ELISA



"...എനിക്ക് മനസ്സിലാവാനിട്ടു ചോദിക്കാ... ഇതിനാണോ എന്നും രാവിലെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നെ...? നിങ്ങൾക് കമ്പനി ശമ്പളം തരുന്നത് പണിയെടുക്കാൻ വേണ്ടിയാ... അല്ലാതെ കമ്പനിക്കിട്ട് പണിയാനല്ല..."

പിറകിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മെഷീനിൻ്റെ ശബ്ദത്തേക്കാൾ ഉച്ചത്തിലായിരുന്നു അയാളുടെ ആക്രോശം. തുടങ്ങിയിട്ട് കുറച്ചു നേരമായി. ഒന്നും മിണ്ടാതെ ഒരു സ്ത്രീ തല താഴ്ത്തി നിൽപ്പുണ്ട്, അവിടുത്തെ ജോലിക്കാരിയാണ്.  മറ്റുതൊഴിലാളികൾ എല്ലാം കേൾക്കുന്നുണ്ടെങ്കിലും അതറിയാത്ത മട്ടിൽ അവരവരുടെ ജോലിയിൽ മുഴുകുന്നതായി നടിച്ചു.

ഇല്ല, പറഞ്ഞുതീർന്നിട്ടില്ല...

"fragile ആയിട്ടുള്ള വസ്തു പ്രൊഡക്ഷനിൽ കൊണ്ടുവരരുതെന്നു അറിയില്ലേ... അതും ക്വാളിറ്റി ലാബിലുള്ളതൊക്കെ ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നു... ഇനി എന്നാ ഇതൊക്കെ പഠിക്കുന്നത്??"

"സാർ, ഞാൻ ഇന്നലെ ജോയിൻ ചെയ്തിട്ടേ ഒള്ളൂ...", ആ സ്ത്രീ ഒന്ന് വാ തുറന്നത് ഇപ്പോഴാണ്.

"ഓഹോ... അപ്പോൾ ആദ്യ രണ്ടു ദിവസം എന്തും ചെയ്യാമെന്നാണോ... ഇങ്ങനെയാണെങ്കിൽ നീ ഈ യൂണിറ്റിലെ എന്നല്ല ഈ കമ്പനിയിൽ പോലും അധികനാൾ കാണില്ല....."

താൻ ആ മറുപടി പറയേണ്ടിയിരുന്നില്ല എന്ന് അവർക്ക് തോന്നി. 

"എന്താ നോക്കി നിൽക്കുന്നത്... ഇതിനി ഞാൻ വൃത്തിയാക്കാൻ കാത്തിരിക്കാണോ..."

കേൾക്കേണ്ട താമസം ആ സ്ത്രീ അത് വൃത്തിയാക്കാൻ ഓടി. അതിനുള്ള സാമഗ്രികൾ എവിടെയാണെന്ന് അറിയില്ല. അത് മനസ്സിലായ ഉടനെ അയാളുടെ മുഖം വീണ്ടും കറുത്തു. ഈ സമയത്താണ് ആ ചേച്ചിയുടെ ഭാഗ്യത്തിന് അയാളുടെ ഫോൺ ബെല്ലടിച്ചത്. എല്ലാവരേയും ഒരു രൂക്ഷമായ നോട്ടം നോക്കി അയാൾ ഫോൺ എടുക്കാനായി അപ്പുറത്തേക്ക് മാറി.

അയാൾ മാറിയതും തൊഴിലാളികൾ ഒന്നടങ്കം ആ സ്ത്രീക്ക് ചുറ്റും കൂടി. ചിലർ അവരെ സഹായിച്ചു, മറ്റുചിലർ ആശ്വസിപ്പിച്ചു.

"ആരും പേടിക്കേണ്ട, ചെറുതായിട്ട് ഒരു ബീക്കർ നിലത്തുവീണു പൊട്ടിയതാണ്. അല്ലാതെ മെഷീൻ പൊട്ടിത്തെറിച്ചതൊന്നുമല്ല...", അതിൽ ഒരുത്തൻ എല്ലാവരോടായും കൂടി പറഞ്ഞു.

"ബീക്കറോ?? അതെന്താ സാധനം??" - പിറകിൽ നിന്ന് ആരോ ചോദിച്ചു. 

"എടാ ഈ ക്വാളിറ്റി ലാബിൽ ഗ്ലാസ് പോലൊരു പാത്രമില്ലേ... അതാ... അല്ല, ചേച്ചിയെന്തിനാ ബീക്കർ ഒക്കെ കയ്യിൽ വെച്ചത്..."

"ഞാൻ ഇങ്ങോട്ട് വന്ന വഴിയിൽ പറമ്പിൽ നിന്ന് കുറച്ചു കുരുമുളക് പൊറുക്കിയിരുന്നു. അത് ഇട്ടു വെക്കാൻ ഒരു പത്രം ചോദിച്ചപ്പോൾ ആ ലാബിലെ ദിനേശനാ ഇതെടുത്തുതന്നത്... അതിൻ്റെ വക്ക് പൊട്ടിയതുകൊണ്ട് അവിടെ ഉപയോഗിക്കുന്നില്ലത്രേ"

"ആ ബെസ്ററ്... എന്നിട്ട് ആ കുരുമുളക് എവിടെ?"

"അതൊരു പേപ്പറിൽ നിലത്തു വെച്ചിട്ടുണ്ട്..."

"ആ കുരുമുളക് കൂടി അയാൾ കണ്ടിരുന്നെങ്കിൽ ഒരു സംശയവും വേണ്ട നിങ്ങളെ ഇപ്പോൾ തന്നെ പുറത്താക്കിയേനെ... അതൊന്നും ഒരിക്കലും പ്രൊഡക്ഷൻ ഹാളിലേക്ക് കൊണ്ടുവരാൻ പറ്റില്ല"

"അതെനിക്ക് അറിയില്ലായിരുന്നു... ആ സാർ ഫ്രാജിൽ എന്നോ മറ്റോ പറഞ്ഞല്ലോ... അതെന്താ?"

"fragile എന്ന് വെച്ചാൽ പൊട്ടുന്ന വസ്തുക്കൾ എന്നാ... അതൊന്നും ലാബിൽ കൊണ്ടുവരാൻ പാടില്ല... ഇതൊന്നും നിങ്ങളോട് പറഞ്ഞിട്ടില്ലേ..."

"ഇല്ല... ഞാനിതൊക്കെ ഇപ്പോഴാ കേൾക്കുന്നത്..."

"പറയൂല... പറഞ്ഞാൽ അങ്ങേർക്ക് ഡയലോഗ് അടിക്കാൻ ചാൻസ് കിട്ടിയില്ലെങ്കിലോ... എൻ്റെ ചേച്ചി, നിങ്ങൾ കൊണ്ടുവന്നതോ ചെയ്തു... എന്നിട്ടത് അയാളുടെ മുന്നിൽ വെച്ച് തന്നെ പൊട്ടിക്കണോ... ആ ദിനേശൊക്കെ ലാബിൽ വെച്ച് ദിവസവും ഓരോന്ന് പൊട്ടിക്കാറുണ്ട്... അവിടുത്തെ സൂപ്പർവൈസർ അത് മൈൻഡ് പോലും ചെയ്യാറില്ല... ഇവിടെ ഇയാളിത് ഒരു കാരണം കിട്ടാൻ നിൽക്കാണു നമ്മളെ തെറി വിളിക്കാൻ... അപ്പോഴാ നിങ്ങൾ..."

"ചേച്ചി... അതിനി പറഞ്ഞിട്ട് കാര്യമില്ല... ഇനി സൂക്ഷിക്കൂ... നമ്മൾ വീട്ടിൽ പിള്ളേര് ഗ്ലാസ് പൊട്ടിക്കുമ്പോൾ വഴക്കു പറയുന്ന പോലെ കരുതിയാൽ മതി... ചേച്ചി ഇവിടെ പുതിയത് ആയതുകൊണ്ടാ..."

"എന്തൊക്കെ ആയാലും പുതിയ ആളല്ലേ... അതും അറിവില്ലാത്തതുകൊണ്ട്... ഇത്രയും പറയേണ്ട കാര്യമില്ല"

"വെറുമൊരു സൂപ്പർവൈസർ ആണ്... മട്ടും ഭാവവും കണ്ടാൽ മാനേജർ ആണെന്ന് തോന്നും"

അഭിപ്രായങ്ങൾ പല കോണിൽ നിന്നും വരുന്നുണ്ട്...


                                                                                ---------------------------------------


അവിടെ ഒരു പുലിയെപ്പോൾ ആ സീൻ മൊത്തം ഉണ്ടാക്കിയിട്ട് ഇപ്പോൾ മാനേജരുടെ മുമ്പിൽ ഒരു പൂച്ചക്കുട്ടിയെപ്പോലെ ഇരിക്കാണ് നമ്മുടെ ആ സൂപ്പർവൈസർ, പേര് വിനോദ്. ആ ഐസ്ക്രീം കമ്പനിയിലെ ഏറ്റവും സീനിയർ ആയ സൂപ്പർവൈസർ ആണ്. അതിൻ്റെ ഒരു അഹങ്കാരം പുള്ളിക്ക് ഇല്ലാതില്ല. കൂടെ വർക്ക് ചെയ്യുന്നവരാണ് വിളിച്ചത്, മെഡിക്കൽ ചെക്കപ്പ് നടത്തിയതിൻ്റെ റിപ്പോർട്ട് വാങ്ങാൻ. അവർ പുറത്തു കാറിൽ ഇരിപ്പുണ്ട്. അവർക്കു ഇന്ന് വെള്ളിയാഴ്ച ഓഫ് ആണ്. വിനോദിന് ഒഴിവ് ഞായറാഴ്ചയും. ലാബ് അന്ന് അവധിയായതിനാൽ വർക്ക് ഉള്ള ദിവസം തന്നെ പോയി മേടിക്കണം. അതിനുള്ള പെയ്ഡ് ലീവിന് വേണ്ടിയാണ് മാനേജരുടെ മുന്നിലെ ഈ ഇരിപ്പ്.

