കുമ്പസാരം

 


"ഫാദർ... എനിക്കൊന്നു കുമ്പസരിക്കണം"

ശബ്ദം കേട്ട് അച്ഛനൊന്നു തിരിഞ്ഞു, ആളെ മുമ്പ് കണ്ടിട്ടില്ല, ഇവിടെങ്ങും ഉള്ള ആളെല്ലെന്നാ തോന്നുന്നത്. പ്രാർത്ഥനയും മറ്റുമൊക്കെ കഴിഞ്ഞു ഒന്ന് വിശ്രമിക്കണമെന്നു വിചാരിച്ചു ഇറങ്ങിയതായിരുന്നു. സാരമില്ല, ഇതുംകൂടി ഒന്ന് തീർക്കാം.

"മുമ്പ് ഇവിടൊന്നും കണ്ടിട്ടില്ലല്ലോ... എവിടുന്നാ വരുന്നത്?"

"കുറച്ചു ദൂരെനിന്നാ... ഇവിടെ ഒരു ചെറിയ ജോലിക്ക് വന്നതാ"

"എന്നാൽ വരൂ..."

കുമ്പസാരക്കൂട്ടിലേക്ക് കയറി...


"അന്നൊരു ദിവസം എന്തോ ശബ്ദം കേട്ടാണ് വീടിനടുത്തുള്ള ഒരു മാവിനടുത്തേക്ക് ഞാൻ പോയി നോക്കിയത്. ഞാനവിടെ കണ്ടത് ഒരു അണ്ണാൻകുഞ്ഞിനെയാണ്, കൂടോടുകൂടി മരത്തിൽ നിന്ന് വീണതായിരുന്നു. ജനിച്ചിട്ട് അധികമായിട്ടില്ല, കാരണം കണ്ണ് കീറിയിരുന്നില്ല. ചുറ്റും നോക്കി, അതിൻ്റെ അമ്മയെ എവിടെയും കണ്ടില്ല. ഞാനതിനെ എടുത്തു വീടിനകത്തേക്ക് കൊണ്ടുപോയി. പിന്നീട് അത് കണ്ണ് തുറന്നപ്പോൾ ഈ ലോകത്ത് ആദ്യം കണ്ടത് എന്നെയായിരുന്നു. ഒരു കുറവും വരാതെ എൻ്റെ വീട്ടിൽ ഞാനതിനെ വളർത്തി.

അത് എനിക്ക് വലിയൊരു കൂട്ടായിരുന്നു. ഞാനതിനെ താലോലിച്ചു, കളിപ്പിച്ചു. ജീവിതത്തിലെ മറ്റു പ്രശ്നങ്ങൾ മറക്കാൻ അത് ഒരു സഹായമായിത്തീർന്നു. പക്ഷെ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. എൻ്റെ വീട്ടിലെ എച്ചില് തിന്നു തടിച്ചു കൊഴുത്ത ഒരു കാടൻപൂച്ച ഒരുനാൾ അതിനെ വെറുതെ വിട്ടില്ല. ആ പാവം അണ്ണാൻകുഞ്ഞിനെ അത് ഭക്ഷണമാക്കി. അതിൻ്റെ വാല് മാത്രമായിരുന്നു ബാക്കി വെച്ചത്.

എനിക്ക് ദേഷ്യം സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഒരു കെണി വെച്ച് പിടിച്ചു ഞാനതിനെ തല്ലിക്കൊന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് എൻ്റെ കൈ കൊണ്ട് ഒരു ജീവിയെ കൊല്ലുന്നത്. മനസ്സിൽ എന്തൊക്കെയോ... ഒരു സമാധാനമില്ലായ്മ... കർത്താവ് എന്നോട് പൊറുക്കുമോ ഫാദർ...?"

"കർത്താവ് വലിയവനാണ്. ചില കാര്യങ്ങൾ അവൻ നമ്മളെക്കൊണ്ട് ചെയ്യിപ്പിക്കും. ആ പൂച്ചയ്‌ക് കർത്താവ് കൊടുത്ത ആയുസ്സ് അത്രയേ ഉണ്ടാകൂ. നിൻ്റെ കൈകൊണ്ട് ചാകാനായിരിക്കും അതിൻ്റെ വിധി. എന്തായാലും ചെയ്ത തെറ്റിൽ പശ്ചാത്താപം ഉണ്ടാവുക എന്നത് തന്നെ വലിയൊരു കാര്യമാണ്. ഇനി ബാക്കിയുള്ള ജീവിതം നല്ല നിലയിൽ വർത്തിക്കുക. താങ്കൾക്ക് നല്ലതേ വരൂ... ഗോഡ് ബ്ലെസ്സ് യൂ!"

കുമ്പസാരം കഴിഞ്ഞു അയാൾ പോകുന്നത് അച്ഛൻ നോക്കി നിന്നു. "ആരാണത് ഫാദർ?", കപ്യാരായിരുന്നു ചോദിച്ചത്.

"കുറച്ചു ദൂരെന്നാ... കുമ്പസരിക്കാൻ വന്നതാ. മനുഷ്യർക്ക് ദൈവം എന്താ എപ്പോഴാ തോന്നിപ്പിക്കുക എന്ന് പറയാൻ പറ്റില്ല. ചിലർക്ക് ചിലപ്പോൾ ചെറിയ കുറ്റങ്ങൾ വരെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ടാകാം. എന്തായാലും നല്ലൊരു മനസ്സിന് ഉടമയാണത്", ആ മനുഷ്യനോട് എന്തോ വല്ലാത്തൊരു അറ്റാച്ച്മെന്റ് ഫാദറിന് തോന്നി.

--------------------

പിറ്റേന്ന് പത്രം വായിക്കുമ്പോഴാണ് ഫാദറിൻ്റെ ശ്രദ്ധ ആ ഫോട്ടോയിലേക്ക് പതിഞ്ഞത്. അത് ഇന്നലെ വന്ന ആളല്ലേ??... അതെ, അതുതന്നെ. ആ വാർത്ത വായിച്ചു ഫാദർ ഞെട്ടി.

അതിൻ്റെ ചുരുക്കം ഇതായിരുന്നു -
കാമഭ്രാന്ത് മൂത്ത് സ്വന്തം മകളെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയവൻ്റെ കഴുത്തറുത്ത അച്ഛനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്!!

Comments