The Beginning of Townsville Days





പേടിയുണ്ടായിരുന്നു, സങ്കടവും - അതിലേറെ ആകാംഷയും. കുടുംബത്തിൽ പ്രവാസികൾ ഒരുപാടുള്ളതിനാൽ എയർപോർട്ടിൽ ധാരാളം പോയിട്ടുണ്ട്, കൊണ്ടുവിടാനും കൂട്ടാനുമൊക്കെ, പക്ഷെ ഫ്ലൈറ്റ് യാത്ര ആദ്യമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ കൊച്ചി എയർപോർട്ടിൻ്റെ ഉള്ളിലോട്ട് കയറിയാൽ പിന്നെയുള്ളതെല്ലാം എനിക്ക് പുതുമയാണ്. ആ വക കാര്യങ്ങൾ പലരോടും പലവട്ടം ചോദിച്ചിട്ടുണ്ട്. ഒടുക്കം അവിടെ എമിഗ്രേഷനിൽ ജോലി ചെയ്യുന്ന ഉപ്പാൻ്റെ കൂട്ടുകാരനും എന്നെ സഹായിച്ചു. എല്ലാം മര്യാദയ്ക്ക് കണ്ടോട്ടേയെന്ന് വിചാരിച്ചിട്ടായിരിക്കാം പടച്ചോൻ എനിക്ക് മൂന്നു വിമാനങ്ങളിലും വിൻഡോ സീറ്റ് തന്നെ ശെരിപ്പെടുത്തിയത്. ആദ്യ തവണ കൂട്ടിന് പെർത്തിലോട്ടുള്ള ഒരു മലയാളി ചേട്ടനും ഫാമിലിയുമായിരുന്നു. ഓസ്‌ട്രേലിയയിൽ ഒരുപാട് മലയാളികൾ ഉണ്ടെന്നും പക്ഷെ എല്ലാവർക്കും ഭയങ്കര ഗമയാണെന്നുമാണ് പുള്ളിക്കാരൻ പറഞ്ഞത്. ഞാൻ പിന്നെ ആദ്യം തന്നെ സീറ്റ് പിറകിലോട്ട് പുഷ് ചെയ്യാൻ സഹായം ചോദിച്ചതുകൊണ്ടായിരിക്കാം അയാൾക്ക് എന്നോട് താല്പര്യം തോന്നിയത്. അതിൽ കൂടുതൽ എളിമ എനിക്ക് കാണിക്കാൻ പറ്റില്ലല്ലോ. ഫുഡ് അടക്കമുള്ള സകല കാര്യങ്ങൾക്കും പുള്ളി എന്നെ ഹെല്പ് ചെയ്തു. സിങ്കപ്പൂർ ഇറങ്ങിയ ശേഷം എന്നെ മൊത്തം അവിടെ ചുറ്റികാണിച്ചു, ഒരുപാട് കാണാനുണ്ട് ആ എയർപോർട്ട് തന്നെ. അങ്ങേരുടെ ഭാര്യയും രണ്ടു ചെറിയ പിള്ളേരും വിസിറ്റിങ്ങിനു വന്നതാണ്.  അവരോട് പറയുന്നുണ്ടായിരുന്നു മടക്കത്തിൽ ആറു മണിക്കൂർ ഇവിടെ ട്രാൻസിറ്റ് ഉണ്ടെന്നും ഇതുമൊത്തം ചുറ്റിക്കാണണമെന്നും. എന്തായാലും എന്നെ എൻ്റെ ടെർമിനലിൽ വിട്ട ശേഷമാണ് യാത്ര പറഞ്ഞത്.


ഓസ്‌ട്രേലിയയിൽ ആദ്യമായി കാലുകുത്തിയത് ബ്രിസ്‌ബേനിൽ ആയിരുന്നു. അതിനുമുമ്പ് മനുഷ്യനെ ടെൻഷനടിപ്പിച്ച മറ്റൊരു കാര്യമുണ്ട്. ഫുഡ് ഐറ്റംസ് കൊണ്ടുപോകുന്നതിൽ അവിടെ restrictions ഉണ്ട്. ലാൻഡ് ചെയ്യുന്നതിന് മുമ്പ് ഒരു ഫോം ഫിൽ ചെയ്തുകൊടുക്കണമായിരുന്നു, ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിന് വേണ്ടിയുള്ള ഫോം ആണ്. അതിൽ ഫുഡ് ഐറ്റംസിനെക്കുറിച്ചു പ്രത്യേകം ചോദിക്കുന്നുണ്ട്. എൻ്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് ഒരു കേക്കും പിന്നെ ചിപ്പ്സും. അവർ തന്ന ലിസ്റ്റിൽ ഇത് പെടുമോ എന്ന് മനസ്സിലാകുന്നില്ല, ഒറ്റനോട്ടത്തിൽ ഇല്ല എന്ന് തോന്നും. പിന്നെ മുകളിൽ പ്രത്യേകം എഴുതിയിട്ടുണ്ട് - സംശയമുണ്ടെങ്കിൽ ഡിക്ലയർ ചെയ്യാൻ. ഇതിനിടയിൽ റൂംമേറ്റ് ആയ ഡോക്ടർ പറഞ്ഞതും ഓർമ്മ വന്നു, ഭക്ഷണസാധനങ്ങൾ കൊണ്ടുവരരുതെന്ന്. മാത്രമല്ല, ഫ്ലൈറ്റിലെ സ്‌ക്രീനിൽ ഇടയ്ക്കിടക്ക് warning തരുന്നുണ്ട് - "Nothing can be an excuse", കൂടെ നിയമം ലംഘിച്ചാലുള്ള ശിക്ഷയും വിശദീകരിക്കുന്നുണ്ട്. അന്ന് രാത്രി മുഴുവൻ ആ എയർപോർട്ടിൽ തങ്ങേണ്ടതാണ്, കയ്യിൽ കഴിക്കാൻ വേറൊന്നുമില്ല. ആ ഒരൊറ്റ കാര്യമായിരുന്നു എന്നെ പിന്നിലോട്ട് വലിച്ചത്. ഒടുവിൽ വിമാനം ഇറങ്ങിയപ്പോൾ അവിടെയും ഒരു ബോർഡ് കണ്ടു - Declare it or Dump it (Dump ചെയ്യാൻ ഒരു ബാസ്‌ക്കറ്റും വെച്ചിട്ടുണ്ട്). ഒടുക്കം ഞാൻ ഡിക്ലയർ ചെയ്തു. ഡിക്ലയർ ചെയ്തവർക്ക് പ്രത്യേക ലൈൻ ആണ്. ഞാൻ നോക്കുമ്പോൾ മുമ്പിലും പിൻപിലും അധികവും ഇന്ത്യക്കാർ തന്നെ. അച്ചാർ വരെ ഒരു പ്രശ്നവുമില്ലാതെ കടത്തിവിടുന്നുണ്ട്. "What are you declaring?" എന്ന് ഓഫീസർ ചോദിച്ചപ്പോൾ ഉള്ള കാര്യം പറഞ്ഞു. പുള്ളി സ്കാനറിൽ ഒരു നോട്ടം നോക്കി, പോകാൻ പറഞ്ഞു, അത്രയേ ഉണ്ടായിരുന്നുള്ളു... ഈ ഒരു ചെറിയ കാര്യത്തിനാണല്ലോ ഞാൻ ഇത്രയും ടെൻഷനടിച്ചത് എന്നോർക്കുമ്പോൾ... പിന്നീട് റൂംമേറ്റിനോട് ഇക്കാര്യം പറഞ്ഞപ്പോൾ 'നീയത് ഡിക്ലയർ ചെയ്തില്ലായിരുന്നെങ്കിൽ ചിലപ്പോൾ പ്രോബ്ലം ഉണ്ടായേനേ... അവരും ഒരൊറ്റ കാര്യമേ പ്രതീക്ഷിക്കുന്നുള്ളൂ - Be Honest!'


