"എനിക്കേ പോലീസുകാരുടെ ബുദ്ധിയാ..."

അയാൾ ഈ ഡയലോഗ് പറയും വരെ ഞാൻ മൊബൈലിൽ കളിച്ചുകൊണ്ടിരിക്കായിരുന്നു. സത്യത്തിൽ എനിക്ക് ദേഷ്യമായിരുന്നു. വൈകുന്നേരം സ്വസ്ഥമായി സംസാരിച്ചിരിക്കാൻ വേണ്ടിയാണ് ഞാനും ശരത്തും പള്ളിക്കുളത്തിൻ്റെ അടുത്തുള്ള ചെറിയ പാലത്തിൽ വന്നിരുന്നത്, ഒരു മാറ്റത്തിനു വേണ്ടി പതിവ് സ്ഥലങ്ങൾ എടുത്തില്ല എന്ന് മാത്രം. പിന്നെ പണ്ട് സ്കൂളിൽ പോയിരുന്ന വഴിയായതുകൊണ്ട് ചെറിയൊരു നൊസ്റ്റുവും കിട്ടും.

"ഇങ്ങളെവിട്ന്നാ?", ഇതും ചോദിച്ചാണ് അയാൾ ഞങ്ങളുടെ അടുത്തേക്ക് കയറിവന്നത്. തൊട്ടപ്പുറത്തുള്ള ഫാമിൽ ജോലി ചെയ്യുന്ന ആളാണ്. വന്നയുടനെ ഞങ്ങളുടെ സൈഡിലായി ഇരുന്നു. ആളെ ഞാനും ശരത്തും ഇതിനുമുമ്പ് കണ്ടിട്ടില്ല. സ്വന്തം നാടാണെങ്കിലും കുറച്ചു നാളുകൾക്ക് ശേഷമാണ് ഞാനാ സ്ഥലത്തു പോകുന്നത് തന്നെ. അവിടെ ഒരു ഫാമുള്ള കാര്യം പോലും അപ്പോഴാണ് അറിയുന്നത്.

"ഞങ്ങള് ഇവിടൊക്കെത്തന്നെ ഉള്ളതന്നെ", ശരത്താണ് മറുപടി പറഞ്ഞത്.

"ഞാനേ മോങ്ങത്താ... അളിയൻ്റെ ഫാമാ, ഇന്ന് മൂപ്പര് പോത്തിനെ എടുക്കാൻ പോയതാ... അപ്പൊ ഞാൻ മാത്രമേ ഒള്ളൂ... അടുത്തയാഴ്ച കൊടുക്കാനുള്ളതാ ഇതൊക്കെ... ഒക്കെ മൂരികളാ..."

ഒരാൾ ചുമ്മാ കയറിവന്നു ചോദിക്കാതെ തന്നെ ഓരോന്ന് പറയുന്നു, ഒരു പിരി എവിടെയോ ലൂസ് ആണോ എന്നൊരു സംശയം. നിർത്താതെ സംസാരിക്കുന്ന വ്യക്തിയാണെന്ന് അപ്പോൾ തന്നെ മനസ്സിലാക്കാം. ഇത്രയും നേരം ഫാമിലെ മൂരികളോട് സംസാരിച്ചു മടുത്തിരിക്കാം. എന്തായാലും അയാൾ ആദ്യം സംസാരിച്ചു വന്നത് ഫാമിനെക്കുറിച്ചായതുകൊണ്ട് ശരത്തിന് കുറച്ചു താല്പര്യമുണ്ടായിരുന്നു. അവൻ്റെ ചില സംശയങ്ങളൊക്കെ ചോദിച്ചു. പക്ഷെ പതുക്കെപ്പതുക്കെ അയാൾ കാട് കയറാൻ തുടങ്ങി. ശരത് ചോദിക്കുന്നത് നിർത്തി. പക്ഷെ അയാൾക്കത് കൂടുതൽ സൗകര്യമായപോലെ.
ഈ പറഞ്ഞു കൊണ്ടിരിക്കുന്നത് എല്ലാം ലോക കാര്യങ്ങളൊന്നുമല്ല. അയാളുടെ നാട്ടിലെയും വീട്ടിലെയും കുടുംബാംഗങ്ങളുടേയുമൊക്കെ കാര്യങ്ങളാ. അയാളുടെ ചെരുപ്പിൻ്റെ വാററ്റത് വരെ ഞങ്ങളുടെ മുമ്പിൽ വിളമ്പുന്നുണ്ട്. എനിക്ക് സത്യം പറഞ്ഞാൽ ആദ്യം ദേഷ്യമായിരുന്നു. ഞാനും ശരതും ചില കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനാ അവിടെ പോയത്. അതിന് ഇയാളൊരു ഗ്യാപ് തരേണ്ടേ... ശരത് അയാളോട് മിണ്ടാൻ പോയത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല. താല്പര്യമില്ലെന്ന് കാണിക്കാൻ ചുമ്മാ ഫോണിൽ ഓരോന്ന് നോക്കിയിരുന്നു. ഇതിനിടയിലാണ് ആ ഡയലോഗ് വന്നത് -

