോൾ വരാം..."
ഇത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ ആ മുറിയുടെ പുറത്തേക്ക് ഇറങ്ങി. മാനേജരോട് ചോദിക്കാതെ തന്നെ ആ മുറിയുടെ വാതിലടച്ചു പുറത്തുനിന്നു പൂട്ടി. പുറത്തു ജാൻവി നിൽക്കുന്നുണ്ടായിരുന്നു. 'എന്തായി?' എന്ന് പതിയെ ചോദിച്ച അവളോട് എല്ലാം ഓക്കെ ആണെന്ന് ഡോക്ടർ ആംഗ്യം കാണിച്ചു.
അപ്രതീക്ഷിതമായി ഡോക്ടർ ആ മുറിയുടെ വാതിലടച്ചതുകണ്ടു മാനേജർ ഒന്ന് ശങ്കിച്ചെങ്കിലും സ്വന്തം സീറ്റിൽ നിന്ന് എഴുന്നേറ്റില്ല. പെട്ടന്നാണ് ആ മുറിയിലെ വാഷിംഗ് റൂമിൻ്റെ കർട്ടൻ മാറ്റി ഒരാൾ അദ്ദേഹത്തിൻ്റെ അടുത്തേക്ക് വന്നത്. അത് റിയയായിരുന്നു!
മാനേജർ ആ ഷോക്കിൽ സീറ്റിൽ നിന്നും എഴുന്നേൽക്കാൻ നോക്കി നിലത്തുവീണു. പഴയ ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് വന്നു... താൻ ഇപ്പോൾ അതേ അവസ്ഥയിലാണെന്ന ചിന്ത ഉടലെടുത്തു... അടച്ചിട്ട മുറി... താനും ഒരു പെൺകുട്ടിയും മാത്രം... പക്ഷെ ഇത്തവണ അവളുടെ മുഖത്ത് പരിഭ്രമത്തിൻ്റെ അലയൊലികൾ ഇല്ല... ചെറിയൊരു പുഞ്ചിരി മാത്രം!
------------------------------
വിശുദ്ധ യൗസേപ്പിതാവിൻ്റെ എൺപതാമത് ദർശന തിരുന്നാൾ ദിനം. ജാൻവിയുടെ നിർബന്ധപ്രകാരമാണ് അഭി അവിടെയെത്തിയത്.
"എവിടെ റിയയും ജോസൂട്ടിയും?", ജാൻവിയെ കണ്ടയുടനെ അവൻ ചോദിച്ചത് അതാണ്. അത് കേട്ടപ്പോൾ ജാൻവിയും ഒന്ന് ഞെട്ടി.
"ഏത് റിയ? ഏത് ജോസൂട്ടി?"
"അത് വിട്ടേക്ക് മോളെ... നീ ഈ പള്ളിപ്പെരുന്നാളിലോട്ട് എന്നെ വിളിച്ചത് ഒന്നും കാണാതെയല്ലെന്നു എനിക്കുറപ്പാ... നീ ആ കഥ പറയുമ്പോഴേ അതിലൊരു ലൈഫ് ഉള്ള പോലെ തോന്നിയിരുന്നു. ആ കഥയും ഈ പെരുന്നാളും എല്ലാം കണക്റ്റഡ് ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല..."
"അത്രക്ക് ഉറപ്പാണെങ്കിൽ ഈ പ്രദക്ഷിണത്തിൽ അവരെ കണ്ടുപിടിക്കാൻ പറ്റുമോ എന്ന് നോക്ക്..."
അഭി അതൊരു ചലഞ്ച് ആയിത്തന്നെ എടുത്തു. ജോസൂട്ടിയെ കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടില്ലായിരുന്നു... യൗസേപ്പിതാവിൻ്റെ രൂപം ചുമക്കുന്നവരെ നോക്കിയാൽ മതി. അതിൽ ചുരുണ്ടമുടി, വട്ട മുഖം... വളരെ സിമ്പിൾ. അവൻ ആളെ കണ്ടെത്തി. പക്ഷെ റിയയെ കാണാൻ കുറച്ചു പാടുപെട്ടു. ചുവന്ന കുട പിടിക്കുന്ന അത്രയധികം സ്ത്രീകളിൽ ആരെ ചൂണ്ടിക്കാണിക്കും? എന്നാലും അവൻ്റെ മനസ്സിലുള്ള ഒരു രൂപം വെച്ച് അവൻ ഒരു പെൺകുട്ടിയെ ചൂണ്ടി... എന്നിട്ട് ജാൻവിയെ നോക്കി.