അന്ന് രാത്രി ബ്രിസ്‌ബേൻ എയർപോർട്ടിലാണ് തങ്ങിയത്. വെയ്റ്റിംഗ് റൂം ഒന്നും തപ്പിയില്ല, ഒരു സൈഡിൽ കുറേ സോഫാ സീറ്റുകൾ കിടക്കുന്നത് കണ്ടു, തൊട്ടടുത്ത് ബാത്റൂമും ഉണ്ട്. എന്നെപ്പോലെ വേറെ രണ്ടുപേരും അവിടെ കിടപ്പുണ്ട്. ടൗൺസ്‌വില്ലിലേക്ക് അവിടുന്ന് വെറും രണ്ടുമണിക്കൂറിൻ്റെ യാത്രയേ ഉണ്ടായിരുന്നുള്ളൂ. റൂമും കാര്യങ്ങളുമെല്ലാം നേരത്തെ പറഞ്ഞുവെച്ചതിനാൽ ആ ഇന്ത്യൻ ഡോക്ടർ (Dr. Udaya Ponangi, he is a doctor in Townsville Hospital) എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു ടാക്സി വിളിച്ചാണ് അവിടെ പോയത്. ആ ടാക്സിക്കാരൻ ഒരു 'Yoyo അപ്പൂപ്പനാ'യിരുന്നു (അങ്ങനെയാ എനിക്ക് വിളിക്കാൻ തോന്നിയത്), പുള്ളിയുടെ സംസാരവും ഡ്രസിങും മറ്റുരീതികളുമൊക്കെ കൗതുകത്തോടെ ഞാൻ നോക്കി നിന്നു, just chill man എവിടെയൊക്കെയോ മുഖങ്ങുന്ന പോലെ, ആ ട്രൗസറും ടി-ഷർട്ടും റാപ് മ്യൂസിക്കും... അതൊരു തുടക്കം മാത്രമായിരുന്നു. പോകുന്ന വഴിക്ക് യൂണിവേഴ്‌സിറ്റിയും എനിക്ക് കാണിച്ചു തന്നു (പിന്നീട് ഒരിക്കൽ മാത്രമാണ് ഞാൻ ടാക്സിയിൽ കയറിയത്. അതിലെ ഡ്രൈവർ മലയാളിയായിരുന്നു. പുതിയ ആളാണെന്നു കരുതി പിഴിയലൊന്നുമില്ല, എല്ലാം ഫിക്സഡ് റേറ്റ് തന്നെ. ഇവിടെ bargaining പോലും വളരെ വിരളമാണ്). അന്ന് രാത്രി റൂംമേറ്റ് കാറിൽ എന്നെയുംകൊണ്ട് റൗണ്ടടിച്ചു. അവിടുത്തെ കാര്യങ്ങളെല്ലാം പറഞ്ഞുതരാൻ ശ്രമിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ എന്നോട് പറഞ്ഞത് ട്രാഫിക് റൂളിനെക്കുറിച്ചാണ്. ശെരിയാണ്, ഇന്ത്യയിൽ നിന്ന് വരുന്നത് കൊണ്ട് അത് പ്രത്യേകം ശ്രദ്ധ പതിയേണ്ട കാര്യമാണെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. ഇന്ത്യൻ ലൈസൻസ് ഇവിടെ valid ആയതിനാൽ ഡ്രൈവ് ചെയ്യാൻ നിയന്ത്രണമില്ലതാനും. ട്രാഫിക് നിയമം ലംഘിച്ചാലുള്ള ഫൈൻ വളരെ കൂടുതലുമാണ്. പണ്ട് സ്കൂളിൽ പഠിച്ച ഒരു കാര്യമുണ്ട് - സീബ്ര ലൈനിൽ ഒരാൾ കാലെടുത്തു വെച്ചാൽ വണ്ടി നിർത്തണമെന്ന്. ആ ഒരു ഏർപ്പാട് ഞാൻ ആദ്യമായിട്ടും ഇപ്പോൾ സ്ഥിരമായിട്ടും കാണുന്നത് ഇവിടെയാണ്. ഇനി നമ്മൾ വണ്ടി പോയിട്ട് ക്രോസ്സ് ചെയ്യാമെന്ന് വിചാരിച്ചു നിന്നാലും അവർ നമ്മോട് പോകാൻ ആംഗ്യം കാണിക്കും - Traffic Culture is itself different here!

കേരളവും ഈ നാടും തമ്മിൽ ഒരുപാട് ബന്ധമുണ്ട് (മനോരമക്ക് പഠിക്കുന്നതല്ല, തോന്നിയ കാര്യമാണ്) . പോകാൻ നേരത്തു cousin പറയുന്നുണ്ടായിരുന്നു ഗൾഫിലേക്കാണെങ്കിൽ അവസാനമായി കുറച്ചു പച്ചപ്പ്‌ കാണാൻ പറയാമായിരുന്നു. ഇതിപ്പോ ഇതിലേറെ പച്ചപ്പുള്ള സ്ഥലത്തേക്കാണ് പോക്ക്... ശെരിയാണ്, കാടും മലകളും പുഴയും മറ്റുമൊക്കെ ഇവിടെയുമുണ്ട്, But some exceptions - everything is well organized, very clean - above all people are a lot more nicer! പരിസ്ഥിതിയെ കുഴാക്കാതെ എങ്ങനെ development നടത്താമെന്ന് ഇവർ കാണിച്ചുതരും. ഇക്കാര്യത്തിൽ നമ്മുടെ നാടിനെ മൊത്തത്തിൽ കുറ്റം പറയാനും പറ്റില്ല, ഇവിടെ population കുറവാണ് എന്നത് തന്നെ കാരണം. വെറും രണ്ടു ലക്ഷം പേരാണ് ഈ സിറ്റിയിൽ ആകെയുള്ളത്.