"എനിക്കേ പോലീസുകാരുടെ ബുദ്ധിയാ..."

പക്ഷെ ഈ ഡയലോഗോടെ എനിക്കെന്തോ അതിൽ എവിടെനിന്നൊക്കെയോ ഒരു interest വന്നപോലെ. മൂപ്പരുടെ ആ ഒരു character... its different! അതുവരെ അയാളുടെ നെഗറ്റിവ് ആസ്പെക്ടസ് മാത്രമേ ഞാൻ ശ്രദ്ധിച്ചിരുന്നുള്ളൂ... കുറച്ചൊക്കെ പോസിറ്റിവിറ്റി ഉണ്ട് (എവിടെയൊക്കെയോ...). എനിക്കെന്തോ അങ്ങനെ ചിന്തിക്കാൻ തോന്നി, ഒരു പക്ഷെ എൻ്റെ ചിന്തയുടെ പ്രശ്നമായിരിക്കാം. ഇതിനു ശേഷം ഞാൻ അയാളുടെ വാക്കുകൾ ശ്രദ്ധിക്കാൻ തുടങ്ങി, ശരത് ഇതിനകം ഫോൺ എടുത്തു കളിക്കാൻ തുടങ്ങിയിരുന്നു.

"ഓനെ ഒന്ന് പണിക്ക് വിളിച്ചപ്പോ എത്താ ഓന്റൊരു ഗമ. രാത്രി വിളിച്ചപ്പം എന്നോട് പറഞ്ഞതാ രാവിലെ വരാന്ന്. എന്നിട്ട് രാവിലെ ഓൻ പറയാ പല്ലുവേദനാന്ന്. ഹും, എന്നോടാ ഓൻ്റെ നൊണ പറച്ചില്. എനിക്ക് ഈ പോലീസുകാരെ ബുദ്ധിയാ. ഒരുത്തൻ ഫോൺ വിളിച്ചു നൊണ പറയാണോ അല്ലേ എന്ന് ഇൻക്ക് എള്പ്പം മനസ്സിലാകും. ഓൻ പെരേല് പൊതച്ച് ഉറങ്ങാണ്. 'പറ്റൂലങ്കി അത് വാ തുറന്ന് പറഞ്ഞൂടേ...' എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു. അല്ലാതെ ഇപ്പൊ എത്താ ഓനോടൊക്കെ പറയാ... പണ്ട് യൂണിവേഴ്സിറ്റിൻ്റെ അടുത്ത് പണിതിരുന്ന ഒരുത്തന് ഉണ്ടായിരുന്നു... ഓനെ വിളിച്ചപ്പോ 'ഞാൻ വരാ'ന്നും പറഞ്. ഒരു ഹെൽപ്പറും ഇതും വന്നാ ഒന്നേ എഴുന്നൂറ് കൂലിയാണ്... തൊള്ളായിരവും അറുന്നൂറും വരും... പിന്നെ ഒരു എണ്ണപ്പൈസ നൂറും... പെട്രോളൊക്കെ എത്താ വെല... പൊള്ളും..."

ആ സംസാരം തീരുന്നുണ്ടായിരുന്നില്ല... വിഷയങ്ങൾക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല. ഇതിനിടക്ക് അടുത്തൂടെ പോയ ഏതോ ബാബുവിനെ വിളിച്ചു നിൽക്കാൻ പറയുന്നുണ്ടായിരുന്നു - "ബാബു... എങ്ങട്ടാ? നിക്ക് ഞാനും വരാ". ബാബു മൈൻഡ് ചെയ്തില്ല, അവിടെ നിന്നാൽ പണിയാകുമെന്ന് അയാൾക്ക് അറിയാമായിരിക്കാം... പാലത്തിലൂടെ നടന്നുപോകുന്നവരൊക്കെ ഞങ്ങളെ നോക്കുന്നുണ്ട്. 'ഇന്ന് ഇവരാണോ ഇര?' എന്നൊരു പരിഹാസചോദ്യം ആ മുഖങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പോലെ...

