May 24-26, 2013


ബ്ലോഗ്ഗിൽ വല്ലതും ഒക്കെ എഴുതണമെന്നു തോന്നുമ്പോൾ ആദ്യം നോക്കുക ഡയറിയിലേക്കാ. അതിൽ വല്ല തുമ്പും കിട്ടുമെന്ന് ഉറപ്പാണ്. പിന്നെ അതിൽപിടിച്ചങ്ങു കയറും. അങ്ങനെയൊരു സന്ദർഭത്തിലാണ് ഇതും ഞാൻ കണ്ടത്. വർഷം 2013; ഡിഗ്രീ ഫസ്റ്റ് ഇയർ കഴിഞ്ഞു വൊക്കേഷന് നാട്ടിൽ വന്ന കാലം. മെയ് 24 - 26, മൂന്നു ദിവസത്തെയും ഡയറി ഒരുമിച്ചായിരുന്നു. സാധാരണ വല്ല ട്രിപ്പും മറ്റും പോകുമ്പോഴാണ് ഇങ്ങനെ കാണാറ്. പക്ഷെ ഇതതല്ല. സത്യത്തിൽ ആ മൂന്നു ദിവസവും എനിക്ക് ഒരൊറ്റ ദിവസമായിട്ടേ തോന്നിയുള്ളൂ... അത്രയും നേരം മാത്രമേ ഞാൻ ബോധപൂർവം ഉണ്ടായിരുന്നുള്ളൂ

അന്ന് ഏകദേശം 11 മണി ആയപ്പോഴേക്കും ഹോപിറ്റലിലെത്തി (ഇതിനു ശേഷം ഒരിടത്തും സമയം പറയാൻ ചാൻസ് ഇല്ല). എന്നെപ്പോലെ സർജറിക്ക് വന്ന വേറെ ഒരുത്തനെയും കണ്ടു, പരിചയപ്പെട്ടു - സിറാജുദ്ദീൻ - ഏകദേശം എൻ്റെ അതേ പ്രായം. പക്ഷെ അവൻ എന്നെപോലെയല്ല, ആദ്യമായിട്ടായിരുന്നു, അതിൻ്റെ ടെൻഷനും മുഖത്തുണ്ട്. അതുകൊണ്ടാണ് ആദ്യം ബ്ലഡ് ടെസ്റ്റ് നടത്തിയപ്പോഴേ തലകറങ്ങുന്ന പോലെ അവനു തോന്നിയത്. അവനു മൂക്കിനായിരുന്നു സർജറി.

ഉച്ചക്കാണ് സർജറി നിശ്ചയിച്ചിരുന്നത്. മൂന്നാലു വർഷങ്ങൾക്ക് മുമ്പായിരുന്നെങ്കിലും ഒരു പ്രാവശ്യം കഴിഞ്ഞതുകൊണ്ട് എനിക്ക്  ഒരു ടെൻഷനും ഉണ്ടായിരുന്നില്ല. ഞാൻ മൊബൈലിൽ ഓരോന്ന് കണ്ടിരുന്നു. പക്ഷെ ഇനി ഒരു സർജറിക്ക് തയ്യാറാണോ എന്ന് ചോദിച്ചാൽ 'No' എന്നെ പറയൂ. അത് കഴിഞ്ഞുള്ള കിടപ്പു തന്നെ കാരണം.

ഡ്രിപ് ഇടുന്നതാണ് (IV Medication) എനിക്ക് ഹോസ്പിറ്റലിൽ തീരെ ഇഷ്ടമല്ലാത്ത കാര്യം. പക്ഷെ അതൊഴിവാക്കാൻ പറ്റില്ലല്ലോ. ഡ്രസ്സ് മാറ്റിയ ശേഷം സർജറി റൂമിലോട്ട്. അവിടെ പതിനഞ്ചു മിനിറ്റോളം കിടന്നിട്ടാണ് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയത്. ഇതിനിടയിൽ സർജറി കഴിഞ്ഞു കിടക്കുന്ന സിറാജുദ്ദീനെ അവിടെ കണ്ടു. മുഖത്തെ പ്ലാസ്റ്ററുകൾക്കിടയിൽ വ്യക്തമായി കാണുന്നത് ആ കണ്ണുകൾ മാത്രം, ബോധം തെളിഞ്ഞിട്ടുമില്ല... എന്നാലും അതവനാണെന്നു എനിക്ക് ഉറപ്പാണ്. കുറച്ചുകഴിഞ്ഞാൽ ഞാനും ആ കിടപ്പ് കിടക്കാനുള്ളതാണല്ലോ എന്നാലോചിച്ചു. സാരമില്ല, അതോടെ ഈ ചെവിയുടെ പ്രശ്നം തീർന്നുകിട്ടുമല്ലോ.