"കഴിഞ്ഞ തവണ മെഡിക്കൽ ചെക്കപ്പ് നടത്തിയിട്ട് ഒരു വർഷം പൂർത്തിയായോ?", മാനേജരുടെ ചോദ്യംചെയ്യലാണ്‌ നടക്കുന്നത്. ഫുഡ് ഇൻഡസ്ടറി ആയതുകൊണ്ട് എല്ലാ വർഷവും മെഡിക്കൽ ചെക്കപ്പ് നിർബന്ധമാണ്.

"ആയി, അടുത്ത ആഴ്ച പുതിയ മെഡിക്കൽ റിപ്പോർട്ട് കൊടുക്കണം", ഇതൊക്കെ ചെക്കപ്പിന് പോകുമ്പോഴേ പറഞ്ഞതാണ്. എന്നാലും പുള്ളി ചോദിച്ചുകൊണ്ടിരിക്കും...

"ഇയാളുടെ ലീവിൻ്റെ അന്ന് പോയാൽ പോരെ?"

"എൻ്റെ ലീവ് സൺ‌ഡേ ആണ്. അന്ന് ലാബ് ഉണ്ടാകില്ല...", അതും പുള്ളിക്ക് അറിയാത്ത കാര്യമല്ല.

"റിപ്പോർട്ട് വാങ്ങാൻ ഒരാൾ പോയാൽ പോരേ? എല്ലാവരും കൂടി പോകണോ?" - അടുത്ത ചോദ്യമാണ്. ഇയാളിതെന്താ ഒരുമാതിരി ക്ലാസ്സ്ടീച്ചറിനെപ്പോലെ പെരുമാറുന്നത്.

"ELISA ടെസ്റ്റ് ഒക്കെ ഉള്ളതുകൊണ്ട് അവർ പേർസണൽ ആയിട്ടേ കൊടുക്കൂ..." - മറുപടി ആദ്യം തന്നെ റെഡി ആണ്. പുള്ളിക്കാരൻ എന്തെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നോക്കുമെന്നറിയാം.

ചോദ്യങ്ങൾ പിന്നേയും ഒരുപാട് ഉണ്ടായിരുന്നു. വേറൊരു നിവൃത്തിയും ഇല്ലെന്നു കണ്ടപ്പോൾ ലീവ് അനുവദിച്ചു. രണ്ടരമണിക്കൂർ ലീവിനാണ് ഒരുമണിക്കൂറോളം വാദിച്ചുനിന്നത്.


                                                                                ---------------------------------------


"കാത്തിരുന്നു മടുത്തോ..." കാറിൽ കാത്തിരുന്ന അലനോടും ജോർജിനോടുമാണ് വിനോദ് ചോദിച്ചത്. അവൻ്റെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.

"ഹേയ്... നീ വരാൻ ലേറ്റ് ആവുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് അപ്പുറത്തെ കൂൾബാറിൽ കയറി ഒരു ജ്യൂസ് കുടിച്ചു. പിന്നെ, മാനേജരുടെ വായിൽ നിന്ന് അധികം കേട്ടോ?" അലനാണ് ആ ചോദ്യം ചോദിച്ചത്.

ഒരു പുഞ്ചിരി മാത്രമായിരുന്നു വിനോദിൻ്റെ മറുപടി. 'അതൊക്കെ പിന്നെ ചോദിക്കാനുണ്ടോ' എന്നൊരു മുഖഭാവവും.

"ഇനി കേട്ടാലെന്താ... ഇവന് കിട്ടുന്നതിൻ്റെ എത്രയോ ഇരട്ടി ഇവൻ ഇവൻ്റെ ആ വർക്കേഴ്സിന് കൊടുക്കുന്നുണ്ട്. നീ തൊഴിലാളികളോട് മനുഷ്യത്വപരമായ സംസാരിക്കാൻ പഠിക്കേണ്ടതുണ്ട്." വണ്ടി ഓടിക്കുന്നതിനിടയിൽ ജോർജാണ് ആ അഭിപ്രായം പറഞ്ഞത്.

"ആദ്യം കമ്പനി നമ്മളോട് മനുഷ്യത്വപരമായ പെരുമാറട്ടെ... എന്നിട്ടു നോക്കാം... അല്ലെങ്കിലും അവരെയൊക്കെ ഒരു ഡിസ്റ്റൻസിൽ തന്നെ നിർത്തണം. അല്ലെങ്കിൽ തലയിൽ കയറും", അതായിരുന്നു വിനോദിൻ്റെ വിശദീകരണം.

"നീ ഡിസ്റ്റൻസ് കീപ് ചെയ്തോ... പക്ഷേ അവരുടെ ക്ഷമ പരീക്ഷിക്കാൻ നിൽക്കണ്ട..."

"I don't mind... അല്ലെങ്കിലേ എനിക്കിവിടെ. മടുത്തു... വേറെ എങ്ങോട്ടെങ്കിലും മാറണം"

വിനോദിൻ്റെ ഫോൺ വീണ്ടും ബെല്ലടിക്കുന്നുണ്ട്...

"ഹാ... പറ മോളെ... ഇല്ല, പേടിക്കേണ്ട... പ്ലാനിൽ ഒരു ചെയ്ഞ്ചും ഇല്ല... ഈ സൺ‌ഡേ, അഥവാ മറ്റന്നാൾ എൻ്റെ വീട്ടിൽ നിന്നും പെണ്ണ് ചോദിച്ചു നിൻ്റെ വീട്ടിൽ വന്നിരിക്കും... നോ ഡൌട്ട്..."

ആ ഫോൺ സംസാരം അങ്ങനെ നീണ്ടു പോകുന്നുണ്ട്... അലനും ജോര്ജും പരസ്പരം ഒന്നും നോക്കി പുഞ്ചിരിക്കുന്നുണ്ട്. കുറെ നേരമായപ്പോൾ അവർക്കും സഹികെട്ടു, "ഡേയ്... ഒന്ന് നിർത്തേടെ.. കുറെ ആയല്ലോ..."

അതോടെ ഫോൺ സംഭാഷണം അധികം നീട്ടാൻ വിനോദും മുതിർന്നില്ല. അല്ലെങ്കിലും പുറത്തു നിന്ന് ഒരു പ്രഷർ ഇല്ലാതെ ഈ പ്രണയസല്ലാപം നിർത്തിക്കിട്ടാൻ വല്ലാത്ത പാടാണ്‌.

"അപ്പോൾ സംഗതി ഒഫീഷ്യൽ ആക്കാനുള്ള പ്ലാൻ ആണല്ലേ...?", അലനാണ് ചോദിച്ചത്. 

"ആക്കണമെടാ... ഒരുപാട് നാളായി അവൾ പറയുന്നു. വീട്ടിൽ നല്ല പ്രഷർ ഉണ്ട്. ഒരുപാട് ആലോചനകൾ അവൾക്ക് വരുന്നുണ്ട്"

"ആലോചനകൾ വരാതിരിക്കില്ലല്ലോ... ബന്ധുക്കളുടെ കുത്തകാവകാശമാണല്ലോ...." 


                                                                                ---------------------------------------


"ജോലിയുടെ ആവശയത്തിനാണെങ്കിലും എല്ലാ വർഷവുമുള്ള ഈ മെഡിക്കൽ ചെക്കപ്പ് നല്ലതാ... വല്ല മാരകരോഗവും മറ്റും വന്നാൽ അറിയാലോ...", ആശുപത്രിയിലേക്ക് പ്രവേശിക്കുമ്പോൾ അലൻ പറഞ്ഞു.

മൂവരും ലാബിൻ്റെ റിസപ്ഷൻ കൗണ്ടറിൽ പോയി. ഡീറ്റെയിൽസ് കൊടുത്ത ശേഷം അൽപനേരം വെയിറ്റ് ചെയ്തപ്പോൾ റിപ്പോർട്ട് കിട്ടി. ഒരുവിധം എല്ലാ ടെസ്റ്റിൻ്റെയും റിസൾട്ട് ഉണ്ട്. പക്ഷെ ELISA എവിടെ?

"ELISA ടെസ്റ്റിൻ്റെ റിസൾട്ട് അപ്പുറത്തു പോയി വാങ്ങിച്ചോളൂ...", ചോദിക്കുന്നതിനു മുമ്പേ റിസെപ്ഷനിസ്റ് ഇങ്ങോട്ട് പറഞ്ഞു.

അവിടെയും പ്രോസസ്സ് വളരെ സിമ്പിൾ ആയിരുന്നു. ഓരോരുത്തരായി പോവുക, രെജിസ്റ്ററിൽ ഒപ്പുവെക്കുക, റിപ്പോർട്ട് വാങ്ങുക, തിരുച്ചുപോവുക. അലനും ജോർജ്ഉം ആദ്യം പോയി വാങ്ങി. പക്ഷെ വിനോദ് പോയപ്പോൾ അവനോട് ആദ്യം ഇരിക്കാനാണ് പറഞ്ഞത്. നെഞ്ചൊന്നു കാളി, HIVക്കു വേണ്ടിയുള്ള ടെസ്റ്റ് ആണ്. വല്ല പ്രോബ്ലെവും ഉണ്ടോ?!

