വളയം ജീവിതവഴിയാകുമ്പോൾ...

എനിക്ക് നമ്മുടെ KSRTCയോട് എന്തോ വല്ലാത്തൊരു മൊഹബത്താണ്.
എത്ര ലോങ്ങ് ആയ യാത്രയാണെങ്കിലും ഞാൻ ട്രെയിനിനേക്കാൾ മുൻഗണന കൊടുക്കാറ് KSRTC തന്നെ. "നിനക്കു വട്ടാണോ...?!" എന്ന് പലരും ചോദിച്ചിട്ടുണ്ട്, പക്ഷെ എന്തുകൊണ്ടോ ആ യാത്ര എനിക്ക് തരുന്ന ഫീൽ ഒന്നു വേറെതന്നെയാണ്. KSRTC യെ ഇഷ്ടപ്പെടാൻ കാരണങ്ങൾ ഒരുപാടുണ്ട്. ഒരു ഘടകം അതിലെ ഡ്രൈവേഴ്സ് ആണ്. ഞാൻ സത്യത്തിൽ അവരുടെ ഫാൻ ആണ്. ശെരിക്കും അവരു തന്നെയാണ് നമ്മുടെ നാട്ടിലെ റോഡ് ഭരിക്കാറ്. എത്രയധികം വേഗത്തിൽ പോയാലും നല്ല controlled ആയിരിക്കും അവർ. ചിലപ്പോൾ അപകടകരമായി തോന്നിയേക്കാം, തോന്നലല്ല... ആണ്, എന്നാലും അവരത് നിസ്സാരമായി തരണം ചെയ്യും - അവര് ശെരിക്കും പൊളിയാണ്!! (അവർ മൂലമുണ്ടാകുന്ന റോഡപകടങ്ങൾ വിസ്മരിച്ചുകൊണ്ടല്ല ഞാനിത് എഴുതുന്നത്)

ഒരുപക്ഷെ ചെറുപ്പത്തിലേ ഡ്രൈവിങ്ങിനോട്  വല്ലാത്തൊരു craze ഉള്ളതുകൊണ്ടായിരിക്കാം എനിക്ക് ഇങ്ങനെയൊക്കെ തോന്നുന്നത്. ഇനി ഞാൻ വാഹനം ഓടിക്കുമ്പോഴും ഈ പറഞ്ഞ 'pwoli' ഡ്രൈവേഴ്സ് പണി തരാറുണ്ട്, പ്രാകേണ്ട അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. കാരണം KSRTC നേരെ വന്നാൽ സത്യത്തിൽ ആമ്പുലൻസിനു വഴി മാറിക്കൊടുക്കുന്ന അതേ അവസ്ഥയിലെത്തും കാര്യങ്ങൾ. നമ്മൾ വണ്ടി സ്ലോ ആകേണ്ടിവരും, സൈഡിലേക്ക് ഒതുക്കേണ്ടിവരും, ചിലപ്പോൾ നിർത്തുകതന്നെ വേണ്ടിവരും, അതിനി അവർ റോങ്ങ് സൈഡിൽ ആണെങ്കിൽ പോലും - STILL I LOVE YOU!!

സംഗതി ഇങ്ങനെയൊക്കെ പറഞ്ഞു തുടങ്ങിയെങ്കിലും വിഷയം പക്ഷെ ഇതൊന്നുമല്ല. ഒരു ഡ്രൈവറെ കുറിച്ചു ആലോചിക്കുമ്പോൾ എൻ്റെ മനസ്സിൽ ഓടിയെത്തുന്ന മറ്റൊരു മുഖമുണ്ട്. അത് പക്ഷെ അയാളുടെ ഡ്രൈവിംഗ് സ്കിൽ മാത്രം കണ്ടിട്ടല്ല എന്നുമാത്രം. ആളുടെ പേര് അറിയില്ല, ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ പിന്നീട് വേണ്ടാന്ന് വെച്ചു, ആളുടെ മൂഡ് അത്ര ശെരിയല്ല (ഒന്നും തന്നെ ശരിയല്ല).