ചിലപ്പോൾ തോന്നും ഇതൊരു ചെറിയ സിറ്റിയാണെന്ന്, ചില ഭാഗങ്ങളിലൂടെ പോകുമ്പോൾ ഒറ്റ മനുഷ്യക്കുഞ്ഞിനെപ്പോലും കാണില്ല. ഒരിക്കൽ ആ ഡോക്ടറുടെ കൂടെ Castle Hillലേക്ക് പോയി - അതിനു മുകളിൽ നിന്ന് നോക്കിയപ്പോഴാണ് എത്ര വലിയ സിറ്റിയാണ് ഇതെന്ന് മനസ്സിലായത് (ഇവിടുത്തെ ഒരു പ്രധാന ലൊക്കേഷൻ ആണ് Castle Hill. ഇവിടെ പണക്കാരൊക്കെ അതിൻ്റെ ഭാഗങ്ങളിലാണ് താമസിക്കുക എന്ന് പറഞ്ഞുകേട്ടിരുന്നു). ആ മല കയറാൻ തുടങ്ങുമ്പോഴും വല്ലാത്ത തണുത്ത കാറ്റ് വീശാൻ തുടങ്ങും. ഒരു രാത്രിയാണ് ഞങ്ങളവിടെ പോയത്. The view was amazing and the feeling was awesome! വേറെയും ചില സ്ഥലങ്ങളുണ്ട് ഇങ്ങോട്ട് വണ്ടി കയറും മുമ്പേ കാണണമെന്ന് ഉറപ്പിച്ചത് - The Great Barrier Reef, it's in Cairns, the city nearer to Townsville. ഒരു ദിവസം പോകണം - ഇൻ ഷാ അല്ലാഹ്! പിന്നെ കാണാൻ വിചാരിച്ചത് കങ്കാരുവിനെയാണ്, പക്ഷെ പുള്ളിക്ക് എന്നെ കാണാൻ അത്ര താല്പര്യം ഇല്ലാത്ത പോലെ. കങ്കാരുവിനെ ഇതുവരെ കണ്ടില്ലെന്ന് റൂംമേറ്റിനോട് പറഞ്ഞാൽ അയാളുടെ ഹോസ്പിറ്റലിനടുത്ത് ഒരുപാടുണ്ടെന്ന് പറയും. ലാബിലുള്ളവരോട് പറഞ്ഞാൽ കോളേജിൻ്റെ തന്നെ ചില ഭാഗംകളിൽ വൈകീട്ട് കാണാമെന്ന് പറയും. ഞാനൊരു ദിവസം സൈക്കിൾ എടുത്ത് ഈ ഭാഗങ്ങളിലൊക്കെ പോയി നോക്കി - ഒന്നിനെപ്പോലും കണ്ടില്ല. ആകെ കണ്ടത് റോഡിൽ വണ്ടിയിടിച്ചു ചത്തുകിടക്കുന്ന ഒന്നിനെയാണ്, and it is a common scene here.


കോളേജിലെ ആദ്യ ദിനം - കോളേജ് അധികൃതർ പുതിയ സ്റുഡന്റ്സിനു വേണ്ടി ഒരു അംബാസ്സഡറിനെ നിയോഗിച്ചിട്ടുണ്ടായിരുന്നു, It was Saul Gonzalez Murcia for me. എന്നെപ്പോലെ ഒരു സ്റ്റുഡൻറ് തന്നെയാണ്, ഇതൊരു volunteer job ആയി ചെയ്യുന്നുവെന്ന് മാത്രം. മെയിൽ വഴിയും വാട്സപ്പ് വഴിയും ഞങ്ങൾ contact ചെയ്തിരുന്നു. ഒൻപതു മണിക്ക് എത്താമെന്ന് ഞാൻ പറഞ്ഞിരുന്നെങ്കിലും എത്തിയപ്പോൾ അര മണിക്കൂർ വൈകി (റൂമിൽ നിന്ന് നടക്കാനുള്ള വഴിയൊക്കെ കണ്ടുപിടിക്കണമായിരുന്നു). അവിടുന്ന് പിന്നെ അയാളെ contact ചെയ്യാൻ മാർഗ്ഗമില്ല, ഫോണിൽ നാട്ടിലെ സിം ആണ്. നെറ്റും ഇല്ല. ഒടുക്കം കാര്യം പറഞ്ഞപ്പോൾ അവിടുത്തെ ഒരു സ്റ്റാഫ് ആ സോളിനെ ഫോൺ വിളിച്ചു തന്നു - ആള് വന്നു, he is from El Salvador. അല്ലെങ്കിലും ആളൊരു സൗത്ത് അമേരിക്കൻ ലുക്ക് ആണ്, പിന്നിലോട്ട് കെട്ടിയ നീളൻ മുടിയും അല്പം താടിയും, ഒരു 'റൊണാൾഡീഞ്ഞോ' മോഡൽ. 'എൻ്റെ രാജ്യത്തെക്കുറിച്ചു കേട്ടിരിക്കാൻ സാധ്യതയില്ലെ'ന്ന് Saul പറഞ്ഞപ്പോൾ ഞാൻ നിരാശപ്പെടുത്തിയില്ല, ഒട്ടുമിക്ക അമേരിക്കൻ വൻകരയിലെ രാജ്യങ്ങളും അറിയാമെന്നും മറ്റുമൊക്കെ പറഞ്ഞു അവസാനം അത് ഫുട്ബോളിലെത്തി. പിന്നെ മെസ്സിയും നെയ്‌മറും സെവനപ്പും (ഒരു മനസ്സുഖം 😁) ഒക്കെ വന്നു. ആള് കളിക്കാരനാണ്, Dortmund ഫാനാണ്. PhD സ്റ്റുഡന്റസ് ആഴ്ചയിൽ രണ്ടുദിവസം കളിക്കുന്നതും മറ്റുമൊക്കെ പറഞ്ഞു തന്നു, എന്നെ കളിയ്ക്കാൻ വിളിക്കുകയും ചെയ്തു. എൻറോൾമെന്റും ID കാർഡ് മേടിക്കാനും മറ്റുകാര്യങ്ങൾക്കുമൊക്കെ അവനാണ് സഹായിച്ചത്. ഇവിടെ എനിക്ക് കിട്ടിയ ആദ്യ ഫ്രണ്ടും പുള്ളി തന്നെ.


അല്ലെങ്കിലും ഇവിടെയുള്ളവർക്ക് ഹെല്പിങ് മെന്റാലിറ്റി അല്പം കൂടുതൽ ആണെന്ന് തോന്നുന്നു. ഒരിക്കൽ ഞാനും സോളും ഏതോ ബിൽഡിംഗ് അന്വേഷിച്ചു നടക്കുമ്പോൾ (എന്നെ ഗൈഡ് ചെയ്യേണ്ട ആളായിരുന്നു സോൾ എന്നത് മറ്റൊരു കാര്യം) എതിരെ വന്ന പെൺകുട്ടിയോട് വഴി ചോദിച്ചു. അവൾക്കും പിടികിട്ടിയില്ല, ഒടുക്കം 'വാ... നമുക്ക് ഒരുമിച്ചു തപ്പാം' എന്ന് പറഞ്ഞു ഞങ്ങളുടെ കൂടെ വന്നു ബിൽഡിംഗ് കണ്ടുപിടിച്ചാണ് പോയത്. മറ്റൊരവസരത്തിൽ ഇവിടുത്തെ വലിയ ഷോപ്പിങ്ങ് മാൾ ആയ സ്റ്റോക്‌ലാൻഡിൽ ഞാനേതോ ഷോപ് തപ്പിക്കൊണ്ടിരിക്കുമ്പോഴുണ്ട് വീൽ ചെയറിൽ ഇരിക്കുന്ന ഒരു ചേച്ചി വന്നു എന്നോട് എന്താ തപ്പുന്നതെന്ന് ഇങ്ങോട്ട് വന്നു ചോദിച്ചു, സഹായിക്കുകയും ചെയ്തു. 'Thank you', 'No worries' എന്നീ വാക്കുകൾ ഇപ്പോൾ കേട്ട് മടുത്തു. എന്ത് കാര്യത്തിനും ഇവന്മാർ thankz എടുത്തു പ്രയോഗിക്കും, തിരിച്ചൊരു 'no worries' കിട്ടുകയും ചെയ്യും, അതിനി ഒരു സൈക്കിളിനു വഴിമാറിക്കൊടുക്കുകയാണെങ്കിൽ പോലും. ബസിലൊക്കെ വരി നിന്നാ താങ്ക്സ് വിതറുന്നത്. ഒരു ചിരിയൊക്കെ നമുക്ക് സിമ്പിൾ ആയി കൊടുക്കാവുന്നതാണ്. വാ തുറന്നു ഇങ്ങനെയൊക്കെ പറയാൻ എന്തൊക്കെയോ ബുദ്ധിമുട്ട്, എന്നാലും മാക്സിമം ട്രൈ ചെയ്യുന്നു. ശീലിച്ചു വരുന്നല്ലേയുള്ളൂ...