"നിങ്ങളുടെ റിപ്പോർട്ട് ഡോക്ടറുടെ കയ്യിലാണ്. ഡോക്ടർ കാണണമെന്ന് പറഞ്ഞു. ഇപ്പൊ ഒരു പേഷ്യന്റ് അകത്തുണ്ട്. കുറച്ചുനേരം വെയിറ്റ് ചെയ്യൂ" - ആ പറഞ്ഞത് ഒട്ടും ആശ്വാസം നൽകുന്നതല്ല. ഹൃദയമിടിപ്പ് കൂടുന്നതല്ലാതെ വേറൊന്നും നടക്കുന്നില്ല. 'Be cool, Be cool.., ഒന്നുമുണ്ടാവില്ല, എനിക്കതൊക്കെ എവിടുന്ന് കിട്ടാനാ...' എന്നവൻ മനസ്സിനോട് പറയുന്നുണ്ട്. അകലെ നിന്ന് അലനും ജോർജും 'എന്തുപറ്റി?' എന്ന് ആംഗ്യത്തിൽ ചോദിക്കുന്നുണ്ട്. 'ഒന്നുമില്ല, ഡോക്ടറെ കാണണം...' എന്ന് ഏതൊക്കെയോ വിധത്തിൽ അവർക്കു പറഞ്ഞുകൊടുത്തു. പിന്നെ അങ്ങോട്ട് നോക്കിയില്ല. 'ഏതവനാ അകത്തു പെറ്റുകിടക്കുന്നെ...' ഒടുക്കം ദേഷ്യം വരാൻ തുടങ്ങി.

കാത്തിരിപ്പിനൊടുവിൽ ഡോക്ടർ അകത്തേക്ക് വിളിപ്പിച്ചു. അവൻ പെട്ടന്ന് അകത്തേക്ക് ചെന്നു. ഡോക്ടർ ഇരിക്കാൻ പറഞ്ഞു. 

"സീ മിസ്റ്റർ വിനോദ്, വിളിപ്പിച്ചത് എന്തിനാണെന്ന് വെച്ചാൽ... ELISA ടെസ്റ്റ് HIVക്കു ഉള്ളതാണെന്ന് അറിയാമല്ലോ. പക്ഷെ ഈ ടെസ്റ്റ് മാത്രമല്ല അതിനുള്ളത്. Western Blot എന്നൊരു ടെസ്റ്റ് കൂടി ഉണ്ട്. എന്നാലേ സംഗതി കൺഫേം ആക്കാൻ പറ്റൂ. കാരണം ELISA ടെസ്റ്റിൻ്റെ ഒരു പോരായ്മ ആണ് ഈ ഫാൾസ് പോസറ്റീവ് കാണിക്കുന്നത്. മറ്റു ചില കണ്ടിഷൻസ് ഉണ്ടെങ്കിലും അതും പോസിറ്റീവ് കാണിക്കാം..." ഡോക്ടർ ഒന്ന് പറഞ്ഞു നിർത്തി.  

"ഡോക്ടർ പറഞ്ഞു വരുന്നത് എൻ്റെ ഇപ്പോഴത്തെ റിസൾട്ട് പോസിറ്റീവ് ആണെന്നാണോ?". 'അതെ' എന്ന് വിനോദിനറിയാം. കാരണം ഈ ഒരു കാര്യം ഇതിലും ആശ്വാസകരമായ രീതിയിൽ അവതരിപ്പിക്കാൻ ഡോക്ടർക്ക് കഴിയില്ല. എന്നാലും അതുറപ്പിക്കാതെ വയ്യ.

"Unfortunately...yes. പക്ഷെ ഞാൻ പറഞ്ഞില്ലേ... മുമ്പ് ഒരുപാട് കേസുകൾ ഇങ്ങനെ ഫാൾസ് പോസിറ്റീവ് ആയി വന്നിട്ടുണ്ട്. Western Blot ടെസ്റ്റിന് വേണ്ടി സാമ്പിൾ ഇതിനോടകം അയച്ചു കഴിഞ്ഞു. തിങ്കളാഴ്ച അത് കിട്ടും. അന്ന് വന്നു റിപ്പോർട്ട് മേടിച്ചോളൂ... ടെൻഷൻ അടിക്കേണ്ട... everything will be alright", ഡോക്ടർ കഴിയുന്നത്ര ആശ്വസിപ്പിക്കാൻ നോക്കി.  

വിനോദിൻ്റെ മനസ്സിലിപ്പോൾ വല്ലാത്ത ഒരു ഭാരം. ഒന്നും അവസാനിച്ചിട്ടില്ല എന്ന് അവനറിയാം. പക്ഷെ അവനത് ഉൾകൊള്ളാൻ വല്ലാത്തൊരു പാട്...


                                                                                ---------------------------------------




വിനോദിനെക്കൂടാതെ മറ്റു അഞ്ചു സൂപ്പർവൈസേഴ്സ് കൂടി ഉണ്ട് ആ ഐസ് ക്രീം കമ്പനിയിൽ (അലനും ജോർജും ഉൾപ്പെടെ). എല്ലാവരും കൂടി കമ്പനി വാടകക്ക് എടുത്ത ഒരു വീട്ടിൽ ഒരുമിച്ചാണ് താമസം. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം നേരെ പോയതും അങ്ങോട്ടാണ്. വിനോദിനെ ആശ്വസിപ്പിക്കാൻ വേണ്ടി ജോർജ് ഓരോന്ന് കാറിൽ വെച്ച് പറയുന്നുണ്ടായിരുന്നു. നേരെ മറിച്ചു അലൻ ഒന്നും മിണ്ടാൻ പോയില്ല, സംസാരിച്ചു കുളമാക്കേണ്ട എന്ന് വിചാരിച്ചാകും. 

വീടിനടുത്തു വണ്ടി എത്തിയപ്പോൾ ഒന്ന് നിർത്തി. 

"അപ്പോൾ പറഞ്ഞത് ഓർമ്മയുണ്ടല്ലോ... ആരോടും ഒന്നും പറയാൻ നിൽക്കണ്ട. എന്തായാലും തിങ്കളാഴ്ച റിപ്പോർട്ട് കിട്ടുന്നതോടെ ഈ പ്രശ്നം തന്നെ അവസാനിക്കും. പിന്നെ എന്തിനാ വെറുതെ ബാക്കിയുള്ളവരെ അറിയിക്കുന്നത്. എല്ലാം പഴയ പോലെ തന്നെയാ... അത് പോലെ പെരുമാറെടാ... കാറിൽ കയറിയതുമുതൽ നീ ആകെ മൂഡ് ഓഫ് ആണ്..."

വിനോദ് മറുപടി ഒന്നും പറഞ്ഞില്ല, ജോർജ് അത് പ്രതീക്ഷിച്ചിട്ടുമില്ല. കാര് മുറ്റത്തു നിർത്തി മൂവരും ഇറങ്ങി. ബാക്കി മൂന്നു പേരും വീട്ടിൽ ഉണ്ടായിരുന്നു. അലനും ജോർജും അവരോട് കുശലം പറയാൻ മുതിർന്നപ്പോൾ വിനോദ് ആരോടും ഒന്നും പറയാതെ മുറിയിലേക്ക് പോയി. 

റൂമിൽ പോയ ഉടനെ അവൻ ലാപ്ടോപ്പ് തുറന്നു. അവർ കൂടെയുള്ളപ്പോൾ നോക്കാൻ മടിച്ച കാര്യം അവൻ ഇൻറർനെറ്റിൽ തിരഞ്ഞു.

'what are the chances of false-positive for ELISA tests?'

അവൻ പ്രതീക്ഷിച്ച ഒരു ശതമാനക്കണക്ക് അവനു കിട്ടിയില്ല. പക്ഷെ അതിന് ചാൻസ് ഉണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ചില വെബ്‌സൈറ്റിൽ കയറുമ്പോൾ ആശ്വാസം നൽകുന്ന കാര്യങ്ങൾ കാണാം. പക്ഷെ മറ്റു ചിലത് ശെരിക്കും ടെൻഷനടിപ്പിക്കും. ഫാൾസ് പോസിറ്റീവ് കിട്ടാൻ എല്ലാ ടെസ്റ്റിലും ചാൻസ് ഉണ്ടെന്നു വായിച്ചപ്പോൾ ഉള്ള പ്രതീക്ഷയും പോയ പോലെ. ഇത് ELISA ടെസ്റ്റിൻ്റെ മാത്രം പ്രത്യേകത ആയിരുന്നെങ്കിൽ പിന്നെയും സമാധാനം ആയിരുന്നേനെ. കുറെ വായിച്ചുനോക്കിയിട്ടും വിശ്വസിക്കാവുന്ന ഒന്നും അവനു കിട്ടിയില്ല. 

അവൻ പിന്നെ HIV യുടെ causes നോക്കാൻ തുടങ്ങി. തനിക്ക് അത് വരാനുള്ള വല്ല ചാൻസും ഉണ്ടോ.

വെബ്‌സൈറ്റിൽ തന്നിട്ടുള്ളവ ഓരോന്നായി നോക്കി.

മാതാവിൽ നിന്ന് കുഞ്ഞിലേക്കുള്ള ഓപ്ഷൻ ആദ്യം തന്നെ വിട്ടു. അങ്ങനെ കിട്ടിയിരുന്നെങ്കിൽ ഇതിനു മുമ്പ് തന്നെ അറിഞ്ഞേനെ. 

പിന്നെ ഉള്ളത് sexual contact ആണ്. മറ്റേ പരിപാടിക്കൊന്നും പോയിട്ടില്ല. കല്യാണം കഴിയാതെ തൊടാൻ സമ്മതിക്കില്ലെന്ന് പറയുന്ന ആളാണ് കാമുകിയായി കൂട്ടിനുള്ളത്. ഒരു വിധത്തിൽ അത് നന്നായി. ഞാൻ കാരണം വെറുതെ അവൾക്കു കിട്ടേണ്ട അവസ്ഥ ഉണ്ടായില്ലല്ലോ. condom ഒന്നും നൂറു ശതമാനം വിശ്വസിക്കാൻ പറ്റില്ല. 