"എടാ മിടുക്കാ... കണ്ടുപിടിച്ചു കളഞ്ഞു... (ഒരു ഫുൾസ്റ്റോപ്പിട്ട ശേഷം) എന്ന് വിചാരിച്ചോ... തേങ്ങയാ... അത് ഏതു പെങ്കൊച്ചാണോ എന്തോ... ജോസൂട്ടി രൂപമെടുക്കാൻ തുടങ്ങിയതിൽ പിന്നെ റിയ കുടയെടുക്കാൻ പോയിട്ടില്ല. അവൾ ദേ ദൂരെ കാണുന്ന ആ മാവിൻ്റെ ചുവട്ടിൽ നിന്ന് അവനെ നോക്കിയിരിക്കും... ഈ പ്രദക്ഷിണം ഒന്ന് കഴിയട്ടെ... രണ്ടുപേരെയും ഞാൻ നിൻ്റെ മുന്നിൽ നിർത്തിത്തരാം..."
"ആഹാ... അത് കൊള്ളാലോ... എന്നാലും ഇതെങ്ങനെ നിൻ്റെ കയ്യിൽ എത്തിപ്പെട്ടു?!"
"എൻ്റെ റൂംമേറ്റ് ആണെടോ റിയ... അവൾക്ക് വേണ്ടി ഞാനല്ലാതെ വേറെ ആരാ ഇത് ചെയ്യേണ്ടേ. ഒരു ദിവസം എൻ്റെ പ്രൊഫൈലിന് പറ്റിയവ ഞാനും അവളും കൂടി മാട്രിമോണിയൽ സൈറ്റിൽ തപ്പിക്കൊണ്ടിരിക്കുമ്പോഴാണ് ഈ ജോസൂട്ടി പൊങ്ങിവരുന്നത്. പുള്ളിയെ കണ്ടപ്പോഴേ അവളൊന്നു ഞെട്ടിയത് ഞാൻ ശ്രദ്ധിച്ചു. പിന്നെ എനിക്ക് ഈസി ആയിരുന്നു. കാര്യങ്ങൾ ചൂഴ്ന്നെടുക്കാൻ അധികം ടൈം വേണ്ടിവന്നില്ല. ഇനി അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ അടുത്തയാഴ്ച ഈ പുണ്യാളന്മാരെ സാക്ഷിയാക്കി അവരുടെ മനസമ്മതം നടക്കും."
"അത് വരെ എത്തിയോ കാര്യങ്ങൾ?! അതെങ്ങനെ?"
"അതൊക്കെ നടന്നു, പക്ഷെ പിറകെ സ്വല്പം ഓടേണ്ടി വന്നെന്നു മാത്രം. നിൻ്റെ അഭിപ്രായം കേട്ടപ്പോൾ ശെരിയാണെന്നു തോന്നിയെങ്കിലും എനിക്കെന്തോ അങ്ങനെ വിട്ടുകളയാൻ തോന്നിയില്ലെടാ... ഒരിക്കലെങ്കിലും റിയയെ കണ്ടാൽ നിനക്കത് മനസ്സിലാകും... നമ്മൾ ജോസൂട്ടിയുടെ ഭാഗത്തു നിന്ന് ചിന്തിച്ചുകൂട്ടുന്നതിനേക്കാൾ നല്ലത് ജോസൂട്ടിയുടെ തന്നെ അഭിപ്രായം നേരിട്ട് അറിയുന്നതാണെന്നു തോന്നി, സിമ്പിൾ! "
അഭി എല്ലാ കാര്യങ്ങളും ജാൻവിയിൽ നിന്ന് മനസ്സിലാക്കി. എല്ലാം കലങ്ങിത്തെളിഞ്ഞതിൽ അവനും സന്തോഷം. എന്നാലും ആ ഒരു ചോദ്യം അവനെയും വേട്ടയാടുന്നുണ്ടായിരുന്നു-
"അന്ന് ശെരിക്കും ആരായിരിക്കും ഡെസ്കിൽ അതെഴുതിയത്??"
------------------------------
Comments
Post a Comment