James Cook University (JCU) - ക്യാമ്പസ് പൊളിയാണ്, അങ്ങനെതന്നെ പറയാം. നാട് പോലെത്തന്നെ ഇതൊരു ഗ്രീൻ ക്യാമ്പസാണ്. ഉള്ളിൽ കാടും മേടും അരുവികളും എല്ലാം ഉണ്ട്. എല്ലാ വിധ സൗകര്യങ്ങൾക്കും ഒരു കുറവുമില്ല. The Science Place എന്ന് വിളിക്കുന്ന പുതിയ ബിൽഡിങിലാണ് എൻ്റെ ഓഫീസും ലാബുമൊക്കെ. Coral Reef പഠനം ഈ കോളേജിൻ്റെ മുഖമുദ്രയായതിനാൽ അതിൻ്റെ മാതൃകയിൽ അക്വാറിയം ഒക്കെ ഉള്ളിലുണ്ട്. ഇന്റർനാഷണൽ സ്റ്റുഡന്റസ് ഒരുപാടുള്ളതുകൊണ്ട് അവർക്കു വേണ്ടി പ്രത്യേക സെൽ ഉണ്ട്, വിവിധ തരത്തിലുള്ള പ്രോഗ്രാംസ് നടത്തുകയും ചെയ്യും. Tuesday Coffee അതിൽ ഉൾപ്പെട്ട ഒന്നാണ്. എല്ലാ ചൊവ്വാഴ്ചയും ഇന്റർനാഷണൽ സ്റ്റുഡന്റസ് ചെറുതായിട്ട് ഒത്തുകൂടും - free coffee, free snacks, books, shirts, games etc. തുടങ്ങിയവയൊക്കെ അതിൻ്റെ ഭാഗമാണ്. ഞാൻ കൂടുതൽ ഇന്ത്യക്കാരെ പരിചയപ്പെട്ടതും ഇത് മുഖേനയാണ്.


Peter Junk - ഫോട്ടോയിൽ കണ്ടപോലെ തന്നെ ആള് വളരെ കൂൾ ആണ്. ഒരു ടി-ഷർട്ടും ഷോർട്സും പിന്നെ ലാബിൽ കയറാനുള്ളതുകൊണ്ട് ഷൂവും (ഇല്ലെങ്കിൽ വല്ല ഫ്ലിപ്ഫ്ലോപും ഇട്ടു വന്നേനെ). "You can call me Peter" - ആദ്യം തന്നെ ഇങ്ങോട്ട് പറഞ്ഞു. എന്നെ പുള്ളി Rambo എന്ന വിളിക്കാ, എൻ്റെ പേര് ഓർക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ പോലും ഉപയോഗിക്കാത്ത എൻ്റെ കുടുംബപ്പേരുമൊക്കെ കണ്ടിട്ടായിരിക്കാം പുള്ളിക്ക് അതൊന്നും അങ്ങോട്ട് ദഹിക്കാത്തത്. മുമ്പ് എനിക്കയച്ച മെയ്‌ലുകളിലും Ram എന്നും മറ്റുമൊക്കെയാ വിളിച്ചിരുന്നത്. പിന്നെ rambo എന്ന് പറയുമ്പോ കുറച്ചു ഓവർ ഗെറ്റപ്പുണ്ടെങ്കിലും ഇപ്പൊ അത് ശീലമായി, അങ്ങേർക്ക് എൻ്റെ ശെരിയായ പേര് ഇപ്പൊ അറിയുകയുമില്ല. ബാക്കി labmates ഒക്കെ എന്നെ പേര് തന്നെ വിളിക്കും, 'റാംബോ' ആദ്യം അവർക്കും ഒരു ചിരിയുടെ വകയായിരുന്നു. എനിക്ക് കാര്യങ്ങളൊക്കെ പറഞ്ഞുതരാനും തുടക്കത്തിൽ ഗൈഡ് ചെയ്യാനും നിയോഗിക്കപ്പെട്ടത് Jun Wang എന്ന പോസ്‌റ്‌ഡോക് ആണ്. ഒരിക്കൽ സാർ അയാളെ വിളിച്ചു കുറേ കെമിസ്ട്രി പറഞ്ഞ ശേഷം അത് റാംബോയുടെ വർക്കുമായി ബന്ധപ്പെടുത്താമെന്നും പറഞ്ഞു. എല്ലാത്തിനും ഓക്കേ പറഞ്ഞ ശേഷം Jun ചോദിക്കുന്നുണ്ടായിരുന്നു -  "who the hell is Rambo?".
(പിന്നെ ഇവിടെ nickname സാറിനുമുണ്ട് - Junky)