പിന്നെ ഉള്ളത് മറ്റാരൊളുടെ രക്തം സ്വീകരിക്കുന്നത് വഴിയാണ്. അതും ഉണ്ടായിട്ടില്ല. ഒരിക്കൽ ബ്ലഡ് ദാനം ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ മടിയായിട്ട് ബ്ലഡ് ഗ്രൂപ്പ് മാറ്റി പറഞ്ഞവനാ ഈ ഞാൻ. സ്വന്തം നേട്ടത്തിന് ചെയ്തതാണെങ്കിലും മറ്റവന് അങ്ങനെയെങ്കിലും എന്നെക്കൊണ്ട് ഉപകാരമുണ്ടായല്ലോ...

ഓരോന്ന് വായിക്കുമ്പോഴും പ്രതീക്ഷയുടെ പൊൻകിരണങ്ങൾ അവനു ചുറ്റും കാണുന്നുണ്ട്. 

അവസാനത്തേത് ഉപയോഗിച്ച സൂചി വഴി ആണ്. ഈ മെഡിക്കൽ ടെസ്റ്റിനല്ലാതെ ഈ അടുത്തൊന്നും തൻ്റെ ശരീരത്തിൽ സൂചി കുത്തിയിറക്കിയിട്ടില്ല. അപ്പൊ അങ്ങനെ ചാൻസും ഇല്ല... പക്ഷെ പണ്ട് ബോംബായിലൊക്കെ എയ്ഡ്സ് രോഗികൾ തിരക്കുള്ള സിനിമ തീയേറ്ററുകളിൽ പോയി സ്വന്തം ചോര സീറ്റിനടിയിൽ കൂടി മറ്റുള്ളവരുടെ ശരീരത്തിൽ കുത്തിവെച്ചതായി കേട്ടിട്ടുണ്ട്... ഞാനിതിനിടക്ക് എത്രയെത്ര സിനിമക്ക് പോയിട്ടുണ്ട്...

പോയി, എല്ലാം പോയി. ഇതുവരെ ഉണ്ടാക്കിക്കൊണ്ടുവന്ന പ്രതീക്ഷയുടെ ചീട്ടുകൊട്ടാരമെല്ലാം തകർന്നു.

വിനോദിന് എന്താ ചെയ്യേണ്ടതെന്ന് മനസ്സിലാവുന്നില്ല. തിങ്കളാഴ്ചയോടെ താൻ മരിക്കാൻ പോവുകയല്ലെന്നു അവനറിയാം. പക്ഷെ അത് മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ അവനു സാധിക്കുന്നില്ല. അവനു കരച്ചിലാണ് വരുന്നത്. വേഗം ബാത്റൂമിൽ പോയി, ബക്കറ്റിൽ വെള്ളം തുറന്നിട്ടു... വേണ്ടുവോളം കരഞ്ഞു. ഓരോരുത്തരെ ഓർക്കാൻ തുടങ്ങി, മാതാപിതാക്കളെ, കാമുകിയെ... ജീവിതത്തിൽ ഇതുവരെ ദ്രോഹിച്ചവരോടൊക്കെ ക്ഷമ ചോദിക്കണം.  ഒരുപാട് നേരം അങ്ങനെതന്നെ ഇരുന്നു, കരഞ്ഞു...

പിന്നീട് വാതിലിൽ തുടരെത്തുടരെ ആരോ മുട്ടുന്നത് കേട്ടാണ് അവൻ നോർമൽ ആയത്. 'ച്ചെ... തനിക്കെന്താ ഒരു കണ്ട്രോൾ കിട്ടാത്തെ... ഞാനെന്തിനാ ഇങ്ങനെ കരയുന്നേ...' അവൻ സ്വയം പഴിച്ചു. മുഖം കഴുകി, കരച്ചിൽ മറ്റുള്ളവരിൽ നിന്ന് മറക്കാൻ അല്പം സഹായകമാകും.  

വാതിലിൽ മുട്ടിയത് ജോർജ്‌ ആണ്. 

"എടാ... ദേവിക വിളിച്ചിരുന്നു. അവൾ വിളിച്ചിട്ട് നീ എന്താ ഫോൺ എടുക്കാത്തത്..."

"ഹാ... ഞാൻ കണ്ടില്ല, ബാത്‌റൂമിൽ അല്ലായിരുന്നോ..."

വിനോദിൻ്റെ ഫോൺ വീണ്ടും ബെല്ലടിക്കുന്നുണ്ട്. 

"അവളായിരിക്കും, എടുത്തു സംസാരിക്ക്...", അതും പറഞ്ഞു ജോർജ് പോയി.

മനസ്സില്ലാമനസോടെയാണെങ്കിലും വിനോദ് ഫോണെടുത്തു നോക്കി. അവളല്ല, അമ്മയാണ്. 

"ഹലോ അമ്മെ... ഞാൻ അങ്ങോട്ട് വിളിക്കാൻ നിൽക്കായിരുന്നു... പിന്നെ ഞായറാഴ്ച അവളുടെ വീട്ടിൽ പോകുന്നത് ഒന്ന് മാറ്റിവെക്കാം ട്ടോ... ഈ ആഴ്ച അവളുടെ അച്ഛന് വേറൊരു ഒഴിവാക്കാൻ പറ്റാത്ത പ്രോഗ്രാം ഉണ്ട്... അത് പെട്ടന്നുണ്ടായതാ.... അതാ പറയാഞ്ഞേ... ഹേയ്, പ്രശ്നമൊന്നുമില്ല.... അടുത്ത സൺ‌ഡേ ആക്കാം... അത്രയേ ഒള്ളു....."


                                                                                ---------------------------------------


ടെറസ്സിന്റെ മുകളിലിരുന്ന് സിഗരറ്റ് വലിക്കുകയായിരുന്നു വിനോദ്. ആദ്യമായിട്ടല്ല. ആ വീട്ടിലെ എല്ലാവരുടെയും സ്‌മോക്കിങ് സ്പോട്ട് ആണ് അത്. ഇന്ന് കുറച്ചു നേരത്തേ ഇങ്ങ് പോന്നു. ആരുടെയും ശല്യമില്ലാതെ കുറച്ചു നേരം ഒറ്റയ്ക്കിരിക്കണം. നക്ഷത്രങ്ങൾ ഒന്നുമില്ലെങ്കിലും തെളിഞ്ഞ മാനത്ത് നോക്കി ഇങ്ങനെ വലിക്കാൻ വല്ലാത്തൊരു ഫീലാണ്.

ഇതിനിടക്കാണ്‌ ജോർജും അലനും അങ്ങോട്ട് വന്നത്. 

"നീ ഫുഡ് കഴിക്കുന്നില്ലേ?"

അപ്പോഴാണ് വിനോദിൻ്റെ ഫോണിൽ തുരുതുരാ മെസ്സേജ് വരുന്നത് അവർ ശ്രദ്ധിച്ചത്. 

"ആരാടാ അത്?"

"ദേവികയാ... മറ്റന്നാൾ വീട്ടിൽ പറയുന്നത് നടക്കില്ലെന്ന് പറഞ്ഞതിനുള്ള പ്രാക്കാണ്..."

"എടാ... നീ എന്താ ഇങ്ങനെ?... മറ്റന്നാളിലെ പരിപാടി എന്തിനാ മാറ്റിവെക്കുന്നത്... തിങ്കളാഴ്ച റിപ്പോർട്ട് നെഗറ്റീവ് ആണെങ്കിലോ?", ജോർജ് ആണ് ചോദിക്കുന്നത്.

"ആണെങ്കിലെന്താ... അടുത്ത ആഴ്ചയും പറയാലോ... മറിച്ചു പോസിറ്റീവ് ആയാലോ?"

"ആയാലെന്താ... നീ തിങ്കളാഴ്ച ചാകുമെന്നാണോ വിചാരം?...", അലനാണ് ചാടിക്കയറി പറഞ്ഞത്. വേണ്ടായിരുന്നുവെന്നു അവനു തന്നെ തോന്നി. ഇക്കാര്യം ഒക്കെ എന്തിനാ ഇപ്പോൾ പറയുന്നത്.

"എടാ ഞാൻ ഉദ്ദേശിച്ചത്... ഇനി എയ്ഡ്സ് ആയാലും നീ അതിനെതിരെ പൊരുതണമെന്നാ... എത്രയോ പേര് ചെയ്യുന്നു...", അതും അത്ര നല്ല വാക്കുകളല്ല. അലൻ ആദ്യം തന്നെ മിണ്ടാതിരിക്കാൻ തീരുമാനമെടുത്തതായിരുന്നു. പക്ഷെ കയ്യിൽ നിന്ന് പോയി.

"ഒന്ന് മിണ്ടാതിരിയെടാ... അവന് എയ്ഡ്സ് ഉണ്ടാകാനേ പോകുന്നില്ല... അപ്പോഴാ... വിനോദെ, നീ ഒരു ആണല്ലേ... ഒരു കൺഫേം ആകാത്ത റിപ്പോർട്ടിൻ്റെ പേരിൽ ഇത്രയൊക്കെ വേണോ... കുറച്ചൊക്കെ ചങ്കൂറ്റം കാണിക്കെടാ... നീ ഇത് എത്രാമത്തെ സിഗരറ്റ് ആണ് തീർക്കുന്നത്?" - ജോർജ്‌ ആണ് ഇടപെട്ടത്.

