പറയാൻ ബാക്കിവെച്ചത്...



ട്രെയിൻ തിരുവനന്തപുരം സ്റ്റേഷനിൽ എത്താനായി. 'ബാക്കി അപ്ലിക്കേഷൻ പിന്നെ അയക്കാം' എന്ന് തീരുമാനിച്ചു അവൾ ലാപ്ടോപ്പ് മടക്കി ബാഗിലിട്ടു. ഒന്നു പോയി ഫ്രഷ് ആയി വരാം എന്ന മട്ടിൽ അവൾ തൻ്റെ സീറ്റിൽ നിന്ന് എണീറ്റു. പോകുന്നതിനിടയിൽ നേരെ എതിർവശത്തെ സീറ്റിൽ ഇരിക്കുന്ന ഒരുത്തനെ കൈ കാണിച്ചു വിളിച്ചു: "ഡാ ചെക്കാ... ഒന്ന് വാ". അവൻ അന്തംവിട്ടിരിക്കുന്നതിനിടയിൽ അവൾ ഒരിക്കൽ കൂടി പറഞ്ഞു: "പെട്ടന്ന് വരുന്നതാണ് നിനക്ക് നല്ലത്". പിന്നെ അവൻ താമസിച്ചില്ല, കാര്യം പന്തിയല്ലെന്ന് തോന്നി. അവളുടെ പിറകെ പോയി. ടോയ്ലറ്റിൻ്റെ അടുത്തെത്തിയപ്പോൾ അവൾ അവനോട് ഫോൺ ചോദിച്ചു. അവൻ നിന്ന് വിയർക്കാൻ തുടങ്ങിയിരുന്നു. അവൻ്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങിച്ചു അവൾ തപ്പി നോക്കി - പ്രതീക്ഷിച്ച പോലെ അവളുടെ ഒരുപാട് ഫോട്ടോകൾ, എല്ലാം ആ ട്രെയിനിൽ വെച്ച് എടുത്തത്. "നീ എന്താ വിചാരിച്ചേ, ബാക്കിയുള്ളവരെല്ലാം മണ്ടന്മാരാണെന്നോ?? ഒന്ന് കൈ വെച്ചാൽ അത് താങ്ങാനുള്ള ശേഷി നിൻ്റെ ശരീരത്തിനില്ലല്ലോ...", അവൾ ഇത് വെറുതെ വിടാനുള്ള മട്ടില്ല. "സോറി ചേച്ചി... ഇനി ആവർത്തിക്കില്ല, ദയവ് ചെയ്തു ക്ഷമിക്കണം", അവൻ അവളുടെ കാലു പിടിക്കുമെന്നായി. ഇതിനിടയിൽ അവൾ ആ ഫോട്ടോസ് ഡിലീറ്റ് ചെയ്ത ശേഷം ഫോണിൻ്റെ മെമ്മറി കാർഡ് എടുത്തു പൊട്ടിച്ചിട്ടു.

ഇവിടെ ഈ സംഭവവികാസങ്ങൾ നടക്കുന്നതിനിടയിലാണ് ആ മുഖം അവളുടെ കണ്ണിൽ പെട്ടത്. ബോഗിയുടെ ഏറ്റവും അറ്റത്തുള്ള സീറ്റിൽ ഇരിക്കുന്ന അയാളെ എവിടെയോ കണ്ടപോലെ. എവിടെയാണ്??... കിട്ടി... അയാൾ തന്നെ. ഈയൊരു മുഖം ഒരു പ്രാവശ്യം കൂടി കാണിച്ചു തരണമെന്ന് ദൈവത്തോട് ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട്. "നിനക്ക് ഫോൺ തരണോ വേണ്ടയോ എന്ന് ഞാനൊന്ന് ആലോചിക്കട്ടെ" എന്ന് പറഞ്ഞു അവൾ അയാളുടെ അടുത്തേക്ക് ചെന്നു. ആ ചെക്കനും പിറകെ നടന്നു. തൻ്റെ ഫോണിൽ എന്തോ കാര്യമായി ചെയ്യുകയായിരുന്നു അയാളപ്പോൾ.

"ഹലോ... ഓർമ്മയുണ്ടോ?"

ഫോണിൽ നിന്നും കണ്ണെടുത്തു അമ്പരപ്പോടെ ആ ചെറുപ്പക്കാരൻ അവളെ നോക്കി... ഇല്ല, പിടികിട്ടിയിട്ടില്ല.

"സോറി, എനിക്ക് പേരൊന്നും ഓർമ്മയില്ല. ഞാൻ വർഷ. പക്ഷെ നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട്, ഏകദേശം ഒരഞ്ചു മിനുട്ടോളം നേരം ഒറ്റയ്ക്ക് സംസാരിച്ചിട്ടുമുണ്ട്..."

ഓർത്തെടുക്കാനുള്ള ഒരു പരിശ്രമം ആ മുഖത്ത് കാണാം. പക്ഷെ അതിൽ വിജയിക്കുന്ന മട്ടില്ല.

("ചേച്ചീ... എൻ്റെ ഫോൺ", ഇതിനിടയിൽ ആ ചെക്കൻ അപേക്ഷിച്ചു. "മിണ്ടാതിരിയെടാ ചെക്കാ...", വർഷ മൈൻഡ് ചെയ്തില്ല)

"ഇയാളെന്നെ പെണ്ണ് കാണാൻ വന്നിട്ടുണ്ട്..."

ഇത് കേട്ടതും ഒരു പുഞ്ചിരിയാണ്. "സോറി, ഞാൻ പെട്ടന്ന് ഓർത്തില്ല..."

"ഇയാളെന്നെ ഓർക്കാൻ ഒരു സാധ്യതയും ഞാനും കാണുന്നില്ല. പക്ഷെ..."