ഞങ്ങളുടെ സിക്കിം ട്രിപ്പിലായിരുന്നു ഈ സംഭവം. സിലിഗുഡിയിൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും ഒരുപാട് സമയം വൈകിയാണ് എത്തിയത്, അഥവാ രാവിലെ എത്തേണ്ടത് വൈകുന്നേരമായി (ഇന്ത്യൻ റയിൽവേക്കു നന്ദി!!). ഞങ്ങൾ മൊത്തം പതിനൊന്നു പേരുണ്ടായിരുന്നു - ദിനേശ്, സോമേഷ്, അരുൺ, സുജേഷ്, അശ്വിൻ, വൈശാഖ്, മിഥുൻ, അർജുൻ, ശ്രീഹരി പിന്നെ ആന്റണിയും. ഞങ്ങളുടെ ഈ 11 എന്ന അംഗസംഖ്യ ഒരു പണിയാകുമെന്ന് തുടക്കം തന്നെ മനസ്സിലായി. സിലിഗുഡിയിൽ നിന്ന് സിഖിമിലേക്ക് ഒരു വണ്ടിയിൽ പത്തു പേരെ മാത്രമേ ചെക്ക്പോസ്റ് അധികൃതർ കടത്തിവിടൂ. ചില വണ്ടിക്കാർ അഡ്ജസ്റ്മെന്റിൽ എല്ലാവരെയും ഒരു വണ്ടിയിൽ തന്നെ കടത്തിത്തരാമെന്നു പറഞ്ഞെങ്കിൽ വെറുതെ പണിയാക്കേണ്ടെന്ന് കരുതി ഞങ്ങൾ രണ്ടു വണ്ടിക്ക് വേണ്ടി കാത്തിരുന്നു. നേരം വൈകുന്നതിനനുസരിച്ചു രണ്ടു വണ്ടികൾ കിട്ടാനുള്ള സാധ്യതയും കുറഞ്ഞു വന്നു. അവസാനം വണ്ടി ഇല്ലാഞ്ഞിട്ട് വേറെ പലരുമായിട്ട് അഡ്ജസ്റ്മെന്റ് നടത്തിയാണ് പോയത്. ഒരു ചെറിയ കാറിൽ ഞങ്ങളിൽ നാലു പേർ കയറി. ബാക്കിയുള്ളവർ മറ്റൊരു ടാക്സിയിലും - ബൊലേറോ ആയിരുന്നെന്നാണ് എൻ്റെ ഓർമ്മ. ഞങ്ങളെ കൂടാതെ അതിൽ ഒരു സിക്കിംകാരിയും പിന്നെ ഒരു ആർമികാരനും അദ്ദേഹത്തിൻ്റെ അമ്മയും ഭാര്യയും.
വീണ്ടും മൊത്തം പതിനൊന്നു പേർ!!



രാത്രിയായതിനാൽ പുറത്തെ കാഴ്ചകൾ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും യാത്ര exciting ആക്കിയത് ആ ഡ്രൈവർ ഒരാളാണ്. ആളൊരു ചെക്കനാണ്, ഞങ്ങളുടെ അത്ര പോലും പ്രായം കാണില്ല. ആദ്യം തന്നെ  എന്തോ കാരണം പറഞ്ഞു ഒരിടത്തു വണ്ടി ലേറ്റ് ആക്കിയാണ് യാത്ര തുടങ്ങിയത് (ഇല്ല, കാരണം പറഞ്ഞില്ല. അത് തന്നെയായിരുന്നു അയാളുടെ പ്രധാന പ്രശ്നം - ഒന്നും പറയില്ല). കുറച്ചു കഴിഞ്ഞു ചുരം കേറുന്ന ഒരു ഫീൽ വരാൻ തുടങ്ങി. റോഡിൻ്റെ സൈഡിൽ വാഹനം നിർത്തുമ്പോൾ സൂക്ഷിക്കണമെന്ന് ആരോ പറഞ്ഞു കേട്ടു. ഇടയ്ക്കിടക്ക് കല്ലും പാറയുമൊക്കെ വന്നു വീഴാൻ സാധ്യതയുണ്ടത്രേ. ഇതിനിടയിലാണ് മഴ പെയ്യാൻ തുടങ്ങിയത്. മുകളിൽ കെട്ടിവെച്ച ഞങ്ങളുടെ ബാഗുകളൊക്കെ നനയാൻ തുടങ്ങി. അത് മൂടിവെക്കണമെന്ന് ഞങ്ങൾ പറഞ്ഞു. ആദ്യമൊന്നും ആ ഡ്രൈവർ ഗൗനിച്ചില്ല. അത് മൂടാൻ അങ്ങേരുടെ കയ്യിൽ ഒന്നുമില്ലെന്ന്‌ മനസ്സിലായി. 'ശല്യം' സഹിക്കാൻ പറ്റാതായപ്പോൾ ഒരു വഴി കാണാമെന്ന് അവൻ ഉറപ്പു നൽകി. സാധനം കയ്യിൽ ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യാൻ? പക്ഷെ അയാൾ കണ്ടുപിടിച്ച മാർഗം വളരെ ലളിതമായിരുന്നു.
വണ്ടി ഏതോ വീടിനു മുമ്പിൽ നിർത്തി. അവിടെ വിറകു നനയാതിരിക്കാൻ മൂടിവെച്ചിരുന്ന ടാർപ്പായ എടുത്ത് വണ്ടിയിലിട്ടു, വേഗം സ്ഥലം കാലിയാക്കി. കുറച്ചപ്പുറത്തു പോയി വണ്ടി നിർത്തി ഞങ്ങളുടെ ബാഗിൻ്റെ കാര്യം ശെരിയാക്കിത്തന്നു - PROBLEM SOLVED!!