"എത്രാമത്തെ ആയാലെന്താ... ആരോഗ്യത്തിനു ഹാനികരം ആയിരിക്കുമല്ലേ...", ഒരു ചെറുചിരിയോടെ വിനോദ് ചോദിച്ചു, വീണ്ടും ആകാശത്തെക്ക് നോക്കാൻ തുടങ്ങി.

ഇതിനിടയിൽ അലൻ ജോർജിൻ്റെ അടുത്തേക്ക് ചെന്ന് പതുക്കെ പറഞ്ഞു - "എയ്ഡ്സ് വന്നാൽ ഇമ്മ്യൂണിറ്റി തളരാതെ നോക്കണം... ഞാൻ ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നു... സിഗരറ്റ് വലി ഒക്കെ നിർത്തേണ്ടിവരും... ഇക്കാര്യം അവനോട് ഇപ്പോൾ പറയുന്നത് ശെരിയല്ലെന്നു തോന്നി"

"പറയാത്തത് നന്നായി... ഈ ഡോക്ടറൊന്നു പോയെ... വേഗം സ്ഥലം കാലിയാക്ക്" - ഇനി അവിടെ നിന്നാൽ ജോർജിൻ്റെ കയ്യിൽ നിന്ന് വാങ്ങിക്കുമെന്നറിയാം. അവൻ സ്ഥലം വിട്ടു.

"ഡാ വിനോദെ...തിങ്കളാഴ്ച റിസൾട്ട് വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഒള്ളൂ... വെറുതെ കാടുകേറി ഓരോന്ന് ആലോചിച്ചു കൂട്ടേണ്ട... താഴെ ഫുഡ് എടുത്തുവെച്ചിട്ടുണ്ട്... വന്നു കഴിക്ക്..."


                                                                                ---------------------------------------


രാവിലെ സമയം 8 മണി കഴിഞ്ഞു. കമ്പനിയിലെ തൊഴിലാളികൾ ഏകദേശം എല്ലാവരും എത്തിക്കഴിഞ്ഞു. ഇനി വരുന്നവർക്ക് എന്തായാലും സൂപ്പർവൈസറിനെ കാണാതെ ജോലിയിൽ പ്രവേശിക്കാൻ വരുന്നില്ല. ഇതിനിടയിൽ ഒരു വർക്കർ ഓടിക്കിതച്ചു വരുന്നുണ്ട്. അലനാണ് അയാളോട് നില്ക്കാൻ പറഞ്ഞത്.

"സർ ഞാൻ പ്രൊഡക്ഷൻ സെഷനിലാണ്..."

"എനിക്കറിയാം... ഇന്ന് മുതൽ നിങ്ങളെ സെഷനിൽ സൂപ്പർവൈസർ ഞാനാണ്. വിനോദ് ക്വാളിറ്റിയിലോട്ട് മാറി"

അത് കേട്ടപ്പോൾ പുള്ളിയുടെ മുഖത്തു വല്ലാത്തൊരു ആശ്വാസം കാണുന്നുണ്ടായിരുന്നു.

"അത്രയ്ക്കങ്ങു സന്തോഷിക്കല്ലേ.... ലേറ്റ് ആയതിനു കാരണം പറ..."

"അത് സർ... ഒരു മരണം ഉണ്ടായിരുന്നു... ഒഴിവാക്കാൻ പറ്റാത്തതാ... ഒന്ന് സന്ദർശിച്ചിട്ടു പോരേണ്ടി വന്നു..."

"ആരാ മരിച്ചത്?"

"അത് എൻ്റെ അളിയൻ്റെ ഒരു ബന്ധുവാ..."

"എന്തുവാടെ... അവൻ്റെ അളിയൻ്റെ ബന്ധു... ഇന്നത്തെ കാലത്തു LKG പിള്ളേര് പോലും ഇതിലും നല്ല കാരണം പറയുമല്ലോ..."

"പഴയ ജനറേഷന് അല്ലെ സാറേ... വിട്ടുകള..."

ഇതിനിടയിൽ വേറൊരുത്തനും ഓടിക്കിതച്ചു വന്നു അലൻ്റെ മുമ്പിൽ വന്നു. വല്ലതും പറയും മുമ്പേ അലൻ ഇടപെട്ടു...

"എന്നെ നോക്കേണ്ട... നിൻ്റെ സെഷനിൽ ഇന്ന് വിനോദ് ആണ്... നേരെ അങ്ങോട്ട് കേറിക്കൊടുത്തോ..."

ഇതുകേട്ടതോടെ പുള്ളി ഞെട്ടി. അവൻ പോകാൻ ഒരുങ്ങിയപ്പോൾ മറ്റേ തൊഴിലാളി തൻ്റെ കയ്യിലുണ്ടായിരുന്ന പഞ്ഞി അവൻ്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു,

"വിനോദ് സർ ആയിരിക്കുമെന്ന് വെച്ച് ചെവിയിൽ വെക്കാൻ എടുത്തതാ.... ഇതിനി നിനക്ക് ഉപകാരപ്പെടും...."

അവനത് നിരസിച്ചില്ല, ചെവിയിൽ വെച്ച്. അകത്തു ചെന്നപ്പോൾ എല്ലാവരും ജോലിയിലാണ്. വിനോദ് അവനെ രൂക്ഷമായ ഒരു നോട്ടം നോക്കി. എല്ലാം കേൾക്കാൻ റെഡി ആയി നിൽക്കുമ്പോൾ എന്തോ പിറുപിറുത്തുകൊണ്ട് വിനോദ് 'അകത്തേക്ക് പോകാൻ' ആംഗ്യം കാണിച്ചു. വേറെ ഒന്നും മിണ്ടിയില്ല... ഇയാൾക്കിത് എന്ത് പറ്റി?

ഇതിനിടക്കാണ് ഒരു ചേച്ചിയുടെ കയ്യിൽ നിന്ന് പാക്ക് ചെയ്ത പ്രോഡക്റ്റ് സ്റ്റോർ റൂമിലേക്ക് പോകുംവഴി താഴെ വീഴുന്നത്. അതും, വിനോദിൻ്റെ മുന്നിൽ വെച്ച്. അവരാകെ ടെൻഷൻ അടിച്ചു നിലക്കാണ്, ഒരു വെടിക്കെട്ടിന് ഉള്ള നേരമായി എന്ന മട്ടിൽ ബാക്കിയുള്ളവരും. വിനോദ് അവരുടെ അടുത്തേക്ക് വന്നു. സാധനം ഒന്ന് എടുത്തു നോക്കി.

"ഹമ്... കുഴപ്പമില്ല... സ്റ്റോർ റൂമിൽ കൊണ്ടുവെച്ചോ.... അടുത്ത തവണ ശ്രദ്ധിച്ചു കൊണ്ടുപോ... നിൻ്റെ തറവാടുവകയല്ല, കമ്പനി സാധനങ്ങളാ..."

അതും പറഞ്ഞു പുള്ളി അപ്പുറത്തേക്ക് പോയി. സാധാരണ ഗതിയിൽ ഇതൊന്നും കിട്ടിയാൽ പോര. നേരത്തെ ആ തൊഴിലാളിക്ക് തോന്നിയ അതെ സംശയം ഇപ്പോൾ എല്ലാവര്ക്കും വന്നു. ഇയാൾക്കിത് എന്ത് പറ്റി?


                                                                                ---------------------------------------


അലൻ വളരെ തിടുക്കത്തിലാണ് വിനോദിൻ്റെ അടുത്തേക്ക് എത്തിയത്.  ആകെ വേവലാതിയാണ്.

"ഡാ... നീ ഇന്ന് വന്ന മിൽക്‌ ചില്ലിങ് ടാങ്കിൽ വെച്ചിരുന്നോ?"

"ചില്ലിങ്ങിനോ... ചില്ലിങ്ങിനു വെച്ചിട്ടുണ്ട്... ഉണ്ടാകും... "

"ഉണ്ടാകും എന്നോ?... അപ്പൊൾ നീ നോക്കിയില്ലേ?"

"ഞാനത് ഒരുത്തനെ ഏൽപ്പിച്ചിരുന്നു... പക്ഷെ, ഉണ്ട്... വെച്ചിട്ടുണ്ട്... ഞാനത് കണ്ടതാണ്..."

"നന്നായി... എന്നാ കേട്ടോ... അത് ചില്ലിങ്ങിനു വെക്കാതെ മൊത്തം ഫെർമെന്റ് ആയി കിടക്കുന്നുണ്ട്... പ്രൊഡക്ഷൻ എടുക്കുന്നതിനു മുമ്പ് ഒന്ന് ചെക്ക് ചെയ്തത് ഭാഗ്യം... ഇല്ലെങ്കിൽ മൊത്തം പണിയായെനെ... "

വിനോദ് ഇതിനോടകം അവൻ ഏൽപ്പിച്ച ആളെ വിളിച്ചു തെറിവിളി തുടങ്ങിയിരുന്നു. ചില്ലിങ് ടാങ്കിലൊക്കെ മിൽക്ക് വെച്ചിരുന്നു. പക്ഷെ അതിൻ്റെ സ്വിച്ച് ഓണാക്കാൻ മറന്നുപോയി. അന്ന് അതുവരെ കാണിച്ച സഹിഷ്ണുത ഒക്കെ വിനോദിന് നഷ്ടപ്പെട്ടിരിക്കുന്നു. ഒടുക്കം അടിക്കാനായി കൈ ഓങ്ങിയപ്പോഴാണ് അലൻ പിടിച്ചു മാറ്റിയത്. അലൻ അവനെ അപ്പുറത്തേക്ക് മാറ്റി.