labmates ഒക്കെ പൊളിയാണ്, very helpful. മൊത്തം ഏഴുപേരുണ്ട് - Aymeric (France), Thijs (Netherland), Jun (China), Nazli (Iran), Angus and Sean (Australia).ഇതിൽ Angusന് എന്നെ മെയിൽ വഴി contact ചെയ്ത പരിചയമുണ്ടായിരുന്നു, അവനും പുതിയ PhD ആണ്. ഞാൻ വരുന്നതിനുമുമ്പ് എൻ്റെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമൊക്കെ അവനാണ് മറുപടി പറഞ്ഞിരുന്നത്. നസ്‌ലി PhD യും പോസ്റ്റഡോക്കുമൊക്കെ കഴിഞ്ഞു ഇപ്പോൾ ക്യാമ്പ്‌സിനോട് വിട പറയാൻ നിൽക്കുന്നു. DC ലാബിൽ ഒരു കൊല്ലം ഇരുന്നതുകൊണ്ടായിരിക്കാം ഇവിടുത്തെ രീതികളൊക്കെ അല്പം അതിശയിപ്പിക്കുന്നതായി തോന്നുന്നത്. അവനവനു തോന്നുന്ന രീതിയിൽ തോന്നുന്ന സമയത്തു വർക്ക് ചെയ്താൽ മതി - it's your work, your responsibility - ഇത്രയേ സാറും പറയൂ. സാറിനെ കാണിക്കാൻ വേണ്ടി ആരും ചെയ്യില്ല. പണ്ട് ചെയ്തിരുന്ന പോലെ സാർ വരുന്നുണ്ടോ എന്ന് നോക്കി ഫേസ്ബുക് ടാബ് close ചെയ്യാനോ article ഓപ്പൺ ചെയ്യാനോ നിൽക്കേണ്ടെന്നർത്ഥം. എല്ലാവരുടെയും ഡെസ്കിൻ്റെ സൈഡിൽ ആയിത്തന്നെയാണ് സാറിൻ്റെ കാബിൻ. തമാശകളും മറ്റും പറയുമ്പോൾ പുള്ളിയും കൂടും. ഇവിടെ എല്ലാവരും casual ആയിട്ട് ഡ്രസ്സ് ചെയ്താ വരിക. ഒരിക്കൽ ഞാനും ഒന്ന് ഷോർട്സ് ഇട്ടു പോയപ്പോൾ സാർ അത് ശ്രദ്ധിക്കുകയും ചെയ്തു - "Oh, you started wearing casuals, good. It is hot here. Better to get used to it". ഇവര് ലാബിലേക്കും ഇതുതന്നെയാണ് ധരിക്കുക. Labcoat, goggles and enclosed shoes ഒക്കെ ലാബിൽ കയറാൻ നിർബന്ധമാണ്. അപ്പോഴും മുട്ടിന്റേയും കാൽപാദത്തിൻ്റെയും ഇടയിലുള്ള ഭാഗം ഓപ്പൺ ആയിരിക്കും. അവിടെ protection വേണ്ടേ?? (ഈ സംശയം എനിക്ക് മാത്രമല്ല തോന്നിയിട്ടുള്ളത് എന്നതാണ് ഒരു സമാധാനം)

വെജിറ്റേറിയൻ ആണോ? - ചോദ്യം സാറിൻ്റെ വകയായിരുന്നു. അല്ലെന്ന് പറഞ്ഞപ്പോൾ ആളൊന്നു സമാധാനത്തോടെ നെടുവീർപ്പിട്ടു. അടുത്ത ചോദ്യം ബീഫ് കഴിക്കുമോ എന്നായിരുന്നു. അതിനും പോസിറ്റീവ് മറുപടി കിട്ടിയതോടെ ആൾക്ക് സന്തോഷമായി. ഒരു ഇന്ത്യക്കാരൻ ആകുമ്പോൾ ഇതൊക്കെ ചോദിക്കേണ്ടിവരുമെന്ന് സാറിനു ഒരുപക്ഷെ തോന്നിയിരിക്കാം. വല്ല പ്രോഗ്രാമും വെച്ചാൽ ഗ്രൂപ്പിലെ ആൾക്കാരുടെ ടേസ്റ്റ് ഒരുപ്രശ്നമാകാതിരിക്കാനായിരുക്കും. അവസാനത്തെ ചോദ്യം ബിയറടിക്കുമോ എന്നായിരുന്നു. അതിനുപക്ഷേ എനിക്ക് നോ പറയേണ്ടിവന്നു. എന്നാലും സാറിൻ്റെ മുഖത്തിന് വല്ല വാട്ടമൊന്നും ഇല്ലായിരുന്നു. മെയിൻ കോഴ്‌സ് പ്രോബ്ലം അല്ലല്ലോ...


ലാബിലെ ഒരു PhD student graduation കഴിഞ്ഞു പോകുന്നതിൻ്റെ പാർട്ടിക്ക് വിളിച്ചപ്പോഴും എനിക്ക് വല്ലാത്ത കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഒന്നാമത്തെ കാര്യം ഡ്രെസ്സിങ് തന്നെ. ഇവന്മാർ ഇനി അതിനും casuals ഇട്ട് വരുമോ എന്നത്. കയ്യിലുണ്ടായിരുന്ന പുതിയ ഷർട്ടും പാന്റ്സും രണ്ടും കല്പിച്ചു ഞാനിട്ടു (ഇനി നാട്ടിൽ പോയാലല്ലാതെ അതൊന്നും ഇവിടുന്ന് ഉപയോഗിക്കാൻ അവസരം കിട്ടുമെന്ന് തോന്നുന്നില്ല). എൻ്റെ ഭാഗ്യത്തിന് പാർട്ടിയിൽ കുറച്ചുപേർ മാത്രമേ casuals ഇട്ടു വന്നിട്ടുള്ളൂ. മറ്റൊരു പ്രശ്നം എന്ത് ഓർഡർ ചെയ്യുമെന്നായിരുന്നു. മെനുവിൽ ഓരോ പേര് കണ്ടെങ്കിലും അതെന്താണെന്ന് എങ്ങനെ അറിയും. അക്കാര്യത്തിൽ പക്ഷെ ഞാൻ വല്ലതും ചോദിക്കുന്നതിനു മുമ്പേ സാർ എന്നെ ഹെല്പ് ചെയ്തു. 400g RUMP - അത് ബീഫാണെന്ന് കേട്ടയുടനെ അത് സെലക്ട് ചെയ്തു.  അതാകുമ്പോൾ മറ്റൊരു ഉപകാരം കൂടിയുണ്ട്, വയറു നിറയുന്നതോടൊപ്പം bones ഇല്ലാത്തതുകൊണ്ട് ഫോർക്കും നൈഫും സിമ്പിൾ ആയിട്ട് ഉപയോഗിക്കാം (ചിക്കൻ ഒക്കെയായാൽ മാനം കെടാനുള്ള ചാൻസ് വളരെ കൂടുതലാണ്). അവർ സംസാരിക്കുന്ന പല വിഷയങ്ങളും സ്വാഭാവികമായും എനിക്കറിയാത്തതായിരുന്നു. എന്നാലും എന്നെയും കൂടി സംസാരത്തിൽ ഉൾക്കൊള്ളിക്കാൻ സാർ ഓരോന്ന് ചോദിക്കും, especially cricket, soccer etc. ഇതിനിടയിൽ IPL മാച്ചിൽ അശ്വിൻ്റെ mankading വരെ ചർച്ചയായി. "Why you write to me, Rambo?" - പാർട്ടിക്കിടയിൽ ചോദിച്ചതാണ്, ആള് അല്പം ഫിറ്റായിരുന്നോ എന്നും സംശയം ഇല്ലാതില്ല. സത്യം പറഞ്ഞാൽ ഓസ്‌ട്രേലിയയിൽ വന്നതിനു ശേഷം ഞാൻ ഏറ്റവും enjoy ചെയ്ത രാത്രിയായിരുന്നു അത്. അത്രയ്ക്ക് കമ്പനിയായിരുന്നു സാറും കൂട്ടരും. അന്ന് തിരിച്ചു എന്നെ drop ചെയ്തത് നസ്‌ലിയാണ്. സാറിനെപ്പറ്റി അവർക്കും നൂറു നാവാണ്. അവർ അവിടെ വന്നതിനു ശേഷം സാർ ഒരിക്കലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ലത്രെ. അന്നവർ പറഞ്ഞ മറ്റൊരു കാര്യവുമുണ്ട്, "They don't consider us (means people from Iran, India etc. as Asians. For them, Asians are those from China, Hongkong, Thaiwan etc. We are middle-east". Strange, I think. It may be due to the physical appearence.