യാത്ര വീണ്ടും തുടർന്നു. സിക്കിമിൻ്റെ തലസ്ഥാനമായ ഗാങ്ടോക്കിലെത്താൻ ഏകദേശം നാലു മണിക്കൂർ എടുക്കുമെന്ന് കേട്ടിരുന്നു. മഴ കൂടുതൽ ശക്തിയായി, അതിനനുസരിച്ചു ഡ്രൈവിങ്ങും കഠിനമായി. വണ്ടിയുടെ ഗ്ലാസ്സിനു വൈപ്പറും ഇല്ലായിരുന്നു - ഇവനെയൊക്കെ ആരാ ഈ വണ്ടിയും കൊടുത്തു പറഞ്ഞയച്ചതെന്ന് ആ യാത്രയിൽ ഒരുപാട് തവണ ഞങ്ങൾ പരസ്പരം ചോദിച്ചുപോയിട്ടുണ്ട്. ആ ആർമിക്കാരൻ്റെ ഭാര്യ അത് നേരിട്ടും ചോദിച്ചിട്ടുണ്ട്. ഈ കൂരിരുട്ടിൽ ഇങ്ങനെ ശക്തമായി മഴ പെയ്യുമ്പോൾ വൈപ്പർ പോലുമില്ലാതെ അവനെങ്ങനെ റോഡ് കാണും? ഈ പ്രശ്നത്തിന് പരിഹാരം കണ്ടതും ആ പട്ടാളക്കാരൻ്റെ ഭാര്യയാണ്. ഞങ്ങളുടെ കയ്യിൽ നിന്ന് ഒരു സോപ്പ് ഒപ്പിച്ചു ആ ഗ്ലാസ് നന്നായി തുടച്ചുകൊടുത്തു. കുറച്ചു നേരത്തേക്ക് റോഡ് ക്ലിയർ ആയി കാണാൻ പറ്റി.
അങ്ങനെ ഓരോ പ്രശ്നവും തീർത്തു മുന്നേറുമ്പോഴും മനസ്സിൽ മറ്റൊരു ആധി ഉണ്ടായിരുന്നു - ചെക്ക്പോസ്റ് എങ്ങനെ കടക്കുമെന്നത്...

ചെക്ക്പോസ്റ് എത്തുന്നതിനു കുറച്ചു മുമ്പേ ഡ്രൈവർ വണ്ടി നിർത്തി. അതൊരു പാലത്തിനടുത്തായിരുന്നു. ഒരാളോട് വണ്ടിയിൽ നിന്ന് ഇറങ്ങി നടന്നു ചെക്ക്പോസ്റ് കടക്കാൻ പറഞ്ഞു. അർജുൻ ആണ് ഇറങ്ങിയത്. ശ്രീഹരിയും അവൻ്റെ കൂടെ കൂടി - ഒറ്റയ്ക്ക് പോകുന്നത് നല്ലതാവില്ല. എന്നിട്ട് ഞങ്ങൾ ചെക്ക്പോസ്റ് ക്രോസ്സ് ചെയ്തു, അധികസമയം ഒന്നും എടുത്തില്ല. അവർ ID കാർഡ് നോക്കി, അത്രതന്നെ. വണ്ടി കുറച്ചപ്പുറത്തു  അവരുടെ കൺവെട്ടത്തുനിന്ന് മാറി നിർത്തിയിട്ട് അവരെ വെയിറ്റ് ചെയ്തു. ഇതിനിടയിലാണ് ആ ഡ്രൈവർ അക്കാര്യം ഓർത്തത് - അവരോട് ചോദിക്കുമ്പോൾ എന്തു പറയണമെന്ന് പറയാൻ മറന്നത്രെ - BEST!!