"നിനക്ക് എന്താ വട്ടാണോ... ഇന്ന് നീ പ്രൊഡക്ഷനിൽ നിന്നാൽ ഇതിലും കൂടുതൽ പണിയാകും എന്നറിയുന്നതുകൊണ്ടാ നിന്നെ ഇതിലോട്ട്‌ ഇട്ടത്. ഇപ്പൊൾ അതും പാരയായോ... ആ പാലും വെച്ചു പ്രൊഡക്ഷൻ എടുത്തിരുന്നെങ്കിൽ ഒന്നെങ്കിൽ നിൻ്റെ ജോലി അല്ലെങ്കിൽ നാല് മാസത്തെ ശമ്പളം ഏതെങ്കിലും ഒന്ന് പോയിക്കിട്ടിയേനെ..."

"പോവാണെങ്കിൽ അങ്ങ് പൊയ്ക്കോട്ടേ... എനിക്ക് മടുത്തു..."

"ഞാനൊരു എളുപ്പവഴി പറഞ്ഞുതരാം... നാളെത്തെ റിപ്പോർട്ടിന് കാത്തുനിൽക്കാതെ ഇപ്പൊൾ തന്നെ വല്ല ട്രെയിനിനുമുന്നിൽ ചാടി ചത്തോ... എനിക്ക് അവ തമ്മിൽ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല. നിനക്ക് വേണ്ടെങ്കിൽ വേണ്ട. ഫ്രണ്ട്സ് എന്ന് പറയുന്ന ഞങ്ങൾക്ക് വേണ്ടിയെങ്കിലും നീ ഒന്ന്..."

അലൻ്റെ കയ്യിൽ നിന്ന് കാര്യങ്ങൽ കൈ വിട്ടിരുന്നു. ഒടുക്കം ജോർജ് വന്നാണ അന്തരീക്ഷം ഒന്ന് തണുപ്പിച്ചത്. ഇന്നലെത്തന്നെ ജോർജ് ഒരുപാട് പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കിയിരുന്നു. ഇപ്പോഴും അത് തന്നെയാണ് ചെയ്യുന്നത്. തിങ്കളാഴ്ച ആ റിപ്പോർട്ട് കിട്ടാതെ ഇതിനൊരു അവസാനം ഉണ്ടാകില്ലെന്ന് അറിയാം. അതുവരെ എങ്ങനെയെങ്കിലും പിടിച്ചിരുത്തിയേ പറ്റൂ...


                                                                                ---------------------------------------


ദേവിക വിനോദിനെ കാത്തു കമ്പനിക്ക് പുറത്ത് കാത്തുനിൽക്കുകയാണ്. ഇന്നലത്തെ അടിപിടിക്ക് ശേഷം ഇതുവരെ സംസാരിച്ചിട്ടില്ല, സംസാരിക്കാൻ ശ്രമിച്ചിട്ടും ഇല്ല. ഒടുക്കം നേരിൽ കണ്ട് തന്നെ പ്രശ്നം തീർക്കാം എന്ന് വെച്ചു. രാധികയെ കണ്ടപ്പോൾ വിനോദും ഒന്ന് വിരണ്ടു. അവളുടെ അടുത്തേക്ക് നടന്നു...

കുറച്ചു നേരം ഒന്നും മിണ്ടിയില്ല.

"വേറൊരു വഴിയുമില്ലതത്തുകൊണ്ടാ നാളെ നടക്കില്ലെന്ന് പറഞ്ഞത്. നീ അത് ക്ഷമിക്ക്", കാര്യം പറഞ്ഞുതീർക്കേണ്ട ചുമതല വിനോദ് തന്നെ ഏറ്റെടുത്തു

"ക്ഷമിച്ചതു കൊണ്ടല്ലേ ഇവിടെ വരെ വന്നത്. ഞാനും ഇന്നലെ കുറച്ചു കൂടിപ്പോയി. അപ്പോഴത്തെ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു."

"സാരമില്ല, അടുത്ത സൺഡേ എന്തായാലും കാര്യങ്ങൽ റെഡി ആയിരിക്കും..."

"ഹും... അല്ല, നാളെ എന്താ പരിപാടി? ഒരു സിനിമക്ക് പോയാലോ?"

"സിനിമക്കോ?... യ്യോ സൂചി... വേണ്ട..."

"സൂചിയോ... എന്ത് സൂചി?..."

"അല്ല... ഒന്നുമില്ല... സിനിമക്ക് വേണ്ട... ഒരു മൂഡില്ല..."

"എന്നാ വേണ്ട.... പിന്നെ എവിടെ പോകും?"

"ഞാൻ നാളെ വിളിക്കാം... എന്നിട്ട് തീരുമാനിക്കാം..."

"എന്നാ അങ്ങനെയാക്കാം..."


                                                                                ---------------------------------------


ടാ... വിനോദ് എവിടെ?" ജോർജ് ആണ് ചോദിച്ചത്.

"റൂമിൽ ആണെന്ന് തോന്നുന്നു. ഫുഡ് കഴിച്ച ശേഷം ആളെ കണ്ടിട്ടില്ല" അലൻ്റെ മറുപടി.

"നീ അവനെ വിളി. സാധനം മേടിച്ചിട്ടുണ്ട്. രണ്ടെണ്ണം അടിക്കാം... മറ്റവൻമാർ മൂവരും പടത്തിനു പോയിരിക്കാണ്"

"അത് വേണോ... അവൻ അല്ലെങ്കിലെ മറ്റൊരു മൂഡിലാണ് ഇരിക്കുന്നത്. ഇനി ഇതും അടിച്ചു... പിന്നെ കൺട്രോൾ കിട്ടില്ല... എനിക്ക് വയ്യ..."

"രണ്ടെണ്ണം അടിച്ചു ബോധം പോയി ഇന്നെങ്കിലും അവൻ മര്യാദക്ക് ഒന്നുറങ്ങിക്കൊട്ടെ... പിന്നെ നമ്മൾ ഫ്രണ്ട്സ് അല്ലേ അവന് ധൈര്യം കൊടുക്കേണ്ടത്... നീ പോയി അവനെ വിളി"

മനസ്സില്ലാമനസ്സോടെ ആണെങ്കിലും അലൻ അവനെ വിളിച്ചുകൊണ്ടുവന്നു. സാധനം കാണുമ്പോൾ പതിവായി കാണുന്ന അവേശമൊന്നും ആളുടെ മുഖത്തില്ല. ഉണ്ടാകാൻ സാധ്യതയുമില്ല.

വേറെ ആരെയും കാത്തിരിക്കാതെ ഗ്ലാസ്സ് എടുത്തു, അത് നിറയെ ഒഴിച്ച്, ഡ്രൈ ആയിട്ട് തന്നെ ഒറ്റയടിക്ക് കുടിച്ചു...

ഹോ!!

"ഡേയ്... നീയെന്താ കാണിക്കുന്നത്... കൂമ്പ് വാദിപ്പോകും"

"വാടട്ടെ... അല്ലെങ്കിലും ഇനി എന്തിനാ... കുറെ നാളത്തെ ആഗ്രഹമായിരുന്നു ഇങ്ങനെ കുടിക്കണം എന്ന്..."

അലൻ ജോർജിനെ ഒന്ന് നോക്കി. 'ഞാൻ അപ്പോഴേ പറഞ്ഞില്ലേ' എന്നൊരു അർത്ഥം അതിലുണ്ട്. ജോർജ് പക്ഷേ ശാന്തനായി വിനോദിനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ജോർജിന് ഇതെങ്ങനെ സാധിക്കുന്നു എന്ന് അലന് ഭയങ്കര അൽഭുതം. 

വിനോദ് നോൺ സ്റ്റോപ് ആയിട്ട് കുടിച്ചുകൊണ്ടിരിക്കാണ്. കുപ്പിയുടെ പകുതിയിലധകവും അവൻ തന്നെയാണ് തീർത്തത്. അതിലൊന്നും ബാക്കിയുള്ളവർക്ക് യാതൊരു പ്രോബ്ലെവും തോന്നിയില്ല. പ്രശ്നം വരുന്നത് വിനോദ് സംസാരിക്കാൻ വാ തുറക്കുമ്പോൾ ആണ്.

"എടാ... നിങ്ങള് രണ്ടാളും... എൻ്റെ ബെസ്റ്റ് ഫ്രണ്ട്സ് ആണ്... ചോദിച്ചാൽ ചങ്ക് പോലും പറിച്ചുതരാൻ തയ്യാറുള്ളവർ... ഞാൻ എന്തെങ്കിലും... ഏതെങ്കിലും വിധത്തിൽ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ മാപ്പ്... മാപ്പ്... സോറി... സോറി"

"എനിക്ക് വയ്യ, ഞാൻ പോവാ...", അലനാണ് മടുത്തത്. അവൻ എണീറ്റ് പോകാൻ നിന്നപ്പോൾ ജോർജ് തടഞ്ഞു. "എടാ ചുമ്മാ കേട്ടിരുന്നാൽ പോരേ... നീ എവിടെ പോവാ...". പക്ഷേ അലനത് കേട്ടില്ല.