("ചേച്ചീ... ഫോൺ താ. ഫോട്ടോ എടുത്തതിന് എന്താ തെളിവ്?" - ഇത്തവണ ചെക്കൻ എവിടെന്നൊക്കെയോ ധൈര്യം സംഭരിച്ചു ഒരു ചോദ്യം. ഫോട്ടോസ് എല്ലാം അവൾ തന്നെ ഡിലീറ്റ് ചെയ്തല്ലോ. അവൾ ഒരു നിമിഷം അവൻ്റെ മുഖത്തേക്കൊന്ന് നോക്കി. ആള് മുഖത്തു ധൈര്യം കാണിക്കുന്നുണ്ടെങ്കിലും ഉള്ളിൽ നല്ല പേടിയുണ്ടെന്ന് കണ്ടാലറിയാം. അവൾ ആ ഫോണെടുത്തു ട്രെയിനിൻ്റെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു - "ഇപ്പൊ ഒരു കാര്യത്തിനും തെളിവ് ഇല്ലല്ലോ... സ്റ്റേഷനിൽ എത്തിയിട്ട് ഒരു കുറച്ചൊന്ന് പിറകോട്ടു നടന്നാൽ മതി. ഭാഗ്യമുണ്ടെങ്കിൽ കിട്ടും". അവൻ ശെരിക്കും ഞെട്ടി. പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ അവൻ ട്രെയിനിൻ്റെ പിറകിലോട്ട് ഓടി)

"അത് വിട്ടേയ്ക്ക്. അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഇയാളെ ഞാൻ ഒരിക്കലും മറക്കില്ല. എന്നോട് പറയാൻ ഒരു കഥ ബാക്കിവെച്ചിട്ടാണ് അന്ന് പോയത്. നിങ്ങളെ അനുമോളുടെ കഥ..."

ആ പേര് കേട്ടതും ആ മുഖത്തെ പുഞ്ചിരി പതിയെ മായാൻ തുടങ്ങി. സീൻ മാറുകയാണെന്ന് മനസ്സിലാക്കിയ അവൾ പക്ഷെ വിടാൻ ഒരുക്കമായിരുന്നില്ല.

"മാഷേ, ഒരുമാതിരി സെന്റി കാണിച്ചു രക്ഷപ്പെടാൻ നോക്കരുത്. വർഷം കുറച്ചായി. അന്ന് പോകുന്നതിനു മുമ്പ് വാക്കു തന്നതായിരുന്നു"

ആ മുഖത്തൊരു പ്രസന്നത എവിടെയൊക്കെയോ വരാൻ തുടങ്ങി - "ഓക്കേ, നോ പ്രോബ്ലം, പക്ഷെ അന്നൊരു അഞ്ചു മിനിറ്റോളം കിട്ടിയിരുന്നു. ഇന്നിപ്പോ അഞ്ചു സെക്കന്റ് പോലുമില്ല. സ്റ്റേഷൻ എത്തി. എനിക്ക് വളരെ അർജന്റ് ആയി എൻ്റെ കമ്പനിയിലേക്ക് പോകണം. ആൾറെഡി ലേറ്റ് ആയി."

"ഓഹോ, അപ്പോൾ ഇവിടെ കമ്പനിയിൽ ജോലി ചെയ്യുകയാണല്ലേ... അപ്പോൾ കുഴപ്പമില്ലല്ലോ. ഞാൻ ഈ സിറ്റിയിൽ രണ്ടുമൂന്നു ദിവസം കാണും. നമുക്ക് മീറ്റ് ചെയ്യാം. നമ്പർ താ..." അവൾക്ക് വിടാൻ ഭാവമില്ലായിരുന്നു.

ലഗ്ഗേജ് എല്ലാം കെട്ടിപ്പൊറുക്കി ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ നമ്പർ ഒപ്പിക്കാൻ അവൾ മറന്നില്ല. അത് സേവ് ചെയ്തു വെച്ചു - വിനോദ്. 'കാണാം...' എന്നുപറഞ്ഞു വേർപിരിയുന്നതിനിടയിലാണ് സ്റ്റെല്ല വന്നു കയറിയത്. കണ്ടയുടനെ രണ്ടുപേർക്കും സന്തോഷം അടക്കാനായില്ല, അവർ കെട്ടിപ്പിടിച്ചു. ഒരുപാട് നാളുകൾക്ക് ശേഷമാണ് അവർ കണ്ടുമുട്ടുന്നത്.

"ആരാടീ ആ പോയത്. വല്ലതും ഒപ്പിച്ചോ? വീട്ടുകാർ കാത്തിരിക്കാണ് പിടിച്ചു കെട്ടിക്കാൻ", സ്റ്റെല്ല അത് ശ്രദ്ധിക്കാതിരുന്നില്ല.

"ഒന്നുപോടി, വീട്ടുകാർ ഒരുപാട് കളിച്ചുനോക്കിയതല്ലേ... എന്നിട്ട് എന്നെ കിട്ടിയോ... ഇത് അതൊന്നുമല്ല. ഇതൊരു 'കുഞ്ഞു'കഥയാ... പക്ഷെ പിന്നെ പറയാം. എനിക്ക് വിശന്നിട്ടു വയ്യ. എത്രയും പെട്ടന്ന് കൂടുപറ്റാം", വർഷക്ക് ധൃതിയായി.

---------------------

എൻ്റെ വീട്ടുകാർക്ക് അതു ലാസ്‌റ് ചാൻസ് ആയിരുന്നു, എൻ്റെ അവസാന കടമ്പയും... യൂകെയിൽ പഠിക്കാൻ സ്കോളർഷിപ് കിട്ടിയതു മുതൽ വീട്ടുകാർ ഒരുത്തനെ തപ്പാൻ തുടങ്ങിയതാണ്. പോകുന്നതിനു മുമ്പ് ചുരുങ്ങിയത് എൻഗേജ്മെന്റ് എങ്കിലും നടത്തണമെന്നായിരുന്നു അവരുടെ ആഗ്രഹം. വരുന്ന ഓരോ ആലോചനയും ഞാൻ മുടക്കി. രണ്ടാഴ്ചക്കുള്ളിൽ സ്ഥലം കാലിയാക്കും, അതിനു മുമ്പത്തെ അവസാന വട്ട ശ്രമമായിരുന്നു അന്നത്തെ പെണ്ണുകാണൽ. ഇത് അവസാനത്തെ ഒരുക്കമാണെന്ന ചെറിയ ആശ്വാസത്തിൽ ഞാനും.

വീടിനു മുമ്പിൽ കാർ വന്നു നിന്നു. ആ അലവലാതി ബ്രോക്കർ തന്നെയാണ്  ആദ്യം കാറിൽ നിന്നിറങ്ങിയത്. ഇന്ന് നാടകം കളിക്കേണ്ട മൊതലിനെ ഞാൻ ആദ്യമായി കണ്ടത് ബ്രോക്കർ ആ കാറിൻ്റെ ഡോർ തുറന്നപ്പോഴാണ്. അതുവരെ വന്നവരെപ്പോലെ ഒന്നും ആയിരുന്നില്ല - വളരെ സിമ്പിൾ ആയി ഡ്രസ്സ് ചെയ്ത്, മുഖത്തു പ്രത്യേക ചമ്മലോ മടിയോ ഒന്നുമില്ലാതെ... എന്തോ ഒരു വികാരവും ഇല്ലാത്ത മുഖഭാവം.