Language ചെറിയ രീതിയിൽ പണി തരാതിരുന്നില്ല. These people speaks english really fast. അതുമായിട്ട് പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. എനിക്ക് NMR ലാബ് പരിചയപ്പെടുത്തിയത് മാർക്ക് എന്നൊരാളാണ് (It was a compulsory Induction). അങ്ങേര് പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു. പിന്നെ ഞാൻ induction form ഒക്കെ നോക്കി ഒരുവിധം ഊഹിച്ചെടുക്കുകയായിരുന്നു. ഇയാളെക്കുറിച്ചു പിന്നീട് സാർ പാർട്ടിയിൽ വെച്ച് പറയുന്നുണ്ടായിരുന്നു - "He speaks in typical Australian way. Even I don't understand sometimes...." (അതുകേട്ടപ്പോഴാ ഒരു സമാധാനമായത്). നേരെ മറിച്ചു എനിക്ക് ഞങ്ങളുടെ ലാബിനെ പരിചയപ്പെടുത്തിയത് ജൂൺ ആണ്. അങ്ങേര് പിന്നെ സാവധാനമേ സംസാരിക്കൂ, പക്ഷെ ഒരു ചൈനീസ് സ്ലാങ് വരും. Pipetteനൊക്കെ 'പൈപിറ്റ്‌' എന്ന പറയുക. ഒരിക്കൽ എന്നോട് സിക്സ് ഡിഗ്രിയിൽ ചൂടാക്കാൻ പറഞ്ഞു. സിക്സിലൊക്കെ എങ്ങനെ ചൂടാകുമെന്ന് ആലോചിക്കുമ്പോഴാണ് പറഞ്ഞത് sixty ആണെന്ന് മനസ്സിലായത്. ഇങ്ങനെയൊക്കെ ആണെങ്കിലും he is a nice guy, very funny too. ലാബിൽ മിക്കവാറും എനിക്ക് കൂട്ട് അയാളാണ്. 24 മണിക്കൂറും ലാബിൽ ചൈനീസ് റേഡിയോ ഓൺ ചെയ്‌തു കേൾക്കുന്നുണ്ടാകും.


We acknowledge Australian Aboriginal People and Torres Strait Islander People as the first inhabitants of the nation, and acknowledge Traditional Owners of the lands where our staff and students live, learn and work - ഈ ഒരു വാക്യം ഇവിടെ പലയിടങ്ങളിലും കാണാം, JCU വെബ്സൈറ്റ് നോക്കിയാൽ തന്നെ അത് മനസ്സിലാകും. Aboriginals and Torres Strait Islanders - ഇവരാണ് ഓസ്‌ട്രേലിയൻ മണ്ണിൻ്റെ യഥാർത്ഥ അവകാശികൾ. ഒരിക്കൽ രാത്രി ഞാനും റൂംമേറ്റും നടന്നുപോകുമ്പോൾ ഒരു മതിലിനടുത്ത് വെച്ച് രണ്ടുപേർ എന്തോ വിളിച്ചു പറഞ്ഞു, offcoz they were drunk. റൂംമേറ്റ് കൈ വീശി കാണിച്ചു, He said to me - "They are the original inhabitants. Don't be afraid, they are being nice to us. But their ways are a bit different". പക്ഷെ ഓസ്ട്രേലിയ എന്ന് കേൾക്കുമ്പോൾ ഒരിക്കലും ഇവരുടെ മുഖം നമ്മുടെ മനസ്സിലേക്ക് വരില്ല (Right now I am not able to comment the reason behind it / I don't know much about that). പക്ഷെ ക്യാമ്പസ്സിലെ എല്ലാ ഒഫീഷ്യൽ കാര്യങ്ങളിലും ഇവരുടെ ഒരു സ്മരണ ഏതെങ്കിലും വിധേന ഉണ്ടാകാറുണ്ട്. ഞാൻ ഇവിടെ പങ്കെടുത്ത പല ഓറിയന്റഷന് ക്ലാസ്സുകളിലും അവരെ പ്രതിപാദിച്ചിട്ടുണ്ട്. ക്യാമ്പസ് വളരെ വിശാലമാണ്, അതിൻ്റെ അതിരുകളൊന്നും മതിൽ കെട്ടി വെച്ചിട്ടില്ല. അതിനുള്ളിൽ കാടും അരുവികളുമൊക്കെയുണ്ട്. അവയൊക്കെ പ്രത്യേകം സംരക്ഷിക്കുന്നുമുണ്ട്, അതിന് കോളേജ് ഒഫീഷ്യൽസ് ഇവരുടെ ആദരമായിട്ടാണ് പേരിട്ടിരിക്കുന്നത് (For eg. Wadda Mooli Creek, Goondaloo Creek etc.). ഇവിടുത്തെ ലൈബ്രറിയുടെ പേരും അങ്ങനെതന്നെ - Eddie Koiki Mabo Library (Eddie Mabo was a community leader and land rights campaigner from Torres Strait Islanders). ഇവിടെ PhD inductionൽ പങ്കെടുത്തപ്പോൾ അതിൽ ഈ ഗ്രൂപ്പിൽ പെട്ട ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. She was really different, even her dressing. സ്വന്തം പേര് എഴുതി ഷർട്ടിൽ പിൻ ചെയ്തു വെക്കാൻ എല്ലാവർക്കും ഓരോ blank പേപ്പർ തന്നിരുന്നു. അതിൽ അവൾ പേരെഴുതിയതിലും ആ വ്യത്യസ്തത കണ്ടു. "Woorowa" (I don't know how to pronounce that) എന്ന് എഴുതുക മാത്രമല്ല, അതിനു താഴെയും മുകളിലുമായി പ്രത്യേക ചിത്രപ്പണികളും ഉണ്ടായിരുന്നു. അന്നവൾ സംസാരിച്ചു. ഇവിടെ എന്ത് പഠിക്കാനാണ് വന്നത് എന്ന ചോദ്യത്തിന് ഉത്തരം ഇതായിരുന്നു - I want to study about myself, my family and my ancestors...