"പത്താം ക്ലാസ്സിൽ വെച്ചു ഞാനാ പാവം പ്രദീപിനെ തല്ലി... അവനെന്നോട് കരഞ്ഞു പറഞ്ഞതാ എൻ്റെ നോട്ടുബുക്കിൽ വൃത്തികേട് എഴുതിവച്ചത് അവനല്ലെന്ന്... എന്നിട്ടും ഞാൻ കേട്ടില്ല... കാരണം എനിക്കത് അറിയാമായിരുന്നു... അവനെ തല്ലാൻ ഒരു കാരണം ഉണ്ടാക്കാൻ വേണ്ടി ഞാൻ തന്നെയാ അത് എൻ്റെ നൊട്ടുബുക്കിൽ എഴുതിയത്... എൻ്റെ മുന്നിൽ അവൻ ശെരിക്കും കരഞ്ഞു... എന്നിട്ടും ഞാനവനെ പൊതിരെ തല്ലി... ഞാനവനോട് മാപ്പ് പറയേണ്ടേ... ചാകുന്നതിന് മുമ്പ് അത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ... ജോർജ്... നീ പറ... ഞാൻ മാപ്പ് പറയേണ്ടേ....", വിനോദ് വിതുമ്പുന്നുണ്ടായിരുന്ന്. കണ്ണുനീർ തുടച്ചു, മുക്കും കൈകൊണ്ട് തുടച്ചു, ആ കൈകൊണ്ട് തന്നെ ജോർജിൻ്റെ ഷർട്ടിൽ പിടിച്ചിട്ട് വീണ്ടും ചോദിച്ചു - ഞാൻ മാപ്പ് പറയേണ്ടേ... നീ പറ...", അവൻ പിടിച്ചു കുലുക്കുണ്ടയിരുന്ന്.

തെണ്ടി... ചുമ്മാ കേട്ടിരിക്കാം എന്ന് വെച്ചാൽ അതിനും സമ്മതിക്കില്ല


                                                                                ---------------------------------------


വിനോദ് ആ ഇടവഴിയിലൂടെ നടക്കാൻ തുടങ്ങിയിട്ട് കുറച്ചായി. മുമ്പിലും പിന്നിലുമായി ഒരുപാട് പേർ കൂടെയുണ്ട്. എല്ലാവരുടെയും ലക്ഷ്യസ്ഥാനം ഒന്നാണെന്ന് തോന്നുന്നു. ഒരു ചെറിയ വീട്, ഒരുപാട് ആളുകൾ ഒത്തുകൂടിയിരിക്കുന്നു. മുറ്റത്തെ മാവിൽ ഒരാൾ ചാരി നിൽക്കുന്നത് കാണാം.  അകത്തുനിന്നു നിന്ന് ആരൊക്കെയോ അലറിക്കരയുന്നുണ്ട്. അകത്തേക്ക് കയറി, അവിടെ തൂവെള്ളത്തുനിൽ ഒരാളെ പുതച്ചു കിടത്തിയിരിക്കുന്നു... ആരാണെന്നറിയാൻ അവൻ ഒന്നുകൂടി അടുത്തേക്ക് നോക്കി... ദൈവമേ അത് താനല്ലേ... ചുറ്റും ഇരുന്നു കരയുന്നത് തൻ്റെ ബന്ധുക്കളാണ്... അമ്മയുണ്ട്, പെങ്ങളുണ്ട്, ദേവികയുണ്ട്... മുറ്റത്തു ചാരി നിൽക്കുന്നത് അച്ഛനാണ്. അത് തൻ്റെ വീടാണ്... താൻ നടക്കാറുള്ള ഇടവഴിയാണ്... എല്ലാം തീർന്നോ... ഇങ്ങനെയാണോ അവസാനം...??

പെട്ടന്ന് മൊബൈൽ ബെല്ലടിച്ചു...

അത് മാത്രം സ്വപ്നത്തിൽ ആയിരുന്നില്ല. മൊബൈൽ ശെരിക്കും ബെല്ലടിക്കുന്നുണ്ട്. ഞാൻ ഇന്നലെ കൗച്ചിലാണോ ഉറങ്ങിയത്? സമയം എന്തായി? ഫോണെടുത്തു നോക്കി... 18 മണിയോ?... അല്ല പതിനെട്ടു മിസ്കാൾ... എല്ലാം ദേവികയാണ്... സമയം പന്ത്രണ്ടു മണിയായി... അത്രയും നേരം താൻ ഉറങ്ങിയോ?... ആരോ പ്രദീപിൻ്റെ നമ്പർ അയച്ചു തന്നിട്ടുണ്ട്... ഇവനോട്‌ ഇപ്പൊൾ ആരാ പ്രദീപിൻ്റെ നമ്പർ ചോദിച്ചത്? അല്ല, എതവനാ ഈ പ്രദീപ്?

തലക്കകത്തു എല്ലാം ഒന്ന് നോർമൽ ആകാൻ കുറച്ചു സമയം എടുത്തു. ഇന്നലെ കുപ്പി പൊട്ടിച്ചു ഒഴിച്ചത് മാത്രം ഓർമ്മയുണ്ട്. പിന്നെ എല്ലാം ബ്ലാങ്ക് ആണ്. ഇപ്പോഴാ മറ്റൊരു കാര്യം ഓർത്തത്... ഹിസ്റ്ററി ഡിലീറ്റ് ചെയ്യണം. ഫോണിലെയും ലാപ്പിലേയും... ഹിഡൻ ഫോൾഡേഴ്‌സും വിഡിയോസും ഒക്കെ ഡിലീറ്റ് ചെയ്യണം... ശ്രദ്ധിക്കണം, ഡിലീറ്റ് ചെയ്യുമ്പോൾ ഷിഫ്റ്റ്+ഡിലീറ്റ് തന്നെ പ്രസ് ചെയ്യണം... പിന്നെ എന്തൊക്കെ വേണം... ഒന്നും തലയിൽ വരുന്നില്ലല്ലോ...

ഇതിനിടയിൽ വീണ്ടും ഫോൺ ബെല്ലടിക്കുന്നുണ്ട്. ജോർജ് ആണ്.

"ഹാ പറ... ഇല്ല.. ഇപ്പോൾ എണീറ്റെയുള്ളു... കഴിച്ചിട്ടില്ല... ഓ ഉണ്ടാക്കി വെച്ചിട്ടുണ്ടോ, താങ്ക്സ്... അവൾ നിന്നെ വിളിച്ചോ?... ഇന്ന് എവിടെയെങ്കിലും പോകാം എന്ന് പറഞ്ഞിരുന്നു... എനിക്കൊരു മൂഡില്ലെടാ... എനിക്കറിയാം ബ്രോ... ജോർജ്, ഐ നോ.... ഐ ഗെറ്റ് ദാറ്റ്.... മറ്റൊന്നുമല്ലെടാ.. ഇന്നെനിക്ക് ഒന്ന് ഒറ്റക്ക് നിൽക്കണം... നാളെത്തോടെ ഞാൻ മരിക്കില്ലെന്നു എനിക്ക് അറിയാം ബ്രോ... അതൊന്നുമല്ല... എനിക്കവളുടെ കൂടെ പോകാൻ എന്തോ താല്പര്യം ഇല്ല... നീ പേടിക്കേണ്ട... അവളെ ഞാൻ വിളിച്ചു പറഞ്ഞോളാം... ഒരു നുണ പറയാനാണോ പാട്... വല്ല ആവശ്യവുമുണ്ടെങ്കിൽ ഞാൻ വിളിച്ചോളാം..ശെരി..."


                                                                                ---------------------------------------


"നീ എവിടെ പോയിരുന്നു?"

അലനാണ്‌ ചോദിച്ചത്. അവർ കമ്പനിയിൽ നിന്ന് വന്നപ്പോൾ വിനോദ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഫോൺ വിളിച്ചിട്ട് എടുത്തത്തുമില്ല. അതിന് വിനോദിൻ്റെ മറുപടി എത്തുന്നതിനു മുമ്പേ ജോർജ് ഇടപെട്ടു- "ഇവിടെ പോയതാണങ്കിലും ഫോൺ വിളിച്ചാൽ എടുത്തോളണം... വെറുതെ ടെൻഷനടിപ്പിക്കരുത്..."

"എൻ്റെ ഫോണിൽ വിളിച്ചാൽ കിട്ടാത്ത ഒരു ദിവസം ഉടനെ ഉണ്ടാകും... അതുകൊണ്ട് അതൊക്കെ ശീലമാകാൻ ഇപ്പോഴാ തയ്യാറാവുന്നത് നല്ലതാ..."

'ഇവന് വട്ടാണ്', അലനു അതാണ് വായിൽ വന്നത്.

"നീ എവിടെപ്പോയിരുന്നു? അത് പറ ആദ്യം..." - ജോർജ്

"ഞാനൊന്നും അമ്പലം വരെ പോയതാ... "

"അമ്പലത്തിലേക്കോ... നീ കമ്മ്യൂണിസ്റ്റ് അല്ലേ..."

"കമ്മ്യൂണിസ്റ്റുകാർ അമ്പലത്തിൽ പോവാൻ പാടില്ലെന്ന് എവിടേലും പറഞ്ഞിട്ടുണ്ടോ?"

"ഇല്ലേ?... ഇല്ലെങ്കിൽ വേണ്ട... ചോദിച്ചെന്നെ ഒള്ളൂ..."

"എന്നിട്ട്?"

"എന്നിട്ടെന്താ... ഭഗവാനോട് പ്രാർത്ഥിച്ചു. നിങ്ങൾക് ഈ കുമ്പസാരം ഒക്കെ ഇല്ലേ... അതുപോലെ ഞങ്ങൾക്കും വല്ലതും വേണമായിരുന്നു... എന്തായാലും ശരീരം നല്ല വേദനയുണ്ട്... ഒന്ന് കുളിക്കട്ടെ..."

"ശരീരം വേദനിക്കൻ മാത്രം എന്താ ഇപ്പൊ ഉണ്ടായത്?"

"ഒരു ശയനപ്രദക്ഷിണം...", അതും പറഞ്ഞു വിനോദ് അകത്തേ ക്ക്‌ നടന്നു.

അലനും ജോർജും പരസ്പരം ഒന്ന് നോക്കി. ഇതിനിടക്ക് വിനോദ് ഒരിക്കൽകൂടി വന്നു.