വീട്ടിനകത്തേക്ക് കയറി, ഇരുന്നു, ചായ കൊടുത്തു... പതിവു മുറകളൊക്കെ തെറ്റാതെ നടക്കുന്നു. 'വിനോദ് - വർഷ... പേരിൽ തന്നെ വല്ലാത്തൊരു ഒത്തൊരുമ ഉള്ള പോലെ' - ബ്രോക്കർ ചളികളൊക്കെ യദേഷ്ടം വാരിവിതറുന്നുണ്ടായിരുന്നു. 'ഇതൊക്കെ അവസാനത്തേതാകട്ടെ' എന്ന് ഞാനും പ്രാർത്ഥിച്ചു.'അവർ വല്ലതും തനിച്ചു സംസാരിക്കട്ടെ' - എൻ്റെ ഫേവറൈറ്  പ്രോഗ്രാമിലേക്ക് സംഗതി എത്തി.

മുകളിലെ നിലയിലാണ് ഞങ്ങൾക്ക് സംസാരിക്കാൻ അവസരം ഒരുക്കിയത്. എന്നാലും താഴെ പറയുന്നത് കേൾക്കാം. "ചെക്കൻ ആളൊരു ശുദ്ധനാ... മാന്യമായ പെരുമാറ്റം, വലിയോ കൂടിയോ അങ്ങനെ ദുഷ്‌ശീലങ്ങളൊന്നുമില്ല..." ബ്രോക്കർ വല്ലാതെ തള്ളിമറിക്കുന്നത് കേൾക്കാം. "ആ പറഞ്ഞത് നുണയാണ്, രണ്ടും ഉണ്ട്, ഈ അടുത്താണ് തുടങ്ങിയത്...", അയാൾ ആദ്യമായി എൻ്റെ മുന്നിൽ വാ തുറക്കുന്നത് അത് പറയാനാണ്. എനിക്ക് ചിരി വന്നു.   

വീണ്ടും കുറച്ചു നിമിഷം മിണ്ടാതിരുന്നു. പിന്നെ പുള്ളിക്കാരൻ എന്തോ പറയാൻ ഒരുങ്ങുമ്പോൾ ഞാൻ ഇടപെട്ടു - "ചേട്ടൻ ഇങ്ങോട്ട് വല്ലതും പറയുന്നതിന് മുമ്പ് ഞാൻ പറഞ്ഞു തുടങ്ങുന്നതാണ് നല്ലത്. എന്നോട് ക്ഷമിക്കണം. എനിക്ക് പഠനം കഴിഞ്ഞിട്ട് കല്യാണം മതിയെന്നാ ആഗ്രഹം. വീട്ടുകാരുടെ നിർബന്ധം കാരണമാ ഈ പ്രഹസനമൊക്കെ. ദയവ് ചെയ്ത് എന്നെ ഇഷ്ടമല്ലെന്നു പറയണം."

"ഓക്കേ, എന്നാ ഇപ്പോൾ തന്നെ പറഞ്ഞേക്കാം" - ആള് വളരെ ഫാസ്റ്റ് ആയിരുന്നു. പോകാൻ മുതിർന്നപ്പോൾ ഞാൻ തടഞ്ഞു - "അയ്യോ, ഇപ്പൊൾ  പറയണ്ട. അങ്ങനെ ചെയ്താ പപ്പയ്ക്ക് സംശയമാവും, നാളെ വേറൊരുത്തനെയും കൊണ്ട് വരും. ഇപ്പൊ ജസ്റ്റ് 'വിവരം പാറയാം' എന്ന് മാത്രം പറഞ്ഞാൽ മതി. എന്നിട്ട് ഒരു മൂന്നോ നാലോ ദിവസം കഴിഞ്ഞു... അല്ലെങ്കിൽ ഒരാഴ്ച തന്നെ എടുത്തോ... ബ്രോക്കറെ കാര്യം വിളിച്ചു പറഞ്ഞാ മതി. അങ്ങനെയാണെങ്കിൽ എനിക്ക് ആവശ്യത്തിനുള്ള ടൈം കിട്ടും. പ്ളീസ്...", ഞാനയാളോട് അഭ്യർത്ഥിച്ചു.

പുള്ളിക്കാരൻ്റെ മുഖത്തു ഒരു ചിരിയാണ് വന്നത്. അതുവരെ മസില്  പിടിച്ചിരുന്ന ആള് പെട്ടന്ന് ഒന്ന് കൂൾ ആയ പോലെ. ജനാലയിലൂടെ എങ്ങോട്ടോ നോട്ടമെറിഞ്ഞു ആ ചെറു പുഞ്ചിരി തുടർന്നു.

"എന്തിനാ ചിരിക്കുന്നത്?", ഒരു കൗതുകത്തിന് ഞാൻ ചോദിച്ചു.

"അത്...ഹേയ്... ഒന്നുമില്ല...", വിട്ടേയ്ക്ക് എന്ന മട്ടിൽ.

"അല്ലല്ലോ... വേറെന്തോ കാര്യമുള്ളപോലെ...", ഞാനും വിട്ടില്ല. വീട്ടുകാരെ കാണിക്കാൻ കുറച്ചു നേരം കൂടി സംസാരിച്ചിരിക്കലായിരുന്നു എൻ്റെ പ്രധാന ഉദ്ദേശം.

"അത്... എൻ്റെ അനുമോളും ഇങ്ങനെയായിരുന്നു... വരുന്ന ആലോചനകളൊക്കെ ഇതുപോലെ വളരെ പാടുപെട്ടാ മുടക്കിയിരുന്നത്..."

"അനുമോൾ...??"