Hi Man, where the lights gone? - ബസിലേക്ക് കയറിയ ഉടനെ ഡ്രൈവറുടെ ചോദ്യമാണത്. ആദ്യം ഞാനൊന്നു അമ്പരന്നു (അല്ലെങ്കിലും ഇവിടിത്തുകാർ ഒടുക്കത്തെ ഫാസ്റ്റ് ആണ് സംസാരത്തിനു. എനിക്ക് റെഡി ആയി വരുന്നേയുള്ളൂ. ഒരു സെക്കൻഡ് ഞാനൊന്നു ആലോചിച്ചിരിക്കും). സമയം ഏഴുമണി ആയിട്ടും ബസ് സ്റ്റോപ്പിൽ ലൈറ്റ് കാണാത്തതുകൊണ്ട് ചോദിച്ചതാ. 'എനിക്കറിയില്ല, ഞാനിവിടെ ആദ്യമായാണ് വരുന്നത്...' ( ആ പറഞ്ഞത് നുണയായിരുന്നു. അങ്ങനെ പറഞ്ഞാൽ അവർ നമ്മളെ സഹായിച്ചിട്ടേ വിടു എന്നുറപ്പാണ്. മുമ്പ് വന്നപ്പോൾ റൂംമേറ്റ് കൂട്ടിനുണ്ടായിരുന്നത്കൊണ്ട് ബസിനു ബുദ്ധിമുട്ടേണ്ടിവന്നിട്ടില്ല. സാധാ ഷോപ്പിങ്ങിനു പോകുന്ന സ്ഥലങ്ങൾ വിട്ട് ഒരു പുതിയ സ്ഥലം പരീക്ഷിച്ചു നോക്കിയതായിരുന്നു - Willow Shopping Centre. പിന്നീട് തിരിച്ചുപോകാൻ ഏതു ബസിൽ കയറണമെന്ന് ഒരു പിടിയുമില്ല. ഫോണിലെ നെറ്റ് തീർന്നതുകൊണ്ട് മേപ്പും വരുന്നില്ല). "Oh! Welcome...", ആദ്യമെന്നു കേട്ടപ്പോൾ അയാളുടെ മറുപടിയായിരുന്നു. ഇവിടുത്തെ ബസിൽ ഡ്രൈവറും കണ്ടക്ടറും കിളിയും ചെക്കറുമൊക്കെയായി ആകെ ഒരാളേ കാണൂ. പുള്ളി പിന്നെ എനിക്ക് വേണ്ടി ബസ് തപ്പാൻ നിന്നു. യൂണിവേഴ്സിറ്റിയിലേക്ക് ഡയറക്റ്റ് ബസ് ഇനി ഇല്ല. വേറെ സ്‌റ്റോക്‌ലാൻഡ് പോയി പോകണം. കയറേണ്ട ബസും മറ്റുമെല്ലാം വിശദീകരിച്ചു തന്നു. ബസ് ടൈംടേബിളിൻ്റെ കുറെ നോട്ടീസുകളും എനിക്ക് തന്നു. ഇതിനിടയിൽ കെമിസ്ട്രി ആണെന്ന് പറഞ്ഞപ്പോൾ പുള്ളിയുടെ ബ്രദർ ഫ്ലൂറിൻ വെച്ച് എന്തോ explosive ഉണ്ടാക്കിയ കഥയൊക്കെ പറയുന്നുണ്ടായിരുന്നു. എന്തായാലും ആ ബസിൽ വേറൊരു യാത്രക്കാരും ഇല്ലാത്തതുകൊണ്ട് എൻ്റെ ബസ് വന്നശേഷമാണ് പോയത് ( അല്ലെങ്കിലും ഇവിടെ പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിക്കുന്ന ആൾക്കാർ വളരെ കുറവാ. വളരെ വിലക്കുറവിൽ പഴയ കാർ കിട്ടുന്നതുകൊണ്ട് എല്ലാവരും അതിൻ്റെ പിറകെയാണ്. എനിക്കും വാങ്ങണം). അടുത്ത ബസിൽ സ്റ്റോക്‌ലാൻഡിലേക്ക് കയറി. ഇതിനിടയിൽ മറ്റേയാൾ മൈക്രോഫോണിൽ വിളിച്ചു ഈ ബസിലെ ഡ്രൈവറോട് സ്റ്റോക്‌ലാൻഡ് ലെ മറ്റേ സ്റ്റോപ്പിലേക്ക് പോകാൻ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു, പുതിയ ആളായതുകൊണ്ട് എനിക്കത് അറിയുമോ എന്ന സംശയം അങ്ങേർക്ക് ഉണ്ടാകാം. അതെനിക്ക് അറിയാമായിരുന്നെങ്കിലും ഡ്രൈവർ വിശദീകരിച്ചു തന്നപ്പോൾ തലയാട്ടി. ഞാനവിടെ എത്തിയപ്പോഴേക്കും ബസ് പോയി - അടുത്തത് വരാൻ ഒരു മണിക്കൂർ കാത്തിരിക്കേണ്ടിവന്നു. അല്ലെങ്കിലും ഒരു ഏഴുമണി ആയാൽ ഭൂരിഭാഗം കടകളും ഇവിടെ അടക്കും. പത്തുമണിക്കകം എല്ലാവരും ഉറങ്ങും. നാട്ടിൽ രാത്രി ഒരുമണി വരെ പബ്‌ജി കളിച്ചും മറ്റും സമയം കളഞ്ഞിരുന്ന എനിക്ക് ഇപ്പോൾ പത്തുമണിക്ക് ഉറക്കം വരാൻ തുടങ്ങും. എന്തായാലും യൂണിവേഴ്സിറ്റിയിലോട്ടുള്ള ബസിലും പഴയ ഡ്രൈവർ ആയിരുന്നു - You missed your bus again dude... പുള്ളി പിന്നെ ടിക്കെറ്റൊന്നും എടുപ്പിച്ചില്ല. യൂണിവേഴ്സിറ്റിയിൽ ഇറക്കിയിട്ട് ഒരു see you tommorowയും പാസ്സാക്കി.