'ചടങ്ങു' നടക്കുന്ന റൂമിലെത്തിയപ്പോൾ അതുവരെ ഉണ്ടായിരുന്ന മൂകതയൊക്കെ മാറി, വല്ലാത്ത ഒരു അന്തരീക്ഷം. ഡോക്ടർ എന്തൊക്കെയോ തമാശയൊക്കെ പറഞ്ഞിരിക്കുന്നു, ബാക്ഗ്രൗണ്ടിൽ അടിപൊളി പാട്ടും - "തുമ്പീ വാ... തുമ്പക്കുടത്തിനൊരു...", എത്ര ജോളിയായിട്ടാണ് അവരിരിക്കുന്നത്. It was really comforting at that moment. നമുക്കും അതൊക്കെ അല്പം ധൈര്യം പകരും. അല്ലെങ്കിലും ആ ഡോക്ടറെ (ENT surgeon Dr. Mohammed Ali) കാണുന്നത് തന്നെ വല്ലാത്ത ഒരു സന്തോഷമാണ്. ചെറുപ്പത്തിൽ തന്നെ ചെവിക്ക് ഒരുപാട് പ്രോബ്ലം ഉണ്ടായപ്പോൾ ഇദ്ദേഹത്തിൻ്റെ അടുത്തേക്കാണ് വരാറ്. വളരെ മാന്യമായ പെരുമാറ്റം, കൂടെ കുട്ടിയായപ്പോഴുള്ള സ്പെഷ്യൽ സംസാരവും. ചിലപ്പോഴൊന്നും ഫീസ് വാങ്ങാറില്ല, മരുന്ന് ഡോക്ടറുടെ കയ്യിലുണ്ടെങ്കിൽ അപ്പോൾ തന്നെ തരും. അന്നേ പറഞ്ഞതാ രണ്ടു ചെവിക്കും സർജറി വേണ്ടിവരുമെന്ന്. ഒന്നിന് കഴിഞ്ഞ ശേഷം അധികം പ്രോബ്ലം ഒന്നും ഇല്ലാത്തോണ്ട് പിന്നെ കുറച്ചു കാലം ആളുടെ അടുത്ത് പോയില്ലായിരുന്നു. പിന്നെ കണ്ടപ്പോൾ 'ആഹാ, ഒരു വിവരവുമില്ലല്ലോ....' അങ്ങനെ കുറെ കുശലാന്വേഷണങ്ങളും! യാതൊരു ജാഡയും ഇല്ലാത്ത മനുഷ്യൻ.

ഡോക്ടർ എല്ലാവരോടും അങ്ങനെയാണെന്ന് കൂടെയുള്ളവരോട് സംസാരിക്കുന്നതിൽ നിന്ന് മനസ്സിലാക്കാം. ഇതിനിടയിൽ ഞാനാലോചിക്കുന്നത് 'ഇവരെന്താ എന്നെ മയക്കാത്തത്' എന്നായിരുന്നു. ഡോക്ടർ എന്നോടും ഓരോരോ തമാശ പറഞ്ഞിരിക്കുന്നു. ഇതിനിടയിൽ ആരോ വന്നു ഒരു ഇഞ്ചക്ഷൻ എടുത്തു. 'ഓക്കേ... ഉറങ്ങാനുള്ള സമയമായി... കണ്ണുകൾ അടച്ചുകളയാം...' എന്ന് ചിന്തിക്കുമ്പോഴാണ് ഡോക്ടർ വീണ്ടും വന്ന് ഓരോന്ന് പറഞ്ഞിരിക്കുന്നു. 'എന്നെയൊന്നു ഉറങ്ങാൻ വിടൂ ഡോക്ടർ... കാര്യങ്ങളൊക്കെ നടക്കണ്ടേ....' അങ്ങനെയൊക്കെ ഓരോന്ന് ഞാൻ മനസ്സിൽ പറയുന്നുണ്ട്. കുറച്ചുകഴിഞ്ഞു ഡോക്ടർ അപ്പുറത്തേക്ക് പോയ ശേഷം ഞാൻ കണ്ണുകളടച്ചു. പക്ഷെ ഉറക്കമൊന്നും വരുന്നില്ല. ഇനി തന്നത് അതിനുള്ള ഡോസ് തന്നെയല്ലേ? പിന്നെയും അല്പസമയം കാത്തിരുന്നപ്പോൾ ഉറങ്ങാനുള്ള സമയം ആയെന്നു മനസ്സിലായി, കാരണം തല കറങ്ങുന്നതുപോലെ... പതിയെ ബോധം നഷ്ടമാവുന്നപോലെ.... പടച്ചോനേ...