"സത്യത്തിൽ ഞാനും സ്വന്തം താല്പര്യപ്രകാരം വന്നതല്ല, വീട്ടുകാർക്ക് മനസ്സമാധാനമായിക്കോട്ടെ എന്ന് വിചാരിച്ചിട്ട് മാത്രം. സത്യത്തിൽ ഒരു പ്രേമനൈരാശ്യത്തിലാണ് ഞാൻ, മനസ്സിന്ന് അങ്ങോട്ട് പോകുന്നില്ല. ഇക്കാര്യം നിന്നോട് പറയാൻ നിൽക്കുമ്പോഴാണ് നീ ഇങ്ങോട്ട് വന്നു ഇതിൽ നിന്ന് ഒഴിയാൻ പറഞ്ഞത്. ഒരു കല്യാണത്തിന് പറ്റിയ മൂഡിലൊന്നുമല്ല ഞാനിപ്പോൾ..."

(ഇതിനിടയിൽ താഴെ ബ്രോക്കറുടെ കമന്റ് - ഹേയ്... എനിക്ക് ചെറുപ്പത്തിലേ അറിയാവുന്ന പയ്യനല്ലേ... മര്യാദയ്ക്ക് ഒരു പെണ്ണിൻ്റെ മുഖത്തു പോലും അനാവശ്യമായി നോക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല...)

"ഇതിൽ ഇങ്ങനൊരു ട്വിസ്റ്റ് ഞാനും പ്രതീക്ഷിച്ചില്ല. എന്തായാലും മാഷേ... കഴിഞ്ഞത് കഴിഞ്ഞു. ഈ പ്രേമവും അത് പൊളിയാലുമൊക്കെ സ്ഥിരം സംഭവിക്കുന്നതാ... ഒരു സമയം കഴിഞ്ഞാൽ അതങ്ങു വിട്ടേക്കണം. വിട്ടിട്ടു പോയവളുടെ മുന്നിൽ സന്തോഷത്തോടെ ജീവിച്ചു കാണിക്കുകയാണ് വേണ്ടത്..."

"അതിനു അവളല്ല, ഞാനാണ് അവളെ ഇട്ടേച്ചു പോയത്..."

ഞാൻ ശെരിക്കും ഞെട്ടിപ്പോയി. അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എവിടെയോ എന്തൊക്കെയോ... ഒന്നും ശരിക്കങ്ങോട്ട് പിടികിട്ടുന്നില്ല. എന്തെങ്കിലും ചോദിക്കും മുമ്പ് താഴെ നിന്നും വിളിയെത്തി - "ബാക്കി സംസാരമൊക്കെ കല്യാണം കഴിഞ്ഞിട്ടാകാം..."

"നീ പറഞ്ഞത് കേട്ടിട്ട് എനിക്ക് വലിയ ഒരു സംഭവമായി ഇതൊന്നും തോന്നുന്നില്ല. അയാള് വല്ല കാരണവും പറഞ്ഞു ആ പെൺകുട്ടിയെ തേച്ചതായിരിക്കും", സ്റ്റെല്ലക്ക് അതിൽ വലിയ താല്പര്യം തോന്നിയില്ല.

"നീ ഇത് കേട്ടിട്ടല്ലേയുള്ളൂ... ഞാനന്ന് ശരിക്കും കണ്ടതാ... ആ കണ്ണുകളിലെ.... ആ മുഖം എത്രത്തോളം അവൾക്ക് വേണ്ടി തുടിക്കുന്നുണ്ടെന്ന്... അവളെക്കുറിച്ചു അയാൾക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു. പ്രേമവും തേപ്പുമൊന്നും കണ്ടാൽ മനസ്സിലാവാത്തവളല്ല ഞാൻ. ഒരു പുരുഷന് അങ്ങനെയും ഒരാളെ സ്നേഹിക്കാം എന്ന് അന്നാണെനിക് മനസ്സിലായത്... എനിക്കെന്തോ അതിപ്പോഴും ദഹിക്കുന്നില്ല"

"നീ തത്കാലം അതു വിട്. നാളെ കാലത്തു പത്തുമണിക്കാണ് ഇന്റർവ്യൂ... അതിനു മര്യാദക്ക് പ്രിപ്പെയർ ചെയ്യാൻ നോക്ക്"

"ഇന്റർവ്യൂ ഒക്കെ ഇനി എത്ര കാണാനിരിക്കുന്നു. ഇതിലൊരു തീരുമാനമാകാതെ എനിക്ക് ഉറക്കം വരില്ല. ഞാൻ പുള്ളിക്കാരനെയൊന്ന് വിളിക്കട്ടെ. എപ്പോഴാ കാണാൻ പറ്റുകയെന്നു ചോദിക്കട്ടെ..."

--------------------

"ഓക്കേ മിസ് വർഷ, താങ്കളുടെ CV വളരെ ഇമ്പ്രസ്സീവ് ആണ്. ആൻഡ് ഗുഡ് പെർഫോമൻസ് ടൂ", ഇന്റർവ്യൂ പാലിലെ ആ മാഡത്തിൻ്റെ വാക്കുകൾ അവൾക്ക് നൽകിയ ആശ്വാസത്തിനും ആവേശത്തിനും അതിരില്ല.

"ലെറ്റ് മി ആസ്ക് വൺ മോർ തിങ്ങ്" - ഇത്തവണ ആ സാർ ആണ് പറഞ്ഞത്. പണിയാകുമോ എന്ന പേടിയിൽ അവൾ അവരെ നോക്കി - "താങ്കൾ പറഞ്ഞു എപ്പോഴും കമ്പനിക്ക് ഇമ്പോർട്ടൻസ് നൽകുമെന്ന്. ഇനി കമ്പനി അത്ര നല്ല കണ്ടിഷനിലല്ല എന്നു വെക്കുക. താങ്കൾ കമ്പനിയെ വിട്ടുപോകുമോ?" - സാധാരണ പ്രതീക്ഷിക്കാവുന്ന ഒരു ചോദ്യം.

"യെസ്" - വർഷയുടെ മറുപടി പെട്ടന്നായിരുന്നു. അതുകേട്ട് പാനലിലെ അംഗങ്ങൾ ഒന്ന് അത്ഭുതപ്പെട്ട പോലെ. ആ ഉത്തരം എങ്ങനെ വന്നെന്ന് വർഷക്കും സംശയം.

"എസ്പ്ലനേഷൻ പ്ളീസ്?"- അയാൾ വിട്ടില്ല.