"ഒരു കാര്യം ചോദിക്കാൻ മറന്നു. എടാ... ഈ ഇൻഷുറൻസ് എടുക്കാൻ എന്താ ചെയ്യണ്ടേ?"

"അതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ടി വരും. നിൻ്റെ കണ്ടീഷൻ വെച്ചു കിട്ടാൻ ചൻസില്ല", അലനാന് മറുപടി പറഞ്ഞത്.

"നേരത്തേ നോക്കേണ്ടതായിരുന്നു... ഇനി പറഞ്ഞിട്ട് എന്ത് കാര്യം..." വിനോദ് വീണ്ടും അകത്തേയ്ക്ക്
പോയി. 

"ഇവന് രണ്ടെണ്ണം പൊട്ടിക്കത്തത്തിൻ്റെ കുറവുണ്ട് ട്ടോ...", അലന്‌ ശെരിക്കും ദേഷ്യം വരുന്നുണ്ട്.

"ഇന്നൊരു ദിവസം കൂടി ക്ഷമിക്... നാളെത്തോടെ ഒരു തീരുമാനം ആവുമല്ലോ", ജോർജ് അവനെ സമാധാനിപ്പിച്ചു.


                                                                                ---------------------------------------


"ഒന്നാമത്തെ കാര്യം താൻ ഇതേ കാരണം പറഞ്ഞു 2 ദിവസം മുമ്പ് ലീവ് എടുത്തിട്ടേയുള്ളൂ ... പിന്നെ ഇന്ന് 11 മണിക്ക് ശേഷം ഇപ്പോഴും വരാമെന്നാണ് പറഞ്ഞത്. അപ്പൊൾ തനിക്ക് ഉച്ച കഴിഞ്ഞു പോയാൽ മതിയല്ലോ... ഇപ്പൊൾ പോയി ജോലി ചെയ്യ്. എന്നിട്ട് ഉച്ചക്ക് ശേഷം ഞാൻ ആലോചിക്കാം ലീവ് അനുവദിക്കണോ അതോ വേണ്ടയോ എന്ന്..." കുറെ നേരമായി മാനേജരോട് സംസാരിച്ചിരിക്കുന്നു. പത്തരക്ക് വന്നിരുന്നതാണ്‌, തർക്കിച്ചു തർക്കിച്ചു ഇപ്പൊൾ സമയം 10.50, ഹോസ്പിറ്റലിൽ എത്താൻ 15 മിനുട്ട് വേണം.  ഇനി നോക്കിയിരുന്നിട്ടു കാര്യമില്ലെന്ന് വിനോദിന് മനസ്സിലായി.

"ഞാൻ റിപ്പോർട്ട് വാങ്ങാൻ പോവാണ്. താൻ ലീവ് ഉണ്ടാക്കേ വിഴുങ്ങെ എന്താണെന്ന  വെച്ചാ ചെയ്തോ... എനിക്ക് തൻ്റെ കാലു പിടിക്കാൻ സൗകര്യമില്ല... സസ്പെൻഷനോ ഡിസ്മിസ്സലോ എന്താണെന്ന് വെച്ചാൽ താൻ ഉണ്ടാക്ക്..."

ഇത്രയും പറഞ്ഞു വിനോദ് അവിടുന്ന് ഇറങ്ങി. ആരോടും ഒന്നും പറയാൻ നിന്നില്ല. അലൻ്റെ കയ്യിൽ നിന്ന് ചാവി ആദ്യം തന്നെ വങ്ങിവച്ചത് കൊണ്ട് ബൈക്ക് എടുത്തു ഒരു പോക്കായിരുന്നു. മനസ്സിൽ ആ റിപ്പോർട്ട് മാത്രമായിരുന്നു ചിന്ത. ഇതിനിടക്ക് എവിടുന്നോ ക്യാമറാ ഫ്ലാഷ് അടിച്ചപോലെ തോന്നി. മിക്കവാറും അലൻ്റെ വീട്ടിലേക്ക് ഒരു രെജിസ്റ്ററെഡ് പോസ്റ്റ് വരാൻ ചാൻസ് ഉണ്ട്. അതൊന്നും മൈൻഡ് ചെയ്യാതെ കഴിയാവുന്ന സ്പീഡിൽ തന്നെ വിട്ടു. പത്തു മിനിറ്റിൽ തന്നെ ആശുപത്രി എത്തി. കൗണ്ടറിൽ ചെന്ന് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം:

"ഡോക്ടർ റൗണ്ട്സിന് പോയി. കുറച്ചു നേരം വെയ്റ്റ് ചെയ്യൂ..."

കഴിഞ്ഞ രണ്ടു ദിവസമായി ഇതേ വൈറ്റിലായിരുന്നു എന്ന് അവർക്ക് അറിയില്ലല്ലോ. വിനോദിൻ്റെ കൺട്രോൾ ശെരിക്കും പോകുമെന്നായി. പക്ഷേ അതിനിടക്ക് തന്നെ വേറൊരു സിസ്റ്റർ വന്നു കാര്യം പറഞ്ഞു.

"western blotൻ്റെ റിസൾട്ട് അറിയാൻ വന്നതല്ലേ... താൻ വന്നാൽ റിസൾട്ട് ഉടനെ പറയാൻ ഡോക്ടർ പറഞ്ഞിരുന്നു. തനിക്ക് നെഗറ്റീവ് ആണ്. റിപ്പോർട്ട് ഡോക്ടർ വന്നിട്ട് തരും"

"നെഗറ്റീവ് എന്ന് പറഞ്ഞാൽ ഉണ്ടെന്നോ ഇല്ലെന്നോ?... എനിക്ക് പെട്ടന്ന് പിടികിട്ടുന്നില്ല..." ടെൻഷൻ അതിൻ്റെ ഉച്ചിയിൽ എത്തിയിട്ടുണ്ട്.

"എടോ തനിക്ക് അസുഖം ഇല്ലെന്ന്... ഹാപ്പിയായില്ലേ??"


                                                                                ---------------------------------------


കമ്പനിയിൽ ലഞ്ച് ടൈം ആയിട്ട് കുറച്ചായി. പക്ഷേ ജോർജും അലനും വിനോദിനെ കാത്തിരിക്കാണ്. അവൻ വിളിച്ചിട്ടാണെങ്കിൽ ഫോണും എടുക്കുന്നില്ല. ഒടുക്കം അവനെത്തി. ആകാംഷയോടെ രണ്ടുപേരും അവൻ്റെ അടുത്തേക്ക് പോയി. യാതൊരു ഭാവവ്യത്യാസവും കാണിക്കാതെ വിനോദ് ബൈക്കിൽ നിന്നും ഇറങ്ങി.

"എടാ എന്തായി?...", രണ്ടുപേരും നല്ലപോലെ ടെൻഷനടിക്കുന്നുണ്ട്. റിപ്പോർട്ട് അവർക്ക് കൊടുത്തിട്ട് വിനോദ് ഒരു തുള്ളിച്ചാട്ടമായിരുന്നു. "നെഗറ്റീവ് ആണെടാ നെഗറ്റീവ്. അങ്ങനെയൊന്നും ഈ വിനോദ് ചാവില്ല മോനേ..."

ജോർജിനും അലനും സമാധാനമായി.

"നീ മാനേജരോട് കയർത്താണ് പോയതല്ലേ..."

"അപ്പോഴത്തെ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു... പോയി ക്ഷമ ചോദിക്കണം..."

"അതിൻ്റെ ആവശ്യമില്ല... ഞങ്ങളത് സോൾവ് ആക്കി..."

"ആണോ? താങ്ക്സ് അളിയാ..."

ജോർജ് തൻ്റെ കയ്യിലിരുന്ന റിപ്പോർട്ട് അലനോട് പിടിക്കാൻ പറഞ്ഞു. എന്നിട്ട് വിനോദിൻ്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു!

വിനോദ് മാത്രമല്ല, അലനും തരിച്ചിരിക്കായിരുന്നു. പക്ഷേ തീർന്നിട്ടില്ല...

"എടാ  _____ മോനേ... (സെൻസർ ചെയ്യേണ്ട പല വാക്കുകളും അവൻ്റെ വായിൽ നിന്ന് വരുന്നുണ്ട്)... രണ്ടു ദിവസമായി ഞങ്ങൾ സഹിക്കാ... ഇതുതന്നെയാണ് നിന്നോട് ഒരുപാട് തവണ പറഞ്ഞിരുന്നത്...അവൻ്റെ ഒരു HIV western blot പിന്നെ അമ്മൂമ്മൻ്റെ ഫാൾസ് പോസിറ്റീവ്.... അതിൻ്റെ പേരിൽ നീ കാണിക്കുന്ന ഓരോ പോക്കിതരത്തിനും ദേഷ്യം സഹിച്ചു പിടിച്ചാടാ ഞാൻ നിന്നെ സമധാനിപ്പിച്ചത്. അല്ലെങ്കിലും ക്ഷമക്ക് ഒരു അതിരില്ലേ... ഇതിനിടയിൽ ശയനപ്രദക്ഷിണം ലൈഫ് ഇൻഷ്വറൻസ്... അങ്ങനെ എന്തൊക്കെ പ്രഹസനങ്ങളാ... റിപ്പോർട്ട് കിട്ടാൻ രണ്ടു ദിവസം കൂടി വൈകിയിരുന്നെങ്കിൽ നിന്നെ ഞങ്ങൾ കൊന്നേനെ... ഇനി മേലാൽ ഇമ്മാതിരി വാക്കുകൾ ഞങ്ങളുടെ മുന്നിൽ വെച്ച് പറഞ്ഞാൽ ഈ ജോർജിൻ്റെ തനിക്കൊണം നീയറിയും... അവൻ്റെ ഒരു ELISA കോപ്പ്..."


                                                                                ---------------------------------------

Comments