                                                             -----------------------------------------------------------------------------------
                                                                            


പിന്നെ അല്പം ബോധം വന്നപ്പോൾ എവിടെയാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സ്‌ട്രെച്ചറിലാണ്... ആരൊക്കെയോ ചേർന്ന് എങ്ങോട്ടോ കൊണ്ടുപോവുന്നുണ്ട്... കൂട്ടിനു ഉമ്മയും ഉപ്പയും ഉണ്ടെന്നും തോന്നി... എല്ലാത്തിനുമുപരി തലയിൽ നല്ല വേദനയും... അധികനേരം നിന്നില്ല, വീണ്ടും മയക്കത്തിലേക്ക് തന്നെ.

പിന്നീട് ഉണർന്നപ്പോൾ സ്ഥലം മനസ്സിലായി -post operation ward. പക്ഷെ ഞാനത്ര സുഖത്തിലായിരുന്നില്ല. തലയിൽ വലിയൊരു കെട്ട്, അതിൻ്റെ വേദന, കയ്യിൽ ഡ്രിപ് കയറ്റാൻ വെച്ച സൂചിയുടെ വേദന മറ്റൊന്ന്. ഇതിനിടയിൽ തൊണ്ട വരണ്ടു - വെള്ളം ചോദിച്ചപ്പോൾ തരാറായിട്ടില്ലെന്ന് പറഞ്ഞു. എനിക്കാണെങ്കിൽ കഷ്ടകാലത്തിനു ഉറക്കവും വരുന്നില്ല. ആകെ രണ്ടു വിധത്തിലെ കിടക്കാൻ പറ്റൂ... ആ രണ്ടു വിധേനയും പലപ്രാവശ്യം മാറിമാറികിടന്നു. അവസാനം എൻ്റെ അവസ്ഥ കണ്ടിട്ട് സിസ്റ്റർ ഒരു വേദനക്കുള്ള ഇഞ്ചക്ഷൻ എടുത്തു - സമാധാനമായി, ഒരു നല്ല ഉറക്കം പാസ്സാക്കി.

ശേഷം എഴുന്നേറ്റപ്പോൾ നല്ല കണ്ടീഷനിൽ ആയിരുന്നു. വേദനയൊക്കെ പോയി. ഒരു ഇൻജെക്ഷൻ എടുക്കാനാണ് എന്നെ ഉണർത്തിയത്. ഈ സമയത്തു ഞാൻ ടോയ്‌ലെറ്റിൽ പോയി മൂത്രമൊഴിച്ചു. കുനിയരുതെന്നു സിസ്റ്റർ എന്നോട് പറഞ്ഞിരുന്നു. അതിൻ്റെ കാരണം ഉടനെത്തന്നെ എനിക്ക് മനസ്സിലായി, കുനിയുമ്പോൾ തല കറങ്ങുന്നതുപോലെ. അവിടെ കിടന്നപ്പോൾ എല്ലാം ഓക്കേ ആയി എന്ന തോന്നൽ ഉണ്ടായിരുന്നെങ്കിലും അതൊക്കെ വെറുതെയാണെന്നു ബോധ്യപ്പെട്ടു. 'തല കറങ്ങുന്നുണ്ടോ?' - സിസ്റ്റർ എന്നോട് ചോദിച്ചു. 'ഇല്ല, പക്ഷെ എന്തോ വീഴാൻ പോകുന്നപോലെ....'. എൻ്റെ മറുപടി കേട്ട് സിസ്റ്റർ ചിരിക്കുന്നുണ്ടായിരുന്നു. അതെന്തിനായിരുന്നുവെന്നു അപ്പോൾ എനിക്ക് മനസ്സിലായില്ല. അങ്ങോട്ട് തുള്ളിചാടിപ്പോയ എനിക്ക് ഇങ്ങോട്ട് വരാൻ സിസ്റ്ററുടെ സഹായം വേണ്ടി വന്നു. വീണ്ടും കിടപ്പ് തന്നെ. മറ്റൊന്നും എൻ്റെ ആലോചനയിൽ ഇല്ല. സമയം എന്തായെന്നോ എത്ര നേരം ഉറങ്ങിയെന്നോ ഒന്നും അറിയില്ല... അറിയേണ്ട... എത്രയോ ആയിക്കോട്ടെ... (ഇപ്പോൾ ആലോചിക്കുമ്പോൾ നല്ല സുഖമുള്ള ഏർപ്പാടാണ്... ഇങ്ങനെയുള്ള അവസരങ്ങൾ ജീവിതത്തിൽ വളരെ കുറവാ...) അടുത്ത ഉറക്കം പാസാക്കുന്നതിന് മുമ്പ് എന്തോ കാരണത്താൽ സിസ്റ്റർ എൻ്റെ ഡ്രിപ്പിനുള്ള സൂചി മാറ്റിക്കുത്തിത്തന്നു - അതും കുറച്ചു ആശ്വാസമായി. പിന്നീട് ഒരിക്കലും വേദന അനുഭവപ്പെട്ടില്ല.