സത്യത്തിൽ ഇങ്ങനൊരു കുരുക്ക് അവൾ വിചാരിച്ചിരുന്നില്ല. ഇനി ഉത്തരം മാറ്റാൻ കഴിയില്ല. എന്നാലും അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു: " അതായത്... ഒരാൾ ഇത്രെയും സ്‌നേഹിച്ച ഒരു കമ്പനിയെ മോശം അവസ്ഥയിൽ ഇട്ടിട്ടു പോകുന്നെങ്കിൽ അത് ആ കമ്പനിക്ക് ഗുണം ചെയ്യും എന്ന് ഉറപ്പുള്ളതുകൊണ്ടാകാം. ഞാൻ പോയാൽ കമ്പനിക്ക് മുതൽക്കൂട്ടാകുമെങ്കിൽ അതിനു തന്നെയല്ലേ ഞാൻ മുൻഗണന കൊടുക്കേണ്ടത്", ഒരുവിധം എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു.

"മനസ്സിലായില്ല, ഒരു സിറ്റുവേഷൻ പറയു...", അയാൾക്ക് വിടാൻ ഭാവമില്ലായിരുന്നു.

"അത്... എനിക്കറിയില്ല... ഞാനൊരു പോസ്സിബിലിറ്റി പറഞ്ഞെന്നേയുള്ളൂ..." കുറച്ചു നേരം ആലോചിച്ചു അവൾ പറഞ്ഞു..

"ഓക്കേ, താങ്ക് യൂ മിസ് വർഷ. യു വിൽ ഹിയർ ഫ്രം അസ് സൂൺ"

പാനലിലെ അംഗങ്ങളോട് നന്ദി പറഞ്ഞു അവൾ അവിടെ നിന്നിറങ്ങി. "ഓ ഷിറ്റ്! താനെന്തു പണിയാ കാണിച്ചേ... ഇതുവരെ കഷ്ടപ്പെട്ട് വെള്ളം കോരിയിട്ടു... ഒരു ഒബ്‌വിയസ് ആൻസർ ആണ് അവർ പ്രതീക്ഷിച്ചേ... ഞാനതു കോംപ്ലിക്കേറ്റഡ് ആക്കിക്കൊടുക്കുകയും ചെയ്തു... തനിക്കെന്താ പറ്റിയത്??!"

ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ... അത് മറക്കാം... വരുന്നിടത്തു വെച്ച് കാണാം... വിനോദ് വൈകുന്നേരം കാണാമെന്ന് പറഞ്ഞിട്ടുണ്ട്. അതെങ്കിലും നല്ല രീതിയിൽ നടന്നാൽ മതിയായിരുന്നു.

--------------------

 ഭാസ്കരമ്മാവൻ - അവിടെയായിരുന്നു എല്ലാത്തിൻ്റെയും കേന്ദ്രം. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു ആള്. ആർക്കും അത്ര പെട്ടന്ന് പിടികിട്ടില്ല. കുടുമ്പത്തിലെ എല്ലാവർക്കും ഭയവും ബഹുമാനവുമായിരുന്നു അങ്ങേരോട്. പുള്ളി ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അതിൽ അപ്പീലില്ല. 'ഇന്ദുചൂഢൻ'എന്നാ ഞങ്ങള് കളിയാക്കി വിളിക്കാറ്. പക്ഷെ എന്തുകൊണ്ടോ എന്നോട് വല്ലാത്തൊരു സ്നേഹമായിരുന്നു അമ്മാവന്. ഒരു ദുരവസ്ഥയിൽ കോളേജിൽ പോകേണ്ടെന്ന തീരുമാനം ഞാനെടുത്തപ്പോൾ എന്നെ നിർബന്ധിച്ചത് അദ്ദേഹമായിരുന്നു - "മര്യാദയ്ക്ക് വല്ലതും പഠിച്ചു നല്ല ജോലിയും മേടിക്കാൻ നോക്ക്... തന്തയെപ്പോലെ എന്നും കൂലിപ്പണിക്ക് പോയി ഇന്നത്തെക്കാലത്തു കുടുംബം പോറ്റാമെന്ന് കരുതിയിരിക്കേണ്ട... എന്നിട്ട് ചേച്ചിയുടെ കല്യാണം മര്യാദയ്ക്ക് നടത്താൻ നോക്ക്". ഇങ്ങനെയൊക്കെ ആണെങ്കിലും ആ അമ്മാവൻ്റെ വീട്ടുകാരുമായിട്ട് അധികം അടുപ്പമൊന്നും ഇല്ലായിരുന്നു. രണ്ടുമക്കളുണ്ട് - മൂത്തമകൻ അനിലും പിന്നെ അനഘയും. ഇതിനിടയിലാണ് അമ്മാവൻ്റെ മകൾ അനഘ എങ്ങനൊക്കെയോ എൻ്റെ മനസ്സിൽ കൂടുകൂട്ടിത്തുടങ്ങിയത്. ഒരു കല്യാണവീട്ടിൽ വെച്ചാണ് എൻ്റെ ഒരു കസിൻ മുഖേന ഞാൻ അവളെ കാണുന്നത്. ആ പരിചയം പിന്നീട് സൗഹൃദവും കടന്ന് പ്രണയത്തിലേക്ക് എത്തിച്ചേർന്നു. കോളേജ് പഠനം അവസാന വർഷത്തിലേക്ക് കാലുകുത്തിയ നാളുകൾ.

അവളിൽ നിന്ന് പക്ഷെ അമ്മാവൻ്റെ വേറിട്ടൊരു ജീവിതരീതിയാണ് എനിക്ക് അറിയാൻ കഴിഞ്ഞത് - സമാധാനം എന്തെന്നറിയാത്ത ഒരു വീട്. ഒരു ബിസിനസ് തകർച്ചയിൽ നിന്നാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങിയത്. അമ്മാവൻ്റെ ആ പഴയ ബിസിനസ്സ് പാർട്ണർ ഏറ്റവും വലിയ ശത്രുവുമായി മാറി. ബിസിനസ്സ് തകർച്ചയേക്കാൾ അമ്മാവനെ പിടിച്ചുലച്ചത് തൻ്റെ ശത്രുവിൻ്റെ മകൾ രേവതിയുമായി സ്വന്തം മകൻ അനിലിനുണ്ടായിരുന്ന പ്രണയബന്ധമായിരുന്നു, അതും ആ കുടുംബത്തിൻ്റെ എല്ലാവിധ സഹകരണത്തോടു കൂടെയും. തന്നെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയതാണ് ആ കുടുംബമെന്നു മനസ്സിലായ ഉടനടി ജീപ്പ് എടുത്തു ഇറങ്ങിയ അമ്മാവന് മുന്നിൽ പെട്ടത് രേവതിയുടെ അനിയനായിരുന്നു. ദേഷ്യത്തിൽ ആ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. കുറച്ചുകാലം കോമയിൽ കിടന്നിരുന്ന അവൻ ഒടുക്കം മരിച്ചു. അതുകേട്ടപ്പോഴാണ് ആദ്യമായി അമ്മാവന് ഹൃദയാഘാതം ഉണ്ടായത്. അപ്പോഴത്തെ ദേഷ്യത്തിൽ പറ്റിപ്പോയതാണ്, ജീവനെടുക്കണമെന്ന് കരുതിയിട്ടല്ല. പിന്നീട് മുഴുവൻ ഒരു ഒത്തുതീർപ്പ് ജീവിതമായിരുന്നു. മകൻ്റെ കല്യാണത്തിന് അർദ്ധ സമ്മതം മൂളി. പക്ഷെ ആ കുടുംബം പക വീട്ടാൻ തക്കംപാർത്തു നിൽക്കുകയായിരുന്നു.