"... ഓൻ പറയാ ഒക്കെ വിറ്റ് ഒഴിവാക്കാ, ഒരു ഹരല്ലാന്ന്... ഞാൻ ചോയ്ച്ചു 'എന്ത്യേ?'ന്ന്. അപ്പൊ പറയാ നമ്മളെ വണ്ടി തട്ടീട്ട് ഡ്രൈവർ മരിച്ണ്... കേട്ടിട്ട് ഞാൻ ഇങ്ങനെ ഇരുത്താണ്... എങ്ങനെണ്ട്?!... പത്തുപത്തരക്ക് ലോഡ് വന്ന് 'എണ്ണിക്കാണ്ട് കെട്ടിയാൽ പോരേ'ന്നു ചോദിച്ചപ്പോൾ മൊതലാളിമാർ 'ആ'ന്നും പറഞ്ഞു... ശീട്ട്... ന്റെ അഭിപ്രായത്തിൽ എന്തോ ആയിണ്... പിറ്റേന്ന് രാവിലെ വേറെ വണ്ടി വരാനുംണ്ട്... അതില് കൊടുത്തുവിടേ അങ്ങനെ എന്തോ ആണ്... വാളയാർ ചെക്ക്പോസ്റ് കൈഞ്ഞിട്ട് ഒരു പാലണ്ടല്ലോ... അവിടെണ്... മരത്തിലോ അതോ ഏതോ വണ്ടിക്കോ ഇടിച്ചതാണ്... ഞാന് ഈ ഇരുത്തം ഇവിടെ ഇങ്ങനെ ഇര്ന്നു... കാരണം നമ്മളെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ച ആള് രണ്ടുമൂന്നാല്‌ മണിക്കൂർ കയിഞ്ഞപ്പോ..."

ആ വാക്കുകൾക്ക് ഒരു അവസാനമുണ്ടായിരുന്നില്ല. മഗ്‌രിബ് ബാങ്ക് കൊടുക്കാനായിട്ടുണ്ട്. അതിനു ശേഷം എന്തായാലും ഉണ്ടാവില്ല എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ അതിനു മുമ്പേ ആള് പോയി, എന്തോ ഓർത്തുകൊണ്ട് പെട്ടന്നൊരു പോക്ക്, അതും തൻ്റെ ബൈക്ക് എടുത്ത്. 
അത്രയും നേരം എല്ലാം കേട്ടുകൊണ്ടിരുന്ന ഞങ്ങളോട് നോട്ടം കൊണ്ടോ വാക്കു കൊണ്ടോ ഒന്നും പറയാതെ. ഞാനും ശരതും മുഖത്തോടു മുഖം നോക്കി. ഒരു മഴ പെയ്തുതീർന്ന പോലെ... എന്തൊക്കെയോ സംസാരിക്കാനായിരുന്നു ഞങ്ങൾ വന്നത്. എല്ലാം മറന്നുപോയി.

ഇത് എൻ്റെ എന്തോ പ്രശ്നമാണ്. ഒരാൾ എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യുന്നത് കണ്ടാൽ ഞാൻ ചിന്തിക്കുക 'What made him do so?' എന്നാണ്. പരിചയമില്ലാത്തമാരോട് ഒന്നു പുഞ്ചിരിക്കാൻ പോലും മടിയുള്ള ഇക്കാലത്താണ് പേരു പോലും അറിയാത്ത ഞങ്ങളുടെ അടുത്ത് വന്ന് ഇത്രേം പറഞ്ഞിട്ട് പോയത്. നേരം വെളുക്കുന്നതു തൊട്ട് പണി തീരുന്നതുവരെ ഫാമിലെ മൃഗങ്ങളോട് മാത്രം സംസാരിച്ചു ബോറടിക്കുന്നുണ്ടാകാം. അല്ലെങ്കിൽ അങ്ങനെ സംസാരിച്ചു ശീലിച്ചയാൾക്ക് കേട്ടിരിക്കുന്നവരുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഇല്ലെങ്കിലും അത് ഒരു പ്രശ്നമായി തോന്നിയിട്ടുണ്ടാവില്ല. എന്തായാലും ഒരു പണിയും ഇല്ലാത്തതുകൊണ്ട് ഞങ്ങൾ കേട്ടിരിക്കുകയും ചെയ്തു.

ഇങ്ങനെയും ചില വിചിത്ര മനുഷ്യരുടെയും കൂടെ ലോകമാണിത്...

Comments