അടുത്ത ഇന്റർവെൽ ചായ കുടിക്കാനായിരുന്നു. സർജറിക്ക് ശേഷം അതുവരെ ഞാൻ ഒന്നും കഴിച്ചിട്ടില്ലായിരുന്നു. കട്ടൻ ചായക്കും ബ്രെഡിനും അത്രയ്ക്ക് സ്വാദുണ്ടെന്നു ഞാൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്. പത്തിരുപത് വയസ്സായ എനിക്ക് ചായയിൽ മുക്കിത്തിന്നാൻ ബ്രഡ് ശെരിയായ രീതിയിൽ മടക്കിത്തന്നതും ആ സിസ്റ്റർ ആണ്. സത്യത്തിൽ ആ അവസ്ഥയിൽ അവരുടെ ചിരിക്കുന്ന മുഖം കാണുന്നത് ഒരാശ്വാസം തന്നെയാണ്. 'ആ സിസ്റ്ററെ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല' (അന്ന് ഞാൻ ഡയറിയിൽ എഴുതിയ വാചകമാണ്. പക്ഷെ ഇന്ന് എനിക്ക് ആ മുഖം ഓർമ്മയില്ല. What an irony, right?! - ജീവിതത്തിൽ അല്ലെങ്കിലും ഡയലോഗുകൾക്ക് ക്ഷാമമില്ലല്ലോ...). ആ ബ്രെഡും ചായയും കൊണ്ടുവന്നത് വീട്ടുകാരാകും, എന്നിട്ടും അവരെക്കുറിച്ചൊന്നും ഞാൻ ചോദിക്കുന്നില്ല. ഒരുപക്ഷെ ഞാനത് ആസ്വദിക്കുകയാവാം... മറ്റുതിരക്കുകൾക്കൊക്കെ വിരാമമിട്ട് ഒന്നും അറിയേണ്ടി വരാതെ... ചുമ്മാ കിടന്നുറങ്ങുന്ന ജോലി മാത്രമുള്ള ഒരു അവസ്ഥ... ഇപ്പോൾ ആലോചിക്കുമ്പോൾ it was really cool...

