Sila - the Jinn & Hourglass

ഞാനിന്ന് ഒരു സ്വപ്നം കണ്ടു :

ഒരു മരുഭൂമി, ഞാനവിടെ പെട്ടിരിക്കാണ്. കുറെ നേരമായി അലയുന്നു. ഏതു വഴി പോകണമെന്ന് ഒരു ഐഡിയയുമില്ല. ഞാനവിടെ  ഇരുന്നു, 
ചുറ്റും മണലാരണ്യങ്ങളും മുകളിൽ നീലാകാശവും. പടച്ചോൻ എന്നെ കൈവിട്ടോ?? ഇല്ല, പടച്ചോൻ കൈവിടില്ല, മുമ്പും എന്നെ ഒരുപാട് തവണ ഇതുപോലെ മുൾമുനയിൽ എത്തിച്ചിട്ടുണ്ട്. പക്ഷെ അന്നൊക്കെ അവസാനം ഒരു കച്ചിത്തുരുമ്പ് ഇട്ടുതരും, ആ കുതിരയുടെ കുളമ്പടി ശബ്ദം അത് തന്നെ. ആരോ വരുന്നുണ്ട്, ശരീരം മുഴുവൻ വെള്ള വസ്ത്രം കൊണ്ട് മൂടിപ്പുതച്ചിരിക്കുന്നു. ആ കണ്ണുകൾ മാത്രം എനിക്ക് വ്യക്തമായി കാണാം, അതിലെന്തോ തിളക്കമുണ്ട്. നിമിഷനേരം കൊണ്ട് അതെന്നെ കടന്നുപോയി. കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ ആ വഴിയേ ഞാനും പോയി. പിന്നീട് വഴി തെറ്റുമ്പോഴൊക്കെ ആ തേജസ്സുറ്റ  കണ്ണുകൾ ഞാൻ വീണ്ടും വീണ്ടും കണ്ടു. ഞാനൊരു ജനവാസ കേന്ദ്രമെത്തുന്നത്  വരെ ഇത് തുടർന്നു.

എനിക്കവിടെ ആദ്യം ചോദിക്കാനുണ്ടായിരുന്നത് ആ കണ്ണുകളെക്കുറിച്ചായിരുന്നു. ആദ്യമൊന്നു ആശ്ചര്യപ്പെട്ടെങ്കിലും പിന്നീട് അവർക്ക് ആളെ പിടികിട്ടി. 

"Sila - അതൊരു ജിന്നാണ്, ഇതുവരെ ഇവിടുത്തെ സൂഫിമാന്ത്രികരുടെ കണ്ണിൽ പെടാത്ത  ജിന്ന്!!"


Sila - ആ പേര് എൻ്റെ മനസ്സിൽ ആദ്യമേ ഒരു കൂടുണ്ടാക്കിയിരുന്നു. ആ കണ്ണുകൾ വീണ്ടും ഒരുപാടു തവണ കണ്ടു.ഓരോ തവണയും ആ കണ്ണുകൾ എന്നെ കീഴടക്കികൊണ്ടേയിരുന്നു.

ജിന്നുകൾ അവർക്കൊരു അത്ഭുതമല്ല, മന്ത്രങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് പലരും ജിന്നുകളെ സ്വന്തമാക്കിയിരുന്നു. പക്ഷെ ഞാൻ കണ്ട ജിന്നിനെ അവിടെ വേറെയാരും കണ്ടിട്ടില്ല. അല്ലെങ്കിൽ ആ കണ്ണുകളിലെ പ്രകാശം അവിടെയാർക്കും കാണാൻ കഴിഞ്ഞിട്ടില്ല.

മനസ്സിലുണ്ടാക്കിയ കൂട്ടിൽ കിളിയും വേണമെന്ന് ആഗ്രഹിച്ചു. അതിനു മന്ത്രങ്ങളോ തന്ത്രങ്ങളോ എനിക്കറിയില്ല. അതിനു ജിന്ന് തന്നെ വിചാരിക്കണം. ഞാൻ കാത്തിരുന്നു, ഒരുപാട്. ഒടുവിൽ ആ സമയം വന്നെത്തി, ആ കണ്ണുകൾ എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.

ഞാനാ  കണ്ണുകളിലേക്കു നോക്കി, ഞാൻ പറയാതെ തന്നെ അതിനു കാര്യം മനസ്സിലായി. ഒന്നും മിണ്ടിയില്ല. പക്ഷെ ഞങ്ങളുടെ കണ്ണുകൾ എല്ലാം സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ നേരെ കൈ നീട്ടി. അവൾ എന്തോ എൻ്റെ കയ്യിൽ വെച്ച് തന്നു. അതൊരു മണൽ ഘടികാരമായിരുന്നു. എന്നിട്ടവൾ അങ്ങ് ദൂരേക്ക് വിരൽ ചൂണ്ടി, ഞാൻ നോക്കി,അവിടെയൊരു പ്രകാശഗോളം കാണാം. ഞാൻ മുഖം തിരിച്ചു, ഇല്ല, അവൾ അപ്രത്യക്ഷമായിരിക്കുന്നു. ഞാനാ ഘടികാരത്തിലേക്ക് നോക്കി, സമയം എപ്പോഴേ ചലിച്ചു തുടങ്ങിയിരുന്നു. ഞാനോടി, ആ പ്രകാശഗോളവും ലക്‌ഷ്യം വെച്ച്. ഇല്ല, അതങ്ങു ദൂരേക്ക് പോകുന്ന പോലെ. ഓടിയോടി ഞാൻ തളർന്നു വീണു. പടച്ചോൻ വീണ്ടും കൈവിട്ടോ ? ഇല്ല, പടച്ചോൻ കൈവിടില്ല. ഞാൻ എണീറ്റ് വീണ്ടും ഓടാൻ തുടങ്ങി..............






ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടിയുണർന്നു. സൂര്യൻ പുഞ്ചിരിക്കുന്നുണ്ട്. കിടക്കയിൽ നിന്ന് എണീറ്റ്, ചുറ്റും നോക്കി, ഹോസ്റ്റൽ മുറി  അതുപോലെ തന്നെ. മേശപ്പുറത്തുണ്ട് ആ മണൽ ഘടികാരം - അതിലെ സമയം ഏകദേശം തീരാറായിരിക്കുന്നു...

Comments