ആ ഡ്രൈവർ പറഞ്ഞതനുസരിച്ചു ഞാൻ അവരെ ഫോൺ വിളിച്ചു - "പെട്ടു മോനേ..." എന്നാണ് അവൻ ആദ്യം തന്നെ പറഞ്ഞത്. "റാംബോ കാണാൻ ഇറങ്ങിയതാണെന്ന് പറഞ്ഞാൽ മതി" - ഞാൻ മെസ്സേജ് പാസ്സ് ചെയ്തു. "നോക്കട്ടെ" എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. കുറച്ചു നേരത്തേയ്ക്ക് ഒരു ന്യൂസും ഇല്ലായിരുന്നു. പിന്നീടാണ് ആ ഇരുട്ടത്തു കയറ്റം കയറി രണ്ടുപേർ നടന്നുവരുന്നത് കണ്ടത് - THANKZ GOD!!

ഞാൻ ഫോൺ ചെയ്യുന്നതിനു മുമ്പേ ഒരു തവണ ചോദ്യം ചെയ്യൽ കഴിഞ്ഞിരുന്നു. പിന്നെ അകത്തുപോയി വേറൊരു ഓഫീസറോട് ആണ് റാംബോയുടെ കാര്യം പറഞ്ഞത്. 'ഇതുതന്നെയല്ലേ റാംബോ?' എന്ന് തിരിച്ചു ചോദിച്ചു - 'ഇവിടെ എന്തു കാണാനാ?'. 'പാലവും മറ്റുമൊക്കെ' എന്നെല്ലാം പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു. പിന്നെ IISERൻ്റെ ID കാണിച്ചപ്പോൾ പകുതി പ്രോബ്ലം തീർന്നു. ഒരുപക്ഷെ ഞങ്ങളുടെ കൂടെ ഉള്ളവരാണെന്ന് അവർക്കു മനസ്സിലായിക്കാണും - അവരിതൊക്കെ ഒരുപാട് കണ്ടതായിരിക്കും. "അപകടം പിടിച്ച സ്ഥലമാണ്, ഒറ്റയ്ക്ക് ഇറങ്ങി നടന്നാൽ ചിലപ്പോൾ ആരെങ്കിലും വന്നു കഴുത്തറുക്കുക വരെ ചെയ്‌തെന്നും വരും, പെട്ടന്ന് വീട്ടിൽ പോ..." എന്നൊക്കെ പറഞ്ഞാണ് അവരെ തിരിച്ചയച്ചത്.
അവർ തിരിച്ചുവന്നപ്പോഴുള്ള ഡ്രൈവറുടെ ആ excitement കാണണമായിരുന്നു. എത്ര വലിയ കെണിയിലാ പെട്ടതെന്നു അപ്പൊൾ മനസ്സിലായി.