പിന്നെ ഞാൻ ഉണർന്നത് എൻ്റെ കൈ മൊത്തം വെള്ളത്തിൽ ആയപോലെ അനുഭവപ്പെട്ടപ്പോഴാണ്. ആദ്യം ഞാൻ കാര്യമാക്കിയില്ല. എന്തുണ്ടായാലും നോക്കാൻ ആൾക്കാരുണ്ട് എന്ന തോന്നലായിരുന്നു. അല്ലെങ്കിൽ അതുവരെയുള്ള ആ സിസ്റ്ററുടെ പരിചരണം എന്നെ അങ്ങനെ തോന്നിപ്പിച്ചതാവാം. പക്ഷെ പിന്നെ എനിക്ക് കാര്യം മനസ്സിലായി. ഗ്ലുക്കോസിൻ്റെ വയർ സിറിഞ്ചിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു. അപ്പോൾ ലൈറ്റ് ഒക്കെ ഓഫ് ആയിരുന്നു. രാത്രിയാകാനാണ് ചാൻസ്. സർജറി കഴിഞ്ഞിട്ടുള്ള ഒന്നാം രാത്രിയാണോ രണ്ടാം രാത്രിയാണോ എന്നൊന്നും അറിയില്ല. ഞാൻ 'സിസ്റ്റർ' എന്ന് വിളിച്ചു. ഉറക്കത്തിൽ ആയിരുന്നെങ്കിലും ആ വിളിയിൽ തന്നെ സിസ്റ്റർ എഴുന്നേറ്റു. കാര്യം പറഞ്ഞപ്പോൾ 'അത് സാരമില്ലെന്ന്' പറഞ്ഞു ശെരിയാക്കിത്തന്നു. എന്നിട്ട് വീണ്ടും ഉറങ്ങി.

രാവിലെ എഴുന്നേറ്റപ്പോഴാണ് ഇന്നലെ ഗ്ലുക്കോസിൻ്റെ കൂടെ ചോരയും വന്നിരുന്നതായി മനസ്സിലായത്. ഷർട്ടിലോക്കെ ബ്ലഡ്. ഞാനപ്പോൾ ഓർത്തുപോയി, നരമ്പ്‌ മുറിച്ചാലുള്ള അതേ അവസ്ഥയിൽ തന്നെയല്ലേ ഞാൻ കിടന്നത്? ഞാനപ്പോൾ ഉണർന്നില്ലായിരുന്നെങ്കിൽ... (ഈ ചിന്ത ശെരിക്കും മണ്ടത്തരമാണ് എന്ന് ഈ അടുത്ത് വിവരമുള്ളവരോട് ചോദിച്ചപ്പോഴാണ് മനസ്സിലായത്. സാധാരണ അതത്ര dangerous അല്ല. പക്ഷെ കുറേ സമയം രക്തം പോയാൽ അതിനുള്ള ബുദ്ധിമുട്ട് വരാം എന്നേയുള്ളൂ...). എന്തായാലും രാവിലെ എണീറ്റ് പ്രഭാതകൃയകളൊക്കെ നടത്തി ആഗ്രഹിച്ചപോലെ പാൽചായയും ബ്രെഡും ഒക്കെ കഴിച്ചു. സർജറി കഴിഞ്ഞു ഇത്രയും നേരമായിട്ടും എൻ്റെ അപ്പുറവും ഇപ്പുറവും കിടക്കുന്നവരെ ശ്രദ്ധിക്കാൻ തോന്നിയത് ഇപ്പോഴാണ്. ഇടതു ഭാഗത്തു സിറാജുദ്ദീൻ ആണ്. പക്ഷെ സർജറി നടത്തിയത് ഇടതു ചെവിയിൽ ആയതിനാൽ അങ്ങോട്ട് അധികം തിരിയാൻ കഴിയുമായിരുന്നില്ല. വലതുഭാഗത്തു ഒരു മറക്കപ്പുറത്തു സിസേറിയൻ കഴിഞ്ഞ ഒരു സ്ത്രീയാണ്. അവർക്ക് വേദനക്കുള്ള ഇഞ്ചക്ഷൻ കൊടുക്കാൻ പറയുന്നത് ഞാൻ മുമ്പ് കേട്ടിരുന്നു. "കുറച്ചൊക്കെ വേദന സഹിക്കേണ്ടേ...", അവരോട് സിസ്റ്റേഴ്സ് പറയുന്നുണ്ടായിരുന്നു. റൂമിലേക്ക് മാറ്റാൻ എത്ര സമയം എടുക്കുമെന്ന് ചോദിച്ചപ്പോൾ 'ഒരു പതിനൊന്നു മണി ആകുമെടാ' എന്നായിരുന്നു മറുപടി. പിന്നെ ഒന്നും ആലോചിച്ചില്ല, വീണ്ടും ഉറങ്ങി.