അവൾക്ക് കൂട്ടാവേണ്ട ചേട്ടത്തിയമ്മ പക്ഷെ പകയോടെ പെരുമാറിയ നാളുകൾ. സ്വന്തം അനിയൻ്റെ ജീവൻ എടുത്തതിൻ്റെ ദേഷ്യം അത്ര പെട്ടന്നൊന്നും തീരില്ലല്ലോ. അമ്മാവന് വീണ്ടും ഹൃദയം സംബന്ധിച്ചു പ്രശ്നങ്ങളായി. ഇവയ്ക്കിടയിൽ ആ മനസ്സ് നീറിപ്പുകയുന്നുണ്ടാകാം. അധികകാലം പ്രതീക്ഷ വെക്കേണ്ടന്ന് ഡോക്ടർ തന്നെ വിധിയെഴുതി. മകളുടെ കല്യാണം എങ്ങനെയെങ്കിലും നടത്തണമെന്നാണ്. വരുന്ന ആലോചനകളൊക്കെ അവൾ എനിക്ക് വേണ്ടി മുടക്കി, ചിലത് രേവതിയുടെ വീട്ടുകാരും. അവളെ വിളിച്ചിറക്കി കൊണ്ടുവരണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല, പക്ഷെ അവളെ പോറ്റാനൊരു വക കയ്യിലില്ല. കോളേജ് ഇനിയും ഒരു വർഷമുണ്ട്. ഇതിനിടക്ക് ചേച്ചിക്കും കല്യാണം നോക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ ആ കുടുംബവുമായി ഒരു ബന്ധത്തിന് വീട്ടുകാരോ അച്ഛൻ്റെ  കൂടെപ്പിറപ്പുകളോ സമ്മതിക്കില്ല. എന്നാലും പ്രശ്നങ്ങളൊക്കെ തീരുമെന്നും അവളെ എനിക്ക് സ്വന്തമാകുമെന്നും ഞാൻ വിശ്വസിച്ചിരുന്നു.

ഇതിനിടയിലാണ് ഒരു ഹൈസ്കൂൾ അധ്യാപകനുമായി അവളുടെ വിവാഹം ഏകദേശം ശെരിയാവുന്നത്. ആൾക്ക് അത്യാവശ്യം രാഷ്ട്രീയ പ്രവർത്തനവുമുണ്ട്. തൻ്റെ മനസ്സിൽ വേറൊരാളുണ്ടെന്ന് അവൾ കരഞ്ഞു പറഞ്ഞിട്ടും അയാളത് കാര്യമായി എടുത്തില്ല. എങ്ങനെയെങ്കിലും ഇതൊഴിവാക്കണമെന്ന ആലോചനയിലായിരുന്ന എൻ്റെ അടുത്തേക്ക് അപ്രതീക്ഷിമായിട്ടായിരുന്നു അമ്മാവൻ്റെ വരവ്. "മോനേ... നീ ഒന്നൊഴിവായി തരണം. എൻ്റെ കണ്ണടയും മുമ്പ് അവളെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കുന്നത് എനിക്ക് കാണണം" ഞാൻ ശെരിക്കും ഞെട്ടലോടെയാണ് ആ വാക്കുകൾ കേട്ടത്. 

എന്നാലും പിറകോട്ടു പോകാൻ എനിക്ക് കഴിഞ്ഞിരുന്നില്ല, പാടായിരുന്നു മനസ്സിനെ സമ്മതിപ്പിക്കാൻ. ഒരു വർഷം കൂടി അവൾക്ക് എങ്ങനെയും പിടിച്ചു നിൽക്കാനായാൽ എനിക്കവളെ അന്തസ്സായി കല്യാണം കഴിച്ചു കൊണ്ടുവരാം. പക്ഷെ എന്നെ ശരിക്കും പിടിച്ചുലച്ചത് മറ്റൊരു ന്യൂസ് ആയിരുന്നു, അവൾ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്ന വാർത്ത. എന്തോ ചെറിയ അസ്വസ്ഥത ഉണ്ടായെന്നാണ് ഞാൻ ആദ്യം കേട്ടത്. പക്ഷെ അവളിൽ നിന്നാണ് കൂടുതൽ ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ മനസ്സിലാക്കിയത്. ഡോക്ടർ ആദ്യം അവളോട് ചോദിച്ചത് എന്തിനാണ് ആത്മഹത്യക്കു ശ്രമിച്ചത് എന്നാണ്. പക്ഷെ അവളത് ചെയ്തിട്ടില്ല. ഫുഡ് പോയ്സണിങ് ആണെന്ന് ഡോക്ടർ തറപ്പിച്ചു പറഞ്ഞു. ആദ്യം മടിച്ചെങ്കിലും അച്ഛൻ്റെ കണ്ടിഷൻ അറിയാവുന്നതുകൊണ്ട് ഡോക്ടർ അത് മറച്ചുവെക്കാൻ കൂടെനിന്നു. അവളല്ലെങ്കിൽ പിന്നെ ആര്?