അങ്ങനെ എല്ലാ പ്രശ്നങ്ങളും തീർന്നെന്ന സമാധാനത്തിൽ യാത്ര തുടർന്നു. സമയം രാത്രി ഒരുപാടായിരുന്നു. എത്രയും പെട്ടന്ന് ഹോട്ടൽ എത്തിയാൽ മതിയെന്നായി ഞങ്ങൾക്ക്. ഇതിനിടയിലാണ് ഡ്രൈവർ വണ്ടി വീണ്ടും നിർത്തുന്നത് - ഭക്ഷണം കഴിക്കാൻ. സത്യത്തിൽ എല്ലാവർക്കും ദേഷ്യം പിടിച്ചു. കൂടുതൽ ദേഷ്യം വന്നത് ആ ആർമിക്കാരൻ്റെ ഭാര്യക്കാണ്. അവര് ഭർത്താവിനെ നിർബന്ധിച്ചു ഡ്രൈവറെ വിളിച്ചോണ്ട് വരാൻ പറഞ്ഞു. അതിനു ഡ്രൈവറുടെ മറുപടി ഇതായിരുന്നു: "എന്നെ ദേഷ്യം പിടിപ്പിച്ചാൽ ഞാൻ വണ്ടി എവിടെയെങ്കിലും ചെന്ന് ഇടിപ്പിക്കും" - ഒരു ഡ്രൈവറുടെ വായിൽ നിന്ന് അങ്ങനെയൊരു വാക്ക് ആദ്യമായാണ് കേൾക്കുന്നത്. അതിനു ശേഷം ആരും ഒന്നും അവനോട് പറഞ്ഞില്ല, പറയാതിരിക്കുന്നതാണ് നല്ലത്. എന്തായാലും കൂടുതൽ നാടകീയതകളൊന്നുമില്ലാതെ ഞങ്ങൾ ഹോട്ടലിലെത്തി - സമാധാനം!!

Photo Courtesy : Ashwin (അതെങ്കിലും എനിക്ക് അവനു കൊടുക്കണം)

ഒരു തമാശ രൂപേണ ഇത്രയൊക്കെ പറഞ്ഞെങ്കിലും സത്യത്തിൽ അവിടുത്തെ ഡ്രൈവേഴ്‌സിനോട് ശെരിക്കും ബഹുമാനമാണ്. ആ സംസ്ഥാനത്തിൻ്റെ പ്രധാന വരുമാന മാർഗം ടൂറിസം ആയതിനാൽ ഒരുപാട് ടാക്സിക്കാരെ കാണാൻ സാധിക്കും. സ്വന്തമായി ഒരു ALTO കാർ ഉണ്ടെങ്കിൽ വരെ അവരത് ടാക്സി ആയി ഉപയോഗിക്കും. തലസ്ഥാനമായ ഗാങ്ടോക്ക് സിറ്റിയിൽ മാത്രമേ മര്യാദയ്ക്കുള്ള ഡ്രൈവിംഗ് സാധ്യമാവൂ. ബാക്കിയുള്ള പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ എത്തണമെങ്കിൽ അപകടകരമായ വീതി കുറഞ്ഞ ഓഫ്-റോഡ് മാത്രമാണ് രക്ഷ. മിക്കവരും ജീവൻ പണയം വെച്ചാണ് ആ ജോലി ചെയ്യുന്നത്. ഏതു നേരത്താണ് എവിടെയാണ് ഇടിയുക എന്നൊന്നും പറയാൻ പറ്റൂല. വണ്ടി കൊക്കയിലേക്ക് മറിഞ്ഞു അപകടത്തിൽ പെട്ട ഒരനുഭവം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു ഡ്രൈവർ പറയുകയുണ്ടായി. സാരമായി പരിക്കുപറ്റിയിട്ടും എല്ലാം മാറിയ ശേഷം വീണ്ടും അയാൾ ആ ജോലിയിലേക്ക് തന്നെ മടങ്ങി, കുടുംബാംഗങ്ങൾ എതിർത്തിട്ടു പോലും. ഞങ്ങളുടെ യാത്രയിൽ തന്നെ ലാൻഡ് സ്ലൈഡിങ് ഉണ്ടായ കാരണം റോഡ് ബ്ലോക്ക് ആയി ഞങ്ങൾ മലമുകളിൽ പെട്ടിട്ടുണ്ട്. ഇത്രയധികം റിസ്ക് ഉള്ള ഒരു മേഖലയിലേക്കാണ് ആ 19-20 വയസ്സ് തോന്നിപ്പിക്കുന്ന ചെറുപ്പക്കാരൻ കാലെടുത്തുവെച്ചിരിക്കുന്നത്. ജീവിതയാത്ര അധികവും മരണത്തെ മുന്നിൽ കണ്ടുകൊണ്ടുള്ളതാകുമ്പോൾ മറ്റു ചില കാര്യങ്ങളൊക്കെ പരിഗണന ആവശ്യമായവ ആണെന്ന് അവനു തോന്നിക്കാണില്ല.

Comments