ഇപ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചത് മറ്റൊരു സിസ്റ്റർ ആയിരുന്നു, കഞ്ഞി തരാൻ (അപ്പോൾ മറ്റേ സിസ്റ്റർ ഡ്യൂട്ടി കഴിഞ്ഞു പോയെന്നർത്ഥം). കുറെ കാലത്തിനു ശേഷം കുറിയരിക്കഞ്ഞി കുടിച്ചു.അല്പസമയത്തിനു ശേഷം ഡോക്ടർ വന്നു. തലയിലെ കെട്ട് കാരണം എൻ്റെ കിടത്തം വല്ലാത്ത രീതിയിലായിരുന്നു, ചെരിഞ്ഞു, കാലൊക്കെ അടുപ്പിച്ചു, മുകളിലോട്ട് കയറ്റി... അത് കണ്ടു ഡോക്ടർ ചോദിക്കുകയും ചെയ്തു: "ഇവനെന്താ ഇങ്ങനെ കിടക്കുന്നത്? വീട്ടിൽ വല്ല്യാപ്പമാർ കിടക്കുന്ന പോലെ?...". ഡോക്ടർ ആ വലിയ കെട്ടു അറുത്തുമാറ്റി, മരുന്ന് വെച്ച ശേഷം ചെറിയൊരു കെട്ട് ആക്കിത്തന്നു. അതല്പം ആശ്വാസം ആയി. പിന്നെ റൂമിലേക്ക്. ജീവിതം വീണ്ടും പഴയ പടിയിലേക്ക് തന്നെ. സിറാജുദ്ദീനെ പിന്നെ കണ്ടില്ലല്ലോ എന്നോർത്തു. അടുത്തയാഴ്ച സ്റ്റിച് എടുക്കാൻ വരുമ്പോൾ കാണുമായിരിക്കും എന്ന് പ്രതീക്ഷിച്ചു (പക്ഷെ അതുണ്ടായില്ല...).

കോംപ്ലിക്കേറ്റഡ് സർജറി അല്ല, മരണത്തോട് മല്ലടിക്കുന്നില്ല, 'എല്ലാം ദൈവത്തിൻ്റെ കയ്യിലാണെന്ന അവസ്ഥയിലേക്കും കാര്യങ്ങൾ എത്തിയിട്ടില്ല... എന്നാലും അതാലോചിക്കുമ്പോൾ തലക്കകത്തു വല്ലാത്ത ഒരു പ്രയാസം വരും. കണ്ടപ്പോൾ എന്തോ ചുമ്മാ എഴുതിക്കളയാമെന്നു വിചാരിച്ചു... പക്ഷെ എഴുതിക്കഴിഞ്ഞപ്പോൾ ഇതിൽ മറ്റൊരു പോയിന്റ് ഉണ്ടെന്നു തോന്നി. അത്രയ്ക്ക് പരിചരിച്ചിട്ടും എന്തുകൊണ്ട് എനിക്ക് ആ നഴ്സിൻ്റെ മുഖം ഓർമ്മയില്ല?? അല്ലെങ്കിലും സാധാരണ അങ്ങനെത്തന്നെയാണ്, അല്ലേ? ദുരിതസമയത്ത് അവരെ 'മാലാഖമാർ' എന്നുവിളിക്കാൻ ഒരായിരം നാവുകൾ ഉണ്ടാകും. അവർ 'തേനാണ് പാലാണ്' തുടങ്ങി വർണ്ണനകൾക്ക് അതീതമാവും. പക്ഷെ കഷ്ടകാലം തീരുമ്പോൾ അതും മറക്കും. ഞാനും ഈ സമൂഹത്തിൻ്റെ ഭാഗമാണല്ലോ... അങ്ങനെയേ വരൂ... അതുകൊണ്ടുകൂടിയായിരിക്കണം ഒരു യാത്ര കൂടി പറയാതെ ഡ്യൂട്ടി കഴിഞ്ഞു അവർ പോയത്. ആ സമയത്തെ നല്ല വാക്കുകൾ നാളെ കാണില്ലെന്ന് അവർക്ക് തന്നെ അറിയാം. സ്വന്തം ഡ്യൂട്ടി നിർവഹിക്കുക, പോവുക. തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. ആരോടും പരാതിയില്ല, പരിഭവവുമില്ല.

ഈ കൊറോണക്കാലത്തും നമ്മൾ അവരുടെ സ്തുതി പാടുന്നു. അതിനു അധികം ആയുസ്സുണ്ടാവില്ലെന്നു അറിഞ്ഞിട്ടും ജീവൻ പണയം വെച്ച് 'മാലാഖമാർ' അവരുടെ ഡ്യൂട്ടി ചെയ്യുന്നു. Hats off to you guyz...!!

Comments