ഇറച്ചി ഇഷ്ടമില്ലാത്തതിനാൽ അന്ന് വീട്ടിൽ അവൾക്ക് പ്രത്യേക കറിയായിരുന്നു. ഞാൻ സൂത്രത്തിൽ അവളുടെ വീട്ടിൽ ചെന്ന് നോക്കിയപ്പോൾ ആ കറി മാത്രം അവിടെ കാണുന്നില്ല. വീട്ടിൽ അമ്മാവനും ഭാര്യയും പിന്നെ അനിലും രേവതിയും. സ്വാഭാവികമായും സംശയം രേവതിയിലേക്ക് തന്നെ. പക്ഷെ അനഘ അത് പുറത്തു പറഞ്ഞില്ല. അത് പറഞ്ഞാലും അച്ഛൻ്റെ മരണമൊഴികെ മറ്റൊന്നും സംഭവിക്കില്ലെന്ന് അവൾക്കറിയാമായിരുന്നു. ഈ ഒരു സംഭവത്തോട് കൂടെ എൻ്റെ മനസ്സ് മാറാൻ തുടങ്ങി. അവൾ വീട്ടിൽ ഒരിക്കലും സുരക്ഷിതയാവില്ലെന്ന് മനസ്സിലായി, അതുകൊണ്ട് തന്നെ തനിക്ക് വേണ്ടി കാത്തിരിക്കാൻ പറയുന്നത് അബദ്ധമാണെന്നും. എൻ്റെ സ്വപ്നങ്ങളേക്കാൾ വലുത് അവളുടെ ജീവനാണ്. "എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്നൊന്ന് രക്ഷിച്ചു പൊയ്ക്കൂടേ" എന്ന് ഒരു നൂറു തവണയെങ്കിലും അവൾ ചോദിച്ചിട്ടുണ്ട്. അവൾ ആ കല്യാണത്തിന് കഴുത്തു നീട്ടിക്കൊടുക്കുന്നതാകും അവളുടെ ഏറ്റവും വലിയ രക്ഷ എന്ന് അന്നെനിക്ക് തോന്നി. അവളെ ഞാൻ കൈവിട്ടു... ഞാൻ ചതിച്ചു... അത് തന്നെയാണ് ശെരി എന്നെനിക്കു തോന്നി...

--------------------

പറഞ്ഞതിലും കുറച്ചു നേരത്തെ പാർക്കിലെത്തി. നാലു മണിക്ക് എത്താമെന്നാണ് വിനോദ് പറഞ്ഞത്. ഇന്നെന്തിനാ കാണുന്നതെന്ന് അവൻ ചോദിച്ചെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. അഞ്ചു മണിക്കാണ് നാട്ടിലേക്കുള്ള ട്രെയിൻ. സ്റ്റെല്ലയോട് റെയിൽവേ സ്റ്റേഷനിൽ വെയിറ്റ് ചെയ്യാനാണ് പറഞ്ഞത്. അവൾക്ക് അല്പം ദേഷ്യം ഇല്ലാതില്ല. തിരുവനന്തപുരത്തേക്ക് ഉള്ള വരവ് തീരുമാനിച്ചപ്പോൾ ഒരുപാട് പ്ലാൻസ് ഉണ്ടായിരുന്നു ഞങ്ങൾക്ക്. ഇടയിൽ വിനോദ് വന്നതോടെ ഒരു വിധം എല്ലാം പൊളിഞ്ഞു. യാത്ര പറയാനാണ് ശെരിക്കും വിനോദിനോട് വരാൻ പറഞ്ഞത്. പക്ഷെ അത് കൂടാതെ...

"വന്നിട്ട് ഒരുപാട് നേരമായോ?" വിനോദാണ് ചോദിച്ചത്. അവൾ തൻ്റെ  ചിന്തകളിൽ നിന്ന് പെട്ടന്ന് ഞെട്ടിയുണർന്നു.

"ഇല്ല, ഇപ്പോൾ വന്നതേയുള്ളൂ...", വർഷയുടെ മറുപടി.

(ഇതിനിടയിൽ വെയ്റ്റർ വന്നു ഓർഡർ എടുത്തു പോയി)

"എന്തിനാ വരാൻ പറഞ്ഞത്? നമ്മൾ ഇന്നലെ കണ്ടിട്ടല്ലേയുള്ളൂ..."

"ഇന്നലെ കണ്ടു, ആ കഥ മാത്രം പറഞ്ഞു നിർത്തി. വേറൊന്നും പറഞ്ഞില്ല"

"അത് നീ തന്നെ അല്ലെ ആദ്യം കഥ പറയാൻ പറഞ്ഞു നിർബന്ധിച്ചത്. പറഞ്ഞു തീർന്നപ്പോൾ പിന്നെ ഒന്നും പറയാതെ പോകുകയും ചെയ്തു"

"അത്... കഥ കഴിഞ്ഞപ്പോൾ പിന്നെ മൂഡ് ആകെ മാറിപ്പോയി. ഒന്ന് മര്യാദയ്ക്ക് സംസാരിക്കാൻ പോലും മറന്നു പോയി. അതുപോട്ടെ, ഇപ്പൊ എവിടെയാ വർക്ക് ചെയ്യുന്നത്?

"ഞാൻ ഇവിടെയോരു കെമിക്കൽ ഇന്ടസ്ട്രിയിലാണ്, അസിസ്റ്റന്റ് മാനേജർ ആയിട്ട്. ഇയാളോ? അന്നെന്തോ UKയോ മറ്റോ പോകണമെന്ന് പറഞ്ഞത് ഓർമ്മയുണ്ട്"

"അതെ, പോയി, ഒരു മൂന്നു വർഷം അവിടെ ആയിരുന്നു. കോഴ്സ് കമ്പ്ലീറ്റ് ആയപ്പോൾ ഇങ്ങു പോന്നു. ഞാൻ ആക്ച്വലി ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നതാ ഇവിടെ"

"അതെന്താ അവിടെ ജോലിയിൽ കയറാൻ നോക്കിയില്ലേ?"

"ഇല്ല. സത്യത്തിൽ താല്പര്യമില്ല. നാട് തന്നെയാ എൻ്റെ പ്രിയോറിറ്റി"

"എന്നിട്ട് ഇന്റർവ്യൂ എങ്ങനുണ്ടായിരുന്നു?"

"നന്നായിരുന്നു"

(വിനോദ്  അതിനൊരു ചിരിയാണ് മറുപടി കൊടുത്തത്. അപ്പോഴേക്കും ഓർഡർ എത്തി, ശ്രദ്ധ പതിയെ അതിലോട്ടായി. വർഷ തന്നെയാണ് അത് ബ്രേക്ക് ചെയ്തത് -)

"ഞാൻ... ആക്ച്വലി ഇപ്പോൾ വരാൻ പറഞ്ഞതിൻ്റെ കാരണം..."