Multifaith Chaplaincy - ഞാനാദ്യമായാണ് ആ ഒരു വാക്ക് കേൾക്കുന്നത്. ഇന്റർനാഷണൽ സ്റ്റുഡന്റ്സിനു വേണ്ടിയുള്ള orientation പരിപാടിയിൽ എല്ലാ വിധ മതവിഭാഗങ്ങളിൽ പെട്ടവർക്കും പ്രാർത്ഥിക്കാനുള്ള സൗകര്യങ്ങൾ ഉള്ളൊരു ഇടമുണ്ടെന്ന് പറഞ്ഞുകേട്ടപ്പോഴാണ് അന്ന് വൈകുന്നേരം ആ ബിൽഡിംഗ് തേടിപ്പിടിച്ചു പോയത്. ആരെയും കാണാത്തതുകൊണ്ട് കുറച്ചു നേരം ഒരു അങ്കലാപ്പിൽ ചുറ്റിപ്പറ്റിനിന്നു. പിന്നീടാണ് ഒരുത്തൻ കാറിൽ വന്നത്. അവനോട് കാര്യം പറഞ്ഞപ്പോൾ ഏതു റിലീജിയൻ ആണെന്ന് ചോദിച്ചു, അവനും അങ്ങോട്ടായിരുന്നു. നിസ്കാരം കഴിഞ്ഞ ശേഷം ആളെയൊന്ന് പരിചയപ്പെട്ടു - അലി, ഫ്രം സൊമാലിയ. സൊമാലിയ അറിയാമെന്ന് പറഞ്ഞപ്പോൾ തിരിച്ചൊരു ചോദ്യം - 'എങ്ങനെ അറിയാം?'. ആ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പകച്ചു, മനസ്സിൽ വന്നത് കടൽകൊള്ളക്കാരും പട്ടിണിപ്പാവങ്ങളും പിന്നെ മോദിയുടെ കേരളത്തെ പുകഴ്ത്തിയ ഡയലോഗുമാണ്. ഇതൊക്കെ അവനോട് ഞാനെങ്ങനെ പറയും?? അവസാനം നാട്ടിൽ ഫുട്ബോൾ കളിയ്ക്കാൻ ആഫ്രിക്കയിൽ നിന്ന് ഒരുപാട് പേർ വരാറുണ്ടെന്നും അതിൽ സൊമാലിയക്കാരും ഉണ്ടാകാറുണ്ടെന്ന് പറഞ്ഞു. സുഡാനികളുടെയും നൈജീരിയക്കാരുടെയും ഇടയിൽ സൊമാലിയക്കാർ ഉണ്ടാകാറുണ്ടോ എന്നെനിക്കറിയില്ല, എന്നാലും അവിടെ ഞാൻ അത് പറഞ്ഞാണ് ഊരിയത്. അവനിൽ നിന്ന് കിട്ടിയ ഇൻഫോർമേഷൻ അനുസരിച്ചാണ് പിറ്റേന്ന് ആദ്യമായി വെള്ളിയാഴ്ച ജുമുഅക്ക് പോയത്. ബസിറങ്ങിയ ഉടനെ ആദ്യം കണ്ട മുസ്ലിം വേഷധാരിയോട് പള്ളിചോദിച്ചപ്പോൾ ആയാലും അങ്ങോട്ടാണെന്നു പറഞ്ഞു കൂടെ കൂട്ടി. പോകുന്ന വഴിക്ക് കുറച്ചുകാര്യങ്ങൾ ചോദിയ്ക്കാൻ നിന്നപ്പോഴാണ് ഇംഗ്ലീഷ് അറിയില്ലെന്ന് അറബിയോ ഫ്രഞ്ചോ മാത്രമേ അറിയൂ എന്നും പറഞ്ഞത്. പഴയ അറബിയൊക്കെ പൊടിതട്ടിയെടുത്തു ഒരു പിടിപിടിക്കാൻ ഒരുങ്ങിയതാ, അപ്പോഴേക്കും പള്ളിയെത്തി. വളരെ കുറച്ചു പേരേ ഒള്ളൂ. പുറത്തു പോലീസുണ്ടായിരുന്നു. അത് അന്ന് ന്യൂ zealand ഇൽ വെടിവെപ്പ് ഉണ്ടായതിൻ്റെ പശ്ചാത്തലത്തിലാണെന്ന് പിന്നീടാണ് എനിക്ക് ഓടിയത്.

ഇന്ത്യക്കാരുണ്ട് ഒരുപാട്, അതിൽ നല്ലൊരു ശതമാനവും മലയാളികൾ. കോളേജിലും അവരെ കണ്ടെത്താൻ ബുദ്ധിമുട്ടില്ല. ഒട്ടുമിക്ക ആൾക്കാരും മാസ്റ്റേഴ്സ് ചെയ്യാൻ വന്നതാണ്. പക്ഷെ റിസർച്ച് സ്റ്റുഡന്റ്സിൽ വളരെ വിരളമാണ്, എൻ്റെ ഗ്രൂപ്പിലോ എൻ്റെ ഡെസ്കിൻ്റെ ചുറ്റുവട്ടത്തോ ഒന്നും ഒരു ഇന്ത്യക്കാരുമില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും PG ക്കാരെ പരിചയപ്പെട്ടാൽ ഞാനിവിടെ PhD ചെയ്യുകയാണെന്ന് പറഞ്ഞാൽ അവരുടെ കണ്ണുകളൊന്ന് വിടരും. പിന്നെ സംസാരം PRനെക്കുറിച്ചാകും, അഥവാ Permanent Residency. PhD ചെയ്താൽ അത് കിട്ടാൻ ചാൻസ് കൂടുമെന്നും മറ്റുമൊക്കെ. സത്യത്തിൽ ഞാനതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല, കിട്ടിയ അവസരം മുതലാക്കുക എന്നതിലുപരി വേറൊരു പ്ലാനും മനസ്സിലില്ല. പക്ഷെ ബാക്കിയുള്ളവർക്ക് അങ്ങനെയല്ല. റിസ്ക് എടുത്താണ് ഇവിടേക്ക് വണ്ടി കയറിയത്. പാർട്ട് ടൈം പണിയെടുത്താൻ ജീവിക്കുന്നത്. അവരുടെ ഭാവി ഈ PRൽ ആണ്. ഒരുത്തൻ തമാശ രൂപേണ പറയുന്നുണ്ടായിരുന്നു 'തനിക്ക് PR കിട്ടിക്കഴിഞ്ഞാൽ വേറൊരു ജോലിയും കിട്ടിയില്ലെങ്കിൽ ഓസ്‌ട്രേലിയൻ ആർമിയിൽ ചേരും. അതാകുമ്പോ ചുമ്മാ പോയി excercise ചെയ്താൽ മാത്രം മതി. ഇന്നേവരെ ഓസ്ട്രേലിയ ഒരു യുദ്ധത്തിൽ പങ്കെടുക്കുന്നത് ഞാൻ കേട്ടിട്ടില്ല. എണ്ണയൊന്നും ഇല്ലാത്തതുകൊണ്ട് ഇവന്മാരെ ആരും ആക്രമിക്കാനും പോകുന്നില്ല. ഇനി ആക്രമിച്ചാൽ തന്നെ ഓടിയൊളിക്കാൻ ഇഷ്ടംപോലെ കാടും മലകളുമുണ്ട്' - ഒന്നാലോചിച്ചാൽ ആ പറഞ്ഞത് ശെരിയാണുതാനും.


ആദ്യ ദിനങ്ങളിൽ നാടിനെ വല്ലാതെ മിസ് ചെയ്തിരുന്നു. Settle ആകാനും കുറച്ചു ബുദ്ധിമുട്ടിയിരുന്നു. Cooking അറിയാത്തതായിരുന്നു പ്രധാന പ്രശ്നം. പക്ഷെ അക്കാര്യത്തിലൊക്കെ റൂംമേറ്റ് സഹായിച്ചു. ശനിയും ഞായറും ലീവ് ആണ്. ഞായറാഴ്ച പുള്ളിക്കും ലീവ് ആയതുകൊണ്ട് ഞങ്ങൾ കാർ എടുത്തിറങ്ങും, എവിടേലും പോകും - Bushland beach, Bulgan Beach, the Strand, Palumo Creek, Mt. Stuart, Castle Hilla തുടങ്ങി ഈ അടുത്തുള്ള സകല സ്ഥലങ്ങളും പുള്ളി എന്നെയും കൊണ്ട് കറങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ എങ്ങനെയുണ്ടെന്നു ചോദിക്കുന്നവരോട് എനിക്ക് നല്ലതേ പറയാനുള്ളൂ.
എല്ലാം എൻ്റെ ആദ്യ കുറച്ചു ദിവസങ്ങളിലെ നിരീക്ഷണങ്ങളാണ്... മാറ്റങ്ങൾ ഉണ്ടാകാം, ഒരുപാട്... ഒരുപക്ഷെ എടുത്ത തീരുമാനം ശെരിയായെന്നു വിശ്വസിപ്പിക്കാനായിരിക്കാം ഇത്ര പോസിറ്റീവ് ആയിട്ട് എഴുതിയത്.
എന്തൊക്കെയായാലും, for the time being I love this place, I love TOWNSVILLE!

Comments