(വർഷ അത് പറഞ്ഞു മുഴുമിപ്പിക്കും മുമ്പ് വിനോദിൻ്റെ ഫോൺ ബെല്ലടിച്ചു. 'എസ്ക്യൂസ്‌ മി' എന്ന് പറഞ്ഞു വിനോദ് അത് അറ്റൻഡ് ചെയ്തു. അവൻ്റെ ഒരു ഫ്രണ്ട് ആണ്. ഫോണിൽ സംസാരിക്കുമ്പോൾ പതിയെ വിനോദിൻ്റെ  മുഖഭാവം മാറുന്നുണ്ടായിരുന്നു)

"ഡാ, ഒന്ന് ശ്രദ്ധിക്ക്... ഞാനൊന്ന് പറയട്ടെ. എൻ്റെ അമ്മയോ അച്ഛനോ അതോ ഏതു കുടുബക്കാരും ആവട്ടെ, അവരൊക്കെ നീ ഈ പറഞ്ഞത് എന്നോട് സംസാരിച്ചാൽ ഞാൻ ജസ്റ്റ് അത് ഇഗ്‌നോർ ചെയ്യുകയേ ഒള്ളൂ. പക്ഷെ നീ പറഞ്ഞാൽ... നടന്ന കാര്യങ്ങൾ എല്ലാം അറിയുന്ന നീ ഇതിന് വക്കാലത്തുമായി എൻ്റെ മുന്നിൽ വന്നാൽ... പിന്നെ ഞാൻ നമ്മുടെ ഈ റിലേഷൻ തന്നെ വേണ്ടെന്നു വെക്കും.... എടാ എനിക്ക് പറ്റില്ല, നെഞ്ചിൽ ഇപ്പോഴും ആ മുറിവുണ്ട്, അതിൻ്റെ നീറ്റൽ ഇതുവരെ മാറീട്ടില്ല. എന്ന് മാറുമെന്ന് എനിക്ക് അറിയുകയും ഇല്ല. പക്ഷെ, അത് വരെ... അത് മാറുന്ന വരെ, മറ്റൊരു പെണ്ണിൻ്റെയും കാര്യം പറഞ്ഞു നീ വരരുത്...."

ദേഷ്യവും സങ്കടവും ആ മുഖത്തു നിഴലിച്ചിരുന്നു. അന്തരീക്ഷം മൂകമായിരുന്നു. കുറച്ചു നേരത്തിനു ശേഷം വിനോദ് തന്നെ സംസാരം തുടർന്നു.

"സോറി... അത് വിട്ടേക്ക്... നീ എന്താ പറഞ്ഞു വന്നത്?"

"അത്... ഒന്നുമില്ല... ഞാനിന്ന് പോകുകയാണ്, അഞ്ചു മണിക്കാണ് ട്രെയിൻ, അപ്പോൾ യാത്ര പറഞ്ഞിട്ട് പോകാമെന്നു കരുതി. അതാ ഇയാളെ വിളിച്ചത്. ഇപ്പൊ ടൈം ആയി" - ഒരു ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു തീർത്തു.

"ഓഹ്... നൈസ്  ടു സീ യൂ..."

"ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം"

"എൻ്റെ പ്രാർത്ഥനകളൊന്നും ദൈവം കേൾക്കാറില്ല, എന്നാലും ട്രൈ ചെയ്തു നോക്കാം... ഹാപ്പി ജേർണി"

ഒരു പുഞ്ചിരിയോടെ അവൾ അവിടെ നിന്ന് ഇറങ്ങി. തിരിച്ചു നടക്കുമ്പോൾ ആ പുഞ്ചിരി പതിയെ മാഞ്ഞുതുടങ്ങി. ആ മുഖത്തു വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെടുന്നപോലെ...

--------------------

"ഞാനെത്ര വിളിച്ചു, നീ എന്താ ഫോൺ എടുക്കാതിരുന്നത്? ട്രെയിൻ ഇപ്പൊ എത്തും", സ്റ്റെല്ലയാണത്. വർഷ അതിനു മറുപടി പറഞ്ഞില്ല.

"പോയ കാര്യം എന്തായി? നീ പറഞ്ഞോ?"

"ഇല്ല... പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായി...", അതും പറഞ്ഞു അവൾ മുഖം തിരിച്ചു.

"അതെന്താ?", സ്റ്റെല്ല അവളുടെ ചുമലിൽ കൈ വെച്ചുകൊണ്ട് ആ മുഖം തന്നിലേക്ക് തിരിച്ചു. ആ കണ്ണുകൾ നിറഞ്ഞിരുന്നു. സ്റ്റെല്ല അവളെ കെട്ടിപ്പിടിച്ചു സമാധാനിപ്പിച്ചു - "ഞാൻ പറഞ്ഞില്ലേ... ഒരു പുരുഷന് അത്രത്തോളം സ്നേഹം ജീവിതത്തിൽ ഒരാൾക്ക് മാത്രമേ കൊടുക്കാൻ കഴിയൂ... നീ അത് വിട്ടേക്ക്"

സ്റ്റെല്ലയുടെ ചുമലിൽ നിന്ന് തലയുയർത്തി വർഷ ആ കണ്ണുകൾ തുടച്ചു. വർഷ - "നീ പറഞ്ഞത് തന്നെ ശെരി... വെറും രണ്ടു ദിവസത്തെ തട്ടിക്കൂട്ട് പരിചയം കൊണ്ട് ആ ഹൃദയം എനിക്ക് സ്വന്തമാകുമെന്ന് മോഹിച്ച ഞാൻ തന്നെയാണ് വിഡ്ഢി. സാരമില്ല, ഇനി ദൈവത്തിന് വിട്ടുകൊടുക്കാം. കാത്തിരിക്കാനാണ് പറയുന്നതെങ്കിൽ അങ്ങനെത്തന്നെയാവട്ടെ"

"നീ എന്താ ഉദ്ദേശിക്കുന്നത്?" - സ്റ്റെല്ലക്ക് മനസ്സിലായില്ല.

"ഈ ജോലി എനിക്ക് കിട്ടിയാൽ ഞാൻ ഇവിടെത്തന്നെയുണ്ടാകും... ആ ഹൃദയവും കാത്ത്... മറിച്ചാണെങ്കിൽ ഇത്രയും നാളും ഞാൻ കേൾക്കാൻ കൊതിച്ച ആ കഥ മനസ്സിൽ നിന്നും മായ്ച്ചുതരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും...


Comments